സ്വപ്നത്തിലെന്നപോലെ വിഹരിച്ചു നടന്ന നാളുകൾ. പക്ഷെ അതൊരിക്കലും തെറ്റാണെന്ന് ഈ നിമിഷം വരെ തോന്നിയിട്ടില്ല…

by pranayamazha.com
10 views

രചന: സുധിൻ സദാനന്ദൻ

:::::::::::::::::::::::::

തീപ്പട്ടികൊള്ളി പോലുള്ള ഈ പെണ്ണിനെ കാണുവാൻ വേണ്ടിയാണോ അമ്മ ഇത്ര ദൂരത്ത് നിന്നും എന്നെ വിളിച്ച്‌ വരുത്തിയത്…?

എനിക്കു വേണ്ടി അമ്മ കണ്ടെത്തിയ പെണ്ണിന്റെ ഫോട്ടോയിൽ നോക്കി ഞാനത് അമ്മയോട് പറയുമ്പോൾ, അടുപ്പത്ത് ഇരിക്കുന്ന ഓട്ടുരുളിയിലെ പാൽപ്പായസത്തിൽ ചട്ടുകംകൊണ്ട് ഇളക്കുന്നതിന്റെ വേഗത കൂട്ടിയതല്ലാതെ അമ്മ യാതൊന്നും മറുപടിയായി പറഞ്ഞില്ല.

എനിക്ക് ഇപ്പോൾ കല്യാണമൊന്നും വേണ്ടായെന്ന് അമ്മയോട് ഞാൻ പറഞ്ഞിരുന്നതല്ലേ, എന്നിട്ടും എന്തിനാ ഇപ്പോൾ ഇത്ര തിരക്കുപിടിച്ച് ഒരു പെണ്ണ് കാണൽ ചടങ്ങ്. അതും “നീ വന്നില്ലെങ്കിൽ പിന്നെ അമ്മയെ മോൻ കാണില്ലായെന്നൊരു ഭീഷണിയും…” എന്റെ സങ്കല്പ്ത്തിലെ പെണ്ണ് ഇങ്ങനെ അല്ല എന്റമ്മേ….

പാൽപായസം ചൂടോടെ ഒരു ഗ്ലാസ്സിലേക്ക് പകർത്തി എനിക്ക് നേരെ നീട്ടികൊണ്ട്…എന്നാൽ പറയൂ, അഭിനാഥ് രാഘവന്റെ ഭാവി വധുവിനെ കുറിച്ചുള്ള സങ്കല്പങ്ങളെ കുറിച്ച്…

പെട്ടെന്ന് അമ്മ അങ്ങനെ ചോദിച്ചപ്പോൾ മറുപടി ഒന്നുമില്ലാതെ നില്ക്കുന്ന എന്നെ നോക്കി അമ്മ പറഞ്ഞു തുടങ്ങി….

ഒരു മാസം മുൻപ് അമ്മയെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് ബാംഗ്ലൂരിലെ നിന്റെ ഫ്ലാറ്റിലേക്ക് എന്നെ കൂട്ടികൊണ്ടുപോയത് നീ ഓർക്കുന്നില്ലേ…

പട്ടുനൂൽ പുഴുവിന്റെ ആയുസ്സിന് തുല്യമാർന്ന പ്രണയബന്ധങ്ങളും വസ്ത്രങ്ങൾ മാറ്റുന്നതുപോലെ ജീവിത പങ്കാളിയെ മാറ്റുന്ന സംസ്ക്കാരവും ഈ അമ്മ കാണുന്നത് അവിടെവച്ചായിരുന്നു.

ഒരിക്കൽ നിന്റെ ഷർട്ടിലെ ബട്ടനിൽ ചുറ്റി പിടിച്ചിരുന്ന മുടിയിഴകൾ….കുത്തഴിഞ്ഞ ജീവിതമാണ് നിന്റേതെന്ന് വിളിച്ചോതുന്നതായിരുന്നു.

അതുകൊണ്ട് തന്നെയാണ് നാട്ടിലെത്തിയതും ഇത്ര ധൃതിയിൽ നിനക്ക് ഞാൻ പെണ്ണ് അന്വേഷിച്ചത്. ഇനി അതല്ല നിന്റെ മനസ്സിൽ ആത്മാർത്ഥമായ സ്നേഹം ആരോടെങ്കിലും തോന്നുന്നുണ്ടെങ്കിൽ പറയാൻ മടിക്കണ്ട…എന്ന് പറഞ്ഞ് തൊടിയിലെ പച്ചക്കറി തോട്ടത്തിലേക്ക് നടന്നുപോവുന്ന അമ്മയെ ആവി പറക്കുന്ന പാൽപ്പായസം ഒരിറക്ക് കുടിച്ച് ഞാൻ നോക്കി നിന്നു.

അമ്മ പറഞ്ഞതെല്ലാം ശരിയായിരുന്നു. ഒരു നാട്ടിൻപുറത്തുകാരന് ബാംഗ്ലൂർ നഗരം അത്ഭുതങ്ങളുടെ മായിക ലോകമായിരുന്നു. രാത്രിയിലെ പാർട്ടികളും ആരെയും കൊതിപ്പിക്കുന്ന സ്ത്രീരൂപങ്ങളാലും ചുറ്റപ്പെട്ട മനോഹരമായ നഗരം.

സ്വപ്നത്തിലെന്നപോലെ വിഹരിച്ചു നടന്ന നാളുകൾ. പക്ഷെ അതൊരിക്കലും തെറ്റാണെന്ന് ഈ നിമിഷം വരെ തോന്നിയിട്ടില്ല. അതെല്ലാം അവിടുത്തെ ജീവിത ശൈലിയിൽ ഇഴുകി ചേർന്നതാണ്.

ഒന്നിൽ ഉറച്ചു നില്ക്കാതെ പാറിപറന്നു ഉല്ലസിക്കുന്ന തനിക്ക് ഈ വിവാഹം അതിനൊന്നും ഒരു തടസ്സമാവില്ല. പിന്നെ അമ്മയെ വേദനപ്പിച്ച് എന്തിന് ഞാൻ വിവാഹം കഴിക്കാതിരിക്കണം. അങ്ങനെ ഒരു ചിന്ത മനസ്സിൽ ഉടലെടുത്തപ്പോൾ തന്നെ അമ്മയോട് പെണ്ണ് കാണാൻ പോവുന്നതിൽ സമ്മതമറിയിച്ചു….

പെണ്ണ് കാണുവാൻ ഒരുങ്ങിയിറങ്ങിയപ്പോൾ അമ്മയുടെ മുഖത്തെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു. ഓടിട്ട ഒരു കൊച്ചു വീടിന്റെ മുൻപിലായി കാർവന്ന് നിന്നപ്പോൾ പെണ്ണിന്റെ അച്ഛനെന്ന് തോന്നുന്ന ഒരാൾ കാറിൽ നിന്ന് ഇറങ്ങിയ അമ്മയോട്, വഴി കണ്ടുപിടിക്കാൻ ബുദ്ധിമുട്ടിയോ എന്നൊക്കെ ചോദിക്കുന്നുണ്ടായിരുന്നു.

ഞാൻ ആ സമയം വീടും പരിസരവും മുറ്റത്തെ തുളസി തറയും സസൂക്ഷ്മം വീക്ഷിക്കുകയായിരുന്നു. വീട്ടിലേക്ക് ക്ഷണിച്ച് ഉമ്മറത്തെ കസേരയിലായി ഞങ്ങളെ ഇരുത്തി.

വീടിന്റെ അകത്തെ മുറിയിലേക്ക് നോക്കി, ലക്ഷ്മീ…അപ്പൂ നെ വിളിച്ചോളൂ എന്ന് കാർന്നോർ പറയുമ്പോൾ ഞാൻ അമ്മയെ നോക്കി.

എന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയ അമ്മ, മോളുടെ പേര് അപർണ്ണ എന്നാണെന്നും അപ്പൂ എന്നാണ് വീട്ടിൽ വിളിക്കുന്നതെന്നും എന്റെ ചെവിയിൽ പതുക്കെ പറഞ്ഞു.

ഒരു സാരിയുടുത്ത് താഴെ നോക്കി നില്ക്കുന്ന അവളെ കണ്ടപ്പോൾ ഉള്ളിൽ ചിരിയാണ് വന്നത്. പെണ്ണിനെ ആപാദചൂഡം നോക്കാനൊന്നും ഞാൻ നിന്നില്ല. കുട്ടിയെ ഇഷ്ടമായോ എന്ന അമ്മയുടെ ചോദ്യത്തിന് ഇഷ്ടമായി എന്നർത്ഥത്തിൽ മൂളുക മാത്രമേ ഞാൻ ചെയ്തുള്ളൂ.

കുട്ടികൾക്ക് പരസ്പരം എന്തെങ്കിലും സംസാരിക്കാനുണെങ്കിൽ അത് നടക്കട്ടെ എന്ന് അമ്മ എല്ലാവരോടുമായി പറയുമ്പോൾ അത് ശരിവെച്ച്കൊണ്ട് പെണ്ണിന്റെ അമ്മ, മോൻ മുറിയിലേക്ക് ചെന്നോള്ളൂ…എന്നു പറഞ്ഞ് ഒരു മുറിയിലേക്ക് വിരൽ ചൂണ്ടി കാണിച്ചു.

ഇഷ്ടമില്ലാഞ്ഞിട്ടും അവളോട് സംസാരിക്കുവാൻ മുറിയിലേക്ക് ഞാൻ കയറി ചെന്നു. നല്ല ഭംഗിയുള്ള കൊച്ചുമുറിയിൽ ധാരാളം പുസ്തകങ്ങളും സമ്മാനങ്ങളും നിറഞ്ഞിരിക്കുന്നു. മുറിയുടെ ജനലരികിൽ നില്ക്കുന്ന അവളോട് എന്റെ പേരും ജോലിയെക്കുറിച്ചെല്ലാം പറയുമ്പോഴും അവൾ തലതാഴ്ത്തികൊണ്ട് അതേ നില്പ് തുടർന്നു.

പോകാൻ നേരം എന്നെ ഇഷ്ടമായോ എന്ന ചോദ്യത്തിന് മറുപടിയായി അവൾ തലയാട്ടുക മാത്രമാണ് ചെയ്തത്.

പിന്നെ കാര്യങ്ങളെല്ലാം ശരവേഗത്തിലായിരുന്നു. സാമ്പത്തികം അധികമൊന്നും ഇല്ലാത്ത അവളുടെ അച്ഛനോട് വിവാഹനിശ്ചയമൊന്നും വേണ്ട, ഈ ചിങ്ങത്തിൽ തന്നെ വിവാഹം നടത്താം, കുട്ടിയ്ക്ക് സ്ത്രീധനമായി ഒന്നുംതന്നെ വേണ്ട, ഞങ്ങൾക്ക് അപ്പൂനെ മാത്രം നല്കിയാൽ മതിയെന്നും അമ്മ പറഞ്ഞപ്പോൾ അവളുടെ അച്ഛന്റെ മനസ്സിലെ ആശ്വാസം മുഖത്ത് പ്രകടമായിരുന്നു.

ചിങ്ങത്തിലെ ശുഭമുഹൂർത്തത്തിൽ തന്നെ അവളെന്റെ നല്ലപാതിയായി. ബന്ധുക്കളും സുഹൃത്തുക്കളും പോയി കഴിഞ്ഞ് രാത്രിയിലെ കുളിയും കഴിഞ്ഞ് ലാപ്ടോപ്പിൽ നോക്കിയിരിക്കുമ്പോഴാണ് അലങ്കരിച്ച മണിയറയിലേക്ക് അവൾ കയറി വരുന്നത്.

മുറിയിലേക്ക് വന്ന് എന്ത് ചെയ്യണം എവിടെ ഇരിക്കണമെന്നറിയാതെ നില്ക്കുന്ന അവളോട് കട്ടിലിൽ ഇരിക്കുവാൻ ഞാൻ പറഞ്ഞപ്പോൾ കുറച്ച് പരുങ്ങലോടെ അവൾ കട്ടിലിന്റെ ഒരു മൂലയിൽ ഇരുന്നു.

ഇയാളുടെ കഴുത്തിനെന്തെങ്കിലും കുഴപ്പമുണ്ടോ…? എപ്പോഴും എന്തിനാ ഇങ്ങനെ തല താഴ്ത്തി നില്ക്കുന്നത് എന്ന എന്റെ ചോദ്യത്തിന് പാതി മുഖമുയർത്തി ഒരു പുഞ്ചിരി ആയിരുന്നു അവളുടെ മറുപടി.

മുറിയിൽ നിറഞ്ഞ് നിന്നിരുന്ന നിശബ്ദതയെ ബേധിച്ച് ഞാൻ ഈ വിവാഹം അമ്മയുടെ സന്തോഷത്തിന് വേണ്ടി മാത്രമാണെന്നും എന്റെ സങ്കല്പത്തിലെ പെണ്ണിന് തന്റെ രൂപമല്ലെന്നും കൂടി പറഞ്ഞു കഴിഞ്ഞപ്പോൾ നാണത്താൽ തിളങ്ങിനിന്നിരുന്ന അവളുടെ മിഴികളിൽ കണ്ണുനീരിന്റെ ഉറവ നീർച്ചാലുകളായി ഒഴുകി തുടങ്ങിയിരുന്നു.

കരയുകയല്ലാതെ മറുത്തൊന്നും എന്നോടവൾ പറഞ്ഞില്ല. ദിവസകൾക്കുള്ളിൽ തന്നെ അവൾ അമ്മയ്ക്ക് പ്രിയപ്പെട്ട മരുമകളായി അതിലുപരി മകളായി മാറി കഴിഞ്ഞിരുന്നു.

ഒരാഴ്ചത്തെ ലീവിനു ശേഷം തിരിച്ച് പോവുന്നതിനെ കുറിച്ച് അമ്മയോട് പറഞ്ഞപ്പോൾ, ഇവിടെ അമ്മയ്ക്ക് ഒരു കൂട്ടിനു വേണ്ടിയല്ല നിന്നെകൊണ്ട് വിവാഹം കഴിപ്പിച്ചത്. നിനക്ക് ഒരു കൂട്ടിനായിട്ടാണെന്നും, തിരിച്ചു പോവുന്നുണ്ടെങ്കിൽ അപ്പുവിനെയും കൂടെ കൂട്ടണം എന്നുള്ള അമ്മയുടെ തീരുമാനത്തിന് വഴങ്ങി കൊടുക്കുകയല്ലാതെ എന്റെ മുന്നിൽ മറ്റുവഴികളൊന്നും ഉണ്ടായിരുന്നില്ല.

തിരികെ പോവാൻ നേരം ഞങ്ങളെ യാത്രയാക്കുവാൻ അവളുടെ അച്ഛനും, അമ്മയും എത്തിയിരുന്നു. തന്റെ മകൾ ഇത്ര അകലെ പോവുന്നതിൽ അവരുടെ മുഖത്ത് വിഷാദം നിറഞ്ഞ് നിന്നിരുന്നു.

ബാംഗ്ലൂരിലേക്കുള്ള യാത്രയിലുടനീളം ഒന്നും മിണ്ടാതെ ഒരു പ്രതിമകണക്കെ അവൾ റോഡരികിലെ കാഴ്ചകൾ കണ്ടിരുന്നു. ഫ്ലാറ്റിലെത്തിയതിന് ശേഷം അവൾ നാട്ടിൽ നിന്ന് കൊണ്ടുവന്ന കൃഷ്ണ വിഗ്രഹത്തിന് മുന്നിൽ വിളക്ക് വെച്ച് പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.

പതിയെ പതിയെ ഞാനെന്റെ പഴയ ജീവിതത്തിലേക്ക് ഇഴുകി ചേർന്നു. രാത്രിയിൽ മദ്യപിച്ച് വരുന്നത് പതിവായിമാറി. ഒരു പരാതിയോ പരിഭവമോ എന്തിന് ശകാരിക്കാൻ പോലും അവൾ എന്റെ അടുത്ത് വന്നിരുന്നില്ല.

എന്നും രാവിലെ എനിക്ക് ഇഷ്ടപ്പെട്ടതെല്ലാം ഒരുക്കി തീൻമേശയിൽ നിരത്തിവെച്ചിരിക്കും. ധരിക്കാനുള്ള ഡ്രസ്സ് തേച്ച് മടക്കി മുറിയിലെ കട്ടിലിൽ എടുത്ത് വെക്കും. പരസ്പരം സംസാരിക്കുവാൻ പോലും ഞാൻ അവസരം ഉണ്ടാക്കാറില്ല. അവൾ ആ വീട്ടിൽ ഉണ്ടെന്നുള്ള കാര്യംപോലും ഞാൻ പലപ്പോഴും മറന്നിരുന്നു.

ഒരിക്കൽ രാത്രിയിൽ മദ്യപിച്ച് അടിതെറ്റി താഴെ വീണു കിടക്കുന്ന എന്നെ പിടിച്ച് എണീപ്പിക്കാൻ ശ്രമിക്കുന്ന അവളുടെ കൈകൾ തട്ടിമാറ്റി…നീ എന്നെ തൊടുന്നത് എനിക്ക് ഇഷ്ടമല്ല, എനിക്ക് സ്വയം എണീക്കാനൊക്കെ അറിയാമെന്ന് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറയുന്നത് ലഹരിയിൽ പാതിമറഞ്ഞ കാഴ്ചയിലും ഞാൻ കാണുന്നുണ്ടായിരുന്നു.

എന്റെ എതിർപ്പിനെ അവഗണിച്ച് എന്നെ സോഫയിൽ കിടത്തി. കാലിലെ ഷൂസ് അഴിച്ച് മാറ്റുന്ന അവൾ, ഞാൻ കണ്ടിട്ടുള്ളതും ഇടപഴകിയിട്ടുള്ള സ്ത്രീകളിൽ നിന്നും തികച്ചും വ്യത്യസ്ഥമായിരുന്നു. ദിനംപ്രതി ഞാൻ കുടിച്ചിരുന്ന മദ്യത്തിന്റെ അളവും കൂടികൊണ്ടിരുന്നു.

സുഹൃത്തിന്റെ ബർത്ത്ഡേ പാർട്ടിയിൽ സുഹൃത്തിന്റെ പന്തയം ധൈര്യപൂർവ്വം ഏറ്റെടുക്കുമ്പോൾ വരാൻ പോവുന്ന അപകടത്തെ കുറിച്ച് ഞാനറിഞ്ഞിരുന്നില്ല.

പന്തയത്തിൽ ഒഴിഞ്ഞ മദ്യ ഗ്ലാസ്സുകളുടെ എണ്ണം കൂടുന്നതിനോടൊപ്പം സിരകളിൽ ലഹരിയുടെ ചൂടും വർദ്ധിച്ചിരുന്നു. അവിടെ നിന്നും ഫ്ലാറ്റിലേക്ക് വരുന്ന വഴിയിലുണ്ടായ അപകടത്തിൽ ബോധം മറയുന്നതിന് മുൻപ് അമ്മയുടെ മുഖത്തിനൊപ്പം അപ്പുവിന്റെ മുഖവും മനസ്സിൽ തെളിഞ്ഞു നിന്നിരുന്നു.

*** ***

തലയ്ക്ക് പിന്നിലുണ്ടായ ശക്തമായ ക്ഷതം തലച്ചോറിന്റെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ശരീരം തളർന്നു പോയത് കൂടതെ സംസാരശേഷിയും നഷ്ടമായിരിക്കുന്നു…

ഞങ്ങളെകൊണ്ട് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ഞങ്ങൾ ചെയ്തിട്ടുണ്ട്, ഇനി എല്ലാം ദൈവത്തിന്റെ കൈകളിലാണ്. അദ്ദേഹത്തോട് എപ്പോഴും എന്തെങ്കിലുമൊക്കെ സംസാരിക്കണം. എന്നാൽ മാത്രമേ തിരിച്ച് സംസാരിക്കുവാനുള്ള ആഗ്രഹം മനസ്സിൽ ദൃഢമാവുകയുള്ളൂ…

വീട്ടിലേക്ക് ഒരാഴ്ച കഴിഞ്ഞാൽ കൊണ്ടു പോകാം, നല്ലത് പോലെ കെയർ ചെയ്താൽ മതിയെന്നും അപ്പുവിനോട് ഡോക്ടർ വിശദമായി പറഞ്ഞ് കൊടുക്കുമ്പോൾ വിറയാർന്ന കൈകളാൽ വാപൊത്തി പൊട്ടിക്കരയുകയായിരുന്നു അവൾ.

ഒരാഴ്ചത്തെ ഹോസ്പിറ്റൽ വാസത്തിന് ശേഷം ഫ്ലാറ്റിലേക്ക് കൊണ്ടുവന്ന എന്നെ ഒരു കുഞ്ഞിനെ പോലെ കരുതലോടെ ശുശ്രൂഷിക്കുന്ന അപ്പു എനിക്ക് ഒരു അത്ഭുതമായിരുന്നു.

കഴുത്തിൽ താലി കെട്ടിയതല്ലാതെ ഭാര്യ എന്ന പരിഗണന ഒരിക്കൽ പോലും എന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. പാട്ടുകൾ പാടിതന്നും, കഥകൾ വായിച്ചും, എപ്പോഴും എന്റെ കൂടെ ഇരിക്കുകയും എന്റെ വിസർജ്യങ്ങൾ വൃത്തിയാക്കി കരുതലോടെ നോക്കുന്ന അവൾ അമ്മയ്ക്ക് തുല്യമാവുകയായിരുന്നു.

കുളിക്കുന്ന സമയം അവളുടെ മുന്നിൽ നഗ്നനായി കിടക്കുന്ന എന്റെ മനസ്സിലെ ജാള്യതയും, അവളോട് ചെയ്തു കൂട്ടിയ തെറ്റുകളുടെ കുറ്റബോധവും കണ്ണീർ തുള്ളികമായി പരിണമിച്ചപ്പോൾ സാരിതലപ്പിനാൽ അവയൊക്കെ ഒപ്പിയെടുക്കുന്ന അപ്പുവിനെ വാരിപ്പുണരുവാൻ കൊതിച്ചെങ്കിലും, തളർന്ന് കിടക്കുന്ന കൈകൾ എന്നെ നോക്കി പരിഹസിക്കുകയായിരുന്നു.

പതിയെ വിരലുകൾ ചലിപ്പിച്ച് തുടങ്ങിയതും, കുഴഞ്ഞ് കിടന്നിരുന്ന നാവിൽതുമ്പിൽ ആദ്യമായി അപ്പു എന്ന് വിളിച്ചതും അവൾ ഒരാളുടെ പ്രയത്നവും അകമഴിഞ്ഞ പ്രാർത്ഥനയും കൊണ്ടായിരുന്നു.

പതിയെ പതിയെ ജീവിതത്തിലേക്ക് പിച്ചവെയ്ക്കുന്ന എനിക്ക് ബലം നല്കിയത് അപ്പുവിന്റെ കൈളായിരുന്നു.

*** ***

മാസങ്ങൾ പിന്നിട്ടിരിക്കുന്നു. എന്റെ തോളിൽ ചാരി കിടന്ന് അപ്പുവും ഞാനും ഗ്രാമത്തിന്റെ സൗന്ദര്യം ആസ്വദിച്ച് നാട്ടിലേക്കുള്ള യാത്രയിലാണ്.

തണുത്ത കാറ്റിൽ പാറിപറക്കുന്ന നീളൻ മുടിയിഴകൾ ചെവിയ്ക്ക് പിറകിലേക്ക് മാടിയൊതുക്കുകയാണ് അവൾ.

അമ്മയുടെ ശൈലിയിൽ പറഞ്ഞാൽ ചുണ്ടിൽ ചായംതേച്ചും, പശു നക്കിതോർത്തിയതുപോലുള്ള മുടിതോളൊപ്പം വെട്ടി ഇറുകിയ വസ്ത്രവും ധരിച്ച് നടക്കുന്ന പെൺകുട്ടികളേക്കാൾ ഭംഗി എന്റെ തീപ്പട്ടികൊള്ളിക്ക് തന്നെയാണ്.

ഞങ്ങൾ വരുന്നതും നോക്കി വഴിക്കണ്ണുമായി ഇല്ലത്തെ ഉമ്മറപ്പടിയിൽ കാത്തുനിന്നിരുന്ന അമ്മയുടെ ദൃഷ്ടി പതിഞ്ഞത് കാറിൽ നിന്നും ആദ്യം ഇറങ്ങിയ എന്റെ മുഖത്തായിരുന്നില്ല. വീർത്തുന്തിയ വയറും താങ്ങി നീര് വെച്ച കാൽപാദവുമായി കാറിൽ നിന്നിറങ്ങിയ അപ്പുവിന്റെ വയറിലേക്കായിരുന്നു…

You may also like

Leave a Comment