പിന്നാമ്പുറത്തെ അലക്കുകല്ലിനെ മധ്യത്തിൽ നിർത്തി ഞാൻ മൂന്നെണ്ണം അകത്താക്കി.

Writer: ശ്രീജിത്ത് ഇരവിൽ

*****************

കൂട്ടുകാരന്റെ കുഞ്ഞിന്റെ നൂലുകെട്ടായിരുന്നു. കുപ്പിയുണ്ടെന്ന് പറഞ്ഞ് അവൻ വിളിച്ചത് കൊണ്ട് നാലെണ്ണം അടിക്കാന്ന് വെച്ച് ഞാനും പോയി. ഒരു കല്ല്യാണത്തിനുള്ള ആളുണ്ടായിരുന്നു. ബഹളത്തിൽ കുഞ്ഞിന്റെ കരച്ചിലും കേൾക്കാം. ആര് കരഞ്ഞാലും ചിരിച്ചാലും കൂട്ടുകാരാണെങ്കിൽ കുപ്പിവെണമെന്നത് നാട്ടുനടപ്പാണ്. സർക്കാരിന്റെ എല്ലാ വിധ പിന്തുണയും അതിനുണ്ട് താനും.

പിന്നാമ്പുറത്തെ അലക്കുകല്ലിനെ മധ്യത്തിൽ നിർത്തി ഞാൻ മൂന്നെണ്ണം അകത്താക്കി. നാലാമത്തേത് ഒഴിക്കുമ്പോഴാണ് അയലത്ത് നിന്ന് ഒരു പെണ്ണിന്റെ നിലവിളി കേട്ടത്. അങ്ങോട്ടേക്ക് ചിലർ ഓടുന്നത് കണ്ടപ്പോൾ മതില് ചാടി ഞങ്ങളും പോയി. അത് നളിനിയാണ്. അവളുടെ മുടിക്കുത്തിന് പിടിച്ച് അലറുന്നത് ഭർത്താവ് കരുണനും.

എന്തിനാണ് കരുണൻ നളിനിയെ തല്ലുന്നതെന്ന് ആരും ചോദിച്ചില്ല. ശബ്ദം കേട്ട് കൂടിയവരെല്ലാം ഇനിയെന്ത് നടക്കുമെന്ന ആകാംഷയിൽ നോക്കി നിൽക്കുകയാണ്. എനിക്കത് കണ്ടുനിൽക്കാൻ കഴിഞ്ഞില്ല. പ്രതികരിച്ചേ പറ്റൂ. ആണിന് തൊഴിക്കാനുള്ളതല്ല ഒരു പെണ്ണിന്റേയും ജീവിതം.

‘നിർത്തെടോ…’

എന്നും പറഞ്ഞ് ഞാൻ കരുണനെ പിറകിൽ നിന്ന് പിടിച്ചു. കുതിര തുള്ളുന്നത് പോലെ അയാൾ തിരിഞ്ഞ് നിന്നപ്പോൾ രണ്ടുപേരും താഴേക്ക് വീണു. കരുണൻ എന്റെ കവിളിൽ ഇട്ട് കുത്തുകയും ചെയ്തു. വേദനയിൽ അലറിയ ഞാൻ എഴുന്നേറ്റ് അയാളുടെ മർമ്മത്തിനൊരു ചവിട്ട് കൊടുത്തു. പിന്നെ കരുണൻ അനങ്ങിയില്ല. ചുരുണ്ടങ്ങനെ കിടന്നു.

‘ഓൻ ച ത്തെന്നാ തോന്ന്ന്നേ.. ആരെങ്കിലും സ്റ്റേഷനിലേക്ക് വിളിക്കൂ..!’

കൂട്ടത്തിൽ നിന്ന് ആരോ പറയുന്നത് ഞാൻ കേട്ടൂ. നൂലുകെട്ട് ആഘോഷിക്കുന്ന അയൽപക്കമൊരു മരണവീട് ആകുകയാണോയെന്ന് ഞാൻ ഭയന്നു. അപ്പോഴേക്കും ആരൊക്കെയോ ചേർന്ന് കരുണനെ താങ്ങിയെടുത്ത് ഓട്ടോയിൽ കയറ്റി. ആശുപത്രിയിലേക്ക് എത്തും മുമ്പേ അയാൾ സാധാരണ നിലയിലേക്ക് വന്നിരുന്നു. കുഴപ്പമൊന്നുമില്ലെന്ന് കേട്ടപ്പോഴാണ് എനിക്ക് ആശ്വാസമായത്.

ആ ആശ്വാസത്തിൽ രണ്ടെണ്ണവും കൂടിയടിച്ച് ഞങ്ങൾ കൂട്ടുകാരെല്ലാം പിരിഞ്ഞു. വൈകുന്നേരം വീട്ടിൽ ഇരിക്കുമ്പോഴാണ് എനിക്കൊരു ഫോൺ വന്നത്. എടുത്ത് സംസാരിച്ചപ്പോൾ ഒരു പോലീസുകാരനായിരുന്നു. എത്രയും പെട്ടെന്ന് സ്റ്റേഷനിലേക്ക് എത്തണം പോലും. ഞാൻ അനുസരിച്ചു.

സ്റ്റേഷന്റെ മുറ്റത്ത് തന്നെ കരുണനേയും നളിനിയേയും കണ്ടപ്പോൾ തന്നെ കാര്യമെനിക്ക് ഊഹിക്കാൻ സാധിച്ചിരുന്നു. അനാവശ്യമായി ഇടപെടാൻ തോന്നിയ ആ നേരത്തെ ബുദ്ധിയെ ഞാൻ പഴിച്ചു. അല്ലെങ്കിൽ എന്തിനാണ് പഴിക്കുന്നത്! സ്ത്രീ പുരുഷ സമത്വം നിലനിന്നുപോകാൻ ആഗ്രഹിക്കുന്ന ഒരു പൗരനെന്ന നിലയിൽ അതെന്റെ ധർമ്മമാണ്. ഞാൻ അത് ചെയ്യുക തന്നെ ചെയ്യും.

എസ് ഐ ഞങ്ങളെ അകത്തേക്ക് വിളിപ്പിച്ചു. നടന്ന കാര്യം സത്യസന്ധമായി ഞാൻ പറഞ്ഞു. ശരിയാണോയെന്ന് ചോദിച്ചപ്പോൾ ആണെന്ന് നളിനിയും തലയാട്ടി. കരുണൻ എന്നെ നോക്കി പല്ലിറുമ്മി. അണപ്പല്ലുകൾ തമ്മിൽ കൂട്ടിയുരഞ്ഞ് വലിയുന്ന ശബ്ദം ഞാൻ കൃത്യമായി കേട്ടു. പോടാ പുല്ലേയെന്ന ഭാവത്തിൽ ഞാനും തല ചെരിച്ചു.

‘ഒരാളെ തല്ലാൻ നിനക്കെന്ത് അവകാശം..?’

അൽപ്പം കനത്തിൽ തന്നെ എസ് ഐ എന്നോട് ചോദിച്ചു. കരുണന് നളിനിയെ തല്ലാൻ എന്തായിരുന്നു അവകാശമെന്ന് ആ നേരം ഞാൻ ചിന്തിച്ചുപോയി. അപ്പോഴാണ് ഇയാളുടെ ചവിട്ടിൽ തന്റെ ഭർത്താവിന് എന്തെങ്കിലും പറ്റിയിരുന്നുവെങ്കിലോയെന്ന് ചോദിച്ച് നളിനി കാറിയത്. കരുണൻ എന്നോട് മുഷ്ട്ടി ചുരുട്ടി. എനിക്ക് ദേഷ്യം വന്നു..

‘പെണ്ണുമ്പിള്ളേ… ഞാൻ ഇല്ലായിരുന്നെങ്കിൽ നിന്നെ ഇയാൾ ത* ല്ലി കൊ’ ന്നേ നെ…’

തന്റെ കരുണേട്ടൻ തന്നെയൊരിക്കലും കൊ- ല്ലില്ലായെന്ന് പറഞ്ഞുകൊണ്ട് നളിനിയപ്പോൾ വിങ്ങി. കരുണൻ അവളെ കരയല്ലേയെന്ന് ചേർത്ത് പിടിച്ചു. നീയെന്തിനാണ് മറ്റുള്ളവരുടെ ജീവിതത്തിൽ കയറി ഇടപെടുന്നതെന്ന് ചോദിച്ച് എസ് ഐയുടെ ശബ്ദം താഴ്ന്നു. ഇവൾക്ക് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ കണ്ടുനിന്ന നാടിന് നട്ടെല്ലില്ലായെന്നും നിങ്ങൾ പറയുമായിരുന്നില്ലേയെന്ന് തോന്നിയിട്ടും ഞാൻ പറഞ്ഞില്ല.

‘ന്റെ.. കരുണേട്ടനെ ഞാനും തല്ലാറുണ്ട്. ഭാര്യയും ഭർത്താവുമല്ലേ സാറെ.. ആയിരത്തിയെട്ട് പ്രശ്നങ്ങളുണ്ടാകും… അതിന്റിയിടയിൽ ഇവനാരാ ഇങ്ങേരെ തല്ലാൻ..? ന്റെ കരുണേട്ടൻ ന്റെ കരളാന്ന്…’

എന്നും പറഞ്ഞ് നളിനി തന്റെ വിങ്ങിയ മൂക്ക് ചീന്തി കരുണന്റെ പുറത്തൊരച്ചു. അപ്പോഴും അയാൾ എന്നോട് കണ്ണുകൾ ഉരുട്ടുന്നുണ്ടായിരുന്നു. ഇനിയൊരാഴ്ച്ച പണിക്ക് പോകാൻ പറ്റില്ലെന്നും പറഞ്ഞ് രൂപ മൂവായിരം നഷ്ടപരിഹാരം കൊടുത്താണ് ആ കേസ് ഞാൻ ഒതുക്കിയത്. അതിനുശേഷം ഞാനും വല്ലാതെ ഒതുങ്ങി. ആരുടേയും ജീവിതത്തിലേക്ക് തലയിടാറില്ല. പരസ്പരം പരാതികൾ ഇല്ലെങ്കിൽ മനുഷ്യർ തമ്മിൽ തല്ലട്ടെ… കൊല്ലട്ടെ.. അതാണ് സ്നേഹമെന്ന് മുഴക്കട്ടെ…!!!

ശ്രീജിത്ത് ഇരവിൽ

Leave a Reply

Your email address will not be published. Required fields are marked *