അവന്റ മുഖഭാവം കണ്ട് അവൾക്ക് പേടിയായി. അവൾ കണ്ണീരോടെ ബെഡിലേക്ക് ഇരുന്നു.

രചന: അപ്പു
——————

“അനൂ..എന്താടാ പറ്റിയെ..? “

ആകുലതയോടെ മുറിയിലേക്ക് കടന്ന് വന്നു അഭി ചോദിക്കുന്നത് കേട്ട് ഒരു പുഞ്ചിരിയോടെ അനു ബെഡിൽ നിന്ന് എഴുന്നേറ്റു.

“എന്താ പ്രശ്നം എന്ന് ചോദിച്ചപ്പോൾ നീ ചിരിക്കുന്നോ..? “

അഭി പരിഭവത്തോടെ അവളെ നോക്കി.

“ഇങ്ങനെ ടെൻഷനടിച്ച് വരാൻ മാത്രം ഒരു പ്രശ്നവും എനിക്കില്ല.”

അവൾ ഒരു ചിരിയോടെ പറഞ്ഞു.

“അപ്പോൾ പിന്നെ അമ്മ വിളിച്ച് നിനക്ക് സുഖമില്ല..ആശുപത്രിയിൽ കൊണ്ടു പോയി എന്നൊക്കെ പറഞ്ഞതോ..? “

അവൻ അമ്പരപ്പോടെ ചോദിച്ചു.

“അത്..എനിക്ക് അസുഖം ഇല്ല എന്നാണ് ഞാൻ പറഞ്ഞത്..അല്ലാതെ ആശുപത്രിയിൽ പോയിട്ടില്ല എന്ന് ഒന്നും പറഞ്ഞില്ലQbല്ലോ.. “

അവനെ കളിയാക്കുന്ന ഭാവത്തിൽ അവൾ പറഞ്ഞു.

“എന്നെ ഇങ്ങനെ കളിയാക്കാതെ താൻ കാര്യം പറയുന്നുണ്ടോ..? നിനക്ക് സുഖമില്ല എന്ന് അറിഞ്ഞ നിമിഷം ടെൻഷനടിച്ച് ഒരു വഴിക്ക് ആണ് ഞാൻ ഇതുവരെ എത്തിയത്. അപ്പോൾ വന്ന് വിവരം തിരക്കിയ എന്നെ നീ കളിയാക്കുന്നോ..? ” അഭി പരിഭവം നടിച്ചു.

“ടെൻഷൻ അടിക്കാനുള്ള ഒരു പ്രശ്നവുമില്ല. എന്നാൽ സന്തോഷിക്കാനുള്ള വക ഉണ്ട് താനും. ” അവൾ പറഞ്ഞത് മനസ്സിലായില്ല എന്ന പോലെ അവൻ അവളെ നോക്കി.

“അതായത്..അഭി ഏട്ടൻ ഒരു അച്ഛനാകാൻ പോകുന്നു..”

അവൾ അത് പറഞ്ഞതും അവൻ ഞെട്ടി പിടഞ്ഞു പിന്നിലേക്ക് മാറി. കേൾക്കാൻ പാടില്ലാത്തത് എന്തോ കേട്ടതുപോലെ അവന്റെ മുഖത്ത് ദേഷ്യം നിറഞ്ഞു.

“നീ എന്താ പറഞ്ഞത്..?” അവൻ കേട്ടത് ഉറപ്പിക്കാൻ എന്നത് പോലെ അവൻ ചോദിച്ചു.

“അഭിയേട്ടന് വിശ്വാസം വരുന്നില്ലേ?”

അവൾ വീണ്ടും ചോദിച്ചു.

“ഇല്ല.. ഞാൻ വിശ്വസിക്കില്ല.. “

അവൻ ഉറപ്പോടെ പറഞ്ഞു കൊണ്ട് പുറത്തേക്കിറങ്ങി പോയി. അവന്റ മുഖഭാവം കണ്ട് അവൾക്ക് പേടിയായി. അവൾ കണ്ണീരോടെ ബെഡിലേക്ക് ഇരുന്നു.

മുറിയിൽ നിന്നും കാറ്റ് പോലെ ഇറങ്ങി വരുന്ന മകനെ കണ്ട് സോഫയിൽ ഇരുന്ന അമ്മ ഞെട്ടി എഴുന്നേറ്റു. അവന്റെ മുഖത്തു നിന്നു തന്നെ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന് അവർ ഊഹിച്ചു.

“എന്താ മോനേ..? എന്താ പ്രശ്നം..? “

അവർ ആകുലതയോടെ അവനെ നോക്കി. അവൻ അവരെ തുറിച്ചു നോക്കി.

“അവൾ വിശേഷം ഒന്നും പറഞ്ഞില്ലേ..?”കടുത്ത സ്വരത്തിൽ അവൻ ചോദിച്ചത് കേട്ട് അവർ പുഞ്ചിരിയോടെ തലയാട്ടി.

“ഞാനൊരു അച്ഛമ്മ ആകാൻ പോവുകയാണെന്ന് അവൾ എന്നോട് പറഞ്ഞു. എനിക്ക് എന്ത് സന്തോഷമായി എന്ന് അറിയാമോ..? ഇങ്ങനെ ഒരു വർത്ത ഞാൻ പ്രതീക്ഷിക്കാൻ തുടങ്ങിയിട്ട് എത്ര നാളായി എന്നറിയാമോ..? “

സന്തോഷത്തോടെ അമ്മ പറയുന്നത് കേട്ട് അവൻ അവരെ നോക്കി കണ്ണുരുട്ടി.

“അമ്മ എന്ത് മണ്ടത്തരം ആണ് ഈ പറയുന്നത്.? അവളുടെ വയറ്റിൽ ഉള്ള കൊച്ചിന്റെ അച്ഛൻ ആരാണെന്ന് കണ്ടു പിടിക്കുന്നതിനു പകരം ഇങ്ങനെ സന്തോഷിക്കുന്നത് എന്തിനാ..?”

അവൻ ഒച്ച ഉയർത്തി. അത് കേട്ടുകൊണ്ട് മുറിയിൽ നിന്ന് അനു പുറത്തേക്ക് ഇറങ്ങി. അവന്റെ വായിൽ നിന്ന് വീണ ആ വാക്കുകൾ അവളെ വല്ലാതെ വേദനിപ്പിച്ചിരുന്നു.

“ഞാൻ ആണോടാ തോന്നിവാസം പറയുന്നത്..? നീ ഈ പറയുന്നതും ചിന്തിക്കുന്നതും ഒക്കെ ആണ് തെണ്ടിത്തരം..”

അമ്മ അവനോട് കലഹിച്ചു.

“എനിക്ക് കുട്ടികൾ ഉണ്ടാകില്ലെന്ന് നിങ്ങൾക്ക് ഒക്കെ അറിയുന്നത് അല്ലേ..? എന്നിട്ടും…”

അവൻ പൊട്ടിക്കരച്ചിലോടെ പറഞ്ഞു. അനുവിന് അവന്റെ അവസ്ഥയിൽ സഹതാപം തോന്നി. പിന്നെ തന്റെ അവസ്ഥ ഓർത്തു അതിലേറെ മനോവിഷമവും..!

“ദേ.. ഞാൻ തിരികെ വരുമ്പോഴേക്കും നിന്റെ വയറ്റിൽ കിടക്കുന്നതിന്റെ അച്ഛൻ ആരാണെന്ന് പറയാൻ തയ്യാറായി ഇരുന്നോളണം. അതും പറഞ്ഞിട്ട് നിനക്ക് അവന്റെ കൂടെ പോകാം. അല്ലെങ്കിൽ നിന്നെ ഞാൻ നിന്റെ വീട്ടിൽ കൊണ്ട് വിടാം..”

അത്രയും പറഞ്ഞു അവളെ തറപ്പിച്ചു നോക്കി അവൻ പുറത്തേക്ക് ഇറങ്ങി പോയി. അവൾ ഒരു പൊട്ടിക്കരച്ചിലോടെ മുറിയിലേക്ക് കയറി പോയി. ആരുടെ ഭാഗത്ത് നിൽക്കണം എന്നറിയാതെ ആ അമ്മ കുഴങ്ങി.

പിന്നെ എന്തോ തീരുമാനിച്ചു ഉറപ്പിച്ചത് പോലെ അവർ അനുവിന്റെ അടുത്തേക്ക് നടന്നു.

“മോള് വിഷമിക്കേണ്ട.അവന്റെ അവസ്ഥ എന്താണെന്ന് മോൾക്ക് അറിയാമല്ലോ.. അതുകൊണ്ട് അവൻ അതിന്റെ ദേഷ്യത്തിൽ പറയുന്നതാണ് എന്ന് കരുതിയാൽ മതി. സത്യങ്ങളെല്ലാം അറിയുമ്പോൾ അവൻ തന്നെ മോളോട് വന്ന് ക്ഷമ ചോദിക്കും. “

അവളുടെ മുടിയിലൂടെ തഴുകി കൊണ്ട് അവളെ ആശ്വസിപ്പിക്കാനായി അമ്മ പറഞ്ഞു. അവൾ ഒരു എങ്ങി കരച്ചിലോടെ അമ്മയുടെ മടിയിലേക്ക് കിടന്നു.

” എന്നാലും അമ്മേ..അഭിയേട്ടൻ എന്നെ സംശയിക്കുന്നുണ്ടല്ലോ എന്നോർക്കുമ്പോൾ എനിക്ക് എന്നെ തന്നെ വെറുപ്പ് തോന്നുന്നു..”

അവൾ ഇടറിയ സ്വരത്തോടെ പറഞ്ഞത് കേട്ടു അമ്മ വല്ലായ്മയോടെ അവളെ നോക്കി. പിന്നെ അവളുടെ മുടിയിലൂടെ വെറുതെ തഴുകി.

വീട്ടിൽ നിന്ന് ഇറങ്ങി പോയ അഭി വല്ലാത്ത ടെൻഷനിൽ ആയിരുന്നു. അവന്റെ ചെവിയിൽ മുൻപ് ഒരിക്കൽ കേട്ട വാചകങ്ങൾ മുഴങ്ങി കേട്ടു.

“ഇയാൾക്ക് ഒരിക്കലും അച്ഛൻ ആവാൻ കഴിയില്ല. ഇങ്ങനെ ഒരാളോട് ഒപ്പം ജീവിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. “

കോടതിയിൽ വാശിയോടെ വിളിച്ചു പറയുന്ന ഒരു യുവതി. അവളുടെ വാദം ജയിക്കാനായി ഡോക്ടർ സാക്ഷ്യപ്പെടുത്തിയ ഒരു സർട്ടിഫിക്കറ്റ് കൂടി അവൾ കോടതിയിൽ ഹാജരാക്കി.

ആ യുവതി അഭിയുടെ ആദ്യ ഭാര്യ ആയിരുന്നു. അഭിക്ക് കുഞ്ഞുങ്ങൾ ഉണ്ടാകില്ല എന്ന കാരണം പറഞ്ഞു അവനിൽ നിന്ന് ഡിവോഴ്സ് വാങ്ങി പോയ ഭാര്യ. പക്ഷെ, കുറച്ചു ദിവസങ്ങൾക്കു അപ്പുറം അവൾ അവളുടെ കാമുകനെ വിവാഹം ചെയ്യുകയും ചെയ്തു.

‘അവൾ പറഞ്ഞത് മാത്രം ആയിരുന്നെങ്കിൽ, കള്ളം പറഞ്ഞത് ആണെന്ന് കരുതാം. പക്ഷെ, ആ ഡോക്ടറുടെ സർട്ടിഫിക്കറ്റ്…? ‘

അഭി ചിന്തയിലായി.

രാത്രി ഏറെ വൈകിയാണ് അഭി വീട്ടിലേക്ക് എത്തിയത്. ആ സമയം അവനെ കാത്ത് അഭിയുടെ ആദ്യ ഭാര്യയുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു.

അവരെ കണ്ട് അഭി വല്ലായ്മയോടെ ചിരിച്ചു.

“ഞാൻ തകർന്ന് നിൽക്കുന്നത് കാണാൻ വന്നതായിരിക്കും അല്ലേ..? “

അവൻ പുച്ഛത്തോടെ ചോദിച്ചു.

“നീ ഞങ്ങളെ കുറിച്ച് അങ്ങനെയാണോ കരുതിയിരിക്കുന്നത്..? നീ ഇതുവരെ അറിയാതെ പോയ ഒരു സത്യം നിന്നെ അറിയിക്കാൻ വേണ്ടി മാത്രമാണ് ഞങ്ങൾ ഇപ്പോൾ വന്നത്. ഇപ്പോഴെങ്കിലും അത് നിന്നെ അറിയിച്ചില്ലെങ്കിൽ ഒരു പെൺകുട്ടിയുടെ ജീവിതം കൂടി നശിക്കുമെന്ന് ഞങ്ങൾക്ക് തോന്നുന്നു. ആ വിവരം നിന്റെ അമ്മ വിളിച്ചു പറഞ്ഞപ്പോൾ വരാതിരിക്കാൻ ഞങ്ങൾക്കാവില്ല..അതുകൊണ്ടു വന്നതാണ്.”

മറുപടി പറഞ്ഞത് അവിടത്തെ അച്ഛനായിരുന്നു.

“എനിക്കറിയാത്ത എന്ത് സത്യമാണ് നിങ്ങൾക്ക് പറയാനുള്ളത്..?” അവൻ വല്ലായ്മയോടെ ചോദിച്ചു.

“മോനേ നീ കരുതുന്നത് പോലെ നിനക്ക് ഒരിക്കലും കുട്ടികൾ ഉണ്ടാകാതെ ഇരിക്കുക ഒന്നുമില്ല. നിനക്ക് കുട്ടികൾ ഉണ്ടാകും. അന്ന് അവൾ കോടതിയിൽ സമർപ്പിച്ച രേഖയാണ് നിന്റെ പ്രശ്നമെങ്കിൽ, അവളുടെ എന്തോ കൂട്ടുകാരിയുടെ ആന്റി ആണ് ആ സർട്ടിഫിക്കറ്റ് കൊടുത്ത ഡോക്ടർ. അവർക്ക് പണം കൊടുത്ത് അവൾ അങ്ങനെ ഒരു സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതാണ്. ഇന്നത്തെ കാലത്ത് കോടതിയിൽ നിന്ന് ഡിവോഴ്സ് കിട്ടാൻ ഏറ്റവും എളുപ്പം പങ്കാളിക്ക് കുട്ടികളുണ്ടാവില്ല എന്നുള്ള സർട്ടിഫിക്കറ്റ് ആണ്.. എന്റെ മകൾ അവൾ ജയിക്കാൻ വേണ്ടി പറഞ്ഞ ഒരു കള്ളം നിങ്ങളുടെ ജീവിതം തന്നെ അവതാളത്തിലാകും എന്ന് ആരും അറിഞ്ഞില്ല. “

അമ്മ ക്ഷമാപണത്തോടെ പറഞ്ഞു. പക്ഷേ അത് കേട്ട നിമിഷം അഭി വല്ലാത്തൊരു അവസ്ഥയിലായിരുന്നു. കേട്ട വാർത്ത വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും അവന് കഴിയുന്നുണ്ടായിരുന്നില്ല.“ഈയൊരു വാർത്ത നിന്നോട് പറയാൻ വേണ്ടി മാത്രമാണ് ഞങ്ങൾ വന്നത്. നിനക്ക് വേണമെങ്കിൽ വിശ്വസിക്കാം..വിശ്വസിക്കാതിരിക്കാം..പക്ഷേ ഞങ്ങൾ ഇത് പറയാത്തതിന്റെ പേര് നാളെ ഞങ്ങൾക്ക് ഒരു കുറ്റബോധം ഉണ്ടാകാൻ പാടില്ലല്ലോ.. “

അത്രയും പറഞ്ഞ് യാത്ര പറഞ്ഞു അവർ പോയി. ആ നിമിഷം അവന്റെ കണ്ണുകൾ തിരഞ്ഞത് അവളെ ആയിരുന്നു.

“നീ ഇങ്ങനെ നോക്കണ്ട..അവൾ മുറിയിൽ ഉണ്ട്. നീ വിളിച്ചു പറഞ്ഞിട്ട് പോയത് ഒക്കെ കേട്ട് മനസ്സ് തകർന്ന് ആ സമയം മുതൽ അവൾ മുറിയിൽ ഇരിപ്പുണ്ട്. ഇപ്പോൾ നിന്നെ വേണ്ടെന്ന് വച്ചിട്ട് പോയവളുടെ അച്ഛനും അമ്മയും വന്നു പറഞ്ഞിട്ട് ആണല്ലോ നിനക്ക് വിശ്വാസം വന്നത്..അല്ലായിരുന്നെങ്കിൽ.. നീ ഇപ്പോഴും അവളെ സംശയിക്കും ആയിരുന്നില്ലേ..? “

അമ്മ പുച്ഛത്തോടെ ചോദിച്ചത് കേട്ട് അവന്റെ തല കുനിഞ്ഞു.

അവൻ മുറിയിലേക്ക് ചെല്ലുമ്പോൾ അവൾ കട്ടിലിൽ കിടപ്പുണ്ടായിരുന്നു. ഒന്നും നോക്കാതെ അവൻ നേരെ അവളുടെ കാൽതൊട്ട് ക്ഷമ ചോദിച്ചു.

“മനസ്സിൽ ഉറച്ചു പോയ ഒരു വിശ്വാസം പെട്ടെന്ന് തകർന്നു പോയപ്പോൾ ഉള്ള വിഷമം കൊണ്ട് പറഞ്ഞതാണ്. അല്ലാതെ നിന്നെ ഒരിക്കലും സംശയിച്ചത് അല്ല. എന്നോട് ക്ഷമിക്കു.. ഇനി ഒരിക്കലും ഇങ്ങനെ ഉണ്ടാവില്ല.. “

അവൻ കണ്ണീരോടെ പറഞ്ഞത് കേട്ട് അവൾ അവനെ ചേർത്തുപിടിച്ചു. ഈ സമയം കുറ്റപ്പെടുത്തൽ അല്ല സാന്ത്വനമാണ് അവന് ആവശ്യം എന്ന് അവൾക്ക് അറിയാമായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *