A Story By Anoop
===========
” എനിക്ക് സമ്മതമാണ് പക്ഷേ ഈ നാട്ടിൽ നിന്നുള്ള ആളെ വേണ്ട ” പെങ്ങളുടെ കല്യാണത്തിനുള്ള സമ്മതം കിട്ടിയപ്പോൾ തന്നെ എനിക്ക് സമാധാനം ആയിരുന്നു . കഴിഞ്ഞ രണ്ട് വർഷത്തോളമായി ഞാനും അമ്മയും എത്രയോ തവണ നിർബന്ധിച്ചിരുന്നു . ഇപ്പൊഴാണ് അവൾ സമ്മതം പറഞ്ഞത് . ആകെയുള്ള ഒരു നിർബന്ധം ചെക്കൻ നാട്ടിൽ നിന്നുള്ളവൻ ആവരുത് എന്ന് മാത്രം . ഒരുവർഷത്തെ ദാമ്പത്യത്തിനു ശേഷം ഭർത്താവ് മരണപ്പെട്ട് വിധവയാകേണ്ടി വന്ന അവളുടെ ആ ഒരു ആവിശ്യം എനിക്കും അംഗീകരിക്കാൻ പറ്റാതിരുന്നില്ല . ചിലപ്പൊഴൊക്കെ ഞാനും അങ്ങോട്ട് അത് പറഞ്ഞിട്ടുണ്ട് . ഈ നാട്ടിലാകുംബോൾ സഹതാപത്തോടെയുള്ള ആൾക്കാരുടെ നോട്ടം പിന്നെ ചിലരുടെ രണ്ടാം കെട്ടല്ലെ എന്നൊക്കെയുള്ള സംസാരം ഒഴിവാക്കാനും അവൾക്ക് കുറച്ച് കൂടി കംഫർട്ടായി ജീവിതം മുന്നോട്ട് കൊണ്ടു പോകാനും നല്ലത് അവളെ അറിയാത്ത നാട്ടിലേക്ക് അവളെ കെട്ടിച്ചു വിടുന്നത് തന്നെയാണ് . ഒരു ബൈക്ക് അപകടത്തിൽ 2 ആഴ്ചയോളം ആശുപത്രിയിൽ കിടന്നിട്ടാണ് അവളുടെ ഭർത്താവ് പ്രസാദ് മരിക്കുന്നത് . കല്യാണം കഴിഞ്ഞ് മൂന്ന് മാസം ആകും മുന്നേ ഗൾഫിലെക്ക് തിരികെ പോയതാണ് അവൻ . അവിടുത്തെ ജോലി മതിയാക്കി നാട്ടിൽ വന്ന് ഉടനെ തന്നെ ബൈക്ക് എടുത്തു . എടുക്കാൻ പോയത് ഞാനും അവനും തന്നെയാണ് . തലേ ദിവസം തന്നെ വിളിച്ചിരുന്നു . അളിയന്റെ ഫോണിൽ നിന്നു തന്നെയാണ് വിളിച്ചത് . അല്ലേലും രാത്രി എട്ട് മണി ആകുംബോൾ 2 പെഗൊക്കെ ഇട്ടു കഴിഞ്ഞാൽ ഒരു വിളി ഉണ്ട് . വിളി കണ്ടാൽ അറിയാം അവിടെ അടിക്കാൻ തുടങ്ങീന്നു . അന്നും വന്നു കോൾ .
” ഹലോ . വീട്ടിലാണോ ? ” അളിയന്റെ ഫോൺ വന്നപ്പോൾ തന്നെ കാര്യം മനസിലായി . ബൈക്കെടുക്കുന്ന കാര്യം പറയാനാവും എന്ന് . ഉച്ചയ്ക്ക് അവൾ വിളിച്ചപ്പോൾ തന്നെ പറഞ്ഞിരുന്നു നാളെ വണ്ടി ഇറങ്ങും എന്ന് .
” ഞാൻ വീട്ടിലാണ് . നാളെ വണ്ടി ഇറങ്ങുന്നുണ്ടോ ?” ഞാൻ ചോദിച്ചു .
” ആ അത് പറയാനാണ് വിളിച്ചത് . നാളെ ലീവ് ആക്കാൻ പറ്റുമോ . എന്നാൽ പോയി വണ്ടി എടുക്കാം . ഒറ്റക്ക് വയ്യ ” പുള്ളിക്കാരന് ഗൾഫിലായതു കാരണം നാട്ടിൽ വലിയ കുട്ടുകാരൊന്നും ഇല്ല . അതുകൊണ്ടാവണം .
” നാളെ എത്ര മണിക്കാ പോവാ . ഞാൻ ലീവാക്കിക്കോളാം ” മറുപടിക്കായി ഞാൻ കാത്തിരുന്നു .
” നാളെ പത്ത് മണിക്ക് അവിടെ എത്തുന്ന കണ്ടീഷനിൽ പോകാം . അതല്ലെ നല്ലത് . അപ്പൊഴേക്കും ഞാനും റെഡി ആവാം ” അളിയൻ മറുപടി പറയുന്നതിനിടയ്ക്ക് തന്നെ പെങ്ങളുടെ ശബ്ദം കേൾക്കാൻ തുടങ്ങിയിരുന്നു . ” ഏട്ടനാണോ ? “
” ആ അതെ ” അളിയൻ മറുപടി പറയുന്നുണ്ട് .
” മതി കെട്ടോ കുടിച്ചെ . ഭക്ഷണം എടുത്തു വെച്ചിട്ടുണ്ട്. ” അളിയനോടായിട്ട് അത് പറഞ്ഞ് അവൾ ഫോൺ വാങ്ങിച്ചു .
” ഏട്ടാ പറ “
” എന്ത് പറയാൻ . അളിയൻ ഓഫ് ആയിട്ട് നാളെ വണ്ടി എടുക്കാൻ പറ്റില്ലേ ? ” ചിരിയോടെ ഞാനതു പറയും ബോൾ അവളും ചിരിച്ചു കൊണ്ട് തന്നെ മറുപടി പറഞ്ഞു .
” ഓ ഇതൊക്കെ എന്നും പതിവാ . അമ്മേം രേഷ്മേം എവിടെ ?” അമ്മ അടുക്കളേലുണ്ട് . ഞാൻ രേഷ്മക്ക് കൊടുക്കാം . അതും പറഞ്ഞ് ഭാര്യയുടെ കൈയിൽ ഫോണും കൊടുത്ത് ഞാൻ ടി വി യിലേക്ക് ശ്രദ്ധിച്ചു . പിന്നീട് അവർ തമ്മിലായി സംസാരം . കുറച്ച് നേരത്തെ സംസാരത്തിന് ശേഷം ഫോൺ കട്ട് ചെയ്ത് രേഷ്മയും അടുത്ത് വന്നിരുന്നു . നാളെ ലീവാണെന്നും അളിയന്റെ ബൈക്കെടുക്കാൻ പോവാണെന്നും അറിഞ്ഞപ്പോൾ തന്നെ അവൾക്ക് പറയാനുള്ളത് ഇത്രമാത്രം ” അപ്പൊ നാളത്തെ കാര്യം കണക്കായിരിക്കും അല്ലേ ?” അത്യാവശ്യം വല്ലപ്പോഴും എനിക്കുള്ള ബിയറടിയാണ് അവളുദേശിച്ചത് .
” ഏയ് . ഞാനടിക്കില്ല ” അവളുടെ സംശയത്തെ അത്ര കാര്യത്തിലെടുക്കാതെ തന്നെ ഞാൻ ടി വി യിലേക്ക് നോക്കിയിരുന്നു .
” അയ്യോ ഒരു പാവം . കണ്ടാലും മതി ” ചിരിയോടെ അവളതും പറഞ്ഞ് അടുക്കളയിലേക്ക് നടന്നു .
പിറ്റേ ദിവസം പറഞ്ഞ സമയത്ത് തന്നെ ഷോറൂമിലെത്തി ബൈക്ക് വാങ്ങിച്ചു . അളിയൻ താക്കോൽ വാങ്ങുന്ന ഫോട്ടോയൊക്കെ എടുത്ത് അപ്പോൾ തന്നെ പെങ്ങൾക്ക് വാട്സാപ്പ് ചെയ്തുകൊണ്ടിരുന്നു . ബൈക്ക് റോഡിലിറക്കിയതിനു ശേഷം അളിയന്റെ ഡ്രൈവിങ്ങ് അത്ര കണ്ടീഷൻ അല്ലാത്തത് കാരണം ഞാൻ തന്നെയാണ് ബൈക്ക് എടുത്തത് .
” നേരെ പാരീസ് ഹോട്ടലിലേക്ക് വിട് ” പിന്നിൽ നിന്നും അളിയൻ പറഞ്ഞു .
അവിടെ പോയി രണ്ട് വീട്ടിലേയും ആൾക്കാരുടെ എണ്ണത്തിനനുസരിച്ച് ബിരിയാണി പാർസൽ വാങ്ങിച്ചു ബേക്കറിയിൽ കേറി ചോക്ലേറ്റും വാങ്ങി നേരെ വീട്ടിലേക്ക് . അവിടെ എത്തുംബോൾ തന്നെ പെങ്ങളും അളിയന്റെ അമ്മയും മുറ്റത്ത് തന്നെ ഉണ്ട് .
” ഏട്ടാ എന്റെ ഫോട്ടോ എടുത്തേ ” ഫോൺ കൈയിലേക്ക് തന്നു കൊണ്ട് അഭി വണ്ടിക്കടുത്തേക്ക് നീങ്ങി നിന്നു .
” നീ ഈ ചോക്ലേറ്റ് എല്ലാർക്കും കൊടുത്തേക്ക് എന്നിട്ട് ഫ്രിഡ്ജിൽ നിന്നും ഒരു കുപ്പി തണുത്ത വെള്ളം എടുത്തേ ” പ്രസാദ് അഭിയോടായി പറഞ്ഞു . അവളാ പൊതിയും വാങ്ങി അകത്തേക്ക് നടന്നു . ഞാനിതിനിടയ്ക്ക് അളിയന്റ അമ്മയുമായി വിശേഷങ്ങൾ പങ്കുവെച്ചു കൊണ്ടിരുന്നു . പെങ്ങളെ സ്വന്തം മോളെപോലെ നോക്കുന്ന അവരോട് എന്നും വല്ലാത്തൊരു ബഹുമാനമായിരുന്നു .
” തുടങ്ങിയാലോ ?” അമ്മ കാണാതെ കൈകൊണ്ട് വെള്ളം കുടിക്കുന്ന ആഗ്യം കാണിച്ച് അളിയൻ ചോദിച്ചു . ഒരു ചിരിയോടെ ഞാൻ സമ്മതമറിയിച്ചു . അളിയൻ കൊണ്ടുവരുന്ന ഗൾഫ് സാധനങ്ങൾ ഉണ്ടാകും എപ്പൊഴും . ഗ്ലാസും കുപ്പിയുമായി അമ്മ കാണാതെ പമ്മിയും പതുങ്ങിയും വരുന്ന അളിയനെ കണ്ടപ്പോൾ സത്യത്തിൽ ചിരി വന്നു .
” ഏട്ടാ മതീട്ടൊ . ഞാൻ രേഷ്മയെ വിളിച്ചു പറയും ഇനി ഗ്ലാസെടുത്താൽ ” പിന്നിൽ അഭി വാണിങ്ങ് തന്നു .
” ഇന്നൊരു ദിവസം അല്ലെടീ ഒന്നൂല്ലേലും നമ്മുടെ വണ്ടി വന്ന സന്തോഷത്തിനല്ലേ ? ” അളിയൻ ഒന്നു പറഞ്ഞു നോക്കി . വല്യ വീര വാദമൊക്കെ പറയുമെങ്കിലും അളിയനും വീട്ടിൽ ഒരു പൂച്ചക്കുഞ്ഞുതന്നെയാണെന്ന് അതോടെ എനിക്കും മനസിലായി . അല്ലേലും അതിൽ കൂടുതൽ അടിക്കാൻ എനിക്കും താൽപര്യമുണ്ടായിരുന്നില്ല .
” മതി . ഞാനിറങ്ങുവാ . ഭക്ഷണം വീട്ടിലെത്തീട്ട് ” എണീറ്റ് കൈ കഴുകുന്നതിനിടയിൽ പെങ്ങൾ ഏറെ നിർബന്ധിച്ചെങ്കിലും വീട്ടിൽ രേഷ്മയും അമ്മയും അവർക്കുള്ള ബിരിയാണി കൈയിൽ തന്നെ ഉള്ളത് കൊണ്ടും കഴിക്കാൻ നിൽക്കാതെ വീട്ടിലേക്ക് ഒരു ഓട്ടോയിൽ വന്നു . ബിരിയാണി കിട്ടിയപ്പോൾ തന്നെ രേഷ്മയുടെ മുഖം തെളിഞ്ഞു . ബിരിയാണിയുടെ കാര്യത്തിൽ ഇത്തിരി കൊതിച്ചിയാണവൾ . വണ്ടിയെടുത്ത ആഘോഷവും അധികകാലം മുന്നോട്ട് പോയില്ല . ഇരുപതാം ദിവസം തന്നെ ഒരു ടിപ്പറുമായി കൂട്ടിയിടിച്ച് അളിയൻ ആശുപത്രിയിലായി . ഒന്നും ചെയ്യാൻ പറ്റാതെ Icu വാർഡിനു മുന്നിലെ ബെഞ്ചിൽ പെങ്ങളേയും ചേർത്തുപിടിച്ച് പതിമൂന്ന് ദിവസം നിന്നു .
” ഏട്ടാ എനിക്ക് പേടിയാകുന്നു ഏട്ടാ ” കണ്ണീരോടെയും ശബ്ദം പാതി ഇടറിയും എന്റെ നെഞ്ചിലേക്കു മുഖം പൊത്തികൊണ്ട് കരഞ്ഞ അവളെ ഒന്നാശ്വസിപ്പിക്കാൻ കുറച്ചൊന്നുമല്ല പാടുപെട്ടത് .
” ഒന്നൂല്ലെടീ നമ്മളിപ്പൊ ഹോസ്പിറ്റലിലല്ലെ ഉള്ളെ. പിന്നെന്തിനാ പേടിക്കുന്നേ . അങ്ങനെ എന്തേലും ഉണ്ടേ ഞാൻ നിന്നോട് പറയില്ലേ ” ചേർത്തു പിടിച്ച് പുറത്ത് തട്ടിക്കൊണ്ടിരിക്കവേ അവൾ മയക്കത്തിലേക്കു വീണു . അല്ലേലും ദിവസങ്ങളായി അവളുറങ്ങീട്ട് . നേർച്ചകൾ വഴിപാടുകൾ ഒന്നും ഫലം തന്നില്ല. പതിനാലാം ദിവസം ഉച്ചയോടെ അതു സംഭവിച്ചു .
” ഒന്നൂല്ല ഒന്നൂല്ലാന്ന് ഏട്ടൻ പറഞ്ഞിട്ട് ഇപ്പൊ പോയില്ലേ ഏട്ടാ … എന്നെ കൂടി കൊണ്ടുപോവാൻ പറ ഏട്ടാ … ” അവളുടെ ശബ്ദം മുറിഞ്ഞ് തൊണ്ടയിൽ നിന്നും അവ്യക്തമാകാൻ തുടങ്ങി . മരണം കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞപ്പോൾ അവളെയും കൂട്ടി വീട്ടിലേക്ക് പോരേണ്ടി വന്നു . ഒരു മാറ്റം അവൾക്കും ആവിശ്യമായിരുന്നു . ഇല്ലെങ്കിൽ അവളുടെ മാനസിക നില തന്നെ അപകടത്തിലാകുമായിരുന്നു . വീട്ടിലെത്തിയതിനു ശേഷവും എന്തെങ്കിലും കഴിക്കുന്നതിനിടയ്ക്ക് ശ്വാസം പോലുമില്ലാതെ അങ്ങനെ നിൽക്കുന്നത് കാണാം ഒടുവിൽ കണ്ണിൽ തെളിയുന്ന രണ്ട് തുള്ളി . അന്നും ചേർത്തു പിടിച്ച് ആ കണ്ണു തുടച്ച് നെറ്റിയിൽ മുത്തം കൊടുത്ത് ” ഏട്ടനില്ലേ എന്റെ മോൾക്ക് പിന്നെന്തിനാ കരയണേ ? കരയല്ലെ ഏട്ടന്റെ മോളുകരയല്ലെ ” ആശ്വസിപ്പിക്കാൻ പോയ ഞാനും അന്നു കരഞ്ഞു .
” എന്താ ആലോചിക്കുന്നേ ?” ഓർമ്മകളെ ഉണർത്തിക്കൊണ്ട് രേഷ്മ പുറത്ത് തട്ടി
” ഏയ് . വെറുതേ . അഭിയെ കാണാൻ അടുത്ത ആഴ്ച വിനോദ് വരും കെട്ടോ “
” ഏത് . അന്ന് പറഞ്ഞ ആ വില്ലേജോഫീസിൽ പണിയുള്ള ആളോ ? ” രേഷ്മയോട് ഞാൻ അയാളെകുറിച്ച് പറഞ്ഞിരുന്നു. വിനോദ് എന്നാണ് പേര് . വില്ലേജോഫീസിലാണ് പണി. പല കാരണങ്ങൾകൊണ്ടും കല്യാണം നീണ്ടുനീണ്ടു പോയതാണ്. അഭിയെ പറ്റി എല്ലാം അറിയുന്ന ഒരാളും ആണ് പിന്നെ തന്റെ അകലെയുള്ള സൗഹൃദങ്ങളിൽ ഉള്ള പ്രീയപ്പെട്ടൊരാൾ . വീട്ടിൽ അമ്മയും അച്ചനും മാത്രം . പെങ്ങളുടെ കല്യാണം കഴിഞ്ഞു . ആ കല്ല്യാണത്തിന് താനും പോയിരുന്നു . ഒരിക്കൽ അവന്റെ അമ്മ തന്നെയാണ് അഭിയുടെ കാര്യം ഇങ്ങോട്ട് ചോദിച്ചത് . അന്ന് താൻ അത് നിരസിച്ചതാണ് . അഭിയുടെ നിലപാട് മാറാതെ ഒരു വാക്ക് കൊടുക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു . എങ്കിലും ആ കാര്യമൊക്കെ രേഷ്മയോട് പറഞ്ഞിരുന്നു . ഇനിയിപ്പൊ വേറെ ടെൻഷൻ ഒന്നും വേണ്ട . എന്തായാലും അവർ വന്ന് അഭിയെ കണ്ടു . അവൾക്കും എതിർപ്പൊന്നും ഉണ്ടായില്ല . എങ്കിലും അവർക്ക് പരസ്പരം മനസിലാക്കാനും മറ്റുമായി ഒരു മൂന്ന് മാസം കഴിഞ്ഞു മതി കല്യാണം. ആ ഒരു ധാരണ വെച്ച് ഫോൺ നബർ കൈമാറി നിശ്ചയവും കഴിച്ചു .
പിന്നീടങ്ങോട്ട് അവർ തമ്മിൽ പരിജയപ്പെടലും മറ്റുമായി ഫോൺ വിളികളായി മാറി . കല്യാണത്തിനും ദിവസങ്ങൾക്കു മുൻപ് ഫോൺചെയ്യുന്നതിനിടയിൽ പരിസരം മറന്നു ചിരിച്ച അവളോട് ഞാൻ തന്നെയാണ് പറഞ്ഞത് ” ഇങ്ങനെ പോയാൽ ഇവിടുള്ളവരെ ഒക്കെ നീ മറക്കുമല്ലോടീ ” എന്ന് .
” ആ ഇനി എനിക്കീ നാട്ടിലുള്ള ആരെയും കാണുകയും വേണ്ട ഇങ്ങോട്ട് വരുകയും ഇല്ല ” ചിരി മായാതെ അവളത് പറയുംബൊഴും എനിക്കറിയാരുന്നു അവളീ നാടിനെ വെറുത്തു തുടങ്ങി എന്നു . ചിലരുടെ സഹതാപത്തോടെയുള്ള നോട്ടം മറ്റു ചിലരുടെ ശരീരനോട്ടം എല്ലാം കൊണ്ടും മടുത്തിരുന്നു അവൾക്ക് .
നിശ്ചയിച്ച ദിവസം ഓഡിറ്റോറിയത്തിൽ വെച്ച് ചെറിയ രീതിയിലുള്ള കല്ല്യാണം . അതു തന്നെയായിരുന്നു അവർക്കും ഇഷ്ടം . ഓടി നടന്നും പൈസ കടം വാങ്ങിയും പതിനഞ്ചു പവൻ സ്വർണം ഉണ്ടാക്കിയിരുന്നു . ആദ്യ കല്ല്യാണത്തിനു കൊടുത്ത 35 പവനോളം ഉള്ള സ്വർണം ആശുപത്രിയിൽ ബില്ലടയ്ക്കാൻ വേണ്ടി വിറ്റിരുന്നു . ഒഴിച്ചുകൂടാനാവാത്ത ചില സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെട്ട കല്ല്യാണം പിന്നെ പ്രസാദിന്റെ അമ്മയും .
” നിന്നെ ഞാനെന്റെ മരുമോളായിട്ടല്ല മോളായിട്ടല്ല നോക്കിയേ . എന്തായാലും എന്റെ മോൻ പോയിട്ട് രണ്ട് കൊല്ലം കഴിഞ്ഞില്ലേ . മോൾക്കും വേണ്ടേ ഒരു ജീവിതം . എന്നും ഏട്ടന്റെ കൂടെ കഴിഞ്ഞാൽ മതിയോ ? കുറച്ചൂടെ കഴിഞ്ഞ് നമുക്ക് വേറൊരാലോചന നോക്കണം . ഇപ്പൊ വേണ്ട എന്നാലും അധികം താമസിക്കണ്ട . ഞാനത് നിന്റെ ഏട്ടനോടും പറഞ്ഞിട്ടുണ്ട് ” പ്രസാദ് മരിച്ചു രണ്ട് വർഷത്തിനു ശേഷം അഭിയേ കാണാൻ വേണ്ടി വന്ന അവർ അന്ന് പറഞ്ഞത് ഇന്നും മനസിൽ മായാതെ നിൽക്കുന്നു .ഒരു പക്ഷേ അവരായിരിക്കും ആദ്യമായി അഭിയോട് ഒരു പുനർവിവാഹത്തെ പറ്റി ആലോചിക്കണം എന്നു പറഞ്ഞത് . അന്ന് അവർ രണ്ടാളും ഒരുപാട് കരഞ്ഞിരുന്നു .ഭർത്താവ് നഷ്ടപ്പെട്ട അവർക്ക് അറിയാമായിരിക്കും തനിച്ച് ജീവിക്കേണ്ടി വരുന്ന പെണ്ണിന്റെ അവസ്ഥ . ഒരു വള അവൾക്കായി നൽകിയിട്ടാണ് അവർ മടങ്ങിയത് . എല്ലാം മംഗളമായി നടന്നു . താലികെട്ടിനുശേഷം ഫോട്ടോ എടുപ്പിലും മറ്റും അവൾക്ക് ഏറെ സപ്പോർട്ട് കൊടുത്തതും സന്തോഷിപ്പിക്കുന്നതിലും രേഷ്മയും മുന്നിൽ തന്നെ ആയിരുന്നു .
” ഡീ നാട്ടുകാരെയൊക്കെ മറക്കുന്ന കൂട്ടത്തിൽ എന്നെയും മറന്നേക്കല്ലേ നീ ” ഒടുവിൽ കാറിലേക്ക് കയറും മുന്നേ വിനോദിനു കൈകൊടുത്ത് അഭിയോട് തമാശയ്ക്കെന്നോണം ഞാൻ പറഞ്ഞു . ഒരു ദയനീയനോട്ടത്തോടെ എന്റെ നെഞ്ചിൽ വീണ അവളുടെ കരച്ചിലിന്റ ആഴം എനിക്കറിയാരുന്നു . എങ്കിലും നീ പിരിയണം . ഇന്നലെകളിലെന്നപോലെ നാളെകളിലും ഏട്ടൻ കൂടെയുണ്ടാകും എന്നും …
Anu knr
KL58