പിന്നുള്ള അങ്കം പ്രസവിക്കാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയപ്പോഴായിരുന്നു… നടക്കരുത്, ഇരിക്കരുത് ന്നു തുടങ്ങി പഠിപ്പിച്ചു പഠിപ്പിച്ചു ആ ഹോസ്പിറ്റലിൽ അന്നേരം പ്രസവിക്കാൻ അഡ്മിറ്റ്‌ ആയ സകല ഗർഭിണികളെയും പ്രസവിപ്പിച്ചാണ് അമ്മായി തിരിച്ചു വന്നത്…

by pranayamazha.com
60 views

Story written by Vaagmi Bhadra

” അവര് അടുത്താഴ്ച കൂട്ടി കൊണ്ടുപോകും എന്നാ തോന്നുന്നേ…. ഇന്റെ കുട്ടീടെ മനസ്സ് ഉരുകുകയായിരിക്കും ഇപ്പൊ… “

അമ്മായി സങ്കടത്തോടെ മൂക്ക് പിഴിഞ്ഞപ്പോൾ ഞാൻ ഏട്ടത്തിയെ ഒന്ന് നോക്കി…. യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ ഷോകേസിലെ പൊടി തട്ടി കളയുകയാണ്….

അമ്മായീടെ മോൾ താര പ്രസവത്തിനായി സ്വന്തം വീട്ടിലേക്ക് വന്നതാണ്, മൂന്നാം മാസം കഴിഞ്ഞ് തിരിച്ചു പോകുന്ന കാര്യമാണ് പറയുന്നത്….

” ഇന്റെ മോളു അവിടെന്ന് അനുഭവിച്ചതൊക്കെ നിനക്കറീലെ ചിപ്പീ… “

ആ ചോദ്യത്തോടെ അമ്മായി മോളുടെ ഭർത്താവിന്റെ വീട്ടുകാരെയും അമ്മയെയും കുറിച്ചുള്ള കുറ്റം പറയാൻ തുടങ്ങി… ധാരാളം പ്രാവശ്യം ഞാൻ അതൊക്കെ കേട്ടിട്ടുള്ളതിനാൽ എനിക്ക് ബോറടിക്കുന്നുണ്ടായിരുന്നു… ഞാൻ വീണ്ടും ഏട്ടത്തിയെ തന്നെ നോക്കി… എവിടെ, ഇതിലൊന്നും ഒട്ടും ശ്രദ്ധിക്കുന്നില്ല…. എന്റെ മനസ്സിൽ അഞ്ചു വർഷങ്ങൾ മുൻപേ ഏട്ടത്തിയെ വിവാഹം ചെയ്തു ആ വീട്ടിലേക്ക് കൊണ്ട് വന്ന ദിവസങ്ങൾ ഓടി വന്നു…

താരയേക്കാൾ പത്തു വയസ്സിനു മൂത്തതായിരുന്നു ഹർഷേട്ടൻ…അവളെക്കാൾ വെറും രണ്ടു വയസ്സിനു മൂത്ത വീണ ഹർഷേട്ടന്റെ വധുവായി വീട്ടിലെത്തിയപ്പോൾ തുടങ്ങി എന്റെ അമ്മായിയും മോളും പോര് തുടങ്ങിയതാണ്… വീണേട്ടത്തി പാവായിരുന്നു.. വായിൽ വിരലിട്ടാൽ പോലും കടിക്കാത്ത സൈസ്… അതോണ്ട് തന്നെ അമ്മായിക്ക് ഏട്ടത്തിയെ കുറ്റം പറയുന്നതൊരു ഹരമായിരുന്നു… താരക്ക് അതൊരു രസവും…

ഒരു ഗ്ലാസ്സ് ചായ വരെ ഉണ്ടാക്കിയത് അധികമായാൽ ” നിന്റെ വീട്ടിൽ നിന്നു കൊണ്ട് വന്നതാണോടീ ” എന്നാണ് ചോദ്യം… അപ്പൊ ഊഹിക്കാലോ അമ്മായീടെ റേഞ്ച്…

അങ്ങനെ വിവാഹം കഴിഞ്ഞ ആദ്യ മാസം തന്നെ ഏട്ടത്തി പ്രെഗ്നന്റ് ആയി… അതിനു പോലും അമ്മായി പറഞ്ഞു ” ചിലപ്പോൾ വരുമ്പോൾ കൊണ്ട് വന്നതാകും ” എന്ന്….

” അങ്ങനാണേൽ തന്നെ അമ്മ സംശയിക്കണ്ട ഇതെന്റേത് തന്നെയാ” എന്ന് ഏട്ടനും….

അതോടെ എന്റെ മോനെ എനിക്കെതിരെ തിരിച്ചു എന്ന് പറഞ്ഞായി… ഏട്ടത്തിക്കും ഏട്ടത്തീടെ വീട്ടുകാർക്കും കൂടോത്രം ചെയ്യാൻ അറിയാം, അങ്ങനെ കൂടോത്രം ചെയ്തു ഏട്ടന്റെ മനസ്സ് മാറ്റിച്ചതാണത്രെ…

മണ്ണാങ്കട്ടയാണ്, ഹർഷേട്ടൻ മാസങ്ങൾ പുറകെ നടന്നു വളച്ചെടുത്തതാണ് ഏട്ടത്തിയെ എന്ന് ഞങ്ങടെ കുടുംബത്തിലെ അങ്ങാടിരഹസ്യം ആയിരുന്നു…

അങ്ങനെ ഏഴാം മാസം പ്രസവത്തിനായി ഏട്ടത്തിയെ വിളിച്ചു കൊണ്ടു പോയപ്പോഴാണ് അമ്മായിക്ക് സമാധാനം ആയത്…

പിന്നുള്ള അങ്കം പ്രസവിക്കാൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയപ്പോഴായിരുന്നു… നടക്കരുത്, ഇരിക്കരുത് ന്നു തുടങ്ങി പഠിപ്പിച്ചു പഠിപ്പിച്ചു ആ ഹോസ്പിറ്റലിൽ അന്നേരം പ്രസവിക്കാൻ അഡ്മിറ്റ്‌ ആയ സകല ഗർഭിണികളെയും പ്രസവിപ്പിച്ചാണ് അമ്മായി തിരിച്ചു വന്നത്…

അതിനിടയിലാണ് വലിയ പ്രശ്നം നടക്കുന്നത്…. കുട്ടിയുടെ തല നീണ്ടു പോയി, അതവളുടെ ഇരുത്തത്തിൽ വന്ന പ്രശ്നം ആണെന്ന് കുഞ്ഞിനെ കാണാൻ പോയ അമ്മായി പറഞ്ഞതോടെ ഏട്ടത്തീടെ കുടുംബക്കാരിൽ ആരോ ഒരാൾ അമ്മായിക്ക് നല്ല കണക്കിന് മറുപടി കൊടുത്തു….

ഏട്ടൻ ജോലി സ്ഥലത്തായത് കൊണ്ട് ഗർഭിണി ആയിരിക്കുന്ന സമയം ഏട്ടത്തിക്ക് കൃത്യമായി ഭക്ഷണം വരെ കിട്ടാറില്ലെന്നതു തുടങ്ങി ഏഴാം മാസം ഏട്ടതീടെ വീട്ടിൽ വന്നതിനു ശേഷം ഹോസ്പിറ്റലിൽ പോയപ്പോൾ കുട്ടിക്ക് വളർച്ച കുറവുണ്ടെന്ന് പറഞ്ഞതടക്കം അവർ ഇങ്ങോട്ട് പ്രയോഗിച്ചതോടെ അമ്മായി അവിടുന്ന് പിണങ്ങി ഇറങ്ങി….

അന്ന് മുതൽ അമ്മായി ഏടത്തിയോട് മിണ്ടാതായി… അതൊരു ദൈവനുഗ്രഹം പോലെ ഏട്ടൻ ജോലിസ്ഥലത്തേക്ക് ഏടത്തിയെയും കുട്ടിയേയും കൊണ്ടു പോയി…. അതിന്റെ കാരണം അമ്മാവൻ ആണെന്ന് ഇന്നും അമ്മായിക്കറിയാത്ത രഹസ്യമാണ്… അമ്മാവൻ തന്നെയാണ് ഏട്ടനോട് ഏട്ടത്തിയെയും കുഞ്ഞിനെയും കൂടി കൊണ്ട് പോകാൻ പറഞ്ഞത്….

നാല് വർഷം കഴിഞ്ഞ് ആണ് ആണ് അമ്മായി ഏടത്തിയോട് മിണ്ടാൻ തുടങ്ങിയത് അതും താരയുടെ വിവാഹം ആയപ്പോ അമ്മായിക്ക് ഒറ്റക്കൊന്നും നടക്കില്ലെന്നു അറിഞ്ഞത് കൊണ്ട്…

എന്നാ കൊടുത്താൽ കൊoല്ലത്തും കിട്ടും എന്ന് പറഞ്ഞത് പോലെ അമ്മായീടെ താരമോൾ ലൈനടിച്ചു കെട്ടിയ സുധീഷും അവന്റെ വീട്ടുകാരും അമ്മായിയേക്കാൾ ജഗചാലക്കില്ലാടികൾ ആയിരുന്നു… അവരുടെ മുന്നിൽ അമ്മായി വെറും ശിശു… ഏട്ടത്തി ഇവിടെ അനുഭവിച്ചതൊക്കെ അതേപടി താരക്കും കിട്ടിയപ്പോൾ അമ്മായി ഒന്നടങ്ങി…

അമ്മായീടെ മൂക്ക് പിഴിച്ചൽ കഴിഞ്ഞപ്പോൾ ഞാൻ പതിയെ ഏട്ടത്തിയുടെ അടുത്തേക്ക് നടന്നു….

ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ ഏട്ടത്തീ… “

” എന്താ ഇപ്പൊ ചിപ്പികുട്ടിക്ക് അറിയണ്ടേ… “

ഏട്ടത്തി തിരിച്ചു ചോദിച്ചു…

” ഏട്ടത്തിക്ക് അമ്മായിയോട് ഒരു ദേഷ്യവും ഇല്ലേ… “

” എന്തിന്???? “

” അതിപ്പോ… “

ഞാൻ ചുമ്മാ ചിരിച്ചു…

” നിന്റെ അമ്മായിയോട് ദേഷ്യപ്പെടേണ്ട സന്ദര്ഭത്തിൽ ഞാൻ ദേഷ്യപ്പെട്ടിട്ടില്ല… പിന്നാണോ ഇപ്പൊ… “

ഏടത്തിയും ഒരു ചിരിയോടെ പറഞ്ഞു….

” എന്നാലും ഏടത്തിക്കെങ്ങനെ സാധിക്കുന്നു ഇത് പോലെ…. “

എനിക്ക് അദ്ഭുതമായിരുന്നു….

” നമ്മളിലാരാ ചിപ്പീ പെർഫെക്ട്…?? എല്ലാവർക്കും പോരായ്മകൾ ഉണ്ട്… അമ്മ എന്നോട് ചെയ്തതിനുള്ള ശിക്ഷ കാലം നൽകി…പിന്നെ എന്തിനു ഞാൻ… “

ഏട്ടത്തിയുടെ മറുപടി കേട്ട് മനസ്സ് നിറഞ്ഞു ഞാൻ ആ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഏട്ടത്തി എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു….

☆☆☆☆☆☆☆☆☆☆☆

തിരിച്ചു റൂമിലേക്ക് കയറിയ വീണ കണ്ണാടിയുടെ മുന്നിൽ പോയി നിന്നു….

” മോളെ ചിപ്പീ, നിന്റെ അമ്മായിയോട് എനിക്കൊരു ദേഷ്യോം ഇല്ല… എന്ന് മാത്രമല്ല ഇപ്പൊ അവരാണെന്റെ എന്റർടൈൻമെന്റ്…. ഞാൻ അനുഭവിച്ച വിഷമങ്ങൾ സ്വന്തം മോൾ അനുഭവിച്ചിട്ടു, അതെന്നോട് തന്നെ പറയുന്നത് കേൾക്കുമ്പോൾ ഞാൻ ഇപ്പൊ അനുഭവിക്കുന്ന ഒരു ഫീൽ ഉണ്ടല്ലോ… അത് പറഞ്ഞറിയിക്കാൻ പറ്റില്ല…. അത് അനുഭവിച്ചു തന്നെ അറിയണം… തല്ക്കാലം നിന്റെ അമ്മായിയോട് അടികൂടി ആ സന്തോഷം കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല പിന്നെ ഇതെന്റെ മനസ്സിൽ മാത്രം കിടന്നോട്ടെ.. കാരണം എന്റെ പ്രതികാരം എന്റെ മാത്രം സ്വകാര്യതയാണ്…. ലൈക്‌ ഡോക്ടർ ബെഞ്ചമിൻ ലൂയിസ്……. “

സ്വയം അത്രയും പറഞ്ഞു വീണ ഉറക്കെ പൊട്ടിചിരിച്ചു…. പുരാണ സീരിയലിലെ കംസൻ ചിരിക്കുന്ന പോലെ….

മരുമകൾ…..

You may also like

Leave a Comment