വരുണിന്റ വീട്ടിലേക്ക് സഞ്ജയ് ചെല്ലുമ്പോൾ മിയ മാത്രമേ ഉണ്ടായിരുന്നുള്ളു
“വരുൺ എവിടെ?”
“ഇപ്പൊ വരും. സഞ്ജയ് ഇരിക്ക് “
മിയ അകത്തേക്ക് ക്ഷണിച്ചു
“വേണ്ട അവനോട് വൈകുന്നേരം വീട്ടിൽ വരാൻ പറ. ഞാൻ വിളിച്ചിട്ട് കിട്ടിയില്ല”
മിയ ഉള്ളിൽ ഉയർന്നു വന്ന ദേഷ്യം അടക്കി
എന്ത് തരം സ്വഭാവമാണ് ഇത്?
മുരടൻ
സഞ്ജയ് തിരിഞ്ഞിറങ്ങാൻ പോകും നേരം വരുണിന്റ കാർ ഗേറ്റ് കടന്നു വന്നു
“നിന്റെ ഫോണിനെന്താ പറ്റിയെ?”
അവൻ അടുത്തേക്ക് ചെന്നു
“ചാർജ് തീർന്നു എന്തെ?”
“ഒലക്ക. നീ വന്നേ.. മിയ ഐ ആം സോറി. ഇവൻ ഇന്ന് വരില്ല ട്ടോ. ഇവൻ തിരുവനന്തപുരം വരെ പോവാ “
വരുൺ അന്തം വിട്ട് ഭദ്രകാളിയായി മാറിയ മിയയെ നോക്കി.
“ഞാനോ എന്തിന്? എപ്പോ?”
അവൻ വിക്കി
“നീ ആദ്യം കാറിൽ നിന്ന് ഇറങ്ങ്. എന്നിട്ട് എന്റെ കാറിൽ കേറൂ. നമ്മൾ രണ്ടു പേരും കൂടിയ പോകുന്നെ “
“എടാ കോ- പ്പേ എടാ. ഞാൻ എന്റെ ഭാര്യയോട് പറയട്ടെ…
“നിന്റെ ഭാര്യയോട് ഞാൻ പറഞ്ഞു” അവൻ വരുണിന്റ കാറിന്റെ ഡോർ തുറന്നു
“ഡാ ഒന്ന് മൂ- ത്രമൊഴിക്കാൻ സമയം എങ്കിലും താ “
“പോകുന്ന വഴി ഒഴിക്കാം. മിയ ഞാൻ പറഞ്ഞല്ലോ. രണ്ടു ദിവസം. രണ്ടു ദിവസം ആരെയെങ്കിലും വിളിച്ചു കൂട്ട് കിടത്ത്.. പ്ലീസ് “
മിയ വരുത്തി കൂട്ടി ഒരു ചിരി ചിരിച്ചു. വരുൺ അവന്റെ കാറിൽ കേറും മുന്നേ ഒന്ന് തിരിഞ്ഞു നോക്കി. മിയ വാതിൽ അടച്ചു പോയി കഴിഞ്ഞു
“ഡാ തെ- ണ്ടി..നിനക്ക് ഫോണിൽ ഉണ്ടാക്കി കൂടായിരുന്നോ.. ഞാൻ ഇനിയും എന്തെല്ലാം അനുഭവിക്കണം കർത്താവെ “
“നിന്റെ ഫോൺ ഓഫ് അല്ലായിരുന്നോ മുത്തേ?”
അവൻ ചിരിച്ചു
“ഉയ്യോ എന്താ പഞ്ചാര..എന്നതാ കാര്യം.?”
“നീ ഈ വീഡിയോ കാണ് ” അവൻ മൊബൈൽ എടുത്തു കയ്യിൽ കൊടുത്തു.
അവൻ വീഡിയോ പ്ലേ ചെയ്തു
“നീ പിന്നേം അടിയുണ്ടാക്കാൻ പോയ? ന്യൂസിൽ കണ്ടില്ലല്ലോ? ഇതേതാ ഈ പെണ്ണ്?വീഡിയോ സെറ്റ് ചെയ്തു അടിയുണ്ടാക്കിയോ നീ?”
“അത് വൈറൽ ആയതാടാ നീ കണ്ടില്ല?”
“പിന്നെ എനിക്കിതല്ലേ പണി? അത് പോട്ടെ എന്താ സംഭവം?”
“അതാണ് ഗൗരി “
വരുൺ ഞെട്ടലോടെ ആ വീഡിയോ ഒന്നുടെ നോക്കി
അതി സുന്ദരിയായ ഒരു പെൺകുട്ടി
“എന്ത് ഭംഗിയാ കർത്താവെ..നമ്മുടെ സായി പല്ലവിയുടെ ഒരു ചായ കാച്ചൽ “
“ആ നടിയെ എനിക്ക് തീരെ ഇഷ്ടം അല്ല വരുൺ “
അവന്റെ ശബ്ദം പരുക്കനായി
പിന്നെ അവൻ ആ സംഭവം വിവരിച്ചു. കൂടാതെ അമ്മ പോയത്, കല്യാണം നിശ്ചയിച്ചത് എല്ലാം.
“നീ കാര്യമായിട്ടാണോ?”
“ഉം.. കല്യാണം ഉടനെ ഉണ്ട്. ഡേറ്റ് അമ്മ ഫിക്സ് ചെയ്യും “
“എടാ ഒരു പാവം കൊച്ചാണെന്ന് തോന്നുന്നു. കണ്ടാലും ചെറിയ കുട്ടി മാതിരി. വേണ്ടടാ പ്ലീസ് “
അവനത് കേട്ടതായി പോലും ഭാവിച്ചില്ല.
“എന്റെ വെഡിങ് ഡ്രസ്സ് നീ സെലക്ട് ചെയ്യണം. അതിനാ ഈ യാത്ര “
“എന്തിനാടാ മഹാപാപി എന്നെ കൂടെ ഈ പാപത്തിൽ ചേർക്കുന്നെ?”
“നീ മാത്രമല്ലെ ഉള്ളു എനിക്ക്?”
സഞ്ജയ് അടഞ്ഞ ശബ്ദത്തിൽ പറഞ്ഞു
വരുൺ നിശബ്ദനായി
സഞ്ജയ് അവന്റെ ദൗർബല്യമാണ്. എന്നും അത് അങ്ങനെ തന്നെ ആയിരുന്നു. സഞ്ജയെ വേദനിപ്പിക്കാൻ അവന് കഴിയാറില്ല.
“നമുക്ക് എന്റെ വീട്ടിൽ നിൽക്കാം. ഒരു പക്ഷെ കല്യാണത്തിന് മുന്നേ ആകെ കിട്ടുന്ന കുറച്ചു നല്ല ദിവസം ഇതാവും. അമ്മ വീട്ടിൽ ഉണ്ട്. വെള്ളമടി നടക്കുകേല..ബാക്കി ഒക്കെ സെറ്റ്”
“വെള്ളം വെളിയിൽ കിട്ടും…ഞാനെ പാലാക്കാരൻ നസ്രാണിയാ വെള്ളം ഇല്ലാത്ത ഒരു പരിപാടിക്കും ഞാൻ ഇല്ല മോനെ “
“ഓ തരാം. പണ്ടാരം..” അവൻ കാറിന്റെ വേഗത കൂട്ടി
ഗൗരിയുടെ വീട്
“ഏട്ടനെ ഞാൻ പോയി കാണട്ടെ. എന്റെ കല്യാണത്തിന് ഏട്ടൻ ഇല്ലാതെ…ഏട്ടൻ വരുന്ന വരെ കാത്തിരിക്കാൻ അവരോടു പറയാം അപ്പാ “
അവൾ സങ്കടത്തോടെ അപ്പയെ നോക്കി
അയാളുടെ മുഖം കോപം കൊണ്ട് ചുവന്നു
“മിണ്ടിപ്പോകരുത് ആ പേര്.ഏട്ടൻ പോലും. നിന്നേ കുറിച്ചോ ഞങ്ങളെ കുറിച്ചോ ഓർമയുണ്ടായിരുന്നെങ്കിൽ അവൻ ഇത് ചെയ്യുമോ? നമ്മൾ ഇങ്ങനെ നാടു വിട്ട് പേടിച്ചു ഒളിച്ചു ജീവിക്കേണ്ടി വരുമോ? ആ മരിച്ച പെണ്ണിന്റെ അനിയൻ ചെക്കന് ഇനിയും ദുർബുദ്ധി തോന്നി കൂടായ്കയില്ല. അന്ന് ആരുണ്ടാവും നിന്നേ രക്ഷിക്കാൻ? നീ മാത്രമാണ് ഞങ്ങളുടെ പ്രതീക്ഷ പാറു.. നീ മാത്രം. നിനക്ക് ഒരു നല്ല ജീവിതം. ഇതിലും നല്ല ഒന്ന് അപ്പയെ കൊണ്ട് സാധിക്കില്ല മോളെ.”
അവൾ നിറഞ്ഞ കണ്ണുകളോടെ അത് കേട്ട് അരികിൽ ഇരുന്നു
“മോൾ ഒന്നും ഓർക്കേണ്ട…കല്യാണം നടക്കും വരെ അപ്പയുടെ നെഞ്ചിൽ തീയാ “
അവൾ മെല്ലെ അപ്പയുടെ മടിയിൽ തല വെച്ച് കിടന്നു
“എന്റെ മോളെങ്കിലും സന്തോഷം ആയി ഇരിക്ക് “
അപ്പ ആ നെറ്റിയിൽ കുനിഞ്ഞു ഉമ്മ വെച്ചു
ആഴ്ചകൾക്ക് ശേഷം
പൂജപ്പുര സെൻട്രൽ ജയിൽ
“വിവേകിന് ഒരു വിസിറ്റർ ഉണ്ട് “
ജയിലർ നേരിട്ട് വന്നു പറഞ്ഞപ്പോൾ വിവേകിന് അതിശയം തോന്നി
തന്നേ കാണാൻ ആര് വരാൻ?
ഈ ഏഴു വർഷങ്ങളിൽ ആകെ വന്നത് സഹപാഠി മാത്യു മാത്രമാണ്. അവൻ ദുബായിലേക്ക് പോയി കഴിഞ്ഞ് പിന്നെ ആരും വന്നിട്ടില്ല.
ഇപ്പൊ ചിലപ്പോൾ അവൻ അവധിക്ക് വന്നിട്ടുണ്ടാകുമോ?
അവൻ സന്ദർശന മുറിയിൽ എത്തി
“അവിടെ അല്ല വിവേക്, ഇവിടെ “
പോലീസ് ഓഫീസറുടെ മുറി ചൂണ്ടി ജയിലർ പറഞ്ഞു
“എ സി പി ക്ക് ഒന്ന് കാണണം ന്ന് പറഞ്ഞു ചെന്നോളൂ “
അവൻ അമ്പരപ്പോടെ അകത്തേക്ക് ചെന്നു. ആളെ കണ്ടതും അവൻ നടുങ്ങിപ്പോയി
സഞ്ജയ്
ഏത് ഇരുട്ടിലും അവനെയറിയാം. എത്ര വർഷം കഴിഞ്ഞാലും അവനെ മറക്കില്ല
തോക്കിനുന്നം പിടിക്കുകയായിരുന്നു സഞ്ജയ്
തോക്കിൻ മുനയുടെ മുന്നിൽ കൃത്യമായി അവന്റെ മുഖം വന്നപ്പോൾ സഞ്ജയ് ഒന്ന് ചരിഞ്ഞു നോക്കി
“എന്നെ മറന്നിട്ടില്ലല്ലോ?”
വിവേകിന് ശബ്ദം നഷ്ടപ്പെട്ടു
“എന്റെ കല്യാണം ആണ്. ഫസ്റ്റ് ഇൻവിറ്റേഷൻ നിനക്കാ. ദാ “
വിവേക് വിറയ്ക്കുന്ന കൈകൾ കൊണ്ട് അത് വാങ്ങി
“തുറന്നു നോക്ക് “
വിവേക് അത് തുറന്നു
സഞ്ജയ് weds ഗൗരി
അവൻ ഞെട്ടിപ്പകച്ച പോലെ തോന്നിച്ചു. സഞ്ജയ് അത് ആസ്വദിക്കുകയായിരുന്നു
“നിന്റെ പാറു തന്നെ “
“എടാ…” ഒരലർച്ചയോടെ വിവേക് സഞ്ജയുടെ ഷർട്ടിൽ കുത്തിപ്പിടിച്ചു
സഞ്ജയ് മൃദുവായി ആ കൈ എടുത്തു മാറ്റി
“അപ്പൊ നിനക്ക് മനസിലായി ഞാൻ ഭാര്യയായിട്ട് വാഴിക്കാനല്ല അവളെ കെട്ടുന്നതെന്ന് “
“സഞ്ജയ്….പ്ലീസ്.. എന്റെ പാറുനെ ഒന്നും ചെയ്യരുത്.. അവൾ പാവമാ സഞ്ജയ്. ഞാൻ നിന്റെ പെണ്ണിനെ കൊ- ന്നതല്ല . അത് ഒരു ആക്‌സിഡന്റ് ആയിരുന്നു. അറിഞ്ഞു കൊണ്ടല്ല. ഞാൻ എന്തിനാ സഞ്ജയ് മീനാക്ഷിയേ കൊ- ല്ലുന്നത്? ആലോചിച്ചു നോക്ക്.”
“ആക്‌സിഡന്റ് ആയിരുന്നു എങ്കിൽ അപ്പൊ നിന്റെ ഒപ്പം ഉണ്ടായിരുന്ന അലക്സ് എന്താ സാക്ഷി പറയാൻ കോടതിയിൽ വരാതിരുന്നത്? നീയ് മീനാക്ഷിയെ സ്നേഹിച്ചിരുന്നു. എന്റെ ഒപ്പം അവളെ കണ്ട വൈരാഗ്യം..അതല്ലേ നീ?”
വിവേക് എന്തോ പറയാൻ വന്നിട്ട് നിർത്തി
“ഇതിൽ പാറു എന്തിനാ സഞ്ജയ്? നിന്റെ ശത്രു ഞാനല്ലേ? എന്നെ കൊ- ല്ല് നീ ” അവൻ ദയനീയമായി പറഞ്ഞു
“എന്തിന്? എന്നിട്ട് ഞാൻ ജയിലിൽ കിടക്കണോ? ഗൗരി എന്റെ കൂടെ ജീവിക്കും.. ഒരു ഭാര്യ ജീവിക്കും പോലെയാവില്ല അത്. അവളുടെ നരകം കണ്ട് നീറി നീ ഒടുങ്ങുന്ന അന്ന് ഞാൻ അവളെ ഉപേക്ഷിക്കും. അതാണ് നിനക്കുള്ള എന്റെ ശിക്ഷ “
സഞ്ജയ് പറഞ്ഞവസാനിപ്പിച്ചു
“സഞ്ജയ്..നിനക്ക് ജീവിതം വേണ്ടേ? ഈ പ്രതികാരത്തിനിടയിൽ അത് മറന്ന് പോയോ നീ?” വിവേക് ചോദിച്ചു
“എന്റെ ജീവിതം എന്റെ മീനാക്ഷി ആയിരുന്നു. അവൾ മരിച്ച അന്ന് ഞാനും മരിച്ചു. ഇത് പുതിയ സഞ്ജയ്..പുതിയ സഞ്ജയുടെ ജീവിതം ഇതാണ്..”
അവൻ ഒന്ന് പുഞ്ചിരിച്ചു
“പോട്ടെ വിവേക്.. “
“നിൽക്ക്… പാറുനെ…. അവൻ ഇടറി പോയിട്ട് നിർത്തി
“പാറുനെ നീ… ഉപദ്രവിക്കരുത് സഞ്ജയ്….ഞാൻ നിന്റെ കാല് പിടിക്കാം “
അവൻ നിലത്തിരുന്നു
സഞ്ജയ് അവനെ നിലത്ത് നിന്ന് ഉയർത്തി
“അവൾക്ക് ഞാൻ വിധിച്ചിരിക്കുന്നത് നരകം ആണെടാ…നീ ചിന്തിക്കുന്നതിനും അപ്പുറമുള്ള നരകം…”
വിവേക് പൊട്ടിക്കരഞ്ഞു പോയി
സഞ്ജയ് ചിരിച്ചു കൊണ്ട് ആ കരച്ചിൽ നോക്കി നിന്നു
തുടരും…