കൈലാസ ഗോപുരം – ഭാഗം 43, എഴുത്ത്: മിത്ര വിന്ദ

പത്തു മണിയോട് കൂടി അമ്പലത്തിൽ പോയവർ ഒക്കെയും തിരിച്ചു എത്തി.വണ്ടിയുടെ ശബ്ദം കേട്ടതും കാശി യും പാറുവും കൂടി ഇറങ്ങി താഴേക്ക് ചെന്നു..മാളവിക ആണെങ്കിൽ പട്ടു സാരീ ഒക്കെ ചുറ്റി വലിയൊരു മാല കഴുത്തിൽ ഇട്ട് കൊണ്ട്, കാപ്പു വളകളും ഒക്കെ അണിഞ്ഞു സുന്ദരി ആയിട്ടായിരുന്നു. അവളെ നോക്കി പാറു ഒന്ന് ചിരിക്കുവാൻ ശ്രെമിച്ചു.പക്ഷെ മാളവിക മുഖം തിരിച്ചു..
അവരെ ഇരുവരെയും ഒന്ന് നോക്കുക പോലും ചെയ്യാതെ മാളവികയും സുഗന്ധി യുംകൂടി റൂമിലേക്ക് പോയത്.

അത് കണ്ടതും കാശിയെ വിറഞ്ഞു കയറി. എങ്കിലും അവൻ അത് കണ്ടതായി ഭാവിച്ചില്ല.

ഭക്ഷണം കഴിക്കാനായി ഇരുന്നപ്പോളും  അമ്മയും, പ്രിയയും ഒക്കെ മാളവികയോട് വാ തോരാതെ സംസാരിക്കുന്നുണ്ട്..

“മോളെ മാളു,,, അമ്മ ഇന്ന് പരിചയ പ്പെടുത്തി തന്ന ഒരു ആന്റി ഇല്ലേ,കരിനീല നിറം ഉള്ള പട്ടു സാരീ ഒക്കെ ഉടുത്തു വന്നാ…”

“ആഹ് ഓർക്കുന്നുണ്ട് അമ്മേ,,,, തിടപ്പള്ളി യുടെ അടുത്ത് വെച്ച് കണ്ടത് അല്ലേ….”

“ഹ്മ്മ്.. അത് തന്നെ,.. വനജ എന്നാണ് പേര്…എന്റെ ഫ്രണ്ട് ആണ് കേട്ടോ “

“മ്മ്…”

അമ്പലത്തിൽ നിന്നും ഇറങ്ങി വന്നപ്പോൾ വനജ എന്നോട് ചോദിച്ചു, മോളുടെ കഴുത്തിൽ കിടന്ന നെക്ക് ലേസ് നെ കുറിച്ചു… ഏത് ജ്വല്ലറിയിൽ നിന്നു ആണ്.. എത്ര പവൻ ഉണ്ടെന്ന് ഒക്കെ.. അവരുടെ മോളുടെ കല്യാണം ആണ്, അപ്പോൾ ആ കുട്ടിക്കും ഇന്ന് മോളുടെ ഓർണമെൻറ്സ് ഒക്കെ കണ്ടപ്പോൾ ഇഷ്ടം ആയിന്നു “

മാളവിക ആണെങ്കിൽ അത് കേട്ട് ഒന്ന് ഞെളിഞ്ഞു.

എന്നിട്ട് അങ്ങട് വിശദീകരിക്കാനും തുടങ്ങി..

കൈലാസിനും അച്ഛനും ഒക്കെ ദേഷ്യം വരുന്നുണ്ടായിരുന്നു, എങ്കിലും അവരാരും ഒന്നും പറഞ്ഞതുമില്ല കാരണം മാളവികയുടെ സ്വഭാവം കൈലാസിനു ഏറെക്കുറെ മനസ്സിലായിരുന്നു…

ഡോക്ടർ ആണെന്ന് പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല,,,ഒടുക്കത്തെ ജാടയും. സുഗന്ധി ആണെങ്കിൽ കാശിയോട് ഉടക്കുവാനായി മനഃപൂർവം തീരുമാനിച്ചു ഇറങ്ങിയിരിക്കുകയുമാണ് എന്ന് കൃഷ്ണ മൂർത്തിക്കും അറിയാം.. പിന്നെ തന്റെ മകൻ കുറച്ചു കാര്യങ്ങൾ ഒക്കെ തീരുമാനിച്ചു ഉറപ്പിച്ചത് കൊണ്ട്, സമാധാനം.. അതുകൊണ്ട് തത്കാലം ഒന്നും മിണ്ടാതെ ഇരുന്നു കളയാം.. അതാണ് മൂർത്തിയുടെ പ്ലാനും.
“എന്നിട്ടുണ്ടല്ലോ അമ്മേ….” മാളവിക വീണ്ടും പറഞ്ഞു തുടങ്ങിയതും  കാശി അത് വിലക്കി.

“പാർവതിയ്ക്ക് കേൾക്കാൻ ആണെങ്കിൽ കുറച്ചു കഴിഞ്ഞു പറഞ്ഞോളൂ ഏടത്തി, ഇവളെ ഞാൻ റൂമിലേക്ക് അയക്കാം…ഞങ്ങള് ആണുങ്ങൾക്ക് ഇത് ഒന്നും അത്രയ്ക്ക് താല്പര്യം ഇല്ല…അതുകൊണ്ട കേട്ടോ…. പിന്നെ ഇപ്പൊ എല്ലാവരും ഭക്ഷണം കഴിക്കുന്ന തിരക്കിൽ അല്ലേ…. അൽപം സമാധാനവും, സന്തോഷവും ഒക്കെ പ്രതീക്ഷിച്ചു ആയിരുന്നു,, മറ്റൊന്നും ഓർക്കല്ലേ പ്ലീസ്….”

കാശി പറഞ്ഞു നിർത്തിയതും, സുഗന്ധിയുടെ മുഖം ഇരുണ്ടും.അപമാനിത ആയത് പോലെ മൂത്ത മരുമകൾ ഇരിക്കുന്നു.

” ഇവൻ ഇങ്ങനെയൊക്കെ പറയും, നീ അതൊന്നും കാര്യമാക്കേണ്ട, ബാക്കി കൂടി പറ മോളെ…”

സുഗന്ധി പറഞ്ഞു നിറുത്തിയതും കാശിനാഥൻ ചാടി എഴുനേറ്റ് ടേബിളിനിട്ടു ഒറ്റ അടി ആയിരുന്നു..

എല്ലാവരും കുടുങ്ങി പോയി… അവന്റെ ആ ഭവമാറ്റത്തിൽ..

“ഭക്ഷണം കഴിക്കാൻ ഇരുന്നാൽ അത് കഴിച്ചിട്ട് എഴുന്നേറ്റു പോകണം, അല്ലാതെ കുശുമ്പും കുന്നായ്മ്മയും പരദൂഷണവും പറയുവാനുള്ള സ്ഥലമല്ല ഊണ് മേശ…. അതൊക്കെ അവിടെ അമ്പലത്തിൽ പോയി പറഞ്ഞോണം, പത്രാസും പദവിയും കാണിക്കുവാൻ അല്ലേ ഒരുങ്ങിക്കെട്ടി അമ്പലത്തിലേക്ക് പോകുന്നത്, അല്ലാതെ അവിടെ ഇരിക്കുന്ന ദേവി ദേവന്മാരെ തൊഴുവാനോ പ്രാർത്ഥിക്കുവാനോ ഒന്നുമല്ലല്ലോ. വിദ്യാഭ്യാസം മാത്രം ഉണ്ടായിട്ട് കാര്യമില്ല, വിവരം എന്നു പറഞ്ഞ ഒരു സാധനമുണ്ട്, എവിടെ എങ്ങനെയൊക്കെ ആളുകളോട് സംസാരിക്കണം പെരുമാറണം എന്നൊക്കെ അറിയണമെങ്കിൽ അല്പം വിവരം കൂടി വേണം,

അവനത് പറയുമ്പോൾ മുഖത്തെ പേശികൾ വലിഞ്ഞുമുറുകി. തന്റെ ദേഷ്യം എന്നിട്ടും നിയന്ത്രിക്കുവാൻ ആവാതെ അവൻ കൈ മുഷ്ടികൾ ചുരുട്ടി പിടിച്ചിരിക്കുകയാണ്. പാർവതിക്ക് ആണെങ്കിൽ കാശിയെ നോക്കുവാൻ കൂടി പേടി തോന്നി.

“250 പവൻ സ്വർണവും 25 ലക്ഷം രൂപ ബാങ്ക് ബാലൻസും ഒക്കെ കിട്ടും എന്ന് കേട്ടപ്പോൾ,നീ നിലത്തും താഴെയും ഒന്നുമല്ലായിരുന്നല്ലോ,എന്നിട്ട്, ചുളുവിൽ ഒരു പെണ്ണിനെയും കെട്ടി, അവൾക്കാണെങ്കിൽ കാൽ കാശിന് ഗതി പോലുമില്ല… എന്ത് അന്തസാടാ ഉള്ളത് നിന്റെ ഭാര്യവീട്ടുകാർക്ക്, ആരെങ്കിലും ഒന്ന് ചോദിച്ചാലോ, രണ്ടും തൂങ്ങി ചത്തു എന്ന് പറയാൻ പോലും ബാക്കിയുള്ളവർക്ക് ബുദ്ധിമുട്ടാണ്….ഒരു കാര്യം ഞാൻ ഉറപ്പു പറയാ കാശി, നിന്റെ ഉള്ളിന്റെ ഉള്ളിൽ ഇവളോട് ഒരല്പം പോലും സ്നേഹമില്ല, പിന്നെ നിവർത്തികേടുകൊണ്ട് നീ  ഇവളെ കളയാതെ കൊണ്ട് നടക്കുകയാണെന്നത് ശരിയല്ലേ ” സുഗന്ധിയ്ക്കും വിട്ടുകൊടുക്കുവാനുള്ള ഭാവമില്ലായിരുന്നു…

അത് കേട്ടതും പാർവതിയുടെ ഹൃദയം പൊട്ടി പോകും പോലെ തോന്നി.

നിറയരുതെന്ന് ശാസിച്ചിട്ടും അവളുടെ മിഴികൾ നിറഞ്ഞു തൂവി.. ” അമ്മയോട് ആരാണ് പറഞ്ഞത് ഞാൻ നിലത്തും താഴെയും അല്ലാതെ, ഭാര്യവീട്ടിലെ സ്ത്രീധന തുക കേട്ടപ്പോൾ, കണ്ണ് മഞ്ഞളിച്ചു നടന്നു എന്ന്… “

കലിപുരണ്ടു കൊണ്ട് കാശിനാഥൻ അമ്മയോട് ചോദിച്ചതും അവർക്ക് ഉത്തരമില്ലായിരുന്നു..

” ഒരു കാര്യം കൂടി ഞാൻ എല്ലാവരെയും ഒന്നുകൂടി ഓർമിപ്പിക്കുകയാണ്, ഈ നിൽക്കുന്നവളെ, പൂർണ്ണമായും എന്റെ മനസ്സിൽ അംഗീകരിച്ചുകൊണ്ടും ഇഷ്ടപ്പെട്ടു  കൊണ്ടും ആണ്, ഞാൻ താലി ചാർത്തിയത്. ഇവർക്ക് അന്തസ്സ് ഉണ്ടോ ആഭിജാത്യം ഉണ്ടോ എന്നൊന്നും ഞാൻ നോക്കിയില്ല,എന്റെ അച്ഛൻ പറഞ്ഞതിന് പ്രകാരം ഞാൻ പോയി പെണ്ണ് കണ്ടു എനിക്ക് പാർവതിയായി ഇഷ്ടമാകുകയും ചെയ്യും, കെട്ടുവാണെങ്കിൽ ഇവളെ തന്നെ ഉള്ളൂ എന്ന് ഞാൻ അന്ന് അവിടെ വെച്ച് തീരുമാനിക്കുകയും ചെയ്തിരുന്നു. അത് ഇവളുടെ വീട്ടുകാരുടെ പത്രാസ് കണ്ടിട്ടൊ, സ്ത്രീധന തുക കേട്ടിട്ട് ഒന്നുമല്ല…  എനിക്ക് പാർവതിയെ, വിവാഹം ചെയ്യുവാൻ ആഗ്രഹമുണ്ടായിരുന്നു, എനിക്ക് ചേരുന്നവൾ ആണെന്ന് തോന്നുകയും ചെയ്ത്..അത്രമാത്രം., പിന്നെ എല്ലാവരോടും കൂടി ഒരു കാര്യം കൂടി പറയുന്നു… ഈ വരുന്ന ഞായറാഴ്ച, അതായത് മറ്റന്നാള്, ഞാനും പാർവതിയുo പുതിയ വീട്ടിലേക്ക് താമസം മാറുകയാണ്… ഇവിടെയുള്ളവർക്കെല്ലാവർക്കും പാർവതിയോട് വെറുപ്പാണ്, അങ്ങനെ എന്റെ ഭാര്യയെ ഉപേക്ഷിക്കുവാൻ എനിക്ക് കഴിയില്ല, ഞങ്ങൾക്കും അല്പം സ്വസ്ഥതയും സമാധാനവും ഒക്കെ വേണം.സുഭാഷ് നഗറിൽ ഉള്ള ഒരു ഫ്ലാറ്റിലേക്ക് ആണ് പോകുന്നത്, എല്ലാം കണ്ടിഷ്ടമായി…. ഞായറാഴ്ച,  കാലത്ത് 9 30 നും പത്തിനും ഇടയ്ക്കാണ് പാല് കാച്ചൽ ചടങ്ങ്… ഇഷ്ടമുള്ളവർക്ക് വരാം”

“ഓഹ്… അപ്പോൾ എല്ലാം നീ തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞു അല്ലേ, കൊള്ളാം കേട്ടോടാ, അച്ഛനെയും അമ്മയെയും കൂടപ്പിറപ്പുകളെയും ഒന്നും വേണ്ട നിനക്ക്, പൊയ്ക്കോടാ പൊയ്ക്കോ, ഇന്നലെ വന്നവൾ ഇത്രമാത്രം നിന്നെ മാറ്റിയെടുത്തതല്ലേ, അതുകൊണ്ട് നിനക്ക് ഇഷ്ടമുള്ള സ്ഥലത്തേക്ക് നിനക്ക് സ്വസ്ഥമായി ജീവിക്കുവാനായി പോയിക്കോടാ…..”

അതും പറഞ്ഞുകൊണ്ട് സുഗന്ധി ശര വേഗത്തിൽ റൂമിലേക്ക് പോയി.

അച്ഛനെ നോക്കി ഒന്ന് കണ്ണിറുക്കിയ ശേഷം കാശി യും മുകളിലേക്ക് പോയിരിന്നു.


പാർവതി ആണെങ്കിൽ കയറി വന്നപ്പോൾ കാശി ആരെയോ ഫോൺ വിളിച്ചു കൊണ്ട് ഇരിപ്പുണ്ട്.

ഒന്ന് ഫ്രഷ് ആയി വന്ന ശേഷം അവള് മെല്ലെ ബാൽക്കണി യിലെയ്ക്ക് പോയി.

നല്ല നിലാവ് ഉണ്ടായിരുന്ന്… നക്ഷത്രങ്ങൾ എല്ലാം മിന്നി തെളിഞ്ഞു പുഞ്ചിരിയോട് കൂടി നിൽക്കുന്നത് നോക്കി അവൾ അങ്ങനെ നിന്നു. ഈ മരിച്ചു പോയവർ ഒക്കെയാണോ ഇനി നക്ഷത്രങ്ങൾ ആയി നിൽക്കുന്നത്… പണ്ട് എവിടെയോ, ആരോ പറഞ്ഞു കെട്ട മുത്തശ്ശി കഥ അവളും ഓർത്തുപോയിരുന്നു.അങ്ങനെ ആണെങ്കിൽ തന്റെ അച്ഛനും അമ്മയും ദൂരെ ദൂരെയായി കാണുന്ന വീണ്ണിലെ ഏതെങ്കിലും രണ്ട് താരകങ്ങൾ ആയി പതുങ്ങി നിൽപ്പുണ്ടാവും…എന്റെ മുന്നിലേക്ക് വരാൻ രണ്ടാൾക്കും പേടി കാണും ല്ലേ…. ഒറ്റയ്ക്ക് ആക്കി പോയപ്പോൾ രണ്ടാൾക്കും സമാധാനം ആയി കാണും,,അതുകൊണ്ട് അല്ലേ ഞാൻ ഇതോക്ക കേൾക്കേണ്ടി വന്നത്…. പാറുവിന്റെ വിഷമം കേൾക്കാൻ പോലും ആരുമില്ല…അവരുടെ ഓർമ്മകൾ, ഒരു പുഴപോലെ അവളിൽ ശാന്തമായി ഒഴുകി. നിനച്ചിരിക്കാതെ നേരത്തു, ഒരു വാക്കു പോലും ഉരിയാടാതെ,എവിടേയ്‌ക്കോ പറന്നു അകന്നു പോയില്ലേ രണ്ടാളും …

തനിച്ചു ആയി പോയത് പാറുട്ടി അല്ലേ…കാണുന്നുണ്ടോ,,, അറിയുന്നുണ്ടോ…. എന്റെ അവസ്ഥ,, അവളുടെ മിഴികൾ നിറഞ്ഞു തൂവി, കവിളിനെ തലോടിയപ്പോൾ പാറു, വിങ്ങിപ്പൊട്ടി.

തോളിൽ ഒരു കരസ്പർശം പതിഞ്ഞതും അവൾ തിരിഞ്ഞു നോക്കി. കാശ്ശിനാഥൻ ആയിരുന്നു അത്. ഒരാർത്ത നാദത്തോടെ അവന്റെ നെഞ്ചിലേക്ക് വീണു കൊണ്ടവൾ പൊട്ടിക്കരഞ്ഞു..മതിയാവോളം.

തന്റെ സങ്കടം തീരില്ലെന്ന് അറിയാം, എങ്കിലും ചായാനൊരിടവും, ചേർത്തു പിടിക്കാൻ രണ്ട് കൈകളും അവൾക്ക് അപ്പോൾ ആവശ്യമായിരുന്നു..

അത് അവനും മനസിലായിരുന്നു.

തുടരും.

Leave a Reply

Your email address will not be published. Required fields are marked *