ഭർത്താവിനെയും വീട്ടുകാരെയും വീട്ടിലേക്ക് പറഞ്ഞു വിട്ടു. മറ്റു കുട്ടികളുടെ കാര്യവും നോക്കണ്ടേ…ഇവിടെ ഇപ്പോ താൻ മാത്രം…

by pranayamazha.com
8 views

അമ്മ മാനസം

രചന: മിനു സജി

————————–

പനിച്ചു പൊള്ളുന്ന കുഞ്ഞിനെ മാറോടമർത്തി പിടിച്ചു തേങ്ങുന്ന ഹൃദയവുമായാണ് അവൾ ആശുപത്രിയിൽ എത്തിയത്.

അത്യാഹിത വിഭാഗത്തിൽ കുഞ്ഞിനെ കൈ മാറിയപ്പോൾ ഹൃദയം പറിച്ചു കൊടുക്കുന്നത് പോലെ തോന്നി. കുഞ്ഞിന് ഒരാപത്തും ഉണ്ടാവല്ലേയെന്നു അറിയാവുന്ന ദൈവങ്ങളൊക്കെ യാചിച്ചു കൊണ്ടിരുന്നു.

വീട്ടുകാരും ഭർത്താവും അവളെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. അതൊന്നും കേൾക്കാൻ അവൾക്കു സാധിച്ചില്ല. കുഞ്ഞിന്റെ മുഖം മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു. പനി വരാതെ സൂക്ഷിക്കണം എന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞു വിട്ടതാണ്…പക്ഷെ…

അവൾ ആമി…ആമിക്ക് വേറെയും രണ്ടു കുട്ടികൾ ഉണ്ട്. അവരെക്കാൾ കൂടുതൽ ശ്രദ്ധിക്കുന്നതും, സ്നേഹവും ആമിക്ക് മൂത്ത കുട്ടിയോടാണ്. ജനിച്ചു കുറച്ചു നാൾ കഴിഞ്ഞപ്പോഴേ അവൾക്കു അസുഖങ്ങൾ ആയിരുന്നു. എന്നും ഹോസ്പിറ്റലിൽ ആണ്.

ആദ്യമായി ഉമ്മ എന്ന് വിളിക്കേണ്ടത് അവളായിരുന്നു. പക്ഷെ 7 വയസായിട്ടും അവൾക്ക് ഉമ്മ എന്ന് വിളിക്കാൻ സാധിച്ചിട്ടില്ല. ഡ്യൂട്ടി ഡോക്ടർ പനി കുറയാനുള്ള ഇൻജെക്ഷൻ കൊടുത്തു അവളെ അഡ്മിറ്റ്‌ ചെയ്തു, വാർഡിലേക്ക് മാറ്റി…

ഭർത്താവിനെയും വീട്ടുകാരെയും വീട്ടിലേക്ക് പറഞ്ഞു വിട്ടു. മറ്റു കുട്ടികളുടെ കാര്യവും നോക്കണ്ടേ…ഇവിടെ ഇപ്പോ താൻ മാത്രം മതിയല്ലോ. ആ രാത്രി മുഴുവനും അവൾ ഉറങ്ങാതെ കുഞ്ഞിന് വേണ്ടി പ്രാർത്ഥനയോടെ ശുശ്രൂഷിച്ചു കൊണ്ടിരുന്നു. അന്ന് രാത്രി അങ്ങനെ കടന്നു പോയി.

പിറ്റേ ദിവസം ഡോക്ടർ പരിശോധിച്ചിട്ട് പറഞ്ഞു, വേറെ കുഴപ്പങ്ങൾ ഒന്നുമില്ല…എന്നാലും രണ്ടു ദിവസം ഇവിടെ കിടക്കട്ടെ…ഒന്നുകൂടി പരിശോധിച്ചിട്ട് പോകാം എന്ന് പറഞ്ഞു. അന്ന് രാത്രിയാണ് അവൾ ഐഷുന്നെ കാണുന്നത്.

ദിവസങ്ങൾ മാത്രം പ്രായമുള്ള പൊടിക്കുഞ്ഞിനെ രണ്ടു കന്യാസ്ത്രീകളുടെ കൈയിൽ കണ്ടപ്പോൾ ആദ്യം അതിശയം തോന്നി. അവരോടൊപ്പം ഉണ്ടായിരുന്ന ഒരു പെൺകുട്ടിയെ ആ കുഞ്ഞിനെ ഏല്പിച്ചു കൊണ്ട് അവർ പോയി.

അതിനുശേഷമാണ് കാര്യം അറിഞ്ഞത്. കോൺവെന്റിന്റെ മുന്നിൽ രണ്ടു ദിവസം മുൻപ് ദിവസങ്ങൾ മാത്രം പ്രായമുള്ള ചോര കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി എന്ന്. ആ കുഞ്ഞിന്റെ ഉത്തരവാദിത്തം ഇപ്പോ കോൺവെന്റിനാണ്.

കന്യാസ്ത്രീകൾക്ക് ഹോസ്പിറ്റലിൽ നിന്ന് കുഞ്ഞിനെ ശുശ്രൂഷിക്കാൻ സാധിക്കാത്തതിനാൽ, കോൺവെന്റിൽ നിന്ന് പഠിക്കുന്ന പെൺകുട്ടിയാണ് കുഞ്ഞിനെ നോക്കാൻ അവിടെ നിന്നത്. രാത്രി മണിക്കൂറുകൾ ഇടവിട്ട് പൊടി കലക്കിയ വെള്ളം കുഞ്ഞിന് കൊടുക്കണം.

പിറ്റേദിവസം രാവിലെ ആ കുട്ടിക്ക് കോളേജിൽ പോകാനുള്ളത് കാരണം കുഞ്ഞിനെ നോക്കാൻ ആരും ഇല്ലാതെ വിഷമിച്ചിരുന്ന അവസരത്തിലായിരുന്നു ആമി ആ കുഞ്ഞിനെ നോക്കാമെന്നു പറഞ്ഞു ചെന്നത്.

ആമിക്ക് ആ കുഞ്ഞിനോട് വല്ലാത്തൊരു സ്നേഹം തോന്നി. അവൾ തന്നെ കുഞ്ഞിനെ മനസ്സിൽ പേര്‌ ചൊല്ലി വിളിച്ചു…ഐഷു…

ആമി നോക്കിക്കോളാം എന്ന് പറഞ്ഞപ്പോ എല്ലാവർക്കും അതിശയം ആയിരുന്നു. വയ്യാതെ കിടക്കുന്ന ആമിയുടെ കുഞ്ഞിനോടൊപ്പം എങ്ങനെ ഐഷു നെ ഇവൾ നോക്കുമെന്നു അവരൊക്കെ ചോദിച്ചു.

ഇവൾ വയ്യാതെ കിടക്കുമ്പോൾ തന്നെയാണ് ഞാൻ മറ്റു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതും. ഇവളോടൊപ്പം അവരെ നോക്കി വളർത്തിയതും. ആരുമില്ലാതെ ആയിപോയ ഐഷുനെ ഹോസ്പിറ്റലിൽ നിന്ന് ഞാൻ പോകുന്നത് വരെ നോക്കിക്കോളാം..എന്നവൾ ഉറപ്പ് കൊടുത്തു.

അങ്ങനെ അന്ന് പകൽ മുഴുവനും ആമി ഐഷുനെയും അതോടൊപ്പം സ്വന്തം കുഞ്ഞിനേയും പരിചരിച്ചു. വൈകുന്നേരം കോൺവെൻറ്റിലെ പെൺകുട്ടി വരും എന്ന് കരുതി. പക്ഷെ അവൾ പിന്നെ വന്നില്ല.

മൂന്നു രാവും പകലും തന്റെ കുഞ്ഞിനേയും ഐഷുനെയും അവൾ പരിചരിച്ചു. പകൽ കന്യാസ്ത്രീകൾ വരാറുണ്ടെങ്കിലും ആമിയാണ് കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും ചെയ്തു കൊണ്ടിരുന്നത്. അവളിൽ ഉണ്ടായിരുന്ന അമ്മ മനസ് തന്നെയാണ് സ്വന്തം കുഞ്ഞിനോടൊപ്പം, ആരുടെതെന്ന് പോലും അറിയാത്ത കുഞ്ഞിനെ സംരക്ഷിച്ചത്.

ഓരോ മണിക്കൂർ ഇടവിട്ട് പൊടി കലക്കി അവൾക്ക് കൊടുത്തപ്പോഴൊക്കെയും ആ അമ്മ മനസ് അഭിമാനം കൊള്ളുകയായിരുന്നു. പക്ഷെ ഒടുവിൽ ഐഷു നെ തിരിച്ചു കൊടുക്കാൻ അവൾക്കു മനസ് വരാതെ വിഷമിച്ചു പോയി.

ആരുമില്ലല്ലോ ആ പാവത്തിനെന്നു അവൾ സങ്കടപ്പെട്ടിരുന്നു. കോൺവെന്റിൽ നിന്ന് സിസ്റ്റർമാർ വന്നപ്പോൾ അവരോട് ആമി ചോദിച്ചു, ഐഷു നെ കോൺവെന്റിൽ തന്നെ വളർത്തുമോ അല്ലെങ്കിൽ ആർക്കെങ്കിലും കൊടുക്കുമോ…?

മക്കളില്ലാത്ത ആരെങ്കിലും ദത്തെടുക്കാൻ വന്നാൽ അവളെ അവർക്ക് കൊടുക്കും. ഇന്നും വർഷങ്ങൾക്കപ്പുറവും ആമിയുടെ സ്വപ്നത്തിൽ ഐഷു വരാറുണ്ട്. അവൾ ആരുടെയോ വീട്ടിൽ സുഖമായിരിക്കുന്നു എന്ന് ആമി വിശ്വസിക്കുന്നുണ്ട്..

എന്നെങ്കിലും ഒരു ദിവസം ഐഷു നെ കാണാൻ സാധിച്ചാൽ…മുത്തങ്ങൾ കൊണ്ട് പൊതിയണം…നിന്നെ ഞാൻ പ്രസവിച്ചതല്ലെങ്കിലും ഞാൻ നിന്റെ അമ്മയാണെന്ന് പറയണം

You may also like

Leave a Comment