രചന: സനൽ SBT (കുരുവി )
“ശ്യാം നീയെന്നെ കെട്ടിപ്പിടിക്കുകയോ ഉമ്മ വെയ്ക്കുകയോ കൂടെ കിടക്കുകയോ എന്ത് വേണേലും ചെയ്തോ അതിന് എനിക്ക് ഒരു കുഴപ്പവും ഇല്ല പക്ഷേ നീ എനിക്ക് ഒരു വാക്ക് തരണം നീ എൻ്റെ കഴുത്തിൽ താലി കെട്ടിക്കോളാം എന്ന്.”
തനു വിൻ്റെ തോളിലിട്ടിരുന്ന കൈ പെട്ടെന്ന് ശ്യാം എടുത്തു മാറ്റി.
” ഹേയ് തനു നീ അങ്ങിനെയാണോ എന്നെ കണ്ടിരിക്കുന്നേ. ?”
” നിന്നെ വിശ്വാസക്കുറവ് ഇല്ലാത്തതു കൊണ്ടല്ല ശ്യാം എൻ്റെ ഇപ്പോഴത്തെ അവസ്ഥ അതാണ് നീയൊന്ന് മനസ്സിലാക്ക് .”
” തനൂ അത് അറിയാം ബട്ട് കുറച്ച് കൂടി സമയം വേണം എനിക്ക് .”
“എത്ര വേണേൽ സമയം എടുത്തോ പക്ഷേ നാളെ തന്നെ നീ എൻ്റെ വീട്ടിൽ വന്ന് പെണ്ണ് ചോദിക്കണം അതിന് ശേഷം ഒന്നോ രണ്ടോ വർഷം കഴിഞ്ഞിട്ട് മതി വിവാഹം”
” എൻ്റെ കാര്യങ്ങളൊക്കെ നിനക്കും അറിയാവുന്നതല്ലേ പേരിന് പറയാൻ ഒരു ജോലി പോലും ഇല്ല ആ ഞാൻ എങ്ങനെ വിവാഹക്കാര്യം വീട്ടിൽ അവതരിപ്പിക്കും.”
” ശ്യാം അതൊന്നും എനിക്ക് അറിയണ്ട രണ്ടിലൊന്ന് അറിഞ്ഞിട്ടേ ഞാൻ പോകൂ. ഇങ്ങനാണേൽ ഈ റിലേഷൻ ഷിപ്പ് മുൻപോട്ട് കൊണ്ടു പോകാൻ എനിക്ക് താൽപര്യം ഇല്ല.”
” തനൂ നീ ഇങ്ങനെ നെർവസ് ആവല്ലേ നമ്മുക്ക് എന്തേലും ഒരു വഴിയുണ്ടാക്കാം.”
” എൻ്റെ വീട്ടിലെ കാര്യങ്ങളൊക്കെ മറ്റാരേക്കാൾ നിനക്ക് നന്നായിട്ട് അറിയാം എന്നെ കൂടാതെ മറ്റൊരു മകൾ കൂടിയുണ്ട് എൻ്റെ അച്ഛനും അമ്മക്കും ഞാൻ കാരണം അവർക്ക് ഒരു ചീത്തപ്പേര് കേൾപ്പിക്കാൻ എനിക്ക് താൽപര്യം ഇല്ല. ഇത് തന്നെയിപ്പോ മൂന്നാല് കൊല്ലായി നമ്മൾ പ്രണയിച്ച് നടക്കുന്നു അതിനിടയിൽ നിൻ്റെ ഒരു ആഗ്രഹത്തിനും ഞാൻ തടസ്സം നിന്നിട്ടില്ല ഇതി അതിൻ്റെ പേരിൽ ഒരു തന്തയില്ലാത്ത കൊച്ചിനെക്കൂടി പ്രസവിക്കാൻ എനിക്ക് വയ്യ. നീ ഇപ്പോ തന്നെ എന്നെ ഹോസ്റ്റലിൽ കൊണ്ടാക്കിയെ.”
അവൾ ബീച്ച് ഹോട്ടലിലെ റൂമിൽ നിന്നും എണീറ്റ് വാതിൽ തുറന്ന് മുൻപോട്ട് നടന്നു.
” തനൂ നീ ഒന്ന് നിൽക്ക് ഞാനൊന്ന് പറയുന്നത് കേൾക്ക് പ്ലീസ്.”
” നീ ഇനി ഒന്നും പറയണ്ട എനിക്ക് ഒന്നും കേൾക്കുകയും വേണ്ട.”
” എന്നാൽ പിന്നെ പോ പോയി നിൻ്റെ പണിനോക്ക് . നീ പോയെന്ന് വെച്ച് ഞാൻ ഇവിടെ കിടന്ന് കെട്ടി തൂങ്ങി ചാവാൻ ഒന്നും പോണില്ല നീ അത് മനസ്സിലാക്കിക്കോ?”
” അതെനിക്ക് അറിയാം അതുകൊണ്ടാടാ ഞാൻ ഇപ്പോ ഇങ്ങനെ ഒരു തീരുമാനം എടുത്തത്.”
” എടീ പുല്ലേ ഇത്ര കാലം ബീച്ചിലും പാർക്കിലും ഹോട്ടലിലും നീ എൻ്റെ കൂടെ കിടന്നപ്പോൾ ഒന്നും നിനക്ക് ഈ വീണ്ടു വിചാരം ഉണ്ടായിലല്ലോ ?”
” ഹും അന്നൊക്കെ എനിക്ക് ഒരു വിശ്വാസം ഉണ്ടായിരുന്നു നീ ഒരിക്കലും എന്നെ വിട്ട് പോകില്ല എന്ന് ഇപ്പോ ആ വിശ്വാസം എനിക്ക് ഇല്ല അതുകൊണ്ടാണ് ഇങ്ങനെയൊരു തീരൂമാനം ഞാൻ എടുത്തത്. “
” ഒറ്റ ദിവസം കൊണ്ട് നീ വലിയ കുലസ്ത്രീയൊന്നും ആവല്ലേ.”
” നീയാണോടാ ഇത്ര വലിയ മാന്യൻ . നിനക്ക് അത്രം മാത്യത ഉണ്ടായിരുന്നെങ്കിൽ നീ അത് എന്നോട് ചെയ്യോ?”
” ഞാൻ എന്ത് കോപ്പ് ചെയ്തെന്നാ നീ ഈ പറയണേ.”
” ഇന്നലെ രാത്രി ഞാൻ വിളിച്ചപ്പോൾ നീ എവിടർന്നു. “
” തരുണിൻ്റെ ബർത്ഡേ പാർട്ടിക്ക് പോയത്.”
” തരുണിൻ്റെ ബർത്ഡേ പാർട്ടിക്ക് പോയ നീ എങ്ങനാ രാത്രി 10 മണി മുതൽ ഇന്ന് കാലത്ത് 3 വരെ ആൻസിയുടെ റൂമിൽ ഉണ്ടായത്.”
” തനൂ അത് ഞാൻ”
” നീ ഇനി ഒരക്ഷരം എന്നോട് പറയരുത് രണ്ടും കൂടി രാത്രി മുതൽ ഇന്ന് രാവിലെ നേരം വെളുക്കുവോളം അവളുടെ റൂമിൽ കിടന്ന് കുത്തി മറിഞ്ഞത് ഞാൻ അറിഞ്ഞു. ന്താ ഇനി നിനക്ക് വിശ്വാസം വരാൻ ഫോട്ടോ വല്ലതും വേണോ ? വേണേൽ അതും ഞാൻ തരാം വാട്സ് ആപ്പിൽ നല്ല HD ഫോട്ടോസ് കിടപ്പുണ്ട്.”
” എടീ പുന്നാര മോളെ നീ ആ ഫോട്ടോ വെച്ച് എന്നെ ഭീഷണിപ്പെടുത്താനാണ് നിൻ്റെ പ്ലാനെങ്കിൽ ഈ ശ്യാം ആരാണ് നീ ശരിക്ക് അറിയും .നിൻ്റെ ദേഹത്ത് ഒരു മറുക് ഉണ്ടെങ്കിൽ അത് എവിടെയാന്ന് വരെ ഞാൻ കൃത്യം ആയിട്ട് പറയും. “
” നിനക്ക് അങ്ങനെ പറഞ്ഞ് നടക്കാനല്ലേ കഴിയൂ വെറെ തെളിവ് ഒന്നും നിൻ്റെ കയ്യിൽ ഇല്ലല്ലോ. നിൻ്റെ കാര്യം അങ്ങനാണോ ഞാൻ ഈ വിരൽ ഒന്ന് അമർത്തിയാൽ തീർന്നു നിൻ്റെ ജീവിതം. “
” എടീ നിന്നെ ഞാൻ .”
” ശ്യാം തനുവിൻ്റെ അടുത്തേക്ക് പാഞ്ഞടുത്തു.”
” ബുദ്ധി മോശം കാണിക്കല്ലേ ശ്യാമേ ഞാൻ ഒരു സെക്കൻ്റ് ഹോസ്റ്റലിൽ തിരിച്ച് എത്താൻ വൈകിയാൽ നിൻ്റെ ഫോട്ടോസ് മാത്രല്ല വീഡിയോയും യൂട്യൂബിലും ഫേസ് ബുക്കിലും കിടന്ന് വൈറൽ ആവും അതിനുള്ള പണിയൊക്കെ ഞാൻ ചെയ്ത് വെച്ചിട്ടാണ് ഇങ്ങോട്ട് പോന്നത്. പിന്നെ ഈ ഹോട്ടലിൻ്റെ കോറിഡോർ മുഴുവൻ CCTV യുണ്ട് അതുകൊണ്ട് നീ ഇപ്പോ എന്നെ എന്ത് ചെയ്താലും അത് റെക്കോർഡ് ആവും. അല്ല നീ അത്രയും മണ്ടനാണോ ശ്യാമേ. ? “
” എടീ നീ ചെവിയിൽ നുള്ളിക്കോ 24 മണിക്കൂറിന് അകം ആ ഫോട്ടോസും വീഡിയോസും ഞാൻ തിരിച്ച് വാങ്ങിയിരിക്കും ഇത് ശ്യാമാ പറയണേ. “
” നിന്നെക്കൊണ്ട് ഒരു ചുക്കും ചെയ്യാൻ പറ്റില്ല അതിൻ്റെ ഒറിജിനൽ കോപ്പി വളരെ ഭദ്രമായി എത്തേണ്ട കൈകളിൽ തന്നെ ഞാൻ എത്തിച്ചിട്ടുണ്ട് ഒന്നും ഇല്ലേലും ഞാനൊരു വക്കീലിൻ്റെ മോള് അല്ലേടെ ആ എനിക്ക് കുറച്ചൊക്കെ കുരുട്ടു ബുദ്ധി ഇല്ലാതെ ഇരിക്കോ? “
ശ്യാമിൻ്റെ കണ്ണുകൾ കോപം കൊണ്ട് ചുവന്നു.
” ഇനി നീ ഇത് പൊലെ വല്ല പെമ്പിള്ളാരോടും വേല ഇറക്കിയാൽ പിന്നെ അറിയാലോ എന്താ സംഭവിക്കുകയെന്ന്. ഇനിയെങ്കിലും മനുഷ്യനായി ജീവിക്കാൻ നോക്കെടാ. ആ പിന്നെ നിന്നെ ഇത്രം കാലം സ്നേഹിച്ച് അവസാനം നീ എന്നെ തേച്ചു എന്നൊന്നും ഞാൻ ഒരിക്കലും പറയില്ല. എൻ്റെ ആഗ്രഹങ്ങൾ തീർക്കാൻ എനിക്കൊരു പുരുഷ വേശ്യയെ വേണമായിരുന്നു അതാണ് നീ അങ്ങിനെ എൻ്റെ മനസ്സിനെ പറഞ്ഞു പഠിക്കാനാണ് എനിക്ക് ഇഷ്ട്ടവും..”
” നിന്നെ ഒരു കാലത്ത് ഒത്തിരി ഞാൻ സ്നേഹിച്ചിരുന്നു അത് എൻ്റെ തെറ്റ് ആ തെറ്റ് ഞാനിന്ന് തിരുത്തി. എനിക്ക് ഇപ്പോ യാതൊരു ടെൻഷനും ഇല്ല താങ്ങും തണലുമായി എനിക്കൊരു കുടുംബം ഉണ്ട് ഇനി അവർക്ക് വേണ്ടി ജീവിക്കണം എൻ്റെ മരണം വരെ.”
ഇത്രയും പറഞ്ഞു കൊണ്ടവൾ ഹോട്ടലിൻ്റെ കോറിഡോറിലൂടെ തിരിഞ്ഞു നടക്കുമ്പോഴും അവളുടെ ഇരു മിഴികളും നിറഞ്ഞ് തുളുമ്പിയിരുന്നു. അറിഞ്ഞോ അറിയാതെയോ തെറ്റുകൾ തനുവിൻ്റെ ഭാഗത്തും സംഭവിച്ചിട്ടുണ്ട് പക്ഷേ ഇന്ന് ആ തെറ്റ് തിരുത്താൻ അവൾ കാണിച്ച ചങ്കൂറ്റമാണ് ഓരോ പെൺകുട്ടികൾക്കും വേണ്ടത്.