മനസ്സിൽ വന്ന അരിശം മുഴുവൻ ഒരിറക്ക് വെള്ളം വലിച്ചുകുടിച്ച് അക്കൂടെ വിഴുങ്ങിയ ശേഷം സ്നേഹം…

by pranayamazha.com
5 views

എഴുത്ത്: ലിസ് ലോന

“എടീ സാലമ്മേ ഇന്ന് വൈകുന്നേരമാണ് അവരുടെ ഫ്ലൈറ്റ്.. നീയാ ഉണ്ടയും കിടുതാപ്പും ഇന്നെങ്ങാനും പൊതിഞ്ഞു തീർക്കുമോ..”

കണ്ണാടിക്ക് മുൻപിൽ നിന്ന് ഒരുങ്ങുന്നതിനിടക്ക് അകത്തേക്ക് നോക്കി എന്നോട് പറയുന്നതിനിടയിൽ ബാബുച്ചായൻ ചുളിവ് തീർന്ന് വടിപോലെ നിൽക്കുന്ന സിൽക്ക് ജൂബാ ഒന്നുകൂടി വലിച്ചിടുന്നതും മടക്കിവച്ച കൈ ഉഴിഞ്ഞ് വിരലിൽ കിടന്ന നവരത്നമോതിരം ശരിക്കിടുന്നതും തുറന്ന് കിടക്കുന്ന വാതിലിൽ കൂടി കാണാം.

ബാബുച്ചായന്റെ പെങ്ങൾ ലീലാമ്മയും ഭർത്താവ് ചെറിയാച്ചനും ഇന്ന് വൈകുന്നേരത്തെ ഫ്ലൈറ്റിന് മകളുടെ പേറിനും കൊച്ചിനെ നോക്കാനുമൊക്കെയായി ദുബായ് വഴി ന്യൂസിലാൻഡിലേക്ക് പോകുകയാണ്.

നാത്തൂൻ പോകുന്നുണ്ടെന്ന് കേട്ടപ്പോൾ മുതൽ തുടങ്ങിയ എരിപൊരി സഞ്ചാരമാണ് എനിക്ക് .എങ്കിലും അതെല്ലാം മനസ്സിലൊതുക്കി പെങ്ങളെ ജീവനായി കരുതുന്ന എന്റെ മാപ്ലയെ പേടിച്ച് ക മാ ന്നൊരക്ഷരം മിണ്ടാതെ അങ്ങേര് ആവശ്യപ്പെട്ട വിധം അവിലോസുണ്ടയും കാ വറുത്തതും അച്ചപ്പവും ഉണ്ടാക്കി പാക്ക് ചെയ്തു.

മോളെകുറിച്ചുള്ള നാത്തൂന്റെ പൊങ്ങച്ച ലിസ്റ്റിൽ ഇനി അവിടെ പോയി വന്നാലുള്ള കഥകൾ കൂടി ഉണ്ടാകുമല്ലോ എന്നോർക്കുമ്പോഴേ വിമ്മിഷ്ടം കൂടുകയാണ്.

ഇവിടുത്തെ മോളും അവരുടെ മോളും ഒന്നര വയസ്സിന്റെ വ്യത്യാസമേയുള്ളൂ പഠിച്ചതും ഒരേ സ്കൂളിലും കോളേജിലും ഒരുമിച്ച് , രണ്ടിനേം കെട്ടിച്ചതും പേരെടുത്ത തറവാട്ടിലേക്ക്.ബിസിനസ്കാരനായ കെട്ട്യോനേം കൂടി ലോകം മുഴുവൻ കറങ്ങാൻ പോകുന്ന അവൾക്ക്…എന്റെ മോൾക്ക് ഒരുതവണ..ഒറ്റത്തവണ തള്ളയെ കൊണ്ട് പോകാൻ തോന്നിയിട്ടില്ല. നാണമില്ലാതെ നമുക്കങ്ങു ചോദിക്കാനും പറ്റില്ലല്ലോ.

മെഡിക്കൽ കോളേജിലെ ഡോക്ടറായിരുന്ന നാത്തൂന്റെ മരുമകൻ ലോങ്ങ് ലീവെടുത്ത് ന്യൂസിലാൻഡിലേക്ക് പോയപ്പോഴേ മോളെയും മൂത്ത കൊച്ചിനെയും അങ്ങ് കൊണ്ട് പോയി.. അവര് പോയേന്റെ പിറ്റേന്ന് തൊട്ട് നാത്തൂന്റെ കെട്ടിലും മട്ടിലും ആകെയൊരു പത്രാസാണ്.

പേറെടുക്കാൻ നാത്തൂൻ പോകുന്നുണ്ടെന്ന് ഉറപ്പായപ്പോൾ മുതൽ ഞാനിവിടുത്തെ പെണ്ണിനോട് നിങ്ങക്കും പോയി വേറെ വല്ല നാട്ടിലും സെറ്റിലായിക്കൂടെന്ന് ചോദിച്ചതാ.. അമ്മച്ചിക്ക് പേറെടുക്കാൻ വരാനും നാട് കാണാനുമായി ഞങ്ങക്ക് വേറെ നാട്ടിൽ പോയി നില്ക്കാൻ പറ്റോന്ന് ആ സാമദ്രോഹി ഒരു ചോദ്യമാണ്!

അല്ലെങ്കിലും എനിക്കീ നാട്ടിലെ കാറ്റും മഴയും കൊണ്ട് ചാകാനാ വിധി ! വല്ല ക്യാനഡയിലോ മറ്റോ പോയി മഞ്ഞുകൊണ്ട് അല്ല മഞ്ഞു കണ്ടുകൊണ്ട് മരിക്കാനുള്ള യോഗം നിനക്ക് തന്നൂടെ വ്യാകുലമാതാവേ.

ഒരേ ഇടവക ആയതുകൊണ്ട് നാത്തൂൻ പോയിക്കഴിഞ്ഞാൽ കുടുംബസമ്മേളനത്തിനും മറ്റുമായി വീട്ടിലെത്തുന്ന കൊച്ചമ്മമാരുടെ മുന വച്ചുള്ള താരതമ്യം കേൾക്കണം..ഞായറാഴ്ച്ച കുർബാനക്ക് പള്ളിയിൽ പോയാലും ഇതൊക്കെ തന്നെ അവസ്ഥ.

അവരുടെയീ യാത്ര ഒന്ന് മുടങ്ങിക്കിട്ടാൻ പുണ്ണ്യാളനു നേർച്ച നേർന്നിട്ടുണ്ട് കൂടുതൽ ഒന്നും വേണ്ട വല്ല ലോക്ക് ഡൌണോ ,വിമാന സർവീസ് താത്കാലികമായി നിർത്താനോ ഒന്നും പറ്റിയില്ലെങ്കി എയർപോർട്ട് തന്നെ പൂട്ടിപോകണേയെന്ന് പ്രാർത്ഥിക്കാനല്ലേ പറ്റൂ.

“സാലമ്മേ…എടീ സാലമ്മേ എന്റെ പേഴ്‌സെവിടെ.. ഒരു സാധനം കാണുന്നിടത്ത് വെക്കില്ല..”

ഓ ഞാനിന്ന് രാവിലെ പുട്ടിന്റെ കൂടെ പേഴ്‌സങ്ങു വിഴുങ്ങി! അല്ല പിന്നെ ! എന്തൊരു തൊന്തരവാണ് കല്യാണക്കെട്ടിന് പോകാനാണോ ഈ മനുഷ്യൻ ഇങ്ങനെ ഒരുങ്ങുന്നത്.. പെങ്ങളും അളിയനും പോകുന്നതിന്റെ സന്തോഷത്തിൽ നിലത്തൊന്നും അല്ല ഇങ്ങേര്..

“ആ അലമാരയിലെ ചെറിയ കള്ളിയിൽ നോക്ക് അച്ചായോ ഞാനിതൊന്ന് തീർത്തിട്ട് വേഗം വരാം..”മനസ്സിൽ വന്ന അരിശം മുഴുവൻ ഒരിറക്ക് വെള്ളം വലിച്ചുകുടിച്ച് അക്കൂടെ വിഴുങ്ങിയ ശേഷം സ്നേഹം വഴിഞ്ഞൊഴുകുന്ന കുടുംബിനിയായി ഉത്തരം കൊടുത്തു.

പെങ്ങളുടെ മകൾക്കും മരുമോനും വേണ്ടി ആങ്ങള ആവശ്യപ്പെട്ടതെല്ലാം ഒരുക്കിക്കെട്ടി ഞങ്ങൾ വീട്ടീന്നിറങ്ങി നടന്നു ..നാല് വീട് അപ്പുറം തന്നെയാണ് അവരുടെ വീടും അതുകൊണ്ട് വീട്ടിന്നെറങ്ങി നടന്നു എന്ന് കേൾക്കുമ്പോ നിങ്ങൾ സംശയിക്കണ്ട കാറുണ്ട് കേട്ടോ ഞങ്ങൾക്ക് ..

ഇച്ചിരെ ദൂരമുള്ളതൊക്കെ നടന്ന് പോയാൽ ആരോഗ്യത്തിന് നല്ലതാണെന്നാണ് അറുപിശുക്കനായ എന്റെ മാപ്ലയുടെ പക്ഷം അല്ലാതെ പെട്രോളിന് വില കൂടുതലായതുകൊണ്ടോ കാശ് ചിലവാക്കാൻ മടി ആയത്കൊണ്ടോ അല്ല.

മൂപ്പർടെ ഈ ഇച്ചിരെ എന്ന് പറയുന്നത് ഒരു മൂന്ന് നാല് കിലോമീറ്ററ് വരെയൊക്കെ പോകും, വയ്യെന്ന് പറഞ്ഞാൽ ബസാ നല്ലതെന്ന് മറുപടി കിട്ടും..
വഴക്കിടാൻ വയ്യെന്നോർത്ത് പെട്രോളിന്റെ വിലകൂട്ടുന്ന മോദിയെ പ്രാകും.. പണ്ടൊരു രാമർ പെട്രോളുണ്ടാക്കാൻ പോയിട്ട് എന്തായോ ആവോയെന്ന് ദെണ്ണപ്പെടും.എന്തായാലും പത്രാസിന് കുറവ് വരുത്തരുതല്ലോ എന്നോർത്തു കാർ ഷെഡിൽ തേങ്ങാച്ചാക്കും അടക്കയും അടുക്കിവെപ്പിച്ച് കാറങ്ങു മുറ്റത്തു ഇടീപ്പിച്ചു ഞാനും എല്ലാരും കാണട്ടെ ന്ന്.

പ്ലാസിറ്റിക് ബാഗുകളിലാക്കി വൃത്തിക്ക് പാക്ക് ചെയ്ത പാക്കറ്റുകൾ തിരിച്ചും മറിച്ചും ഏങ്കോണിച്ചും ചാഞ്ഞും ചെരിഞ്ഞും മണത്തും കാക്കയെപോലെ നോക്കുന്ന നാത്തൂനെ നോക്കി അമ്മച്ചിയാണേ അവിലോസുണ്ടയുടെ പാക്കറ്റെടുത്ത് തലമണ്ടക്ക് ഒന്ന് കൊടുക്കാൻ കലിയും കുശുമ്പും തിങ്ങി നിറഞ്ഞ് എനിക്ക് തോന്നിയതാ പിന്നെയങ്ങു ക്ഷമിച്ചു ! വിളിച്ചാൽ വിളിപ്പുറത്താ പുണ്യാളൻ എന്തെങ്കിലും അത്ഭുതം കാണിക്കാതെ ഇരിക്കില്ല.

യാത്രയാക്കാൻ വന്നവരോട് ന്യൂസിലൻഡിലെ വിശേഷങ്ങൾ പറയുന്ന നാത്തൂനെ കണ്ട് എനിക്കും സംശയമായി ഇനിയിപ്പോൾ ഇവര് പോയി വന്നതാണോ അതോ പോകുന്നതാണോ..നാത്തൂനങ്ങു അവിടുത്തുകാരിയായിട്ടാണ് നിൽപ്പും നടപ്പും ഇരുപ്പും.

ഒറ്റപ്രസവത്തിൽ ഒരാണിനെയും പെണ്ണിനേയും പെറ്റ് പ്രസവകലാപരിപാടി ഏകദേശം തീർത്ത മട്ടിൽ ജീവിക്കുന്ന എന്റെ മോളും മരുമോനും വന്നിട്ടുണ്ട്..
അവരെ നോക്കി ഇതൊന്ന് കണ്ടുപഠിക്കെന്ന് ഞാൻ ചുണ്ട് കോട്ടി. അമ്മച്ചിക്ക് വേറെ പണിയില്ലേ എന്ന് അവള് കണ്ണും പുരികവും കൊണ്ടൊരു ആക്ഷൻ.
നല്ല പ്രായത്തിലോ ഇല്ല ഇനീ ഈ പ്രായത്തിൽ പോലും ലോകം കറങ്ങാൻ കൊണ്ടുപോകാത്ത കെട്ട്യോന്മാരുള്ളവർക്ക് ഇതല്ലേ വഴിയുള്ളുവെന്ന് കണ്ണും ചുണ്ടിന്റെ കോണും ഞാൻ താഴേക്കാക്കി.ഒന്ന് പോയേ ത- ള്ളേ എന്നാണോ എന്നറിയില്ല ഒരു കൈകൊണ്ട് വല്ലാത്തൊരു ആംഗ്യം കാണിച്ച് അവൾ ഞങ്ങളുടെ കഥകളിക്ക് തിരശീലയിട്ട് അപ്പുറത്തെ മുറിയിലേക്ക് നടന്നു.

സാരി ഉടുക്കുന്നതാണ് എന്റെ കെട്ട്യോന് ഇഷ്ടമെന്ന് പറഞ്ഞ് ,ഒരു പൂതിക്ക് ചുരിദാർ തയ്പ്പിച്ച എന്നെ പരിഹസിച്ച് ഇനിയീ പ്രായത്തിൽ ഈ വേഷം കെട്ടൊക്കെ വേണോയെന്ന് ആങ്ങളയോട് ഏഷണികൂട്ടി ചുരിദാറെന്ന എന്റെ ആഗ്രഹത്തിന്റെ കടയ്ക്കൽ മഴു വച്ചവളാണ്..ഇന്നിപ്പോൾ ബോഡി ഷെയ്‌പുള്ള ചുരിദാറും ഇട്ട് മാ- റും ച- ന്തിയും കുലുക്കി അവള് നടക്കുന്നത് കണ്ട് ഞാനെന്റെ കെട്ട്യോന്റെ മുഖത്തേക്കൊന്ന് കോങ്കണ്ണിട്ട് നോക്കി..

എന്നോട് തിരക്കിട്ട് എന്തോ ചോദിക്കാൻ വന്ന കെട്ട്യോൻ ,വന്ന കാര്യം മറന്ന് അതെ വേഗതയിൽ റിട്ടേൺ അടിക്കുന്ന അരണയെപോലെ തലചൊറിഞ്ഞ് അകത്തേക്ക് മുങ്ങിയത് കണ്ട് എനിക്കങ്ങു ഇളകിവന്നതാണ്. ക്ഷമിച്ചു.. പുണ്ണ്യാളനുണ്ടല്ലോ!!

അഞ്ചുമണിയോടെ പോകാനുള്ളവരും യാത്രയാക്കാൻ വന്നവരും കൂടി പ്രാർത്ഥനക്ക് കൂടി..പ്രാർത്ഥിക്കാനും പ്രാർഥനക്കും ഓരോരോ കാരണങ്ങൾ ആണല്ലോ! പെങ്ങളും അളിയനും യാത്രയിൽ മുഴുവൻ സുഖമായിരിക്കണേയെന്നും തിരികെ വരുമ്പോൾ തനിക്കുള്ള കുപ്പി ഓർമിപ്പിക്കാതെ തന്നെ കൊണ്ടുവരാൻ തോന്നണേയെന്നും ബാബുച്ചായൻ പ്രാർത്ഥിച്ചപ്പോൾ വിമാനത്തിൽ മോന്താനുള്ള കള്ള് കിട്ടണേയെന്ന് അളിയൻ പ്രാർത്ഥിച്ചു. എത്ര സന്തോഷം പുറമെ കാണിച്ചാലും കുശുമ്പ് മൂത്ത് എരിപൊരി സഞ്ചാരം കൊണ്ട് നടക്കുന്ന സാലമ്മയെ നോക്കി ചൊല്ലാനുള്ള പ്രാർത്ഥന മറന്ന് ലീലാമ്മ ഗൂഢസ്മിതത്തോടെ നിന്നപ്പോൾ പുണ്യാളനെ നേർച്ചയും കരാറും ഓർമിപ്പിച്ച് ഗംഭീര അടി നടത്തുകയായിരുന്നു സാലമ്മ.

ഇക്കാര്യം നടത്തിത്തന്നില്ലെങ്കിൽ ഇനീ എന്റെ കയ്യീന്ന് ഒറ്റ മെഴുകുതിരി കിട്ടുമെന്ന് കരുതണ്ടേന്ന് മനസ്സിൽ എണ്ണിപ്പെറുക്കുന്ന സാലമ്മയെ നോക്കി പിന്നേയ് നിന്റെ മെഴുകുതിരി വച്ചിട്ടാണല്ലോ എന്റെ കച്ചോടമെന്ന് പല്ലും നാവും കൂട്ടികടിച്ച് കയ്യിലുള്ള കുന്തം കൊണ്ട് കുത്താനോങ്ങി പുണ്ണ്യാളനും നിന്നു ആ മുറിയിൽ.

കൊണ്ടുപോകാനുള്ള ബാഗെല്ലാം വാടകക്ക് വിളിച്ച കാറിൽ നിന്നിറക്കി ട്രോളിയിൽ കൊണ്ടുപോയി വെക്കുന്നതിനിടക്ക് ,എന്റെ വണ്ടിക്കെന്തോ സ്റ്റാർട്ടിങ് ട്രബിൾ ഉണ്ടായിരുന്നു അല്ലെങ്കിലീ കാർ വാടകക്കൊന്നും വേണ്ടായിരുന്നെന്ന് ആങ്ങള പെങ്ങളോട് പറയുന്നതും ഓ മുറിച്ച കൈക്ക് ഉപ്പ് തേക്കാത്ത ആങ്ങളയെ എനിക്കറിയാൻ പാടില്ലേയെന്ന് മനസ്സിലും അതൊന്നും സാരമില്ലെന്റെ ചേട്ടായീന്ന് പുറമെയും ലീലാമ്മയും മൊഴിഞ്ഞു.

” മതി മതി നേരം തെറ്റും.. കഥയും പറഞ്ഞു നിന്നാൽ വിമാനമങ്ങു അതിന്റെ പാട്ടിന് പോകും..”ഒരു കാര്യത്തിനും ഒന്നോരണ്ടോ മിനിറ്റ് വൈകുന്നതോ കാത്തുനിൽക്കുന്നതോ ഇഷ്ടമില്ലാത്ത അളിയൻ എയര്പോര്ട്ടിന് അകത്തേക്ക് പോകാൻ അക്ഷമനായി..

” തൂക്കം കൂടുതൽ ഉണ്ടെങ്കിൽ ഈ കവറിലേക്ക് സാധനങ്ങൾ മാറ്റി കൈപിടിക്കാനാ അവള് പറഞ്ഞേക്കുന്നെ നാത്തൂനെ..” കഴിഞ്ഞ തവണ മോള് വന്നപ്പോൾ കൊണ്ടുവന്ന ഡ്യൂട്ടിഫ്രീ ഷോപ്പിന്റെ പ്ലാസ്റ്റിക് കൂടുകൾ ഭദ്രമായി നാത്തൂൻ കയ്യിലുള്ള ഹാൻഡ് ബാഗിലേക്ക് മാറ്റുന്നത് ഞാൻ കണ്ടു.

” നിങ്ങള് വിട്ടോ ഇനി നിന്നിട്ടും കാര്യമില്ല ഞങ്ങള് ചെക്കിങ് എല്ലാം കഴിഞ്ഞ് അകത്ത് ഇരിക്കുമ്പോൾ വിളിക്കാം..അവിടെ അതിനുള്ള സൗകര്യമുണ്ട് ന്നാ മോള് പറഞ്ഞത്..” ഹൈ !! ഇതെന്തൊരു പാടാണ് നിങ്ങള് അകത്തേക്ക് പോയാലും ഞങ്ങളിച്ചിരി നേരം നിന്നാലെന്ത് ഇല്ലെങ്കിലെന്ത്..ആകെക്കൂടി ഒന്നീ മനുഷ്യൻ വീട്ടീന്ന് ഇറങ്ങി കുറച്ചുദൂരം കൂടുതൽ വന്നേക്കുന്നതാണ് ,അപ്പോഴേക്കും മടക്കി ഓടിക്കാൻ എന്തൊരു ശുഷ്‌കാന്തി!

“ഓ ആയിക്കോട്ടെ ചേട്ടായീ..ഇനി ഒന്ന് കാണണെങ്കിൽ എത്ര നാൾ കഴിയണം നാത്തൂനെ…” ശട പടോന്ന് കണ്ണീര് വരുത്താൻ തമ്പുരാൻ കഴിവ് തന്നത് നന്നായി! പീച്ചി ഡാം തുറന്നിട്ട പോലെ പൊട്ടിയൊലിച്ച കണ്ണുകൾ സാരിത്തുമ്പ് കൊണ്ട് ഒപ്പി ഞാൻ നാത്തൂനെ കെട്ടിപിടിച്ചു. എന്നെക്കാൾ മികവോടെ പൊട്ടിക്കരഞ്ഞ് നാത്തൂൻ തോൽപിക്കാൻ ശ്രമിച്ചെങ്കിലൂം ഞാൻ വിട്ടുകൊടുത്തില്ല.

പെട്ടിയും പോക്കണവുമായി പത്രാസിൽ റ്റാറ്റാ കാണിച്ച് അകത്തേക്ക് പോകുന്ന നാത്തൂനെ നോക്കി നിൽക്കുമ്പോൾ മേലാസകലം അസൂയ തിങ്ങി നിറഞ്ഞ് ഹൃദയം ഡപ്പാൻ കൂത്ത് കളിയ്ക്കാൻ തുടങ്ങി ,നെഞ്ഞ് ഇപ്പൊ പൊട്ടുമെന്ന അവസ്ഥയായി. വെള്ളം കുടിക്കാനാണോ എന്തോ വല്ലാത്തൊരു പരവേശം.

ദൂരെ സെക്യൂരിറ്റിക്ക് മുൻപിൽ പാസ്സ്പോര്ട്ടും ടിക്കറ്റുമെടുത്ത് നിൽക്കുന്ന ചെറിയാച്ചനും കൂടെ ചേർന്ന് നിന്ന് റേഷന്കാര്ഡും ആധാർകാർഡും ലൈസൻസും കൂടി കാണിക്കാനായി എടുത്ത് നിൽക്കുന്ന നാത്തൂനെയും നോക്കി എന്നാണോ എന്റെ ആധാർകാർഡ് ഒരു ഹിന്ദിക്കാരനെ കാണിക്കാൻ പറ്റുന്നതെന്ന് ഞാൻ ശ്വാസം നീട്ടി വിട്ടു.

മടക്കയാത്രയിൽ വേറെ എവിടെങ്കിലും പോകാനുണ്ടോ സാറെയെന്ന ഡ്രൈവറുടെ ചോദ്യത്തിന് അതിനുള്ള കാശ് സ്വന്തം പോക്കറ്റിൽ നിന്ന് പോയെങ്കിലോ എന്നോർത്ത് നേരെ വീട്ടിലേക്ക് വിട്ടോയെന്ന് ഒറ്റശ്വാസത്തിൽ ഉത്തരവിടുന്ന മാപ്ലയെ ഞാനൊന്ന് നോക്കി.. എല്ലാം കൂട്ടിവച്ചിട്ട് ഇയാള് കുഴീല് പോകുമ്പോൾ കൊണ്ടുപോകോ ഇതെല്ലാം!

പാതിവഴിയിൽ എത്തിയില്ല അളിയന്റെ ഫോൺ വന്നു…

” നിങ്ങള് പെട്ടെന്ന് മടങ്ങിവാ ഇവിടെയെന്തോ പ്രശ്‌നമുണ്ട്…പിന്നെ വരുമ്പോൾ..” അപ്പോഴേക്കും ആരോ ഫോൺ ആവശ്യപ്പെടുന്നതും കോൾ കട്ടാകും മുൻപേ ബോംബെന്നോ മറ്റോ ബാബുച്ചായൻ കേട്ടു..

ബോംബോ ?? ഏയ് ബോംബ് ആകില്ല ബോംബെ ആകും! അതിനിപ്പോ ബോംബെ ഇല്ലാലോ മുംബൈ അല്ലെ.. ഫോൺ വന്ന ശേഷം കിളിപോയ പോലെ പിച്ചും പേയും പറയുന്ന കെട്ട്യോനെ ഞാൻ സംശയത്തിൽ നോക്കി..

അങ്ങേര് അങ്ങോട്ട് തിരിച്ചുവിളിക്കുമ്പോൾ ഫോൺ റിങ് ആകുന്നതല്ലാതെ ആരും ഫോൺ എടുക്കുന്നില്ല..കാർ വീണ്ടും എയർപോർട്ടിലേക്ക് ഓടിത്തുടങ്ങി.

തിരിച്ച് എൻട്രൻസിൽ എത്തിയെങ്കിലും അകത്തേക്ക് കയറ്റിവിടാത്തതുകൊണ്ട് പുറത്ത് തന്നെ കാത്തുനിൽക്കേണ്ടി വന്നു.ആരോട് ചോദിച്ചാലും വെയിറ്റ് കരോ വെയിറ്റ് കരോ..വെയിറ്റ് കൂടിക്കാണും അത്രേം അവിലോസുണ്ട ഉണ്ടാക്കുമ്പോഴേ പറഞ്ഞതാ ഞാൻ ,തൂക്കം കൂടും വേണ്ടെന്ന്..

ഏകദേശം മുക്കാൽ മണിക്കൂറോളം കാത്തുനിന്നപ്പോഴേക്കും നാത്തൂന്റെ ഫോൺ വന്നു..

“ലഗേജ് എല്ലാം കയറ്റിവിട്ട് ബോർഡിങ് പാസും എടുത്ത് ചെക്കിങ് കഴിഞ്ഞ് കാത്തിരിക്കുന്നതിനിടക്കാണ് ഞങ്ങൾ വേറൊരു ഫാമിലിയെ കണ്ടത്.. ഇവിടുന്ന് കേറിയാൽ പിന്നെ ദുബായിൽ രണ്ട് മൂന്ന് മണിക്കൂറോളം കാത്തിരിക്കേണ്ടതല്ലേ വിശദമായി പരിചയപ്പെട്ടു. മോൾടെ വിശേഷങ്ങളും മരുമോന്റെ ഗുണഗണങ്ങളും വിവരിക്കുന്നതിനിടക്ക് എക്സ്ട്രാ ബാഗ് ഉണ്ടെങ്കിൽ ലഗേജിൽ വിടാമെന്ന് അറിയിച്ച് സ്റ്റാഫ് എത്തി..ഒന്നും രണ്ടും വട്ടം ബാഗിൽ എന്താണെന്നും അത്യാവശ്യമുള്ളത് ഇല്ലെങ്കിൽ ലഗേജിൽ വിട്ടുകൂടേയെന്നും വന്ന് ചോദിച്ചപ്പോൾ വേണ്ടെന്ന് മുഷിവോടെ മൂപ്പര് പറഞ്ഞു.

സ്റ്റാഫ് വേറെ യാത്രക്കാരുടെ അടുത്തേക്ക് പോയതും ഇങ്ങനെ കുത്തിപ്പിടിച്ച് ചോദിക്കാൻ ഞാനെന്താ ഇതിൽ ബോംബാണോ കൊണ്ടുപോകുന്നെയെന്ന് തമാശക്ക് കൂടെയിരുന്ന സ്ത്രീയോട് അളിയനൊന്ന് പറഞ്ഞുപോയി ചേട്ടായി…
എന്തിന് പറയുന്നു അവിടുന്ന് ഒരു മിനിറ്റായില്ല ഞങ്ങൾക്ക് പിറകിൽ ഇരുന്നിരുന്ന മുള്ളൻപന്നിയുടെ മുള്ള് പോലെ മുടിയുള്ള ഒരു പെണ്ണുമ്പിള്ള വന്ന് ഞങ്ങളുടെ അടുത്തിരുന്ന പെണ്ണുമ്പിള്ളയുടെ ചെവിട് തിന്നുന്നത് കണ്ടു, പിന്നെ അവര് രണ്ടും കൂടി കൗണ്ടറിൽ ഇരുന്നിരുന്ന പെങ്കൊച്ചിന്റെ ചെവി തിന്നാൻ പോയി.

ആകെക്കൂടി അഞ്ചുമിനിറ്റ് തികച്ച് എടുത്തില്ല ഞങ്ങളെ സെക്യൂരിറ്റികളും എയർലൈൻ സ്റ്റാഫും കൂടി വട്ടം വളഞ്ഞു.. അങ്ങേരെ ഉടുതുണി വരെ അഴിപ്പിച്ചു നോക്കിയെന്നാ പറഞ്ഞത്.ലഗ്ഗേജ് വിടാൻ നേരത്ത് തൂക്കം കൂടിയപ്പോൾ നാത്തൂൻ കൊണ്ടുവന്ന അവിലോസുണ്ട ഞാനെന്റെ കയ്യിലുള്ള കവറിലാക്കി ബാഗിൽ വച്ചിരുന്നു.. ബോംബ് സ്‌ക്വാഡും പരിശോധനയും എല്ലാം കൂടി ഒരു പരുവമായി ..വിമാനം അതിന്റെ പാട്ടിന് പോയി..ഞങ്ങൾക്കിനി യാത്ര ചെയ്യണേൽ പിഴയടച്ച് കേസ് തീർത്തിട്ട് വേണമെന്നാ പറയുന്നതെന്റെ പൊന്ന് ചേട്ടായി..”

ഇനി ജീവിതത്തിൽ ഒരിക്കലും ബോംബെന്ന് പറയാൻ പോലും കെട്ട്യോൻ പേടിക്കും വിധം അവിടുള്ളവർ പേടിപ്പിച്ചല്ലോ എന്നോർത്തതും മുള ചീന്തും പോലെ പൊട്ടിക്കരഞ്ഞുകൊണ്ട്‌ ലീലാമ്മ മൂക്ക് ചീറ്റി ഇട്ടിരുന്ന ചുരിദാറിൽ തുടച്ചു.

“അളിയൻ ജീവനോടെ ഉണ്ടല്ലോ ല്ലേ പെങ്ങളേ..” ആങ്ങള ചോദിച്ചത് ലീലാമ്മ കേട്ടില്ല

കുറെ നേരം മുൻപ് വരെ വീരശൂര പരാക്രമി ആയിരുന്ന കെട്ട്യോൻ വെറും കൃമി ആയി എയർപോർട്ട് സെക്യൂരിറ്റിയുടെ മുൻപിൽ പഞ്ചപുച്ഛമടക്കി നിൽക്കുന്നത് ഫോട്ടോയെടുത്ത് ലീലാമ്മ ,മോൾക്ക് വാട്സാപ്പിൽ ഇട്ട് കൊടുത്ത് കൂടെ അഞ്ചാറ് പൊട്ടികരച്ചിൽ സ്മൈലിയും വിട്ടു.

ഡ്യൂട്ടിഫ്രീ കുപ്പിയെന്ന സ്വപ്നം പടുമുളയാകുന്നതും കാറിന്റെ വാടക ,പിഴയടക്കാനുള്ള പൈസ ഇതെല്ലാം തന്റെ കയ്യിൽ നിന്ന് പോകുമോ എന്നോർത്ത് ബാബുച്ചായൻ നെഞ്ച് അമർത്തിപിടിക്കുന്ന വ്യാജേന പോക്കറ്റ് കൂട്ടിപ്പിടിച്ച് കണ്ണുകൾ മേൽപ്പോട്ടാക്കി..

ഇത്രേം വേണ്ടീരുന്നില്ല എന്നാലും പുണ്ണ്യാളാ നീയെന്റെ വിളി കേട്ടല്ലോയെന്ന് സാലമ്മ നെഞ്ചിൽ കൈവച്ച് കണ്ണടച്ചു..

നിന്റെയൊക്കെ വായിലെ നാവ് ചൊവ്വല്ലാത്തേന് കിട്ടിയത് എന്റെ തലക്കിടേണ്ടെന്ന് പറഞ്ഞ് കുതിരയെ സൈഡ് ആക്കി താഴേക്കിറങ്ങി പുണ്ണ്യാളൻ കുന്തത്തിലേക്ക് ചാരി കൈകെട്ടി നിന്നു..

You may also like

Leave a Comment