ഞാൻ നിന്റെ അമ്മയെ കുറ്റപ്പെടുത്തിയതല്ല മോളെ.നിനക്ക് വയസ്സ് ഇരുപത്തിയാറായിലേ. നമ്മുടെ തറവാട്ടിൽ നിന്നെക്കാൾ ഇളയ പെൺകുട്ട്യോളുടെ കല്ല്യാണം കഴിഞ്ഞ് അവർക്ക് കുഞ്ഞുങ്ങളായി തുടങ്ങി……

by pranayamazha.com
192 views

Story written by Aparna Nandhini Ashokan

“പെൺകുട്ട്യോൾക്ക് തന്നിഷ്ടം അധികമാവുന്നതിന്റെ പ്രശ്നമാണ് ഇതെല്ലാം.നീയാണ് ഇന്ദു അവൾക്ക് ഇത്രയും ധൈര്യം ഉണ്ടാകാനുള്ള കാരണം..”

“എന്റെടുത്ത് എന്തേങ്കിലും ദേഷ്യം ഉണ്ടെങ്കിൽ എന്നെ പറഞ്ഞാൽ മതീലേ വല്ല്യച്ഛാ അതിന് എന്റെ അമ്മയെ പ്രതി ചേർക്കുന്നതെന്തിനാണ്”

വല്യച്ഛന്റെ സംസാരം കേട്ടുകൊണ്ടു വീട്ടിലേക്കു കയറി വന്ന ഞാൻ പുഞ്ചിരിച്ചു കൊണ്ട് അമ്മയ്ക്കരുകിൽ ഇരുന്നൂ.

“ഞാൻ നിന്റെ അമ്മയെ കുറ്റപ്പെടുത്തിയതല്ല മോളെ.നിനക്ക് വയസ്സ് ഇരുപത്തിയാറായിലേ.നമ്മുടെ തറവാട്ടിൽ നിന്നെക്കാൾ ഇളയ പെൺകുട്ട്യോളുടെ കല്ല്യാണം കഴിഞ്ഞ് അവർക്ക് കുഞ്ഞുങ്ങളായി തുടങ്ങി.നീയിങ്ങനെ ഒരിക്കലും നടക്കാത്ത പ്രേമത്തിന്റെ പേരും പറഞ്ഞ് വർഷങ്ങൾ എത്രയായി ജീവിക്കുന്നത്..”

“ഒരിക്കലും നടക്കാത്ത പ്രണയമാണെന്ന് വല്യച്ഛനോട് ആരാ പറഞ്ഞേ..”

എന്റെ കണ്ണുകൾ നിറയാതിരിക്കാൻ ശ്രദ്ധിച്ചു കൊണ്ട് വല്ല്യച്ഛനോട് ഞാൻ ചോദിച്ചൂ.

“കൊല്ലം എട്ട് കഴിഞ്ഞില്ലേ നീ ജിതിനുമായി ഇഷ്ടത്തിലായീട്ട്.മൂന്നു വർഷമായി അവൻ ദുബൈയിലും നീ നാട്ടിലും ജീവിക്കുന്നു. അവൻ പോകുന്നതിനു മുൻപ് എല്ലാവരെയും ക്ഷണിച്ച് വിവാഹനിശ്ചയമെങ്കിലും നടത്തണമെന്നു പറഞ്ഞതല്ലേ ഞാൻ.ഇത് ആൾക്കാര് ചോദിച്ചു തുടങ്ങി ജാതകദോഷം കൊണ്ടാണോ നയനയുടെ കല്ല്യാണം ശരിയാവാത്തതെന്ന്.ആരൊടെങ്കിലും പറയാൻ പറ്റുമോ നടക്കുമെന്നു ഉറപ്പില്ലാത്ത പ്രേമത്തിന്റെ പേരിലാണ് എന്റെ അനിയന്റെ മോളുടെ കല്ല്യാണം നടക്കാത്തതെന്ന്..”

“കുറച്ചു നാൾ കഴിഞ്ഞാൽ ജിതിൻ നാട്ടിൽ വരില്ലേ വല്ല്യേട്ടാ അതുവരെ നമുക്ക് ക്ഷമിക്കാം”

“നീയിങ്ങനെ മോളു പറയുന്നതു മാത്രം ശരിവെച്ചു ജീവിക്കരുത് ഇന്ദൂ..”

“അമ്മയെ കുറ്റപ്പെടുത്തല്ലേ വല്ല്യച്ഛാ..”

“പിന്നെ ഞാൻ ആരോടാ നിന്റെ കാര്യം പറയേണ്ടത്.അച്ഛനില്ലാതെ വളർന്ന കുട്ടിയാണെന്നുള്ളത് നീ മറക്കരുത്. ആൾക്കാരെ കൊണ്ട് പറയിപ്പിക്കാതെ കല്ല്യാണകാര്യത്തിൽ ഉടനെ തീരുമാനം എടുക്കണമെന്ന് ജിതിനോട് വിളിച്ചു പറയണം.കല്ല്യാണത്തെ പറ്റി പറഞ്ഞാലുള്ള ജിതിന്റെ ഈ അലസത കാണുമ്പോൾ നീ പറയുന്ന പോലെ നിന്നോടു അവന് സ്നേഹമുണ്ടെന്ന് എനിക്കു തോന്നുന്നില്ല നയനേ..”

“ജിതിൻ എന്നെ സ്നേഹിക്കുന്നുണ്ടെന്നുള്ള കാര്യത്തിൽ എനിക്ക് യാതൊരു സംശയവും ഇല്ല.അത് മറ്റൊരാളെ ബോധ്യപ്പെടുത്തുകയും വേണ്ട. എന്നെ സ്നേഹിക്കുന്നതിന്റെ പേരിൽ ജിതിനെ ബുദ്ധിമുട്ടിക്കാൻ എനിക്കാവില്ല. ആദ്യം ജിതിന്റെ സാമ്പത്തിക പ്രശ്നങ്ങളെല്ലാം തീരട്ടെ.അതിനുള്ള സമയം കൊടുക്കുകയാണ് ഞാനിപ്പോൾ ചെയ്യുന്നത്..”

“ആണുങ്ങളായാൽ കടങ്ങളുണ്ടാകും. ചെയ്യ്തു തീർക്കാൻ ഒരുപാട് കടമകളും ഉണ്ടാകും.മൂന്നു കൊല്ലത്തോളം ഗൾഫിൽ നിന്നിട്ടും തീർക്കാൻ കഴിയാത്ത വിധം പ്രശ്നങ്ങളിൽ ജീവിക്കുന്ന ഒരാള് നിന്നെ പ്രേമിച്ചത് നിന്റെ ജീവിതം കൂടി കളയാൻ വേണ്ടിയാണോ..”

വല്ല്യച്ഛന്റെ ചോദ്യങ്ങൾ എന്റെയുള്ളിൽ നീറ്റലുണ്ടാക്കി കൊണ്ടിരുന്നൂ.പക്ഷേ വിഷമം പുറത്തു പ്രകടമാക്കാതെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയണമെന്നു എനിക്കു തോന്നി..

“അച്ഛനില്ലാതെ അമ്മയുടെ തണലിൽ വളർന്ന ആളാണ് ജിതിൻ.പഠിക്കാനുള്ള സാമ്പത്തികവും സാഹചര്യവും ഇല്ലാത്തതു കൊണ്ടു മാത്രം കൂടുതൽ പഠിക്കാനോ ഉയർന്ന ഉദ്യോഗസ്ഥനാകാനോ സാധിക്കാതെ പോയ ഒരാൾ.എന്നിട്ടും കൂലിപ്പണി ചെയ്തിട്ടാണ് രണ്ട് ചേച്ചിമാരെ പഠിപ്പിച്ചതും പിന്നെ അദ്ദേഹത്തിന്റെ ചിലവിൽ കല്ല്യാണം കഴിപ്പിച്ചയച്ചതും…

കാര്യമായൊരു മഴപെയ്യ്താൽ തകർന്നു വീഴാറായി നിന്നിരുന്ന അവരുടെ പഴയ വീട് പുതുക്കി പണിതതും ജിതിന്റെ അധ്വാനം കൊണ്ടു മാത്രമല്ലേ.ഇത്രയൊക്കെ മതി ഒരു സാധാരണക്കാരന് കടബാധ്യതകൾ കൂടാൻ. ഈ കാര്യങ്ങളെല്ലാം വല്ല്യച്ഛനും അറിയാവുന്നതല്ലേ..

ജിതിന്റെ അമ്മ വയ്യാതെ കിടപ്പിലായപ്പോൾ അതിന്റെ പേരിൽ വീടിന്റെ ആധാരംവരെ പണയത്തിലായി.പക്ഷേ അമ്മയെ രക്ഷപ്പെടുത്തിയെടുക്കാനായീലാലോ. അദ്ദേഹത്തിനു അമ്മയെ നഷ്ടമായിലേ. ഞാൻ കൂടെയില്ലെങ്കിൽ ജിതിൻ ഇന്ന് അനാഥനാണ്.പെങ്ങന്മാർക്ക് അവരുടെതായ ജീവിതങ്ങളായി. എന്തേങ്കിലും ആവശ്യങ്ങൾ നടത്തിയെടുക്കാനല്ലാതെ അവരൊന്നും അദ്ദേഹത്തെ ഓർക്കാറുണ്ടെന്നു എനിക്ക് തോന്നുന്നില്ല..”

“അതെല്ലാം ശരിയായിരിക്കാം മോളെ.അവന്റെ പ്രശ്നങ്ങൾ തീരുന്നതു വരെ നിന്നെയിവിടെ നിർത്തുന്നതു മര്യാദയാണെന്നു തോന്നുന്നുണ്ടോ നിനക്ക്.ഇത്രയും പഠിച്ച് നല്ലൊരു ജോലിയും ഉള്ള നീ അവനെ പോലെ ഒരാളെ സ്നേഹിച്ചതു തന്നെ ശരിയല്ല.ഇനി അതെല്ലാം പറഞ്ഞിട്ടു കാര്യമില്ലാലോ. നിനക്കെല്ലാം തന്നിഷ്ടങ്ങളല്ലേ..ഈ വരുന്ന ലീവിനെങ്കിലും കല്ല്യാണകാര്യത്തിൽ തീരുമാനമെടുക്കണമെന്നു നീ തന്നെ അവനോടൊന്നു സൂചിപ്പിച്ചേക്കൂ..”

“വല്ല്യച്ഛൻ പറഞ്ഞത് ശരിയാണ്.ഞാൻ പഠിച്ചു, ഇപ്പോൾ ജോലിക്കാരിയുമായി. പക്ഷേ എങ്ങനെ പഠിച്ചെന്നു അന്വേക്ഷിക്കാനായി ഒരു ബന്ധുക്കളും എനിക്കന്നു ഉണ്ടായിട്ടില്ല.

ഞാൻ അച്ഛനില്ലാത്ത കുട്ടിയാണെന്നു വല്ല്യച്ഛൻ ഇടയ്ക്കിടക്കു പറയാറില്ലേ.പക്ഷേ ജിതിൻ എന്റെ ജീവിതത്തിൽ വന്നതിൽ പിന്നെ അച്ഛന്റെ സ്ഥാനത്തു കൂടി ആ മനുഷ്യനുണ്ടായിട്ടുണ്ട് പല അവസരങ്ങളിലും.

അമ്മയ്ക്കു ജോലിയിൽ നിന്നു കിട്ടുന്നതോ ഞാൻ ടൂഷ്യനെടുത്തു ഉണ്ടാക്കുന്ന വരുമാനമോ വീട്ടു ചിലവിനു പോലും തികയാത്ത സമയം വരാറുണ്ട്.അങ്ങനെ ചില മാസങ്ങളിൽ കോളേജിൽ അടക്കാനുള്ള ഫീസിനു തികയാതെ ഞാൻ വിഷമിക്കുമ്പോൾ ആ കൂലിപണിക്കാരന്റെ പണത്തിന്റെ മൂല്യം ഞാനറിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ കൂടി വിയർപ്പിന്റെ ഫലമാണ് ഞാൻ പഠിച്ചു നേടിയ സർട്ടിഫിക്കറ്റുകൾ.

പക്ഷേ എന്നെ പ്രണയിച്ചതിന്റെ പേരിൽ ഞാനൊരിക്കലും ജിതിനെ മുതലെടുപ്പു നടത്തിയിട്ടില്ല.ജോലി കിട്ടിയപ്പോൾ ആ കടങ്ങൾ കുറേശ്ശയായി കൊടുത്തു തീർക്കാനാണ് ശ്രമിച്ചത്..

എനിക്ക് ദുരഭിമാനം കൊണ്ടാണ് പണം മടക്കി തരുന്നതെന്നു പറഞ്ഞ് ജിതിൻ ആദ്യമെല്ലാം പരാതിപെടാറുണ്ട്.പക്ഷേ പിന്നീട് അദ്ദേഹത്തിനു മനസ്സിലായി ഒരിക്കൽ എനിക്ക് തണലായി ജിതിൻ കൂടെ നിന്നതു പോലെ ജിതിന് എന്നെകൊണ്ടാകുന്ന വിധം ഞാൻ തണലാവുകയാണെന്ന്.
ഞങ്ങൾക്കിടയിൽ പരസപരം മനസ്സിലാക്കാനുള്ള മനസ്സുണ്ട് പരസ്പരം ബഹുമാനമുണ്ട്.ജിതിൻ എനിക്കെന്റെ അഭിമാനമാണ്..”

വല്ല്യച്ഛൻ കൂടുതലൊന്നും പറയാതെ ഇറങ്ങാനായി തയ്യാറായി.ഞാൻ അദ്ദേഹത്തിനരികെ പോയിരുന്നു.

“ഞാൻ ഇത്രയും സംസാരിച്ചതിൽ വല്ല്യച്ഛന് വിഷമം തോന്നരുത്.ജിതിൽ രണ്ടു വർഷങ്ങൾക്കു മുൻപേ തന്നെ ഞങ്ങളുടെ കല്ല്യാണക്കാര്യം അമ്മയോടു സംസാരിച്ചതാണ്.ഞാനാണ് അന്ന് വിലക്കിയത് .മറ്റാരെക്കാളും ഞങ്ങളുടെ പ്രണയം വിവാഹത്തിലെത്താൻ കാത്തിരിക്കുന്ന ആളാണ് ഞാൻ.പക്ഷേ ഞങ്ങളുടെ വിവാഹത്തിന്റെ പേരിൽ ജിതിനെ കൂടുതൽ ബാധ്യതക്കാരനാക്കുന്നതിനോട് എനിക്കു താൽപര്യമില്ല..

അദ്ദേഹത്തിനു കുറച്ചു സമയം കൂടി വേണം. ബാധ്യതകൾ കുറച്ചുകൂടി കുറയുമ്പോൾ ലളിതമായൊരു ചടങ്ങായി ഞങ്ങളുടെ വിവാഹം നടത്താം..അതു വരെ ഇക്കാര്യം പറഞ്ഞ് വിഷമിപ്പിക്കരുത് വല്ല്യച്ഛാ..”

ഞാൻ വല്ല്യച്ഛന്റെ കൈകളിൽ മുറുകെ പിടിച്ചു.

“അമ്മയും മോളും കൂടി എന്താണെങ്കിൽ ആയിക്കോ.അച്ഛനില്ലാത്ത ഒരു കുട്ടിയുടെ കാര്യമായതു കൊണ്ട് ആ സ്ഥാനത്തു നിന്ന് കാര്യങ്ങൾ അന്വേക്ഷിക്കേണ്ട കടമ എനിക്കുണ്ടല്ലോ അതുകൊണ്ട് വന്നെന്നു മാത്രം.ഞാൻ ഇറങ്ങാണ് ഇന്ദു..”

“ശരി വല്ല്യേട്ടാ.. രണ്ടീസം കഴിഞ്ഞാ ഞാൻ അങ്ങോട്ടു ഇറങ്ങാം ഏട്ടത്തിയോട് പറയ്..”

“ശരി..”

☆☆☆☆☆☆☆☆☆

വല്ല്യച്ഛന്റെ സംസാരം കേട്ടപ്പോൾ വിഷമമായോ അമ്മയ്ക്ക്..”

“എന്തിന് മോളെ..”

“നിന്റെ ഈ ഉറച്ച നിലപാടുകളാണ് ജിതിനു അവിടെ നിൽക്കാനുള്ള ആത്മവിശ്വാസം. ജിതിൻ എന്റെ മരുമകനല്ല മോൻ തന്നെയല്ലേ.അവന്റെ സാഹചര്യം എനിക്കു മനസിലാകും..പ്രണയം എന്നൊക്കെ പറഞ്ഞാൽ ഒപ്പം ഉള്ളയാളുടെ അവസ്ഥയറിഞ്ഞു കൂടെ നിൽക്കാനുള്ള കഴിവാണ് മോളെ.അതു നിങ്ങൾക്കു രണ്ടാൾക്കും ഉണ്ട്..

ഫോൺ റിങ് ചെയ്യുന്നുണ്ടല്ലോ.. ജിതിനായിരിക്കും.നീ പോയി സംസാരിക്ക്”

ഡിസ്പ്ലേയിൽ ജിതിന്റെ മുഖം കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു..

“വല്ല്യച്ഛൻ വന്നിട്ടുണ്ടെന്നു മെസ്സേജ് അയച്ചിട്ട് പിന്നെ വിവരമൊന്നും ഉണ്ടായില്ലാലോ. അവിടെ പ്രശ്നമൊന്നും ഇല്ലലോടോ..”

“ഒരു പ്രശ്നവും ഇല്ല ജിതിൻ..”

“അങ്ങനെ വരാൻ വഴിയില്ല വല്ല്യച്ഛൻ നമ്മുടെ കല്ല്യാണകാര്യം പറയാൻ സാധ്യതയുണ്ടല്ലോ.സത്യം പറയ് താൻ..”

“വിവാഹകാര്യം പറഞ്ഞിരുന്നൂ.പക്ഷേ പ്രശ്നമൊന്നും ഉണ്ടായിട്ടില്ല.ഇയാള് അതിന് ടെൻഷനാവാതെ സമാധാനമായിട്ടിരിക്ക്. നമ്മുടെ കാര്യത്തിൽ വീട്ടിൽ നിന്ന് എന്തു പ്രശ്നം വന്നാലും ഞാൻ പരിഹരിച്ചോളാം. അല്ലെങ്കിലേ വേറെ ഒരുപാട് കാര്യങ്ങളുണ്ട് അതിന്റെ കൂടെ ഈ ടെൻഷൻ കൂടി മനസ്സിൽ കയറ്റി വെക്കല്ലേ ജിതിൻ..”

“എന്നാൽ ഒരു സന്തോഷവാർത്ത പറയട്ടെ ഞാൻ..”

“ഉം പറയ്..”

“നമ്മൾ അപേക്ഷിച്ചിരുന്ന പേഴ്സണൽ ലോൺ കമ്പനി പാസ്സാക്കി തന്നൂടോ.രണ്ടു ദിവസത്തിനുള്ളിൽ ക്യാഷ് കിട്ടും.അതോടെ നാട്ടിലെ ബാക്കി കടങ്ങളെല്ലാം അവസാനിക്കാണ്.ഇത്രയും വർഷങ്ങൾ നമുക്കൊന്നിക്കാനാവാത്ത ഏക തടസ്സം രണ്ടീസത്തോടെ അവസാനിക്കാടോ.. ഏതാനും മാസങ്ങൾക്കുള്ളിൽ നാട്ടിലേക്കു ഞാൻ വരും.നമ്മുടെ കല്ല്യാണത്തിന്..”

“എന്താ താനൊന്നും മിണ്ടാത്തത്”

“സന്തോഷം കൊണ്ടാണ് ജിതിൻ..”

“നാലോ അഞ്ചോ വർഷം കൂടി ഇവിടെ ജോലി ചെയ്യേണ്ടു വരും കമ്പനിയുടെ ലോൺ തീർക്കാൻ വേണ്ടി.എന്നാലും കുഴപ്പമില്ല. താനെന്റെ കൂടെ ഇവിടെയുണ്ടാകുമല്ലോ. അതുമാത്രം മതി ഇനിയുള്ള കാലം സമാധാനത്തോടെ എനിക്ക് ജീവിക്കാൻ.

സമ്പാദ്യമോ മറ്റു യോഗ്യതകളോ ഇല്ലാത്ത എന്നെ ജീവിതത്തിൽ കൂടെകൂട്ടി എന്റെ എല്ലാ മോശം അവസ്ഥകളിലും തണലായി കൂടെ നിന്നത് താനാണ് നയനേ.. കാത്തിരിക്കാൻ താനുണ്ടെന്നുള്ള ഒരൊറ്റ കാരണം കൊണ്ടാണ് പല വിഷമഘട്ടങ്ങളിലും ആത്മഹത്യയ്ക്കു ചിന്തിക്കാതെ ഞാൻ മുന്നോട്ടു ജീവിച്ചത്.

ഇനിയും താനെനിക്കു വേണ്ടി ഒരു പരാതിയുമില്ലാതെ കാത്തിരിക്കുമെന്ന് എനിക്കറിയാം.പക്ഷേ ഇനിയും എനിക്ക് നീയില്ലാതെ വയ്യ മോളെ.എട്ടു വർഷം നമ്മൾ പരസ്പരം പ്രണയിച്ചു.അതിൽ കഴിഞ്ഞ മൂന്നുവർഷക്കാലവും എല്ലാവരോടും എനിക്കു വേണ്ടി താൻ ഒറ്റക്കു വാദിച്ചു നിന്നു.ഇനി എന്റെ കുട്ടി കുറച്ചു മാസങ്ങൾ കൂടി കാത്തിരിക്കണം ഞാൻ ഉടനെ വരും..അമ്മയോട് കാര്യങ്ങളെല്ലാം പറയ്.ഞാൻ രാത്രി വിളിച്ചോളാം കേട്ടാ..”

“ഉം..”

“ഞാനിത്ര സംസാരിച്ചിട്ടും താനെന്താ മിണ്ടാത്തത് എന്തേങ്കിലും പറയ് പെണ്ണേ..”

“Come to me soon.I am waiting for you..

I love you Jithin..”

ഞാൻ കാൾ കട്ട് ചെയ്തൂ.എന്റെ കണ്ണുകൾ നിറഞ്ഞൊഴുകികൊണ്ടിരുന്നൂ.ജിതിൻ പറഞ്ഞതു പോലെ ഒരു താലിയുടെ ഉറപ്പില്ലാതെ തന്നെ അദ്ദേഹത്തെ കാത്തിരിക്കാൻ ഞാനിനിയും ഒരുക്കമായിരുന്നൂ.പക്ഷേ പ്രാണനായവനെ പിരിഞ്ഞ് മൂന്നു വർഷത്തോളം ജീവിച്ച ജീവിതം നരകതുല്യമാണ്.മുഖത്തൊരു ചിരിയും പതിച്ചു വെച്ച് മറ്റുള്ളവർക്കൊപ്പം സന്തോഷം അഭിനയിച്ച എത്രയെത്ര അവസരങ്ങൾ..

പഠിച്ച് പാസ്സായപ്പോഴും ജോലികിട്ടിയപ്പോഴും നേരിട്ടു പറയാനാവാതെ ആ നെഞ്ചിൽ ചേർന്നു നിന്നു സന്തോഷം പ്രകടിപ്പിക്കാനാവാതെ വീഡിയോ കാളിലൂടെ മാത്രം കണ്ടുകൊണ്ട് പങ്കുവെച്ച എത്രയെത്ര നല്ല നിമിഷങ്ങൾ..

ഏറ്റവുമൊടുവിൽ എല്ലാ വിഷമതകൾക്കും ദീർഘക്കാല കാത്തിരിപ്പിനുമൊടുവിൽ ഞങ്ങൾ ഒന്നിക്കുകയാണ്..ഇനിയും ഒരായിരം ജന്മം ഉണ്ടെങ്കിൽ താൻ എനിക്കുള്ളതായി ജനിക്കണമെന്ന പ്രാർത്ഥന മാത്രമേ എനിക്കുള്ളൂ ജിതിൻ..

എന്നെന്നും എന്റെ പ്രാരാബ്ധക്കാരന്റെ സ്വന്തമായി ജീവിക്കാനുള്ള അനുഗ്രഹം എനിക്കു കിട്ടട്ടെ..!!


ചില പ്രണയങ്ങൾ അങ്ങനെയാണ്..
പരസ്പരമുള്ള സ്നേഹത്തയും ഒന്നിക്കുമെന്ന പ്രതീക്ഷയെയും മുറുകെ പിടിച്ചുകൊണ്ട് കാലത്തെ പോലും തോൽപിച്ചു മുന്നേറും..!!

You may also like

Leave a Comment