ഒറ്റ ബ്ലാങ്കറ്റിൽ ഒരുമിച്ച് ഒരു രാത്രി കെട്ടിപിടിച്ചു കിടക്കാൻ ഇങ്ങക്കും ഇല്ലേ ഒരു ചെറിയ പൂതി…

രചന : യൂസഫലി ശാന്തി നഗർ

—————————-

ഇക്കാ…..

വയർ നിറച്ച് രാത്രി ഭക്ഷണവും തട്ടി റൂമിൽ നീണ്ട് നിവർന്നു കിടക്കുന്ന സമയത്…സനയുടെ ഒരു നീട്ടി വിളി…

എന്താ സന….?

കിടന്ന കിടപ്പിൽ അവളെയൊന്ന് നോക്കാൻ പോലും മെനക്കെടാതെ..അതേയ്……

മ്.. എന്തേയ്….

പിന്നേയ്….ആ ഇജ്ജ് കാര്യം പറ കുര്പ്പെ…ഞാൻ അപ്പഴും അതെ കിടത്തത്തിൽ അവളോട് പറഞ്ഞു…

നാളെയും മറ്റന്നാളും ഇങ്ങക്ക് ലീവല്ലേ…

അതെ എന്തേയിപ്പോ…

ഞമ്മക് നാളെ ഊട്ടിയിലേക്കൊരു ടൂർ പോയാലോ മറ്റന്നാൾ തിരിച്ചുപൊരേം ചെയ്യാം…ഇതുകേട്ട് ഞാൻ കിടന്നിടത്തുനിന്നെണീറ്റ് കട്ടിലിൽ ചാരിയിരുന്നു പറഞ്ഞു…എടീ ടൂർ എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെ ഒറ്റയടിക്ക് തീരുമാനിക്കാൻ പറ്റോ ഒന്നാലോചിക്കണ്ടേ…..

അതിനിപ്പോ എന്താ ഇത്ര ആലോചിക്കാൻ അതല്ലേ ഇങ്ങളോട് ഞാൻ ആദ്യമേ ചോദിച്ചത് നാളെയും മറ്റന്നാളും ലീവല്ലേന്ന്….

ഇജ്ജ് പറഞ്ഞതൊക്കെ ശരിയന്നേണ്….എന്നാലും….

ഇങ്ങളിഞ്ഞി ഓരോന്ന് പറഞ്ഞ് ഇത് മൊടക്കാൻ നിക്കണ്ട ഇപ്പൊ പറ്റിയ അവസരമാണ്…

ടീ…ഞാൻ അപ്പഴും എന്തൊക്കെ മനസ്സിൽ ആലോചിച്ചോണ്ട് താടിയും തിരുമ്മി അവളെ വിളിച്ചു. ആ സമയം ഓള് എണീറ്റുചെന്ന് ലൈറ്റിട്ട് എന്റെ അടുത്തുവന്ന് മടിയിലേക്കു ചാഞ്ഞിരുന്ന് എന്റെ താടിയിൽനിന്ന് കൈ തട്ടിമാറ്റി അവൾടെ കൈകൊണ്ട് തിരുമ്മികൊണ്ട് പതുക്കെ ചെറിയ സ്വരത്തിൽ ചെവിക്കടുത്തുവന്ന്…

ഇക്കാ അവടെ ആ കൊടും തണുപ്പിൽ ഒറ്റ ബ്ലാങ്കറ്റിൽ ഒരുമിച്ച് ഒരു രാത്രി കെട്ടിപിടിച്ചു കിടക്കാൻ ഇങ്ങക്കും ഇല്ലേ ഒരു ചെറിയ പൂതി…

അവൾ അത്‌ പറഞപ്പോൾ അവൾ ശ്രദ്ധിക്കാതെ ഞാൻ ഒരു ചെറുപുഞ്ചിരിയോടെ ശരിക്കൊന്ന് ആലോചിച്ചിരുന്നു…എങ്ങനെ ആലോചിക്കാതിരിക്ക…അമ്മാതിരി ഡയലോഗല്ലേ പെണ്ണ് കാച്ചിയത്…

അതേ സ്വരത്തിൽ അവൾ വീണ്ടും…ഇക്കാ…. നിങ്ങളെന്താ ഒന്നും മിണ്ടാതെ ഇങ്ങനെ ആലോചിച്ചിരിക്കുന്നത്….എന്റെ താടിയിൽ പിടിച്ച അവളുടെ കൈയെടുത്തൊരുമ്മയും കൊടുത് മുറുക്കെപ്പിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു….

സന ഇജ്ജ് പറഞ്ഞതൊക്കെ ശരിതന്നേണ് ഇപ്പൊ പറ്റിയ അവസരവുമാണ് പക്ഷെ ഞമ്മളെ ഉമ്മ സമ്മതിക്കൂലടി…

അതെന്താ…ഉമ്മ സമ്മതിക്കാതിരിക്കൂല…എനിക്കറീലെ ഞമ്മളെ ഉമ്മാനെ….ഇങ്ങളതു വിടി, വേറെ വല്ല കാരണവും ഉണ്ടെങ്കിൽ അത് പറ…

അതല്ലെടി ഉമ്മ എന്തൊക്കെ സമ്മതിച്ചാലും ടൂർ പോവാൻ സമ്മതിക്കൂല അതെനിക്ക് ഉറപ്പാ. അനക്കറിയോ ഞാനൊരു ടൂർ പോയിട്ട് നാലഞ്ചുകൊല്ലായി…അതെന്താ പോവാതിരുന്നതെന്നറിയോ…? ഉമ്മ സമ്മതിക്കാതോണ്ടുമാത്രം…ടീ….അന്നോട് ഞാൻ പറഞ്ഞിരുന്നില്ലേ… അയലോക്കത്തെ രാഹുൽ ടൂർ പോയപ്പോ ബൈക്കപകടത്തിൽ മരിച്ചത്.

ഓന് മരിച്ചതിന് ശേഷം ഉമ്മ ഇഞ്ഞെ ടൂറിന് പോവാൻ സമ്മതിച്ചിട്ടില്ല…ഇഞ്ഞെ മാത്രല്ല ഇവടെ വരുന്ന ഇന്റ ചെങ്ങായിമാരീം സമ്മതിച്ചിട്ടില്ലെടീ….ഇഞ്ഞെപോലെ തന്നെയായിരുന്നു ഉമ്മാക്ക് ഇന്റെ ചെങ്ങായിമാരീം…എല്ലാർക്കും ഉമ്മ എത്രപ്രാവശ്യം വെച്ചുണ്ടാക്കി കൊടുത്തിട്ടുണ്ടെന്നറിയോ അനക്ക്…

അയിലേറ്റവും ഇഷ്ടം രാഹുലിനെയായിരുന്നു…കാരണം എന്നെക്കാളും ഉമ്മാക്ക് എന്ത് സഹായത്തിനും ഓടിച്ചാടി വന്നിരുന്നത് അവനായിരുന്നു…അവന്റെ അമ്മയുടെ കയ്യിൽ നിന്ന് കഴിച്ചതിനെക്കാളും ചിലപ്പോ നമ്മളെ ഉമ്മാന്റടുത്തിന്ന് അവൻ കഴിച്ചിട്ടുണ്ടാവും…അത്രക്ക് ഇഷ്ടമായിരുന്നു ഉമ്മാക്ക് അവനെ…

അവനുണ്ടായിരുന്നപ്പോൾ ഞങ്ങൾ എവിടേക്ക് ടൂർ പോയാലും ഉമ്മ ഞങ്ങൾക്കെല്ലാർക്കുമുള്ള ഉണ്ണിയപ്പം ഉണ്ടാക്കിത്തരുമായിരുന്നു. ആ ഉമ്മ അവന്റെ മരണശേഷം ഞങ്ങളെ ഒരു ടൂറിനും സമ്മതിച്ചിട്ടില്ല…

അത് ഉമ്മാക്ക് ഞങ്ങളോടുള്ള സ്നേഹം കുറഞ്ഞോണ്ടൊന്നുമല്ല അവസാനത്തെ ടൂർ കഴിഞ്ഞുള്ള അന്നത്തെ ഞങ്ങളുടെ വരവ് ഉമ്മാന്റെ കണ്ണിൽനിന്ന് ഇപ്പളും പോയിട്ടില്ല.

ഉം…എല്ലാം കേട്ടു കഴിഞ്ഞ് അവളൊന്ന് മൂളി. ടീ…ഇജ്ജ് വിഷമിക്കണ്ട ഞാൻ നാളെ ഉമ്മാനോട് ഒന്ന് പറഞ്ഞ് നോക്കട്ടെ…ചിലപ്പോ സമ്മതിച്ചാലോ. കാരണം ചെങ്ങായിമാരെ ഒപ്പമല്ലല്ലോ ഞമ്മള് രണ്ടാളുമല്ലേ…മാത്രല്ല ഇജ്ജ് നേരത്തെ പറഞ്ഞ ഊട്ടിയിലെ കട്ടത്തണുപ്പിൽ ഒരു കമ്പിളിയിൽ ഒരുമിച്ചുകിടക്കുന്നതോർത്തിട്ട് പോവാൻ എനിക്കും ഒരു പൂതിയൊക്കെ വരുന്നുണ്ട്

….മ്…ന്നാ ആയിക്കോട്ടെ ഇങ്ങള് പറഞ്ഞ് നോക്കി…സമ്മയ്ക്കാണെങ്കിൽ പോവാലോ….ഇതും പറഞ് അവളെഴുനേറ്റ് ലൈറ്റ് ഓഫ് ചെയ്ത് കട്ടിലിന്റെ ഇപ്പുറത്തിരിക്കുന്ന എന്നെ നോക്കാതെ അപ്പുറത്തു വന്ന് മൂടിപുതച്ചൊരു കിടത്തം…

എനിക്ക് അപ്പൊതന്നെ മനസ്സിലായി ആള് ഫ്ലാഷ് ബാക് കേട്ട് മൂഡ് ഔട്ടായിട്ടുണ്ടെന്ന്. ഞാൻ ഏതായാലും അതികം ഗമ കാണിക്കാനൊന്നും നിക്കാതെ പതുക്കെ അവളുടെ അടുത്തുചെന്ന് കെട്ടിപിടിച്ചു ചെവിയിൽ ഒരു ഡയലോഗ് അങ്ങോട്ട് കാച്ചി….സനാ….ജനാലകളെല്ലാം തുറന്നിട്ട് ഫേന് 5 ആം സ്പീഡിൽ കറക്കിയാൽ ഊട്ടിയിലെ തണുപ്പ് ഏറെക്കുറെ ഇവിടെയും കിട്ടുംട്ടോ…

ആ കൂരിരുട്ടിൽ ഒന്നും കണ്ടില്ലെങ്കിലും അവൾ പുഞ്ചിരിക്കുന്നുണ്ടാവും എന്ന് മനസ്സിൽ വിചാരിച്ചു ഞാനവളെ ഇങ്ങോട് തിരിച്ചു കിടത്തി എന്റെ നെഞ്ചോട് ചേർത്തങ്ങുകിടത്തി….

പിറ്റേന്ന് രാവിലെതന്നെ ചായകുടിയൊക്കെ കഴിഞ്ഞ് ഞാൻ ഉമ്മാനോട് ചോദിച്ചു…

ഉമ്മാ ഞാനും സനയും കൂടി ഇന്ന് ഒന്ന് ഊട്ടിക്ക് പോയാലോ…എനിക്കേതായാലും ഇന്നും നാളെയും ലീവാണല്ലോ….

ഓളോട് ചോയ്ച്ചോ ഇജ്ജ്….ഉമ്മാന്റെ മറുപടി.

ഇല്ല ചോദിച്ചിട്ടൊന്നുമില്ല ഇങ്ങളോട് പറഞ്ഞിട്ട് പറയാം എന്ന് കരുതി….

ഇന്നാ ഇജ്ജ് പോയി ഓളോട് ചോയിച്ചുനോക്ക്…ഓൾക്കുംകൂടി പൂതിന്ടെങ്കിൽ ഇങ്ങള് പോയി വന്നോളി…ഇതും പറഞ്ഞോണ്ട് ഉമ്മ നേരെ അടുക്കളയിലേക്കു കേറി…

ഞാനാണെകിൽ കണ്ണുപൊട്ടനു ലോട്ടറി അടിച്ചപോലെ അന്തംവിട്ടൊരു നിമിഷം ഇരുന്നു…ഉമ്മാന്റെ ഈ മറുപടി ശരിക്കുമെന്നെ അത്ഭുതപ്പെടുത്തി…ബോധം വന്നപ്പോ ഈ വിവരം സനയെ അറിയിക്കാൻ വേണ്ടി ഹാളിൽ നിലം തുടച്ചുകൊണ്ടിരിക്കുന്ന അവളുടെ അടുത്തേക് ഒരു പോക്ക്….

ടീ…പെട്ടന്ന് റെഡി ആയിക്കോ ഞമ്മക്ക് രണ്ടാള്ക്കും ഇന്ന് ഊട്ടിക്ക് പോവാനുള്ള ലൈസൻസ് ഉമ്മ തന്നു…അവൾ സന്തോഷംകൊണ്ട് കെട്ടിപിടിച്ചൊരു ഉമ്മ ഇപ്പൊ തരും എന്ന് കരുതി കെട്ടിപ്പിടിക്കാൻ പാകത്തിന് നിന്നങ്ങു കൊടുത്തു…

അവളാണെങ്കിൽ ഞാനൊന്നും കേട്ടില്ല രാമ എന്നമട്ടിൽ ഓളുടെ പണി തുടർന്നു…ടി… നീ കേട്ടില്ലേ ഞാൻ പറഞ്ഞത്….

ആ കേട്ടു….

എന്നിട്ടെന്താ മിണ്ടാത്തത്….

ഇങ്ങളിങ്ങോട്ടുവരി എന്നും പറഞ്ഞോണ്ട് അവളെന്റെ കയ്യും വലിച്ചോണ്ട് നേരെ ബെഡ് റൂമിലേക്കു കേറി വാതിൽ കുറ്റിയിട്ടു. ഞാനാണെകിൽ വെപ്രാളത്തിൽ അവളോട് ഒരു ഡയലോഗും പറഞ്ഞു…

ടി….ഇതൊക്കെ ഇഞ്ഞി ഊട്ടിയിൽ ചെന്നിട്ടുപോരെ…….

ഒലക്ക….എന്റിക്കാ ഇങ്ങക്ക് തീരെ വിവരമില്ലേ.. ഇങ്ങള് ഞമ്മള് ടൂർ പോവുന്ന കാര്യം ഉമ്മാനോട് പറഞ്ഞപ്പോ ഉമ്മാന്റെ മുഖത്തോട് നോക്കിയോ…

ആ നോക്കി….എന്തേയ്…

ഇന്നട്ട് ഇങ്ങക്ക് എന്താ മനസ്സിലായത്….

ഞമ്മള് ഊട്ടിക്ക് പോവുന്നതിന് ഉമ്മാക്ക് സമ്മതമാണെന്ന് മനസ്സിലായി….

ഹോ… എന്റിക്കാ നമ്മൾ ഊട്ടിക് പോവുന്നതിനെ പറ്റി ചോദിച്ചപ്പോ ഉമ്മ ഇങ്ങളോട് എന്താ പറഞ്ഞത്…എന്നോട് ചോദിക്കാൻ……എനിക്ക് സമ്മതമാണെങ്കിൽ പോവാൻ….അതല്ലേ പറഞ്ഞത്…അതെന്താ ഉമ്മ അങ്ങനെ പറഞ്ഞതെന്നറിയാണോ ഇങ്ങക്ക്….ഇത്രേം നാളും ഇങ്ങളെമേൽ അവകാശം ഉമ്മാക്ക് മാത്രമായിരുന്നു….

ഞാൻ ഈ വീട്ടിൽ വന്നതില്പിന്നെ ഉമ്മ ഇങ്ങളെമേൽ പകുതി അവകാശം എനിക്കും തന്നു…അതുകൊണ്ടാണ് എനിക്ക് സമ്മതമാണെങ്കിൽ പൊയ്ക്കോ എന്ന് പറഞ്ഞത്….എന്ന് വെച്ചാൽ ഉമ്മാക്ക് ഇപ്പളും സമ്മതമല്ല എന്നുതന്നെയാണ്…പിന്നെ…എനിക്ക് സമ്മതമാണെങ്കിൽ പൊയ്ക്കോ എന്ന് പറഞ്ഞതിൽ വേറെയും അർത്ഥമുണ്ട്… ഉമ്മാക്ക് സമ്മതമല്ലാത്തതിന് ഞാനും സമ്മതിക്കില്ല എന്നൊരു വിശ്വാസം ഉമ്മാക്ക് എന്നിലുണ്ട് ….അതുകൊണ്ട് ആ വിശ്വാസം ഞാൻ തെറ്റിക്കില്ല ട്ടാ…

അപ്പൊ ഇജ്ജ് പറഞ് വരുന്നത്….ഇതൊക്കെക്കേട്ടു കണ്ണുതള്ളി നിൽക്കുന്ന എന്റെ ചോദ്യം…

ഞാൻ പറഞ്ഞു വരുന്നത് ഞമ്മക്ക് പോവണ്ട എന്നുതന്നെ…ഇതും പറഞ്ഞോണ്ട് അവൾ എന്റെ അടുത്തേക് വന്നു…എന്റെ കണ്ണിൽ വീണ്ടുമൊന്നു നോക്കി ഒരു ഡയലോഗ്…നിങ്ങളല്ലേ പറഞ്ഞത് ജനാലയെല്ലാം തുറന്നിട്ട് ഫേന് 5ആം ലെവലിലിട്ടാൽ ഊട്ടിയിലെ തണുപ്പ് ഏറെക്കുറെ നമ്മുടെ റൂമിലും കിട്ടുമെന്ന് അതുകൊണ്ട് തൽക്കാലം നമുക്ക് അങ്ങനെ തൃപ്തിപ്പെടാ…..ട്ടോ…

അപ്പളേ….ഞാൻ പോയി ഇങ്ങള് ഇന്നലെ അഴിച്ചു മൂലയിൽ കൂട്ടിയ തുണിയെല്ലാം അലക്കിയിടട്ടെ.. പൊന്നുമോൻ വേഗം കുളിച്ചുമാറ്റി ചെങ്ങായ്മാരോടൊപ്പം അങ്ങാടിയിൽപോയി കറങ്ങി ഒരു ഗോൾഡ് സിസറും വലിച്ചിട്ട് വാ….അപ്പോയേക്കും ഞാൻ ഇങ്ങക്ക് ഉച്ചക്കക്ക് മുണുങ്ങാനുള്ളത് റെഡിയാക്കിവെക്കാം ട്ടോ….

ഇതെല്ലം കേട്ട് തരിച്ചുനിന്ന എനിക്ക് പിന്നെ ഒന്നും പറയാൻ ഉണ്ടായിരുന്നില്ല…പിന്നെയും എന്തോ ചോദിക്കാൻ വിട്ടതുപോലെ തോന്നി…ഒന്നുടെ ആലോചിച്ചപ്പോ ചോദ്യം പിടികിട്ടി…

ടീ…സനാ…മുറിവിട്ടുപോവാനിരുന്ന അവളെ പിന്നിൽ നിന്നു വിളിച്ച് നിറുത്തി എഴുന്നേറ്റ് ചെന്ന് മീശയും പിരിച്ച് തുണിയും മടക്കിക്കുത്തി അവളോടൊരു ചോദ്യം അങ്ങട്ട് ചോയ്ച്ചു….അല്ല …ഉമ്മ ഇഞ്ഞോട് ഇതൊക്കെ പറഞ്ഞത് ഇജ്ജെങ്ങനെ കേട്ടത്…. ?

ഓള് ഒരു കൂസലുമില്ലാതെ ഒരു കാച്ചല്…. ഇങ്ങള് ഉമ്മാനോട് ചോദിക്കുന്നതും ഉമ്മ ഉങ്ങളോട് പറഞ്ഞതും എല്ലാം ഞാൻ ജനാലന്റെ അവിടെനിന്ന് ഒളിഞ്ഞു നോക്കിനിക്കായിരുന്നു…

കണ്ണ് രണ്ടും ആദ്യമേ തള്ളി നിന്നതുകൊണ്ട് ഇതുകേട്ടിട്ടു പ്രത്യേകിച്ച് തള്ളാൻ പിന്നെ ഒന്നുമുണ്ടായില്ല….എന്തായാലും എന്നെക്കളേറെ എന്റെ ഉമ്മാനെ മനസ്സിലാകുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരുപെണ്ണിനെത്തന്നെ എനിക്ക് തന്നതിന് പടച്ചോന് സ്തുതി…

NB: പെണ്ണുങ്ങൾ ഒളിഞ്ഞു കേക്കുന്നതുകൊണ്ട് ഇങ്ങനെയും ചില നല്ല വശങ്ങളുണ്ടെന്ന് അന്നെനിക്ക് മനസ്സിലായി…

Leave a Reply

Your email address will not be published. Required fields are marked *