Story written by Sowmya Sahadevan
യദു എന്നോട് ഇഷ്ടം പറഞ്ഞുവെന്ന്!! പറഞ്ഞപ്പോൾ തൊട്ടാണ് ഞാനും എബിയും കൂട്ട് കുറഞ്ഞത്.എബിയും ഞാനും കുഞ്ഞു നാൾ തൊട്ടേ കൂട്ടുകാരായിരുന്നു. സ്കൂളിലും ട്യൂഷൻ ക്ലാസ്സിലും ഞങ്ങൾ ഒന്നിച്ചായിരുന്നു. അവൻ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു. പ്ലസ് ടു കഴിഞ്ഞു വേറെ വേറെ കോളേജിലേക്കു മാറിയ സമയത്തായിരുന്നു യദു വിനെ ഞാൻ പരിചയ പെട്ടതും ഇഷ്ടം തോന്നിയതുമെല്ലാം. പ്രൈവറ്റ് ബസ് ലെ കണ്ടക്ടർ നെ അല്ലെ നിനക്ക് കിട്ടിയുള്ളൂ എന്നു പറഞ്ഞു അവൻ എന്നെ ഒരുപാട് പിന്തിരിപ്പിക്കാൻ നോക്കി.
ഒരിക്കൽ യദുവിനെ കാണാൻ പോകട്ടെ എന്നു ഞാൻ എബിയോട് ചോദിച്ചു, എബി വിലക്കിയിട്ടും ഞാൻ യദു വിനെ കാണാൻ പോയി. പിന്നെ എബി എന്നോട് മിണ്ടാതെയായി.
പ്രണയം പൂത്തുലഞ്ഞു നിന്നിരുന്ന കാലമായതുകൊണ്ട് എനിക്ക് എബിയെ മിസ്സ് ചെയ്തില്ല. അവനോട് ഞാൻ മിണ്ടാൻ ശ്രമിച്ചു നോക്കിയില്ല.ഒരു വെള്ളിയാഴ്ച വൈകുനേരം യദുവിനോടൊപ്പം ഞാൻ ഇറങ്ങിപോയി.
ചും ബനങ്ങളുടെ മധുരം കുറഞ്ഞു തുടങ്ങിയപ്പോളും,യദു എന്നെ ഇറുക്കി പിടിച്ചിരുന്നു. വേദനിക്കുന്നു വെന്ന് പറയുമ്പോൾ എല്ലാം അവന്റെ മുഖത്തൊരു ചിരി വിടരും. അരണ്ട വെളിച്ചത്തിൽ അവൻ എനിക്ക് ഇല്ലാത്ത കാമുകനെ സൃഷ്ടിച്ചു കൊണ്ടെന്നെ ഉറക്കെ കരയനാവാത്ത വിധം വേദനിപ്പിക്കും.ആരോടും പറയാൻ ഇല്ലാത്തതുകൊണ്ടും ഉറക്കെ കരഞ്ഞാൽ കൂടെ കരയുന്ന ഒരു മോളുള്ളതുകൊണ്ടും കരയാറില്ലായിരുന്നു.
യദുവിന് പിന്നെയും പ്രണയങ്ങൾ പൂക്കുന്നതായും തളിർക്കുന്നതയും എനിക്ക് തോന്നി.
ജില്ലാ ആശുപത്രിയിലെ പൊതിചോറിനുള്ള വരിയിൽ നിൽകുമ്പോളാണ് എബിയെ വീണ്ടും കാണുന്നത്. കുറ്റബോധം കൊണ്ട് തുളുമ്പിയ കണ്ണുകൾ തുടക്കാൻ ഒരു കൈയിലെ കുഞ്ഞും, മറ്റേ കൈയിലെ പൊതിയും ഒരുപോലെ അനുവദിച്ചില്ല.
കണ്ണുകൾ തുടച്ചു തന്നുകൊണ്ട് അവനെന്റെ മോളെ എടുത്തു.അവൾക്കു ന്യൂമോണിയയായിരുന്നു. അഡ്മിറ്റ് ആയിട്ട് ഒരാഴ്ചയായിരുന്നു. എബി എന്നോട് ഒന്നും പറഞ്ഞില്ല, ഒന്നും ചോദിച്ചുമില്ല. ഡിസ്ചാർജ് ആവുന്നതു വരെ എന്റെ ബെഡിലേക്കു കൃത്യമായി ഭക്ഷണംപൊതികൾ എത്തിച്ചേർന്നു. ചില പൊതികളിൽ നോട്ടുകളും ഉണ്ടായിരുന്നു.
മോളെ ഡിസ്ചാർജ് ആക്കി, ഒരു ഓട്ടോ വിളിച്ചു ഞാൻ വീട്ടിലേക്കു പോയി. ആശുപത്രിയിലേക്ക് യദു വല്ലപ്പോഴും ഫോണിൽ മാത്രം വിളിച്ചിരുന്നു. ഒരിക്കൽ പോലും വന്നിരുന്നില്ല.വീടിന്റെ വാതിൽ അകത്തു നിന്നു അടിച്ചിരുന്നു, തട്ടുന്നത് കേട്ടു യദു വാതിൽ തുറന്നു.കൂടെ ഏതോ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു.
കൈയിൽ എടുക്കാൻ ഒരുപാടു ഒന്നും ഇല്ലാത്തതുകൊണ്ട്, ആശുപത്രിയിൽ നിന്നും കൊണ്ടുവന്ന ആ ബാഗ് മാത്രം തോളിലേക്ക് ഇട്ടുകൊണ്ട് ഞാൻ മുറ്റത്തേക്കിറങ്ങി, മോളെയും കൊണ്ട് ഞാൻ ഇറങ്ങിയപ്പോളും യദു വീടിന്റെ ഉമ്മറത്ത് തന്നെ നിൽപുണ്ടായിരുന്നു.
ഒരു ഓട്ടോ വന്നു നിന്നു, എബി കൈയിലെ ബാഗും കുഞ്ഞിനേയും ഓട്ടോയിലേക്ക് കയറ്റി, എന്റെ തോളിലൊന്നു തട്ടിക്കൊണ്ടു കേറാൻ പറഞ്ഞു. ആ വണ്ടി വന്നു നിന്നതെന്റെ വീടിനു മുന്നിലായിരുന്നു.
സ്കൂൾ വിട്ടു വരാൻ വൈകിയ കുട്ടിയെ കാത്തിരുന്ന പോലെ അമ്മയും അച്ഛനും എന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു.
കുളികഴിഞ്ഞു ഉമ്മറത്തേക്ക് വന്നപ്പോൾ മോൾ ഏട്ടന്റെ മടിയിലായിരുന്നു. എബി എനിക്ക് രണ്ടു പി എ സി റാങ്ക് ഫയൽ തന്നിട്ട് പറഞ്ഞു ഇപ്പോൾ പഠിച്ചു തുടങ്ങിയാൽ ഒന്നിച്ചു എഴുതാം. നാളെ തൊട്ടു തുടങ്ങിയാലോ? അവന്റ കൈയിൽ പിടിച്ചു കൊണ്ടു ഞാൻ പറഞ്ഞു സോറി ഡാ…..പഴയ പോലെ തലയിൽ ഒരു കിണ്ണ് തന്നിട്ട് പറഞ്ഞു, പോടീ പോത്തേ… എന്തുകൊണ്ടോ അവന്റെ കണ്ണും അപ്പോൾ നിറഞ്ഞിരുന്നു…..