പിന്നെ ഇളയമ്മയ്ക്ക് ചേച്ചിയോട് അത്രയ്ക്ക് സങ്കടം ഉണ്ടെങ്കിൽ ഇവിടെ വരുമ്പോൾ ഇളയമ്മയ്ക്ക് എന്തൊക്കെ ചെയ്തു കൊടുക്കാൻ പറ്റുമോ അതൊക്കെ ചെയ്തു കൊടുത്തോ…..

by pranayamazha.com
180 views

Story written by Sumayya Beegam

ചേച്ചിക്ക് ഇതിന്റെ ആവശ്യം ഒന്നുമില്ല. വേണെങ്കിൽ എഴുന്നേറ്റ് വന്നു ഉണ്ടാക്കി കഴിക്കും. ഈ വയസ്സാം കാലത്ത് ഇങ്ങനെ ഓടിനടന്നു ഓരോന്ന് ചെയ്തു വീണു പോയാൽ നോക്കാൻ അവളും കെട്ട്യോനും കാണുമോ?

അല്ലെങ്കിൽ തന്നെ അവളെ കണ്ടാൽ അറിയില്ലേ ഒരു പണിയും ചെയ്യാതെ കൊഴുപ്പ് കേറി നെയ്യ് മുറ്റി ഇരിക്കുകയാണെന്നു. ഇന്നേവരെ അടുക്കള പണി എന്താണെന്ന് അവൾ അറിഞ്ഞിട്ടുണ്ടോ?

നിങ്ങളെ പറഞ്ഞാൽ മതി ഒന്നാന്തരം അമ്മയും അപ്പനും നട്ടെല്ലില്ലാത്ത ഒരു മോനും. എന്റെ വീട്ടിൽ എങ്ങാനും ആയിരിക്കണം. ഞാൻ വരച്ച വരയിൽ നിർത്തിയേനെ.

ഇച്ചേച്ചിക്ക് അറിയാല്ലോ എന്റെ മരുമോൾ പ്രിയ ദേ ഈ സമയം ആകുമ്പോൾ അടുക്കള പണി മൊത്തം കഴിയും പിന്നെ പുറംപണിയും കന്നുകാലി വളർത്തും ആയി പകലന്തിയോളം ഓടിനടന്നു ഓരോന്ന് ചെയ്യും. ചുമ്മാ ഒരു മിനുട്ട് ഇരിക്കുന്നത് ഞാൻ കണ്ടിട്ടില്ല.

അവളുടെ മക്കൾക്കും കെട്ട്യോനും എന്തൊക്കെ വേണമോ അതൊക്കെ നിമിഷനേരം കൊണ്ടല്ലേ ഉണ്ടാക്കി കൊടുക്കുന്നത്. പാചകത്തിൽ അവളെ വെല്ലാൻ എന്നെകൊണ്ട് പോലും പറ്റില്ല. പിന്നെ അവളുടെ കേൾക്കെ ഞാൻ ഇതൊന്നും സമ്മതിച്ചു കൊടുക്കാറില്ല. ഇത്തിരി അയഞ്ഞാൽ ഇവളുമാർ തലയിൽ കേറി മുളകരയ്ക്കും.

വല്ലാത്തൊരു ചിരിയോടെ വാ നിറച്ചു ഏഷണി പറഞ്ഞതിന്റെ മനസുഖത്തോടെ സരസമ്മ അടുക്കളയിൽ കിടന്ന കസേരയിലേക്ക് ഇരുന്നു.

അവരുടെ ചേച്ചി മാധവിയമ്മ അന്നേരം ഉപ്പും മുളകും ഇട്ടു വേവിച്ച ചെറു മാമ്പഴങ്ങളിലേക്ക് തേങ്ങ അരച്ചു ചേർത്തിട്ട് കുറച്ചു തൈരും കൂടി ഒഴിച്ചു. ചെറിയുള്ളി മൂന്നാലെണ്ണം വട്ടത്തിൽ അരിഞ്ഞു കടുകും കറിവേപ്പിലയും വെളിച്ചെണ്ണയിൽ വറുത്തു ആ കറിയിലേക്ക് ചേർത്തു. അവിടമാകെ മാമ്പഴ പുളിശേരിയുടെ കൊതിപ്പിക്കുന്ന മണം പരന്നു..

അമ്മേ ഇന്ന് മാമ്പഴപുളിശ്ശേരി ആണോ ആഹാ അമ്മേടെ മകനിന്നു ഒരു കലം ചോറുണ്ണും..

മുടി മാടികെട്ടി അടുക്കളയിലേക്ക് കടന്നുവന്ന നയന ചിരിയോടെ മാധവിയമ്മയെ ചേർത്തു പിടിച്ചു.

അതെയതെ..പത്തറുപതു വയസ്സുള്ള അമ്മായിയമ്മയെ കൊണ്ട് രാവിലെ പണിയിപ്പിച്ചല്ല കെട്യോനെ ചോറ് കഴിപ്പിക്കേണ്ടത്. വേണേൽ കെട്ട്യോനും മക്കൾക്കും ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കി കൊടുക്കണം. എത്ര വലിയ ഉദ്യോഗക്കാരി ആണെങ്കിലും ഒരു ചായ ഇടാൻ പോലും മടിയുള്ള നീയൊക്കെ ഒരു പെണ്ണാണോ?

സരസു നീ മിണ്ടാതിരി. മാധവിയമ്മ അനിയത്തിയെ വിലക്കി.

ഇച്ചേച്ചി മിണ്ടാതിരി എനിക്ക് ഇവളെ പേടിയില്ല. മകൻ ചിലവിനു തരുന്നെന്ന് പറഞ്ഞു മരുമകളെ പേടിച്ചു കഴിയേണ്ട ഗതികേട് ഒന്നും എനിക്കില്ല.

എല്ലാം കേട്ടു നിന്ന നയന സരസമ്മയുടെ അടുത്ത് കിടക്കുന്ന കസേര നീക്കി അതിലേക്ക് ഇരുന്നു.

എന്താ ഇളയമ്മയുടെ പ്രശ്നം? ഞാൻ അടുക്കളയിൽ കേറാത്തതിന് ഇളയമ്മ ഇത്രേം വിഷമിക്കേണ്ട കാര്യം എന്താണ്?

വര്ഷങ്ങളായി അമ്മയോട് ഞാൻ പറയുന്നതാണ് അടുക്കളയിൽ സഹായത്തിനു ഒരാളെ നിർത്താമെന്നു അമ്മയ്ക്ക് അതിനു സമ്മതമല്ല. പിന്നെ പുറം പണിക്ക് ആഴ്ചയിൽ ഒരു ചേച്ചി സ്ഥിരമായി വരുന്നുണ്ട്. എന്തെങ്കിലും വിശേഷം ഉള്ളപ്പോൾ അവർ അടുക്കളയിലും സഹായിക്കാറുണ്ട്. അതിനൊക്കെ കൃത്യമായ ശമ്പളം മാസമാസം ഞങ്ങൾ അയച്ചു കൊടുക്കുന്നുമുണ്ട്.

പിന്നെ ഒരു മാസത്തെ അവധിക്ക് നാട്ടിൽ വരുമ്പോൾ അടുക്കളയിൽ കയറാൻ എനിക്ക് മനസ്സില്ല. വെളുപ്പിന് അഞ്ചു തൊട്ടു ഉച്ചവരെയും. അതുകഴിഞ്ഞു വൈകുന്നേരം തൊട്ട് പത്തുമണി വരെയും സ്പെഷ്യൽ ഡ്യൂട്ടി ചെയ്തും സാലറി വാങ്ങുന്ന ഒരാളാണ് ഞാൻ. ആ എനിക്ക് സഹായത്തിനു ഒരു ചേച്ചിയെ ഞാൻ ഫ്ലാറ്റിൽ നിർത്തിയിട്ടുണ്ട്. മലയാളി ആണ്. ചേട്ടനും മക്കൾക്കും എന്ത് ഫുഡ് വേണോ അത് കൃത്യമായി രുചിയോടെ അവർ ഉണ്ടാക്കി കൊടുക്കും.

പിന്നെ ഇളയമ്മയുടെ മരുമകൾ പ്രിയ പിജി പാസ്സായ ഒരു കൊച്ചിനെ രാവന്തിയോളം അടുക്കളയിൽ ഇട്ടു വലിപ്പിച്ചിട്ട് ഒരു നല്ല വാക്ക് പോലും പറയാതെ ഉണ്ടാക്കുന്നത് മൊത്തം വെട്ടി വിഴുങ്ങിയിട്ട് ഇതാണ് ശരിയായ മരുമകൾ ധർമ്മം എന്നൊക്കെ വെച്ചു കാച്ചുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്?

കഴിഞ്ഞദിവസം ഇളയമ്മയുടെ മക്കൾ ഇവിടെ വന്നപ്പോൾ അമ്മേടെ ഫുഡ് ബോറാണ് ആന്റി നമുക്ക് കെ എഫ് സി യും കുഴി മന്തിയും മതിയെന്ന് പറഞ്ഞു ഹോം ഡെലിവറി ചെയ്യിപ്പിച്ചു കഴിച്ചല്ലോ. കുഞ്ഞുങ്ങളുടെ ഇഷ്ടം നോക്കി ഓരോന്നും ഉണ്ടാക്കി കൊടുക്കുന്ന പ്രിയ അപ്പോൾ ആരായി?

എന്റെ ഇളയമ്മ ഇതിലൊന്നും വലിയ കാര്യങ്ങൾ ഇല്ല.

പെണ്ണ് എത്ര വലിയ ജോലിക്കാരി ആണെങ്കിലും അടുക്കളയിൽ കയറിയെ പറ്റു എന്നത് നിങ്ങൾ കുറച്ചു പേരുടെ പിടിവാശി ആണ്. ആണിന് ഈ നിയമങ്ങൾ ഒന്നുമില്ലല്ലോ?

നൈസർഗികമായ ഒരു വാസന തന്നെ ആണ് പാചകവും.ചിലർക്കു ജന്മനാ അത് കിട്ടും. മറ്റു ചിലർ നിവൃത്തികേട് കൊണ്ടു ചെയ്യും. അല്ലാത്ത ഒരു കൂട്ടർ അടുക്കളയ്ക്കപ്പുറം മറ്റൊരു ലോകമില്ലെന്നു തിരിച്ചറിയുമ്പോൾ അവിടെ പുതിയ രുചിയും പരീക്ഷണങ്ങളും ഒക്കെയായി ജീവിതം ആസ്വദിക്കും.

ഇതിൽ ഏത് ആയാലും അതൊക്കെ ഒരാളുടെ സ്വന്തം ഇഷ്ടങ്ങൾ ആണ് അവിടെ കൈകടത്താൻ മറ്റൊരാൾ വരണ്ട.

പിന്നെ ഇളയമ്മയ്ക്ക് ചേച്ചിയോട് അത്രയ്ക്ക് സങ്കടം ഉണ്ടെങ്കിൽ ഇവിടെ വരുമ്പോൾ ഇളയമ്മയ്ക്ക് എന്തൊക്കെ ചെയ്തു കൊടുക്കാൻ പറ്റുമോ അതൊക്കെ ചെയ്തു കൊടുത്തോ അതിനു പറ്റില്ലെങ്കിൽ മിണ്ടാതിരുന്നോണം.

അമ്മയ്ക്ക് റസ്റ്റ്‌ വേണമെങ്കിൽ ഞാൻ തന്നെ അടുക്കളയിൽ കയറണം എന്നില്ലല്ലോ എന്നേക്കാൾ നന്നായി പാചകം ചെയ്യുന്ന ഒരാളെ ഞാൻ നിർത്തികൊള്ളാം. അതൊന്നും ഓർത്ത് ഇളയമ്മ വിഷമിക്കണ്ട.

എന്റെ നയനെ നീ പോയി ചായയും അപ്പവും എടുത്തു മേശപ്പുറത്തു വെക്ക്. എന്നിട്ട് എല്ലാരും കൂടി പോയിരുന്നു കഴിക്ക്. മാധവിയമ്മ അതും പറഞ്ഞു മകനെ കാപ്പി കുടിക്കാൻ വിളിക്കാനായി മുകളിലെ റൂമിലേക്ക് പോയി.

എനിക്ക് ഒന്നും വേണ്ടേ എന്നുപറഞ്ഞു ചുണ്ട് കോട്ടി ഇറങ്ങിയ സരസമ്മയെ നോക്കി നയന പറഞ്ഞു.
ഇളയമ്മേ നിങ്ങൾക്ക് എപ്പോ വേണമെങ്കിലും നിങ്ങടെ ചേച്ചിയെ വന്നു കാണാം പക്ഷേ ഇതുപോലെ ഏഷണി ഉണ്ടാക്കാൻ വന്നാൽഇവിടെ വിലപോവില്ല.. ഇനി വീട്ടിൽ നിന്ന് ഇറങ്ങും മുമ്പ് അതോർത്തോളണം.

ചവിട്ടി തുള്ളി സരസമ്മ നടന്നുപോകുന്നത് നോക്കി ചെറു ചിരിയോടെ നയന നിന്നു.

കാലം മാറി. പെണ്ണിന്റെ അധ്വാനം എന്നാൽ അത് അടുക്കള പണി ആണെന്ന് ഉറച്ചു വിശ്വസിക്കുന്ന ഇതുപോലുള്ള അമ്മമാർ എന്ന് മാറും എന്നറിയില്ല. ചവിട്ടി താഴ്ത്താൻ വരുന്നവരുടെ മുമ്പിൽ പത്തി വിടർത്താൻ ധൈര്യം ഉള്ളിടത്തോളം എല്ലാം മാറും മാറിയേ പറ്റു. ♥️

You may also like

Leave a Comment