ദാക്ഷായണിയുടെ സ്വഭാവം ആർക്കും ഇഷ്ടമല്ലെങ്കിലും അവൾക്കരികിലെത്താൻ സന്ധ്യ മയങ്ങുന്നതും കാത്തിരിക്കുന്നവരുടെ എണ്ണത്തിൽ കുറവൊന്നും വന്നതുമില്ല….

പെണ്ണൊരുത്തി..

എഴുത്ത്:-സൂര്യകാന്തി (ജിഷ രഹീഷ് )💕

“അറിഞ്ഞില്ല്യെ, തെക്കേലെ ദാക്ഷായണി ആ ഞൊണ്ടി ദാമൂന്റൊപ്പം പൊiറുതി തൊടങ്ങീന്ന്..”

വാസുവേട്ടന്റെ ചായക്കടയിലിരിക്കുമ്പോഴാണ് ആ സംസാരം എന്റെ ചെവികളിൽ പതിഞ്ഞത്.. ഞാനൊന്ന് ഞെട്ടി…

“ഓൾടെ മുറ്റത്തൊരു കാവൽ നായ്.. അത്രേള്ളു.. അല്ലാണ്ടെന്താ…ഓളുടെ കാര്യങ്ങളൊക്കെ നോക്കാൻ ഓനുണ്ടോ പറ്റണ്..”

ആരുടെയൊക്കെയോ ദ്വയാർത്ഥ പ്രയോഗങ്ങളും വഷളൻ ചിരികളും അവിടെ നിറയുന്നുണ്ടായിരുന്നു..

എനിക്കെന്തോ ശ്വാസം മുട്ടുന്നത് പോലെ തോന്നി..

നടന്നു ശീലിച്ച വഴികളിൽ നിന്നും മാറ്റിച്ചവിട്ടാൻ തയ്യാറാവാത്ത മനുഷ്യർ..

ദാക്ഷായണിയുടെ ശiരീരവർണ്ണകളും ദാമുവിന്റെ വികലാംഗത്വത്തെ പറ്റിയുള്ള ചർച്ചകളും പൊടിപൊടിയ്ക്കാൻ തുടങ്ങിയതോടെ ഞാൻ പതിയെ അവിടെ നിന്നും എഴുന്നേറ്റു..

വാസുവേട്ടന്റെ മേശപ്പുറത്ത് ചായപ്പൈസയും വെച്ച് മെല്ലെ പുറത്തേക്കിറങ്ങി..

കവലയിലാകെ സംസാരവിഷയം ദാക്ഷായണിയും ദാമുവുമാണ്..

തെക്കേലെ ദാക്ഷായണി..

ആ ഗ്രാമത്തിലെ അതിസുന്ദരിയായ അiഭിസാiരിക…

ഇരുനിറത്തിൽ അഴകളവുകൾ ഒത്ത ദേiഹവുമിളക്കി അവർ നടന്നു പോകുമ്പോൾ പലരും ഒളിക്കണ്ണിട്ട് നോക്കി നിൽക്കും.. പെണ്ണുങ്ങൾ അസൂയയോടെ കാiറിത്തുപ്പും..

ആരെയും കൂസാതെ തലയുയർത്തി തന്നെ ദാക്ഷായണി നടന്നു പോകുന്നത് തെല്ലത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്..

കേൾക്കാതെ പലരും പല കൊള്ളിവാക്കുകളും വൃiത്തികേടുകളും പറയുമെങ്കിലും, പകൽ വെളിച്ചത്തിൽ ദാക്ഷായണിയുടെ മുൻപിൽ ചെന്ന് ഒന്നും പറയാൻ ആർക്കും ധൈര്യമില്ലായിരുന്നു..

കൊiയ്ത്തiരിവാളിനെക്കാൾ മൂർച്ചയായിരുന്നു ദാക്ഷായണിയുടെ നാവിന്.. ഇരുളിന്റെ മറവിൽ അവളുടെ ശiരീരത്തിന്റെ രുചിയറിയാൻ ചെന്നിരുന്നവർ പകൽ വെട്ടത്തിൽ അവളുടെ കണ്മുന്നിൽ പെടാതിരിക്കാൻ ശ്രെദ്ധിച്ചു..

ദാക്ഷായണിയുടെ സ്വഭാവം ആർക്കും ഇഷ്ടമല്ലെങ്കിലും അവൾക്കരികിലെത്താൻ സന്ധ്യ മയങ്ങുന്നതും കാത്തിരിക്കുന്നവരുടെ എണ്ണത്തിൽ കുറവൊന്നും വന്നതുമില്ല..

ആരോടും ഒരു മയത്തിൽ ദാക്ഷായണി സംസാരിക്കാറോ പെരു മാറാറോയില്ല..ഒരിക്കലും ചിരിച്ചു കണ്ടിട്ടുമില്ല..

കാര്യമെന്താണെന്ന് അറിയില്ലെങ്കിലും അവരൊരു ചീiത്ത സ്ത്രീയാണെന്ന ചിന്ത ബാല്യത്തിലെപ്പോഴോ എന്റെ മനസ്സിലും വേരുറച്ചിരുന്നു…

അഞ്ചിലോ ആറിലോ മറ്റോ പഠിക്കുമ്പോഴാണ്,അമ്മ തേവർക്ക് നേർന്ന വഴിപാട് കഴിപ്പിച്ചു വരാൻ കാവിലേയ്ക്ക് പറഞ്ഞയച്ചത്..

കൈകൂപ്പി നിൽക്കുമ്പോൾ ഒരു പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളൂ…

അച്ഛന്റെ കiള്ള് കുടി മാറണമേയെന്ന പ്രാർത്ഥനയിൽ നിന്നും അച്ഛൻ എങ്ങനെയേലും മ രിച്ചു പോകണമെന്നതായിരുന്നു അപ്പോഴത്തെ ആവശ്യം..

ഭാര്യയുടെയും മക്കളുടെയും ഒരു കാര്യവും നോക്കാതെ മൂക്കറ്റം കiള്ളും കുടിച്ചു വന്നു കുടുംബത്തുള്ളവരെ ക്രൂiരമായി മiർദ്ധിക്കുന്നതായിരുന്നു അച്ഛന്റെ ഇഷ്ടവിനോദം..

അമ്മയുടെ വയറ്റിൽ രണ്ടാമത് കുരുത്തത് , അച്ഛന്റെ ഉപദ്രവത്തിൽ, ചോ രപ്പുഴയായി ഒഴുകിപ്പോയപ്പോൾ ഞാനും പറഞ്ഞു അച്ഛനെ ഉപേക്ഷിച്ചു എങ്ങോട്ടെങ്കിലും പോകാമെന്ന്..

അന്നത് അമ്മ കേട്ടില്ലെങ്കിലും ഇന്നെനിക്ക് മനസ്സിലാകും അമ്മയെ.. പോകാനൊരിടമില്ലാതിരുന്ന സാധു സ്ത്രീ..ക ഴുത്തിൽ അവശേഷിപ്പില്ലെങ്കിലും പണ്ടെങ്ങോ അച്ഛൻ ചാർത്തിയ താലിച്ചരടിലാണത്രെ അമ്മയുടെ സുരക്ഷിതത്വം…അന്നത് തിരുത്തിക്കൊടുക്കാൻ എനിയ്ക്കും അറിയില്ലായിരുന്നു…

കാവിൽ നിന്ന് വരാൻ വൈകിപ്പോയത് കൊണ്ട് തിരികെ ഓടുകയായിരുന്നു ഞാൻ വീട്ടിലേയ്ക്ക്.. ചെന്നിട്ട് സ്കൂളിൽ പോണം..

ഒരു വീടിന്റെ വേലിയ്ക്കൽ എത്തിയപ്പോൾ ഒരു കല്ലിൽ തട്ടി കമിഴ്ന്നടിച്ചു വീണു ഞാൻ.. മുട്ടുകാലിൽ നല്ല നീറ്റൽ.. കണ്ണുകൾ നിറഞ്ഞു തുടങ്ങി.. എഴുന്നേൽക്കാൻ പോലും ആവുന്നില്ല.. പൊടുന്നനെ ഒരു കൈ എനിയ്ക്ക് നേരെ നീണ്ടു.. ഞാൻ അതിൽ കയറിപ്പിടിച്ചു എഴുന്നേറ്റു..

ദാക്ഷായണി ചേച്ചി..

“ന്താടാ ചെക്കാ, നോക്കി നടന്നൂടെ നെനക്ക്..?”

ഒട്ടും മയമില്ലാതെയായിരുന്നു ചോദ്യം.. പക്ഷെ എന്റെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ കണ്ടാവും ആ മുഖമൊന്നു അയഞ്ഞു..

അപ്പോഴാണ് അവരുടെ കണ്ണുകൾ എന്റെ മുട്ടുകാലിൽ നിന്നും ഒഴുകിയിറങ്ങുന്ന ചോiര കണ്ടത്..

“ചോiരയൊക്കെ വരണിണ്ടല്ലോ, വാ ഞാൻ കഴുകി മരുന്ന് വെച്ചരാം.. “

അതും പറഞ്ഞു അവർ കയ്യിൽ പിടിച്ചപ്പോൾ എതിർക്കാതെ അവർക്കൊപ്പം നടന്നു.. നിക്കറിൽ പറ്റിയ ചെളി തുടച്ചു കളഞ്ഞവർ മുട്ടു കാലിലെ മുറിവ് പതിയെ കഴുകി എന്തോ ഒരു മരുന്ന് തേച്ചു തന്നു.. നല്ല നീറ്റലായിരുന്നു.. കണ്ണിൽ നിന്നും കുടുകുടാ വെള്ളം വന്നപ്പോൾ അത് തുടച്ചു കളഞ്ഞവർ, ചെറുചിരിയോടെ എനിയ്ക്ക് നേരെ ഒരു ചോക്ലേറ്റ് നീട്ടി.. അന്നോളം തിന്നാൻ കിട്ടാത്ത എന്നാൽ കണ്ടു കൊതിച്ചിട്ടുള്ള ഫോറിൻ മിട്ടായി..

ഒന്ന് മടിച്ച എന്റെ കൈ പിടിച്ചവർ ആ ചോക്ലേറ്റ് കയ്യിൽ വെച്ചു തന്നു എന്നെ യാത്രയാക്കി..

പക്ഷെ വീട്ടിൽ ചെന്ന് വിവരങ്ങളൊക്കെ അറിഞ്ഞപ്പോൾ അമ്മയാകെ സംiഹാരരുiദ്രയായി…ആദ്യം കയ്യിലെ ചോക്ലേറ്റ് വാങ്ങി വലിച്ചെറിഞ്ഞു..

“അസത്തെ, നെന്നോട് ആരു പറഞ്ഞെടാ ആ പെiഴച്ചോളുടെ വീട്ടിൽ കേറി ചെല്ലാൻ.. ന്നിട്ട് അവളുടെ സമ്മാനോം വാങ്ങി വന്നേക്കുന്നു..”

അമ്മ പറഞ്ഞതിൽ പലതും മനസ്സിലായില്ലെങ്കിലും കയ്യിൽ കിട്ടിയ അടിയ്ക്ക് നല്ല വേദനയായിരുന്നു..

അതിൽ പിന്നെ അവരെ കണ്ടപ്പോൾ മിണ്ടാനോ നോക്കാനോ നിന്നിട്ടില്ല.. പേടിയായിരുന്നു..

ആ സംഭവത്തിന്‌ ശേഷം ഇടവഴിയിൽ വെച്ച് ആദ്യം കണ്ടപ്പോൾ അവരെന്നെ നോക്കിയൊന്നു ചിരിച്ചിരുന്നു.. അമ്മയുടെ അടിയുടെ ചൂട് മനസ്സിലുണ്ടായിരുന്നത് കൊണ്ട് ഞാൻ ധൃതിയിൽ മുഖം തിരിച്ചു നടന്നപ്പോൾ ആ ചിരി മാഞ്ഞു പോയി..

അതിന് ശേഷം അവരെന്നെയും കണ്ടതായി ഭാവിച്ചിട്ടില്ല..

കാലം പോകവേ എന്റെ അച്ഛനും ദാക്ഷായണിയുടെ പുരയിലെ സന്ദർശക നാണെന്ന് ഞാൻ തിരിച്ചറിഞ്ഞു..

വീട്ടിലെ കഷ്ടപ്പാടുകൾ കൂടി വന്നൊരു നാളിൽ അമ്മയെ ത ല്ലിയ അച്ഛനെ ഞാൻ പിടിച്ചു വെച്ചു…അത് വലിയ പ്രശ്നമായി.. നാട്ടുകാരൊക്കെ അറിഞ്ഞു..

രണ്ടു ദിവസം കഴിഞ്ഞാണ് അച്ഛൻ വഴിയരികിൽ ച ത്തു മiലച്ചു കിടന്നത്..

ദാക്ഷായണിയുടെ വീട്ടിൽ നിന്നും മടങ്ങി വരവേയായിരുന്നു മരണമെന്നും ആരൊക്കെയോ പറഞ്ഞറിഞ്ഞെങ്കിലും അതൊന്നും എന്നെ ബാധിച്ചില്ല…

ആ മനുഷ്യനൊന്നു ച ത്തു പോകണമേയെന്ന് അത്രയ്ക്ക് പ്രാർത്ഥിച്ചിട്ടുണ്ട് ഞാൻ.. അതിലെനിയ്ക്ക് കുറ്റബോധമൊന്നും തോന്നിയതുമില്ല..

മുതിർന്നപ്പോൾ, ദാക്ഷായണിയെ കാണുമ്പോളുണ്ടാകുന്ന അടക്കം പറച്ചിലുകളുടെ അർത്ഥം ഞാൻ തിരിച്ചറിഞ്ഞിരുന്നു… അവരോട് ഒരു ഇഷ്ടക്കേട് ഉള്ളിൽ ഉറഞ്ഞു കൂടിയെങ്കിലും, കൂട്ടുകാരുടെ, ഇക്കിളി പെടുത്തുന്ന, അവരെ പറ്റിയുള്ള സംസാരങ്ങൾ എനിയ്ക്ക് അരോചകമായി തോന്നി…

അമ്മ ഒരു പാട് കഷ്ടപ്പെട്ടു തന്നെയാണ് എന്നെ വളർത്തിയതും പഠിപ്പിച്ചതുമൊക്കെ..ആരോരും തുണയില്ലാതെ സ്ത്രീയെ ചൂഷണം ചെയ്യാൻ വന്നവരെയും സമൂഹത്തിന് അവരോടുള്ള നിലപാടുകളുമൊക്കെ എന്നിൽ പുതിയ തിരിച്ചറിവുകളുണ്ടാക്കിയിരുന്നു..

കാലം ആർക്ക് വേണ്ടിയും കാത്ത് നിൽക്കാതെ മുൻപോട്ട് പൊയ്ക്കൊണ്ടിരുന്നു..

അച്ഛന്റെ ഇ ടിയും തൊ ഴിയുമേറ്റ് ക്ഷയിച്ച അമ്മയുടെ ആരോഗ്യം, പതിയെ ഇല്ലാതായി കൊണ്ടിരിക്കുകയായിരുന്നു..വല്ലപ്പോഴുമായി തുടങ്ങിയ ശ്വാസം മുട്ടൽ സ്ഥിരമായി കഴിഞ്ഞിരുന്നു..

പഠിത്തമൊക്കെ കഴിഞ്ഞെങ്കിലും ഒരു ജോലിയ്‌ക്കായുള്ള നെട്ടോട്ട ത്തിലായിരുന്നു ഞാൻ..

അതിനിടയിൽ പറ്റാവുന്ന പണികളൊക്കെ ചെയ്യും.. അമ്മയെ പട്ടിണിയ്ക്കിടാൻ പറ്റില്ലല്ലോ..

അന്നൊരു പേമാരി പെയ്യുന്ന രാവിലാണ് അമ്മയ്ക്ക് വലിവ് കൂടിയത്..

ശ്വാസത്തിനായി പിടയുന്ന അമ്മയെ നോക്കിനില്ക്കാൻ കഴിയാതെ ഞാനാ മഴയിലേക്കിറങ്ങിയോടി..

എന്തെങ്കിലും വണ്ടി കിട്ടിയാലേ ആശുപത്രിയിൽ എത്തിയ്ക്കാനാവൂ.. മഴയൊന്നു തോർന്നിട്ടുണ്ട്..

റോഡിൽ എത്തിയ ഞാൻ വെപ്രാളത്തോടെ മുൻപോട്ടോടി.. ചുരുക്കം വീടുകളിലേ വണ്ടികളുള്ളൂ.. ആരെങ്കിലും കനിഞ്ഞാൽ..

ഒരു വളവ് കഴിഞ്ഞു വരുന്ന ഓട്ടോയുടെ വെട്ടം കണ്ടു ഞാൻ പ്രതീക്ഷയോടെ റോഡിലേയ്ക്ക് ഇറങ്ങി നിന്നു ഇരുകയ്യും ഉയർത്തിക്കാട്ടി..ഓട്ടോ നിർത്തി…

“ഉം…എന്താ..?”

ഓട്ടോക്കാരൻ തെല്ലും മയമില്ലാതെ തലയൊന്നു പുറത്തേക്കിട്ടപ്പോൾ ഞാൻ എന്റെ അവസ്ഥ പറഞ്ഞു.. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..

എന്റെ അമ്മ..

“അത്രയും ദൂരത്തേയ്ക്കൊന്നും പറ്റൂല.. ഞങ്ങൾ അത്യാവശ്യമായി ഒരിടത്തേയ്ക്ക് പോകുവാ..”

അയാളുടെ മറുപടി കേട്ടതും ഞാൻ ദയനീയമായി പിറകിലേയ്ക്ക് നോക്കി..

“നീ ഓട്ടോ ഓന്റെ വീട്ടിലേയ്‌ക്കെടുക്ക് പ്രകാശാ..”

ആ ശബ്ദം.. ദാക്ഷായണി..

“അത് ചേച്ചി.. സാറ് അവടെ കാത്തിരിക്ക്യാ..”

“നിയ്യ് ഞാൻ പറേണത് കേക്ക് പ്രകാശാ…. അയാള് അവടെ ചാകാൻ കെടക്കൊന്നുമല്ലാലോ.. ഇപ്പോ ഇതാ അത്യാവശ്യം.. നീ വണ്ടിയെടുക്ക്..”

ദാക്ഷായണിയുടെ ശബ്ദം കടുത്തതും പ്രകാശൻ മടിയോടെയാണെങ്കിലും ഓട്ടോ സ്റ്റാർട്ട്‌ ചെയ്തു..

“ഇങ്ങോട്ട് കേറ്..”

പിറകിൽ നിന്നുള്ള ശബ്ദം കേട്ടതും ഞാൻ കേറി ഇരുന്നു.. അപ്പോൾ എന്റെ മനസ്സിൽ അമ്മ മാത്രമേയുണ്ടായിരുന്നുള്ളൂ..

കോലായിൽ വെറും നിലത്തു കിടന്നു ഞരങ്ങിയിരുന്ന അമ്മയെ ഞങ്ങൾ ഓട്ടോയിൽ കയറ്റി.. ദാക്ഷായണി അമ്മയെ ചുറ്റിപിടിച്ചിരുന്നു..

ആശുപത്രിയിലെത്തി ഡോക്ടർ വന്നു നോക്കി അമ്മയ്ക്ക് ഇൻജെക്ഷൻ കൊടുക്കുമ്പോഴും,എല്ലാത്തിനും എന്റെ കൂടെ അവരും ഉണ്ടായിരുന്നു..

പിറ്റേന്ന് തിരികെ ആ ഓട്ടോയിൽ തന്നെയാണ് വീട്ടിൽ വന്നിറങ്ങിയത്..

അമ്മയെ അകത്തേയ്ക്ക് കിടത്തി,യാത്ര പറഞ്ഞവർ പോകാൻ തുടങ്ങുമ്പോഴാണ്, അപ്രതീക്ഷിതമായി അമ്മ അത് ചോദിച്ചത്..

“നെനക്ക് ഇനിയേലും ഇതൊക്കെ നിർത്തിക്കൂടെ ദാക്ഷായണി..”

ഒരു നിമിഷം അമ്മയെ നോക്കി നിന്നവർ.. പിന്നെയൊന്ന് ചിരിച്ചു.. പരിഹാസത്തോടെ..

“ന്നിട്ട്…?ന്നെ വേiശ്യയെന്ന് വിളിച്ചോല് മാറ്റി വിളിക്ക്യോ…? ദാക്ഷായണി തൊഴിൽ നിർത്തിയെന്നറിഞ്ഞോര്,ന്നെയൊരു സാധാരണ പെണ്ണായി കാണോ ..?”

മൂർച്ചയുള്ള വാക്കുകൾ…പക്ഷെ അതിനടിയിൽ അവർ ഒളിപ്പിച്ച വേദന..

“കുട്ട്യോളും കുടുംബോമൊക്കെയായി ജീവിക്കാൻ മോഹിച്ച പെണ്ണ് തന്ന്യാരുന്നു, ഏച്ചി ഞാനും.. സ്വന്തം തiന്തയാണ് എന്റെ മേൽ ആദ്യം കൈ വെച്ചത്..”

ആ കണ്ണുകളിൽ കനലുകളെരിഞ്ഞു..

“പിന്നെ, അയാളോടൊപ്പരം ആരൊക്കെയോ വന്നു പോയി.. അങ്ങനെ പതിനേഴു തികയണേനു മുന്നേ,സ്വയമറിയാതെ,ദാക്ഷായണി പെ iഴച്ചോളായി.. വേiശ്യായി.. ന്നോടൊപ്പം കെടന്നോരെ ആരും കുറ്റപ്പെടുത്തീല്ല… ദാക്ഷായണി ആരേം കൂടെ കെടക്കാൻ വിളിച്ചു വരുത്തീട്ടില്ല്യ… ന്നെ തേടി വന്നോരെയൊന്നും തിരിച്ചയച്ചിട്ടൂല്ല്യ….”

അവരുടെ ചിരി എന്നെ ഭയപ്പെടുത്തി..

“എല്ലാരോടും പകയാരുന്നു.. ന്നോട് ദയ കാണിക്കാത്തോരോട് നിയ്ക്കും ദയ തോന്നീല്ല്യ….”

ആ ശബ്ദം ഒന്ന് ഇടറിയിരുന്നു.. അത് കള്ളമാണെന്ന് എനിക്കറിയാ മായിരുന്നു…

അച്ഛൻ മരിക്കണമേയെന്നുള്ള എന്റെ പ്രാർത്ഥന കേട്ടത് ദാക്ഷായണി യായിരുന്നുവെന്ന് ഞാനെപ്പോഴോ തിരിച്ചറിഞ്ഞിരുന്നുവല്ലോ..

എന്റെ പഠിത്തത്തിനും മറ്റുമായി,അമ്മ കറവക്കാരൻ ഗോപാലനിൽ നിന്നും, കടമെന്ന പേരിൽ വാങ്ങിയിട്ടുള്ള, ഇനിയും തിരിച്ചു കൊടുക്കാൻ ബാക്കിയുള്ള കാശിനു പിന്നിലും, ഈ പെണ്ണൊരുത്തിയുടെ ദേ ഹത്തിന്റെ വിയർപ്പിന്റെ മണമായിരുന്നല്ലോ..

പിന്നെയും ഞങ്ങളെ പോലെ നിരാലംബരായ ആരെങ്കിലുമൊക്കെ അവരുടെ കാരുണ്യത്തിന് അർഹരായിട്ടുമുണ്ടാവാം.. ഒരിക്കലും അവരത് തുറന്നു സമ്മതിക്കില്ലെങ്കിലും…

“ചെറുതാമ്പോ,കുട്ട്യോളെ നിയ്ക്ക് വല്യ ഇഷ്ടാരുന്നു.. ചെറിയോരു ജീവിതേ ഞാനും മോഹിച്ചിട്ടുള്ളൂ… പക്ഷേങ്കി….”

നിറഞ്ഞ കണ്ണുകൾ ഞങ്ങൾ കാണാതിരിക്കാനെന്നോണം അവർ വെ iട്ടിത്തിരിഞ്ഞു പുറത്തേയ്ക്ക് നടന്നു.. അമ്മയുടെ കണ്ണുകളും നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു..

അത് കഴിഞ്ഞു,ദാക്ഷായണിയെ വഴിയരികിൽ കണ്ടപ്പോൾ,ഞാൻ ചിരിക്കാൻ ശ്രെമിച്ചുവെങ്കിലും, ഒരു നോട്ടം പോലും എനിയ്ക്ക് തരാതെ,അവർ നടന്നു മറഞ്ഞു..

ദിവസങ്ങളും മാസങ്ങളും ഓടിമറയവേ, ജീവിതത്തിൽ മാറ്റങ്ങൾ അനവധി വന്നു.. എനിയ്ക്ക് ജോലി കിട്ടി,എന്റെ കല്യാണം കൂടെ കണ്ടാണ് അമ്മ പോയത്..

ദാക്ഷായണിയുടെ മാദക സൗന്ദര്യത്തിന് മങ്ങലേറ്റുവെങ്കിലും അവരപ്പോഴും സുന്ദരിയായിരുന്നു..

പക്ഷെ അവർ ആ തൊഴിൽ അവസാനിപ്പിക്കാൻ തുടങ്ങിയിരുന്നു..

ആരൊക്കെയോ പറഞ്ഞു കൊടുത്ത ദാക്ഷായണിക്കഥകളുമായി, എന്റെ ഭാര്യ സീത,എന്നോട് തർക്കിക്കാൻ വന്നുവെങ്കിലും,എന്റെ വാക്കുകളിൽ അവളുടെ ചിന്താഗതികൾ മാറിയിരുന്നു…പക്ഷെ ദാക്ഷായണിയെ വിശുദ്ധയാക്കാൻ ഞാനൊരിക്കലും ശ്രെമിച്ചിട്ടുമില്ല….

വികലാംഗനായ ലോട്ടറിക്കാരൻ ദാമുവിന് രണ്ടു സഹോദരിമാരുണ്ടായിരുന്നു.. ആ ദുർബലമായ ശരീരവും വെച്ച്,അയാൾ അധ്വാനിച്ചു അവരെ കെട്ടിച്ചു വിട്ടെങ്കിലും..ഇനിയൊരു പ്രയോജനവുമില്ലാത്ത, കറിവേപ്പിലയായി മാറിയിരുന്നു അയാളും..അവസാനം..

അമ്മയെ ഹോസ്പിറ്റലിൽ കൊണ്ട് പോയി വന്ന അന്നാണ്,ദാക്ഷായണിയെ ഞാൻ അവസാനമായി മുഖാമുഖം കണ്ടിട്ടുള്ളത്.. പിന്നീടൊരിക്കലും അവരെന്നെ കണ്ടതായി ഭാവിച്ചിട്ടില്ല..

ഇന്ന്,എനിക്കെന്തോ അവരെ ഇരുവരെയും കാണണമെന്ന് തോന്നി..

ദാക്ഷായണിയുടെ വീട് അടഞ്ഞു കിടക്കുന്നത് കണ്ടാണ്,പുഴയ്ക്കരികെയുള്ള ദാമുവിന്റെ വീടിനടുത്തേയ്ക്ക് ഞാൻ നടന്നത്..

ശീമക്കൊന്നകൾ അതിരിടുന്ന ആ കൊച്ചു വീടിന്റെ അടുത്തെത്തി യപ്പോൾ,മുറ്റത്തെ അയയിൽ തുണികൾ ഉണക്കാനിടുന്ന ദാക്ഷായണിയെ ഞാൻ കണ്ടു..

അകത്ത് നിന്ന് എന്തോ പറഞ്ഞു പുറത്തേക്കിറങ്ങിയ ദാമു,അവർക്കരികെ വന്നു നിക്കുന്നതും,എന്തോ പറഞ്ഞു കൊണ്ട് ദാക്ഷായണിയുടെ കവിളിൽ തൊടുന്നതും ,അവർ പൊട്ടിച്ചിരിക്കുന്നതും ഞാൻ കണ്ടു..

“ചെറിയോരു ജീവിതേ ഞാനും മോഹിച്ചിട്ടുള്ളൂ… പക്ഷേങ്കി….”

ദാക്ഷായണിയുടെ വാക്കുകൾ മനസ്സിൽ മുഴങ്ങി..

അവരുടെ മുഖത്തെ ആ ചിരി.. ആ ഭാവം..

അത് കാണാനും അറിയാനും അവരോടൊപ്പം കിടന്നിട്ടുള്ളവർക്കൊന്നും കഴിഞ്ഞിട്ടുണ്ടാവില്ലെന്ന് എനിക്കറിയാമായിരുന്നു..

അത് ദാമുവിന് വേണ്ടി മാത്രമുള്ളതാണ്..

പെണ്ണിന് എന്തെന്തു ഭാവങ്ങളാണ്..

ഞാൻ പതിയെ തിരിഞ്ഞു നടക്കുമ്പോഴും അവരുടെ സംസാരവും ചിരിയും അവ്യക്തമായി എന്റെ കാതുകളിൽ അലയടിക്കുന്നുണ്ടായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *