ഗ്രേസി ഗർഭിണിയാണെന്നറിഞ്ഞ അവളുടെ ഭർത്താവ് ജിജോ, അവളെ സംശയത്തിൻ്റെ നിഴലിൽ നിർത്തുകയും, കുത്ത് വാക്കുകൾ കൊണ്ട് അവളെ മാനസികമായി പീiഡിപ്പിക്കുകയും ചെയ്യുമായിരുന്നു…….

Story written by Saji Thaiparambu

അന്നാമ്മചേട്ടത്തീടെ മോള് പ്രസവിച്ചിട്ട്, നമ്മളിത് വരെ ഒന്ന് കാണാൻ പോയില്ലല്ലോ അച്ചായാ ,,

ഉം,, പോയിട്ടെന്തിനാ?

ആ കുഞ്ഞിനെ കണ്ട്, തിരിച്ചിവിടെ വന്നിട്ട് , നിനക്ക് കിടന്ന് കരയാനല്ലേ?

അത് പിന്നെ,, എനിക്കൊരു കുഞ്ഞില്ലാത്തത് കൊണ്ടല്ലേ ? ഒരു കുഞ്ഞിനെ കിട്ടിയിരുന്നെങ്കിലെന്ന്, എന്നെക്കാൾ കൂടുതൽ അച്ചായനും ആഗ്രഹിക്കുന്നില്ലേ?

നമുക്ക് വെറുതെ ആശിക്കാമെന്നല്ലാതെ വേറെ മാർഗ്ഗമില്ലല്ലോ? കുട്ടികളുണ്ടാവില്ലെന്നൊരു സർട്ടിഫിക്കറ്റ്, ഡോക്ടറ് തന്നിരുന്നെങ്കിൽ ,നമുക്കൊരു കുഞ്ഞിനെ ദത്തെടുക്കുകയെങ്കിലും ചെയ്യാമായിരുന്നു ,അതിനും നമുക്ക് ഭാഗ്യമില്ലല്ലോ ? ഇനിയും സാധ്യതയുണ്ടെന്നല്ലേ ഡോക്ടർമാര് പറയുന്നത്?

നമുക്ക് കാത്തിരിക്കാം അച്ചായാ,, ഈശോ നമ്മളെ കൈവിടില്ല ,നമുക്കെന്തായാലും അന്നാമ്മ ചേട്ടത്തീടെ വീട് വരെയൊന്ന് പോയിട്ട് വരാം ,,

ബിസിനസ്സ്കാരനായ ജോസഫിൻ്റെയും, ആലീസിൻ്റെയും വിവാഹം കഴിഞ്ഞ് എട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും, അവർക്ക് കുട്ടികളുണ്ടായിട്ടില്ല,

അവരുടെ വീട്ടിലെ ജോലിക്കാരിയായ അന്നാമ്മ ചേട്ടത്തിയുടെ, മകൾ ഗ്രേസിയുടെ കുഞ്ഞിനെ കാണാനാണ് അവര് പോകുന്നത്,

വിവാഹം കഴിഞ്ഞ പിറ്റേ മാസം, ഗ്രേസി ഗർഭിണിയാണെന്നറിഞ്ഞ അവളുടെ ഭർത്താവ് ജിജോ, അവളെ സംശയത്തിൻ്റെ നിഴലിൽ നിർത്തുകയും, കുത്ത് വാക്കുകൾ കൊണ്ട് അവളെ മാനസികമായി പീiഡിപ്പിക്കുകയും ചെയ്യുമായിരുന്നു

തന്നെ സംശയിക്കരുതെന്നും താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും തൻ്റെ വയറ്റിലുള്ളത് ജിജോയുടെ കുഞ്ഞ് തന്നെയാണെന്ന് അവൾ ആണയിട്ട് പറഞ്ഞെങ്കിലും, അവളെ വിശ്വസിക്കാൻ കൂട്ടാക്കാതെ അയാൾ ദേഹോപiദ്രവം കൂടി ആരംഭിച്ചു.

ഒടുവിൽ നില്ക്കകള്ളിയില്ലാതെ മൂന്നാം മാസം ഭർത്താവിൻ്റെ വീട്ടിൽ നിന്നിറങ്ങി സ്വന്തം വീട്ടിൽ വന്ന ഗ്രേസിയുടെ പ്രസവമുൾപ്പടെയുള്ള എല്ലാ കാര്യങ്ങൾക്കും ,അന്നാമ്മ ചേട്ടത്തിയ്ക്ക് സാമ്പത്തിക സഹായം നല്കിയത് ആലീസായിരുന്നു ,

ഒരു വർഷമായിട്ടും, ഗ്രേസിയെയോ കുഞ്ഞിനെയോ ഒന്ന് തിരക്കുക പോലും ചെയ്യാതിരുന്നപ്പോൾ, ജിജോ ഇനി ഒരിക്കലും അവരെ തിരക്കി വരില്ലെന്ന് അന്നാമ്മയ്ക്കും ഗ്രേസിയ്ക്കും മനസ്സിലായി

തൊട്ടിലിൽ നിഷ്കളങ്കമായി കിടന്നുറങ്ങുന്ന കുഞ്ഞിനെ ആർത്തിയോടെ ആലീസ് കോരിയെടുത്തു

ചുവന്ന് തുടുത്ത കുഞ്ഞിൻ്റെ കവിളിലും ദേഹത്തുമൊക്കെ മതിയാവാതെ ആലീസ് ചുംiബിച്ച് കൊണ്ടിരുന്നു

അത് കണ്ട് കൊണ്ട് നിന്ന അന്നാമ്മ ചേട്ടത്തി അവളുടെ അരികിൽ വന്ന് നിന്നു

കുഞ്ഞിനോട് ഞാനൊരു കാര്യം ചോദിച്ചാൽ ഒന്നും തോന്നരുത് തെറ്റാണെന്നങ്കിൽ എൻ്റെ അറിവില്ലായ്മയായി കരുതി പൊറുത്ത് തരണം ,,

എന്താ ചേട്ടത്തി ?എന്തിനാ ഇങ്ങനൊരു മുഖവുര ?എന്താണെങ്കിലും ചോദിച്ചോ ,,

അത് പിന്നെ ഗ്രേസിയുടെ പഠിപ്പിന് പറ്റിയ ജോലിക്കുള്ള ഒരു വിസയുണ്ടെന്ന് എൻ്റെ അനുജത്തിയുടെ മോൻ ജോണിക്കുട്ടി ഗൾഫീന്ന് വിളിച്ച് പറഞ്ഞു ,കുവൈറ്റിലെ ഒരു ആശുപത്രിയിലേയ്ക്കാണ് ,നല്ല ശമ്പളം കിട്ടുമത്രേ ? അവള് പോയി രക്ഷപെട്ടാൽ, അവളെ കല്യാണം കഴിച്ചയച്ച കടവും,അവളുടെ താഴെയുള്ള അനുജത്തിയുടെ വിവാഹകാര്യവും അവള് നോക്കിക്കൊള്ളാമെന്ന് എന്നോട് പറഞ്ഞു ,പക്ഷേ അതിന് രണ്ട് കാര്യങ്ങളാണ് തടസ്സമായിട്ടുള്ളത് ,
ഒന്ന് സാമ്പത്തികം തന്നെയാണ് , വിസയ്ക്ക് നാലര ലക്ഷം രൂപ കൊടുക്കണം ,പിന്നെ മൂന്ന് മാസം പ്രായമുള്ള അവളുടെ കുഞ്ഞിനെ കൊണ്ട് പോകാൻ കഴിയില്ല ,ഇവിടെ നിർത്താമെന്ന് വച്ചാൽ ,കുഞ്ഞിൻ്റെ വീട്ടിലെ ജോലി കളഞ്ഞിട്ട് എനിക്കതിനെ നോക്കി ഇരിക്കാൻ പറ്റുമോ ? ,ഗ്രേസിയുടെ ഇളയവൾ ഇപ്പോൾ പ്ളസ് ടുവിനാണ് പഠിക്കുന്നത് ,നന്നായിട്ട് പഠിക്കുന്ന അവളെ പഠിപ്പ് മുടക്കി, കുഞ്ഞിനെ നോക്കി വീട്ടിലിരിക്കാൻ ഞാനെങ്ങനെ പറയും ?

പിന്നെ എന്ത് ചെയ്യാനാ അന്നാമ്മ ചേട്ടത്തിയുടെ പ്ളാൻ?

ജിജ്ഞാസയോടെ ആലീസ് ചോദിച്ചു.

വിസയ്ക്കുള്ള നാലര ലക്ഷം രൂപം കിട്ടിയിരുന്നെങ്കിൽ ഒരു പരിഹാരമായേനെ, പക്ഷേ കടമായിട്ട് വേണ്ട ,അത് തിരിച്ച് തരാൻ ചിലപ്പോൾ കഴിഞ്ഞെന്ന് വരില്ല അതിന് പകരമായി ഗ്രേസിയുടെ കുഞ്ഞിനെ നിങ്ങളെടുത്തോളു,
പിന്നീടൊരിക്കലും ഞങ്ങള് അവകാശം പറഞ്ഞ് വരില്ല ,നിയമപരമല്ലാത്തത് കൊണ്ടാണ് എഗ്രിമെൻ്റ് വയ്ക്കാൻ പറയാത്തത് ,പത്തിരുപത്തിയഞ്ച് കൊല്ലമായില്ലേ ഞാൻ നിങ്ങളുടെ വീട്ടിൽ ജോലിക്കാരിയായി വന്നിട്ട് ,എന്നോടുള്ള വിശ്വാസവും സ്നേഹവും കൊണ്ടല്ലേ നിങ്ങടെ വീട്ടിലെ ഒരംഗത്തെ പോലെ എന്നെ കാണുന്നത് ?അത് കൊണ്ട് തന്നെ എന്നെ ഇനിയും വിശ്വസിക്കാം കർത്താവാണേ നിങ്ങളോട് ഞാനും എൻ്റെ മോളും വിശ്വാസ വഞ്ചന കാണിക്കില്ല

എല്ലാം കേട്ട് തരിച്ചിരിക്കുകയായിരുന്ന ആലീസ് ഒരു മറുപടിക്കായി ജോസഫിൻ്റെ മുഖത്ത് ദയനീയതയോടെ നോക്കി

അന്നാമ്മച്ചേട്ടത്തിയെ നമുക്ക് വിശ്വസിക്കാം ഗ്രേസി ,നീ കുഞ്ഞിനെയുമെടുത്ത് ഇറങ്ങിക്കോ പൈസ നമുക്ക് നാളെ ബാങ്കിൽ നിന്നെടുത്ത് കൊടുക്കാം

ഭർത്താവിൻ്റെ സമ്മതം കിട്ടിയ ആലീസിൻ്റെ മുഖം സന്തോഷം കൊണ്ട് വിടർന്നപ്പോൾ, തൻ്റെ കുഞ്ഞ് കൈവിട്ട് പോകുന്നത് കണ്ട് നില്ക്കാൻ കഴിയാതെ, ഒരു തേങ്ങിക്കരച്ചിലോടെ ഗ്രേസി അകത്തെ മുറിയിലേക്കോടി.

ദിവസങ്ങൾ കടന്ന് പോയി ,കുവൈറ്റിലേയ്ക്ക് പോകും മുമ്പ് ,ആലീസിൻ്റെ വീട്ടിലെത്തി കുഞ്ഞിനെ അവസാനമായി കണ്ടിട്ടാണ് ഗ്രേസി എയർപോർട്ടിലേയ്ക്ക് പോയത്

ഗ്രേസി, കുവൈറ്റിൽ പോയി ഒരു മാസം കഴിഞ്ഞപ്പോൾ അവളുടെ ഭർത്താവും അമ്മയും കൂടി ,അന്നാമ്മയുടെ വീട്ടിലെത്തി

ഗ്രേസിയെയും കുഞ്ഞിനെയും കൂട്ടികൊണ്ട് പോകാനാണ് ഞങ്ങള് വന്നത് ,,

അത് കേട്ട് അന്നാമ്മ ഒരു നിമിഷമൊന്ന് പകച്ചു.

ഗ്രേസിയും കുഞ്ഞും ഇവിടെയില്ല

ങ്ഹേ ഇല്ലന്നോ അവരെവിടെ പോയി ?എനിക്കെൻ്റെ കുഞ്ഞിനെ ഇപ്പോൾ കാണണം ,,

നിൻ്റെ കുഞ്ഞോ ?അതെങ്ങനെ നിൻ്റെ കുഞ്ഞാവും, നീ സംശയിച്ചത് ശരിയായിരുന്നു ജിജോ,, കല്യാണതലേന്നാണ് അവളുടെ വയറ്റിൽ ഒരു കുഞ്ഞ് വളരുന്നുണ്ടെന്ന് ഞാനറിഞ്ഞത്, ആ സമയത്ത് അത് പുറത്തറിഞ്ഞാൽ നീയുമായിട്ടുള്ള വിവാഹം മുടങ്ങുമെന്നും പിന്നെ ഒരിക്കലും എൻ്റെ മകൾക്ക് മറ്റൊരു വിവാഹം നടക്കില്ലെന്നും പേടിച്ചിട്ടാണ് ഞാനത് മറച്ച് വച്ചത് പക്ഷേ, നീയത് മനസ്സിലാക്കി ,നീ പറഞ്ഞത് പോലെ അത് നിൻ്റെ കുഞ്ഞല്ല ,,

ഇല്ല ഞാനത് വിശ്വസിക്കില്ല ഞാനല്ലെങ്കിൽ പിന്നെ ആരാണ് ആ കുഞ്ഞിൻ്റെ അച്ഛൻ? ,എന്ത് കൊണ്ടാണ് അന്ന് അയാളെ കണ്ട് പിടിച്ച് മകളെ കല്യാണം കഴിച്ച് കൊടുക്കാതിരുന്നത് ?

അയാൾക്ക് മറ്റൊരു ഭാര്യയും കുടുംബവുമുണ്ടായിരുന്നു ,അത് കൊണ്ട് അന്നതിന് കഴിഞ്ഞില്ല, പക്ഷേ ഇപ്പോൾ അയാളുടെ ഭാര്യയ്ക്ക് ആ കുഞ്ഞിനെ വേണമെന്ന് പറഞ്ഞപ്പോൾ അയാൾ വന്ന് ചോദിച്ചു കൊടുക്കാതിരിക്കാൻ അവൾക്ക് കഴിയില്ലായിരുന്നു ,കാരണം അവൾക്കും ഞങ്ങൾക്കും മുന്നോട്ട് ജീവിക്കണമെങ്കിൽ അതല്ലാതെ വേറെ വഴിയില്ലായിരുന്നു ,,

മനസ്സിൽ പെട്ടെന്ന് തോന്നിയൊരു കെട്ടുകഥ ,കുറ്റബോധത്തോടെയാണ് അന്നാമ്മ അവരോട് പറഞ്ഞത്

അതല്ലാതെ അന്നാമ്മയ്ക്ക് മറ്റ് നിവൃത്തിയില്ലായിരുന്നു .

ഞാനപ്പോഴേ പറഞ്ഞില്ലേടാ ,, അത് നിൻ്റെ കുഞ്ഞായിരിക്കില്ലെന്ന്ഇ നിയെന്തിനാ ഇവിടെ വായും പൊളിച്ച് നില്ക്കുന്നത്? പോയി വല്ല വക്കീലിനെയും കണ്ട് അവളെ ഡൈവോഴ്സ് ചെയ്യാനുള്ള വഴി നോക്ക് ,എന്നിട്ട് നീ നല്ല കുടുംബത്തീന്നൊരു പെണ്ണ്കെട്ടീട്ട് സന്തോഷമായി ജീവിക്കാൻ നോക്ക്,,

മകനെയും വിളിച്ച് കൊണ്ട് ജിജോയുടെ അമ്മ അരിശത്തോടെ അവിടെ നിന്നുമിറങ്ങി

മല പോലെ വന്നത് എലി പോലെ പോയതിൻ്റെ ആശ്വാസത്തിൽ അന്നാമ്മ ദീർഘനിശ്വാസമുതിർത്തു.

Leave a Reply

Your email address will not be published. Required fields are marked *