ഒറ്റ നോട്ടത്തിൽ മുറ്റത്തെ ഇരുട്ടിൽ നിൽക്കുന്നത് തന്റെ താലിയുടെ ഉടമസ്ഥനല്ല എന്നവൾക്ക് മനസിലായി…

by pranayamazha.com
7 views

കു-ടി-യ-ന്റെ ഭാര്യ

രചന: രേഷ്മ രവീന്ദ്രൻ

::::::::::::::::::::::

“ഇവിടെ രാത്രി വരത്ത്‌ പോക്ക് ഒക്കെയുണ്ട് രാജേട്ടാ…ഇന്നലെ രാത്രി ആണുങ്ങൾടെ ശബ്ദം ഞാൻ കേട്ടതാ…മുകളിലെ നിലയിൽ രാത്രി മുഴുവൻ പാട്ടും ബഹളവും ആയിരുന്നു….ഈ സ്ത്രീ ആളു ശരിയല്ല. നമുക്ക് ഇവരുടെ വീട് വേണ്ട ഏട്ടാ…വേറെ എവിടെയെങ്കിലും വാടക വീട് നോക്കാം…”

“പ്-ഫാ…ക-ഴു-വേ*&%ടെ മോളെ…നിന്റെ തന്ത കണ്ട് വെച്ചിട്ടുണ്ടോ വേറെ വാടക വീട്?”

“ഇന്നത്തെ കാലത്ത് വേറെ എവിടെയെങ്കിലും വെറും ആയിരം രൂപയ്ക്ക് വീട് കിട്ടുവോ…? ദേവമ്മ പാവമായത് കൊണ്ട് അവരുടെ ഈ ഔട്ട്‌ഹൗസ് നമുക്ക് കുറഞ്ഞ തുകയ്ക്ക് തന്നത്. എന്നിട്ട് അവരെ കുറിച്ച് തന്നെ അനാവശ്യം പറയുന്നോ…?”

ബിന്ദുവിന്റെ യാചനയോടെയുള്ള അപേക്ഷ കേട്ട് രാജൻ ഉറഞ്ഞു തുള്ളി.

“എല്ലാം നിങ്ങടെ ക-ള്ള് കുടി കാരണം അല്ലെ ഏട്ടാ, ഇത് എത്രാമത്തെ വീടാണ് മാറുന്നത് എന്നറിയോ?? നിങ്ങടെ ഈ നശിച്ച കുടി കാരണം ഒരിടത്തും അധിക നാൾ താമസിക്കാൻ പറ്റുന്നില്ല. ഇങ്ങനെയാണെങ്കിൽ എന്റെ മോൾക്ക് വിഷം കൊടുത്തു ഞാനും മരിക്കും…”

അഞ്ച് വയസ്സുള്ള മകൾ നന്ദനയെ ചേർത്തു പിടിച്ചു ബിന്ദു പൊട്ടിക്കരഞ്ഞു.

“ത്ഫൂ…എരണം കെട്ടവളെ…എല്ലാം എന്റെ കുറ്റം ആണെന്നോ…നീ മരിക്കണ്ട…ഞാൻ തന്നെ കൊന്നോളാം.”

പറഞ്ഞു തീർന്നതും കയ്യിലിരുന്ന മ-ദ്യ കുപ്പി രാജൻ ബിന്ദുവിന്റെ നേരെ ആഞ്ഞെറിഞ്ഞു. ഒഴിഞ്ഞു മാറാൻ കഴിയുന്നതിന് മുൻപ് ആ കുപ്പി ബിന്ദുവിന്റെ തിരുനെറ്റിയിൽ തന്നെ പതിച്ചു…

“അമ്മേ….”

വേദനയോടെ നെറ്റിയിൽ കയ്യമർത്തി അവൾ നിലത്തേക്കിരുന്നു. നെറ്റിയിൽ നിന്ന് രക്തം മുഖമാകെ പടർന്നു…അത് കണ്ടതും കുഞ്ഞ് നന്ദന പേടിയോടെ കരഞ്ഞു കൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചു കൊണ്ട് ഭീതിയോടെ അച്ഛനെ നോക്കി…

രാജൻ അപ്പോഴേക്കും നിലത്തുറയ്ക്കാത്ത കാലുകളോടെ ബിവറെജ് ലക്ഷ്യമാക്കി നടന്നു തുടങ്ങിയിരുന്നു….

******************

വാതിലിൽ ആരോ ശക്തിയായി തട്ടുന്ന ശബ്ദം കേട്ടാണ് ബിന്ദു ഞെട്ടിയുണർന്നത്. അഴിഞ്ഞുലഞ്ഞ മുടി വാരികെട്ടി അവൾ ചുവരിലെ ക്ലോക്കിലേയ്ക്ക് നോക്കി.

അവളുടെ കണ്ണുകൾ കരഞ്ഞു വീർത്തിരുന്നു. പനിക്കിടക്കയിൽ നിന്ന് എണീറ്റത് പോലെ അവളുടെ മുഖമാകെ വിളറി വെളുത്തിരുന്നു. സമയം ഒൻപതു കഴിഞ്ഞു. വീണ്ടും വാതിലിൽ തുടർച്ചയായ മുട്ട് കേൾക്കാം…ആ ശബ്ദം കേട്ട് അമ്മയോടൊപ്പം ഉറങ്ങി കിടന്നിരുന്ന കുഞ്ഞ് നന്ദനയും ഉണർന്നിരുന്നു.

“ആരാ അമ്മേ ഈ രാത്രി?? അച്ഛൻ ആയിരിക്കുവോ??”

മകളുടെ ചോദ്യം കേട്ട് ബിന്ദു ഒരു നിമിഷം നിശബ്ദമായിരുന്നു. അതിന് ശേഷം തലയിണയ്ക്കടിയിൽ വെച്ചിരുന്ന വാക്കത്തി കയ്യിലെടുത്തു…

“മോള് ഇവിടെ ഇരുന്നോ.. അമ്മ നോക്കിയിട്ട് വരാം…”

നന്ദനയെ ഒന്ന് മാറോട് ചേർത്തു ആ നെറ്റിയിൽ ഒരുമ്മ നൽകിയതിന് ശേഷം ഉറച്ച ചുവടുകളോടെ ബിന്ദു വാതിലിന് നേരെ നടന്നു. വീണ്ടും വാതിലിൽ ശക്തിയായ മുട്ട്…ബിന്ദു ഒരു നിമിഷം അനങ്ങാതെ നിന്നു. കറുത്ത ചരടിൽ കോർത്തിട്ടിരിക്കുന്ന, അവളുടെ ശരീരത്തിലെ അവസാനത്തെ പൊന്ന്…താലി…ആ താലിയിൽ ഒന്ന് മുറുകെ പിടിച്ചു. അതിന് ശേഷം അവൾ വാതിൽ തുറന്നു.

ഒറ്റ നോട്ടത്തിൽ മുറ്റത്തെ ഇരുട്ടിൽ നിൽക്കുന്നത് തന്റെ താലിയുടെ ഉടമസ്ഥനല്ല എന്നവൾക്ക് മനസിലായി.

“ആരാ അവിടെ? എന്ത് വേണം?”

ഉറച്ച ശബ്ദത്തിൽ മുന്നിലെ രൂപത്തെ നോക്കി അവൾ ചോദിച്ചു. ആ ചോദ്യം കേട്ട് ആ രൂപം അവളുടെ മുന്നിലേയ്ക്ക് വന്നു. ഉമ്മറത്തെ സീറോ ബൾബിന്റെ മങ്ങിയ വെളിച്ചത്തിൽ ആ രൂപം അവൾ കണ്ടു. വില കൂടിയ സിൽക്ക് ജുബ്ബയ്ക്കുള്ളിലെ തടിച്ച ശരീരമിളക്കി അയാൾ അവളെ നോക്കി ചിരിച്ചു. ചിരിച്ചപ്പോൾ വെറ്റില കറ പുരണ്ട പല്ലുകൾ കണ്ടതും അവൾക്ക് ഓക്കാനം വന്നു. അവൾ ആ മുഖം വെറുപ്പോടെ ഓർത്തെടുത്തു.

മുകളിലെ ദേവമ്മയുടെ സ്ഥിരം സന്ദർശകനായ തമിഴൻ. അറിയാതെ രണ്ട് തവണ അയാളുടെ കണ്മുന്നിൽ പെട്ടപ്പോൾ കണ്ണുകൾ കൊണ്ട് ശരീരം കൊത്തി പറിച്ച കഴുകൻ…

“എന്ത് വേണം?”

അവഞ്ജയോടെ അവൾ ചോദിച്ചു. അയാൾ അവളെ അപ്പോഴും ആർത്തിയോടെ നോക്കുകയായിരുന്നു.

“അമ്മാ… അത്…..അത് വന്ത് എനക്ക് ഉങ്കളെ ഉറുഞ്ചി കുടിക്കതുക്ക് റൊമ്പ ആശയായിരിക്ക്അവളെ നോക്കി പറഞ്ഞു കൊണ്ട് അയാൾ പതിയെ അവളുടെ അരികിൽ വാതില്പടിയോളം എത്തി. ആ മങ്ങിയ വെട്ടത്തിൽ അവളെ ആകമാനം ആർത്തിയോടെ അയാൾ നോക്കവേ അവൾ വാക്കത്തിയിലെ പിടി ഒന്ന് കൂടി മുറുക്കി.

“അമ്മാ.. നാൻ ഉള്ളെ വരട്ടുമാ?”

നാവ് കൊണ്ട് ചുണ്ടിൽ നനച്ചു അവളെ വഷളൻ ചിരിയോടെ നോക്കി കൊണ്ട്, വാതിൽ പടിയിൽ നിന്ന അവളെ തൊട്ട് തൊട്ടില്ല എന്ന വിധം അയാൾ പതിയെ അകത്തേയ്ക്ക് നൂണ്ട് കയറി. അവൾ വാതിലടഞ്ഞു നിന്ന് കൊണ്ട് അയാളെ നോക്കി.

അയാൾ അവളെ വശ്യമായ ചിരിയോടെ അവളുടെ അരികിലേക്ക് വന്നു അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി…പെട്ടന്ന്…അവൾ കയ്യുയർത്തി അയാളുടെ കരണം പുകയുന്ന ഒരടി കൊടുത്തു…

ശബ്ദം കേട്ട് അപ്പുറത്തെ റൂമിൽ ഇരുന്ന നന്ദന മോൾ ഓടി വന്നു ബിന്ദുവിനെ മുറുകെ പിടിച്ചു…

“ചെറ്റേ….ഇനി മേലാൽ ഈ മുറ്റത്ത്‌ കാല് കുത്തിയാൽ ആ കാല് ഞാൻ അരിയും…”

കവിളിൽ കയ്യമർത്തി അവളെ തന്നെ അമ്പരപ്പോടെ നോക്കുന്ന അയാളുടെ നേരെ അവൾ ചീറി…

“എവ്വളവ് ധൈര്യം ഇരുന്തിട്ടാ ഉനക്ക് എൻ മേലെ കൈവെക്കതുക്ക്. ഉന്നെ നാൻ വിടമാട്ടെ…”

ഒരു നിമിഷത്തെ മരവിപ്പിന് ശേഷം അയാൾ അവളുടെ നേരെ തിരിഞ്ഞു. പെട്ടന്ന് പിന്നിൽ മറച്ചു വെച്ചിരുന്ന വാക്കത്തി എടുത്തു അവൾ ആഞ്ഞു വീശി. മൂർച്ചയുള്ള വാക്കത്തിയുടെ അറ്റം അയാളുടെ രോമാവൃതമായ നെഞ്ചിൽ നീളമുള്ള ചുവന്ന രേഖ സൃഷ്ടിച്ചു.“അമ്മാ…കടവുളേ….”

നെഞ്ചു പൊത്തി പിടിച്ചു അലറി കൊണ്ട് അയാൾ പുറത്തേയ്ക്ക് ഓടുന്നത് കണ്ട അവൾ വാതിൽ ചേർത്തടച്ചു. കിതപ്പോടെ മകളെ ചേർത്തു പിടിച്ചു വെറും നിലത്ത് അവൾ ഇരുന്നു. കുഞ്ഞ് നന്ദന അമ്മയോട് ചേർന്നിരുന്നു. അവളെ ചേർത്തു പിടിക്കുന്നതിനോടൊപ്പം മറു കയ്യിൽ അവൾ ആ വാക്കത്തി മുറുകെ പിടിച്ചിരുന്നു.

“എന്തിനാ അമ്മാ ഈ കത്തി…?” മകളുടെ ചോദ്യം കേട്ട് ബിന്ദു ഒരു നിമിഷം മിണ്ടാതിരുന്നു. അപ്പോഴും തന്റെ മുഖത്തേയ്ക്ക് ഉറ്റു നോക്കുന്ന നന്ദനയുടെ കണ്ണുകളിലേയ്ക്ക് അവൾ നോക്കി.

“ഈ വാക്കത്തി ഇനിയും ആവശ്യം വരും മോളെ…യേശു ക്രിസ്തുവിനെ മുപ്പത് വെള്ളി കാശിന് ഒറ്റു കൊടുത്ത യൂദാസിന്റെ കഥ അമ്മ പറഞ്ഞു തന്നിട്ടില്ലേ….?” ബിന്ദുവിന്റെ ചോദ്യം കേട്ട് ഒന്നും മനസ്സിലാവാതെ നന്ദന അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി.

“ആ യൂദാസിന് ഇപ്പോൾ മോൾടെ അച്ഛന്റെ മുഖമാണ്. മുപ്പത് വെള്ളിക്കാശിന് ഇപ്പോൾ പകരം മദ്യം…”

“അപ്പൊ യേശു ക്രിസ്തുന് ആരുടെ മുഖമാ അമ്മേ….?”

കുഞ്ഞ് നന്ദനയുടെ ചോദ്യത്തിന് മറുപടിയായി ബിന്ദു മറുപടി പറഞ്ഞില്ല. പകരം നിറം മങ്ങിയ ചുവരിൽ തൂക്കിയിട്ടിരുന്ന പൊട്ടിയ ചെറിയ കണ്ണാടിയിലെ സ്വന്തം പ്രതിബിംബത്തെ നോക്കി.

നന്ദനയുടെ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു കണ്ണാടിയിൽ തെളിഞ്ഞ അവളുടെ അമ്മയുടെ പ്രതിബിംബം..

You may also like

Leave a Comment