അതങ്ങട്ട്എടുത്ത് കളഞ്ഞാൽ പോരെ അയിന് ഇങ്ങനെ അലറണോ…എടുത്ത്…

രചന: യൂസുഫലി ശാന്തിനഗർ

———————-

ഇന്ന് രാവിലെ അനിയത്തിയാ ചായയും ക ടിയും എല്ലാം ഉണ്ടാക്കിയത്. എനിക്ക് ചായകൊണ്ടു തന്നതും അവൾ തന്നെ. അപ്പവും കടലക്കറിയും ആയിരുന്നു ഇന്നത്തെ സ്പെഷൽ.

അവൾഅത് ടേബ്ളിൽ കൊണ്ടു വെച്ച് പോയി..പല്ലുതേപ്പും കുളിയും കഴിഞ് ചായകുടിക്കാൻവേണ്ടി വന്നിരുന്ന് ബിസ്മിയും ചൊല്ലി ഒരുമുറുക് ചായയും കുടിച്, ഒരപ്പക്കഷ്ണം കറിയിൽ
മുക്കി വായിലോട്ട് ഇട്ടു.

ഇനി ഒരു മുറുക്കു കൂടി ചായയാവാം എന്നും വിജാരിച്ച് ചായ കപ്പിലേക്ക് കൈ ഒന്ന് നീട്ടി. പെട്ടന്ന് തന്നെ ആരോ വായിലോട്ട് തന്നെ കൈ വലിക്കുന്നപോലെ തോന്നി.

നോക്കുമ്പോ ഒരു നീളൻ മുടി. ഇതു കണ്ടതും എന്റെ ചോര തിളക്കാൻ തുടങ്ങി. എനിക്കാണങ്കി ഭക്ഷണത്തിൽ മുടി കണ്ടാൽ പിന്നെ സഹിക്കൂല…..

എടീ ഹൈറുന്നീസാ…ഇവട വാ ടീ…. വന്ന് ഇതിലേക്ക് ഒന്ന് നോക്കടീ..എന്റെ വിളിയുടെ ഗൗരവം കേട്ടപ്പോ അവൾ വിജാരിച്ചത് വല്ല പാമ്പിനേയും കണ്ടിട്ടുണ്ടന്നാണ.എന്തിനാ

ഇങ്ങനെ അലറുന്നത്….? ഇജ് എന്താ ചാവാൻ പോകാണോ…

ഇങ്ങട്ട് നോക്കടീ പോ* ത്തേ, അന്റെ തലീല് കിടക്കണ്ട മുടിയാണ് ഈ അപ്പത്തിൽ കിടക്കുന്നത് ഇജ്ജെന്താ താലീലാണോ അപ്പം ഉണ്ടാക്കിയത്.

അതങ്ങട്ട്എടുത്ത് കളഞ്ഞാൽ പോരെ അയിന് ഇങ്ങനെ അലറണോ.എടുത്ത്

കളഞ് ഇജ്ജ് അന്റെ മറ്റൊനക്കൊണ്ടു തീറ്റിച്ചോണ്ടി…ഇച് വേറെ കൊണ്ടുവാ….

വേറെ ഇല്ല…അന്നോടാരാ ഇത്രേം നേരം ഒറങ്ങാൻ പറഞ്ഞത്. ഇതു അനക്ക് എടുത്തുവെച്ച അപ്പമാണ്. ഞങ്ങളൊക്കെ കഴിച്ചു.

ഇതുംകൂടി കേട്ടപ്പോ എല്ലാ ക്ഷമയും നഷ്ടപ്പെട്ട് എന്റെ ചോര വെട്ടിതിളക്കാൻ തുടങ്ങി. അപ്പത്തിൽ മുടി ഇട്ടതുംപോരാഞ്ഞിട്ട് ഇജ്ജ് ഇപ്പൊ ഇഞ്ഞോട് ചേലക്കാൻ നിക്കാണോന്നും പറഞ് കൊടുത്തു പുറത്തൊരു കൊട്ട്.

ഞാൻ ഉദ്ദേശിച്ചത് ഓമനകൊട്ടായിരുന്നു. പക്ഷെ അവൾക് കിട്ടിയത് ഒരൊന്നൊന്നരകൊട്ടായിട്ടാണ്. അവൾ ഇമ്മാന്നും വിളിച് കരച്ചിലോട് കരച്ചിൽ….കരച്ചിൽ….

കണ്ടപ്പോ എനിക്കും സങ്കടം വന്നു. എന്തൊക്കെയായാലും എന്റെ പെങ്ങളല്ലേ പാവം. ഞാൻ ചെന്ന് കുറെ സമാതാനിപ്പിക്കാൻ നോക്കി. എവടെ ഒരു രക്ഷയും ഇല്ല. സമാതാനിപ്പിക്കാൻ ചെന്ന എനിക്ക് ഒരു പത്തുപതിനജ് ചവിട്ടും കുത്തും ഒക്കെ കിട്ടിയെങ്കിലും ഞാൻ അത് കാര്യമാക്കിയില്ല.

അതിനേക്കാൾവേദന അവളുടെ കരച്ചിൽ കാണുമ്പോഴായിരുന്നു. എന്ത് പറഞ്ഞിട്ടും കരച്ചിൽ നിര്ത്തുന്നില്ല എന്ന് കണ്ടപ്പോ അവസാനം ഒരു ഐഡിയ മനസ്സിൽ വന്നു. രണ്ടു ദിവസം മുമ്പ് അവൾ എന്നോട് ടൂറിന്റെ കാര്യം പറഞ്ഞിരുന്നു. ആയിത്തഞ്ഞൂർ രൂപ വേണ്ടിവരും എന്ന് പറഞ്ഞപ്പോ ഇജ്ജ് അങ്ങനെ ടൂർ പോണ്ടന്നും പറഞ് മുടക്കി.

ആയിത്തഞ്ഞൂർപോയാലും വേണ്ടില്ല ഈ കരച്ചിൽ ഒന്ന് നിർത്തട്ടെന്ന് പിന്നെ വിചാരിച്ചു….ഡീ ഇജ്ജ് മിഞ്ഞാന്ന് എത്രെയാ ടൂറിന് പൈസ ചോയ്ച്ചത്. മുഖം പൊത്തികരയുന്ന അവൾ നൈസായിട്ട് ഒന്ന് എന്നെ നോക്കി പറഞ്ഞു. 1500 എന്തേയ്.

ഏ..അയിത്തഞ്ഞൂറായിരുന്നോ…?ഞാൻ കേട്ടത് രണ്ടായിത്തഞ്ഞൂറെന്നാണ്…

എന്നാ ഇജ്ജോരു കാര്യം ചെയ് നാളെ പൈസ കൊടുത്തോണ്ടി, ഞാൻ തരാം പൈസ. നിന്റെ കള്ളകരച്ചിൽ ഇതോടെ നിറുത്തണം. ഇത് കേട്ടതും കരച്ചിൽ പോയ വഴി കണ്ടില്ല. മാത്രമല്ല ബാക്കിയുള്ള അപ്പം ഞാൻ തന്നെ തിന്നേണ്ടിയും വന്നു …

എല്ലാം കഴിഞ്ഞപ്പോ എനിക്കൊരു സംശയം, ഇങ്ങനെയെല്ലാം നടക്കുമെന്നവൾ മുൻകൂട്ടി കണ്ട് മനപ്പൂർവം മുടികൊണ്ടുപോയി അപ്പത്തിലിട്ടതാണോ എന്ന്..

അല്ല…പറയാൻ പറ്റില്ല, എന്റെയല്ലേ അനിയത്തി.

Leave a Reply

Your email address will not be published. Required fields are marked *