അവർ സ്നേഹത്തോടെ പെരുമാറിയാലും ഒരു മനസ്സലിവും കാട്ടാറില്ല. വന്നു കയറുമ്പോള്‍ ഏതെങ്കിലും…..

ദയ

രചന: NKR മട്ടന്നൂർ

———————–

ഇന്നു വന്നു കയറിയതും തെളിച്ചമില്ലാത്ത മുഖത്തോടെയായിരുന്നു…

ദേഷ്യമാ… മുടിഞ്ഞ ദേഷ്യം….അച്ഛനോടോ അമ്മയോടോ മിണ്ടാറില്ല…

അവർ സ്നേഹത്തോടെ പെരുമാറിയാലും ഒരു മനസ്സലിവും കാട്ടാറില്ല…വന്നു കയറുമ്പോള്‍ ഏതെങ്കിലും സ്വഭാവമായിരിക്കും.ഒന്നും ചോദിക്കുന്നതോ പറയുന്നതോ ഇഷ്ടമല്ല…

വിവാഹം കഴിഞ്ഞ് ആറുമാസക്കാലം ഈ വീടൊരു സ്വര്‍ഗ്ഗമായിരുന്നു…പെട്ടെന്ന് ഒരു ദിവസമാ ആകെ മൂടിക്കെട്ടി കയറി വന്നത്…ഒന്നും മിണ്ടാതെ പോയി കിടക്കയില്‍ വീണു. കുളിച്ചിട്ടെ ആ കിടക്കയില്‍ അന്നു വരേ കേറി കിടന്നിട്ടുള്ളൂ…പതിവു പോലെ ചായയുമായ് ചെന്നപ്പോള്‍ കമിഴ്ന്നു കിടക്കുകയായിരുന്നു..

എന്തോ മറയ്ക്കുന്നതു പോലെ തോന്നി പോയി മുഖത്തേക്ക് നോക്കുമ്പോള്‍ കരയുകയായിരുന്നു…ഏന്താ…എന്തിനാ…?ചോദ്യങ്ങള്‍ക്കൊന്നും മറുപടി തരാതെ പോയി…പിന്നെ കോപം കൊണ്ടലറി…..മുറിയില്‍ നിന്നും ഇറങ്ങി പോവാന്‍ പറഞ്ഞു..അതൊന്നും പതിവുള്ളതല്ല….

കയറി വന്നാല്‍ കുളിച്ചു ഒരുങ്ങി നില്‍ക്കുന്ന എന്നെ കാണുമ്പോള്‍ വരും അരികിൽ…കുളിച്ചു വരുന്നതു വരെ കാത്തിരിക്കാന്‍ പറയും…..ചേര്‍ത്തു പിടിച്ചൊത്തിരി സ്നേഹചുംബനങ്ങള്‍…പിന്നെ ചായ കഴിഞ്ഞു കിന്നാരം പറയും…എന്‍റെ മടിയില്‍ തലവെച്ചു കിടക്കും…ആമുടിയിഴകളില്‍ വിരലോടിക്കുന്നതും നെറ്റിയില്‍ വിരല്‍ ചേര്‍ത്തു വെയ്ക്കുന്നതുമൊക്കെ വല്യ ഇഷ്ടവാ….ഒരിക്കലും മതിയാവാത്ത പോലെ അങ്ങനെ കിടക്കും…അ

എന്തോ പറഞ്ഞെന്നെ ഒത്തിരി വഴക്കു പറഞ്ഞതു കേട്ടു. പോയിരുന്നു കരഞ്ഞു മതിവരുവോളം…അമ്മയും വന്നിരുന്നു അരികിൽ…പാവം അവര്‍ക്കും വിഷമമായികാണില്ലേ. അച്ഛനതാ ഒന്നും മിണ്ടാതെ ഉമ്മറത്തെ ചാരു കസേരയില്‍. ഞാന്‍ കരച്ചില്‍ നിര്‍ത്തി പിന്നേയും പോയി ആ അരികില്‍ …..

സത്യേട്ടാ ഞങ്ങളെന്തു തെറ്റാ ചെയ്തത്…എന്തിനാ ഞങ്ങളോടിങ്ങനെ ദേഷ്യം കാട്ടണത്…? ഒന്നും പറയാതെ അന്നുറങ്ങി…കുളിച്ചില്ല കഴിച്ചതുമില്ല….ഞാനും ഒന്നും കഴിക്കാതെ താഴെ പാ വിരിച്ചു കിടന്നു…ഇതിപ്പോള്‍ രണ്ടു മാസം കഴിഞ്ഞു…ഒരു മാറ്റവുമില്ലാതെ…

അറിഞ്ഞു കൊണ്ട് ഒന്നും മിണ്ടാന്‍ പോവാറില്ല…വീട്ടിലേക്കു വേണ്ടുന്ന അരിയും സാധനങ്ങളും കൊണ്ടു വരുന്നതും നിര്‍ത്തി…എന്തേലും ചോദിച്ചാല്‍ ചിലപ്പോള്‍…വേണ്ടുന്നവര്‍ പോയി വാങ്ങൂ എന്നു പറയും, അല്ലേല്‍ കൈ മലര്‍ത്തും….അച്ഛന് കിട്ടുന്ന പെന്‍ഷന്‍ പണമാ ഇപ്പോഴത്തെ ഏക ആശ്രയം…ആവും പോലെ കഴിഞ്ഞു കൂടുകയാ.

ഈമാറ്റത്തിനുള്ള കാരണം തേടി അന്നു രാവിലെ ഞാനാ പിറകേ വീട്ടീന്നിറങ്ങി. ഓഫീസിലേക്കായിരുന്നില്ല പോയത്. മെഡിക്കല്‍ കോളജിലേക്ക് ആ യാത്ര ചെന്നവസാനിക്കുമ്പോള്‍ എന്‍റെ ഹൃദയം പെരുമ്പറ കൊട്ടി.

ആരാ….എന്താ…. എന്നറിയാനുള്ള ആകാംക്ഷയാല്‍ മനസ്സ് ധൃതി കൂട്ടി…ഐ സി യു വിനു മുന്നില്‍ പോയി അവിടുള്ള കസേരയില്‍ നെറ്റിയില്‍ കൈ ചേര്‍ത്തിരുന്നു. ഒരു തൂണിനു മറവില്‍ നിന്നു കൊണ്ട് എല്ലാം നോക്കി കാണുകയായിരുന്നു. ആരാണ് അകത്തെന്ന് അറിയാനാവാതെ നിമിഷങ്ങളെ കൊ* ന്നു തിന്നുകയായിരുന്നു ഞാന്‍.

പെട്ടെന്ന് വാതില്‍ തുറന്ന് ഒരു നേഴ്സ് പുറത്തേക്ക് വന്നു. ആരുടേയോ പേരു വിളിച്ചു . സത്യേട്ടന്‍ എഴുന്നേറ്റ് പോയി. അവരുടെ കയ്യീന്ന് എന്തോ വാങ്ങി വേഗം പുറത്തേക്ക് പോയി…ഞാനാ വാതിലിനരികിലേക്ക് ചെന്നു. തൊട്ടടുത്ത് കൗണ്ടറില്‍ രണ്ടു നഴ്സുമാരെ കണ്ടു…അവര്‍ക്കരികിലേക്ക് പോയി. ആരാ ഐസി യു വിലെന്ന് ചോദിച്ചറിഞ്ഞു.

കുറേ നേരത്തെ പരിശ്രമത്തിനൊടുവില്‍ കാര്യമെന്തെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. മുപ്പതിനടുത്ത് വയസ്സ് പ്രായമുള്ള ഒരു യുവതി… ”കോമാ”യില്‍ അതിനകത്ത് കിടക്കുവാ. രണ്ടു മാസമായിട്ട്. ഏതോ
ഒരപകടത്തെത്തുടര്‍ന്നായിരുന്നു. അന്നു മുതല്‍ കൂട്ടായിട്ടുണ്ട്.

സത്യേട്ടന്‍…. ഒരു പൊതിയുമായ് വരുന്ന സത്യേട്ടനെ കണ്ടു ഞാന്‍ മാറി നിന്നു. വാതിലില്‍ ചെറുതായൊന്ന് കൊട്ടിയപ്പോള്‍ നഴ്സു വന്നു പൊതിയും വാങ്ങി അകത്തേക്ക് പോയി…വാതിലടഞ്ഞു. കസേരയില്‍ തലയും കുത്തിയിരുന്ന ആ അരികിലേക്ക് പോയി. ആ മുടിയിഴകളില്‍ വിരലോടിച്ചു മൃദുവായ്….

ഞെട്ടലോടെ തലയുയര്‍ത്തി നോക്കിയപ്പോള്‍ ആ കരഞ്ഞു കലങ്ങിയ കണ്ണുകളെനിക്ക് കാണാന്‍ വയ്യായിരുന്നു.

സുമിതാ…നീയെന്താ ഇവിടെ…?വല്ലായ്മയോടെ എന്നോട് ചോദിച്ചു.

സത്യേട്ടനെന്താ ഇവിടെ …? ഞാന്‍ തിരിച്ചു ചോദിച്ചു. എന്‍റെയൊരു കൂട്ടുകാരി ഒരപടത്തില്‍ പെട്ടു കിടക്കുവാ ഇവിടെ. രക്ഷപ്പെടുന്ന കാര്യം സംശയമാന്നാ ഡോക്ടേര്‍സ് പറഞ്ഞത്. പക്ഷേ മരണമവളെ കൊണ്ടു പോവുന്നുമില്ല.

ഒരു മാസം മുന്നേ ബോധം തെളിഞ്ഞപ്പോള്‍ ഞാന്‍ കേറി കണ്ടിരുന്നു എന്‍റെ ഹേമയെ…ഞാന്‍ മരിച്ചില്ലേന്ന് ചോദിച്ചു …തലയ്ക്ക് സഹിക്കാന്‍ വയ്യാത്ത വേദനയാണെന്നാ പറഞ്ഞത്…പാവം ആരും അവളോടിത്തിരി ദയ കാട്ടുന്നില്ല….ഒന്നു കൊണ്ടു പോയാല്‍ മതിയായിരുന്നു ആ പാവത്തെ…വാക്കുകള്‍ ഇടറി.

ഞാനും ആ അരികിലിരുന്നു…ഇന്നലെ ഞാന്‍ കയറിയിരുന്നു പിന്നേയും ഹേമയെ കാണാന്‍…കൈകാലുകളെല്ലാം തണുത്തു തുടങ്ങിയിരിക്കുന്നു. ഇനി ഒരു പ്രതീക്ഷയ്ക്കും വകയില്ലാ. പക്ഷേ അവളെ കൊണ്ടു പോവാതെ ആരേയോ കാത്തു നില്‍ക്കുന്നു. എന്തിനാ ആ പാവത്തോടിത്ര ക്രുരത കാട്ടുന്നത്..?ഒന്നിനും മറുപടി എനിക്കറിയില്ല.

എന്തിനെന്നറിയാതെ ഞാനും ഇതുവരെ കാണാത്ത ആ കൂട്ടുകാരിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു മനമുരുകി. ആരോ സമ്മതിച്ചിട്ടായിരുന്നു വിറയ്ക്കുന്ന കാലടികളോടെ ഞാനും ആ തണുത്തുറഞ്ഞ മുറിക്കുള്ളിലേയ്ക്ക് കയറിയത്…ഒരു മാലാഖയേ പോലെ അവള്‍ കണ്ണടച്ചുറങ്ങുകയാണെന്നേ തോന്നൂ. മുഖം മാത്രം കാണാം. സത്യേട്ടന്‍ എന്‍റെ കണ്ണുകളിലേക്ക് നോക്കുകയായിരുന്നു.

ഒരു കുഞ്ഞിനേ പോലെ ശാന്തമായുറങ്ങുകയാണവള്‍. യാതൊരു കളങ്കവും കാണാനില്ല ആ മുഖത്ത്.

”എന്‍റെ ഭര്‍ത്താവിന്‍റെ ആരാണിവള്‍…”

ഒന്നുമറിയില്ലെനിക്ക്. ഞാനീ മുഖം ആദ്യമായ് കാണുകല്ലേ. ഒരിക്കലും ഇവളാരേയും വേദനിപ്പിച്ചിട്ടുണ്ടാവില്ല. ആരോടും കയര്‍ത്തു സംസാരിച്ചിട്ടുണ്ടാവില്ല. ആര്‍ക്കും കൊടിയ വേദനകള്‍ നല്‍കിയിട്ടുണ്ടാവില്ല. പിന്നെ ആരാണിവളോട് ഇത്തിരി ”ദയ”കാട്ടാതെ ഈ ക്രൂരത കാട്ടുന്നത്.

ഇവളെ വൃണം പിടിപ്പിക്കാനായ് ഇങ്ങനെ അനങ്ങാനാവാതെ കിടത്തുന്നത്…? ദൈവങ്ങളേ….ആര്‍ക്കും ഒന്നും ചെയ്യാനാവാതെ ഇങ്ങനെ കിടത്താതെ നിങ്ങള്‍ക്കവളെ കൊണ്ടു പൊയ്ക്കൂടെ….ഞാനാ പാദങ്ങള്‍ രണ്ടും എന്‍റെ കൈകളാല്‍ പൊതിഞ്ഞു പിടിച്ചു. ഒരു തുള്ളി കണ്ണുനീര്‍ അവിടെ ഇറ്റു വീണു…അവളൊന്ന് ഉലഞ്ഞുവോ…?

വാടിത്തളരാത്ത ആ നെറ്റിമേല്‍ ഞാനൊരു ചുംബനം നല്‍കി…പൊയ്ക്കോളൂ….ഇനിയൊരു ജന്‍മമുണ്ടെങ്കില്‍ നീയെന്‍റെ അനുജത്തിയായ് പിറക്കേണം…

കസേരയില്‍ സത്യേട്ടനരികില്‍ ഇരിക്കുമ്പോള്‍ കേട്ടു ഇടറിയ വാക്കുകൾ .സ്കൂള്‍ മുതല്‍ കോളജില്‍ വരെ ഒന്നായ് പഠിച്ചതാ….പാവപ്പെട്ട വീട്ടിലെ കുട്ടി…നന്നായി പഠിക്കുമായിരുന്നു…സഹായിക്കാന്‍ കഴിഞ്ഞിട്ടുണ്ട് ആവും പോലെ. ഒരു ജോലിക്കായ് പരിശ്രമിച്ചു കൊണ്ടിരിക്കേ കല്യാണം കഴിഞ്ഞു ഒരു ഗവണ്‍മെന്‍റ് ജീവനക്കാരൻ. വലിയ ആലോചനകള‍ൊന്നും നടത്താതെ കെട്ടിച്ചു കൊടുത്തു ആ പാവം അമ്മ….

പെണ്ണിന് സൗന്ദര്യം ഒരു ശാപമാണ്…അതിന് ഉദാഹരണം പോലൊരു ജീവിതം. സംശയ രോഗിയായൊരു ഭര്‍ത്താവ്…കൂടെ മദ്യപാനവും കൂടിയായപ്പോള്‍…? വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമായപ്പോഴായിരുന്നു ഒരുവട്ടം ഞാന്‍ ഹേമയെ കണ്ടത്. മുഖത്തെ കരുവാളിച്ച പാട് കണ്ടപ്പോള്‍ ചോദിച്ചെങ്കിലും ഒന്നും പറയാതെ കരഞ്ഞു …

‘ഒരിക്കല്‍ പോലും സത്യേട്ടനെന്നെ സ്നേഹിച്ചിരുന്നില്ലേന്ന് ചോദിച്ചു പിരിയാന്‍ നേരം…’

അതിന്‍റെ അര്‍ത്ഥം എനിക്കു മനസ്സിലാവുമ്പോഴേക്കും ഒരുപാട് വൈകിപ്പോയിരുന്നു…പിന്നെ കുറച്ചു നാളുകളേ ഹേമ ജീവിച്ചിരുന്നുള്ളൂ…തലയ്ക്കടിയേറ്റാണ് ആ പാവത്തിനെ ഐ സി യുവിലേക്ക് കൊണ്ടുവന്നത്…മകളുടെ ജീവിതം കൈ വിട്ടു പോയതറിഞ്ഞ് എന്നോ ഹേമയുടെ അമ്മയും ഒരു മുഴം കയറില്‍ ജീവിതം തൂക്കി നോക്കിയിരുന്നു. ഒന്നും ചെയ്യാനെനിക്ക് കഴിയാതെ പോയി…

ഒരുവാക്ക് പറഞ്ഞിരുന്നെങ്കില്‍…ഒന്നു സൂചിപ്പിച്ചിരുന്നെങ്കില്‍…
ഞാനവളെ കൈ വെടിയില്ലായിരുന്നു….

സത്യേട്ടാ….

ഐ സിയു വില്‍ നിന്നും തള്ളി വെളിയിലേക്ക് കൊണ്ടു വന്ന സ്ട്രെക്ച്ചറില്‍ വെള്ളപുതച്ചു അപ്പോള്‍ ഉറങ്ങാന്‍ തുടങ്ങിയിരുന്നു ആ മാലാഖ…

ആ കാഴ്ച കാണാനാവാതെ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു സത്യേട്ടൻ….ഒടുവില്‍ അവള്‍ക്കു ദയ കിട്ടി….പാവം ഇനിയെങ്കിലും വേദനകളില്ലാത്ത ലോകത്തേക്ക് പോയ് അവള്‍ ഉറങ്ങട്ടെ..!

Leave a Reply

Your email address will not be published. Required fields are marked *