നേരിട്ടറിയാവുന്നതും ഓൺലൈൻ സുഹൃത്തുകളുടെയടക്കം ജന്മദിനത്തിന് മുടങ്ങാതെ ആശംസകൾ അറിയിക്കാറുള്ള താൻ…

by pranayamazha.com
8 views

അമ്മയുടെ മരണം

രചന: Aparna Nandhini Ashokan

::::::::::::::::::::::::::::::

“നേരം എത്രയായീന്ന് അറിയോ ഉണ്ണ്യേ..നീ എഴുന്നേറ്റു വരുന്നോ അതോ ഞാൻ അങ്ങോട്ടു വരണോ”

പലപ്പോഴും ശല്യമായി തോന്നിയിട്ടുണ്ടെങ്കിലും സ്ഥിരമായി ഈ ശകാരങ്ങൾ കേട്ടാണ് ഞാൻ എഴുന്നേൽക്കാറുള്ളത്..ഇന്ന് അമ്മ വിളിച്ചെഴുന്നേൽപ്പിക്കാനില്ല എന്നിട്ടും വളരെ നേരത്തെ ഉണർന്നൂ..

പാത്രങ്ങളോട് കലപിലസംസാരിച്ച് ഏറെ നേരവും അമ്മ അടക്കിവാണിരുന്ന അടുക്കളയിലേക്കു കടന്നപ്പോൾ നെഞ്ചിലൊരു വിങ്ങൽ..

എണീറ്റു വന്നാൽ അമ്മ കട്ടൻചായ പകർന്നു തന്നിരുന്ന ചില്ലുഗ്ലാസ് കഴുകി കമിഴ്ത്തി വെച്ചിരിക്കുന്നൂ…

രണ്ടീസം മുന്നേ അമ്മ തൈരൊഴിച്ച് ഉണ്ടാക്കിയ മോരുക്കറിയുടെയും എനിക്ക് കഴിക്കാൻ വേണ്ടി മാത്രം മുന്നെയെന്നോ ഉണ്ടാക്കിവെച്ച

കടുമാങ്ങ അച്ചാറിന്റെയും ഗന്ധം അടുക്കളചുമരുകളിൽ തട്ടി തന്റെ പക്കൽ വീണ്ടും വന്നപ്പോൾ നിറഞ്ഞുവന്ന കണ്ണുകൾ തുടച്ച് ഉണ്ണി പെട്ടന്ന് അടുക്കളയിൽ നിന്നും പിന്നാമ്പുറത്തേക്ക് ഇറങ്ങി..

കിണറ്റിൽ നിന്നും വെള്ളം കോരി മതിയാവോളം തലവഴി ഒഴിച്ചൂ…മുഖത്തുക്കൂടി ഒലിച്ചിറങ്ങുന്ന വെള്ളത്തിൽ കണ്ണീരുപ്പ് കലരുന്നുണ്ട്…

ഉണ്ണി ഓർത്തൂ, കഴിഞ്ഞ ദിവസങ്ങളിലും പാതിരാക്കഴിഞ്ഞ് വന്നതിനു അമ്മ ശകാരിച്ചിരുന്നൂ..ഒന്നും കഴിക്കാതെ എന്നെ കാത്തിരുന്ന ആ പാവത്തിനെ താനെന്തെല്ലാം പറഞ്ഞൂ…

സമൂഹമാധ്യമങ്ങളിൽ സ്ത്രീയെ പറ്റിയും അമ്മയെ പറ്റിയും വാനോളം പാടിപുകഴത്തിയ താൻ, ആരോടും പരിഭവമില്ലാതെ ഈ വീട്ടിലെ സകലമാനപണികളും തനിച്ചുചെയ്ത് അടുപ്പിലൂതിയൂതി എല്ലായിപ്പോഴും കലങ്ങിയിരുന്ന ആ കണ്ണുകളെ ശ്രദ്ധിക്കാറുണ്ടായിരുന്നോ ..??

നേരിട്ടറിയാവുന്നതും ഓൺലൈൻ സുഹൃത്തുകളുടെയടക്കം ജന്മദിനത്തിന് മുടങ്ങാതെ ആശംസകൾ അറിയിക്കാറുള്ള താൻ പെറ്റവയറിനും ഈ ദിനമുണ്ടെന്ന് ബോധപ്പൂർവം മറന്നതെന്തേ??..

ഒരു മുണ്ടും നേര്യേതും പോലും സമ്മാനിച്ചിട്ടില്ല അമ്മയ്ക്ക് ..

താനെത്ര അവഗണിച്ചാലും വഴക്കുപറഞ്ഞാലും തന്നെവിട്ടു പോകില്ലന്നു ഉറപ്പുള്ളൊരെയൊരു സ്ത്രീ തന്റെ അമ്മയാണെന്ന് അറിയാമായിരുന്നതുകൊണ്ടാണോ താൻ ഇത്രമേൽ ആ മനസ്സ് വേദനിപ്പിച്ചിരുന്നത് ..??

കൂട്ടുക്കാർക്കൊപ്പം പാതിരാവരെ സമയം ചെലവഴിച്ച താൻ അമ്മയ്ക്കൊപ്പം ഒരുമണിക്കൂർ തികച്ചിരിക്കാതിരുന്നത് ..??

ഒരായിരം ഉത്തരങ്ങളില്ലാത്ത ചോദ്യങ്ങൾ ഉണ്ണിയുടെ മനസ്സിലൂടെ കടന്നുപോയീ …

അമ്മയുടെ മരണം ഒരു കുടുംബത്തിനെ വേരോടെ ബാധിക്കുന്ന ഒന്നാണ്
തെറ്റുപറ്റിപ്പോയി…അമ്മയോട് മാപ്പുപറയണം..ഉണ്ണി ഉറക്കെയുറക്കെ കരഞ്ഞൂ..

”ഈ ചെക്കനിതെന്താ പറ്റിയേ…ഉണ്ണ്യേ ഈയെന്തിനാടാ കിടന്ന് കരയണേ…നട്ടപാതിരയ്ക്ക് കയറിവന്ന് കിടക്കും ഇപ്പൊ സമയം ഉച്ചയാവാറായീ..ണീറ്റ് പോയി കുളിക്കെടാ ”

ഏത് ഈശ്വന്മാരോടാ നന്ദി പറയേണ്ടത്…ഇത്ര നേരം താൻ സ്വപ്നം കാണുവായിരുന്നൂ തന്റെ അമ്മ ഇതാ ജീവനോടെ മുന്നിൽ ..

ഉണ്ണി വീണ്ടും ഏങ്ങലടിച്ചു കരഞ്ഞൂ…അമ്മയെ കെട്ടിപ്പിടിച്ച് നൂറുമ്മ കൊടുത്തൂ..

“ഹോ നാറീട്ട് വയ്യ ചെക്കാ പോയീ കുളിച്ചേ നീ..ഈശ്വരാ അടുപ്പത്ത് വെച്ചത് കരിഞ്ഞിട്ടുണ്ടാവൂല്ലോ..”

നിറഞ്ഞൊഴുകിയ കണ്ണുകൾ സാരിത്തലപ്പുകൊണ്ട് തുടച്ച് അമ്മ ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് പോയീ ഏറെ ഭംഗിയുള്ള നിറക്കൺചിരി ഒന്നുകൂടി സമ്മാനിച്ച്..

നഷ്ടപ്പെട്ടിട്ട് വിലപിക്കുന്നതിനേക്കാൾ മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ അവരെ സ്നേഹിക്കുക കുറച്ചു സമയം അവർക്കുവേണ്ടി മാറ്റിവെക്കുക..

കടലോളം സ്നേഹം അവർ തരുമ്പോൾ ഒരു പുഴയായ് അവരുടെ സ്നേഹസാഗരത്തിൽ ലയിക്കുക..

You may also like

Leave a Comment