എന്തോ ദേഷ്യത്തോടെ പറയാൻ തുടങ്ങിയതാണ്. പെട്ടന്ന് അവൾ തന്റെ കയ്യിൽ നിന്നും പേപ്പർ തട്ടിപ്പറിച്ചു മുറിയിലേക്കോടി.

മഴക്കാടുകൾക്കപ്പുറം….

രചന:ശാലിനി മുരളി

——————–

പിന്നിൽ ചില്ല് ഗ്ലാസ്സ് വീണുടയുന്ന ശബ്ദം കേട്ടാണ് പേപ്പറിൽ നിന്നും മുഖമുയർത്തി തിരിഞ്ഞു നോക്കിയത്…

സ്തബ്ധയായി നിൽക്കുന്ന ഭാര്യയുടെ കണ്ണുകൾ പക്ഷേ തന്റെ കയ്യിലെ ന്യൂസ്‌ പേപ്പറിൽ ആയിരുന്നു…താഴെ വീണുടഞ്ഞ കപ്പിൽ നിന്നും കാപ്പി തറയിലാകെ പരന്ന് കിടന്നു.

എന്തോ ദേഷ്യത്തോടെ പറയാൻ തുടങ്ങിയതാണ്. പെട്ടന്ന് അവൾ തന്റെ കയ്യിൽ നിന്നും പേപ്പർ തട്ടിപ്പറിച്ചു മുറിയിലേക്കോടി. അവൾ ആ വാർത്ത കണ്ടുവെന്ന് വ്യക്തമാണ്.

ഒന്നും മിണ്ടാതെ നേരേ അടുക്കളയിലേക്ക് നടന്നു. ചിതറി വീണ കുപ്പി ചില്ലുകൾ ചൂലുകൊണ്ട് മെല്ലെ തൂത്തുവാരി എടുത്തിട്ട് തറയെല്ലാം നനഞ്ഞ ഒരു തുണി കൊണ്ട് കാപ്പിയുടെ അംശമെല്ലാം തുടച്ചു മാറ്റി.

തിരികെ മുറിയിൽ എത്തുമ്പോഴും ഒരു ശില പോലെ കട്ടിലിൽ ഇരിപ്പുണ്ട് ഭദ്ര. കയ്യിൽ നിന്ന് വഴുതി വീണത് പോലെ പേപ്പർ തറയിൽ ചിതറി കിടന്നിരുന്നു.

മെല്ലെ ചെന്ന് തോളിൽ കയ്യ് ഒന്നമർത്തി. തിരിഞ്ഞു നോക്കുമ്പോൾ ആ വലിയ കണ്ണിൽ നിന്നും രണ്ട് നീർതുള്ളികൾ അടർന്നു വീണു..

വിഷമിക്കരുത് എന്ന് ഞാൻ പറയില്ല…തനിക്ക് പോകണോ ? അവൾ ദൈന്യതയോടെ ഒന്ന് നോക്കി..

വേണ്ട..

ഒറ്റവാക്കിൽ മറുപടി പറഞ്ഞിട്ട് കണ്ണും മുഖവും അമർത്തി തുടച്ചു കൊണ്ട് ഒന്നും സംഭവിക്കാത്തത് പോലെ അവൾ കുനിഞ്ഞു താഴെ കിടന്ന പത്രത്താളുകൾ പെറുക്കിയെടുത്തു…

മേശപ്പുറത്ത് അവൾ വെച്ചിട്ട് പോയ ആ പത്ര താളിലേക്ക് ഞാനും ഒന്ന് നോക്കി…മരണപ്പെട്ടവരുടെ കോളത്തിൽ ചിരിച്ചു കൊണ്ട് ഒരു നാല്പത്തിയെട്ടുകാരൻ…അടക്കം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക്.

പോകണ്ട എന്ന് ഭദ്ര പറഞ്ഞ സ്ഥിതിക്ക് ഇനിയീ അധ്യായം അടയ്ക്കാം..എന്നന്നേക്കുമായി…

കുളിയും കഴിഞ്ഞു വന്നു നിശ്ശബ്ദനായിരുന്നു ആഹാരം കഴിക്കുമ്പോൾ ഇടയ്ക്ക് അവളെ ഒന്ന് ഒളികണ്ണിട്ട് നോക്കി…മുഖത്ത് ഒരല്പം മ്ലാനത നിഴൽ വിരിച്ചിട്ടുണ്ട്. മേശയ്ക്ക് ഇരുവശത്തുമിരുന്നു കഴിക്കുന്ന മക്കളുടെ പാത്രത്തിലേക്ക് ദോശയും ചട്ട്ണിയും എടുത്തു വെയ്ക്കുന്ന തിരക്കിലാണ്.

സ്കൂൾ ബസ് അരമണിക്കൂറിനുള്ളിൽ വരും. കഴിച്ചിട്ട് എഴുന്നേൽക്കുമ്പോൾ അവൾ പുറകെ വന്നു..ഇന്ന് പോകുന്നോ ജോലിക്ക്..?അത്ഭുതം തോന്നി…ഇന്ന് എന്താ പതിവില്ലാതെ..നോട്ടം കണ്ടാവണം, കുട്ടികൾ കേൾക്കാതെ മെല്ലെയാണ് പറഞ്ഞത്.

ഏട്ടൻ ഇന്ന് ജോലിക്ക് പോകണ്ട..എനിക്കിന്ന് ഒറ്റയ്ക്കിരിക്കാൻ വയ്യ..

അവളുടെ മാനസികാവസ്ഥ തനിക്ക് മാത്രമേ മനസ്സിലാകൂ എന്ന് അറിയാം…എങ്കിലും ചോദിച്ചു. നമുക്ക് ഒന്ന് അവിടെ വരെ പോയാലോ.

വേണ്ടാ.. എനിക്ക് കാണാൻ വയ്യ…

പിന്നെ ഒന്നും പറയാൻ തോന്നിയില്ല..മക്കളെ യാത്രയാക്കി തിരികെ കയറി വരുമ്പോൾ അവൾ എന്തൊക്കെയോ മുറിയിൽ പരതുന്നുണ്ടായിരുന്നു. ആൽബം ആയിരിക്കുമോ…താൻ അതൊക്കെ എന്നേ മുറിയിൽ നിന്ന് മാറ്റിയിരുന്നു.

തന്റെ നിഴലനക്കം കേട്ടിട്ടാവണം അവൾ ഒന്ന് പരുങ്ങി. എന്താ തിരയുന്നത്.?

ഞാൻ.. പഴയ ഒരു ഫോട്ടോ..

ഇനിയെന്തിനാ ഭദ്രേ..ഇന്ന് കൊണ്ട് അവശേഷിച്ചിരുന്നതും തീർന്നില്ലേ..

തന്നെപ്പോലും അമ്പരപ്പിച്ചുകൊണ്ട് പെട്ടന്നാണ് അവൾ നില വിട്ടതുപോലെ പൊട്ടിക്കരഞ്ഞത്..ഒന്നും പറയാതെ നെഞ്ചിലേക്ക് അടുക്കിപ്പിടിച്ചു. എനിക്കറിയാം നിന്റെ വിഷമം…ഞാനത്ര ദുഷ്ടനൊന്നുമല്ല…നിനക്കെന്നല്ല ഒരു പെണ്ണിനും ആദ്യമായി താലി ചാർത്തിയ പുരുഷനെ മറന്നു കളയാൻ പറ്റില്ല…

ഞാനെത്ര സ്നേഹിച്ചതാ നന്ദേട്ടാ…എന്നിട്ടും ഒടുവിൽ…തേങ്ങലുകൾ വാക്കുകളെ തുടരാൻ അനുവദിച്ചില്ല. ഒരു സ്വാന്തനം പോലെ തന്റെ കൈകൾ കൊണ്ട് അവളുടെ ചുമലിൽ തലോടിക്കൊണ്ടിരുന്നു.

ഒരു മഴയുള്ള നേരത്ത് ഇതുപോലെ ആർത്തു കരയുന്ന വെളുത്ത് കൊലുന്നനെയുള്ള ഒരു സ്ത്രീ രൂപം അയാളുടെ ഓർമയിൽ നിന്നും കണ്മുന്നിലേക്കിറങ്ങി വന്നു…

ചീറിപ്പായുന്ന വണ്ടികൾക്കിടയിലേക്ക് നടന്നു കയറാൻ ഒരുങ്ങുമ്പോൾ ഏതോ ഒരു ഉൾപ്രേരണയാലാണ് അവളുടെ കയ്യിൽ കയറി പിടിച്ചത്. കരഞ്ഞു വീർത്ത മുഖവും അഴിഞ്ഞു ചിതറിയ മുടിക്കെട്ടും ഒരു പന്തികേട് തോന്നിപ്പിച്ചു.

അന്ന് തുടർച്ചയായി പെയ്യുന്ന മഴ കാരണം ബൈക്ക് എടുക്കാതെയാണ് ഇറങ്ങിയത്…ജോലി കഴിഞ്ഞിറങ്ങുമ്പോൾ മഴയുടെ തീവ്രത കുറയാനായ് കാത്തുനിന്നു കുറച്ചു വൈകിപ്പോയി…ഓട്ടോ സ്റ്റാൻഡിലേക്ക് കുടയും പിടിച്ചു നടക്കുമ്പോൾ ഇരുട്ട് വീണിരുന്നു…

തിരക്ക് പിടിച്ച നേരത്ത് മഴ നനഞ്ഞു കൊണ്ട് ഒരു സ്ത്രീ റോഡിലേക്ക് ഇറങ്ങുന്നതും പാഞ്ഞു വരുന്ന ലോറിക്ക് മുന്നിലേക്ക് ചാടാൻ തുടങ്ങിയതും ഒരു മിന്നൽ വെളിച്ചത്തിൽ ആണ് കണ്ടത്. പെട്ടന്ന് തോന്നിയ ഒരു ബോധം കൊണ്ട് കയ്യിലിരുന്ന കുടയും വലിച്ചെറിഞ്ഞ് അവളുടെ കൈയിൽ കയറി പിടിച്ചു വലിക്കുകയായിരുന്നു. അതേ നിമിഷം തന്നെ ലോറി അവരെ കടന്നു പാഞ്ഞു പോവുകയും ചെയ്തു.

ഇനിയും അവരെ അവിടെ നിർത്തിയാൽ രംഗം വഷളാകുമെന്ന് തോന്നിയത് കൊണ്ട് ഓട്ടോയിലേക്ക് കയറ്റി..ചോദ്യങ്ങൾക്കൊന്നും തേങ്ങലുകൾ അല്ലാതെ മറ്റൊരു മറുപടിയും ഇല്ലായിരുന്നു.

വീട്ടിലെത്തുമ്പോൾ മുറ്റത്ത്‌ ലൈറ്റ് തെളിഞ്ഞു കിടപ്പുണ്ട്. അമ്മ വഴിക്കണ്ണുമായി കാത്തിരിക്കുന്നു. ഒപ്പമിറങ്ങിയ അപരിചിതയായ പെണ്ണിനെ കണ്ട് അമ്മയൊന്ന് അമ്പരന്നു. അകത്തേക്ക് കയറാൻ മടിച്ചു നിന്ന അവളോട് നേരം പുലർന്നു കഴിഞ്ഞിട്ട് എങ്ങോട്ട് വേണമെങ്കിലും പൊയ്‌ക്കൊള്ളൂ എന്ന് പറഞ്ഞപ്പോൾ മെല്ലെ അകത്തു കയറി…

മുറിയിലേക്ക് വന്ന അമ്മയോട് എല്ലാക്കാര്യങ്ങളും തുറന്നു പറഞ്ഞു. കൂടെ ഉടുക്കാൻ സാരിയോ മറ്റോ കൊടുക്കാനും…അമ്മ കൊടുത്ത സാരിയുമുടുത്ത് അടുക്കളയിൽ അമ്മയോടൊപ്പം നിന്ന് പലതും അവൾ പറയുന്നുണ്ടായിരുന്നു…

സ്നേഹിച്ച പുരുഷനോടൊപ്പം ഇറങ്ങിപ്പോയതും ഒന്നിച്ചു ജീവിച്ച സന്തോഷകരമായ ജീവിതത്തെക്കുറിച്ചും ഒക്കെ…കുഞ്ഞുങ്ങൾ ഉണ്ടാകാതെ വന്നപ്പോൾ അയാൾക്കുണ്ടായ മാറ്റങ്ങളും കൂടി വന്ന ദുഃശീലങ്ങളും അവരുടെ ജീവിതത്തെ കാഠിന്യമുള്ളതാക്കി.

പക്ഷേ യഥാർത്ഥത്തിൽ അയാൾക്കായിരുന്നു പ്രശ്നം…ഒരപകടത്തെ തുടർന്ന് അയാൾക്ക് കുട്ടികൾ ഉണ്ടാകില്ലെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നത് സൗകര്യപൂർവ്വം മറന്നുപോയതോ മറച്ചു വെച്ചതോ…

എങ്കിലും അവൾ സ്നേഹിച്ചത് അവനെ മാത്രമായിരുന്നു…കുറവുകൾ എന്തുമായിക്കൊള്ളട്ടെ…ഭർത്താവിനോടൊപ്പമുള്ള സന്തോഷം നിറഞ്ഞ ഒരു ജീവിതം സ്വപ്നം കണ്ട അവൾക്ക് പക്ഷേ തിരിച്ചു കിട്ടിയത് പീഡനങ്ങൾ മാത്രമായിരുന്നു…

ഒരു കുഞ്ഞിനെ ദത്ത് എടുക്കാൻ പോലും അയാൾ സമ്മതിച്ചില്ല. പിണക്കം മറന്ന് ഒടുവിൽ അച്ഛനും അമ്മയും വന്ന് വിളിച്ചപ്പോൾ അയാൾ അവളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയി. അവിടെ കുറച്ചു നാൾ പ്രശ്നങ്ങൾ ഒന്നും ആരും അറിഞ്ഞതേയില്ല.

വർഷങ്ങൾ കടന്നു പോകും തോറും മച്ചീ എന്നുള്ള വിളി കേട്ട് അവൾ ആരുമറിയാതെ ഉള്ളിൽ കരഞ്ഞു തീർത്തു. മകന്റെ കുറവുകൾ അവരെ അറിയിക്കാൻ അവൾക്ക് മനസ്സ് വന്നതുമില്ല.

ഒരിക്കൽ ഒരു ബ്രോക്കർ വീട്ടിൽ പതിവില്ലാതെ കയറി വന്നപ്പോൾ ഇനിയും ഇവിടെ ആർക്കാണാവോ ഇയാളെ കൊണ്ടൊരു ആവശ്യം എന്ന് സംശയിച്ചു പോയി. അയാളോടൊപ്പം പുതിയ ഷർട്ടും പാന്റ്സും അണിഞ്ഞു ഭർത്താവും ഒരു യാത്ര പോലും പറയാതെ ഇറങ്ങിപ്പോയപ്പോൾ മറ്റാർക്കെങ്കിലും വേണ്ടീട്ടാവും എന്നെ കരുതിയുള്ളൂ.

പക്ഷേ മുറിക്കുള്ളിൽ അമ്മയുടെ അടക്കി പിടിച്ച സംസാരം, എവിടെയോ ചില പന്തികേടുകൾ മണത്തു തുടങ്ങി. അച്ഛന്റെ കയ്യിലിരിക്കുന്ന ഏതോ ഒരു പെൺകുട്ടിയുടെ ഫോട്ടോയിലേക്ക് നോക്കിയ അമ്മ മുഖമുയർത്തിയപ്പോൾ കണ്ടത് അവളെയാണ്.

വൈകിട്ട് അകന്നു മാറി കിടക്കുന്ന ഭർത്താവിന്റെ അരികിലേക്ക് സ്നേഹത്തോടെ ചേർന്ന് കിടന്നപ്പോൾ അയാൾ അസ്വസ്ഥതയോടെ തിരിഞ്ഞു കിടന്നു. അച്ഛന്റെ കയ്യിലിരുന്ന ഫോട്ടോയും പകൽ ബ്രോക്കറിന്റെ കൂടെ പോയത് എവിടെ ആണെന്നുമൊക്കെ ചോദിക്കാൻ അവളുടെ ഉള്ളു തുടിച്ചു കൊണ്ടിരുന്നു.

എങ്കിലും അകൽച്ചയുടെ നിഴലനക്കങ്ങൾ കൊണ്ട് അവളിൽ നിന്ന് ഒരകലം പാലിക്കാൻ തുടങ്ങിയിരുന്നു അയാൾ. പക്ഷേ പിന്നീട് ആരും ഒന്നും പറയാതെ തന്നെ പലതും അവൾ അറിഞ്ഞു തുടങ്ങി. വീണ്ടും ഒരു വിവാഹത്തിനുള്ള ഒരുക്കത്തിലാണ് തന്റെ പ്രിയപ്പെട്ട ഭർത്താവ് എന്ന വാർത്ത അവളിൽ വലിയ ഞെട്ടലൊന്നും ഉണ്ടാക്കിയില്ല.

ഏതോ ഒരു നിരപരാധിയായ പെൺകുട്ടിയുടെ ജീവിതം ഇരുട്ട് വീഴാൻ പോകുന്നു എന്ന് മാത്രം അവൾക്ക് ഉറപ്പുണ്ടായിരുന്നു. കഴുത്തിലെ താലി ഊരി വെച്ചിട്ടാണ് അവൾ അവിടെ നിന്നിറങ്ങിയത്. ഇനിയും അതിന്റെ ആവശ്യം തനിക്കില്ലെന്ന് തോന്നി.

അങ്ങനെ ഒരു ലക്ഷ്യവും ഇല്ലാതെ നടന്നത് മരണത്തിലേക്ക് ആയിരുന്നു. പക്ഷേ ഏതോ ഒരാൾ തന്റെ കയ്യിൽ കയറി പിടിച്ചു വീണ്ടും ജീവിതത്തിലേക്ക് വലിച്ചിട്ടിരിക്കുന്നു. അവളുടെ കഥ കേട്ട് അമ്മയൊന്ന് ഉറപ്പിച്ചു. ഇനിയെങ്ങോട്ടും പോകണ്ട എന്ന്…

ഒരേയൊരു മകനുള്ളത് പകൽ ജോലിക്ക് പോയാൽ പിന്നെ വരുന്നത് നേരം ഇരുട്ട് വീഴുമ്പോഴായിരിക്കും. നന്ദന്റെ മുറിയിലെ വലിയ കല്യാണ ഫോട്ടോയിൽ കണ്ട സുന്ദരിയായ ഭാര്യയെ കുറിച്ച് ചോദിച്ചപ്പോൾ അമ്മയുടെ മുഖമൊന്നു വാടി.

വിവാഹം കഴിഞ്ഞ് രണ്ടാം വർഷം ഉണ്ടായ ഒരു കാർ ആക്‌സിഡന്റിൽ മരിച്ചു പോയ മരുമകൾ അഞ്ചു മാസം ഗർഭിണിയായിരുന്നു എന്ന് പറയുമ്പോൾ ആ അമ്മയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി. പതിയെ പതിയെ ഭദ്ര വീട്ടിലെ ഒരംഗമായി മാറിയിരുന്നു.

അവളില്ലാത്ത ഒരു കാര്യവും അമ്മയുടെയും മകന്റെയും ജീവിതത്തിൽ ഇല്ലായിരുന്നു. അമ്മ തന്നെയാണ് ഒരിക്കൽ സുഖമില്ലാതെ വന്നപ്പോൾ മകനോട് ആവശ്യപ്പെട്ടത്.

ഒരു താലി വാങ്ങി ഈ പെണ്ണിന്റ കഴുത്തിലൊന്ന് കെട്ടിക്കൂടെ നന്ദൂ..

അമ്മയുടെ ചോദ്യം കേട്ട് അവൾ അമ്പരപ്പോടെയാണ് അയാളെ നോക്കിയത്. നിങ്ങളാവുമ്പോൾ പരസ്പരം അറിയുകയും ചെയ്യും…എനിക്ക് മനഃസമാധാനത്തോടെ കണ്ണടയ്ക്കുകയും ചെയ്യാം..

അമ്മ പറഞ്ഞത് കേട്ട് അയാൾ അവളെ ഒന്ന് നോക്കി.എന്താ സമ്മതമല്ലേ എന്ന മട്ടിൽ…നല്ലൊരു സമയം കണ്ടു പിടിച്ച് അടുത്തുള്ള അമ്പലത്തിൽ പോയി അവർ മൂന്ന് പേരും മാത്രമായൊരു ചടങ്ങ്.

അന്ന് മുതൽ നന്ദന്റെ പ്രിയപ്പെട്ട സ്നേഹമയിയായ ഭാര്യയാണ് ഭദ്ര..അവർക്കുണ്ടായ രണ്ട് കുഞ്ഞുങ്ങളെയും താലോലിച്ച് സംതൃപ്തിയോടെയാണ് അമ്മ കണ്ണടച്ചത്.

അന്ന് വീട് വിട്ടിറങ്ങുമ്പോൾ അവളുടെ കയ്യിലുണ്ടായിരുന്ന മുൻ ഭർത്താവും ഒത്തുള്ള ഒരു ഫോട്ടോ വിവാഹശേഷം നന്ദൻ തന്നെ ആണ് എടുത്തു മാറ്റിയത്. നെഞ്ചിൽ ചേർന്ന് കിടന്ന ഭാര്യയുടെ മുഖം അയാൾ മെല്ലെ പിടിച്ചുയർത്തി.

ഇനി കരയരുത്…അതെല്ലാം നിന്റെ ജീവിതത്തിൽ നിന്ന് തുടച്ചു മാറ്റപ്പെട്ട നാളുകളാണ്. ഇനിയുള്ള സന്തോഷങ്ങൾ നമുക്ക് വേണ്ടിയുള്ളതാണ്..

അവൾ സ്നേഹത്തോടെ തന്റെ ഭർത്താവിന്റെ നെറ്റിയിൽ ഒന്നമർത്തി ചുംബിച്ചു. അതേ ഇനിയുള്ള ജീവിതം ഭർത്താവിനും കുഞ്ഞുങ്ങൾക്കും വേണ്ടി മാത്രമുള്ളതാണ്. മരണത്തിലേക്കിറങ്ങി ചെല്ലാൻ തുനിഞ്ഞ തനിക്കൊരു പുനർജ്ജന്മം നൽകിയത് അദ്ദേഹമാണ്. എത്ര ജന്മങ്ങൾ കൊണ്ടും ഈയൊരു കടപ്പാട് തീരില്ലെന്ന് അവൾക്ക് തോന്നി…

മേശപ്പുറത്ത് ഫാനിന്റെ കാറ്റിൽ ആ പത്രത്താളുകൾ അപ്പോഴും മെല്ലെ ഇളകിക്കൊണ്ടിരുന്നു

Leave a Reply

Your email address will not be published. Required fields are marked *