പിറ്റേന്നു തന്നെ നീല യൂണിഫോം തൻ്റെ ശരീരത്തിലേക്കണിയുമ്പോൾ മനസ്സിൽ ചെറിയ സന്തോഷം തോന്നി.

by pranayamazha.com
10 views

പ്രണയമഴ

രചന: ശാരിലി

—————-

ഏട്ടത്തി ഇന്നു വരില്ല സാർ…പെട്രോൾ പമ്പിലെ മുതലാളിയോട് പറഞ്ഞു തിരിഞ്ഞപ്പോൾ ഇടതുവശത്തെ കണ്ണാടിയിൽ അയാൾ പല്ലിറുമ്മത് കണ്ടിട്ടും താൻ കണ്ടില്ലന്നു നടിച്ചു.

ഭാഗ്യം കാരണമന്വേഷിച്ചില്ല…കാരണമാരാഞ്ഞാൽ എന്താ ഇപ്പോ പറയാ എന്ന ആധിയായിരുന്നു ഓഫീസിലേക്കു കയറുമ്പോഴും. മോൾക്ക് പാടില്ല…എന്നു പറഞ്ഞാൽ തീരുന്നതാണോ…ഇതിപ്പോൾ എത്ര ദിവസന്നു വെച്ചിട്ടാ…പാവം ഏട്ടത്തി…അതിൻ്റെ കഷ്ടപ്പാടു ആര് കാണാൻ…

പെട്രോൾ പമ്പിലെ ജീവനക്കാരനായിരുന്നു സുധീവൻ. മുതലാളിയുടെ വിശ്വസ്തൻ. വേലയും കൂലിയും ഇല്ലാതെ തേരാ പാരാ നടക്കുന്ന തന്നെ ഇവിടെ കൊണ്ടു വന്നാക്കാൻ മുതലാളിയാണ് ഏട്ടനോട് പറഞ്ഞത്. ഏട്ടനോട് തർക്കിക്കാൻ മാത്രം ഒരു ധൈര്യം പത്താം ക്ലാസ്സുവരെ പഠിച്ച തനിക്ക് എവിടെ നിന്നു കിട്ടാൻ…?

പിറ്റേന്നു തന്നെ നീല യൂണിഫോം തൻ്റെ ശരീരത്തിലേക്കണിയുമ്പോൾ മനസ്സിൽ ചെറിയ സന്തോഷം തോന്നി. ഇന്നു മുതൽ താനും സമ്പാദിക്കാൻ തുടങ്ങിയിരിക്കുന്നു. ആദ്യത്തെ ശംബളത്തിൽ നിന്ന് അമ്മക്കൊരു നല്ല സാരി വാങ്ങി കൊടുക്കണം. ഓർമ്മ വെച്ച നാളു മുതൽ അച്ഛൻ്റെ സ്ഥാനത്തിരിക്കുന്ന ഏട്ടനും വാങ്ങി കൊടുക്കണം ഒരു ഷർട്ടും മുണ്ടും…

ആ സ്വപ്നങ്ങൾ അസ്തമിക്കാൻ അധികനാൾ വേണ്ടി വന്നില്ല…പെട്രോൾ പമ്പിൽ ഡീസലടിച്ചു കൊണ്ടിരുന്ന ലോറി റിവേഴ്സ് എടുത്തപ്പോൾ പാവം ഏട്ടൻ പിന്നിലുള്ള കാര്യം ആ ഡ്രൈവർ അറിഞ്ഞു കാണില്ല. ചതഞ്ഞരഞ്ഞ ഏട്ടൻ്റെ മുഖത്തേക്ക് ഒരിക്കലേ തനിക്ക് നോക്കാൻ കഴിഞ്ഞുള്ളൂ…

ഓർമ്മ വന്നപ്പോൾ അശുപത്രിയിലെ ഇരുണ്ട വെളിച്ചത്തിൽ അരോരുമില്ലാതെ താൻ കിടക്കുകയാണ്. ഏട്ടനെ തെക്കേ പുറത്തേക്ക് എടുക്കുന്ന സമയം പോലും തിരിച്ചറിയാതെ, ആശുപത്രിയിൽ കഴിച്ചുകൂട്ടിയത് 16 ദിവസം.

ഏട്ടനില്ലാത്ത വീട്ടിലേക്ക് കയറി വരുമ്പോൾ ഏട്ടൻ്റെ, കണ്ണാ..എന്നുള്ള വിളി ആ ചെറിയ വീട്ടിൽ എങ്ങും മുഴങ്ങി കേട്ടിരുന്നു. തൻ്റെ സമ്പാദ്യം കൊണ്ട് കുടുംബം കഴിഞ്ഞു കൂടില്ല എന്ന കാരണത്താൽ മുതലാളി നിർബന്ധിച്ചിട്ടാണ് ഏട്ടത്തി ഓഫീസിലെ ജോലിക്ക് നിയോഗിക്കപ്പെട്ടത്.

ഇച്ചിരി വിദ്യാഭ്യാസം കൂടുതലൊള്ളതുകൊണ്ടാണ് കണക്കിൻ്റെ കാര്യങ്ങൾ മുതലാളി ഏട്ടത്തിെയെ ഏൽപ്പിച്ചത്.

ഇന്ത്യൻ ഓയിലിൻ്റെ തൊപ്പിയും കൈയിൽ ബാഗുമായി പുറത്തേക്കിറിങ്ങിയ സൂരജിൻ്റെ കണ്ണു തള്ളിപ്പോയി…എന്തുമാത്രം വണ്ടിയാ ഈശ്വരാ ഈ രാവിലെത്തന്നെ…തല ചൊറിത്തു കൊണ്ടവൻ ജോലി തുടങ്ങിയപ്പോൾ അവിടെ അവിടെ നിന്ന് ചെറിയ നീരസങ്ങൾ കേൾക്കാമായിരുന്നു.

സ്ഥിരമായി കേൾക്കുന്നതു കൊണ്ട് അതിലൊരു പ്രത്യേകത അവനു തോന്നിയില്ല. നിന്നു തിരിയാൻ സമയമില്ലാത്ത നേരത്താണ് സ്ഥിരമടിക്കുന്നുവരുടെ ചിരിച്ച മുഖവും…അടുത്തത് തന്നെ പരിഗണിക്കും എന്ന ആത്മവിശ്വാസമാകാം അവരുടെ ചിരിയുടെ പിന്നിലെ രഹസ്യം എന്നവന് അറിയാമായിരുന്നു.

പകരം ചിരിച്ചു കാണിക്കുകയല്ലാതെ ഈ തിരക്കിനിടയിൽ താനെന്തു ചെയ്യാൻ. ഒഴുകിയിറങ്ങിയ വിയർപ്പു തുള്ളികളെ പുറം കൈകൊണ്ടു തുടച്ചു കൊണ്ട് ഒന്നിനു പിറകെ ഒന്നായി വരുന്ന വാഹനങ്ങളെ ചിരിച്ച മുഖവുമായി വരവേൽക്കുമ്പോഴും അവൻ്റെ കണ്ണുകൾ ക്യൂവിൻ്റെ അങ്ങേയറ്റത്തായിരുന്നു…

തിരക്കിനിടയിൽ നിന്ന് പരിചിതമല്ലാത്ത ഒരു ശബ്ദം കേട്ടപ്പോഴാണ് തല വെട്ടിച്ചു നോക്കിയത്. ടാ സുരുവേ…നീയിവിടെയാണോ…? ശബ്ദം തൊട്ടു പുറകിൽ നിന്നും വീണ്ടും കേട്ടപ്പോൾ കാറിൻ്റെ പെട്രോൾ ടാങ്ക് തുറന്ന് പൈപ്പ് കുത്തി കേറ്റി വെച്ച് അപ്പുറത്തേക്ക് ചെന്നു. ചുറ്റുപാടും നോക്കി…

ഹോണ്ടാ ആക്ടീവയിൽ ചിരിച്ചു കൊണ്ടു നിൽക്കുന്ന അവളുടെ ചുണ്ടുകളിൽ നിന്നും തൻ്റെ പേര് വീണ്ടും ഉയർന്നു വന്നു. ടാ സുരു…കഴുത്തിനൊപ്പം മുടി വെട്ടിയിട്ട് ജീൻസു ടീ ഷർട്ടുമണിഞ്ഞ ആ പെണ്ണിനെ താൻ ഇതിനു മുമ്പ് കണ്ടിട്ടില്ലല്ലോ…? പിന്നെ തൻ്റെ പേരെങ്ങിനെ കൃത്യമായി ഇവൾക്ക് പറയാൻ കഴിഞ്ഞു. ആളെ മനസ്സിലായില്ലല്ലോ…? ആരാണെന്നു ഒന്നു പറയാമോ…?

ടാ കോപ്പേ…ഇതു ഞാനാടാ നിൻ്റെ ലച്ചു. നീ എന്റെ ശബ്ദം പോലും മറന്നു പോയി അല്ലേ…പണ്ട് എന്റെ കാലടിയുടെ ശബ്ദം കേട്ടാൽ നീ തിരിച്ചറിയുമായിരുന്നു. അവൾ തൻ്റെ കാലിലെ പാദസരം അവൻ്റെ മുന്നിലേക്ക് നീട്ടിവെച്ചു കൊണ്ട് കിലുക്കി കാണിച്ചു.

ലക്ഷ്മി ക്ഷമിക്കണം എനിക്ക് പെട്ടന്ന് ആളെ മനസ്സിലായില്ല. നീ എന്നെ ഓർക്കുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതിയില്ല.

നിന്നെ ഞാൻ മറക്കുമോ…അവൾ അർത്ഥം വെച്ചു ഒന്നു ചുമച്ചു. അവൾ ജീൻസിൻ്റെ പോക്കറ്റിൽ നിന്ന് പൈസയെടുത്ത് നീട്ടിയപ്പോൾ വാങ്ങിക്കാൻ ഒരു മടി. തൊട്ടടുത്തു നിന്ന ഗണേഷിനെ മുഖം തിരിച്ചൊന്നു നോക്കിയപ്പോൾ അവൻ ചിരിച്ചു കൊണ്ട് ആ പൈസ ഏറ്റുവാങ്ങി.

സാരമില്ല സുരു…ഒരു കണക്കിന് ഒന്നും ഓർക്കാതിരിക്കുന്നതായിരുന്നു നിനക്കു നല്ലത്…എന്നു പറഞ്ഞ് ചിരിച്ചു കൊണ്ട് അവൾ യാത്ര പറഞ്ഞിറങ്ങിയപ്പോൾ മനസ്സിൽ താൻ ഓർക്കാൻ ഇഷ്ടപ്പെടാത്ത ആ ദിനം ഒരിക്കൽ കൂടി തെളിഞ്ഞു വന്നു.

പത്താം ക്ലാസ്സിലെ കൊല്ലപരീക്ഷയുടെ സമയം…സ്പെഷൽ ക്ലാസ്സെന്നു പറഞ്ഞ് സരസ്വതി ടീച്ചർ വായ് തോരാതെ സംസാരിക്കുകയായിരുന്നു…

ലാസ്റ്റ് ബെഞ്ചിലെ കിഷോറിൻ്റെ മടിയിലായിരുന്നു ആൺ കുട്ടികളുടെ മുഴുവൻ ശ്രദ്ധയും..ടീച്ചർ ക്ലാസ്സെടുക്കുമ്പോൾ എല്ലാവരും പുറകിലേക്ക് തിരിഞ്ഞു നോക്കുന്നതു കണ്ടപ്പോൾ ടീച്ചർ അവൻ്റെ അടുത്തേയ്ക്ക് വന്നു. എന്താടാ അവിടെ…?

പെട്ടന്നുള്ള ചോദ്യം, അവൻ്റെ മടിയിൽ ഒളിപ്പിച്ചിരുന്ന ചിത്രം എടുത്തു മാറ്റാൻ അവനു കഴിഞ്ഞില്ല. ടീച്ചർ എടുത്തു നോക്കിയതും ഇതാരു വരച്ചതാണെന്നുള്ള ചോദ്യവും ഒരുമിച്ചായിരുന്നു. അത്യാവശ്യം ചിത്രം വരക്കുമായിരുന്ന തൻ്റെ മുഖത്തേക്ക് ക്ലാസ്സിലെ കുട്ടികളുടെ കണ്ണുകൾ പതിച്ചു.

സത്യത്തിൽ ആ ചിത്രം ആരുടേതാന്നോ…ആരു വരച്ചതാണെന്നോ തനിക്കറിയില്ലായിരുന്നു. പെട്ടന്നാണ് ടീച്ചറുടെ ആജ്ഞ തന്നെ ഞെട്ടിച്ചു കളഞ്ഞത്. സൂരജ്, ലക്ഷ്മി, കിഷോർ മൂന്ന് പേരും ഹെഡ്മാസ്റ്ററിൻ്റെ റൂമിലേക്ക് വാ…അത്രയും പറഞ്ഞു കൊണ്ട് ഫോട്ടോയും എടുത്തു കൊണ്ട് ടീച്ചർ ക്ലാസ്സിൽ നിന്നിറങ്ങിപ്പോയി.

കാര്യമറിയാതെ കിഷോറിൻ്റെ ചിരിച്ച മുഖം കണ്ടപ്പോൾ അവൻ ചെയ്ത തെറ്റന്താണന്ന് അവൻ മറച്ചു പിടിക്കുകയായിരുന്നു. മൂന്നു പേരും H.M ൻ്റെ റൂമിൽ കയ്യും കെട്ടി നോക്കി നിൽക്കുകയാണ്. തൻ്റെയും ലക്ഷ്മിയുടേയും മുഖത്ത് പരിഭവം മാത്രം. കിഷോറിൻ്റെ മുഖത്ത് പുഞ്ചിരിയും…

H.M ൻ്റെ ചോദ്യത്തിനുള്ള മറുപടി പറഞ്ഞത് കിഷോർ ആയിരുന്നു. സാർ ഇത് രാവിലെ വന്നപ്പോൾ ക്ലാസ്സ് മുറിയിൽ നിന്ന് കിട്ടിയതാ…ആരു വരച്ചതാണന്ന് അറിയില്ല…

കിഷോറിന് പോകാം…ആ മുറിയിൽ ഞാനും ലക്ഷമിയും സാറും മാത്രം. അടുത്ത ഘട്ടമെന്ന നിലയിൽ സാറിൻ്റെ കോപ കണ്ണുകൾ തിരിഞ്ഞിത് തൻ്റെ നേർക്കായിരുന്നു.

നീയാണോടാ ഇതു വരച്ചത്…?

അല്ല സാർ. എനിക്കറിയില്ല…തൻ്റെ നനവാർന്ന കണ്ണുകൾ കണ്ടു സാറിനു അരിശം കൂടിയതല്ലാതെ ഒട്ടും കുറഞ്ഞിരുന്നില്ല.

നീ ഈ കുട്ടിയുടെ പിന്നാലെ ചുറ്റിത്തിരിയുന്നു എന്നുള്ളത് എനിക്ക് മുൻപേ ന്യൂസ് കിട്ടിയിരുന്നു. അപ്പോൾ ഇത് വരച്ചത് നീ തന്നെയാവാനാണ് സാധ്യത…H.M അപ്രകാരം പറഞ്ഞപ്പോഴും ആ ചിത്രത്തിലെന്തായിരിക്കും എന്ന ചിന്തയായിരുന്നു തൻ്റെ മനസ്സിനെ പിടിച്ചുകുലുക്കിയത്…

ആരോ വന്ന് വിളിച്ചപ്പോൾ എച്ച്.എം പുറത്തു പോയ തക്കത്തിനു ലക്ഷ്മി കമഴ്ത്തി വെച്ച ആ പേപ്പർ തുറന്നു നോക്കി. ആ നിമിഷം തന്നെ പൊട്ടിക്കരഞ്ഞുകൊണ്ടവൾ ആ ചിത്രം വലിച്ചു കീറിക്കളഞ്ഞു. തൻ്റെ മുഖത്തു നോക്കി പട്ടി എന്നു വിളിച്ചു കൊണ്ട് പൊട്ടിക്കരഞ്ഞുകൊണ്ടവൾ ആ മുറി വിട്ടു പോയി.

ഒന്നുമറിയാതെ ഒരു പൊട്ടനെ പോലെ താൻ അവിടെത്തന്നെ നിൽക്കുകയായിരുന്നു. എച്ച്.എം തിരിച്ചു വന്നപ്പോൾ പിച്ചിച്ചീന്തിയത് താനാണന്ന് തെറ്റിദ്ധരിച്ചു കൊണ്ട് സാറിൻ്റെ രോഷം മുഴുവൻ ചൂരലിലൂടെ താൻ തിരിച്ചറിയുകയായിരുന്നു. ചെയ്യാത്ത തെറ്റിൻ്റെ വേദന ഏറ്റുവാങ്ങുമ്പോഴും ലക്ഷ്മിയുടെ കണ്ണുനീരിൻ്റെ കാരണമറിയാതെ താൻ നീറി പുകയുകയായിരുന്നു.

അന്നവൾ ആ സ്കൂളിൽ നിന്ന് പടിയിറങ്ങി. പത്താം ക്ലാസ്സിലെ പരീക്ഷയ്ക്കു പോലും തനിക്ക് ആ മുഖം കാണാൻ സാധിച്ചില്ല.

ഇന്ന് ഒമ്പത് വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. തൻ്റെ പഴയ ലച്ചുവല്ല അവളിപ്പോൾ…ഒരു പാട് മാറിയിരിക്കുന്നു, രൂപത്തിലും ഭാവത്തിലും…മറക്കാൻ ഒരു പാട് ശ്രമിച്ചതാ…ഇന്നിതാ ഒരിക്കൽ കൂടി അവളത് ഓർപ്പിച്ചിരിക്കുന്നു.

ഗണേഷിൻ്റെ വിളിയാണ് അവനെ ചിന്തയിൽ നിന്നുണർത്തിയത്. എന്തടാ സ്വപ്നം കാണുകയാണോ…? ഏതാടാ ആ കൊച്ച്…അടിപൊളിയാണല്ലോ…എന്ന് പറഞ്ഞു കൊണ്ട് ഒരു തുണ്ട് പേപ്പർ അവൻ തൻ്റെ കയ്യിൽ തിരുകി വെച്ചു.

ടാ, അവൾ തന്ന പൈസയുടെ കുട്ടത്തിൽ ഉണ്ടായിരുന്നതാ…കൊച്ചു കള്ളൻ…ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴാണ് ആ പേപ്പറിൻ്റെ കാര്യം അവൻ്റെ മനസ്സിലേക്ക് ഓടിയെത്തിയത്. ചുരുട്ടി വെച്ചിരുന്ന ആ പേപ്പർ തുറന്നു നോക്കി. അതൊരു ഫോൺ നമ്പർ ആയിരുന്നു.

ഓർമ്മയിൽ ഉറങ്ങിക്കിടന്ന ആ ചിത്രത്തിൻ്റെ കാരണമറിയാനുള്ള ആകാംക്ഷയിൽ അവൻ ആ നമ്പറിൽ വിളിച്ചു. ഹായ് ഞാൻ സൂരജ് ആണ്.

അറിയാമായിരുന്നു…നീ വിളിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നു.

ലക്ഷ്മി, ഞാൻ…മറുപടിയായ് അവൾ ഒന്നു മൂളി. എന്താ ഒരു മൂളൽ മാത്രം. ഞാൻ വിളിച്ചതിൽ വല്ല ബുദ്ധിമുട്ടായോ ലച്ചു. ഇല്ല…നിനക്കു എന്നോട് ദേഷ്യമായിരിക്കും എന്ന് കരുതി. അതാ ഞാൻ ഇത്രേം ആയിട്ടും നിന്നെ കാണാൻ വരാതിരുന്നത്.

ഏയ് എനിക്ക് ആരോടും ദേഷ്യമില്ല. ഒരു പക്ഷെ ഇതൊക്കെ എന്റെ വിധിയാകാം. എന്നു കരുതി അതിൽ സങ്കടപ്പെട്ടിരിക്കാനും നിരാശ കാമുകനെ പോലെ അലയാനും എന്നെ കൊണ്ട് കഴിയില്ല.

എൻ്റെ ഇപ്പോഴത്തെ ചുറ്റുപാട് ലച്ചുവിന് അറിയാത്തതു കൊണ്ടാ…ഞാൻ തെറ്റു ചെയ്തിട്ടില്ല ഇന്നും ഞാൻ വിശ്വസിക്കുന്നു. അതിൽ ഉറച്ചു നിൽക്കുന്നു. പിന്നെ ഞാൻ നിന്നെ വിളിച്ചത് വേറെ ഒന്നും കൊണ്ടല്ല. ഒറ്റയ്ക്കിരുന്നപ്പോൾ പഴയത് പലതും ഓർമ വന്നു. എങ്കിൽ പിന്നെ നിന്നെ ഒന്ന് വിളിക്കാമല്ലോ എന്ന് കരുതി.

മ്മ് ഞാനും നിന്നെ ഓർക്കാറുണ്ട് സുരുവേ…ആ ദിവസം നീ മറക്കില്ല എന്ന് നിനക്കറിയാം. അതിൻ്റെ യാഥാർത്ഥ്യം ഈയടുത്ത കാലത്താണ് ഞാൻ തിരിച്ചറിഞ്ഞത്. പഴനിയിൽ വെച്ച് യാദ്യച്ചികമായി കിഷോറിനെ കണ്ടുമുട്ടി. അവൻ തമാശയായി ഈക്കാര്യം എടുത്തിട്ടപ്പോൾ തുടങ്ങിയ വേദനയാ…

നിന്നെയൊന്ന് കാണണം, എല്ലാം ഏറ്റുപറയണമെന്ന് തോന്നിയത്. ഒന്നും മറന്നിട്ടില്ല…എന്നാലും തൻ്റെ ഭാഗത്തുനിന്ന് അന്നു അങ്ങിനെ സംഭവിച്ചത് ഒരു കുറ്റബോധമായി മനസ്സിനെ വല്ലാതെ വേട്ടയാടുന്നു. അല്ലേലും ഒരു പെണ്ണിന് അതൊന്നും അത്ര പെട്ടന്ന് മറക്കാൻ കഴിയില്ലല്ലോ…

ലച്ചു കഴിഞ്ഞതു കഴിഞ്ഞു. നീ എന്നെ വീണ്ടും ആ നിമിഷങ്ങളിലേക് നയിക്കരുത്. ലച്ചു നിന്നെ ഞാൻ ഒരു പാടിഷ്ടപ്പെട്ടിരുന്നു. തൻ്റെ ജീവനേക്കാളേറെ…എൻ്റെ വേദന നിനക്കറിയില്ല.. ഇന്ന് എല്ലാം നഷ്ടപ്പെട്ടു. കുടുംബത്തിന് വേണ്ടി ജീവിക്കുന്നവനാണ്.

പ്രണയം എന്ന വാക്ക് കേൾക്കുന്നതു തന്നെ എനിക്കിന്ന് വെറുപ്പാണ്. നിന്നെ ഇഷ്ടമില്ലാഞ്ഞിട്ടല്ല…എന്റെ വിധി ഇങ്ങനെ ആണ് ദൈവം കൽപ്പിച്ചിരിക്കുന്നത്. എനിക്ക് ജീവിക്കണം എനിക്കു വേണ്ടിയല്ല, ആശ്രയിക്കുന്നവർക്ക് വേണ്ടി.

സുരു…ഞാൻ അതിന് എതിരൊന്നും പറഞ്ഞില്ലലോ…നിന്റെ സന്തോഷം തന്നെ ആണ് എനിക്കിന്ന് ഏറ്റവും വിലപ്പെട്ടത്. ഒരിക്കൽ പോലും നിനക്ക് ഒരു വേദനയായി ഞാൻ കുറുകെ വരില്ല. നിൻ്റെ പ്രണയം ഒരു തെറ്റിദ്ധാരണയുടെ മുന്നിൽ വലിച്ചെറിഞ്ഞവളാണ് ഞാൻ. ദൈവം അതിനുള്ള പാരിതോഷികവും തനിക്കു തന്നു.

വിവാഹം കഴിഞ്ഞ് 3 മാസങ്ങളേ ഞങ്ങൾ ഒന്നിച്ചു ജീവിച്ചുള്ളൂ. ഒരു ആക്സിഡിൻ്റെ രൂപത്തിൽ വിധി തന്നെ തനിച്ചാക്കിയപ്പോൾ തനിക്ക് ഇനിയൊരു ജീവിതമില്ല എന്ന് ഞാൻ തീരുമാനിച്ചു. താനും ഈ ലോകത്തോട് വിട പറഞ്ഞങ്കിലെന്ന് ആലോചിച്ചതാ…

ആകെയുണ്ടായിരുന്ന അമ്മയും തന്നെ വിട്ടു പോയപ്പോൾ ഇനി തൻ്റെ ജന്മം ഈ ഭൂമിയിൽ അവസാനിച്ചു എന്നു കരുതിയിരിക്കുമ്പോഴാണ് കിഷോറിൻ്റെ ഈ തുറന്നു പറച്ചിൽ. എന്നാലിനി നിന്നോട് വന്ന് മാപ്പ് പറഞ്ഞിട്ടാകാം എന്നു കരുതി. ഇനിയെനിക്ക് സ്വസ്ഥമായി മരിക്കാം…

ലച്ചു…

അതേ നിൻ്റെ പഴയ ലച്ചുതന്നെയാണ് പറയുന്നത്. അന്നും ഇന്നും എനിക്ക് നിന്നെ വിശ്വാസമായിരുന്നു. എന്നാൽ ഒരു ദുർബല നിമിഷത്തിൽ താനങ്ങനെ പ്രതികരിച്ചു പോയി. ഒരിക്കൽ കൂടി നിന്നോട് ഞാൻ മാപ്പു ചോദിക്കുന്നു.

ലച്ചു നീ എന്നിലർപ്പിച്ച വിശ്വാസവും സ്നേഹവും സത്യമായിരുന്നുവെങ്കിൽ ഇപ്പോഴും നീയത് കാത്തു സൂക്ഷിക്കുന്നുണ്ടെങ്കിൽ ഈ പാവപ്പെട്ടവൻ്റെ മനസ്സിൽ നിനക്കായി ഒഴിച്ചു വെച്ചിരുന്ന ഇടം ഇപ്പോഴും ശൂന്യമാണ്. കഷ്ടപ്പാടുകളും പ്രാരാബ്ധങ്ങളും തനിക്കു സമ്മാനിച്ച ജീവിതത്തിലേക്ക് നിന്നെ ഒരിക്കൽ കൂടി ക്ഷണിച്ചാൽ നിനക്കു സമ്മതമാണോ…തൻ്റെ പഴയ ലച്ചുവായി വരാൻ…

മറുപടി പറയാൻ കഴിയാതെ പൊട്ടിക്കരഞ്ഞ അവളുടെ മനസ്സിൽ സുരുവിൻ്റെ സ്ഥാനമെന്തായിരുന്നുവെന്ന് അവൻ തിരിച്ചറിയുകയായിരുന്നു. വീണ്ടും ഒരു പെരുമഴക്കാലത്ത് പെയ്തിറങ്ങിയ മഴയിൽ അവരിരുവരും തൻ്റെ സ്വപ്നങ്ങൾ പങ്കുവെക്കാനായി കൈകോർത്തു നടന്നു.

You may also like

Leave a Comment