എഴുത്ത്:-ജെയ്‌നി റ്റിജു
” ഇനി എല്ലാവരും ഇവിടെ ശ്രദ്ധിച്ചേ, ഞാൻ ഒരു സ്പെഷ്യൽ ഗിഫ്റ്റ് കൊണ്ടുവന്നിട്ടുണ്ട്. പ്രത്യേകിച്ച് കുട്ടികൾക്ക്. വേണമെങ്കിൽ വലിയവർക്കും ട്രൈ ചെയ്യാവുന്നതാണ്. “
എന്റെ അനൗൺസ്‌മെന്റ് കേട്ടതും കുട്ടികൾ ഉറക്കെ കൂവി.
ഞാൻ കയ്യിലുണ്ടായിരുന്ന പൊതി ടീപ്പൊയിൽ വെച്ചു.
” ഹെiറൊയിൻ, കോiകൈൻ, ഗiഞ്ചാ തുടങ്ങി എല്ലാ ഐറ്റംസും ഉണ്ട്. ഏത് വേണമെങ്കിലും ട്രൈ ചെയ്യാം. “
എന്റെ അനൗൺസ്‌മെന്റ് കേട്ട് എല്ലാവരും ഒരു നിമിഷം സ്തബ്ദരായി.
” എന്താ എല്ലാവരും നോക്കിയിരിക്കുന്നെ. മൂത്തവനായ വരുൺ തന്നെ തുടങ്ങിക്കോളൂ. എന്നിട്ട് അനുജന്മാർക്കും പെങ്ങന്മാർക്കും കൊടുക്കാം. “
ഞാൻ ചിരിയോടെയാണ് പറഞ്ഞത്.
ബിജോയുടെ അമ്മയുടെ പിറന്നാൾ ആഘോഷിക്കാൻ കൂടിയതായിരുന്നു ഞങ്ങൾ. ബിജോക്ക് ഒരു സഹോദരനും സഹോദരിയുമാണുള്ളത്. ഞങ്ങൾക്ക് എല്ലാവർക്കും കൂടി ആറു കുട്ടികൾ . വർഷത്തിലൊരിക്കൽ ഇങ്ങനെ ഒരു ഒത്തുകൂടൽ ഉള്ളതാണ്. തിരക്കുള്ള മക്കളെ അമ്മക്ക് ഒന്നിച്ചു കാണാൻ കിട്ടുന്ന ഒരു ദിവസം. അതൊരു ആഘോഷം തന്നെയാണ്.സദ്യ കഴിഞ്ഞു എല്ലാവരും കൂടെ സൊറ പറഞ്ഞിരിക്കുന്ന നേരമാണ് ഞാൻ ഇങ്ങനെ ഒരു അനൗൺസ്‌മെന്റ് നടത്തിയത്..
” ലെനെ, നിനക്കെന്താ പ്രാന്തായോ? എന്തൊക്കെയാ നീയീ പറയുന്നത്? അതും നിന്റെ മക്കളടക്കം ഉള്ള കുഞ്ഞുങ്ങളോട്? “
ആദ്യം ഞെട്ടലിൽ നിന്ന് വിമുക്തയായത് ചേച്ചിയായിരുന്നു. ഞാൻ ചേച്ചിയെ ശ്രദ്ധിക്കാതെ തുടർന്നു.
” ഇത് ഉപയോഗിച്ചാൽ അടിപൊളിയാണ്. വരുണിനും വിശാഖിനും അനുരാജിനും സ്വന്തം പെങ്ങന്മാരെ വരെ കiയറിപ്പിടിക്കാം, അച്ഛന്റെയും അമ്മയുടെയും തiല തiല്ലിപൊളിക്കാം, പണത്തിനു ബുദ്ധിമുട്ട് വന്നാൽ മോഷ്ടിക്കാനും കൊiട്ടെഷൻ പണിക്കും ഇറങ്ങാം. പെൺകുട്ടികൾക്കും ഉണ്ട് ഓപ്ഷൻസ്. ലേറ്റ് നൈറ്റ് പാർട്ടികൾ, ഏതവന്റെ കൂടെയും പോകാം. എന്താ ട്രൈ ചെയ്യുന്നില്ലേ? “
” ദേ ലെന, തോiന്നിവാസം പറഞ്ഞാലുണ്ടല്ലോ, നീയെന്റെ അനിയന്റെ ഭാര്യയാണെന്നോ ഈ ജില്ലാ പോലീസ് സൂപ്രണ്ടാണെന്നോ ഒന്നും നോക്കില്ല. അടിച്ചു കരണം പുകയ്ക്കും ഞാൻ. “
ബിജോയുടെ ചേട്ടൻ ചാടിയെഴുന്നേറ്റു. ” ചൂടാകാതെ ബിനുവേട്ടാ, ഇതൊക്കെ യാണ് ഇപ്പോൾ നമ്മുടെ നാട്ടിൽ നടക്കുന്നത് എന്ന് അറിയുന്നില്ലേ. ഇവരാരും കൊച്ചുകുട്ടികൾ അല്ല. എല്ലാവരും 14 വയസിനു മുകളിൽ ഉള്ളവരാണ്. ഇവരുടെ പ്രായത്തിൽ ഉള്ള നല്ലൊരു ശതമാനം കുട്ടികളും ഇതൊക്കെ ഉപയോഗിക്കുന്നു എന്ന് കേൾക്കുമ്പോൾ ഇവരുടെ ആറ്റിട്യൂട് എന്താ എന്ന് മാതാപിതാക്കളായ നമുക്ക് അറിയണ്ടേ? “
” നീ ഉദ്ദേശിച്ചത് എനിക്ക് മനസിലായി മോളെ. പക്ഷെ, നമ്മുടെ കുട്ടികളെ നമുക്കറിയാലോ “.
അത് വരെ മിണ്ടാതിരുന്ന അമ്മ ഇടപെട്ടു.
” ആർക്കറിയാമെന്ന് അമ്മേ. എനിക്കറിയില്ല. എനിക്കുറപ്പില്ല. ” ഞാൻ പതുക്കെ പറഞ്ഞു.
” എങ്കിൽ എനിക്കറിയാം. എന്റെ മക്കളെയും. എന്റെ കൂടപ്പിറപ്പുകളുടെ മക്കളെയും. നിനക്ക് എങ്ങനെ അറിയാനാ നാട്ടിലെ മുഴുവൻ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനിടയ്ക്ക് നിനക്ക് വീട്ടിലുള്ളവരെ ശ്രദ്ധിക്കാൻ കഴിയുന്നില്ലല്ലോ? ഇതാണാമ്മേ ഞാൻ പറഞ്ഞുകൊണ്ടിരിക്കുന്നത് ഇവളോട് റിസൈൻ ചെയ്യാൻ. ഇപ്പോ നിങ്ങൾക്ക് മനസ്സിലായോ “
ബിജോ വിജയിയുടെ ഭാവത്തിൽ ചോദിച്ചു.
എല്ലാവരും അത് ശരിയാണെന്ന ഭാവത്തിൽ എന്നെ നോക്കി.
” നിങ്ങളാരും വിഷമിക്കണ്ട. ഞാൻ ജോലി രാജിവെക്കാൻ തീരുമാനിച്ചു.. എന്റെ റെസിഗ്നേഷൻ ഞാൻ എഴുതി വെച്ചിട്ടുണ്ട്. ഇത്രയും നാൾ നിങ്ങൾ നിർബന്ധിച്ചിട്ടും ഞാൻ അനുസരിക്കാതെ കാത്തിരുന്നത് ഈയൊരു ദിവസത്തിന് വേണ്ടിയായിരുന്നു. ഞാൻ ഏറ്റെടുത്ത ഒരു ദൗത്യം പൂർത്തിയാവുന്ന ദിവസത്തിന് വേണ്ടി. അതിന്ന് പൂർത്തിയായി. ഇനിയെനിക്ക് പടിയിറങ്ങാം. “
എന്റെ സ്വരം ശാന്തമായിരുന്നു..എല്ലാവരും താല്പര്യത്തോടെ കേട്ടിരിക്കുന്നത് കണ്ട് ഞാൻ തുടർന്നു.
” കുറച്ചു നാളുകളായി ഈ നാട്ടിലെ ഡ്രiഗ് സപ്ലൈ ചെയ്യുന്നവരുടെ പുറകെ ആയിരുന്നു ഞാൻ. ഒരുവിധം എല്ലാ സ്കൂളുകളിലും കോളേജുകളിലും മiയക്കുമiരുന്നും കiഞ്ചാവും സുലഭമാണെന്ന് കേട്ട് സ്കൂളുകൾ കേന്ദ്രീകരിച്ചു ആയിരുന്നു അന്വേഷണം. ഇടയിൽ ഒന്നുരണ്ട് പേർ പിടിയിൽ ആയെങ്കിലും അവരുടെ മുകളിൽ ഉള്ളവരെക്കുറിച്ച് വ്യക്തമായ ഒരു ചിത്രം തരാൻ അവർക്ക് കഴിഞ്ഞില്ല. അത്ര ശക്തമായിരുന്നു അവരുടെ പ്രൈവസിയും കമ്മ്യൂണിക്കേഷനും.
പിന്നീട് നല്ലൊരു ടീം രൂപീകരിച്ച് ശക്തമായ അന്വേഷണം തന്നെ നടത്തി. പല സാഹചര്യങ്ങളിലും ഞാൻ അവരുടെ അടുത്തെത്തി എന്ന് തോന്നിയ സമയത്ത് എനിക്ക് മിസ്സായി. ഒരു ഒറ്റുകാരൻ കൂടെത്തന്നെ ഉണ്ട് എന്ന് എനിക്ക് തോന്നിത്തുടങ്ങി. എന്തിനും എന്റെ ഇടംവലം നിന്നിരുന്ന എന്റെ പ്രിയപ്പെട്ട സബോർഡിനേറ്റ്സ് സതീഷിനെയും നിരഞ്ജനെയും വരെ ഞാൻ സംശയത്തിന്റെ നിഴലിൽ നിർത്തി. എന്റെ അനുമാനങ്ങൾ അവരോട് പോലും ഷെയർ ചെയ്യാൻ ഞാൻ ഭയപ്പെട്ടു.
” അങ്ങനെയിരിക്കെ, മiയക്കുമരുന്ന് ഇടനിലക്കാരനായ ഒരു സജിൻ എന്റെ കയ്യിൽ പെട്ടു. വളരെ കഷ്ടപ്പെട്ടെങ്കിലും അവനിൽ നിന്നെനിക്ക് ഒരു പേര് കിട്ടി. ‘ജോജി’. സജിൻ അയാളെ നേരിട്ട് കണ്ടിട്ടില്ല. വിളിക്കുന്നതും സംസാരിക്കുന്നതും പല പല നമ്പരുകളിൽ നിന്നായത് കൊണ്ട് നമ്പർ ട്രേസ് ചെയ്തിട്ടും ഫലമില്ല. റെക്കോർഡ് ചെയ്യാത്ത കസ്റ്റഡി ആയത് കൊണ്ട് എന്ത് വിവരം കിട്ടിയാലും എന്നേ അറിയിക്കാം എന്ന ഉറപ്പിന്മേൽ ഞാനയാളെ വെറുതെ വിട്ടു. ആ ഫീൽഡിൽ പിടിക്കപ്പെട്ടവനെ ജീവനോടെ വെക്കില്ല എന്ന് നന്നായി അറിയാവുന്നത് കൊണ്ട് അയാൾ അക്കാര്യം പുറത്തു പറയില്ല എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അയാളുടെ മേൽ ഒരു കണ്ണ് വെക്കാൻ ഞാൻ തീരുമാനിച്ചു.
ജോജി എന്ന പേരിനെ ചുറ്റിപ്പറ്റിയായിരുന്നു പിന്നീട് അന്വേഷണം. സകല ക്രിiമിനൽ റെക്കോർഡുകളും പരാതിയെങ്കിലും ആളെ കിട്ടാതിരുന്നത് അത് ഒരു ഫേക്ക് പേരാണെന്ന നിഗമനത്തിൽ എന്നെ എത്തിച്ചു.
അതിനിടയിൽ ഉണ്ടായ ഒരു രാഷ്ട്രീയ കൊiലപാതകവും അതിനോട് ബന്ധപ്പെട്ടുണ്ടായ മൂലം എന്റെ ഈ കേസന്വേഷണം താത്കാലികമായി നിർത്തേണ്ടി വന്നു. പക്ഷെ, അപ്പോഴും ഞാനിത് വിട്ടില്ല.. വിട്ടെന്ന് അവർ കരുതിയിരിക്കണം. പിടിക്കപ്പെടില്ല എന്ന അവരുടെ അമിതമായ ആത്മ വിശ്വാസം ആവണം ലiഹരി സപ്ലൈ കൂടുതൽ സജീവമായി.
അതിനിടയിൽ ഞാൻ വിവരങ്ങൾ ചോർന്നിരുന്ന വഴി കണ്ടെത്തി. വീട്ടിൽ ഞാൻ ഓഫീസ് ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന റൂമിൽ ഒരു ചെറിയ പെൻക്യാം. പക്ഷെ, അപ്പോഴും എന്റെ പേർസണൽ ലാപ്ടോപ്പിൽ സൂക്ഷിച്ചിരുന്ന വിവരങ്ങളും ഞാൻ പോകുന്ന റൂട്ടുകളും ചോരുന്ന വഴി എന്നെ കുഴപ്പിച്ചു. മൊബൈൽ ഫോൺ, കോൾ വിളിക്കാനല്ലാതെ അധികം ഉപയോഗിക്കാത്ത ഞാൻ എന്റെ മൊബൈലിൽ ഒരു സ്‌പൈ ആപ്പ് ഡൌൺലോഡ് ചെയ്തിരിക്കുന്നത് അറിയാൻ കുറച്ചു വൈകി.എന്റെ കോൾസ്,മെസ്സേജസ് ലൊക്കേഷൻ,എല്ലാം എന്റെ ഭർത്താവിന്റെ മൊബൈലുമായി കണക്ട് ചെയ്തിരിക്കുന്നതറിഞ്ഞു ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി. എന്റെ അറിവിൽ ജോ ഒരു സംശയരോiഗിയല്ല, പിന്നെന്തിന്?
ആ അന്വേഷണം എന്നെ ജോ യെ കൂടുതൽ നിരീക്ഷിക്കാൻ പ്രേരിപ്പിച്ചു. ഈശ്വരാനുഗ്രഹം പോലെ ഒരു ദിവസം അമ്മക്ക് സുഖമില്ലെന്നും ഹോസ്പിറ്റലിൽ ആണെന്നും വിളിച്ചു പറഞ്ഞത്. ആ അവസരം മുതലാക്കാൻ ഞാൻ തീരുമാനിച്ചു. അന്ന് ഓഫീസിൽ നിന്ന് ജോയെ കൂട്ടി നേരെ ഞാൻ ഇവിടെ വന്നു. ബോധപൂർവം ജോയെ ഇവിടെ നിർത്തി എമർജൻസി മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞു ഞാൻ തിരിച്ചു പോയി. അന്ന് ഞാൻ ജോയുടെ റൂമിൽ ഒരു തിരച്ചിൽ നടത്തി.. ജോയുടെ ബാഗിൽ നിന്ന് എനിക്ക് കിട്ടിയ ഒരു പഴയ മോഡൽ ‘നോക്കിയ’ ഫോൺ. ഒരിക്കൽ പോലും ഞാൻ പുറത്തു കണ്ടിട്ടില്ലാത്ത ഫോൺ ജോയുടെ കയ്യിൽ എന്തിന്.. പിന്നീട് മൊത്തം അരിച്ചു പെറുക്കി. ജോയുടെ ഓഫീസ് റൂം, പേർസണൽ മേശ, വാർഡ്രോബ്. പലയിടത്തായി നിന്ന് കിട്ടിയ പത്തിലധികം സിം കാർഡുകൾ.. ദൈവത്തിന്റെ കയ്യൊപ്പ് പോലെ അതിലൊന്ന് എനിക്ക് സജിന്റെ കയ്യിൽ നിന്ന് കിട്ടിയ നമ്പർ ആയിരുന്നു. അവിടെ ഞാനുറപ്പിക്കുകയായിരുന്നു ജോ നിങ്ങൾക്കിതുമായുള്ള ബന്ധം. “
” നീ എന്ത് അനാവശ്യമാ ഈ പറയുന്നത്. എനിക്കിതിൽ ഒരു ബന്ധവുമില്ല. ആരും വിശ്വസിക്കരുത്.”
ജോ നിഷേധിക്കാൻ ഒരു വിഫല ശ്രമം നടത്തി.
” സർവ്വ തെളിവുകളുമായാണ് ഞാൻ ഇവിടെ നില്കുന്നത് ജോ.ജോജി എന്ന് പേരുള്ള ഒരാളല്ല കേരളത്തിലെ ഡ്രiഗ് ഡീലർ, അത് ബിജോ എന്ന ജോയെ ബഹുമാനപൂർവം വിളിക്കുന്ന പേരാണെന്ന് ഇനി പറയണ്ടല്ലോ.
ഇന്ത്യയിൽ തന്നെ അറിയപ്പെട്ടു വരുന്ന ഫിനിക്സ് ഐ ടി ഹബിന്റെ മാനേജിങ് ഡയറക്ടർ ബിജോ രാമകൃഷ്ണൻ സ്വന്തം ഭാര്യയെ അണ്ടർഎസ്റ്റിമേറ്റ് ചെയ്തു. കേരള പോലീസിനെ ഉള്ളിൽ പരിഹസിച്ചു കൊണ്ട് എസ്പിയുടെ വീട്ടിൽ സേഫ് ആണെന്ന് കരുതി ജീവിച്ചു. പക്ഷെ ജീനിയസ് എന്ന് അഹങ്കരിച്ചവരൊക്കെ അതിബുദ്ധിയിൽ പെട്ടുപോയിട്ടുണ്ട് എന്ന് നിങ്ങൾ മറന്നു. ഞാൻ നിങ്ങളിലേക്കെത്തുന്നു എന്ന് സംശയം തോന്നിയപ്പോൾ തൊട്ട് നിങ്ങൾ പലപല കാരണങ്ങൾ പറഞ്ഞു എന്നെ റിസൈൻ ചെയ്യാൻ നിർബന്ധിച്ചു തുടങ്ങി. നിങ്ങളുടെ കമ്പനിയുടെ സ്വപ്നതുല്യമായ വളർച്ചയും ഇടയ്ക്കിടെയുള്ള ബിസിനസ് ടൂറുകളും മീറ്റിംഗുകളും എല്ലാം ലിങ്ക് ചെയ്തു ഞാൻ നിങ്ങൾക്കിതുമായുള്ള ബന്ധം ഉറപ്പിച്ചു. നിങ്ങളുടെ ജാതകം മുഴുവൻ എടുത്തു പുറത്തിടാൻ സൈബർവിങ്ങിൽ പുലിക്കുട്ടികൾ ഉണ്ട് എന്ന് നിങ്ങൾ ഓർത്തില്ല.പിന്നീട് നിങ്ങൾ പോലുമറിയാതെ ഒരു തിരിച്ചറിയൽ പരേഡ്. സജിനുമായുണ്ടായ നിങ്ങളുടെ അടുത്ത ഡീലിൽ ഞാൻ ഉണ്ടായിരുന്നു സജിന്റെ ഒപ്പം.
ഒരു കാര്യത്തിൽ എനിക്ക് നിങ്ങളോട് ബഹുമാനം ഉണ്ട് ജോ. നാട്ടിലെ മുഴുവൻ കുട്ടികൾക്കും വേണമെങ്കിൽ സപ്ലൈ ചെയ്യാൻ പാകത്തിന് ഡ്രiഗ് കച്ചവടം ചെയ്യുന്ന നിങ്ങൾ സ്വന്തം മക്കളും മiരുമക്കളും അതൊന്നും ഉപയോഗിക്കുന്നില്ല എന്നുറപ്പ് വരുത്തുന്നുണ്ടായിരുന്നല്ലോ. “
എല്ലാവരും തകർന്നിരിക്കുകയാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസിലാക്കാൻ കഴിയുന്നുണ്ടായിരുന്നു.
” ലെന, ഐ ആം റിയലി സോറി. എനിക്ക് വിഷമമുണ്ട്. ചെയ്തു പോയതിൽ എനിക്ക് പശ്ചാത്താപമുണ്ട്.. പക്ഷെ, നിനക്കറിയാലോ ഒരിക്കൽ പെട്ടുപോയാൽ രക്ഷപ്പെടണമെന്ന് ആഗ്രഹിച്ചാലും കഴിയാത്ത ലോകം ആണത്. എന്റെ പണത്തിനോടും പ്രശസ്തിയോടും ഉള്ള ആർത്തി. വീണുപോയി ഞാൻ. എന്നേ രക്ഷിക്കണം. നമ്മുടെ മക്കളെ ഓർത്തെങ്കിലും ? “
ജോ എന്റെ കൈ കൂട്ടിപ്പിടിച്ചു കൊഞ്ചി.
” മോളെ, ഒരമ്മയുടെ സ്വാർത്ഥത ആണെന്ന് തന്നെ കരുതിക്കൊള്ളൂ.. നീ വിചാരിച്ചാൽ ഇവനെ രക്ഷിക്കാൻ കഴിയില്ലേ.. ഞാൻ നിന്റെ കാലു പിടിക്കാം.. “
അമ്മ കരഞ്ഞു.
” ലെന, നീ പറഞ്ഞതെല്ലാം ഞങ്ങൾ വിശ്വസിക്കുന്നു. പക്ഷെ, നിനക്കിത് റിപ്പോർട്ട് ചെയ്യാതിരുന്നു കൂടെ? എല്ലാം ഇവൻ അവസാനിപ്പിക്കും.ഞങ്ങൾ വാക്കുതരാം. നിങ്ങൾ ഈ നാട് വിട്ട് തന്നെ പൊക്കോളൂ . സിങ്കപ്പൂർ, മലേഷ്യ, കാനഡ എവിടെ പോകണമെന്ന് നീ തീരുമാനിച്ചാൽ മതി. എത്രയും പെട്ടെന്ന് അതിനുള്ള വഴികൾ നോക്കാം.. ഗവണ്മെന്റിന് പോലും വല്യ താല്പര്യം ഇതുവരെ വന്നിട്ടില്ലാത്ത കേസാണ്. നിനക്കിത് ഈസിയായി കുഴിച്ചു മൂടാവുന്നതേ ഉള്ളൂ. “
ചേച്ചിയുടെ ഭർത്താവ് ശ്രീയേട്ടനാണ്.
” ശരിയാണ് ലെന. ഇതിപ്പോ എല്ലാ തെളിവും നിന്റെ കയ്യിൽ ആണുള്ളത്. ഒരൊറ്റ ഡിലീറ്റ് ബട്ടനിൽ തീരുമത്. തീർക്കണം. നിന്റെ കുടുംബത്തിന് വേണ്ടി. നിന്റെ മക്കളുടെ ഭാവിക്ക് വേണ്ടി. ” ബാക്കി പറഞ്ഞത് ബിനുവേട്ടനാണ്.
ഞാൻ അവരോടാരോടും മറുപടി പറഞ്ഞില്ല. ജോ മുഖം കുനിച്ചിരിക്കുകയായിരുന്നു.
” എല്ലാ തെളിവും കിട്ടിയപ്പോൾ തന്നെ നിങ്ങളെ തൂക്കിയെടുത്ത് അകത്തിടാൻ എനിക്ക് അറിയാഞ്ഞിട്ടല്ല. ഞാനൊരു ഭാര്യയും അമ്മയും കൂടെ ആണല്ലോ.. ഈ ചോദ്യങ്ങളും ആവശ്യങ്ങളും കുറ്റപ്പെടുത്തലുകളും നേരിടേണ്ടി വരും എന്നെനിക്കറിയാമായിരുന്നു. അതുകൊണ്ട് തന്നെയാണ് ഈ വെളിപ്പെടുത്തലിനും അറസ്റ്റിനും ഇന്ന് തന്നെ അവസരം കണ്ടെത്തിയത്.”
ഞാൻ പതുക്കെ എന്റെ മക്കൾ വരുണിന്റെയും ശിഖയുടെയും അടുത്ത് ചെന്നിരുന്നു..
” സിവിൽ സർവീസ് സ്വപ്നം കണ്ടു നടക്കുന്ന കുട്ടിയല്ലേ വരുൺ നീ.. മോളാണെങ്കിൽ ഡോക്ടർ ആവാൻ ആഗ്രഹിക്കുന്നവളും. അച്ഛയുടെ ഈ കേസ് പുറത്തു വന്നാൽ അത് നമ്മുടെ മുന്നോട്ടുള്ള ജീവിതത്തെ സാരമായി ബാധിക്കും.. ചിലപ്പോൾ പല ആഗ്രഹങ്ങൾക്കും തടസവും നേരിട്ടേക്കാം. നിങ്ങൾ പറഞ്ഞാൽ ഞാൻ എല്ലാ എവിടെൻസും നശിപ്പിക്കാം. എല്ലാം അറിയാവുന്ന സതീഷും നിരഞ്ജനും എന്നെ ചiതിക്കില്ല.
പക്ഷെ മക്കളെ, അച്ഛയും അവരുടെ ആളുകളും നശിiപ്പിച്ചതും നiശിപ്പിച്ചു കൊണ്ടിരിക്കുന്നതും നിങ്ങളെ പോലുള്ള ആയിരക്കണക്കിന് കുട്ടികളുടെ സ്വപ്നങ്ങളാണ്, ജീവിതമാണ്, ജീവൻ തന്നെയാണ്. അച്ഛയുടെ കയ്യിൽ നിന്ന് നിങ്ങക്ക് പോക്കറ്റ് മണിയായി കിട്ടിക്കൊണ്ടിരുന്ന ഓരോ പൈസയിലും ഒരുപാട് കുടുംബങ്ങളുടെ കണ്ണുനീരുണ്ട്. ഒരുപാട് നിരപരാധികളുടെ രiക്തം പുരണ്ടിട്ടുണ്ട്. നിങ്ങൾ പറ അമ്മ എന്ത് വേണമെന്ന്. “
” അമ്മ സതീഷങ്കിളിനെ വിളിച്ചു പറഞ്ഞേക്ക് അച്ഛനെ അറസ്റ്റ് ചെയ്തോളാൻ . “
വരുണിന്റെ ശബ്ദം ഉറച്ചതായിരുന്നു.
“ഏട്ടാ..”ശിഖ അവിശ്വസനീയതയോടെ വിളിച്ചു. എല്ലാവരുടെ യും മുഖത്ത് ഞെട്ടൽ പ്രകടമായിരുന്നു. ജോ മാത്രം കണ്ണടച്ചു സോഫയിലേക്ക് ചാരി.
” ശിഖമോളെ, ഇതാണ് ശരി. ഇതാണ് നീതി. തെറ്റുചെയ്തവർ ശിക്ഷിക്കപ്പെട്ടെ തീരൂ. അല്ലെങ്കിൽ നമ്മുടെ അമ്മ സ്വന്തം ജീവൻ പണയം വെച്ച് നടത്തിയ അന്വേഷണം ഫലം കാണാതെ പോകും. പിന്നെ, ഇത്രയ്ക്കു വലിയ ഒരു തെറ്റ് മറച്ചു വെച്ചിട്ട് നമുക്ക് ഒരു സിവിൽ സെർവെൻറ് ആകണമെന്ന് ആഗ്രഹിക്കാൻ പോലും യോഗ്യതയുണ്ടോ “.വരുൺ ശിഖയെ ചേർത്തുപിടിച്ചു.
ജോയെ അറെസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോൾ അമ്മ മാത്രം കരഞ്ഞു. വണ്ടിയിൽ കയറുമ്പോഴുള്ള ജോയുടെ ഒരു നോട്ടത്തിൽ ഒരുമാത്ര ഞാനൊന്ന് തളർന്നു, ഒരു ഭാര്യയെന്ന നിലയിൽ.
” ചതിക്കുന്നവനും രക്ഷപ്പെടാൻ ശ്രമിക്കുന്നവനും അവരുടെ നിയമത്തിൽ ഒരു ശിക്ഷയെ ഉള്ളൂ, മ രണം. ഇപ്പോൾ ജോ യുടെ ജീവന് ഏറ്റവും സേഫ്റ്റിയുള്ള സ്ഥലം ജയിലാണ്. “
ആരോടെന്നില്ലാതെ പറഞ്ഞിട്ട് ഞാൻ അകത്തേക്ക് നടന്നു.
തെളിവുകളെല്ലാം നാiർകോട്ടിക് വി ങ്ങിന് കൈമാറി. റെസിഗ്നേഷൻ ലെറ്റർ ഡിജി സ്വീകരിക്കാത്തതിനാൽ ലോങ്ങ് ലീവിനു അപേക്ഷിച്ച് ശാന്തമായ മനസ്സോടെ ഓഫീസിൽ നിന്നിറങ്ങി വരുമ്പോൾ എന്നേ കാത്ത് വരുൺ വണ്ടിയുമായി നിൽക്കുന്നുണ്ടായിരുന്നു.
” രാജി വെച്ചില്ല അല്ലെ അമ്മേ? “
“ഇല്ല.അദ്ദേഹം സ്വീകരിച്ചില്ല. കുറച്ചു നാൾ മാറിനിൽക്കാൻ പറഞ്ഞു. ” ഞാൻ പതുക്കെ പറഞ്ഞു.
” നന്നായി. എന്റെ അമ്മയെപ്പോലൊരാളെ ഇനിയും രാജ്യത്തിന് വേണം. മാത്രമല്ല, ഇനി അവരുടെ പ്രധാന ശത്രു അമ്മയായിരിക്കും. പൊരുതി നിൽക്കാൻ നമുക്ക് അമ്മയുടെ പദവിയും അധികാരവും കൂടിയേ തീരൂ. ഇനി എന്ത് വന്നാലും നമുക്ക് ഒന്നിച്ചു നേരിടാമമ്മേ.പിന്നെ അച്ഛൻ… അത് കോടതി തീരുമാനിക്കട്ടെ..”
അവനെന്നെ ചേർത്ത് പിടിച്ചു വണ്ടിയുടെ അടുത്തേക്ക് നടന്നു.
നേരിടാനുള്ളത് വലിയ തടസങ്ങളും വെല്ലുവിളികളും ചതിക്കുഴികളുമാണ് എന്നെനിക്കറിയാം. അകത്തുനിന്നും പുറത്തു നിന്നും. എന്തു തന്നെയായാലും പൊരുതാൻ തന്നെയാണ് തീരുമാനം. ഒന്നുകിൽ ലഹരിമാഫിയയുടെ പിടിയിൽ നിന്ന് ഈ നാട് രക്ഷപ്പെടുന്നത് വരെ, അല്ലെങ്കിൽ എന്റെ നെഞ്ചിലെ ചൂടാറുന്നത് വരെ….