മനസ്സിൽ ഒരുപാട് വേദനകൾ കടിച്ചമർത്തി വിധിയെ പഴിചാരി ഞാൻ അവനോടു പൊയ്ക്കോളാൻ പറഞ്ഞു….

by pranayamazha.com
15 views

അനാമിക

രചന: മീനാക്ഷി മേനോൻ

————————–

ഈ ഗേറ്റ് തുറക്കുമ്പോൾ ഉള്ള ശബ്ദത്തിന് ഒരു മാറ്റവും ഇല്ലല്ലോ രാമേട്ടാ…

രാമേട്ടൻ ചിരിച്ചുകൊണ്ട് എന്റെ വിശേഷങ്ങൾ ചോദിച്ചു. വിദ്യാലയത്തിന്റെ കാവൽക്കാരൻ എന്നതിൽ ഉപരി ഇവിടത്തെ ഓരോ കുട്ടിയുടെയും മനസ്സറിയുന്ന വ്യക്തി.

അനാമികേടെ പുസ്തകങ്ങൾ ഒക്കെ ഞാൻ വായിക്കാറുണ്ട്…നന്നായി മോളെ നി ഈ നിലയിൽ എത്തേണ്ടവൾ തന്നെയാ, ആട്ടെ നിങ്ങടെ റീയൂണിയന്റെ സമയം ആയില്ലേ ആരെയും കാണുന്നില്ലല്ലോ…?

പത്ത് വർഷങ്ങൾക്ക് ശേഷം അല്ലെ എല്ലാവരേയും കാണാൻ പോകുന്നത് നന്നായി ഒരുങ്ങി കുടുംബവും ഒക്കെ ആയിട്ടല്ലേ വരുന്നേ..അതായിരിക്കും…

അപ്പൊ മോൾക്ക്‌ ഒരുങ്ങണ്ടേ…കുടുംബവും വേണ്ടേ…?

ചോദിച്ചതിന് ശേഷം വേണ്ടായിരുന്നു എന്ന ഭാവം ഞാൻ രാമേട്ടന്റെ മുഖത്ത് കണ്ടു…രാമേട്ടന് ചിലതൊക്കെ ഓർമ്മ വന്നു കാണും…എനിക്കും.

ക്ലാസ്സ്‌റൂം വരെ ഒക്കെ ഒന്നു പോയിട്ട് വരാമെന്നു പറഞ്ഞ് ഞാൻ അവിടന്നു നടന്നു. ക്ലാസ്സ്‌റൂം, കോറിഡോർസ്, ക്യാന്റീൻ, ഓഡിറ്റോറിയം എലാവടേയും പോയി…ഇനി പോകേണ്ടത് ഗ്രൗണ്ടിലേക്കാണ്.

ഞാൻ സ്ഥിരം ഇരിക്കാറുള്ള ബെഞ്ചിനെ എന്റെ കണ്ണുകൾ തിരഞ്ഞ് കണ്ടുപിടിച്ചു…അവിടെ ചെന്നിരുന്നു…ആദ്യമായി തനിച്ചിരുന്നു. ഓർമ്മകൾ ഒന്നൊന്നായി മനസ്സിലേക്ക് ഓടി എത്താൻ തുടങ്ങി…കാലത്തിന് മുന്നിൽ അടിയറവു പറയാത്ത ആ ഭൂതകാലം വീണ്ടും എന്റെ ഇന്നിലെ ചിന്തകളിലേക്ക് പ്രവേശിച്ചു.

സ്വപ്നതുല്യമായ ഒരു പ്രണയകാവ്യം ആഗ്രഹിച്ചിരുന്ന പെൺകുട്ടി ആയിരിന്നു ഞാൻ…എനിക്ക് അത് സംഭവിക്കുകയും ചെയ്തു…കാർത്തിക്കിനെ കണ്ടുമുട്ടിയപ്പോൾ. എന്റെ ആദ്യത്തെയും അവസാനത്തെയും പ്രണയം. അസൂയ നിറഞ്ഞ കണ്ണുകളിലൂടെ ചുറ്റുമുള്ളവർ നോക്കി കണ്ട സ്നേഹം.

നാല് വർഷം ഇതേ കോളേജിൽ ഇതേ ബെഞ്ചിൽ ഇരുന്ന് ഞങ്ങൾ ജീവിതം കണ്ടു…ഒരുമിച്ചു ജീവിക്കാനുള്ള ജീവിതം. പക്ഷെ അതിന്റെ ആയുസ്സും നാല് വർഷം മാത്രമാണെന്ന് കോളേജിലെ അവസാന ദിവസം മനസ്സിലായി…ഞാൻ ഒരു കാൻസർ രോഗിയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ….

ഗർഭപാത്രം മാറ്റിവെക്കാതെ എനിക്കിനി ജീവിക്കാൻ കഴിയില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയപ്പോൾ. കണ്ടു കൊതിതീരാത്ത സ്വപ്നങ്ങൾ ഒരു നിമിഷം കൊണ്ട് ഞങ്ങൾക്ക് അന്യാധീനപ്പെട്ടു. അമ്മയാകാൻ കഴിയാത്ത എന്നെ കാർത്തിക്കിന്റെ വീട്ടുകാർക്ക് വേണ്ടായിരുന്നു.

മനസ്സിൽ ഒരുപാട് വേദനകൾ കടിച്ചമർത്തി വിധിയെ പഴിചാരി ഞാൻ അവനോടു പൊയ്ക്കോളാൻ പറഞ്ഞു…എന്നന്നേക്കുമായി. പത്ത് വർഷം ഞങ്ങൾ കണ്ടിട്ടില്ല…സംസാരിച്ചിട്ടില്ല…കോളേജിൽ ആരും ആയി പിന്നീട് ഞാൻസംസാരിച്ചില്ല.

ആഴ്ചകൾക്കു മുൻപ് വന്ന ഒരു ഫോൺ കാൾ ആണ് എന്നെ ഇവിടെ എത്തിച്ചത്. മായ എന്നെ റിയൂണിയനു ക്ഷണിക്കുക മാത്രമല്ല ചെയ്തത്. കാർത്തിക്കിനെ ഈയടുത്തായി അവന്റെ മകന്റെ കൂടെ കണ്ടെന്നും അവനെയും ഇതിൽ ക്ഷണിച്ചട്ടുണ്ടെന്ന വിവരം പങ്കുവെക്കുകയും ചെയ്തു.

പിന്നെ നിസംശ്യം തീരുമാനിച്ചു പോണം എന്ന്…എനിക്കു വേണ്ടി നിശ്‌ചയിക്കപ്പെട്ടു എന്നു ഞാൻ വിശ്വസിച്ചിരുന്ന ആ കുടുംബത്തെ കാണാൻ…കാർത്തിക്കിന്റെ പുതിയ പ്രണയത്തെ കാണാൻ.

വണ്ടികളുടെ ശബ്ദം കേട്ട് ഞാൻ ഓഡിറ്റോറിയത്തിലേക്കു നടന്നു…എല്ലാവരേയും കണ്ടു പക്ഷെ കാർത്തിക്കിനെയാണ് എന്റെ കണ്ണുകൾ കാത്തിരുന്നത്. അവൻ വന്നു ഒരു കുഞ്ഞുവാവയുമായി.

ഹായ് കാർത്തിക്ക് സുഖമാണോ നിനക്ക്…? മോന്റെ പേരെന്താ ?ഞാൻ ഉത്സാഹത്തോടുകൂടി ചോദിച്ചു.

സുഖായിരിക്കുന്നു ആമി…മോന്റെ പേര് ആര്യൻ എന്നാണ്. കാർത്തിക്കിന്റെ മറുപടി എന്നെ ഒരുപാട് സന്തോഷിപ്പിച്ചു.

കാർത്തിക്കിന്റെ നാവിൽ നിന്നും അവൻ മാത്രം എന്നെ വിളിക്കുന്ന ആമി എന്ന പേര് കേട്ടപ്പോൾ…കൂടെ ആര്യൻ എന്ന എന്റെ പ്രിയപ്പെട്ട പേരും. അവന്റെ ഉള്ളിൽ ഇപ്പോഴും ഞാൻ ഉണ്ട് എന്നത് എനിക്ക് വേദന കലർന്ന ആനന്ദം പകർന്നു.

കാർത്തിക്കിനെ എന്തെങ്കിലും സംസാരിക്കാനായി മായ വേദിയിലേക്ക് ക്ഷണിച്ചു. ആര്യനെ മടിയിൽ വെച്ചിരുന്ന മായ ഉറക്കെ വിളിച്ചു പറഞ്ഞു. ഇവന് നിന്റെ അതെ ചായയാണ് കാർത്തിക്ക്….

അങ്ങനെ വരാൻ സാധ്യതയില്ല മായ, കാരണം ആര്യൻ എന്റെ സ്വന്തം മകനല്ല. കാർത്തിക്കിന്റെ മറുപടി സ്വാഭാവികമായി എല്ലാവരേയും ഞെട്ടിച്ചു…എന്നെയും.

കാർത്തിക്ക് തുടർന്നു…ഞാൻ ദത്തെടുത്ത മകനാണ് ആര്യൻ. ഒരു വർഷം മുൻപ്, വീട്ടുകാരുടെ കല്യാണം കഴിക്കാനുള്ള നിർബന്ധം സഹിക്കവയ്യാതെ ഞാൻ വീട് വിട്ട് ഇറങ്ങി…ഒരു മാസമായി ആര്യനെ ദത്തെടുത്തിട്ട്…കൃത്യമായി പറഞ്ഞാൽ മായെ കാണുന്നതിന് ഒരാഴ്ച മുൻപ്.

ഒരു കുട്ടിയെ ദത്തെടുത്ത്…സ്വന്തം മകനായി വളർത്താമെങ്കിൽ എന്റെ സാമിപ്യം ഏറ്റുവും അതികം അർഹിച്ച വ്യക്തിയിൽ നിന്നും ഞാൻ എങ്ങെനെ അകന്നു മാറി എന്ന ചിന്ത എന്നെ അലട്ടുകയായിരിന്നു. ഇന്ന് ഞാൻ ഇവിടെ വന്നത് പോലും അതിനാണ്.

നഷ്ടപ്പെട്ട് പോയ…ഞാൻ നഷ്ടപ്പെടുത്തി കളഞ്ഞ എന്റെ പ്രണയത്തെ തിരിച്ചു പിടിക്കാൻ…10 വർഷം മുൻപെ ഇതേ ആളുകളുടെ മുന്നിൽ വെച്ചു ചോദിച്ചത് ഞാൻ വീണ്ടും ചോദിക്കുകയാണ്…ആമി…

ജീവിതത്തിന്റെ അവസാനശ്വാസം വരെ കൂട്ടായി എന്റെ കൂടെ ഉണ്ടാകുമോ നീ…നമ്മുടെ മകനായി നമ്മക്ക് ആര്യനെ വളർത്താം…മരവിച്ചു പോയ മോഹങ്ങളെ വീണ്ടും വെയിൽ നാളങ്ങൾ തട്ടി ഉണർത്തിയ സന്തോഷത്തിൽ ഞാൻ അവന്റെ അരികിലേക്ക് ഓടി….

എന്താ മോളെ ഇവിടെ സ്വപ്നം കണ്ടിരിക്കാണോ…?ദേ എല്ലാവരും എത്തിയല്ലോ…രാമേട്ടൻ വന്ന് വിളിച്ചപ്പോഴാണ് ഞാൻ മനസ്സിലാക്കിയത് ഒരു കാമുകിയുടെ അടങ്ങാത്ത അഭിനിവേശത്തിൽ ഒരു എഴുത്തുകാരി മെനഞ്ഞെടുത്ത സ്വപ്നലോകം മാത്രമായിരുന്നു ആ ചിന്തകൾ എന്ന്.

യാഥാർഥ്യത്തിന്റെ മുഖം അറിയാനായി ഞാൻ നടന്നു…കണ്ടു…കാർത്തിക്കിനെയും അവന്റെ കുടുംബത്തെയും.

ഹായ് അനാമിക…കാർത്തിക്കിന്റെ ശബ്ദം എന്റെ കാതുകളിൽ പതിഞ്ഞു. പക്ഷെ എന്റെ ആ പഴയ കാർത്തിക്ക് അല്ല അവൻ ഇപ്പോഴെന്ന്, ആ വിളിയിൽ തെളിഞ്ഞു.

നി ഇപ്പൊ വലിയതാരമായല്ലോ…ഞാൻ അന്നേ പറയാറില്ലേ നി ഒരു എഴുത്തുകാരി ആകുമെന്ന്. ഇത് റിയ എന്റെ ഭാര്യ…ഇത് ഞങ്ങളുടെ മകൻ വിവേക്. കാർത്തിക്ക് അവന്റെ ഫാമിലിയെ പരിചയപ്പെടുത്തി. വിവേക്…

നല്ല പേര്…ഒരു പുഞ്ചിരിയിൽ എല്ലാം ഒതുക്കാൻ എനിക്ക് കഴിഞ്ഞു. അനാമികെ പറ്റി കാർത്തിക്ക് എന്നോട് പറഞ്ഞിട്ടുണ്ട്…നിങ്ങൾ തമ്മിൽ ഉണ്ടായതെല്ലാം…റിയ പറഞ്ഞു.

ഞാൻ നിന്നെ വഞ്ചിച്ചു എന്ന് തോന്നുന്നുണ്ടോ നിനക്ക്…നിന്നെ മറക്കാൻ എന്നെ സഹായിച്ചത് റിയയാണ്…അങ്ങനെയാണ് ഞങ്ങൾ അടുത്തത്.

സന്തോഷമുണ്ട് കാർത്തിക്ക്…നിങ്ങൾ എല്ലാവരേയും കാണാനും നിന്റെ പുതിയ വിശേഷങ്ങൾ അറിയാനും സാധിച്ചതിൽ. ആത്മാർത്ഥമായാണോ ഞാൻ അത് പറഞ്ഞത് എന്ന് ഞാൻ മനസ്സിൽ ഒന്ന് ആലോചിച്ചു…

പരിപാടികൾ ഒക്കെ കഴിഞ്ഞു…വന്നവർ തിരിച്ചു പോകാൻ തുടങ്ങിയപ്പോൾ…സിനിമയിൽ ആയിരുന്നെങ്കിൽ അടുത്ത ജന്മം തിരിച്ചു തരാം എന്നൊക്കെ പറയായിരിന്നു…പക്ഷെ എനിക്ക് അത് പോലും.

റിയേടെ വാക്കുകളിൽ ചമ്മൽ ഉണ്ടായിരുന്നോ എന്നെനിക്ക് തോന്നി. കല്യാണത്തെ കുറിച്ചൊന്നും ആലോചിച്ചില്ലേ…? കേട്ടു പഴകിയ ഒരു ചോദ്യമാണ് റിയ എന്നോട് ചോദിച്ചത്.

അതൊക്കെ നടന്നോളും..എന്റെ കുറവുകൾ അംഗീകരിക്കുന്ന ആൾ വരട്ടെ…നിങ്ങൾ വൈകിപ്പിക്കണ്ട…അവരെ യാത്ര തിരിച്ചതിനു ശേഷം ഞാൻ ഗേറ്റിന് അരികിൽ വന്നു നിന്നു…

എന്റെ കണ്ണുകൾക്ക്‌ സഞ്ചരിക്കാവുന്നതിനേക്കാൾ ദൂരത്തേക്ക് അവരുടെ കാർ സഞ്ചരിച്ചപ്പോൾ രാമേട്ടൻ അവിടെ വന്നു…എന്തിനാ രാമേട്ടാ എന്നെ വന്നു വിളിച്ചത് ആ സ്വപ്നം തന്നെയായിരുന്നു നല്ലത്.

You may also like

Leave a Comment