ലച്ചു.. എന്തൊക്കെയാണ് മോളെ ശരിക്കുമുള്ള കാര്യങ്ങൾ അവർ അവർക്ക് അറിയിക്കാനുള്ളത് പറഞ്ഞിട്ട് പോയി പക്ഷേ സത്യമെന്താണ് എന്ന് ഞങ്ങൾക്ക് കേൾക്കേണ്ടതും അറിയേണ്ടതും നിന്നിൽ നിന്നാണ്……

by pranayamazha.com
135 views

മകൾക്കായൊരു മുറി

എഴുത്ത്:-ലിസ് ലോന

“ലക്ഷ്മി.. നിന്റെ വീട്ടിലെത്തി അവരെയെല്ലാം കാണുമ്പോൾ ഞാൻ പറഞ്ഞത് മറന്നുപോകണ്ട ..നിന്റെ ഇവിടുള്ള ജീവിതം മുൻപോട്ട് കൊണ്ടുപോകാൻ നിനക്ക് മുൻപിലുള്ള വഴി ഇതു മാത്രമാണ്..ഇതിന് നീയായി ശ്രമിച്ചില്ലെങ്കിൽ ഞങ്ങൾക്ക് ഞങ്ങളുടെ വഴി സ്വീകരിക്കേണ്ടി വരും..”

അടുക്കളയിൽ വൈകുന്നേരത്തേക്കുള്ള ചോറിന്റെ വേവ് നോക്കുമ്പോഴാണ് അമ്മ പിന്നിൽ വന്ന് എനിക്ക് മാത്രം കേൾക്കാവുന്ന സ്വരത്തിൽ മന്ത്രിച്ചത്‌..

മൂiർച്ചയേറിയ ആiയുധത്തേക്കാൾ തീiവ്രതയോടെ ആ വാക്കുകൾ നെഞ്ചിനുള്ളിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ട്.

രാജീവേട്ടന്റെ അമ്മയിത് നിരവധി തവണ പറഞ്ഞിട്ടും അവർക്കനുകൂലമായ ഒരു മറുപടിയോ ചലനമോ എന്റെ ഭാഗത്ത് നിന്നും ഉണ്ടാകാത്തതാകാം ഇത്തവണ സ്വരവും ദൃഷ്ടിയും രാകി മിനുക്കി മൂiർച്ച കൂട്ടിയിട്ടുണ്ട്..

കണ്ണുനീരിന് പകരം മിഴികളിൽ രiക്തമാണ് കിനിയുന്നത്.. മുറിവേറ്റ് മൃതപ്രായയായവളുടെ ദയനീയതയോടെ ഞാൻ അമ്മയെ നോക്കി.

” അമ്മേ..ഞാൻ എങ്ങനെയിത് അവരോട് ചോദിക്കും .. എന്റെ സ്വാർത്ഥതയല്ലേ ഈ ആവശ്യം ..ഇങ്ങനൊരു ആവശ്യം ഉള്ളിലിട്ട് ഞാനവരുടെ മുഖത്ത് എന്ത് ധൈര്യത്തിൽ നോക്കുമെന്ന് പോലും എനിക്കറിയില്ല..”

അഗ്നിയെരിയുന്ന കണ്ണുകളോടെ അമ്മയെന്റെ അരികിലേക്ക് നീങ്ങിനിന്ന് കൈത്തണ്ടയിൽ പിടിച്ചു ഞെiരുക്കി കണ്ണുകളിലേക്ക് തറച്ചുനോക്കി.. ആ നോട്ടം നേരിടാനാകാതെ ഭയത്തോടെ മിഴി പൂട്ടിയതും തിളച്ചു മറിയുന്ന കiഞ്ഞിയിൽ കിടന്ന കയിൽ കയ്യിലെടുത്ത് എന്റെ ഉള്ളം കയ്യിലേക്ക് അവർ അമർത്തിവച്ചു..

മാംiസം വെiന്ത് പൊiള്ളുന്ന വേദനയേക്കാൾ മനസ്സുരുകിയൊലിക്കുന്ന ലാവ ഉടലാകെ പൊiള്ളി പുകയുന്നതിനാൽ കയ്യിലമരുന്ന ചൂട് സഹിച്ചും ഞാൻ കൈവലിക്കാതെ കണ്ണുകളടച്ചു നിന്നു.

” ഞാൻ പറയുന്നത് അനുസരിച്ചാൽ നിനക്ക് കൊള്ളാം അല്ലെങ്കിൽ ഒരാവകാശവും തരാതെ തന്നെ നിന്നെയീ പടിയിറക്കാൻ എനിക്ക് കഴിയും കരുതിയിരുന്നോ നീ..”

സെറ്റുമുണ്ടിന്റെ തലപ്പ് ഇടുപ്പിൽ കു ത്തിയത് കുടഞ്ഞ് അഴിച്ചിട്ട് അവർ അടുക്കളയിൽ നിന്നും പോകുന്നത് നിറകണ്ണുകളോടെ ഞാൻ നോക്കി നിന്നു..

ഡിഗ്രിക്ക് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് രാജീവേട്ടന്റെ ആലോചന വന്നത്..പഠിപ്പ് മുഴുവനാക്കും വരെയുമുള്ള സാവകാശം ചോദിച്ച് ഇത്രെയും നല്ലൊരു ബന്ധവുമായി വന്നവരെ പിടിച്ചു നിർത്താൻ സാധിക്കില്ലെന്നോർത്ത് അച്ഛനും അമ്മയും വിവാഹത്തിന് സമ്മതം മൂളി..

പഠിക്കാൻ മിടുക്കിയല്ലേ ഇനി അവര് പഠിപ്പിച്ചെങ്കിലോ എന്ന അമ്മയുടെ പ്രതീക്ഷയിൽ ആശ്വാസം തോന്നിയെങ്കിലും എല്ലാം അസ്ഥാനത്താക്കി രാജീവന്റെ പെണ്ണ് പഠിച്ച് ജോലിക്കാരിയായി കുടുംബം പുലർത്തേണ്ട ആവശ്യമില്ലെന്ന് അമ്മായിയമ്മ അഭിമാനത്തോടെ കുടുംബക്കാരോട് പറഞ്ഞു.

അങ്ങനെ വലതുകാലെടുത്ത് വച്ച് ഈ തറവാട്ടിലെ ഏകസന്തതിയുടെ വധുവായി കയറിവന്നിട്ട് വർഷം ഏഴായി..

ദിവസങ്ങളും മാസങ്ങളും വർഷങ്ങളും ഓടിയൊളിക്കുന്നതിനിടയിൽ കുഞ്ഞായില്ലേ എന്ന ചോദ്യത്തിനുത്തരമായി തരിശുനിലമായി കിടക്കുന്ന ഗർഭപാത്രം തളിർക്കുന്നതും ഒരു കുഞ്ഞിക്കാല് കാണാനുമായി നേരാത്ത നേർച്ചകളോ ചികിത്സയോ ശ്രമങ്ങളോ ഇല്ല..

അവസാനശ്രമമായി നടത്താമെന്ന് കരുതിയ കൃതിമഗർഭധാരണത്തിനും ഫലം ലഭിക്കാൻ ബുദ്ധിമുട്ടാണെന്നും ഗർഭിണിയാകാനോ പ്രസവിക്കാനോ എനിക്ക് കഴിയില്ലെന്നും വിദഗ്‌ധ ഡോക്ടർമാരെല്ലാം വിധിയെഴുതിയതോടെ ലോകം കീഴ്മേൽ മറിയുന്നത് നെഞ്ചിടിപ്പോടെ ഞാൻ കണ്ടുനിന്നു..

തറവാട് നിലനിർത്താൻ നിന്റെ ഒരു സന്തതി ഞങ്ങൾക്ക് വേണമെന്നും അതിനുള്ള വഴി നീ കണ്ടെത്തിക്കോയെന്നും അവസാനവട്ടം ആസ്പത്രിയിൽ പോയിവന്ന അന്ന് തന്നെ അമ്മ മകനോട് അച്ഛന്റെ മുൻപിൽ വച്ച് വിധിച്ചത് ശിരസ്സ് കുനിഞ്ഞാണ് ഞാൻ കേട്ടു നിന്നത്..

അവരോട് ഒരക്ഷരം ഉത്തരം നൽകാൻ നിൽക്കാതെ രാജീവേട്ടൻ എന്നെ ന്യായാധിപർക്ക് മുൻപിൽ നിർത്തി മുറിയിലേക്ക് കയറിപ്പോയി..

അച്ഛനും അമ്മയ്ക്കും മുൻപിൽ ഒരു കുറ്റവാളിയെപോലെ തലകുനിച്ച് അഭയം തേടി നിന്ന എന്നെയൊന്ന് തിരിഞ്ഞുപോലും നോക്കാതെ കുഞ്ഞുങ്ങളെ പ്രസവിക്കാൻ കഴിയാത്ത സ്ത്രീ ഇത്രമേൽ വേണ്ടാത്തവളാണെന്നു മൗനമായി സമ്മതിച്ച് അദ്ദേഹം അകത്തേക്ക് പോയത് തെല്ലൊന്നുമല്ല വേദനിപ്പിച്ചത്..

അന്ന് മുതൽ മൂന്നു മാസത്തോളമായി പരസ്പരം മനസ്സ് തുറന്ന് സംസാരിക്കാൻ കഴിയാതെ ഞാനും രാജീവേട്ടനും ഈ വീട്ടിൽ ഒളിച്ചുകളി തുടങ്ങിയിട്ട് ..

എന്നും വൈകുന്നേരം ഏട്ടൻ ഉറങ്ങുവരെയും അമ്മ കാലിൽ കുഴമ്പിട്ട് തിരുമ്മാൻ ആവശ്യപ്പെട്ട് പിടിച്ചിരുത്തും വേഗം തീർക്കാൻ ശ്രമിച്ചാൽ ഓടിപ്പോയി കൂടെകിടന്നിട്ടും കാര്യമൊന്നുമില്ലല്ലോയെന്ന് പച്ചക്ക് തുറന്ന് ചോദിച്ചതോടെ അമ്മ നിറുത്താൻ ആംഗ്യം കാണിക്കും വരെയും ഉഴിയും.

അന്ന് എന്നോടൊന്ന് വീട്ടിലേക്ക് പോയിട്ട് വായെന്ന് അമ്മ ആവശ്യപ്പെട്ടപ്പോൾ ചോദിക്കാതെ തന്നെ എന്തിനീ സമ്മതമെന്നായിരുന്നു ആദ്യം മനസ്സിൽ..സമ്മതം തന്നതിന് പിറകെയാണ് അമ്മയെന്നോട് എന്തിനാണ് എന്നെയിപ്പോൾ വിടുന്നതെന്ന് വ്യക്തമാക്കിയത്..

രാജീവേട്ടനെക്കൊണ്ട് രണ്ടാമത് ഒരു വിവാഹം കഴിപ്പിക്കണം അത് എന്റെ വീട്ടിൽ നിന്ന് തന്നെ യാകുമ്പോൾ എന്നെയുപേക്ഷിക്കുകയെന്ന പാപം ചെയ്യാതെ ചേച്ചിയ്ക്കും അനിയത്തിക്കും ഒരേ വീട്ടിൽ തന്നെ താമസിക്കാം അനിയത്തിക്ക് മക്കളുണ്ടാകുമ്പോൾ സ്വന്തമെന്ന പോലെ സ്നേഹിക്കാം..

ഇതെല്ലാം ഞാൻ വീട്ടിൽ അവതരിപ്പിച്ച് അച്ഛന്റെയും അമ്മയുടെയും സമ്മതം വാങ്ങണം ചേച്ചിയുടെ കെട്ടുതാലി നിലനിർത്തുന്നതിനൊപ്പം അനിയത്തിക്ക് നല്ലൊരു ബന്ധവും ആകുമല്ലോ..

തലയിലൊരു കൂടം കൊണ്ട് അടികിട്ടിയതായാണ് എനിക്ക് തോന്നിയത് തലക്ക് പിന്നിലൂടെയൊരു മരവിപ്പ് ചെവിക്കുള്ളിലേക്ക് പടർന്നുകയറുന്നു..

കേട്ടത് സത്യമാകല്ലേയെന്ന് പതറി നോക്കുന്ന എന്റെ തലയിൽ തലോടി നിന്നെ ഒഴിവാക്കി കളയാൻ അവനും മനസുണ്ടാകില്ല അതുകൊണ്ടാണ് ഇങ്ങനൊരു തീരുമാനം എടുത്തതെന്നു കാതിൽ വീണപ്പോഴാണ് രാജീവേട്ടനും കൂടി അറിഞ്ഞുകൊണ്ടാണ് ഈ കരുനീക്കമെന്ന് വ്യക്തമായത്..

അമ്മയും അച്ഛനും എടുത്ത തീരുമാനങ്ങൾ രാജീവേട്ടൻ അറിഞ്ഞിട്ടാണോ എന്നയെന്റെ ചോദ്യത്തിന് അദ്ദേഹത്തിന്റെ കാര്യങ്ങളിൽ പൂർണതീരുമാനം എടുക്കാനുള്ള സ്വാതന്ത്രം ഇപ്പോഴും അവർക്ക് തന്നെയാണെന്ന് ടീവിയിലെക്ക് മിഴിയുറപ്പിച്ച് അലക്ഷ്യമായാണ് അദ്ദേഹം മറുപടി തന്നത്..

കുറച്ചുദിവസത്തേക്ക് ഞാൻ വീട്ടിൽ നിൽക്കാൻ വരുന്നുണ്ടെന്ന് വിളിച്ചുപറഞ്ഞപ്പോൾ എന്തേ മോളെയെന്ന് വേപഥുവോടെ ചോദിക്കുന്ന അമ്മയെ ശകാരിച്ചുകൊണ്ട് ചേച്ചി ഈ വീട്ടിൽ കുറച്ചു ദിവസം വന്നുനിന്നിട്ട് എത്ര നാളായതാണെന്ന് അനിയത്തി ഓടിവന്ന് ഫോൺ തട്ടിപ്പറിച്ചു..

അച്ഛനും അമ്മയും അനിയത്തിയും ഞാനും കളിക്കൂട്ടുകാരെപോലെ സർവ സ്വാതന്ത്രത്തിൽ ജീവിച്ച വീട്ടിൽ നിന്നും എന്തിനും ഏതിനും സമ്മതം ചോദിക്കേണ്ടുന്ന ഈ വീട്ടിലെത്തിയപ്പോൾ ആരംഭത്തിൽ ഒരു ശ്വാസം മുട്ടലായിരുന്നു..

പോകപ്പോകെ വിവാഹം കഴിഞ്ഞിട്ടും മകൻ തങ്ങളുടെ ചൊല്ലുവാക്കിനപ്പുറം പോകില്ലെന്ന് അഭിമാനത്തോടെ നൂറുവട്ടം പറയുന്ന അച്ഛനും അമ്മയുമായി ഇഴുകിച്ചേർന്നു പോകാനേ സാധിക്കുമായിരുന്നുള്ളു.

പരാതികൾ ഒന്നുമുണ്ടായിരുന്നില്ല അച്ഛനമ്മമാരുടെ സമ്മതം ചോദിച്ചിട്ടാണെങ്കിലും രാജീവേട്ടൻ എല്ലാ ആവശ്യങ്ങളും നടത്തിത്തരുമായിരുന്നു !കുഞ്ഞുണ്ടാകില്ലെന്ന് ഉറപ്പാക്കും വരെയും..

എന്റെ ഓരോ ചികിത്സയോടൊപ്പവും നൂറിടങ്ങളിൽ നേർച്ചകൾ നേരുന്ന സ്വന്തം അമ്മയോട് പോലും ഈ മൂന്നുമാസമായി അനുഭവിക്കുന്ന നോവ് പങ്ക്‌വെച്ചിട്ടില്ല.

രാവിലെ വീട്ടിൽ കൊണ്ടുവന്ന് വിട്ട് രാജീവേട്ടൻ തിരക്കുകൾ പറഞ്ഞ് ഇറങ്ങിപോകുന്നത് ജന്നലയിൽ കൂടി ഞാൻ നോക്കിനിൽക്കുന്നത് കണ്ടിട്ടാകും അനിയത്തി വിദ്യ വന്നെന്നെ പുറകിലൂടെ കെട്ടിപിടിച്ചതും കവിളിൽ നുള്ളിയതും..

“ഒരാഴ്ച്ചയല്ലേ ഏട്ടനെ വിട്ടുനിൽക്കേണ്ടു എന്റെ ചേച്ചിപ്പെണ്ണേ ..അതിനിത്രയും സെന്റി ആയി വിരഹകാമുകി ആകണോ..ഏട്ടൻ ഒഫിഷ്യൽ ടൂർ ഒക്കെ കഴിഞ്ഞു എത്തുംവരെ നമുക്കിവിടെ അടിച്ചുപൊളിക്കാം നീ വന്നേ..”

എന്നെക്കാൾ നാലുവയസ്സിന് ഇളയവളാണ് എങ്കിലും കൂട്ടുകാരോടുള്ള സ്വാതന്ത്രത്തിലാണ് അവളെപ്പോഴും സംസാരിക്കുന്നത്..

ചേച്ചിയെപ്പോലെയല്ല.. നാവിന് സ്വാതന്ത്രമുള്ളത് കൊണ്ട് തന്നെ പഠിപ്പ് കഴിഞ്ഞ് നാലാള് അറിയുന്ന വക്കീൽ ആകുംവരെയും കല്യാണത്തിന് അവളെ നിർബന്ധിക്കില്ലെന്ന് അച്ഛനെയും അമ്മയെയും സമ്മതിപ്പിക്കാൻ അവൾക്ക് കഴിഞ്ഞു.വക്കീലാകാനുള്ള പഠിപ്പ് ഇപ്പോൾ കഴിഞ്ഞതേയുള്ളു..

ബാഗെടുത്ത് അവൾ തന്നെ മുറിയിൽ കൊണ്ടുപോയി വച്ചു..എന്റെയും അവളുടെയും ഒരുമിച്ചുള്ള മുറിയായിരുന്നു അത് ..അന്ന് കിടക്കയുടെ പാതിയും മുറിയുടെ പാതിയും ജനൽ പാതിയും പകുത്ത് ഞങ്ങൾക്കുള്ള അവകാശം പങ്കിട്ടെടുത്തിരുന്നു..

വഴക്കിടുമ്പോൾ പാതി അവകാശങ്ങളിലെ നെല്ലിട വിട്ടുനല്കാതെ രണ്ടുപേരും പോരടിക്കുമായിരുന്നു.
വിധിയിന്ന് കെട്ടുതാലി പോലും പങ്കുവെക്കേണ്ടതെന്ന സാഹചര്യത്തിൽ കൊണ്ടുവന്നാണെന്നെ തള്ളിവിട്ടിരിക്കുന്നത്..

വിവാഹം കഴിഞ്ഞ ശേഷം സിറ്റ് ഔട്ടിനോട് ചേർന്നുള്ള അതിഥിമുറിയിലേക്ക് രാജീവേട്ടനെയും എന്നെയും അമ്മ വിടുമ്പോൾ ധൃതിയിൽ ഓടിവന്ന് ഞാൻ എത്തിനോക്കിയത് എന്റെ പാതി അവകാശമുള്ള ലോകമായിരുന്നു..

അന്ന് ആ മുറി പൂർണമായും വിദ്യയുടേതായി മാറിയത് നോക്കി നിൽക്കുമ്പോൾ വിവാഹശേഷം മകൾക്കായൊരു മുറി ജനിച്ച വീട്ടിൽ അന്യമെന്നത് എവിടെയോ വായിച്ചത് ചെറുനോവോടെ തികട്ടിവന്നു..?കണ്ണാടിയിലെ എനിക്കവകാശപെട്ട ഭാഗത്ത് കുiത്തിവച്ച കുഞ്ഞു കറുത്തപൊട്ടുകൾ എന്നെ നോക്കി ചിരിക്കുന്നു..

ഭർത്താവിന്റെ വീട്ടിൽ രാജീവേട്ടനും എനിക്കും കൂടിയുള്ള മുറി എന്റെ മുറിയല്ലേ എന്നാശ്വസിക്കാൻ ശ്രമിച്ചെങ്കിലും ഒരിക്കലും ഈ വീട്ടിലെ മുറിയോട് തോന്നുന്ന ഇഷ്ടമെനിക്ക് തോന്നിയില്ല..

” വിദ്യമോളെ ദേ നിന്നെ അച്ഛനെന്തിനോ വിളിക്കുന്നുണ്ട് ഒന്ന് അങ്ങോട്ട് ചെന്നേ..”

അമ്മയവളെ ഒഴിവാക്കി എന്നോട് സംസാരിക്കാൻ വന്നതാണെന്ന് മനസ്സിലായതും ഞാൻ മുഖഭാവമോ സ്വരമോ മാറരുതെയെന്ന് ഉള്ളുരുകി സാധാരണ പോലെ നിന്നു..

” ലച്ചു..എന്താ മോളെ ഈ വരവ്..എനിക്കെന്തോ നിങ്ങൾ രണ്ടുപേരും പറഞ്ഞത് വിശ്വാസമായില്ല.. പതിവില്ലാത്ത വിധം നിന്റെ മുഖമത് വിളിച്ചു പറയുന്നുണ്ട്.. എന്തുണ്ടെങ്കിലും അമ്മയോട് പറയണേ.. ഒന്നുമോർത്ത് എന്റെ മോള് വിഷമിക്കരുത്..കുഞ്ഞിന് വേണ്ടി ഇനിയും കാത്തിരുത്തുന്ന ഭഗവാന് എന്റെ മോളുടെ കണ്ണുനീര് കാണാതിരിക്കാനാവില്ല..”

മറുപടിക്കുള്ള വാക്കുകൾ എവിടെയോ നഷ്ടമായെന്ന് എനിക്കറിയാവുന്നതുകൊണ്ട് അമ്മയുടെ നെഞ്ചിലേക്ക് മുഖമമർത്തി ഞാൻ മിണ്ടാതെയിരുന്നു..

എന്റെ വരവിന്റെ ഉദ്ദേശവും ആവശ്യവും അറിഞ്ഞാൽ ഇതൊരു മരണവീട് പോലെ നിശബ്ദമാകും..വേണ്ട ആരെയും നോവിപ്പിക്കാൻ എനിക്ക് വയ്യ..

പതിവ് സന്ദർശനങ്ങളിലെ പോലെ സന്തോഷവതിയായി കാണാത്തത് കൊണ്ടാകും എന്റെ വരവിന് ശേഷം എല്ലാവരിലും ഒരു മൗനം തളം കെട്ടിയത്..

പറഞ്ഞുറപ്പിച്ച ദിവസങ്ങൾ തീരുന്നതിന്റെ തലേന്ന് രാജീവേട്ടന്റെ അമ്മയെന്നെ വിളിച്ചു..

“എന്തായി ലക്ഷ്മി..നീ സംസാരിച്ചോ വീട്ടിൽ? എന്ത് പറഞ്ഞു അവർ.. അനുകൂലമായ ഒരു മറുപടി അവരിൽ നിന്നും വാങ്ങിയെടുക്കുകയെന്നത് നിന്റെയും കൂടി ആവശ്യമാണ് മറക്കണ്ട..നാളെ നിന്നെ കൊണ്ടുവരാൻ വരുന്നത് ഞാനും അച്ഛനും കൂടിയാണ് ..അവിടുന്ന് അനുകൂലമായൊരു സംസാരം ഞാനാവശ്യപ്പെട്ട കാര്യത്തിൽ ഉണ്ടായില്ലെങ്കിൽ നീ അവിടെത്തന്നെ നിൽക്കും..”

“അറിയാം ” എന്നൊരു വാക്കിനപ്പുറം ഒന്നും പറയാനില്ലാതെ ഞാൻ മിണ്ടാതിരുന്നത് കൊണ്ടാകും അമ്മ ഫോൺ കട്ട് ആക്കി..

പിറ്റേന്ന് അവർ വരുന്ന വിവരം ഞാൻ വീട്ടിലാരെയും അറിയിക്കാത്തതുകൊണ്ട് അച്ഛനും അമ്മയും പ്രതീക്ഷിക്കാതെ വന്ന അതിഥികളെ കണ്ട് അത്ഭുതപ്പെട്ടു.

ഞാൻ വരാൻ പറഞ്ഞിട്ടാണ് അവർ വന്നതെന്നും രാജീവേട്ടനെ രണ്ടാമതും വിവാഹം കഴിപ്പിക്കാൻ ഞാൻ നിര്ബന്ധിക്കുകയാണെന്നും അതിന്റെ പേരും ചൊല്ലി ഞങ്ങൾ രണ്ടും എന്നും വഴക്കാണെന്നുമുള്ള നുണകൾ ഒരറപ്പുമില്ലാതെ അവർ ശർദ്ധിക്കുന്നത് ഞാൻ അമ്പരപ്പോടെ കേട്ടുനിന്നു.

മരുമകളായി ലക്ഷ്മിക്ക് പകരം വേറൊരാൾ വരുന്നത് ഞങ്ങൾക്ക് സഹിക്കാൻ കഴിയില്ല എന്ന് മറുപടി പറഞ്ഞതിന് കുഞ്ഞിനെ തരാൻ കഴിയാത്ത എനിക്കിനി ഇവിടെ ജീവിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് ഇറങ്ങിപ്പോരാൻ നിന്ന എന്നെ നിർബന്ധിച്ച് മകന്റെ കൂടെ വിട്ടതാണെന്ന് അമ്മായിഅച്ഛൻ പതറിയ ശബ്ദത്തിൽ പറയുന്നത് കേട്ട് എന്റെ അച്ഛനും അമ്മയും കരയാൻ തുടങ്ങി..

തുടക്കത്തിൽ അവരെന്തിനു വേണ്ടിയാണ് ഇങ്ങനെയെല്ലാം വളച്ചൊടിച്ചു സംസാരിക്കുന്നതെന്ന് എനിക്ക് മനസിലായില്ലെങ്കിലും പിന്നെയുള്ള അമ്മയുടെ സംസാരത്തിന്റെ ഗതിയിൽ എനിക്ക് വ്യക്തമായി എന്റെ ഭർത്താവിന്റെ രണ്ടാം ഭാര്യയായി എന്റെ പൊന്നനുജത്തിയെ കൊണ്ടുവരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു എന്ന് വരുത്തി തീർക്കാനാണ് അവരുടെ ശ്രമമെന്ന്..

വേറൊരു പെൺകുട്ടിയെ മരുമകളാക്കാൻ അവർക്ക് നിസ്സാരമായി സാധിക്കും പക്ഷേ കുട്ടികളില്ലാ ത്തതിന്റെ പേരിൽ എന്നെ ഉപേക്ഷിക്കാൻ അവർക്ക് വയ്യ.. മാത്രമല്ല എനിക്ക് പകരമൊരു പെൺകുട്ടിയും വീണ്ടുമൊരു വിവാഹധൂർത്തും അവർ ചിന്തിക്കുന്നില്ല .. ചേച്ചിയും അനിയത്തിയാകുമ്പോൾ പരസ്പരം അറിഞ്ഞുകൊണ്ട് തന്നെ ഒരേ വീട്ടിൽ നിൽക്കാമല്ലോയെന്നും ആർക്കും സങ്കടപെടേണ്ട കാര്യമില്ലെന്നുമൊക്കെ അവർ മകനുമായി ആലോചിച്ചപ്പോൾ അവർക്കും എന്റെ ആഗ്രഹം ശരിയാണെന്ന് തോന്നിയത് കൊണ്ടാണത്രേ ഈ വരവ്..

നുണകൾക്ക് മേലെ നുണകളെ വച്ചുകെട്ടി എല്ലാവരുടെയും മുൻപിൽ ഭർത്താവിനെയോ കുടുംബത്തെയോ വിട്ടുപോകാൻ സാധിക്കാത്തതിനാൽ സ്വാർത്ഥയായ ഞാനുന്നയിക്കുന്ന ആവശ്യമായി ആ വിവാഹാലോചന മാറുന്നത് ഞാൻ കണ്ടുനിന്നു..

ഇളയവളോട് ചോദിച്ച് മറുപടി അറിയിക്കാമെന്ന് എന്റച്ഛൻ നിസ്സഹായതയോടെ പറയുന്നത് കേട്ടപ്പോൾ ചങ്കിടിഞ്ഞുപോയി.

അച്ഛനും അമ്മയ്ക്കും മൂത്ത മകളും ഇളയമകളും ഒരുപോലെയാണ് ..വിവാഹിതയായ മകളെ തിരികെ വീട്ടിലേക്ക് കൊണ്ടുവരുന്നതിന്റെ പ്രത്യാഘാതം അനിയത്തിയുടെ ഭാവിയെ ബാധിച്ചേക്കാം മാത്രമല്ല ഇവർ പറഞ്ഞതുപോലെ ചെയ്യാമെന്ന് സമ്മതിച്ചാലും ചേച്ചിക്ക് വേണ്ടി അനിയത്തി ത്യാഗം ചെയ്യുമോയെന്നുള്ള ആശങ്കയോടെയാണ് വന്നവരെ അവർ മടക്കിയയച്ചത്..

അന്ന് മുഴുവൻ ഞാൻ മുറിയിൽ ഒറ്റക്കായിരുന്നു. അന്നാദ്യമായി എനിക്കെന്റെ പാതി അവകാശത്തോടുള്ള മുറി അന്യമായി തോന്നി..അനിയത്തിയും അച്ഛനും അമ്മയും അപ്പുറത്തെ മുറിയിൽ ചർച്ചകൾ നടത്തുന്നുണ്ടായിരുന്നു.

വൈകുന്നേരം വരെയും ഞാൻ ചിന്തിച്ചത് രാജീവേട്ടന്റെ വീട്ടുകാരുടെ ബുദ്ധിയെ പറ്റി ആയിരുന്നു .
കുട്ടികളുണ്ടാകാത്ത ചേച്ചിയെ ഒഴിവാക്കാതെ അവളുടെ ജീവിതവും താലിയും പണയവസ്തു വിനെപോലെ വച്ച് അനിയത്തിക്ക് വേണ്ടി വില പേശുക..അതും എന്റെ ആഗ്രഹമെന്ന് വരുത്തിത്തീർത്ത്..

എന്തിനാകും അനിയത്തിയെ തന്നെ വേണമെന്ന് നിർബന്ധം പിടിക്കുന്നതെന്ന് ആലോചിച്ചപ്പോഴാണ് മുൻപെങ്ങോ സംസാരത്തിൽ തിരക്കിട്ട് മകന്റെ വിവാഹം നടത്തിയതിനെപ്പറ്റിയും വിദ്യാഭ്യാസവും ജോലിസാധ്യതയുമുള്ള മരുമകളായിരുന്നെങ്കിൽ നന്നായിരുന്നേനെ അന്നത് ബുദ്ധി പോയില്ലെന്ന് അമ്മ പറഞ്ഞത് ഓർമ വന്നത്..

ഞങ്ങളുടെ വിവാഹസമയത്ത്‌ സാധാരണ ബാങ്കുദ്യോഗസ്ഥനായ രാജീവേട്ടൻ ഇപ്പോൾ മാനേജരാണ് വക്കീലായ മരുമകൾ തീർച്ചയായും അവർക്ക് അഭിമാനം തന്നെ.

വിവാഹകമ്പോളത്തിൽ ചിലപ്പോൾ രണ്ടാമത് വിവാഹം ആലോചിക്കുന്നവർക്ക് കിട്ടുന്നവർ ബന്ധം ഒഴിഞ്ഞവരാകാനോ പ്രായക്കൂടുതൽ ഉള്ളവരാകാനോ സാധ്യത കൂടുതലാണ് ഈ ഒരു ബന്ധുതയിൽ അങ്ങനെയുള്ള യാതൊന്നിനെയും പേടിക്കേണ്ടല്ലോ..

കട്ടിലിൽ ചാരിയിരുന്ന് ഏതോ ലോകത്തിൽ ആലോചനയിലായിരുന്ന എന്നെ മറ്റുള്ളവർ പലതവണ വന്ന് നോക്കിയതൊന്നും എന്റെ ശ്രദ്ധയിൽ പെട്ടില്ല..

എന്തിന് ഞാൻ വീണ്ടും അവിടെ തന്നെ പിടിച്ചുനിൽക്കണം.. അനിയത്തി വഴിയായി കിട്ടുന്ന താലിയുടെ നിലനില്പിനോ ? അതോ മക്കളുണ്ടാകാതെ ബന്ധം ഒഴിപ്പിച്ചു വിട്ടവളെന്ന പേര് കേൾക്കാതിരിക്കാനോ.. ? വേണ്ട എന്റെ ജീവിതം രക്ഷിക്കാൻ അവളുടെ ജീവിതവും സ്വപ്നങ്ങളും കുരുതി കൊടുക്കണ്ട..

എല്ലാം എല്ലാവരോടും തുറന്ന് പറഞ്ഞ് ജീവിതം മുഴുവനും പാതി അവകാശത്തോടെ ജീവിക്കണ്ടാ എന്ന് മനസ്സിൽ തീരുമാനിച്ച് ഈ ബന്ധം അന്തസ്സോടെ വേണ്ടെന്ന് വച്ച് ജീവിക്കാമെന്ന് ഉറപ്പിച്ച് എഴുന്നേറ്റപ്പോഴാണ് ഞാനാ മുറി ഒന്നുകൂടി നോക്കിയത്..

വിവാഹശേഷം അതിഥിയായി വരുന്ന മകൾ ബന്ധം വേർപെടുത്തി സ്വഗൃഹത്തിലേക്ക് മടങ്ങിയാൽ പിന്നെയുള്ള ജീവിതം അച്ഛനെയും അമ്മയെയും ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള ജീവിതമാണ് അല്ലെങ്കിലൊരു ജോലി വേണം …എന്ത് ചെയ്യുമെന്റെ കൃഷ്ണാ!!

ഒരു ജോലി നേടാനുള്ള വിദ്യാഭ്യാസമുണ്ടായിരുന്നെങ്കിൽ ആരുടേയും ജീവിതത്തിൽ തൂങ്ങിനിൽക്കാതെ എനിക്കും ഇറങ്ങിപോകാമായിരുന്നു..

നിസ്സഹായയായി വീണ്ടും ഞാനാ കട്ടിലിലേക്ക് ഇരുന്നു..

” ലച്ചു.. എന്തൊക്കെയാണ് മോളെ ശരിക്കുമുള്ള കാര്യങ്ങൾ അവർ അവർക്ക് അറിയിക്കാനുള്ളത് പറഞ്ഞിട്ട് പോയി പക്ഷേ സത്യമെന്താണ് എന്ന് ഞങ്ങൾക്ക് കേൾക്കേണ്ടതും അറിയേണ്ടതും നിന്നിൽ നിന്നാണ്..”

അച്ഛന്റെ സ്വരം കേട്ടതും ആൾക്കൂട്ടത്തിൽ ഒറ്റപ്പെട്ടുപോയ കുട്ടിക്ക് അഭയം കിട്ടിയപോലെ ഓടിച്ചെന്ന് ഞാനാ നെഞ്ചിലേക്ക് ചാരി ഹൃദയം പൊട്ടി കരഞ്ഞു..

കുഞ്ഞുങ്ങളില്ലാത്തതിന്റെ പേരിൽ വർഷങ്ങളായുള്ള കുiത്തുവാക്കുകളും മൂന്നുമാസത്തോളമായി അനുഭവിക്കുന്ന മാനസിക ശാiരീരിക പീiഡനവും ഇതുവരെ അവിടെ നടന്ന എല്ലാ കാര്യങ്ങളും തേങ്ങലോടെ വിവരിക്കുമ്പോൾ പലപ്പോഴുമെന്റെ നിയന്ത്രണം വിട്ട് ഞാൻ വാവിട്ടു കരഞ്ഞു..

കുഞ്ഞിനെ പ്രസവിക്കാനും താലോലിക്കാനും എനിക്കുള്ള ആഗ്രഹം പോലെ അവരുടെ മകന്റെ കുഞ്ഞിനെ കൊഞ്ചിക്കാൻ അവർക്കും ഉണ്ടാകും ആഗ്രഹങ്ങൾ പക്ഷേ ഇത്രെയും വർഷങ്ങളായി അതിന് വേണ്ടി പഴി കേട്ടതും വേദനകൾ സഹിച്ച് ചികിത്സയിലൂടെ കടന്ന് പോയതും അത് നടന്നുകാണാനുള്ള ആഗ്രഹം കൊണ്ടായിരുന്നു എന്നിട്ടും കുറ്റപ്പെടുത്തലുകൾ മാത്രം ബാക്കി.

നിവൃത്തിയില്ലാതെ വേറെ വിവാഹം ആലോചിച്ചോളാനും എനിക്ക് ഡിവോഴ്സ് തന്നോളാനും ഞാൻ പറഞ്ഞത് നേര് തന്നെ , അതിനവർ അനിയത്തിയെ ഇതിൽ പിടിച്ചിട്ടത് നഷ്ടപരിഹാരമൊന്നും ചിലവാകാതെ തന്നെ വീട്ടിലൊരു ജോലിക്കാരിയെ പോലെ ഞാനും ഉണ്ടാകുമല്ലോ എന്നോർത്തിട്ടാണ്..

എങ്ങനെ ഇതെല്ലാം നിങ്ങളെ അറിയിക്കുമെന്ന് ആലോചിച്ച് തീ പിടിച്ച മനസ്സോടെ നടന്ന ഞാൻ ജീവിതം അവസാനിപ്പിക്കാൻ വരെ ആലോചിച്ചെന്ന് പറഞ്ഞതും അനിയത്തിയെന്നെ കെട്ടിപിടിച്ചു.

” വിവാഹവും കുഞ്ഞുങ്ങളും കുടുംബജീവിതവും എന്റെ സ്വപ്‌നങ്ങൾ ആയിരുന്നില്ല ചേച്ചി.എനിക്കറിയാം നീ രാജീവേട്ടനെ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്ന് അത്രത്തോളം എന്നെയും അതുകൊണ്ട് തന്നെയാണ് എന്ത് തീരുമാനമെടുക്കണമെന്നറിയാതെ പതറിയതും.. നിന്റെ കണ്ണുനീര് കാണാൻ ഞങ്ങൾക്കാർക്കും വയ്യ.. അച്ഛാ ..അവരെ വിളിച്ചറിയിച്ചേക്കു എനിക്ക് സമ്മതമാണെന്ന് പക്ഷേ ഭാര്യ ഭർതൃ ബന്ധമെന്ന രീതിയിൽ ഞങ്ങൾ തമ്മിൽ ഒന്നുമുണ്ടാകില്ല ഒരു കുഞ്ഞ് ചേച്ചിയുടെയും സ്വപ്നമാണ് അതിനുവേണ്ടുന്ന സാങ്കേതികവിദ്യകൾ ഇന്നുണ്ടല്ലോ അത് വഴി കുഞ്ഞായാൽ പിന്നെ എനിക്കെന്റെ വഴി…”

“മോളെ ..എന്തൊക്കെയാണ് നീയി പറയുന്നത് അവർ വേറെ വിവാഹം കഴിപ്പിക്കട്ടെ നിന്റെ ജീവിതം പന്താടാൻ ഞാൻ സമ്മതിക്കില്ല..”

ഞാനത് പറഞ്ഞ് അവളെ പുറകിലേക്ക് തള്ളി.. രാജീവേട്ടനെ ഇന്നുവരെയും സ്വന്തം ഏട്ടന്റെ സ്ഥാനത്ത് കണ്ടവൾ എനിക്ക് വേണ്ടിയാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് ഉള്ളുരുക്കത്തോടെ ഞാനറിഞ്ഞു..

എത്ര വഴക്കിട്ടാലും ചേച്ചിയെ ജീവനാണവൾക്ക് അതുകൊണ്ടാണ് ചിത്രശലഭത്തെപ്പോലെ പാറിനടക്കുന്നവൾ എനിക്ക് വേണ്ടി പൊടുന്നനെ കല്ലെടുക്കാൻ ശ്രമിക്കുന്ന തുമ്പിയായത്..

” മതി രണ്ടാളും തീരുമാനമെടുക്കാൻ വരട്ടെ ഞാനും അച്ഛനും ഇപ്പോഴും ജീവിച്ചിരുപ്പുണ്ട് ഞങ്ങളും ഒന്ന് ആലോചിക്കട്ടെ എന്ത് വേണമെന്ന്…”

അച്ഛന്റെ കയ്യിൽ വലിച്ച് അമ്മ മുറിക്ക് പുറത്തേക്ക് നടന്നു..

രാത്രിയിൽ എല്ലാവരും ഒത്തുകൂടി ..നീ പറഞ്ഞതെല്ലാം സമ്മതത്തോടെയല്ലേയെന്ന് വിദ്യയോട് അച്ഛന്റെ ചോദ്യത്തിന് സ്വരം പതറിയെങ്കിലും അവൾ അതെയെന്ന് അറിയിച്ചു..

എനിക്ക് സമ്മതമല്ലെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് ഞാൻ എഴുന്നേറ്റ് അകത്തേക്ക് നടന്നെങ്കിലും അന്ന് രാത്രി രാജീവേട്ടന്റെ വീട്ടിൽ വിളിച്ച് പിറ്റേന്ന് തന്നെ വീട്ടിലേക്ക് വരണമെന്ന് അച്ഛനാവശ്യപ്പെട്ടു..

കലങ്ങിമറിഞ്ഞ എന്റെ മനസ്സിന്റെ വേവലാതികൾ മാറി എല്ലാം ശുഭമായി അവസാനിക്കാൻ തറവാട്ടമ്പലത്തിൽ വിളക്ക് വച്ച് പ്രാർത്ഥിക്കാനായി എന്നെയും അനിയത്തിയേയും അച്ഛനോടോപ്പം രാവിലെ തന്നെ അമ്മ വിട്ടു..

മടങ്ങിവരുമ്പോൾ ഞങ്ങളെയും കാത്ത് രാജീവേട്ടനും കുടുംബവും സന്തോഷത്തോടെ കാത്തിരിപ്പുണ്ടായിരുന്നു.. ആ മുഖങ്ങളിലെ സ്നേഹപ്രകടനങ്ങൾ കാണുംതോറും അടക്കിപിടിക്കാൻ ശ്രമിച്ചിട്ടും സാധിക്കാതെ എന്റെയുള്ളിൽ ഞാനറിയാതെ വെറുപ്പ് നിറയാൻ തുടങ്ങി..

” രാജീവേ നീട്ടിവളച്ച് കാര്യങ്ങൾ അവതരിപ്പിക്കുന്നില്ല ഞങ്ങൾ തീരുമാനിച്ചത് നിങ്ങളെ അറിയിക്കാം..”

അമ്മ ഗൗരവത്തോടെ വിഷയത്തിന് തുടക്കമിട്ടു..

” ലക്ഷ്മിയെ , രാജീവന്റെ കൈകളിലേക്ക് ഏൽപ്പിക്കുമ്പോൾ അവൾക്ക് കുഞ്ഞുങ്ങളുണ്ടാകുമോ എന്ന് പരീക്ഷിച്ചു ഞങ്ങൾ നോക്കിയിരുന്നില്ലല്ലോ അതുപോലെ ചേച്ചി പെറില്ലെന്ന് കരുതി അനിയത്തിയെ കെട്ടിച്ചുവിടുമ്പോഴും നോക്കാൻ കഴിയില്ല അതുകൊണ്ട് കുഞ്ഞുങ്ങളുണ്ടാകുമോയെന്ന പരീക്ഷണങ്ങൾക്ക് വിട്ടുതരാൻ തൽക്കാലം ഞങ്ങൾക്കിവിടെ മക്കളില്ല.. കുട്ടികളില്ലാത്തതിന്റെ പേരിൽ ഉപേക്ഷിക്കപ്പെടുന്ന മൂത്ത മകൾ ഞങ്ങൾക്കൊരു ഭാരവുമല്ല ..നിങ്ങൾക്കാണല്ലോ വീണ്ടുമൊരു വിവാഹത്തിന് ആവശ്യം അതുകൊണ്ട് എത്രെയും പെട്ടെന്ന് ബന്ധം വേർപെടുത്താനുള്ള കാര്യങ്ങൾ നടത്താം..”

പ്രതീക്ഷിച്ച വാക്കുകൾക്ക് പകരം കേട്ടതാകാം ദേഷ്യവും അപമാനവും മൂലം വന്നവരുടെ മുഖങ്ങൾ ചുവന്ന് തിണിർക്കുന്നത് ഞാൻ കണ്ടുനിന്നു..

“ലച്ചു ..നിന്റെ വേവലാതികൾ ഒരു പരിധിവരെ പലയിടത്തും ശരിയാണ് വിവാഹിതയായ മകൾക്കായി മുറിയാരും ഒരുക്കിയിടാറില്ല പക്ഷേ ഞാനും നിന്റെ അച്ഛനും ആ ഗണത്തിൽ പെടില്ല നീയൊരിക്കലും ഞങ്ങൾക്ക് ഭാരമല്ല..ഈ വീട്ടിൽ ഇനി അതിഥികൾക്കായി മുറിയില്ല എന്റെ രണ്ടുമക്കൾക്കുമുള്ള മുറി പൂർണമായും നിങ്ങളുടെ സ്വതന്ത്രമാണ്..സ്ഥാനഭ്രഷ്ടയാകുന്ന രാഞ്ജിയാകാൻ ദൈവം നിശ്ചയിച്ചാലും മകളെന്നും അച്ഛനമ്മമാരുടെ രാജകുമാരിയാണ് ..”

ഇന്നലെ രാത്രി തന്നെ എന്റെ മനസ്സ് ചോദിച്ചറിഞ്ഞ് എന്റെ അഭിപ്രായങ്ങൾക്ക് വില നൽകി വേണ്ടുന്ന തീരുമാനമെടുത്ത അച്ഛനെയും അമ്മയെയും ഞാൻ നിറഞ്ഞ സ്നേഹത്തോടെ നോക്കി..

“കുഞ്ഞുങ്ങളെ നമുക്ക് നൽകുന്ന ഈശ്വരൻ ചിലപ്പോൾ ചിലരെ അങ്ങനൊരു ഭാഗ്യം നൽകാതെ കാലാകാലത്തോളം സങ്കടകടലിൽ നിർത്തും അതവരുടെ വിധിയാണ് തെറ്റല്ല ..?ഇനി രാജീവിന്റെ ജീവിതത്തിൽ വരാൻ പോകുന്ന പെൺകുട്ടിക്കും ഇങ്ങനൊരു വിധിയുണ്ടാകാതിരിക്കട്ടെ അത് മാത്രമേ പ്രാര്ഥനയുള്ളൂ “

അമ്മ പറഞ്ഞുകൊണ്ടിരിക്കുന്നത് കേൾക്കാൻ തയ്യാറാകാതെ അവർ പോകാനെഴുന്നേറ്റു..

” രാജീവേ..നിന്നെ ഞങ്ങൾ കുറ്റപ്പെടുത്തുന്നില്ല പക്ഷേ തറവാട് നിലനിർത്താനുള്ള ജനിക്കാത്ത കുഞ്ഞിനെ കരുതിയുള്ള നിന്റെ കരുതലിനെക്കാളും ജനിപ്പിച്ച കുഞ്ഞുങ്ങളോടുള്ള ഉത്തര വാദിത്തമാണ് ഞങ്ങൾക്ക് വലുത് അതുകൊണ്ട് എത്രെയും പെട്ടെന്ന് കോടതിനടപടികൾ തീർക്കാനുള്ള കാര്യങ്ങൾ ചെയ്യണം അവൾക്ക് അടുത്താഴ്ച മുതൽ മുടങ്ങിപ്പോയ പഠിപ്പ് തുടങ്ങാനുള്ളതാണ്..”

അഭിമാനത്തോടെ അച്ഛനെന്നെ ചേർത്തുപിടിച്ച് എനിക്കായി ഒരുക്കിയ മുറിയിലേക്ക് തിരിച്ചു നടന്നു..

എന്റെയിഷ്ട നിറമായ ചുവപ്പ് ജന്നൽവിരികളാൽ എന്നത്തേക്കാളും മനോഹരമായി ഒരുക്കിയ ആ മുറിയിലേക്ക് കയറുമ്പോൾ ഞാനറിഞ്ഞു ഏത് ലോകത്തിൽ പോയാലും എന്ത് സ്വർഗം കിട്ടിയാലും എപ്പോഴും മടങ്ങി വരാൻ സ്വാതന്ത്ര്യമുള്ള സ്വന്തം വീട്ടിലെ മുറി തന്നെയാണ് എന്നും പെണ്കുട്ടികൾക്ക് ഭൂമിയിലെ അവകാശമുള്ള സ്വർഗ്ഗമെന്ന് ….

You may also like

Leave a Comment