ഗിരീഷിൻ്റെ വാക്കുകളിലെ കുസൃതികളേ ആസ്വദിച്ചു കൊണ്ട്, നന്ദിത മറുമൊഴി ചൊല്ലി…

by pranayamazha.com
5 views

നന്ദിത

രചന: രഘു കുന്നുമ്മക്കര പുതുക്കാട്

————————

നന്ദിത, ക്ലോക്കിലേക്കു നോക്കി. രാത്രി, എട്ടര കഴിഞ്ഞിരിക്കുന്നു. പകൽ മുഴുവൻ മെയ്യുലഞ്ഞു കളിച്ച കാരണമാകാം, മോനിന്നു നേരത്തേയുറങ്ങി. രണ്ടാംക്ലാസുകാരന് നേരത്തേ വിദ്യാലയമടച്ചതിന്റെ ഹർഷം അവസാനിച്ചിട്ടില്ല. ഹാളിൽ തെല്ലുനേരം മുൻപേ വരേ ടെലിവിഷൻ കാണുന്നുണ്ടായിരുന്നു അവൻ. നന്ദിത കിടപ്പുമുറിയിലേക്കു നടന്നു. മുറിയകമാകെ തൂത്തു വൃത്തിയാക്കി തഴപ്പായകൾ നിരത്തി വിരിച്ചു. അവയ്ക്കും മുകളിലായി കിടക്കവിരി നിവർത്തിയിട്ടു. തലയിണകൾ നിരത്തി. വലിയ കട്ടിലും കിടക്കയും വേനൽക്കാലമായതോടെ ഒഴിവാക്കിയിരിക്കുകയാണ്.
താഴെ കിടക്കുമ്പോൾ, ചൂടിനൊരു ശമനമുണ്ട്. മോനുറങ്ങിക്കഴിഞ്ഞ്, ഗിരീഷുമായുള്ള തലയിണമന്ത്രങ്ങൾക്കു ശേഷമുള്ള “മൂഡ്” ശമിപ്പിക്കാനേ കട്ടിലിൽ കയറാറുള്ളു. അതിനുശേഷം, വീണ്ടും താഴെയിറങ്ങി കിടന്നുറങ്ങും. നന്ദിത, മോനെ വാരിയെടുത്തു കിടപ്പുമുറിയിലേക്കു നടന്നു. അവന്റെ കയ്യിൽ നിന്നും ടി വി യുടെ റിമോട്ട് കൺട്രോൾ താഴേക്കൂർന്നു വീണു. ശയനമുറിയിലെ തഴപ്പായിൽ അവനെ ചുവരരികോടു ചേർത്തുകിടത്തി. ഫാനിട്ടു. കുട്ടി, സ്വച്ഛമായുള്ള ഉറക്കം തുടർന്നു.

നന്ദിത, വീണ്ടും നടുവകത്തേക്കെത്തി ടെലിവിഷൻ ഓഫ് ചെയ്തു. ജനലിന്നരികേ ചെന്ന് കാർപ്പോർച്ചിലേക്ക് കാതോർത്തു. പോർച്ചിലെ ഇരുട്ടിലേ സംഭാഷണങ്ങൾ നിലച്ചിരിക്കുന്നു. രാജീവ് പോയിക്കാണും. ഒമ്പതുമണിയാകാറായല്ലോ എന്ന്, അവളോർത്തു..എല്ലാ ശനിയാഴ്ച്ചകളിലും, രാജീവും ഗിരീഷും കാർപ്പോർച്ചിൽ ഒത്തുകൂടാറുണ്ട്. അവർ ചെറുപ്പം മുതലേ കൂട്ടുകാരാണ്. സഹപാഠികളും. ബാങ്ക് ഉദ്യോഗത്തിന്റെ തലവേദനകളെ മറക്കുന്ന മണിക്കൂറുകൾ എന്നാണ് ഗിരീഷ് ആ ഒത്തുകൂടലിനെ വിശേഷിപ്പിക്കുക. രാജീവ് വരുമ്പോൾ, സ്മിരണോഫ് കോഫി അരക്കുപ്പി കൊണ്ടുവരും.
അത് പതിയേ തീർത്ത്, ഗൃഹാതുരത്വങ്ങൾ പങ്കുവച്ച് അവരങ്ങനേയിരിക്കും.
ഒമ്പതുമണിയാകുമ്പോൾ പിരിയും.
ഗിരീഷുമൊന്നിച്ച് അത്താഴം കഴിച്ചു കിടക്കും. ശനിയാഴ്ച്ചകളിലെ ഗിരീഷിന്റെ ചുംബനങ്ങൾക്ക് സ്മിരണോഫ് കോഫിയുടെ ഹൃദ്യമായ കാപ്പിമണമുണ്ടാകാറുണ്ട്.

നന്ദിത പൂമുഖവാതിൽ തുറന്ന്, ഉമ്മറത്തേക്കു പ്രവേശിച്ചു.
ഇറയത്തേ ഫാൻ മുഴുവൻ വേഗത്തിൽ കറങ്ങുന്നുണ്ടായിരുന്നു. ഇറയത്തിന്റെ തണുപ്പിലിളവേറ്റ് ഗിരീഷ് മലർന്നു കിടന്നു ഫോണിലെന്തോ ടൈപ്പ് ചെയ്യുകയായിരുന്നു. അഴിച്ചു വച്ച ഷർട്ട് തിണ്ണയിൽ നിന്നുമെടുത്ത്, നന്ദിത ചോദിച്ചു.

“എന്താ മോനെ, കിടക്കാൻ വരണില്ലേ? എന്തൂട്ടാ, ഫോണിലൊരെഴുത്തു കുത്ത്?കൂട്ടുകാരനെപ്പോഴാ പോയത്?
രാജീവേട്ടൻ നോർമ്മലായല്ലേ പോയേ? സബിത ഇന്നാളു കൂടി പറഞ്ഞു. ശനിയാഴ്ച്ചകളിൽ രാജീവേട്ടൻ വൻപരാജയമാണെന്ന്. നിങ്ങക്ക് സബിതേടെ ശാപം കിട്ടും മനുഷ്യാ”

ഗിരീഷ്, ധൃതിയിൽ ഫോൺ ഓഫ് ചെയ്ത് എഴുന്നേറ്റു. മൂന്നു പെ ഗിൻ്റെ ആലസ്യം ആ വാക്കുകളിലോ നടത്തത്തിലോ അനുഭവപ്പെട്ടില്ല. നന്ദിതയേയും ചേർത്തുപിടിച്ച് അയാൾ അകത്തു കയറി വാതിലടച്ചു.

“നന്ദീ, എനിയ്ക്കൊന്നു കുളിക്കണം. വല്ലാത്തൊരു തലവേദന പോലെ. ഞാൻ കുളിച്ചു വരാം. ഫുഡ് കഴിച്ച് നേരത്തേ കിടക്കാം. ഇന്നത്തെ ഭൂതലപ്രക്ഷേപണം നേരത്തേ അവസാനിപ്പിക്കാം. ബാക്കി, നാളെ….എന്താ പോരെ?”

ഗിരീഷിൻ്റെ വാക്കുകളിലെ കുസൃതികളേ ആസ്വദിച്ചു കൊണ്ട്, നന്ദിത മറുമൊഴി ചൊല്ലി.

” അങ്ങനെ മതിയെങ്കിൽ സന്തോഷം. എനിക്കു നേരത്തേ ഉറങ്ങാലോ? രണ്ട് ദിവസം മുൻപ്, കിടക്കാൻ നേരത്ത് എനിക്ക് തലവേദനയാണ് നേരത്തേ കിടക്കണം എന്നു പറഞ്ഞപ്പോൾ ഇവിടെയൊരാള് നെറ്റി ചുളിച്ചതും, പാതിരാവരേ തിരിഞ്ഞും മറിഞ്ഞും കിടന്നത് എനിക്കോർമ്മയുണ്ട്. ഞാനെന്തായാലും അതിനൊന്നും പോണില്ല പൊന്നേ, വേഗം കുളിച്ചു വായോ; ഈ തലവേദന കിടക്കാൻ നേരത്തിനി മാറരുത് ട്ടാ”

ഗിരീഷ്, കുളിമുറിയിലേക്കു കയറി.
കട്ടിൽത്തലക്കലിരുന്നു ഗിരീഷിൻ്റെ ഫോണൊന്നു കിണുങ്ങി. ഫേസ്ബുക്ക് മെസ്സേഞ്ചറാണ്. ഇന്ന്, രണ്ടെണ്ണം അടിച്ചതിൻ്റെ മൂഡിലാണെന്നു തോന്നുന്നു. ഫോൺ, കുളിമുറിയിലേക്കു എടുക്കാൻ മറന്നുപോയിരിക്കുന്നു. സാധാരണ, ബാത്റൂമിൽ വെള്ളമില്ലെങ്കിലും ഗിരീഷിനു ഫോൺ നിർബ്ബന്ധമാണ്. കുളിയും മറ്റും കഴിഞ്ഞിറങ്ങുമ്പോൾ ഒരു നേരമാകാറുണ്ട്. ചിലപ്പോൾ, കുളിമുറിയുടെ വാതിലിൽ തട്ടി വിളിക്കണം. ഉറങ്ങിയോ അതിലിരുന്നെന്നു ചോദിച്ച്. അപ്പോഴാകും, ജലം വീഴുന്ന ശബ്ദമുയരുക.

ഗിരീഷിൻ്റെ ഫോണിൻ്റെ ബാറ്ററി,
ലോ സിഗ്നൽ ശബ്ദമുണ്ടാക്കുന്നു.
അതൊന്നു ചാർജു ചെയ്യാൻ വച്ചേക്കാം. നന്ദിത ഫോണുമെടുത്തു കമ്പ്യൂട്ടർടേബിൾ മേലിരുന്ന ചാർജറിൽ കണക്റ്റു ചെയ്യുമ്പോൾ വീണ്ടും മെസേഞ്ചറിൽ സന്ദേശമെത്തി. അവൾ, അതു തുറന്നു. സന്ദേശത്തിലേക്കു മിഴികൾ പായിച്ചു.

ഗിരീഷ് കുളിച്ചിറങ്ങി. നന്ദിതയപ്പോൾ ഭക്ഷണം ഊണുമേശയിൽ നിരത്തുകയായിരുന്നു. അയാൾ ഫോൺ തുറന്ന് സന്ദേശങ്ങൾ പരിശോധിച്ചശേഷം ഊണുമേശക്കരികിലെത്തി.
ഇരുവരും വേഗം ഊണു കഴിച്ചുതീർത്തു. നന്ദിതയുടെ മിഴികൾ സ്വന്തം കണ്ണിൽ കൊരുത്തപ്പോൾ, അയാൾ മുഖം തിരിച്ചുകളഞ്ഞു. വിരസമായൊരു മൗനം അവർക്കിടയിലേക്കു ചേക്കേറി. ഗിരീഷ്, വേഗം കിടപ്പുമുറിയിലേക്കു ചെന്ന് സ്വന്തം സ്ഥലത്തു കിടപ്പായി.
അടുക്കളയിൽ നിന്നും പാത്രം കഴുകുന്ന ശബ്ദം പതിവിലും ഉച്ചത്തിൽ കേൾക്കാം. സ്റ്റീൽപാത്രങ്ങൾ വഴുതി വീഴുന്നതോ വലിച്ചെറിയുന്നതോ പോലുള്ള ശബ്ദങ്ങൾ.

അടുക്കള ശാന്തമായി. ഹാളിലെ വിളക്കുകളണഞ്ഞു.
നന്ദിതയുടെ കാൽപ്പെരുമാറ്റം കേൾക്കുന്നുണ്ട്. ഗിരീഷ് കണ്ണുകളടച്ചു കിടന്നു. റൂമിൻ്റെ വാതിൽ വലിച്ചടച്ചപ്പോൾ വല്ലാത്തൊരു ശബ്ദമുണ്ടായി.
അതിൻ്റെ ഞെട്ടലിൽ മോനൊന്നു പിറുപിറുത്തു തിരിഞ്ഞുമറിഞ്ഞു.
വീണ്ടുമുറക്കമായി.

“നിങ്ങൾ കണ്ണടച്ചുറക്കം നടിക്കേണ്ട, മെസേജുകൾ വന്നുകൊണ്ടിരിക്കുകയാണ്.
സബിതേടെ. രാജീവേട്ടൻ, ചെന്നപാടെ ഉറക്കമായത്രേ.
അവൾക്കുറക്കം വരണില്ലാന്ന്.
നിങ്ങൾ,  നിങ്ങളെ എനിക്ക് അറയ്ക്കുന്നു. എത്ര നാളായി നിങ്ങളിതു തുടങ്ങിയിട്ട്?
കൂട്ടുകാരൻ്റെ ഭാര്യയെ നിങ്ങൾ ഇങ്ങനെയാണോ കാണേണ്ടത്?
അവള് രാജീവേട്ടനെ ഇങ്ങനെ വഞ്ചിക്കാമോ? എത്ര നല്ല മനുഷ്യനാണയാൾ. അവളുടെ നെഞ്ചും അരക്കെട്ടും എന്നേക്കാൾ ചേലുണ്ടെന്നോ?
നിങ്ങളത് കണ്ടിട്ടുണ്ടോ?
ദൈവമായിട്ടാണ്, എനിക്ക് നിങ്ങളുടെ ഫോൺ ചാർജു ചെയ്യാനെടുക്കാൻ തോന്നിച്ചത്.
അന്നന്നത്തേ മെസ്സേജസ് ഡിലീറ്റ് ചെയ്ത് നിങ്ങളെന്നെ കബളിപ്പിക്കുകയായിരുന്നു.
ഇതായിരുന്നു നിങ്ങളുടെ കുളിമുറിയിലെ തപസ്സിൻ്റെ കാരണം ല്ലേ? എന്നിട്ട്, ആ ഊറ്റം മുഴുവൻ എൻ്റെ മേലും. എനിക്ക് നിങ്ങളോട്…….”

ക്ഷമാപണങ്ങളുടെയും കണ്ണീരിൻ്റെയും ഏറ്റുപറച്ചിലുകളുടേയും രാവ് പിന്നേയും നീണ്ടു. നന്ദിതയുടെ കൺമുന്നിൽ വച്ചുതന്നേ മെസേഞ്ചർ അൺഇൻസ്റ്റാൾ ചെയ്യപ്പെട്ടു. തെറ്റുകൾ ആവർത്തിക്കുകയില്ലെന്നും, ചെയ്ത അബദ്ധങ്ങൾക്കു മാപ്പിരന്നും അയാളവളുടെ കാൽക്കൽ വീണു കരഞ്ഞു.

“ഞാനിതിൻ്റെ പേരിൽ ഇവിടം വിട്ടുപോകില്ല. വീട്ടുകാരുടെ എതിർപ്പുകൾ അവഗണിച്ച്, ഞാൻ തന്നെ തിരഞ്ഞെടുത്ത ജീവിതമല്ലേയിത്. ഞാൻ മരിക്കുകയുമില്ല. എനിക്കെൻ്റെ മോനു വേണ്ടി ജീവിക്കണം. നിങ്ങളോടെനിക്കു പരാതിയില്ല.
ഒന്നു തീർച്ചയുണ്ട്. ജീവിതത്തിൽ നിങ്ങളുടെ അഭിരുചികളേ ഞാൻ ഒരിക്കലും നിഷേധിച്ചിട്ടില്ല. കിടക്കപ്പായിൽ, പ്രത്യേകിച്ചും.
എനിക്കു തലവേദനിക്കുന്നു. ഞാനൊന്നുറങ്ങട്ടേ, സ്വസ്ഥമായി”

നന്ദിത, കട്ടിലിൽ കയറിക്കിടന്നു.
ഏറെനേരം അവളുടെ ഏങ്ങലടികൾ ഉയർന്നുകേൾക്കുന്നുണ്ടായിരുന്നു.
എപ്പോഴോ, അതു നിലച്ചു.
അവളുടെ ഉച്ഛാസങ്ങൾ ക്രമാനുഗതമായിത്തീർന്നു. പുലരിയെത്താറായിരിക്കുന്നു.
നന്ദിത, ഉറക്കത്തിലേക്കു ആഴ്ന്നുപോയി.

ഗിരീഷ് തലയുയർത്തി നോക്കി.
നന്ദിത ചുവരരികു ചേർന്നുറങ്ങുകയാണ്.
അയാൾ ധൃതിയിൽ ഫോണെടുത്തു. ഏതോ ഫോൾഡറുകൾക്കിടയിൽ ഹൈഡ് ചെയ്തു വച്ചിരുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ട് ഓപ്പൺ ചെയ്തു. അതിലൊരു കോൺടാക്റ്റ് തിരഞ്ഞെടുത്തു.
അതിലേക്കൊരു സന്ദേശമയച്ചു.

“സബിതാ, ഞാൻ പെട്ടു പോയെടീ.
ഇനി മുതൽ ഇൻസ്റ്റഗ്രാമിൽ കാണാം ട്ടാ; അതു ഭദ്രമായി ഹൈഡ് ചെയ്യണം. ശരീട്ടാ….സമയം കിട്ടുമ്പോൾ വരാം. ലവ് യൂ”

ഗിരീഷ് ഇൻസ്റ്റഗ്രാം ക്ലോസ് ചെയ്തു. ഫോൺ തലയ്ക്കാം ഭാഗത്തു വച്ചു. നേരം പുലരാറായിരിക്കുന്നു.
വല്ലാത്തൊരു തലവേദന വേട്ടയാടുന്നു. അയാൾ പതിയേ ഉറക്കത്തിലേക്കു വഴുതിവീണു.
കട്ടിലിനു മുകളിൽ, മുഴുനിദ്രയിലും നന്ദിതയിൽ നിന്നൊരു തേങ്ങലുണർന്നു.

You may also like

Leave a Comment