നിനക്ക് വേദനിച്ചോ. കണക്കായി പോയി. അവൻ എൻ്റെ മോനാ…എൻ്റെ സ്വഭാവമാ അവന് കിട്ടിയിരിക്കുന്നത്.

by pranayamazha.com
10 views

കുഞ്ഞിളം കാൽ

രചന: ശാരിലി

———————-

ദേവേട്ടാ എനിക്കു ഒരു വാവയെ വേണം.

നീ എന്താടീ പെണ്ണേ ഈ പറയുന്നത്. ഇതെന്താ സൂപ്പർ മാർക്കറ്റിൽ വാങ്ങാൻ കിട്ടുന്നതാണോ…?

അതൊന്നും എനിക്ക് കേൾക്കണ്ട എനിക്ക് ഒരു മോളെ വേണം. ചിരിയടക്കാൻ കഴിയാതെ അവൻ അവളുടെ ചിണുങ്ങിയ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു.

ഇപ്പോൾത്തന്നെ വേണോ… ഈ പാതിരാത്രിയില്…ഞാൻ ശ്രമിക്കാം. അതെല്ലാം പോട്ടെ. ഇപ്പോൾ ഈ പാതിരാത്രിക്ക് നിനക്കിങ്ങിനെ തോന്നാൻ കാരണം.

അതെല്ലാം ഉണ്ട്.

നീ കാര്യം പറയെടി പെണ്ണേ ഞാനും കൂടി കേൾക്കട്ടെ.

ഇന്നലെ കൊച്ചുട്ടനോട് ഞാൻ വെറുതേ ചോദിച്ചതാ മോന് അച്ചനേയാണോ അതോ അമ്മയെ ആണോ കൂടുതൽ ഇഷ്ടം അതിനവൻ പറയാ. എനിക്ക് അച്ചനേയാണ് ഇഷ്ടമെന്ന്…അവളുടെ സംസാരം കേട്ടിട്ട് പൊട്ടിച്ചിരിക്കാനെ അവനു കഴിഞ്ഞുള്ളൂ…

നീ ഇത്ര മണ്ടിയായി പോയല്ലോ ടീ.

ഏട്ടന് തമാശയാ…വേദനിച്ചത് എൻ്റെ മനസ്സാ…

നിനക്ക് വേദനിച്ചോ. കണക്കായി പോയി. അവൻ എൻ്റെ മോനാ…എൻ്റെ സ്വഭാവമാ അവന് കിട്ടിയിരിക്കുന്നത്.

അപ്പോൾ ഞാനവൻ്റെ അമ്മയല്ലേ. അപ്പോൾ എന്നോടല്ലേ. അവനു ഇഷ്ടം കൂടതലുണ്ടാകണ്ടേ…നൊന്തു പ്രസവിച്ച് കൈവളരുന്നത് കാലുവളരുന്നത് നോക്കി. കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന് വളർത്തി ഇത്രയാക്കിയിട്ടും അവനിപ്പോൾ അമ്മയെ വേണ്ട…ഇപ്പോഴെ ഇങ്ങിനെയാണെങ്കിൽ വലുതാകുമ്പോൾ അവൻ എന്നെ ചവുട്ടി പുറത്താക്കില്ല എന്ന് ആരു കണ്ടു.

ശാരി…അത് നിൻ്റെ സ്വാർത്ഥ മനോഭാവമാണ്. ഒറ്റ മോളായി ജനിച്ച നിൻ്റെ സെൽഫിഷനസ്സ്. അവരുടെ സ്നേഹം തനിക്കു മാത്രം കിട്ടണം എന്ന മോശമായ ചിന്താഗതി…അതിനു നിന്നെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ആൺ കുട്ടികൾക്ക് പൊതുവേ അമ്മയോടാണ് ഇഷ്ടം എന്നാൽ അവൻ അത്തരത്തിൽ മാറ്റി പറയുകയാണെങ്കിൽ നമ്മൾ ചിന്തിക്കേണ്ട ഒരു പാടു കാര്യങ്ങളുണ്ട്….

മക്കൾ നമ്മളെ കണ്ടാണ് വളരുന്നത്. കല്യാണം കഴിഞ്ഞ് ഇത്ര വർഷമായില്ലേ. നീ എന്തുകൊണ്ടാണ് നിൻ്റെ വീട്ടിൽ പോകാത്തത്. നിൻ്റെ അച്ഛനേയും അമ്മയേയും കുറിച്ച് എന്തുകൊണ്ടാണ് അവനോട് സംസാരിക്കാത്തത്…?

അതു പിന്നെ എനിക്ക് സമയം കിട്ടണ്ടേ…ആകെ കിട്ടുന്ന ഞായറാഴ്ച പോലും കുടുംബത്തിലെ ജോലി ഒഴിഞ്ഞിട്ട് നേരം കിട്ടേണ്ടേ…

അപ്പോൾ അവൻ അങ്ങിനെ പറഞ്ഞതിൽ തെറ്റിദ്ധരിക്കാൻ ഒന്നുമില്ല. നമ്മൾ നമ്മുടെ അച്ഛനമ്മമാരെ സ്നേഹിക്കുന്നത് കണ്ടാണ് നമ്മുടെ കുട്ടികൾ വളരുന്നത്. ഞാൻ എൻ്റെ അച്ചനേയും അമ്മയേക്കും സ്നേഹിക്കുന്നത് അവൻ കൺ നിറച്ചു കാണുന്നു. അതു കൊണ്ടാണ് അവന് എന്നോട് ഇത്ര ഇഷ്ടം.

ഞാൻ അപ്പോൾ എൻ്റെ അച്ഛനേയും അമ്മയേയും സ്നേഹിക്കുന്നില്ലാന്നാണോ ഏട്ടൻ പറഞ്ഞു വരുന്നത്. അച്ഛനമ്മമാരെ ഏറ്റവും അധികം സ്നേഹിക്കുന്നത് പെൺകുട്ടികളാണെന്ന് ഏട്ടൻ്റ അമ്മയും അച്ഛനും എപ്പോഴും എന്നോട് പറയും…

അങ്ങിനെയല്ല ടീ പോത്തേ…കൊച്ചു കുട്ടികളുടെ മനസ്സിൽ ബാഹ്യമായ കാഴ്ചകളാണ് എന്നും തങ്ങിനിൽക്കുള്ളൂ. അവർക്ക് നമ്മളെ പോലെ ചിന്തിക്കാനുള്ള കഴിവ് ഒന്നുമില്ല. അവൻ കാണുന്നത് ഞാൻ ജോലി കഴിഞ്ഞു വരുമ്പോൾ അമ്മയോടും അച്ഛനോടും സ്നേഹത്തോടെ സംസാരിക്കുന്നതും അമ്മയുടെ മടിയിൽ അല്പനേരം തലചായ്ക്കന്നതും അവരുടെ വിഷമങ്ങൾ കേൾക്കുന്നതുമെല്ലാം അവൻ തൻ്റെ കൺമുന്നിൽ കാണുകയല്ലേ. ആ പുറം കാഴ്ചകളാണ് അവന് എന്നോട് ഇഷ്ടം തോന്നാൻ കാരണം.

ഏട്ടന് അറിയോ…ഈ വീട്ടിൽ ഞാനന്തുേമാത്രം വേദന സഹിച്ചിട്ടാണ് ജീവിക്കുന്നതെന്ന്…അച്ചനും അമ്മക്കും പെൺ മക്കൾ കഴിഞ്ഞിട്ടേ ബാക്കിയുള്ളൂ…കുഞ്ഞിപ്പെണ്ണിൻ്റെ കാര്യം പറയുമ്പോൾ അച്ഛനും അമ്മക്കും നൂറു നാവാ…അവരുടെ മോളെപ്പോലെ ഞാനും ഒരു മോളല്ലേ വന്നു കയറിയതാണെങ്കിലും എന്നെയും അവർക്കങ്ങിനെ സ്നേഹിച്ചു കൂടെ…ഏട്ടൻ്റെ സ്നേഹം കൂടിയില്ലെങ്കിൽ ഞാൻ ഈ വീട്ടിൽ ഒറ്റപ്പെട്ടു പോയേനേ…

മോൻ അങ്ങിനെ പറഞ്ഞതുകൊണ്ട് മാത്രമൊന്നുമല്ല…അവർ കുഞ്ഞിപ്പെണ്ണിനെ സ്നേഹിക്കുന്നത് കാണുമ്പോൾ വയസ്സാകുമ്പോൾ തന്നെയും അങ്ങിനെ സ്നേഹിക്കാൻ ഒരു മോള് വേണമെന്ന് തോന്നി. കുറച്ചു നാളായി ഈ മോഹം മനസ്സിൽ കൂടിയിട്ട്…എനിക്കും കിട്ടണം അതുപോലെ ഒരു സ്നേഹം…എൻ്റെ അച്ഛനും അമ്മയും എന്നെ സ്നേഹിച്ച പോലെ…എന്നെ കൊഞ്ചിച്ച പോലെ ഒരു സുന്ദരിപ്പെണ്ണ്…

അവളുടെ മുല്ല മുട്ടുപോലെയുള്ള കൊച്ചരി പല്ലു കാണിച്ചു കൊണ്ടുള്ള കുഞ്ഞിളം ചിരിയും സാരിത്തുമ്പിൽ പിടിച്ചു കൊണ്ട് തൻ്റെ പുറകിൽ നിന്ന് മാറാതെ അമ്മേ അമ്മേ എന്നു വിളിക്കുന്ന ഒരു നുണക്കുഴിയുള്ള സുന്ദരികുട്ടിയെ ഞാൻ സ്വപ്നം കാണാൻ തുടങ്ങിയിട്ട് കൂറേ ദിവസങ്ങളായി…

ശാരി ഞാൻ തുറന്നു പറയുന്നതു കൊണ്ട് ഒന്നും വിചാരിക്കരുത്. ആദ്യം നിൻ്റെ ഈ സ്നേഹാഭിനയം ഒന്നു നിറുത്ത്. എന്നിട്ട് കുഞ്ഞിപ്പെണ്ണിനേപ്പോലെ അവരെ ആത്മാർത്ഥമായി സ്നേഹിച്ചു നോക്ക്…അവരുടെ മനസ്സിൽ കുഞ്ഞിപ്പെണ്ണല്ല നീയാണ് അവരുടെ മകളാണെന്നുള്ള ഒരു ബന്ധം ഉണ്ടാക്കിയെടുക്ക്. അപ്പോൾ നിനക്ക് എന്നെ ശ്രദ്ധിക്കാൻ പോലും സമയം ഉണ്ടാകില്ല…അവരുടെ മനസ്സിലേക്ക് നിനക്ക് ഓടിയെത്താൻ വേഗം കഴിയും നീ സ്വപ്നം കാണുന്ന ആ സുന്ദരികുട്ടിയായി നീ പുനർജനിക്കും…

നിറഞ്ഞു തുളുമ്പിയ കണ്ണുനീർ അവൻ്റെ നെഞ്ചിലേക്ക് ഇറ്റിറ്റു വീണപ്പോഴാണ് അവൾ കരയുകയാണന്നവൻ അറിഞ്ഞത്.

ശാരീ, ഏട്ടൻ ഒരു തമാശ പറഞ്ഞതല്ലേ…അതിനു കരുകയാണോ നീയ്…ഏട്ടൻ്റെ സുന്ദരിക്കുട്ടി കണ്ണു തുടച്ചേ….എന്തായാലും നീ ഒരു പാട് ആഗ്രഹിച്ചതല്ലേ…സ്ത്രീകൾ ഒരുപാട് പെൺകുട്ടി വേണമെന്ന് വാശി പിടിക്കുമ്പോൾ ദൈവം അവരുടെ ആഗ്രഹം നടത്തി കൊടുക്കാറുണ്ട് എന്ന് ആരോ പറഞ്ഞ് കേട്ടിട്ടുണ്ട്…നിൻ്റെയാഗ്രഹം അതാണങ്കിൽ ഭർത്താവായ താനത് നടത്തി തന്നില്ലേൽ ചിലപ്പോൾ ദൈവം കോപിക്കും.

അവൻ രണ്ടു കൈ കൊണ്ടും അവളെ വരിഞ്ഞുമുറുക്കി കൊണ്ട് ആ നെറ്റിയിൽ ഒരു ചുംബനം നൽകി. അപ്പോൾ തുടങ്ങാല്ലേ…ചിരിച്ചു കൊണ്ടവൾ അവൻ്റെ കവിളിൽ കടിച്ചു..ഒന്നു പോ ചേട്ടാ…

You may also like

Leave a Comment