പെട്ടെന്നുള്ള ഹരിയുടെ ദേഷ്യം കണ്ടപ്പോ രാജിയുടെ കണ്ണ് നിറഞ്ഞു തുളുമ്പി. ശബ്ദം ഇടറിക്കൊണ്ട് ആണേലും രാജി പതിയെ പറഞ്ഞു…

രചന: Praji CK

:::::::::::::::::::::

ഹരിയേട്ടാ…എന്താ ഉറങ്ങിയില്ലേ ഇതുവരെ…

ഉറക്കത്തിനിടയിൽ പെട്ടെന്ന് ഉണർന്നതായിരുന്നു രാജി. അപ്പോഴാ റൂമിൽ ഒരു നിഴൽ അനക്കം കണ്ടത്, അത് ഹരിയായിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും സമാധാനം ഇല്ലാത്ത പോലെ നടക്കുവായിരുന്നു ഹരി. അഴിഞ്ഞു തൂങ്ങിയ മുടി വാരികെട്ടി വലതു കണ്ണ് തിരുമ്മിക്കൊണ്ട് രാജി ഹരിയുടെ അടുത്തേക് വന്നു റൂമിലെ ലൈറ്റ് ഇട്ടു.

എന്ത്‌ പറ്റി ഹരിയേട്ടാ ഇന്ന് അത്താഴം പോലും കഴിച്ചില്ലല്ലോ…വിളിച്ചപ്പോൾ വിശപ്പില്ലെന്ന് പറഞ്ഞോണ്ടല്ലേ ഞാൻ ചോറിൽ വെള്ളം ഒഴിച്ച് വെച്ചത്. ഇപ്പോ നന്നായി വിശക്കുന്നുണ്ടല്ലേ…നിക്ക് ഞാനിപ്പോ ഉപ്പുമാവ് ഉണ്ടാക്കി തരാം, ഇത്തിരി റവ ഇരിപ്പുണ്ട്.

എനിക്കൊന്നും വേണ്ടാ…ഇത്തിരി സ്വൈര്യം തന്നാ മതി. മിണ്ടാതെ കിടന്നുറങ്ങിക്കൂടെ നിനക്ക്..!! ഏത് നേരവും മനുഷ്യന് ഒരു സമാധാനം തരാതെ വന്നോളും…

പെട്ടെന്നുള്ള ഹരിയുടെ ദേഷ്യം കണ്ടപ്പോ രാജിയുടെ കണ്ണ് നിറഞ്ഞു തുളുമ്പി. ശബ്ദം ഇടറിക്കൊണ്ട് ആണേലും രാജി പതിയെ പറഞ്ഞു…

ഹരിയേട്ടാ…അത്…ഞാൻ…ഹരിയേട്ടനെ ഇങ്ങനെ കണ്ടപ്പോ സഹിക്കാത്തോണ്ടാ…

മതി എന്റെ മുന്നിൽ നിന്നും പോ…

ഹരിയുടെ വാക്കുകൾക്കു മൂർച്ച കൂടിവന്നു. പൊട്ടിക്കരയാൻ തോന്നിയെങ്കിലും വാ പൊത്തിപിടിച്ചു രാജി കട്ടിലിന്റെ മറുവശത്ത് ശബ്ദം പുറത്ത് കേൾക്കാത്ത രീതിയിൽ കരഞ്ഞു കൊണ്ട് കിടന്നു…അതിനിടയിൽ എപ്പോഴോ രണ്ടുപേരും ഉറങ്ങിപോയിരുന്നു.

ന്യൂസ്‌പേപ്പർ ഇടാൻ വരുന്ന പയ്യന്റെ സൈക്കിൾ ബെൽ കേട്ടാണ് രാജി കണ്ണ് തുറന്നത്. ഈശ്വരാ…നേരം ഒരുപാട് ആയല്ലോ…ഇന്നാണ് ഹരിയേട്ടന്റെ വല്യച്ഛന്റെ മോന്റെ “കല്യാണം”. പെട്ടെന്നു വീട്ടുജോലി എല്ലാം തീർത്തു അങ്ങോട്ട് പോവണം. വീട്ടുകാരാണ് വൈകി ചെല്ലുന്നത് മോശമാണ്, നാട്ടുകാർ എന്താ പറയാ…

ഹരി ഏട്ടൻ ആണേൽ ഇന്നലെ പോലും അങ്ങോട്ടൊന്നു ചെന്ന് നോക്കിയിട്ടില്ല. സ്ഥാനം കൊണ്ട് ഹരിയേട്ടൻ ആ വീട്ടിലെ ഏട്ടൻ ആണ്.

recommended by

SPIKE FITNESS
Reduce Belly Fat Within Few Days
LEARN MORE
രാജി ദൃതി പിടിച്ച് എഴുനേറ്റ് വാതിൽ തുറക്കാൻ തുടങ്ങിയപ്പോൾ ഹരിയെ ഒന്നു തിരിഞ്ഞുനോക്കി. എന്താന്നറിയില്ല വല്ലാത്തൊരു ദേഷ്യം സങ്കടം എല്ലാംകൂടിയാണ് അപ്പോ അവൾക്ക് തോന്നിയത്…അവൾ വാതിൽ തുറന്ന് പുറത്തേക്ക് പോയി.

കുളിയെല്ലാം കഴിഞ്ഞ് അടുക്കളയിൽ കയറി ചായയും പലഹാരവും ഉണ്ടാക്കാൻ തുടങ്ങി. അതിനിടക്ക് അടുത്ത റൂമിൽ കിടന്നുറങ്ങുന്ന രണ്ട് മക്കളെയും തട്ടി വിളിച്ചു എഴുനേല്പിച്ചു.

ന്താ ഇന്നു കല്യാണത്തിന് പോണില്ലേ രണ്ടാളും. ഉണ്ണാൻ നേരത്തല്ല അങ്ങോട്ട് കേറി ചെല്ലേണ്ടത്. അച്ഛനോ ആ ഒരു ബോധം ഇല്ല ഇനി മക്കളും കൂടെ അങ്ങനെ ആവാനാണോ പരിപാടി. വേഗം കുളിച്ചിട്ട് വാ രണ്ടാളും, അമ്മ കഴിക്കാൻ എടുത്ത് വെക്കാം, എന്നിട്ട് വേണം നമുക്ക് അങ്ങോട്ട് പോവാൻ….ഇപ്പോ തന്നെ അവിടെ എല്ലാവരും എത്തിക്കാണും.

ദേ…അമ്മേടെ ഫോൺ റിങ് ചെയ്യുന്നു. ചേച്ചിയമ്മയാ രാജിയുടെ ഇളയ മോൻ ബ്രെഷ് ചെയ്തുകൊണ്ട് ഫോൺ എടുത്ത് നോക്കി പറഞ്ഞു.

ദോശ മറിച്ചിട്ട്കൊണ്ട് രാജി മോനോട് ഉറക്കെ വിളിച്ചു പറഞ്ഞു…ആ, നീ അതെടുത്തിട്ട് പറഞ്ഞേക്ക് അമ്മ ഇപ്പോ അങ്ങട് തിരിച്ചു വിളിക്കാം ന്ന്…

വേഗം ദോശ എല്ലാം ഉണ്ടാക്കി ഫോൺ എടുത്ത് ഉമ്മറത്തു പോയ രാജി ചേച്ചിയെ വിളിക്കാൻ തുടങ്ങി. നീ ഒരുങ്ങിയില്ലേ രാജി ! ഞാൻ ഇപ്പോൾ അങ്ങട് എത്തും ട്ടോ…

യ്യോ…അങ്ങോട്ട് പോവല്ലേ ചേച്ചി നേരെ ഇങ്ങോട്ടു വാ നമുക്ക് ഒരുമിച്ച് പോവാം…ഞാൻ ദേ ഇപ്പോൾ ഒരുങ്ങും അഞ്ചു മിനിറ്റ്.

എന്നിട്ട് രാജി മുറിലേക്കു ഓടി സാരി ഉടുക്കാൻ വേണ്ടി അലമാരയിൽ ഒരു പരതൽ തന്നെ നടത്തി. ഉള്ളതിൽ വെച്ച് ഏറ്റവും പുതിയത് ഉടുക്കാം കഴിഞ്ഞ ഓണത്തിന് “അമ്മ” എടുത്ത് തന്നതാ ! അത് മതി ആരും അതുടുത്ത് കണ്ടിട്ടുമില്ല….അപ്പോ പിന്നെ ഇന്നു കല്യാണത്തിന് ഷൈൻ ചെയ്യാൻ ഇത് തന്നെ ധാരാളം…

രാജി പെട്ടന്ന് തന്നെ ആ സാരി ഒക്കെ ഉടുത്ത് ഒരുങ്ങി മുറിയിൽ നിന്നും ഇറങ്ങാൻ തുടങ്ങുവായിരുന്നു. അപ്പോൾ അവളുടെ മനസ്സ് അവളെ ഹരിയുടെ അടുത്തേക്ക് വലിച്ചു…രാജി ഹരിയുടെ അടുത്തേക് ചെന്ന് കട്ടിലിൽ ഇരുന്നു പതിയെ ഹരിയുടെ തോളിൽ കൈവെച്ചുകൊണ്ട് ഹരിയെ വിളിച്ചു.

ഹരിയേട്ടാ…ഞാനും മക്കളും പോവാ ട്ടോ വല്യച്ഛന്റെ വീട്ടിലേക്ക്…ഡൈനിങ് ടേബിളിൽ ചായ എടുത്ത് വെച്ചിട്ടുണ്ട്, ഷർട്ടും വെള്ള മുണ്ടും തേച്ച് വെച്ചിട്ടുണ്ട്. പിന്നെ, ഹരിയേട്ടൻ പെട്ടെന്നു അങ്ങട് വരണേ എല്ലാവരും ചോദിക്കും. മറക്കല്ലേ ട്ടോ പെട്ടെന്നു വരണേ…

ഇത്രയും പറഞ്ഞ് രാജി ദൃതിയിൽ എഴുന്നേൽക്കാൻ തുടങ്ങുമ്പോൾ ഹരി അവളുടെ കൈകളിൽ ഒന്നിൽ മുറുകെ പിടിച്ച്‌ അവനിലേക്ക് വലിച്ചടുപ്പിച്ചു കൊണ്ട് അവളെ കെട്ടി പിടിച്ചു…എന്നിട്ട് പതിഞ്ഞ സ്വരത്തിൽ അവളോട് ചോദിച്ചു,

എന്നോട് വെറുപ്പ് ആണോ നിനക്ക്…ഞാൻ ഇന്നലെ ഒരുപാട് ദേഷ്യപ്പെട്ടു പോയി, എന്നോട് എന്റെ മോൾ ക്ഷമിക്ക്, ഇനി ഒരിക്കലും ഹരിയേട്ടൻ നിന്നോട് ദേഷ്യപ്പെടില്ല. ഞാൻ നിനക്ക് ഒരുമ്മ തരട്ടെടി ആഗ്രഹം കൊണ്ടാണ്…നീയും എനിക്ക് ഒരുമ്മ തന്നെ, എന്റെ നെഞ്ചിൽ ഒന്നു ചേർന്ന് കിടന്നേ….

അയ്യടാ, ഹരിയെ തള്ളി മാറ്റി അവിടുന്ന് പെട്ടെന്ന് എഴുനേറ്റ് കൊണ്ട് രാജി പറഞ്ഞു. മോൻ പല്ലൊക്കെ തേച് കുളിച്ച് ചായ കുടിച്ച് കല്യാണത്തിന് വാ….എന്നിട്ട് ആലോചിക്കാം തിരികെ വന്നിട്ട് ഉമ്മ തരണോ, വാങ്ങണോ എന്നൊക്കെ…

രാജി ഡീ ഒരുങ്ങിക്കഴിഞ്ഞില്ലേ നീ ഇതുവരെ…മുറ്റത്ത്‌ നിന്നും ചേച്ചിയുടെ വിളി ആയിരുന്നു അത്.

ദാ കഴിഞ്ഞു ചേച്ചി….ഹരിയേട്ടാ ഞാൻ ഇറങ്ങുവാ…അങ്ങോട്ട് വേഗം വരണേ എന്നും പറഞ്ഞുകൊണ്ട് രാജി മക്കളെയും കൂട്ടി വീട്ടിൽ നിന്നും ഇറങ്ങി.രാജിയും മക്കളും അവിടെ എത്തി ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോ തുടങ്ങിയതാ രാജിയുടെ ഫോണിലേക്കു ഹരിയുടെ വിളി. നിങ്ങളിങ്ങനെ ഫോണിൽ വിളിക്കാതെ ഇങ്ങോട്ട് വേഗം വാ മനുഷ്യാ കുടുംബക്കാർ എല്ലാം അന്വേഷിക്കുന്നുണ്ട്.

അത്…പിന്നെ ഞാൻ വരാൻ ഇത്തിരി വൈകും രാജി എന്നെ കാത്തു നിൽക്കണ്ട…നീ ഊണ് കഴിച്ചിട്ട് എന്നെ ഒന്ന് വിളിക്ക് ട്ടോ മറക്കല്ലേ.

ന്താ ഹരിയേട്ടാ ഇത്…എന്ന് പറയും മുൻപ് ഹരിയുടെ കാൾ കട്ട്‌ ആയിരുന്നു. ഒരു പത്തു മിനിറ്റിനു ശേഷം ഹരി രാജിയെ വീണ്ടും വിളിച്ചു ഇങ്ങനെ ഒരുപാട് തവണ രാജിയെ വിളിച്ചു കൊണ്ടിരുന്നു.

അവസാനം രാജി അങ്ങോട്ട് വിളിച്ചു ഹരിയേട്ടാ എല്ലാവരും കഴിച്ചു ഇനി ഞാനും ചേച്ചിയും ഇരിക്കുവാ ട്ടോ…

ആ എന്നാ പിന്നേ നീ കഴിച്ചിട്ട് എന്നെ ഒന്നുടെ വിളിക്കണേ എന്തായാലും വിളിക്കണം…

എന്താടി നിന്റെ കെട്ട്യോന് ഇന്ന് ഒടുക്കത്തെ സ്നേഹം ആണല്ലോ എന്താ കാര്യം ചേച്ചി കളിയാക്കികൊണ്ട് ചോദിച്ചു. അതുകേട്ടപ്പോൾ രാജിക്ക് നന്നായി സുഖിച്ചു എന്നാലും ഉള്ളിലെ സന്തോഷം പുറത്ത് കാണിക്കാതെ ഊണ് കഴിച്ചു കഴിഞ്ഞ് രാജി എഴുന്നേറ്റ് കൈകഴുകാൻ പോയി.

വന്നിട്ട് ഫോൺ എടുത്ത് ഹരിയെ തിരികെ വിളിച്ചു റിങ് ചെയ്യുന്നുണ്ട് എന്നാൽ ഹരി കാൾ എടുത്തില്ല. ഇങ്ങേര് ഇതെവിടെ പോയിരിക്കുവാ ഫോൺ ബെൽ അടിയുന്നത് കേൾക്കുന്നില്ലേ ആവോ…രാജി അങ്ങനെ പറഞ്ഞോണ്ടിരിക്കുമ്പോൾ ദേ ഹരിയുടെ കാൾ ഇങ്ങോട്ട് വരുന്നു.

രാജി ഫോൺ എടുത്തു ഹരിയേട്ടാ….ഞങ്ങൾ കഴിച്ചുകഴിഞ്ഞു ട്ടോ…

എടി ഞാൻ ഇപ്പോ വിളിച്ചത് വേറൊരു കാര്യം പറയാനാ, ഞാൻ നിനക്ക് പുതിയ സാരി വാങ്ങിച്ചു തരണം എന്ന്‌ വിചാരിച്ചിരുന്നതാ…അതിന് കഴിഞ്ഞില്ല. നിനക്ക് അതിൽ വിഷമം ഉണ്ടാവുംന്ന് എനിക്കറിയാം. ഹരിയേട്ടന്റെ കയ്യിൽ ഒന്നും ഇല്ലാത്ത അവസ്ഥ ആയിപോയി നീ എന്നെ വെറുക്കല്ലേ മോളെ…

അയ്യേ എന്റെ ഹരിച്ചെക്കന് ഇന്ന് എന്താ പറ്റിയത് ഫുൾ സങ്കടം, സ്നേഹം എല്ലാം വാരിക്കോരി ചൊരിയുവാണല്ലോ…എനിക്ക് ഒരു വിഷമോം ഇല്ല്യ ട്ടോ…ഞാൻ പുതിയ സാരി തന്നെയാ ഉടുത്തിരിക്കുന്നത്.ന്നാലും…നീ ഒരുപാട് ആശിച്ചതായിരുന്നില്ലേ ഞാൻ വാങ്ങിച്ചു തന്നില്ലല്ലോ….അതോർക്കുമ്പോൾ സങ്കടം തന്നെയാടി ഈ നെഞ്ചിനുള്ളിൽ…എന്തായാലും ന്റെ മോൾക്ക് ഞാൻ രണ്ട് പുതിയ നൈറ്റി വാങ്ങിച്ചു വെച്ചിട്ടുണ്ട്. ഇന്നു മുതൽ വീട്ടിൽ അത് ഇട്ടാൽ മതി. പഴയത് എല്ലാം പിഞ്ഞി തുടങ്ങിയതല്ലേ ആളുകൾ കണ്ടാൽ…അത് ഇനി വേണ്ടാ…നീ വീട്ടിൽ എത്തിയാൽ ഞാൻ പറഞ്ഞത് പോലെ അതിലൊരെണ്ണം എടുത്ത് ഇടണം. ഞാൻ വരുമ്പോൾ എനിക്ക് അങ്ങനെ കാണണം നിന്നെ. ന്നാ…ശരി നീയും മക്കളും പെട്ടെന്ന് ഇങ്ങട് വരണ്ട. വൈകുന്നേരം എത്തിയാൽ മതി. നീ വരുമ്പോൾ ഞാൻ ഇവിടെ ണ്ടാവില്ല, പുറത്തോട്ട് ഒന്ന് ഇറങ്ങുവാ ഞാൻ. അപ്പൊ ഇനി വിളിക്കണ്ട.

ഉം…ന്നാൽ ഞാൻ വൈകുന്നേരം എത്തിക്കോളാം ഹരിയേട്ടൻ പൊയ്ക്കോളൂ.

ഇടക് സമയം കിട്ടിയപ്പോൾ എല്ലാം രാജി ഹരിയെ വിളിക്കുന്നുണ്ടായിരുന്നു. പക്ഷെ ഹരി ഫോൺ എടുത്തിരുന്നില്ല. വൈകുന്നേരം വീട്ടിൽ എത്തിയ രാജി ഹരി പറഞ്ഞത് പോലെ ബെഡ്‌റൂമിൽ എടുത്തുവെച്ചിരുന്ന നൈറ്റികളിൽ ഒരെണ്ണം എടുത്ത് നോക്കി. അതിൽ ഹരിക്കിഷ്ടപ്പെട്ട വയലറ്റ് കളർ നൈറ്റി തന്നെ എടുത്ത് കുളിക്കാൻ പോയി.

അത് ഇട്ടുകൊണ്ട് അടുക്കളയിൽ ചെന്ന് ഒരു കട്ടൻ ഉണ്ടാകാനുള്ള പരിപാടിയിലായിരുന്നു രാജി. പെട്ടെന്നു തിരിച്ചു പോയ ചേച്ചിയമ്മയും വല്യച്ചനും അനിയനും പുതുപെണ്ണും എല്ലാവരും കൂടെ വീട്ടിലേക്കു വരുന്നത് അടുക്കളയുടെ ജനലിലൂടെ രാജിയുടെ കണ്ണിൽ ഉടക്കി…

ഇതെന്താ, ഇപ്പൊ ഇവരെല്ലാം കൂടെ ഇങ്ങോട്ട്…? എന്ന് പറഞ്ഞുകൊണ്ട് ചായക്ക് ഓണാക്കിയ ഗ്യാസ്സ്റ്റവ് ഓഫാക്കി രാജി ഉമ്മറത്തേക്ക് ചെന്നു.

എന്താ എല്ലാരും കൂടെ ഇങ്ങോട്ട്….അവൾക്ക് അത്ഭുതവും അതിലപ്പുറം മനസിലൊരു ആദിയും കേറിതിളക്കാൻ തുടങ്ങി…

മോളെ നീ അകത്തോട്ടു ചെല്ല്, രാജിയുടെ കൈ പിടിച്ചു വല്യച്ഛൻ അവളെ നോക്കികൊണ്ട് കരയാൻ തുടങ്ങിയിരുന്നു.

എന്താ വല്യച്ചാ…? എന്താ പറ്റിയത്…? ചേച്ചീ എന്താ…?? എന്തോ ഉണ്ട്…? എന്തോ സംഭവിച്ചിട്ടുണ്ട് നിങ്ങളെല്ലാരും കൂടെ എന്തിനാ ഇങ്ങോട്ട് വന്നത് പറ ചേച്ചീ…

അത് രാജി നിന്നോട് എങ്ങനാടി ഞാൻ പറയുക എന്ന് പറഞ്ഞുകൊണ്ട് ചേച്ചിയും അവളെ കെട്ടിപിടിച്ചു കൊണ്ട് കരയാൻ തുടങ്ങി.

നിങ്ങളെല്ലാരും എന്താ ഇങ്ങനൊക്കെ…ആരും ഒന്നും പറയുന്നില്ല ല്ലോ ഞാൻ ഹരിയേട്ടനെ ഒന്ന് വിളിച്ചു പറയട്ടെ.

രാജി ഡൈനിങ്ങ് ടേബിളിൽ ഇരുന്ന ഫോൺ എടുക്കാൻ തിരിഞ്ഞതും രാജിയെ കൈനീട്ടി തടഞ്ഞു കൊണ്ട് അനിയൻ പറഞ്ഞു. രാജിയേച്ചീ നിങ്ങളിപ്പോ ഹരിയേട്ടനെ വിളിക്കണ്ട…ഏട്ടൻ ഫോൺ എടുക്കില്ല.

അതെന്താടാ അങ്ങനെ…

രാജി അവനെ സംശയത്തോടെ ഒന്ന് നോക്കി.

ഹരിയേട്ടൻ നമ്മളെ വിട്ട് പോയി, ഇനി ഏട്ടൻ നമ്മളോട് സംസാരിക്കില്ല…

പെട്ടെന്നു ശബ്ദം നിലച്ചപോലെ രാജി മിണ്ടാതായി, സെക്കന്റുകൾക്കുള്ളിൽ അവിടെ കുഴഞ്ഞു വീണു…

അപ്പോഴേക്കും നാട്ടുകാരും ബന്ധുക്കളും എല്ലാം വീട്ടിലേക്ക് വന്നുതുടങ്ങിയിരുന്നു. രാജിക്ക് ബോധം തെളിഞ്ഞില്ല. കുറച്ചു പേര് ചേർന്ന് അവളെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.

അവിടെ അബോധവസ്ഥയിൽ കിടന്നിരുന്ന രാജി ഇടക്ക് കണ്ണുകൾ തുറന്നു ചുറ്റും നോക്കി. ചേച്ചി അവളുടെ അടുത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു. ദയനീയമായി അവൾ ചേച്ചിയെ ഒന്ന് നോക്കി എന്നിട്ട് ശബ്ദം ഇടറിക്കൊണ്ട് യാചിച്ചു,

എനിക്ക് എന്റെ ഹരിയേട്ടനെ ഒന്ന് കാണണം. ഇവിടുന്നു പോവാം എന്നെ ഒന്നു കൊണ്ടോയി കാണിക്ക്, എനിക്ക് ഹരിയേട്ടൻ ഇല്ലാതെ ജീവിക്കാൻ പറ്റില്ലന്ന് എന്റെ ഹരിയേട്ടനറിയാം…എന്നെയും മക്കളെയും വിട്ട് പോവാൻ ഹരിയേട്ടനാവില്ല…

ചേച്ചിയുടെ കൈകളിൽ പിടിച്ചു അവളുടെ നെഞ്ചോട് ചേർത്ത് വാവിട്ട് കരഞ്ഞുകൊണ്ട് രാജി നിർത്താതെ പുലമ്പിക്കൊണ്ടിരുന്നു…എല്ലാം കണ്ട് കൊണ്ടിരിക്കുന്ന ഹരിയുടെ ഒരു സുഹൃത്ത് രാജിയുടെ അടുത്തേക്ക് വന്നു, എന്നിട്ട് ഒരു കത്ത് എടുത്ത് അവൾക്ക് നേരെ നീട്ടി.

രാജി…ഇതവൻ പോകും മുൻപ് എന്നെ ഏൽപ്പിച്ചതാണ് നിനക്ക് തരാൻ. അവൻ ഇങ്ങനൊരു കടുംകൈ ചെയ്യാൻ പോകുകയാണെന്ന് ഞാൻ കരുതിയില്ല. അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഒരിക്കലും അനുവദിക്കില്ലായിരുന്നു.

രാജി ആ കത്ത് വാങ്ങിച്ചു തുറന്ന് വായിക്കാൻ ശ്രമിച്ചു…കണ്ണുനീർ നിറഞ്ഞൊഴുകുന്നതുകൊണ്ട് അവൾക്ക് അക്ഷരങ്ങൾ പോലും വ്യക്തമായിരുന്നില്ല. എന്നിട്ടും അവൾ വായിക്കാൻ ശ്രമിച്ചു…രാജി നീ എന്നോട് പൊറുക്കണം. ഒരിക്കലും പൊറുക്കാൻ പറ്റുന്ന തെറ്റല്ല ഞാൻ നിന്നോട് ചെയ്യുന്നത്. എന്നാൽ എനിക്ക് ഇതല്ലാതെ വേറെ വഴിയില്ല മോളെ…ഹരിയേട്ടൻ ഒരു കോടീശ്വരൻ ഒന്നും അല്ലന്ന് നിനക്കറിയാലോ…ഉള്ളതുകൊണ്ട് ജീവിക്കാൻ നമുക്ക് കഴിഞ്ഞിരുന്നു. എന്നിട്ടും അതിനിടക്ക് ഒരത്യാവശ്യം വന്നപ്പോൾ നിന്റെ ഹരിയേട്ടന് കടക്കാരൻ ആവേണ്ടി വന്നു. ഓർമ്മ വെച്ചനാൾമുതൽ ഇന്നുവരെ ആരുടെയും മുൻപിൽ കടക്കാരനായി നിൽക്കേണ്ടി വന്നിട്ടില്ല ഈ ഹരിക്ക്…

കുറച്ചു നാൾ മുൻപ് രാമേട്ടനോട് ഞാൻ 5000 രൂപ വാങ്ങിയിരുന്നു നിന്നോട് അത് പറഞ്ഞിരുന്നില്ല…മനഃപൂർവം പറയാതിരുന്നതാണ്. ഒരു മാസം ആയി അത് തിരിച്ചു കൊടുക്കാനുള്ള സമയം കഴിഞ്ഞിട്ട്….രാമേട്ടൻ മൂന്ന് നാലു തവണ ചോദിച്ചിരുന്നു. കൊടുക്കാൻ കഴിയാത്ത അവസ്ഥ ആയിപോയി എനിക്ക്….പറഞ്ഞവാക്കിനു വില ഇല്ലാതെ മാനം കെട്ട് ജീവിക്കാൻ നിന്റെ ഹരിയേട്ടന് ആവില്ലെടി…അതുകൊണ്ട് ഞാൻ പോകുവാ…നീ കരയരുത്. നമ്മുടെ മക്കൾക്കുവേണ്ടി നീ ജീവിക്കണം. ഹരിയേട്ടന്റെ പ്രാണൻ ആണ് നീ…

എല്ലാം വായിച്ച ശേഷം ഒന്നൂടെ വാവിട്ട് നിലവിളിച്ചു കൊണ്ടവൾ പറഞ്ഞു എന്നെയും കൂടെ കൂട്ടായിരുന്നില്ലേ ഹരിയേട്ടാ…ജീവിക്കാൻ ആണേലും മരിക്കാൻ ആണേലും ഈ രാജി കൂടെ ഉണ്ടാവുമെന്ന് അറിഞ്ഞിട്ടും എന്നെ തനിച്ചാക്കി പോയില്ലേ ഹരിയേട്ടാ…അപ്പോഴേക്കും രാജിയുടെ കരച്ചിൽ അവിടെ ഉണ്ടായിരുന്നവരെ ആകെ കണ്ണീരിലാഴ്ത്തികഴിഞ്ഞിരുന്നു.

(NB: ലക്ഷങ്ങൾ കടങ്ങൾ ഉള്ള എത്രയോ പേര് ജീവിക്കുന്ന നാട്ടിൽ ഇതുപോലുള്ള ഹരിമാരും ഉണ്ട്. ആരും അറിയാതെ പോകുന്ന ആത്മാഭിമാനം ഒരുപാട് ഉള്ള ജീവിച്ച് കൊതി തീരാത്ത ഹരിമാർ.)

Leave a Reply

Your email address will not be published. Required fields are marked *