കുറച്ചു കാലത്തിനു ശേഷം സൂപ്പർമാർകെറ്റിൽ വച് അവളെ കണ്ടു . സോഷ്യൽ മീഡിയയിൽ ഒന്നും അവളുടെ ഫോട്ടോസ് അടുത്തൊന്നും കണ്ടിട്ടില്ലാത്ത കൊണ്ട് എനിക്കവളെ മനസിലാക്കി എടുക്കാൻ കുറച്ചു സമയം എടുത്തു…

by pranayamazha.com
70 views

നിഴലാകുന്നവർ..

Story written by Susmitha Subramanian

” എന്തുവാടേ അബ്സെറ്റ് ആയിട്ട് ഇരിക്കുന്നത് ? “

കെട്ടിയോൻ വളരെ വിഷമത്തോടെ ഇരിക്കുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു . ഞങ്ങൾ തമ്മിൽ പ്രായവ്യത്യാസമൊന്നുമില്ല . അതുകൊണ്ട് തന്നെ തെറി ഒഴികെ എത്തും വിളിക്കാനുള്ള അവകാശവും ഉണ്ട് ..എന്റെ നേരെ നീട്ടിയ ഫോണിലെ മെസ്സേജ് ഞാൻ നോക്കി .

‘ എടാ , നീ ചേട്ടായിയെ പേര് വിളിച്ചത് പുള്ളിക്കാരന് ഇഷ്ടമായില്ല . അളിയാ എന്നോ ചേട്ടായിയെന്നോ വിളിക്കാമായിരുന്നല്ലോ .’ അഞ്ജിതയുടെ മെസ്സേജ് ആയിരുന്നു .

അവൾ, പത്തുവരെ എന്റെ കെട്ടിയോന്റെയും പ്ലസ്‌ടു എന്റെ കൂടെയും പഠിച്ചിരുന്നവൾ .ഞങ്ങളുടെ വിവാഹത്തിന് ശേഷമാണ് അവൾ ഞങ്ങൾ രണ്ടുപേരുടെയും സഹപാഠിയായിരുന്നു എന്നറിയുന്നത് . അവളുടെ പ്രണയ വിവാഹം ആയിരുന്നു . ഒരേ ഫേമിൽ ജോലി ചെയ്യുന്നവർ കണ്ടിഷ്ടപ്പെട്ടു വിവാഹം കഴിച്ചു . അതിനു ശേഷം അവളുടെ കുട്ടിക്ക് ഒരു വയസു കഴിഞ്ഞപ്പോൾ ആണ് അവളെ ഓൺലൈനിൽ കാണുന്നത് .

” ഞാൻ അവളുടെ കെട്ടിയോൻ അല്ലെ എന്നോർത്തു ‘ അമൽ എന്തിയെടി ‘ എന്നൊന്ന് ചോദിച്ചു പോയി . അവളുടെ കെട്ടിയോൻ ആണ് ആ മെസ്സേജ് കണ്ടത് . അങ്ങേർക്ക് അതിനും മാത്രം പ്രായമുണ്ടെന്ന് തോന്നാത്തത് കൊണ്ടാണ് ഞാൻ പേര് വച്ചു തന്നെ ചോദിച്ചത് . ഒരു കാര്യോം ഇല്ലായിരുന്നു . “

” നിസാര കാര്യം, വിട്ടു കള. അല്ലേലും പ്രായത്തിനു മൂത്തവരെ പേര് വിളിക്കാതെ ബഹുമാനിച്ചൂടെടോ . ഇതും പറഞ്ഞു ഇവിടെ ഇരിക്കാതെ വന്നേ . അടുക്കളയിൽ ഇഷ്ടം പോലെ പണിയുണ്ട് . “
ഞങ്ങൾ അടുക്കളയിലേയ്ക്ക് നടന്നു . ആളുടെ പാചകം വളരെ മോശമാണെങ്കിലും പച്ചക്കറി അരിഞ്ഞു തരിക , പത്രം കഴുകുക , മുറ്റം വൃത്തിയാക്കുക , തുണി കഴുകി ഇടുക , ബാത്രൂം ക്‌ളീനിംഗ് തുടങ്ങി ബാക്കിയുള്ള സകല പണികളും ചെയ്യും. അതുകൊണ്ട് ജോലിക്കുപോകുമ്പോൾ സുഖമാണ്. വീടും എപ്പോഴും വൃത്തിയായിട് ഇരിക്കും.

അന്ന് ഞങ്ങളുടെ സംസാരം അഞ്ജിതയെ കുറിച്ചായിരുന്നു. നല്ല രീതിയിൽ പഠിച്ചു ഞങ്ങളെക്കാൾ ഒക്കെ ആദ്യം ജോലിവാങ്ങിയവൾ . ഇഷ്ടപെട്ട ആളെ തന്നെ വീട്ടുകാർ വിവാഹം കഴിപ്പിച്ചു . പക്ഷെ അതോടു കൂടി അവൾ ജോലിക്കു പോകുന്നത് വേണ്ടെന്നു വച്ചു. വീട്ടിൽ അമ്മായിഅമ്മ ഒറ്റയ്ക്കാകുമെന്നു പറഞ്ഞു ജോലി വേണ്ടെന്നു വപ്പിച്ചതാണ് എന്ന് കേട്ടു. ഇടയ്ക്കൊക്കെ അവളുടെ ഭർത്താവിന് ജോലിയിൽ ഉയർച്ച ഉണ്ടാകുന്നതും അവാർഡുകൾ വാങ്ങുന്നതുമെല്ലാം സോഷ്യൽ മീഡിയ വഴി അറിയുമ്പോൾ ഞങ്ങൾ പരസ്പരം ചോദിക്കാറുണ്ട് ” ഇവളും ഇതേ ജോലി തുടർന്നിരുനെങ്ങിൽ ജോലിയിൽ പ്രമോഷൻ ഒക്കെ വാങ്ങേണ്ട സമയം ആയല്ലോ” എന്ന് .
” അവൾക്കില്ലാത്ത വിഷമം നമ്മൾക്കെന്തിനാ. ” എന്ന് സ്വയം സമാധാനിക്കുകയും ചെയ്യും .

ഇലെക്ഷൻറെ സമയത് അവിടെ ജയിച്ചൊരു സ്ഥാനാർത്ഥിയെ കുറിച്ച് ഞാൻ വിമർശിച്ചു പറഞ്ഞത് അവളുടെ കെട്ടിയോൻ ആണ് കാണുന്നതും മറുപടി നൽകിയതും . ” നേരിട്ട് അറിയാത്ത ആളെ കുറിച്ച് മിണ്ടാതെ ഇരിക്കുക . എനിക്ക് നേരിട്ട് അറിയുന്ന ആളാണ് . ” നല്ല കളിപ്പിച്ചുള്ള വോയിസ്‌ മെസ്സേജ്.

ഞാൻ അയ്യടാ എന്നായി പോയി . എറണാകുളത് ഉള്ള എനിക്ക് ഇവിടെ മത്സരിക്കുന്നവരെ കുറിച്ച് തന്നെ കേട്ടുള്ള അറിവും അവർ ഇവിടെ ചെയ്ത കാര്യങ്ങളെ കുറിച്ചുള്ള അറിവുമൊക്കെയേ ഉള്ളൂ . ഇടയ്ക്ക് റോഡിൽ വച്ചു കണ്ടിട്ടുണ്ടെങ്കിലും നേരിട്ടുള്ള പരിചയം ഒന്നുല്ല. പിന്നെയാണ് പത്തുനൂറ് കിലോമീറ്റർ അപ്പുറത്തുള്ള ആളെ ! അല്ലേലും ഈ വിമർശിക്കുന്നവർ ഒക്കെയും നേരെ പരിചയം ഉള്ളവരെ മാത്രമേ വിമർശിക്കൂ ? സിനാമാ ആയിട്ട് ബന്ധം ഉള്ളവർ മാത്രം സിനിമയെ വിമർശിക്കാൻ പാടുള്ളൂ എന്ന് പറയുന്നത് പോലെ . ഒന്നിലെങ്കിലും എനിക്കൊരു വോട്ട് ഇല്ലേ .. ഞാൻ പത്രം വായിക്കുന്നില്ല , ന്യൂസ് കാണുന്നില്ലേ , ചർച്ചകളിൽ പങ്കെടുക്കുന്നില്ല അപ്പൊ എനിക്ക് വിമർശിക്കാൻ ഉള്ള അവകാശമില്ലേ ?

മറുപടി കൊടുക്കുന്നതിനു മുൻപ് ഞാൻ പുള്ളിയുടെ പ്രൊഫൈൽ എടുത്ത് നോക്കി . ഞാൻ വിമർശിച്ച ആളുടെ കട്ട പാർട്ടി പ്രവർത്തകൻ . പറഞ്ഞിട് കാര്യമില്ല എന്നറിയുന്നത് കൊണ്ട് ഒന്നും മിണ്ടാൻ പോയില്ല . അല്ലെങ്കിലും തല്ലുപിടിക്കാൻ എനിക്ക് സമയോം ഉണ്ടായിരുന്നില്ല . അന്ന് ഞാൻ ചിന്തിച്ചതാണ് ഒരു അഭിപ്രായം പറഞ്ഞപ്പോൾ ഇത് വരെ കാണാത്ത എന്നോടിങ്ങനെ , അങ്ങേരുടെ നേരെ എതിർ പാർട്ടി ആയിരുന്ന അഞ്ജിതയെ അങ്ങേരു പാർട്ടി മാറ്റികാണുവല്ലോ എന്ന് .

” എന്താടി നിന്നെ കല്യാണത്തിന് കൊണ്ടോയില്ലേ ? ” അതുപിന്നെ വളരെ കുറച്ചു പേരെ വിളിച്ചുള്ളൂ , അതുകൊണ്ട് ഞാൻ പോയില്ല . “

” ചേട്ടന്റെ ട്രിപ്പിന്റെ ഫോട്ടോ കണ്ടല്ലോ . നീ പോയില്ലേ ? ” ” അതുപിന്നെ കുഞ്ഞില്ലെടി . “

” നീയെന്താ ഓണത്തിന് വീട്ടിൽ പോയില്ലേ ? ” അപ്പൊ ‘അമ്മ ഒറ്റയ്ക്കാവില്ലെടി . അമ്മയ്ക്കാണെങ്കിൽ വീടുവിട്ട് എങ്ങും വന്നു നിൽക്കാനും ഇഷ്ടമില്ല . “

” നിനക്കു എങ്ങോട്ടും പോകണ്ടേ അപ്പൊ ?” ” എനിക്ക് പിടിപ്പത് ഉത്തരവാദിത്തം ഉണ്ടെടി . “

ഇങ്ങനെ വല്ലപ്പോഴും ഉള്ള മെസ്സേജിൽ ഞങ്ങളുടെ ബന്ധം ചുരുങ്ങി പോയി . ഒരിക്കലും അവൾ അവളുടെ ചേട്ടനെയോ വീട്ടുകാരെയോ കുറ്റം പറഞ്ഞിട്ടില്ല .

കുറച്ചു കാലത്തിനു ശേഷം സൂപ്പർമാർകെറ്റിൽ വച് അവളെ കണ്ടു . സോഷ്യൽ മീഡിയയിൽ ഒന്നും അവളുടെ ഫോട്ടോസ് അടുത്തൊന്നും കണ്ടിട്ടില്ലാത്ത കൊണ്ട് എനിക്കവളെ മനസിലാക്കി എടുക്കാൻ കുറച്ചു സമയം എടുത്തു . ഒരു കസേരയിൽ ഫോണിൽ കളിച്ചുകൊണ്ട് അവളുടെ കുഞ്ഞും , അടുത്ത് തന്നെ അവളും . പരസ്പരം കണ്ട സന്തോഷത്തിൽ എന്തൊക്കെയോ സംസാരിച്ചു .

” നിനക്കൊന്നും വാങ്ങാനില്ലെ ? നീ എന്താ ഇവിടെ ഇരിക്കുന്നെ ? “

” അമ്മയും ചേട്ടനും കൂടി പോയി വാങ്ങുന്നുണ്ട് . എന്റെ ശ്രദ്ധതെറ്റിയാൽ ഇവൻ ഓടികളയും . “

ഞങ്ങൾ രണ്ടുപേരും തമ്മിൽ തമ്മിൽ നോക്കുന്നത് കൊണ്ട് അവൾ പെട്ടെന്ന് പറഞ്ഞു . ” നിങ്ങൾ വീട്ടിലേയ്ക്കു വരണം . ഞങ്ങളുടെ നാട്ടിൽ വന്നിട് വീട്ടിൽ കയറാതെ പോയാലോ . “

” സമയമില്ലഡി , പറഞ്ഞില്ലേ ചേച്ചിടെ കൊച്ചിന്റെ പരിപാടിക്ക് വന്നതാണ് . ഇനി ഒരിക്കൽ ആവട്ടെ . “

അവളുടെ ചേട്ടനെ കാണാതിരിക്കാൻ വേണ്ടിയാണ് അങ്ങനെ പറഞ്ഞത്. അങ്ങേരോടെന്തോ ഞങ്ങള്ക്ക് വല്ലാത്തൊരു ദേഷ്യം മനസ്സിൽ തോന്നി പോയി.

അവളോട് യാത്രയും പറഞ്ഞു തിരിച്ചു പോരുമ്പോൾ ഞാൻ പരിഭവിച്ചു . ” എന്നാലും ഇങ്ങനെ നടന്ന കൊച്ചാ. കല്യാണം കഴിഞ്ഞുള്ള അടിച്ചു പൊളി ജീവിതത്തെ കുറിച്ചൊക്കെ പറഞ്ഞോണ്ടിരുന്നവൾ . ഇപ്പൊ ഇഷ്ടങ്ങളും ഇല്ല ഇഷ്ടക്കേടുകളുമില്ല . എന്തോന്ന് കെട്ടിയോനാ അവളുടെ. “

” അവളായിട്ട് കണ്ടുപിടിച്ച മരകുരിശായി പോയില്ലേ ചുമന്നല്ലേ പറ്റൂ . ” ഈ അടുത്ത് കണ്ട സിനിമയിലെ ഡയലോഗ് ഓർത്തുകൊണ്ടാണെന്നു തോനുന്നു എന്റെ ആൾ അങ്ങനെ പറഞ്ഞത് .

” എന്തായാലും എനിക്ക് കിട്ടീത് ചെറിയ പൊന്നും കുരിശായത് നന്നായി . ” ഞാൻ പറഞ്ഞു .

അവളുടെ കാര്യത്തിൽ എനിക്ക് സങ്കടം തോന്നിയെങ്കിലും ആ നിമിഷം എനിക്ക് വല്ലാത്ത സന്തോഷം തോന്നി . ഹൃദയം സിനിമയിലെ സെക്കന്റ് ഹാഫിലെ പ്രണവിനെ പോലൊരു അല്ല അതിലും നല്ലൊരു കെട്ടിയോനെയാണല്ലോ എനിക്ക് കിട്ടിയതെന്നോർത്ത് .

ഞാൻ അതൊക്കെ ഇങ്ങനെ ആലോചിച്ച് പുളകം കൊണ്ടിരിക്കുമ്പോൾ ആൾ തമാശയായി പറഞ്ഞു . ” നിനക്കും അതുപോലൊരു കെട്ടിയോൻ മതിയായിരുന്നു . ഭാര്യയെ വരച്ച വരയിൽ നിർത്തുന്നവൻ . “

പിന്നെ എന്തോ ഓർത്തിട്ടെന്നപോലെ പറഞ്ഞു . ” ആരായാലും ആർക്കുവേണ്ടിയായാലും സ്വന്തം ഇഷ്ടങ്ങളൊന്നും മാറ്റിവെച്ചു ജീവിക്കരുത് . ആഗ്രഹങ്ങൾ ഇല്ലാത്ത മനുഷ്യർ ജീവനുള്ള ജഡം പോലെയാണല്ലെടി . “

” സാധിക്കാൻ കഴിയുന്ന ആഗ്രഹങ്ങൾ ഉണ്ടായിട്ടും മറ്റുള്ളവരെ പേടിച്ചു സാധിക്കാൻ പറ്റാത്ത മനുഷ്യരോ ? “

അതിനുത്തരം കിട്ടിയില്ലെങ്കിലും ഞാൻ ഓർക്കുകയായിരുന്നു നല്ലപാതിയായിട്ടു ജീവിതത്തിലേയ്ക്ക് കടന്നു വരുന്ന ആൾക്ക് നമ്മുടെ ഇഷ്ടങ്ങൾ ഒന്നും മനസിലാക്കാൻ പറ്റിയില്ലെങ്കിൽ ജീവിതം തന്നെ എത്ര കണ്ടു വിരസമായി പോകുമല്ലേ എന്ന് . അപ്പോൾ എനിക്ക് ചുറ്റുമുള്ള ചിലരെല്ലാം എന്തുകൊണ്ടോ നിലം തൊടാതെ പറക്കുന്നത് പോലെ തോന്നി എനിക്ക് , ഗതികിട്ടാതെ ആത്മാക്കളെ പോലെ ..

You may also like

Leave a Comment