സ്നേഹബന്ധം
രചന: സ്വപ്ന സഞ്ചാരി
———————-
ഡ്യൂട്ടി കഴിഞ്ഞു റൂമിൽ എത്തിയപ്പോൾ ആണ് നാട്ടിൽ നിന്നും അമ്മയുടെ ഫോൺ വന്നത്. ഫോൺ എടുത്തപ്പോൾ ഞാൻ ചോദിച്ചത് അഞ്ജുവിന്റെ വീട്ടിൽ പോയോ എന്നാണ്.
തിരിച്ചു അമ്മ പറഞ്ഞ മറുപടി എന്നെ ആകെ തളർത്തി കളഞ്ഞു. ഞാനും അച്ഛനും അവിടെ പോയിരുന്നു. ഈ ബന്ധം നടക്കില്ല മോനെ. അമ്മ ഉപേക്ഷിച്ചു പോയ ഒരു പെൺകുട്ടിയെ എന്റെ മകന്റെ ഭാര്യ ആയി ഇവിടേക്ക് കൊണ്ടുവരാൻ എനിക്കും അച്ഛനും താല്പര്യം ഇല്ല എന്ന് പറയാൻ പോയതാ.
പിന്നെ അവിടെ നിന്നും കല്യാണം കഴിച്ചാൽ മോനുട്ടൻ പിന്നെ എല്ലാ ബാധ്യതയും ഏറ്റെടുക്കേണ്ടി വരും. അവൾക്ക് താഴെ വേറെ ഒരുത്തിയും കൂടി ഉണ്ട്. അതിന്റെ കല്യാണ ചെലവും മോൻ തന്നെ നോക്കേണ്ടി വരും. ഒരുപാട് ബാധ്യതകൾ മോനുട്ടൻ ഇപ്പോഴേ എടുത്തുവെച്ചിട്ടുണ്ട്. ഇനി അതും കൂടി എടുത്ത് തലയിൽ വെക്കേണ്ട അതുകൊണ്ട് മോൻ ആ ബന്ധം മറന്നേക്ക്.
ഞാൻ അമ്മയോട് എല്ലാം പറഞ്ഞത് അല്ലേ…എല്ലാം അമ്മ സമ്മതിച്ചതും അല്ലേ…പിന്നെ എന്താ ഇപ്പോൾ ഈ ഒരു മാറ്റം…?
നീ പറഞ്ഞത് ശരി തന്നെയാ ഞാൻ സമ്മതിച്ചിട്ടുണ്ട്. പക്ഷെ അവിടുത്തെ അവസ്ഥ കണ്ടപ്പോൾ തന്നെ എല്ലാം ഞാൻ മറന്നു. ഇത് നടക്കില്ല മോനെ. മോൻ അവളെ മറക്കണം. മോനു നല്ല ആലോചന നമ്മൾ ഇവിടെ കണ്ടുവെക്കുന്നുണ്ട്. അതും പറഞ്ഞു അമ്മ ഫോൺ കട്ട് ചെയ്തു.
അഞ്ചു അവളെ ഞാൻ എങ്ങനെ മറക്കും. മറന്നു കളയാൻ ആണോ ഞാൻ അവളെ സ്നേഹിച്ചേ. എല്ലാ കാര്യവും തുറന്ന് പറഞ്ഞപ്പോൾ ഞാൻ ഉണ്ടാകും കൂടെ എന്ന് പറഞ്ഞത് മറക്കാൻ വേണ്ടിയാണോ? ഞാൻ അഞ്ജുവിനെ പരിചയപെട്ടത് ഓർത്തു…
ഫേസ്ബുക്കിൽ അറിയാതെ വന്ന മെസ്സേജ് വഴിയാണ് ഞാനും അവളും അടുത്തത്. അതുവരെ എനിക്ക് അറിയില്ലായിരുന്നു അവൾ എന്റെ ഫ്രണ്ട് ആയിരുന്നു എന്ന്. പതിയെ എനിക്കും അവൾക്കും ഇടയിൽ ഒരു സൗഹൃദം വളർന്നു വന്നു. ഡ്യൂട്ടി കഴിഞ്ഞു വന്നാൽ അവളുടെ മെസ്സേജും വായിക്കാൻ തരുന്ന പുസ്തകവും ആയിരുന്നു ഏക ആശ്വാസം ഉണ്ടായത്.
പിന്നീട് അവൾ എനിക്ക് ആരൊക്കെയോ ആവുകയായിരുന്നു. അങ്ങനെ എന്റെ ഉള്ളിൽ ഉള്ള ഇഷ്ടം പറഞ്ഞപ്പോൾ ആദ്യം എതിർത്തത് അവളുടെ കുടുംബത്തിന്റെ അവസ്ഥ ഓർത്തു ആണ്. അച്ഛനെ ഉപേക്ഷിച്ചു സ്വന്തം കാര്യത്തിന് പോയ അമ്മയുടെ കാര്യം പറഞ്ഞു ഒരുപാട് ആലോചന മുടങ്ങാറുണ്ട് എന്നും വീട്ടിൽ മോശം അവസ്ഥ ആണ് എന്നും എനിക്ക് അവളെ ചേരില്ല എന്ന് പറഞ്ഞത് അതുകൊണ്ട് ആണ്.
അവസാനം ഒരുപാട് നിർബന്ധിച്ചപ്പോൾ എന്റെ കൂടെ ഉള്ള ജീവിതത്തിനു സമ്മതിക്കുകയായിരുന്നു. അങ്ങനെ ആണ് അമ്മയെ അവിടേക്കു പറഞ്ഞു വിട്ടതും. ഇനി അവളെ എങ്ങനെ നോക്കും…എങ്ങനെ അവളോട് സംസാരിക്കും…നമ്മൾ കണ്ട സ്വപ്നം എല്ലാം പാഴായി എന്ന് അവളെ വിളിച്ചു എങ്ങനെ ഞാൻ പറയും. അതോടെ തകരുന്നത് അവൾ ആയിരിക്കും.
ഓരോന്നു ആലോചിച്ചു പതിയെ ഉറങ്ങിപ്പോയ ഞാൻ ഫോൺ ബെൽ അടിക്കുന്നത് കേട്ടാണ് എഴുന്നേറ്റത്. നോക്കുമ്പോൾ അഞ്ചു ആയിരുന്നു…
ഞാൻ എന്താ അവളോട് പറയുക, എന്താ സംസാരിക്കുക എന്ന് ഓർത്തു. അവസാനം രണ്ടും കൽപ്പിച്ചു ഫോൺ എടുത്തു. ഹലോ അഞ്ചു. അച്ഛനും അമ്മയും അവിടെ വന്നിരുന്നു അല്ലേ. അവർ ഈ കല്യാണത്തിന് സമ്മതം അല്ല എന്ന് പറഞ്ഞു അല്ലേ. എന്നോട് ക്ഷമിക്കണം അഞ്ചു ഒരുപാട് സ്വപ്നങ്ങൾ ഞാൻ തന്നിരുന്നു അത് ഒന്നും എനിക്ക് പാലിക്കാൻ പറ്റിയില്ലല്ലോ.
ഏട്ടാ.. ഏട്ടൻ എന്തൊക്കെയാ ഈ പറയുന്നേ അവർ സമ്മതിച്ചില്ല എന്നോ… ഏട്ടനോട് ആരാ ഇതൊക്കെ പറഞ്ഞെ. അമ്മ ഇപ്പോൾ വിളിച്ചിരുന്നു ഈ കല്യാണം നടക്കില്ല എന്ന് പറഞ്ഞു. എന്റെ ഏട്ടാ അവർ ഇവിടെ വന്നു കല്യാണം ഉറപ്പിച്ചിട്ട് ആണ് പോയത്. ഏട്ടൻ വന്നു കഴിഞ്ഞാൽ ഉടൻ തന്നെ കല്യാണം. അതിന്റെ ഭാഗം ആയി കൈയിൽ വളയും ഇട്ട് തന്നിട്ടാ അമ്മ പോയത്.
അമ്മ പറഞ്ഞു…ഏട്ടൻ എല്ലാം പറഞ്ഞിട്ട് ഉണ്ട് എന്ന്. അമ്മ ചെയ്ത തെറ്റിന് നീ എന്തിനാ ശിക്ഷ അനുഭവിക്കുന്നെ എന്നും നിന്നെ ഞാൻ സ്വന്തം മകളെപ്പോലെ നോക്കും എന്നും, അച്ഛനോടും അനിയത്തിയോടും നമ്മുടെ കല്യാണം കഴിഞ്ഞാൽ അവിടെ വന്നു നിൽക്കാൻ അമ്മ പറഞ്ഞിട്ടുണ്ട്.
എല്ലാം അറിഞ്ഞിട്ടും ഇതുപോലെ സ്നേഹിക്കുന്ന അമ്മയെ കിട്ടിയ ഞാൻ ഭാഗ്യം ഉള്ളവൾ ആണ് ചേട്ടാ…
പിന്നെ എന്തിനാ അഞ്ചു അമ്മ എന്നോട് അങ്ങനെ പറഞ്ഞത്? അത് ഏട്ടന് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതിയ പറഞ്ഞെ.
എല്ലാം അമ്മയുടെ പ്ലാൻ ആയിരുന്നു. ഞാൻ അതിനു സമ്മതിച്ചു എന്ന് മാത്രം. അല്ലാതെ എനിക്ക് ഏട്ടനെ വിഷമിപ്പിക്കാൻ പറ്റുമോ.
കല്യാണത്തിന് മുന്നേ രണ്ടുപേരും ഇങ്ങനെ…ഇനി കല്യാണം കഴിഞ്ഞാൽ എന്നെയും അച്ഛനെയും അവിടെ നിന്നും പുറത്താക്കുമോ രണ്ടുപേരും.
അത് ഒന്നും പറയാൻ പറ്റില്ല. എല്ലാം കണ്ടറിഞ്ഞാൽ മതി. ഏട്ടൻ പെട്ടന്ന് വാ ഞാൻ ഇവിടെ കാത്തിരിക്കുകയാ…എന്നും പറഞ്ഞു അവൾ ഫോൺ വെച്ചു. അമ്മ ഞാൻ വിചാരിച്ചപോലെ അല്ല. ശെരിക്കും എന്നെ പേടിപ്പിച്ചു കളഞ്ഞു കൂടെ ഒരു സമ്മാനവും. ഇത്രയും നല്ല ഒരു അമ്മയുടെ മോൻ ആയി ജനിച്ചത് ഭാഗ്യം ആണ്.
നാട്ടിൽ ചെല്ലുമ്പോൾ എല്ലാവർക്കും അടിപൊളി സർപ്രൈസ് കൊടുക്കണം…പ്രതേകിച്ചു അമ്മക്ക് എന്ന് പറഞ്ഞു ഞാൻ വീണ്ടും ഉറങ്ങാൻ കിടന്നു.