പക്ഷെ രാത്രി അരുണിന്റെ ചെവിയിൽ എല്ലാം പറഞ്ഞ് അവൾ ഇരുന്നു കരയും, അതാണ് പതിവ്…

by pranayamazha.com
6 views

അമ്മ അമ്മായി

രചന: മിനു സജി

:::::::::::::::::::::::::

വിശാലമായ മുറ്റം…മുറ്റം മുഴുവനും പഞ്ചാര മണ്ണ്…

‘ റ ‘ ആകൃതിയിൽ വീശി അടിച്ചാൽ മുറ്റം കാണാൻ പറഞ്ഞറിയിക്കാൻ കഴിയാത്ത ഭംഗിയാണ്…വീടിനു മോടി കൂട്ടാൻ പടർന്നു പന്തലിച്ചു കിടക്കുന്നൊരു മാവും…

ഒത്ത കനമുള്ള ഈർക്കിലി ചൂല് രണ്ടും കൈയിലും ഒതുക്കി പിടിച്ചു വിടർത്തി അവൾ അടിച്ചു. അടിച്ചു കഴിഞ്ഞ് മുറ്റത്തേക്കൊന്നു നോക്കി നെടുവീർപ്പിട്ടു. സിറ്റിയിലെ നാല് സെന്റ് വീട്ടിലെ ഇത്തിരി മുറ്റം പോലും അടിക്കാൻ മടി കാണിച്ചിരുന്നവൾ ഇപ്പോ വലിയൊരു മുറ്റം ഒറ്റക്ക് അടിക്കുന്നു…

എന്നാലും ഏട്ടന്റെ അമ്മായി ആരോടെന്നില്ലാതെ പറയും…നമ്മുടെ മുറ്റം കുണ്ടും കുഴിയുമായി…അടിയുടെ കേമം…എന്നൊക്കെ…

അരുണേട്ടന്റെ അമ്മ ഏട്ടൻ കുഞ്ഞായിരുന്നപ്പോഴേ മരിച്ചു പോയി. ആ സമയത്ത് ഏട്ടന്റെ അച്ഛന്റെ പെങ്ങളുടെ വിവാഹം കഴിഞ്ഞിരുന്നില്ല. മൂന്ന് വയസുള്ള അരുണേട്ടനെയും, ഒരു വയസുള്ള വരുണിനെയും നോക്കി വളർത്തിയത് അമ്മായിയാണ്. അമ്മായി പിന്നെ കല്യാണം കഴിച്ചില്ല. വേണ്ടാന്നു വെച്ചതാ…അത്രയും ഇഷ്ടമായിരുന്നു ഏട്ടനേയും വരുണിനെയും…

കല്യാണത്തിന് മുൻപ് അമ്മ ഒരുപാട് ഉപദേശങ്ങൾ തന്നിരുന്നു എനിക്ക്. നമ്മുടേത് പോലെയുള്ള നാടല്ല അത്. എപ്പോഴും ഫോണും നോക്കി നീ ഇരിക്കരുത്. വെളുപിനെ എഴുന്നേൽക്കണം. അടുക്കളയിൽ അമ്മായിയോടൊപ്പം ജോലികൾ ചെയ്യണം. അമ്മായിയെ അമ്മയെ പോലെ കാണണം…അങ്ങനെ ഒരു ഭാര്യയുടെ കർത്തവ്യങ്ങളും എല്ലാം അമ്മ മനസിലാക്കി തന്നിരുന്നു.

കല്യാണം കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞപ്പോൾ വീടൊന്നു മൊത്തം മാറ്റിയാലോ എന്നൊരു തോന്നൽ. അടുക്കളയിൽ തുടങ്ങാം എന്നു കരുതി. പൊടികളൊക്കെ ഇട്ടു വെക്കുന്ന ടിന്നുകളെല്ലാം പഴയതായി അതൊക്കെയൊന്ന് മാറ്റിയാലോ അമ്മായി…എന്നൊരു ചോദ്യമേ അവൾ ചോദിച്ചുള്ളൂ. അമ്മായി അവളുടെ മുഖത്തേക്ക് ഗൗരവത്തിലൊരു നോട്ടം.

നീ ഇവിടെ വല്യ പരിഷ്കാരമൊന്നും ചെയ്യേണ്ട…എന്ന് പറഞ്ഞ് പുച്ഛിച്ചു. മുഖത്തടിച്ചത് പോലെ ആയി തോന്നി അവൾക്കു…അതോടെ ആ ശ്രമം അവൾ ഉപേക്ഷിച്ചു. പിന്നെ എന്തിനും കുറ്റം മാത്രം. മുറ്റത്തൊരു ചെടി നാട്ടുക്കൂടാ…വിസിറ്റിംഗ് മുറിയിലെ കസേരകൾ മാറി കിടക്കാൻ പാടില്ല…ഫോണിൽ തോണ്ടി വരാന്തയിൽ ഇരുന്നുകൂടാ…എന്തിനേറെ…അവളുടെ വീട്ടിലെ സ്വാദ് പോലെ ഒരു കറി വെച്ചാൽ പോലും കുറ്റപ്പെടുത്തും. അവൾ മറുത്തൊരക്ഷരം പോലും പറയാറില്ല.

പക്ഷെ രാത്രി അരുണിന്റെ ചെവിയിൽ എല്ലാം പറഞ്ഞ് അവൾ ഇരുന്നു കരയും…അതാണ് പതിവ്…അപ്പോഴേക്കും അരുൺ ആശ്വസിപ്പിക്കും…അമ്മായി കല്യാണം പോലും കഴിക്കാതെ ഞങ്ങൾക്ക് വേണ്ടിയാണു ഇതുവരെ ജീവിച്ചത്…പ്രായം കൂടി വരികയല്ലേ…നീ ക്ഷമിക്ക് അച്ചൂ…എന്ന്.

(അവളെ കുറിച്ച് പറഞ്ഞില്ലല്ലോ…അവളുടെ പേര്‌ ഐശ്വര്യ…എല്ലാവരും അവളെ അച്ചു എന്ന് വിളിക്കും…അച്ഛന്റെയും അമ്മയുടെയും ഒറ്റ മോൾ…സ്വല്പം ലാളന ഏറ്റു വളർന്നതാ…അതിന്റെ കുറുമ്പുണ്ട്…)

വരുണിന്റെ കല്യാണം കഴിഞ്ഞാൽ നമ്മൾ ഈ വീട്ടിൽ നിന്ന് മാറേണ്ടി വരും…അതുവരെ നീ ക്ഷമിക്കന്റെ അച്ചൂ…

മ്മ്..മ്മ്…എന്ന് നീട്ടി മൂളിയിട്ട്…അരുണിന്റെ നെഞ്ചിൽ ഇറിച്ചിലിനെ പോലെ അള്ളിപ്പിടിച്ചു കിടന്നു അവൾ.

ഇവിടന്ന് മാറി താമസിക്കാൻ അച്ഛൻ സമ്മതിക്കുമോ…എന്നാണ് എന്റെ പേടി. അരുൺ അത് പറഞ്ഞതും പരിഭവിച്ചു അവനെ തള്ളി മാറ്റി അവൾ തിരിഞ്ഞു കിടന്നു. ഞാൻ വെറുതെ പറഞ്ഞതാടീ എന്നും പറഞ്ഞ് അവൻ അവളെ സ്നേഹിക്കാൻ ചെന്നു. പക്ഷെ പെണ്ണിന്റെ പരിഭവം മാറിയില്ല.

പിറ്റേദിവസം അഞ്ച് മണിക്ക് അലാറം അടിച്ചപ്പോൾ കണ്ണ് തുറക്കാതെ ഫോൺ എടുത്തവൾ അലാറം ഓഫ്‌ ചെയ്ത് പിന്നെയും ചുരുണ്ടു കൂടി. അപ്പോഴേക്കും അരുൺ അവളെ കുലുക്കി വിളിക്കാൻ തുടങ്ങി. എഴുനേൽക്കച്ചു…എനിക്ക് ഓഫിസിൽ പോകണം…അമ്മായി ഇപ്പോ അടുക്കളയിൽ ഉണ്ടാവും.

അമ്മായി എന്ന് കേട്ടപ്പോഴേക്കും അവളുടെ ഉറക്കം മുഴുവനും പോയി…ചാടി എഴുനേറ്റു. അടുക്കളയിൽ എത്തിയപ്പോഴേക്കും കഞ്ഞി തിളക്കുന്നു. ദൈവമേ, ഇവർ ഇത് എപ്പോ എഴുന്നേറ്റു എന്ന് മനസ്സിൽ ഓർത്ത് തിരിഞ്ഞപോഴേക്കും ചൂലും കൊണ്ട് അമ്മായി മുറ്റത്തേക്ക് പോകുന്നതാണ് കണ്ടത്. ഞാൻ അടിച്ചോളാം അമ്മായി എന്നും പറഞ്ഞ് ഓടിച്ചെന്നു അവൾ.

ചൂല് തന്നിലെന്നു മാത്രമല്ല…അടുക്കളയിൽ ചായ തിളപ്പിച്ചു വെച്ചിട്ടുണ്ട്…അത് കുടിച്ചിട്ട് പച്ചക്കറികൾ അരിഞ്ഞു വെക്കൂ എന്ന് പറഞ്ഞു…അമ്മായി. പിന്നെയെല്ലാം വേഗത്തിലായിരുന്നു…എട്ട് മണി ആയത് അറിഞ്ഞില്ല. അരുണും വരുണും ഓഫിസിൽ പോയി. അച്ഛൻ പുറത്തേക്കും. ഞാനും അമ്മായിയും അവിടെ തനിച്ചായി.

അപ്പോഴേക്കും അയൽവക്കത്തെ വീട്ടിലെ ചേച്ചി വെറുതെ കുശലം ചോദിക്കാൻ അവിടെ വന്നു. ആ തക്കത്തിന് ഫോണും കൊണ്ട് അവൾ മുറിയിൽ കേറി. ഫോണിൽ ഓരോന്ന് നോക്കിയിരുന്നു പെട്ടെന്ന് അവൾ ഉറങ്ങി പോയി. ഒരു മണി കഴിഞ്ഞപ്പോൾ അമ്മായി വന്ന് തട്ടി വിളിച്ചപ്പോഴാണ് അവൾ എഴുന്നേറ്റത്.

പകൽ സമയം പെൺകുട്ടികൾ ഉറങ്ങുന്നത് അത്ര നല്ലതല്ല. ഓ…തുടങ്ങി…എന്ന് മനസ്സിൽ കരുതി ഒരു ചിരിയും കൊടുത്തു…പെട്ടെന്ന് ഉറങ്ങി പോയി…എന്നും പറഞ്ഞ് അവൾ അടുക്കളയിലേക്ക് പോയി. വല്ലാത്തൊരു ക്ഷീണം…തലകറങ്ങുന്നത് പോലെ…

അമ്മായി…എന്നു വിളിച്ചത് മാത്രേ അവൾക്കു ഓര്മയുള്ളു…മുഖത്തു വെള്ളം വീണപ്പോഴാണ് ബോധം വന്നത്…ചുറ്റിനും ആളുകൾ. എന്തുപറ്റി മോളെ…എന്താണെന്നറിയില്ല. അരുണിനെ വിളിച്ചിട്ടുണ്ട്. അവൻ ഇപ്പോ എത്തും…ഹോസ്പിറ്റലിൽ പോകാം.

നമ്മുടെ വീട്ടിലേക്ക് പുതിയൊരാൾ വരാൻ പോകുന്നു അമ്മായി…ഹോസ്പിറ്റലിൽ നിന്ന് തിരിച്ചു എത്തിയപ്പോൾ അരുൺ നിറഞ്ഞ സന്തോഷത്തോടെയും അല്പം നാണത്തോടെയുമാണ് അത് പറഞ്ഞത്.

അച്ചുവിന് പിന്നെ സ്വർഗ്ഗമായിരുന്നു ആ വീട്. ഏഴാം മാസം ആഘോഷമായി അവളുടെ വീട്ടിലേക്കു കൂട്ടി കൊണ്ടുപോയി. പോകുമ്പോൾ അമ്മായി അവളെ കെട്ടിപിടിച്ചു ഒത്തിരി കരഞ്ഞു.

ഭർത്താവിന്റെ വീട് എത്ര സ്വർഗം ആണെങ്കിലും സ്വന്തം വീട്ടിൽ എത്തുമ്പോൾ ഏതൊരു പെണ്ണിനും സന്തോഷം കൂടും. അച്ചുവിനും അങ്ങനെ തന്നെയായിരുന്നു. പ്രസവം അടുക്കുന്തോറും പെണ്ണിന് പേടി കൂടി…ഡെലിവറി സമയത്ത് പ്രഷർ കൂടി അവൾ എല്ലാവരെയും പേടിപ്പിച്ചു…

എല്ലാത്തിനുമൊടുവിൽ അവൾ ഒരാൺ കുഞ്ഞിന് ജന്മം നൽകി. അമ്മായിയും അവളുടെ അമ്മയുമാണ് ആശുപത്രിയിൽ നിന്നതും അച്ചുവിനെയും കുഞ്ഞിനേയും പരിചരിച്ചതും. ഹോസ്പിറ്റലിൽ നിന്ന് അച്ചുവിന്റെ വീട്ടിലേക്ക് അവരെ വിടാൻ അമ്മായിക്ക് ഒട്ടും താല്പര്യം ഉണ്ടായില്ല.

മനസില്ലാ മനസോടെ അവരെ അവളുടെ വീട്ടിൽ കൊണ്ടാക്കി. അവിടന്ന് ഇറങ്ങാൻ നേരം വേഗം രണ്ടാളെയും അങ്ങോട്ട് വിടണേ എന്നും പറഞ്ഞു…അമ്മായി. ചടങ്ങുകളെല്ലാം കഴിഞ്ഞ് തിരിച്ചു അരുണിന്റെ വീട്ടിൽ എത്തിയപ്പോൾ അച്ചുവിന് പിന്നെയും പഴയ ടെൻഷൻ തുടങ്ങി…

ഇത്രേം ദിവസം സ്വന്തം വീട്ടിൽ ശെരിക്കും സുഖിച്ചു…ഇനി എല്ലാ പണിയും ചെയ്യണമല്ലോ എന്നോർത്തപ്പോൾ…

കുഞ്ഞിന് ഒന്നരവയസ് ആയപ്പോഴേക്കും അനുജൻ വരുണിന് കല്യാണാലോചനകൾ നോക്കാൻ തുടങ്ങി. അരുണും അച്ചുവും കുഞ്ഞും സിറ്റിയിലെ ഒരു വാടക വീട്ടിലേക്കു താമസം മാറി. പിന്നെ പെട്ടെന്ന് തന്നെ വരുണിന്റെ വിവാഹം കഴിഞ്ഞു.

പക്ഷെ അമ്മായിയുടെ സ്വഭാവവും വരുണിന്റെ ഭാര്യയും തമ്മിൽ ആ വീട്ടിൽ ഒട്ടും പൊരുത്തപ്പെട്ടു പോകാൻ കഴിഞ്ഞില്ല. തുടർച്ചയായ മാനസീക ബുദ്ധിമുട്ടും…താൻ ഇവിടെ ഒറ്റക്കാണെന്നുള്ള തിരിച്ചറിവും…അമ്മായിയുടെ രക്ത സമ്മർദ്ദം കൂടുകയും…അവരിൽ അത് പക്ഷാഘാതം വരുവാൻ ഇടയാക്കുകയും ചെയ്തു.

അതോടെ തളർന്നു കിടക്കുന്ന അമ്മായിയെ നോക്കാൻ ആരുമില്ലാത്ത അവസ്ഥയായി. അരുണിന്റെ അച്ഛൻ ആയിരുന്നു അമ്മായിയെ ശുശ്രൂഷിച്ചിരുന്നത്. അമ്മായിയെ കാണാൻ ഒരു ദിവസം അരുണും അച്ചുവും വന്നപ്പോൾ…അമ്മായിയെ നോക്കാൻ ബുദ്ധിമുട്ടുന്ന അച്ഛനെയാണ് കണ്ടത്.

നമുക്ക് നോക്കാം…നമ്മുടെ വീട്ടിലേക്കു കൊണ്ടുപോകാം അമ്മായിയെ…അച്ചു അരുണിനോട് ചോദിച്ചു…അവനത് നിറഞ്ഞ സന്തോഷം ആയിരുന്നു…എങ്ങനെ അത് ചോദിക്കും എന്ന് കരുതി വിഷമിച്ചു ഇരിക്കുകയായിരുന്നു അവൻ.

സ്വന്തം ജീവിതം പോലും മറന്നു കൊണ്ട്…മറ്റുള്ളവർക്ക് വേണ്ടി താങ്ങും തണലും ആവുമ്പോൾ…വാർധക്യത്തിൽ ആര് തന്നെ നോക്കും എന്ന് ആ നേരത്ത് ആരും ചിന്തിക്കാറില്ല…അവർക്കൊക്കെ അച്ചുവിനെയും അരുണിനെയും പോലെ മനസ്സിൽ നന്മയുള്ള ആരെങ്കിലും അപ്പോഴും ഉണ്ടാവും…

You may also like

Leave a Comment