രാത്രിയിൽ സുമേഷിന്റെ നെഞ്ചിൽ തല ചായ്ച്ചു കൊണ്ട് കിടക്കുമ്പോൾ രോഹിണിയുടെ ശബ്ദം സുമേഷിന്റെ ചെവിയിലേക്ക് ആഴ്ന്നിറങ്ങി…

by pranayamazha.com
9 views

അറിയാതെ…

രചന: Unni K Parthan

::::::::::::::::::::

എന്നെ ഡിവോഴ്സ് ചെയ്തേക്ക് സുമേഷേട്ടാ…രാത്രിയിൽ സുമേഷിന്റെ നെഞ്ചിൽ തല ചായ്ച്ചു കൊണ്ട് കിടക്കുമ്പോൾ രോഹിണിയുടെ ശബ്ദം സുമേഷിന്റെ ചെവിയിലേക്ക് ആഴ്ന്നിറങ്ങി.

ഏട്ടന്റെ ഒരു കുഞ്ഞിന് ജന്മം തരാൻ കഴിയാതെ ന്തിനാ ഏട്ടാ ഇനിയുള്ള ജീവിതം എന്നെ കൂടെ കൂട്ടുന്നത്. എല്ലാരും പറയുന്നത് ശരിയാ…ഞാൻ മച്ചിയാ…എന്നെ കൂടെ കൂട്ടിയാൽ ഇനി വീട്ടിൽ ഏട്ടനും ഒരു സ്വസ്ഥത ഉണ്ടാവില്ല. എന്നെ പറയുന്ന കുത്തു വാക്കുകൾ ഒരിക്കലും ഏട്ടന് താങ്ങാൻ കഴിയില്ല. ഞാൻ ഇറങ്ങി തരാം ഏട്ടാ…രോഹിണി ഉള്ളിൽ തികട്ടി വന്ന വിങ്ങൽ പുറത്തേക്ക് വിടാതെ നേർത്ത ശബ്ദത്തിൽ പറഞ്ഞു.

രോഹിണി എന്നെ ആദ്യം എന്നാണ് കണ്ടത്…? സുമേഷിന്റെ ചോദ്യം അവളിൽ പെട്ടന്ന് ഒരു ഞെട്ടലുണ്ടാക്കി.

ന്തേ ഏട്ടാ അങ്ങനെ ചോദിച്ചത്….?

ചോദിച്ചതിന് മറുപടി പറ.

അറിയില്ല.

ഞാൻ പറഞ്ഞ ഓർമ്മയുണ്ടോ…ഞാൻ എന്നാണ് രോഹിണിയെ കണ്ടതെന്ന്….

ഉവ്വാ…

മ്മ് പറാ…എന്നാണ് ഞാൻ കണ്ടത്…?

നിതീഷേട്ടന്റെ കല്യാണത്തിന്…രോഹിണി പറഞ്ഞു.

എന്നെ എന്നാണ് രോഹിണി ആദ്യം കാണുന്നത്….?

വീട്ടിൽ പെണ്ണ് ചോദിച്ചു വരുമ്പോൾ…

അന്ന് എന്നോട് ഇഷ്ടം ഉണ്ടായിരുന്നോ നിനക്ക്…?

ഇല്ല…

ന്തായിരുന്നു കാരണം….?

അതൊക്കെ ഏട്ടനും അറിയാമല്ലോ…പിന്നെ ന്തിനാ ഇപ്പോൾ അതൊക്കെ ചോദിക്കുന്നത്.

നീ പറ…ന്താണ് അന്ന് എന്നെ ഇഷ്ടമാവാതെ പോയത്.

അതു പിന്നെ…എനിക്ക് നിരഞ്ജനെ ഇഷ്ടം ആയിരുന്നു.

ആ ഇഷ്ടം എന്നോട് പറഞ്ഞിരുന്നോ രോഹിണി വിവാഹത്തിന് മുൻപ്…

ഇല്ല…

പലവട്ടം നമ്മൾ സംസാരിച്ചിട്ടും ഒരിക്കൽ പോലും എന്നോട് എന്നെ ഇഷ്ടമല്ല എന്ന് പറഞ്ഞിട്ടില്ല…

ഇല്ല…

ന്താ അന്ന് പറയാതിരുന്നത്…

അച്ഛനെ പേടി…ഏട്ടനെ പേടി…അമ്മാവന്മാരെ പേടി…അതു കൊണ്ട് പറഞ്ഞില്ല. പിന്നെ തുറന്നു പറഞ്ഞാൽ നിരഞ്ജനെ അവർ ന്തെങ്കിലും ചെയ്യുമോ എന്നുള്ള പേടി വേറെയും…

നിരഞ്ജൻ നിന്റെ വിവാഹം എങ്ങനെ ഉൾകൊണ്ടു…?

recommended by

അറിയില്ല…

മ്മ്…വിവാഹം കഴിഞ്ഞു ഒരുപാട് നാളുകൾക്ക് ശേഷം ആണ് ഇങ്ങനെ ഒരു റിലേഷൻ നിങ്ങൾ തമ്മിൽ ഉണ്ടായിരുന്നു എന്ന് എന്നോട് പറയുന്നത്. ശരിയല്ലേ…?

മ്മ്…അതേ…

അതറിഞ്ഞിട്ടും ഞാൻ രോഹിണിയെ ഒഴിവാക്കിയോ…കുറ്റപെടുത്തിയോ…?

ഇല്ല…

WHITE SMILE
മഞ്ഞ പല്ലുകളോടും വായ നാറ്റത്തോടും വിടപറയൂ!
×
ന്താണ് ഞാൻ പറഞ്ഞത് രോഹിണിയോട്…?

കഴിഞ്ഞതെല്ലാം മറക്കുക, പുതിയ ജീവിതം തുടങ്ങുക…രോഹിണി പറഞ്ഞു.

രോഹിണി എല്ലാം മറന്നിരുന്നോ…

ഉവ്വാ…

ഇപ്പോൾ നമ്മുടെ വിവാഹം കഴിഞ്ഞിട്ട് വർഷം എത്രയായി…?

ഒമ്പത്….രോഹിണി പറഞ്ഞു.

കുട്ടികൾ ഇല്ലാത്തത് നമുക്കിടയിൽ ഒരു വിഷമമായി വന്നിട്ടുണ്ടോ എന്നെങ്കിലും…കൈവിരൽ കൊണ്ടു പതിയെ രോഹിണിയുടെ നെറ്റിയിൽ തലോടി കൊണ്ടു ചോദിച്ചു.

ന്തേ ഏട്ടാ ഇപ്പോൾ അങ്ങനെ ചോദിച്ചത്…?

പറ അങ്ങനെ ഞാൻ പെരുമാറിയിട്ടുണ്ടോ…?

ഇല്ല ഏട്ടാ…നെഞ്ചിലേക്ക് കൂടുതൽ ചേർന്നു കൊണ്ടു രോഹിണി പറയുമ്പോൾ അവളുടെ കണ്ണുനീർ വീണു സുമേഷിന്റെ നെഞ്ചിൽ നനവ് പടർന്നു.

ഒരൊറ്റ വാക്ക് മാത്രം പറഞ്ഞു ഞാൻ നിർത്താം പിന്നെ ഈ കാര്യത്തിൽ എന്നോട് ചോദിക്കരുത് പറയരുത്…സുമേഷിന്റെ ശബ്ദത്തിലെ ഗൗരവം ശരിക്കും രോഹിണിയുടെ ഉള്ളിൽ ഒരു പേടി നിറച്ചു.

ജീവിതത്തിൽ ഞാൻ രോഹിണിയെ കൂടെ കൂട്ടിയത് കൂടെ എനിക്കൊരു തുണ വേണം എന്ന് എനിക്ക് തോന്നിയപ്പോൾ ആണ്. അങ്ങനെ എനിക്ക് മോഹം തോന്നിയതു നിന്നേ ആദ്യം കണ്ടമാത്രയിൽ തന്നെ ആയിരുന്നു. ജീവിതത്തിൽ ഇനി എന്റെ നേർപകുതി രോഹിണി ആണ് എന്ന് എന്റെ ഉള്ളിൽ പറഞ്ഞ ആ നിമിഷം ഞാൻ കൂടെ ചേർത്ത് പിടിച്ചു തുടങ്ങിയിരുന്നു. പിന്നീട് ന്റെ വലം കയ്യിൽ പിടിച്ചു തരുമ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു എനിക്ക്. ആ സന്തോഷം ഈ ഇരിക്കുന്ന നിമിഷം വരെയും എന്റെ കൂടെയുണ്ട്. മറ്റൊരാളെ ജീവന് തുല്യം സ്നേഹിച്ച രോഹിണിയെ എന്നിലേക്ക് ചേർത്ത് പിടിച്ചപ്പോളെല്ലാം എന്നിൽ നിന്നും അകന്ന് മാറി പോയ ഒരു കാലമുണ്ടായിരുന്നു തനിക്കു…ഓർമ്മയുണ്ടോ…?ഉവ്വാ…

ആ അകന്ന് മാറലിനുള്ള കാരണം ഞാൻ അറിഞ്ഞപ്പോൾ ഞാൻ പിടഞ്ഞു പോയ നിമിഷങ്ങൾ…ആ വേദന…ഈ ഇരിക്കുന്ന നിമിഷം വരേയും ഞാൻ രോഹിണിയെ അറിയിച്ചിട്ടില്ല…പക്ഷെ…ഇപ്പോൾ ന്റെ നെഞ്ചിൽ ചേർന്ന് കിടന്നു പറഞ്ഞുല്ലോ…ഡിവോഴ്സ് ചെയ്തോളാൻ…നിന്നെ അരുതാത്ത വാക്കുകൾ വിളിച്ചു ആരെങ്കിലും സങ്കടപെടുത്തിയാൽ ചിലപ്പോൾ ഞാൻ അവരെ വേണ്ടെന്നു വെക്കും…പക്ഷെ ഞാൻ രോഹിണിയെ കൈവെടിയില്ല…മക്കളില്ല എന്നുള്ള ഒരു തോന്നൽ കൊണ്ടു ഇനി എന്നോട് അരുതാത്തതു പറഞ്ഞാൽ ആ നിമിഷം ഞാൻ ന്റെ ഈ ജീവിതം അങ്ങ് അവസാനിപ്പിച്ചു കളയും. പിന്നെ ഡിവോഴ്സ് എന്ന ഒരു ആവശ്യം തനിക്കു ആവശ്യം വരില്ല. ഇടറി കൊണ്ടായിരുന്നു സുമേഷിന്റെ വാക്കുകൾ പുറത്തേക്ക് വന്നത്.

ഏട്ടാ…മാപ്പ്…ഒന്നുടെ അവനെ മുറുകെ പുണർന്നുകൊണ്ട് രോഹിണി അവനിലേക്ക്‌ പടരാൻ തുടങ്ങി….

You may also like

Leave a Comment