മകൾ പറഞ്ഞിട്ട് പോയ വാക്കുകൾ പക്ഷേ അവരുടെ ഹൃദയത്തിലാണ് തറച്ചു കേറിയത്. വിവാഹം കഴിഞ്ഞ നാള് മുതൽ….

മനമുരുകുമ്പോൾ

രചന: ശാലിനി മുരളി

—————-

വിവാഹത്തിന് പോയിട്ട് തിരിച്ചു വന്ന അമ്മയുടെ മുഖം കടന്നൽ കുത്തിയത് പോലെ വീർത്തിരുന്നു..എന്ത് പറ്റി ?

രാവിലെ ഇവിടുന്ന് പോകുമ്പോൾ എന്തൊരു ഉത്സാഹമായിരുന്നു. പുതിയ പട്ടു സാരിയുടെ ഞൊറിവുകൾ തന്നെ കൊണ്ട് ശരിയാക്കുമ്പോൾ അച്ഛൻ അക്ഷമനായി കാത്തുനിൽപ്പുണ്ടായിരുന്നു.

ദാ വരുന്നു ശ്രീയേട്ടാ…നിങ്ങൾ ആണുങ്ങൾ ഒരുങ്ങുന്നത് പോലെയാണോ ഞങ്ങളുടെ കാര്യം…ഇങ്ങനെ ധൃതി കൂട്ടാതെ അവിടെയെങ്ങാനും ഒന്നിരിക്ക്. നിനക്ക് അല്ലെങ്കിലും എവിടെയെങ്കിലും പോകണമെങ്കിൽ തലേന്ന് തൊട്ടേ ഒരുങ്ങി തുടങ്ങണമല്ലോ…ഞാൻ ഒരു അഞ്ച് മിനിറ്റ് കൂടി നോക്കും പറഞ്ഞേക്കാം.

അങ്ങനെ പരസ്പരം കുറ്റം പറഞ്ഞും കളിയാക്കിയും ഒരുക്കവും കഴിഞ്ഞ് പോയതാണ് രണ്ട് പേരും…അച്ഛന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവവ്യത്യാസം ഒന്നുമില്ല. അമ്മ പട്ടുസാരിയും മുല്ലപ്പൂവും ഒക്കെ ഊരി മാറ്റിയിരുന്നു.

അടുക്കളയിൽ കയറിയതിന്റെ തട്ടും മുട്ടുമൊക്കെ കേൾക്കുന്നുണ്ട്. അച്ഛനോട് തന്നെ ചോദിക്കാം. മുറിയിൽ എത്തിയപ്പോൾ അച്ഛൻ സദ്യ കഴിച്ചതിന്റെ ക്ഷീണം മാറ്റാൻ കിടന്നു കഴിഞ്ഞിരുന്നു. പക്ഷേ തന്റെ അനക്കം കേട്ടാവണം കണ്ണ് തുറന്നു നോക്കി.

എന്താ മോളൂ..അല്ല അച്ഛാ..ഒരു സംശയം..അമ്മയ്ക്ക് എന്താ പറ്റിയത് ?മോന്തയൊക്കെ കുത്തി വീർത്തപോലെ. അച്ഛൻ ഒന്നുറക്കെ ചിരിച്ചു. അപ്പോൾ അച്ഛന്റെ കുടവയർ ഒന്ന് കുലുങ്ങി.

അച്ഛന്റെ പഴയ ഗേൾ ഫ്രണ്ടിനെ ഇന്ന് കണ്ടു. അതിന്റെ ദേഷ്യമാണ്…

അച്ഛനും കൊള്ളാം..അമ്മയും കൊള്ളാം..അച്ഛനായിട്ടല്ലേ..ഇതൊക്കെ കൈകാര്യം ചെയ്യാൻ ഇനിയെന്നാ പഠിക്കുന്നത്. കിടന്ന കിടപ്പിൽ തലയുയർത്തി അച്ഛൻ ഒന്ന് നോക്കി.

ആ നോട്ടം കണ്ടപ്പോൾ ഒന്ന് ചമ്മിയോ.. അച്ഛനെക്കാൾ വളർന്നോ മോള് എന്നായിരിക്കും. പതിയെ രംഗത്ത് നിന്ന് പിൻവലിഞ്ഞു. അച്ഛനെ അല്ലെങ്കിലും ആരാണ് പ്രേമിക്കാത്തത്..ഇത്രയും പ്രായമായിട്ടും മുഖത്ത് എന്തൊരു തേജസ്സ് ആണ്. പണ്ട് ഈ സൗന്ദര്യം കുറെ പെൺകുട്ടികളുടെ ഉറക്കം കെടുത്തിയിട്ടുണ്ടാവണം.

ഊറി ചിരിച്ചു കൊണ്ടാണ് തിരികെ വന്നത്. അതുകണ്ട് കൊണ്ട് വന്ന അമ്മയുടെ മുഖം കൂടുതൽ വീർത്തു. ഈ അമ്മയെ അച്ഛൻ എങ്ങനെ ഇഷ്ടപ്പെട്ടു. ഏത് നേരവും വഴക്കും പിണക്കവും മാത്രമേയുള്ളൂ. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് പറഞ്ഞത് പോലെ അമ്മ എന്തിനാണാവോ എന്റെ നേരേ മെക്കിട്ട് കേറുന്നത്.

ചുമ്മാതല്ല അച്ഛനെ വേറെ പെണ്ണുങ്ങള് നോക്കുന്നത്.. അമ്മയെ ഈ അച്ഛൻ എങ്ങനെ ഇഷ്ടപ്പെട്ടു. പിറുപിറുത്തുകൊണ്ടാണ് മുറിയിലേക്ക് കയറിയത്..അമ്മ തന്നെ തുറിച്ചു നോക്കുന്നത് കണ്ടു.

മകൾ പറഞ്ഞിട്ട് പോയ വാക്കുകൾ പക്ഷേ അവരുടെ ഹൃദയത്തിലാണ് തറച്ചു കേറിയത്. വിവാഹം കഴിഞ്ഞ നാള് മുതൽ കേൾക്കുന്ന ഈ പരിഹാസം. ഇപ്പോൾ ഇതാ സ്വന്തം മകളുടെ നാവിൽ നിന്ന് പോലും കേൾക്കേണ്ടി വരുന്നു.

പെണ്ണുകാണാൻ വന്ന ആളിനെ ഇഷ്ടപ്പെട്ടു എന്ന് അറിയിച്ചപ്പോൾ ചേച്ചിയും അന്ന് ഒരു കൂരമ്പ് തന്നിൽ തറച്ചു കേറ്റിയത് അവളോർത്തു. അല്ലെങ്കിലും നിനക്ക് ഇഷ്ടമായെന്ന് കരുതി അവരുടെ ഇഷ്ടം കൂടി നോക്കണ്ടേ എന്ന്.

ചേച്ചിയേക്കാൾ നിറം കുറവും ഉയരക്കുറവും ആയിരുന്നു തനിക്ക്. പക്ഷേ നിന്റെ മുഖത്തെ ശ്രീത്വം മൂത്തവൾക്ക് കിട്ടിയിട്ടില്ലെന്ന് മുത്തശ്ശി ആരും കേൾക്കാതെ പല തവണ പറഞ്ഞിട്ടുണ്ട്.

പഠിത്തത്തിലും ഒട്ടും പിന്നോട്ടല്ലായിരുന്നു. സയൻസിൽ മാസ്റ്റർ ബിരുദം, പിന്നെ വീട്ടിലെ ട്യൂഷൻ, ടെസ്റ്റുകളും ഇന്റർവ്യൂകളും..അങ്ങനെ നേരം കളയാനില്ലാത്ത തിരക്കുകളും.

ഒരു ജോലി കിട്ടിയിട്ട് വിവാഹം മതിയെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുമ്പോൾ ആയിരുന്നു അച്ഛന് പെട്ടന്ന് അറ്റാക്ക് ഉണ്ടാകുന്നത്. രണ്ട് പെൺമക്കളിൽ ഇളയവളുടെ വിവാഹം കൂടി കഴിഞ്ഞിട്ടേ തനിക്ക് എന്തെങ്കിലും സംഭവിക്കാവൂ എന്ന പ്രാർത്ഥനയിൽ കഴിഞ്ഞിരുന്ന അച്ഛന്റെ മുൻപിലേക്ക് അപ്രതീക്ഷിതമായി ആണ് ശ്രീയേട്ടന്റെ ആലോചന വരുന്നത്.

സുമുഖനും സൽസ്വഭാവിയും ഗവണ്മെന്റ് ജോലിക്കാരനുമായ പയ്യന്റെ ഫോട്ടോ കണ്ടപ്പോൾ തന്നെ വീട്ടിൽ എല്ലാവർക്കും വലിയ താല്പ്പര്യം ആയി. കല്യാണം കഴിഞ്ഞാലും ജോലിക്ക് ശ്രമിക്കാമല്ലോ എന്ന് അമ്മയുടെ വക ഉപദേശവും. ഇത്രയും സുന്ദരനായ ആൾക്ക് തന്നെ എങ്ങനെ ഇഷ്ടമാകുമെന്ന ആശങ്കയും ആരോടും പങ്കു വെച്ചില്ല.

കണ്ണാടിയിലെ ഇരുണ്ട വട്ടമുഖത്തേക്ക് നോക്കുമ്പോൾ അപകർഷതാ ബോധം ശക്തമാകും. നിനക്ക് എന്ത് കുഴപ്പം ആണുള്ളത്. എല്ലാം നിന്റെ മനസ്സിന്റെ തോന്നലാണ്. കറുപ്പിന് ഏഴ് അഴകാണെന്നു നീ കേട്ടിട്ടില്ലേ…അച്ഛൻ തന്റെ മനസ്സ് വായിച്ചിട്ടെന്നവണ്ണം സമാധാനിപ്പിക്കാൻ ശ്രമിച്ചു.

പഠിത്തമുള്ള കുട്ടികൾക്ക് ഇതൊന്നും പറഞ്ഞ് തരേണ്ട കാര്യമില്ല. സൗന്ദര്യം ഒരു പെൺകുട്ടിയുടെ സ്വഭാവത്തിലാണ്. പക്ഷേ കാണാൻ വന്ന പയ്യൻ തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഇഷ്ടമായെന്ന് തുറന്നു പറഞ്ഞപ്പോൾ കേട്ടത് സത്യം തന്നെ ആണോയെന്ന് സ്വയം ചോദിച്ചു നോക്കി.

അന്ന് അച്ഛന്റെ മുഖത്തെ സന്തോഷം കണ്ടപ്പോൾ മറുത്തൊന്നും പറയാൻ തോന്നിയില്ല. അച്ഛന്റെ കഴിവിലും കൂടുതൽ ആർഭാടമായിട്ട് തന്നെ ആയിരുന്നു കല്യാണവും. ഒന്നിച്ചു നിന്ന് ഫോട്ടോ എടുക്കുമ്പോൾ കറുത്ത വാവും പൂർണ്ണ ചന്ദ്രനും എന്നൊക്കെ കൂട്ടുകാർ അരികിൽ നിന്ന് അടക്കം പറഞ്ഞു ചിരിക്കുന്നത് അവളിൽ വല്ലാത്ത അപമാനമാണ് നിറച്ചത്.

ആ ശോകം ഉള്ളിൽ വിങ്ങിയപ്പോൾ മുഖം കൂടുതൽ ഇരുണ്ടു പോയി. പക്ഷേ ശ്രീയേട്ടൻ സ്നേഹത്തോടെ തന്നെ ആണ് പെരുമാറിയത്. കൊഴിഞ്ഞു പോകുന്ന നാളുകളിലൊരിക്കൽ വീട്ടിൽ വിരുന്നു വന്ന ശ്രീയേട്ടന്റെ അമ്മായി യാദൃച്ഛികമായി എന്തോ സംസാരിച്ച കൂട്ടത്തിൽ ആയിരുന്നു വനജ ആത്‌മഹത്യക്ക് ശ്രമിച്ചു എന്ന് പറയുന്നത് കേട്ടത്.

അതുകേട്ട എല്ലാവരുടെയും മുഖം ഒരു നിമിഷം കൊണ്ട് വല്ലാതെ ഇരുണ്ടു പോയി. അനക്കമില്ലാത്ത മിനിറ്റുകൾക്കൊടുവിൽ അമ്മായി പിന്നെയും എന്തൊക്കെയോ പറഞ്ഞു കരഞ്ഞു…കേട്ട വാർത്തകൾ ഒരിക്കലും സത്യമായിരിക്കരുതേ എന്ന് ആശിച്ചു പോയി.

മുറപ്പെണ്ണായിരുന്ന വനജയുമായി ശ്രീയേട്ടൻ വലിയ അടുപ്പത്തിലായിരുന്നു. പക്ഷേ അമ്മയ്ക്കും അച്ഛനും ബന്ധത്തിൽ നിന്ന് വീണ്ടും ഒരു ബന്ധം സ്ഥാപിക്കുന്നതിനോട് തീർത്തും എതിരായിരുന്നു. പോരെങ്കിൽ വനജയുടെ നാളിനു വൈധവ്യ ദോഷമുണ്ടെന്നു ഏതോ ഒരു ജ്യോത്സൻ പ്രവചിച്ചിട്ടുമുണ്ടത്രെ…

അതുകൊണ്ട് തന്നെ ഒരിക്കലും ഈ വിവാഹം നടത്തിക്കൊടുക്കില്ലെന്ന വാശിയിലായിരുന്നു അച്ഛൻ. അതിന്റെ പ്രതികാരമായിട്ടാണ് ശ്രീയേട്ടനെക്കാൾ സൗന്ദര്യം കുറഞ്ഞ തന്നെ കല്യാണം കഴിക്കാൻ അദ്ദേഹം തയ്യാറായത്. വാശി തീർക്കാൻ ഒരു വിവാഹം…

പക്ഷേ വനജയുമായി ഒരു ബന്ധം വീണ്ടും ആരുമറിയാതെ തുടർന്നിരുന്നു എന്നത് പിന്നെയും വളരെയേറെ നാളുകൾക്ക് ശേഷമാണ് താൻ പോലും അറിഞ്ഞു തുടങ്ങിയത്. അപ്പോഴേക്കും മൂത്ത മോൻ ജനിച്ചിരുന്നു. ആത്മഹത്യക്ക് ശ്രമിച്ച വനജയോടുള്ള കുറ്റബോധം ശ്രീയേട്ടനെ അവളുടെ രക്ഷകനാക്കി മാറ്റിയിരുന്നു.

ചോദ്യം ചെയ്യാനുള്ള ധൈര്യം പോലും ഉണ്ടായിരുന്നില്ല. വിവാഹം കഴിക്കാതെ നിൽക്കുന്ന വനജയുടെ കാര്യങ്ങൾ എല്ലാം നോക്കിയിരുന്നതും ശ്രീയേട്ടനാണെന്നുള്ള വിവരം ആരോടും പറഞ്ഞിരുന്നില്ല. ഇടയ്ക്ക് അമ്മയോട് ഒന്നുമറിയാത്ത ഭാവത്തിൽ ചോദിച്ചു. വനജ എന്തേ ഇതുവരെ കല്യാണം കഴിക്കാത്തത് എന്ന്…

പക്ഷേ അമ്മയ്ക്ക് അവളുടെ പേര് കേൾക്കുന്നത് പോലും അലർജ്ജി ആയിരുന്നു. അവളെക്കാൾ സൗന്ദര്യം കുറഞ്ഞതാണെന്നുള്ള സങ്കടമൊന്നും നിനക്ക് വേണ്ട. നീ തന്നെയാണ് ഞങ്ങളുടെ മരുമകൾ. അവന്റെ മനസ്സ് ഇങ്ങനെ ആയിപ്പോയത് അവളൊറ്റ ഒരുത്തി കാരണം ആണ്. നീ വേണം അവനെ നിന്റെ വരുതിക്ക് കൊണ്ടുവരേണ്ടത്.

പക്ഷേ തന്നോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ ഒരു കുറ്റവും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. എന്നിട്ടും വളരെ നയത്തിലും സ്നേഹത്തിലും ഒരിക്കൽ ചോദിച്ചു. വനജക്കു നല്ലൊരു വിവാഹം കണ്ടു പിടിച്ചാലോ എന്ന്…അന്ന് രൂക്ഷമായൊരു നോട്ടത്തോടെ തന്നെ നിശ്ശബ്ദയാക്കി കളഞ്ഞു.

നിനക്ക് എന്തെങ്കിലും കുറവുണ്ടെങ്കിൽ പറഞ്ഞാൽ മതി. മറ്റുള്ളവരുടെ കാര്യം നോക്കാൻ ഞാൻ ഏല്പിച്ചിട്ടില്ല. അതോടെ ആ വിഷയത്തെക്കുറിച്ച് ചോദിക്കാൻ പിന്നീട് ധൈര്യം വന്നിട്ടില്ല എന്നതായിരുന്നു സത്യം. രണ്ടാമത്തെ മകൾ ഉണ്ടായപ്പോഴും അമ്മായി കരഞ്ഞു വിളിച്ചു കയറി വന്നു. ഈ അമാവാസിയെ നിനക്ക് കളയാറായില്ലേ ശ്രീക്കുട്ടാ…

കുഞ്ഞിന് പാലുകൊടുത്തു കൊണ്ടിരുന്ന തന്നെ ഒന്ന് നോക്കിയിട്ട് ശ്രീയേട്ടൻ പുറത്തേക്ക് ഇറങ്ങി പോയി. അവിവാഹിതയായി കഴിയുന്ന വനജ തന്നെ ആയിരുന്നു എന്നും തന്റെ പ്രതിയോഗി. ശ്രീയേട്ടൻ മാത്രമല്ല മറ്റ് പലരും അവിടുത്തെ സന്ദർശകരാണ് എന്ന് ആരോ ഒരിക്കൽ പറയുന്നത് കേട്ടുവെങ്കിലും മനസ്സ് ആ വഴിക്ക് പോകാൻ അനുവദിച്ചില്ല.

തന്റെ ഇരുണ്ട നിറവും ഉയരക്കുറവും ആളുകളുടെ മുന്നിൽ കൂടെ നിൽക്കാൻ പലപ്പോഴും ശ്രീയേട്ടനെ ബുദ്ധിമുട്ടിക്കുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞിരുന്നു. എങ്കിലും പഴയ അപകർഷതാ ബോധവും ധൈര്യക്കുറവും എവിടെയോ വെച്ച് മറന്നു പോയിരുന്നു. മക്കൾ വളർന്നു തുടങ്ങിയപ്പോൾ തന്റെ മനസ്സും ഒരുപാട് വിശാലമായതായി തോന്നി. എന്തും നേരിടാമെന്നുള്ള മനഃകരുത്തും ഒപ്പം കൂടി.

പക്ഷേ ഇന്ന് വിവാഹത്തിന് പ്രതീക്ഷിക്കാത്ത ഒരാളെ കാണേണ്ടി വന്നപ്പോൾ മനസ്സിന്റെ ധൈര്യമെല്ലാം എവിടെ പോയൊളിച്ചുവെന്നു ഒരു പിടിയുമില്ല. തെളിഞ്ഞു നിന്ന ഹൃദയം കാർമേഘം കൊണ്ട ആകാശം പോലെ മൂടിയത് വളരെ പെട്ടെന്നായിരുന്നു.

വർഷങ്ങൾക്ക് ശേഷം ആയിരുന്നു തന്റെ പ്രതിയോഗിയായ് കണ്ടിരുന്ന വനജയുമായി നേർക്ക് നേർ കാണേണ്ടി വരുന്നത്…അതും അപ്രതീക്ഷിതമായി. പണ്ട് കണ്ടതിലും കൂടുതൽ സുന്ദരി ആയിരിക്കുന്നു. തിളങ്ങുന്ന കാഞ്ചിപുരം സാരി അവളുടെ മുഖത്തെ കൂടുതൽ തിളക്കമുള്ളതാക്കി.

അവളുടെ കണ്ണുകൾ ശ്രീയേട്ടനിൽ ആണ് തങ്ങി നിൽക്കുന്നതെന്ന് ഒരു അസ്വസ്ഥതയോടെയാണ് അറിഞ്ഞത്. കൂടെ നിന്ന ശ്രീയേട്ടൻ അവളെ കണ്ടുവെന്ന് ഉറപ്പായിരുന്നു…എങ്കിലും വധൂ വരന്മാരുടെ താലികെട്ടിന് ശേഷം ആള് പെട്ടെന്നാണ് അപ്രത്യക്ഷമായത്.

ഏകയായി ഒരു കസേരയിൽ ഇരിക്കുമ്പോൾ കണ്ണുകൾ നാലുപാടും തിരഞ്ഞു കൊണ്ടിരുന്നു. ആൾകൂട്ടത്തിൽ തിളങ്ങി നിന്നിരുന്ന വനജയെയും കാണാൻ ഉണ്ടായിരുന്നില്ല. പലരും സദ്യ ഉണ്ണാൻ എഴുന്നേറ്റു പോയി. കത്തുന്ന മനസ്സോടെ പരിസരമാകെ നടന്നു നോക്കി.

അങ്ങ് ആൽത്തറയിൽ മാറിനിന്നു സംസാരിക്കുന്ന ശ്രീയേട്ടനെയും വനജയെയും കണ്ണുകൾ പെട്ടെന്നാണ് കാട്ടി തന്നത്. ഒരു നിമിഷം കൊണ്ട് നേരേ അവർക്കിടയിലേക്ക് ചെന്നാലോ എന്ന് കരുതിയതാണ്. പക്ഷേ വിവേകം മനസ്സിനെ പിടിച്ചു വിലക്കി…വേണ്ട…വെറുതെ ഒരു സീനുണ്ടാക്കണ്ട.

അവളുടെ മുഖത്തെ സന്തോഷം പക്ഷേ തന്റെ നേർക്കുള്ള പരിഹാസമാണെന്നു തോന്നിപ്പോയി. ശ്രീയേട്ടന് വേണ്ടി കാത്തുനിൽക്കാൻ തോന്നിയില്ല. ആരൊക്കെയോ സീറ്റ് ഒഴിവുണ്ടെന്ന് വിളിച്ചു പറഞ്ഞപ്പോൾ നേരേ സദ്യാലയത്തിലേക്ക് നടന്നു.

കഴിച്ചു കഴിഞ്ഞു കയ്യ് കഴുകുമ്പോഴാണ് ശ്രീയേട്ടൻ തനിച്ച് കയറി വരുന്നത് കണ്ടത്. തന്റെ വീർത്തു കെട്ടിയ മുഖത്തേക്ക് ഒന്ന് നോക്കിയിട്ട്. ഞാൻ കഴിച്ചിട്ട് ഇപ്പോൾ വരാം…എന്ന് പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു. വനജയെ എങ്ങും കണ്ടില്ല. തിരിച്ചു വീട്ടിലേക്ക് പോകുമ്പോഴും ഒന്നും സംസാരിക്കാൻ തോന്നിയില്ല. ശൂന്യമായിരുന്നു മനസ്സ്.

രാവിലെ വീട്ടിൽ നിന്ന് തിരിച്ചപ്പോഴുണ്ടായിരുന്ന സന്തോഷമെല്ലാം കെട്ടടങ്ങിയിരുന്നു. ഇപ്പോൾ മകളും തന്നെ കുറ്റപ്പെടുത്തുന്നത് കേൾക്കുമ്പോൾ അപമാനം മാത്രമാണ് തോന്നുന്നത്. പക്ഷേ കുട്ടികൾക്ക് എന്തറിയാം. അവരുടെ മുന്നിലുള്ളത് സന്തോഷവും സങ്കടങ്ങളും പങ്കിട്ടെടുക്കുന്ന അച്ഛനും അമ്മയും മാത്രം.

ചായ കപ്പിലേക്ക് പകർത്തുമ്പോൾ മുഖം അമർത്തിയൊന്നു തുടച്ചു. ഇനിയിപ്പോൾ വയറും മനസ്സും നിറഞ്ഞിരിക്കുന്നത് കൊണ്ട് മറ്റൊന്നും ആവശ്യമുണ്ടാവില്ല.

ഏതൊരു സാധാരണ പെണ്ണിന്റെയും കുശുമ്പോടെയും കെറുവോടെയും അവൾ ചായ കപ്പുമായി ഭർത്താവിന്റെ മുറിയിലേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *