സാധാരണ പെണ്ണുങ്ങൾ ഇഷ്ടപ്പെടുന്ന ആണ് വേറെ ഒരു പെണ്ണിനെ നോക്കിയാ നെഞ്ചു പിടയും.. ഇതിപ്പൊ.അങ്ങനെ ഒട്ടും താല്പര്യമില്ലാതെ റാണിയുടെ കഴുത്തിൽ ഞാൻ മിന്നു ചാർത്താൻ ഒരുങ്ങി……

by pranayamazha.com
51 views

അവളും ഞാനും

Story written by Manju Jayakrishnan

“നീ എന്താ മീരേ ഈ പറയണേ? കുറച്ചു നാൾ ഭാര്യ ആകാൻ ഏതെങ്കിലും പെണ്ണ് സമ്മതിക്കുമോ?

“ഇല്ല സമ്മതിക്കില്ല……

അതാ ഞാൻ പറയുന്നത് തഞ്ചത്തിൽ കാര്യം സാധിക്കണം “

അവളുടെ മറുപടി കേട്ടപ്പോൾ ഞെട്ടി പണ്ടാരമടങ്ങി ഞാൻ

അവൾ മീര…. വർഷം കുറേ ആയി ഞങ്ങൾ പ്രണയിക്കാൻ തുടങ്ങിയിട്ട്

ഞാൻ നല്ല അച്ചായനും അവളൊരു അസൽ അമ്പലവാസിപെണ്ണും….

അപ്പച്ചൻ ആണെങ്കിൽ എന്നെ വളർത്തിയതേ നല്ല സ്ത്രീധനം വാങ്ങാൻ ആണെന്ന് തോന്നീട്ടുണ്ട്….

“കൊള്ളാവുന്ന പെൺകൊച്ചു വല്ലോം ആണേൽ ഇങ്ങോട്ടു കൊണ്ടുപോരെടാ “

എന്ന അമ്മച്ചിയുടെ ഒറ്റ വാക്ക്‌ ആണ് എന്റെ ജീവിതം മാറ്റി മറിച്ചത്

കൂട്ടുകാരന്റെ കൂടെ കിലോമീറ്റർ അപ്പുറം ഉള്ള അവന്റെ അമ്മാവന്റെ വീട്ടിൽ പോകുമ്പോൾ ആണ് അവളെ ഞാൻ ആദ്യം കാണുന്നത്

തുളസിക്കതിരും പട്ടുപാവാടയും ചന്ദനക്കുറിയും കൂടെ ഒരു പച്ചക്കൽ മൂക്കുത്തിയും ….. അതൊക്കെ മ്മള് ചെക്കൻമാരുടെ വീക്നെസ് ആണല്ലോ

പെണ്ണിനെ കണ്ടപ്പോഴേ ഞാൻ മനസ്സിൽ ഉറപ്പിച്ചു

“എനിക്കു വേണം… ഞാനിങ്ങു എടുക്കുവാ എന്ന് “

അടുക്കാൻ ആദ്യം മടി കാണിച്ച പെണ്ണ് പിന്നെയങ്ങു കേറി ഒട്ടി…

അവളിൽ എനിക്കിഷ്ട്ടമല്ലാത്ത കാര്യങ്ങൾ ‘ഇല്ലാത്ത കാര്യങ്ങൾ ഉണ്ടെന്നു കാണിക്കലും ‘ ‘വാർത്തമാനത്തിൽ നിറഞ്ഞു നിൽക്കുന്ന കാശിനോടുള്ള ആർത്തിയും’ ആയിരുന്നു

അടുത്തുള്ള ഏതോ ബാങ്കിനു മുന്നിൽ കച്ചവടം നടത്തിയ അച്ഛൻ ‘ബാങ്ക് ഉദ്യോഗസ്ഥൻ ‘ആണെന്ന് പറഞ്ഞായിരുന്നു അവൾ തുടങ്ങി വച്ചത്..

അവളുടെ നാട്ടിലെ അറിയപ്പെടുന്ന എല്ലാവരും അവളുടെ ബന്ധുക്കൾ ആയിരിക്കും…

ഇങ്ങനെ തള്ളിമറിക്കാൻ ഇവള് ഡെയിലി പുട്ട് ആണോ കഴിക്കുന്നത് എന്ന് ഞാൻ ആലോചിക്കാറുണ്ട്

സാമ്പത്തിക ബുദ്ധിമുട്ട് ഉള്ള വീട്ടിലെ ആയോണ്ട് അതിന്റെ ഈഗോ ആവും എന്ന് കരുതി ഞാൻ അതു ചുമ്മാ വിട്ടു

അപ്പോഴാണ് ബന്ധത്തിലുള്ള ഓസ്ട്രേലിയയിൽ നേഴ്‌സ് ആയ കുട്ടിയുടെ ആലോചന എനിക്കു വരുന്നത്

“മ്മക്ക് ഒടനെ കേട്ടാടീ ” എന്ന് പറഞ്ഞു വന്ന എന്നോട് അവള് പറഞ്ഞതു കേട്ട് ഞാൻ വാ പൊളിച്ചു പോയി

“നമ്മൾ കെട്ടിയാൽ നിങ്ങടെ അപ്പച്ചൻ പത്തു പൈസ തരത്തില്ല… നിങ്ങൾക്കാണെങ്കിൽ നല്ല ജോലിയും ഇല്ല “അവൾ പറഞ്ഞു നിർത്തി…

“അയിന്…..?”ഞാൻ ചോദിച്ചു

“നിങ്ങൾ അവളെ കെട്ടി ഓസ്ട്രേലിയക്ക്‌ പോകാൻ നോക്ക്…. അവിടെ ചെന്നു ഡിവോഴ്സ് ചെയ്‌താൽ പോരെ”

അവൾ പറഞ്ഞു നിർത്തി..

“ചതി അല്ലെടീ അത്….. നമുക്ക് ഉള്ളതു കൊണ്ട് ജീവിച്ചാൽ പോരെ.. നിനക്കൊരു കുറവും ഞാൻ വരുത്തില്ല “

ഞാൻ പറഞ്ഞെങ്കിലും അവൾ മനസ്സ് മാറ്റാൻ തയ്യാറല്ലായിരുന്നു.

“ഓഹ് ഇതൊക്കെ നടക്കുന്നതാ മനുഷ്യാ” അവൾ ഒട്ടും കൂസാതെ പറഞ്ഞു നിർത്തി..

സാധാരണ പെണ്ണുങ്ങൾ ഇഷ്ടപ്പെടുന്ന ആണ് വേറെ ഒരു പെണ്ണിനെ നോക്കിയാ നെഞ്ചു പിടയും.. ഇതിപ്പൊ..

അങ്ങനെ ഒട്ടും താല്പര്യമില്ലാതെ റാണിയുടെ കഴുത്തിൽ ഞാൻ മിന്നു ചാർത്താൻ ഒരുങ്ങി

പള്ളിയിൽ നിന്നപ്പോൾ എന്റെ നെഞ്ചു പിടയാൻ തുടങ്ങി…

എന്നെ വിശ്വസിച്ച ഒരു പെണ്ണിനെയും ഒരു കുടുംബത്തിനേയും ആണ് വഞ്ചിക്കാൻ പോകുന്നത്….

അങ്ങനെ കല്യാണോം കളവാണോം ഒക്കെ കഴിഞ്ഞു…

ആദ്യരാത്രിയിൽ പാലുമായി വന്ന അവളുടെ മുന്നിൽ ഞാൻ വിയർക്കാൻ തുടങ്ങി…

“തീരെ വയ്യ ” എന്ന് പറഞ്ഞ എന്നോട് കിടന്നോളാൻ പറഞ്ഞു കട്ടിലിന്റെ ഓരം ചേർന്നു കിടന്ന അവളോട് ആദ്യമായി ഒരു സഹതാപം തോന്നി…

എല്ലാവരോടും നന്നായി പെരുമാറി അവൾ വീട്ടിലെ താരമായി…എപ്പോഴും അടുക്കളയിൽ അമ്മച്ചിടെ അടുത്ത് അവൾ കാണും..

“മോളു പോയി അവന്റെ കൂടെ ഇരിക്ക് ” എന്ന് പറഞ്ഞാലും ഞാൻ ഒട്ടും പരിഗണിക്കാത്ത കൊണ്ട് അവൾ അവിടെ തൂത്തും തുടച്ചും നിക്കും….

ഓരോന്നും പറഞ്ഞു ഞാൻ അവളിൽ നിന്നും അകന്നു കൊണ്ടേ ഇരുന്നു..

അവൾ ‘ഉടനെ പോകും ‘ എന്നു കേട്ടപ്പോൾ ആണ് എനിക്ക് കുറച്ചു ശ്വാസം നേരെ വീണത്

അപ്പോഴാണ് എന്റെ ബൈക്കിനു പട്ടി വട്ടം ചാടി ഞാൻ കിടക്കയിൽ ആവുന്നത്…’കാലിൽ പൊട്ടലുള്ളതു കൊണ്ട് ‘ ഒന്ന് മുള്ളാൻ പോലും അവളുടെ സഹായം വേണ്ടി വന്നു…. അവളുടെ യാത്രയും മാറ്റിവെച്ചു

ഞാൻ കാണിച്ച ഒരു ഇഷ്ടക്കേടും തിരിച്ചു കാണിക്കാതെ എന്റെ ദേഹമെല്ലാം തുടച്ചു വൃത്തിയാക്കിയ അവളിലേക്ക് എന്റെ മനസ്സും അറിയാതെ ചായാൻ തുടങ്ങി…

എല്ലാം മാറി ഉഷാറായപ്പോൾ മീര എന്റെ മനസ്സിൽ നിന്നും അസ്തമിക്കാൻ തുടങ്ങിയിരുന്നു

രാവിലെ പള്ളിയിൽ റാണിയുമായി പോയി വന്ന ശേഷം എല്ലാം അറിയിക്കാൻ ഞാൻ തീരുമാനിച്ചു

അവിടെ ഞങ്ങളെയും കാത്ത് മീര നിൽപ്പുണ്ടായിരുന്നു.വിളിച്ചിട്ട് പോലും ദിവസങ്ങൾ കഴിഞ്ഞിരുന്നു.

പകയോടെ മീര എല്ലാം പറഞ്ഞു തീർത്തു…എല്ലാം കേട്ട ശേഷം റാണി എന്നെ വിട്ടു പോകുമെന്ന് പ്രതീക്ഷിച്ച എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ പറഞ്ഞു

“ഇച്ചായൻ എല്ലാം എന്നോട് പറഞ്ഞിരുന്നു… ഇച്ചായൻ ഇന്നലെ എന്തായിരുന്നു എന്ന് എനിക്കറിയേണ്ട.. ഇന്ന് എന്നെ സ്നേഹിക്കുന്നുണ്ട്.. ആരു വന്നാലും ആ സ്നേഹം മായത്തും ഇല്ല.. കാരണം ഇത് മിന്നിൽ ഉറപ്പിച്ച പവിത്രമായ ബന്ധം ആണ് “

കണ്ണു നിറഞ്ഞു പരിസരം മറന്നു ഞാൻ അവളെ കെട്ടിപിടിച്ചു…

നിരാശയായി മീര നടന്നകന്നു പള്ളിയിൽ നിന്നും എന്റെ ജീവിതത്തിൽ നിന്നും…

പക്ഷെ ഞാൻ ഞെട്ടിയത് വീട്ടിലെത്തിയപ്പോൾ ആണ്… റാണിയുടെയും അമ്മച്ചിയുടെയും സംസാരം കേട്ടപ്പോൾ…

“വല്ല എലിവിiഷോം കൊടുക്കണായിരുന്നു അല്ലെ അമ്മച്ചി ഇത്രയും നാൾ എന്നെ തീ തീറ്റിച്ചതിന് എന്ന്… “…എന്റെ ഭാര്യ

“ആ ആർത്തി പണ്ടാരം അല്ലായിരുന്നോ മനസ്സിൽ… പ്രേമം അസ്ഥിക്ക് പിടിച്ച കൊണ്ട് വല്ലോം അങ്ങോട്ട് പറഞ്ഞാൽ കേറുവോ മോളെ “എന്ന് അമ്മച്ചിയും

അപ്പൊ അമ്മച്ചി എന്റെ എല്ലാ രഹസ്യങ്ങളും ഒളിച്ചും പാത്തും നിന്ന് അവൾക്ക് ചോർത്തി കൊടുത്തിരുന്നു…

അവളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി ഞങ്ങളെ ചേർത്ത് വെച്ചതും അമ്മച്ചിടെ കുരുട്ട് ബുദ്ധിയായിരുന്നു എന്ന് പ്രത്യേകം പറയേണ്ടല്ലോ….

You may also like

Leave a Comment