അപൂർവരാഗം…
രചന: സൂര്യകാന്തി
::::::::::::::::::::::::
പ്രസാദവുമായി ശ്രീകോവിലിനുള്ളിൽ നിന്ന് പുറത്തേക്കിറങ്ങി നടക്കുമ്പോഴാണ് ആൽത്തറയിൽ ഇരിക്കുന്ന ആളെ കണ്ടത്.
ഹരിയേട്ടൻ…
കണ്ടിട്ടും കാണാത്ത പോലെ മുഖം വീർപ്പിച്ചു നടക്കുമ്പോൾ കേട്ടു. മീരാ…എന്നിട്ടും നിന്നില്ല, പുറകെ ഉണ്ടാവുമെന്ന് ഉറപ്പുള്ളത് കൊണ്ടാണ് ഇടവഴിയിലൂടെ തിരിഞ്ഞു നോക്കാതെ മെല്ലെ നടന്നത്.
ദേ പെണ്ണേ ഞാനെന്റെ പാട് നോക്കി പോവൂട്ടോ…പിടിച്ചു നിറുത്തിയത് പോലെ അവൾ നിന്നു. മൂക്കത്താണ് ശുണ്ഠി. ഹരി അവൾക്കു മുൻപിലെത്തി ഒരു ചിരിയോടെ കൈ കെട്ടി നിന്നു. പരിഭവം നിറഞ്ഞ മീരയുടെ മുഖം അവൻ നോക്കി നിന്നു.
എവിടെയായിരുന്നു ഹരിയേട്ടൻ, ഞാൻ എത്ര ടെൻഷൻ അടിച്ചൂന്നറിയോ, എവിടെ പോയീന്ന് ആർക്കും അറിയില്ല, വീട്ടിൽ പോയപ്പോൾ പൂട്ടിയിട്ടിരിക്കുന്നു. അവളുടെ പരിഭവങ്ങൾ കേട്ടു കൊണ്ടു തന്നെ ഹരി അവൾക്കു നേരേ ഒരു കവർ നീട്ടി.
തെല്ലൊരു സംശയത്തോടെ അവനെ നോക്കികൊണ്ടു അവൾ കവർ തുറന്നു. സന്തോഷം കൊണ്ടു ആ കണ്ണുകൾ വിടരുന്നത് കൗതുകത്തോടെ നോക്കി നിൽക്കുകയായിരുന്നു ഹരി ഗോവിന്ദ്.
സത്യം…? ഹരി തലയാട്ടിക്കൊണ്ട് പറഞ്ഞു…ഇതിനു വേണ്ടിയുള്ള ഓട്ടപാച്ചിലിൽ ആയിരുന്നു പെണ്ണേ…ട്രെയിനിങ് മുസൂറിയിലാണ് അത് കഴിഞ്ഞു ഞാൻ വരും. ഹരിഗോവിന്ദ് ഐ എ എസ് ആയിട്ട്, മേലേപ്പാട്ട് കൃഷ്ണമേനോന്റെ മകളെ പെണ്ണ് ചോദിക്കാൻ…
അവളുടെ കണ്ണുകളിലേക്ക് നോക്കി ഹരി ചോദിച്ചു…തരുമോ നിന്റെ അച്ഛൻ നിന്നെ എനിക്ക്…?
അച്ഛന് ഇപ്പോൾ ഹരിയേട്ടനെ നല്ല മതിപ്പാണ്. ഇത്രേം കഷ്ടപ്പെട്ട് പഠിച്ചു ഒരു നിലയിലായില്ലേ, ഗുരുത്വമുള്ളവനാന്നൊക്കെ അമ്മയോട് പറയുന്നത് കേട്ടിട്ടുണ്ട്.
അച്ഛൻ സമ്മതിച്ചില്ലെങ്കിൽ…?
മീരയുടെ ജീവിതത്തിൽ ഹരി ഗോവിന്ദ് മാത്രമേ ഉണ്ടാവൂ…ഹരിയുടെ ചിരിയിൽ മീരയുടെ മിഴികൾ താഴ്ന്നു.
കളിക്കൂട്ടുകാരനോടുള്ള സ്നേഹം കൗമാരത്തിലെപ്പോഴോ പ്രണയമായി മാറുന്നതറിഞ്ഞത് മുതൽ ഹരിയേട്ടൻ എതിർത്തതാണ്. പ്രതാപിയായ കൃഷ്ണമേനോന്റെ മകൾക്ക് ജോലിക്കാരി ദേവകിയുടെ മകൻ ചേരില്ലയെന്ന് പറഞ്ഞു ഒഴിഞ്ഞു മാറാൻ തുടങ്ങിയതാണ്. വിടാതെ പിന്തുടർന്നത് താനായിരുന്നു.
പിന്നെ തന്നെ കണ്ടാൽ മിണ്ടാതെ മുഖം തിരിച്ചു നടക്കാൻ തുടങ്ങി. വായനശാലയിലും വീട്ടിലുമെല്ലാം പിറകെ നടന്നു, ആ മനസ്സിലെവിടെയോ തന്നോട് ഒളിപ്പിച്ചു വെച്ച സ്നേഹം പുറത്തെടുപ്പിച്ചപ്പോൾ ലോകം കീഴടക്കിയതു പോലെയായിരുന്നു. ചെറുപ്പത്തിലേ അച്ഛൻ നഷ്ടപെട്ടത് കൊണ്ടു പഠിത്തത്തോടൊപ്പം പല ജോലികളും ചെയ്തു അമ്മയെ സഹായിക്കുന്ന ആ മകനോട് ആരാധന കൂടെയുണ്ടായിരുന്നു.
തന്റെ കോളേജിൽ ഗസ്റ്റ് ലക്ച്ചറർ ആയി ജോലി കിട്ടിയെന്നറിഞ്ഞാണ് അന്ന് ഹരിയേട്ടന്റെ വീട്ടിലെത്തിയത്. ദേവുമ്മയ്ക്കും കാര്യങ്ങൾ ഒക്കെ അറിയാമായിരുന്നു. ആദ്യമൊക്കെ തന്നെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനും തിരുത്താനും ഒക്കെ ശ്രെമിച്ചെങ്കിലും തന്റെ തീരുമാനം ഉറച്ചതാണെന്നറിഞ്ഞു, ദേവുമ്മയും ഹരിയുടെ പെണ്ണായി തന്നെ അംഗീകരിച്ചു കഴിഞ്ഞിരുന്നു.
ഉമ്മറത്തുണ്ടായിരുന്ന ദേവകിയോട് സംസാരിക്കുന്നതിനിടയിലും മീരയുടെ കണ്ണുകൾ ചുറ്റും പരതുകയായിരുന്നു. മോളിരിക്ക്, ദേവുമ്മ ചായയെടുക്കാം…അവളെ നോക്കി ഒരു ചിരിയോടെ അവർ തുടർന്നു, പിന്നെ മോൾ അന്വേഷിക്കുന്ന ആള്, ദേ അവിടെയിരുന്ന് ടീവി കാണുന്നു.
ദേവുമ്മയ്ക്ക് പിന്നാലെ അകത്തേക്ക് നടക്കുമ്പോൾ മീര കണ്ടു, ടീവിയുടെ മുൻപിൽ തന്നെ കണ്ടിട്ടും കാണാത്ത മട്ടിലിരിക്കുന്ന ഹരി ഗോവിന്ദിനെ…ദേവകി ചിരിയോടെ അടുക്കളയിലേക്ക് നടന്നപ്പോൾ മീര ഹരിയുടെ മുൻപിലെത്തി.
മുൻപീന്നു മാറി നിൽക്കെടി…
ഹരിയുടെ കൈയിൽ നിന്ന് റിമോട്ട് തട്ടി പറിച്ചു കൊണ്ടു മീര ചോദിച്ചു…ജോലി കിട്ടിയിട്ട് എന്താ എന്നോട് പറയാതിരുന്നത്.
നിന്നോട് പറയണമെന്ന് നിയമം വല്ലതുമുണ്ടോ…?
അത് ശരിയാ, ഞാനാരാ ഹരിയേട്ടന്റെ…? റിമോട്ട് ഹരിയുടെ മടിയിലേക്ക് വലിച്ചെറിഞ്ഞിട്ട് അടുക്കളയിലേക്ക് ചവിട്ടിത്തുള്ളി പോവുന്ന മീരയെ നോക്കുമ്പോൾ ഹരി ഗോവിന്ദിന്റെ ചുണ്ടിലൊരു ചിരിയെത്തി.
ഇന്നും വഴക്കാണോ മീര മോളെ…? ചായ ഗ്ലാസ്സിലേക്ക് ഒഴിക്കുന്നതിനിടെ ദേവുമ്മ ചോദിച്ചു. ഞാനൊന്നുമല്ല, ദേവുമ്മയുടെ മോനാ, ആ മൊരടൻ കോവിന്നൻ…
ദേവുമ്മയുടെ ചിരിക്കിടയിലും ഹരി അപ്പുറത്ത് നിന്ന് വിളിച്ചു പറയുന്നത് മീര കേൾക്കുന്നുണ്ടായിരുന്നു. ടീ പെണ്ണേ ഞാനെല്ലാം കേൾക്കുന്നുണ്ട് ട്ടോ…മീര ചുണ്ടൊന്നു കോട്ടി. ഈ പിള്ളേരുടെ ഒരു കാര്യം, കണ്ടാൽ കീരീം പാമ്പും മാതിരിയാ…
ചായ ഗ്ലാസ് മീരയുടെ കൈയിലേക്ക് കൊടുത്തു കൊണ്ടു ദേവകി പറഞ്ഞു. മോളിത് അവന് കൊടുക്ക്, ഞാൻ സുധേടെ അടുത്ത് പോവാനിറങ്ങാൻ തുടങ്ങുകയായിരുന്നു. മീരയോട് പറഞ്ഞിട്ട് പുറത്തേക്ക് നടക്കുന്നതിനിടെ ദേവകി പറഞ്ഞു.
ഹരീ ഞാൻ ഇറങ്ങാണ്…ശരി അമ്മേ…ടീവിയുടെ മുൻപിൽ ഇരുന്ന ആളെ കണ്ടില്ല, അകത്തു നിന്നാണ് മറുപടി കേട്ടത്. ദേവുമ്മ ഒരു കവറുമെടുത്ത് മുറ്റത്തേക്കിറങ്ങുന്നത് കണ്ടിട്ടാണ് അവൾ അകത്തേക്ക് വന്നത്. പതിയെ ചെന്നു നോക്കുമ്പോൾ ഹരി അവന്റെ റൂമിലെ മേശയിൽ എന്തോ തിരയുന്നു. ചായ ഇത്തിരി ശബ്ദത്തോടെ മേശയിൽ വെച്ച് കൊണ്ടു അവൾ പറഞ്ഞു. ചായ…
നിന്നോട് ഞാൻ പറഞ്ഞതല്ലെടി, ഇവിടിങ്ങനെ കേറിയിറങ്ങി നടക്കരുതെന്ന്, വെറുതെ ആളുകളെ കൊണ്ടു പറയിപ്പിക്കാൻ…എന്നെ കാണാൻ വരാഞ്ഞിട്ടല്ലേ ഞാൻ ഇങ്ങോട്ട് വന്നത്. പിണക്കം വന്നു തുടങ്ങിയിരുന്നു അവളുടെ ശബ്ദത്തിൽ…ഗസ്റ്റ് ലക്ച്ചർ ആയപ്പോഴേക്കും ഇങ്ങനെ, വല്ല കളക്ടറും ആയാലോ…പിറുപിറുത്തു കൊണ്ടു വാതിൽക്കലേക്ക് നടന്ന മീര പൊടുന്നനെ ചൂണ്ടു വിരൽ നീട്ടി കൊണ്ടു അവന് നേരേ തിരിഞ്ഞു.
ദേ ഒരു കാര്യം ഞാൻ പറഞ്ഞേക്കാം. കോളേജിൽ വരുന്നതെല്ലാം കൊള്ളാം, വല്ല പെൺപിള്ളേരുമായി കൊഞ്ചി കുഴയാൻ നിന്നാലുണ്ടല്ലോ, പ്രത്യേകിച്ചു ലോ ലവൾ നിങ്ങളുടെ മുറപ്പെണ്ണ്, ആ ഭാമ, അവളുടെ അടുത്ത് മിണ്ടിയാലുണ്ടല്ലോ…
മിണ്ടിയാൽ…? ചിരി അടക്കി പിടിച്ചു കൊണ്ടാണ് ഹരി ചോദിച്ചത്.
കൊല്ലും ഞാൻ നിങ്ങളെ, എന്നിട്ട് ഞാനും ചാവും. ഓഹോ, കൊല്ലുമോ നീ…? ഹരി ചിരിയോടെ അവൾക്കരികിലേക്ക് നടന്നപ്പോൾ മീര പിറകോട്ടു നടന്നു വാതിലിൽ തട്ടി നിന്നു. ഹരിയുടെ വീട്ടിൽ നിന്ന് തിരിച്ചിറങ്ങുമ്പോൾ മീരയുടെ പരിഭവങ്ങൾ എല്ലാം തീർന്നിരുന്നു. നാണത്താൽ തുടുത്ത കവിൾത്തടങ്ങളിൽ ചുവപ്പ് പടർന്നിരുന്നു.
കോളേജിൽ വെച്ച് കണ്ടപ്പോഴൊന്നും ഹരി മീരയോട് അടുപ്പം കാണിച്ചില്ല. ഹരിയുടെ മുറപ്പെണ്ണ് ഭാമ മീരയുടെ അതേ ബാച്ച് ആയിരുന്നു. ഭാമ മിണ്ടാൻ ശ്രമിച്ചപ്പോഴൊക്കെ അധികം ശ്രദ്ധിക്കാതെ മീര ഒഴിഞ്ഞു മാറി. എപ്പോഴൊക്കെയോ ഭാമയുടെ കണ്ണുകളിൽ ഹരിയോടുള്ള പ്രണയം മീര കണ്ടിരുന്നു. ഭാമയെ അവൾക്കു പേടിയായിരുന്നു.
ഹരിയോട് തനിച്ചൊന്ന് സംസാരിച്ചിട്ട് ദിവസങ്ങളായിരുന്നു. മേലെക്കാവിലെ ഉത്സവത്തിന് ഹരിയോടൊന്ന് സംസാരിക്കണമെന്ന് കരുതിയെങ്കിലും ഓരോരോ കാര്യങ്ങൾക്കായി ഓടി നടന്നിരുന്ന ഹരിയ്ക്ക് അവളെ ഒന്ന് നോക്കാൻ പോലും സമയം കിട്ടിയില്ല. അമ്മയുടെ കണ്ണു തെറ്റിയ നേരത്ത് രണ്ടും കല്പിച്ചാണ് മീര കമ്മിറ്റി ഓഫീസിൽ എത്തിയത്.
എന്തൊക്കെയോ സാധനങ്ങൾ എടുത്തു വെക്കുന്ന ഹരിയോടൊപ്പം മറ്റു രണ്ടുപേരു കൂടെയുണ്ടായിരുന്നു. അവളെ കണ്ടതും ചുറ്റുമൊന്ന് നോക്കിയിട്ടാണ് ഹരി പുറത്തേക്കിറങ്ങിയത്. പിന്നൊരു പൊട്ടിത്തെറിയായിരുന്നു.
നീയിത് എന്ത് ഭാവിച്ചാ മീരാ…ആരെങ്കിലും കണ്ടാൽ, എന്താ നിനക്കിത്രയും അർജന്റ് ആയി എന്നോട് പറയാനുള്ളത്…?
അത്…ഞാൻ…എനിക്ക്…അവളുടെ കണ്ണുകൾ നിറഞ്ഞത് കണ്ടു ഹരിയുടെ ശബ്ദമൊന്ന് മൃദുവായി.
എന്താ പറയാൻ വന്നത്…?
ഒന്നുമില്ല…തിരിഞ്ഞു നടക്കുന്ന മീരയെ അവൻ വിളിച്ചപ്പോൾ അകത്തുള്ളവർ അവനെ വിളിക്കുന്നുണ്ടായിരുന്നു.
രാത്രി മേളത്തിനിടയിലെപ്പോഴോ തലയുയർത്തിയപ്പോഴാണ് ആൾക്കൂട്ടത്തിനിടയിൽ നിന്ന് തന്നെ നോക്കുന്ന ആളെ കണ്ടത്. അപ്പുറത്തേക്ക് വാ എന്ന് കണ്ണുകൾ കൊണ്ടു കാണിച്ചിട്ടും ആദ്യം അനങ്ങിയില്ല. പ്ലീസ് എന്ന് ചുണ്ടുകൾ മന്ത്രിച്ചത് തിരിച്ചറിഞ്ഞപ്പോൾ അറിയാതെ എഴുന്നേറ്റു പോയി.
അമ്മയുടെ കണ്ണിൽ പെടാതെ, ആലിനപ്പുറം നിന്ന ആളിന് പിന്നാലെ, നടന്നെത്തിയത് പുഴക്കരയിലേക്കാണ്. പടവുകളിൽ ഇരുന്നിട്ട് അടുത്തിരിക്കാൻ കാണിച്ചപ്പോൾ ഇരുന്നെങ്കിലും മീര അവനെ നേരേ നോക്കിയില്ല. നിലാവെളിച്ചത്തിൽ തിളങ്ങുന്ന ഓളങ്ങളിലേക്ക് കണ്ണും നട്ടിരിക്കവേ കേട്ടു.
ഇനി പറ, എന്താ പറയാൻ വന്നത്…?
എനിക്കൊന്നും പറയാനില്ല, ഹരിയേട്ടനിപ്പോൾ എന്നെയൊന്നു നോക്കാൻ കൂടെ സമയമില്ല.
അതേ, എനിക്ക് നോക്കാൻ എന്റെ മുറപ്പെണ്ണുണ്ടല്ലോ…കുസൃതിച്ചിരിയോടെ പറയുമ്പോൾ മാളുവിന്റെ കണ്ണിലെ നീർത്തിളക്കം അവൻ കണ്ടു. മുന്നിൽ ഒരു കിലുക്കം കേട്ടാണ് മാളു മുഖമുയർത്തിയത്.
കുപ്പിവളകൾ…
പിന്നെ ഞാനിത് ആർക്ക് വേണ്ടി വാങ്ങിയതാടീ…? ഇതിനു വേണ്ടിയല്ലേ നേരത്തെ കുണുങ്ങി കുണുങ്ങി വന്നത്.
ഹരി ആ കറുത്ത കുപ്പിവളകൾ അവളുടെ കൈകളിൽ അണിയിക്കുമ്പോൾ മീരയുടെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു.
ട്രെയിനിങ് കഴിഞ്ഞു വന്നയുടനെ അച്ഛനെ കണ്ടു വിവാഹക്കാര്യം പറയുമെന്ന് വാക്കു കൊടുത്തിട്ടാണ് ഹരി പോയത്. വല്ലപ്പോഴുമൊക്കെ ദേവകിയുടെ കൈകളിലൂടെയെത്തുന്ന കത്തിലെ വാക്കുകളായിരുന്നു മീരയുടെ ആശ്വാസം.
ഹരി തിരിച്ചെത്തുന്നതിന്റെ രണ്ടു ദിവസം മുൻപേ ആ എഴുത്തിൽ മുഖം പൂഴ്ത്തി പരിസരം മറന്നിരിക്കുന്നതിനിടെ അച്ഛൻ അരികിൽ എത്തിയത് മീര അറിഞ്ഞില്ല. മുഖമടച്ച് ഒരടിയായിരുന്നു.
ഇവിടുത്തെ എച്ചിൽ തിന്ന് വളർന്നവനെ തന്നെ വേണമല്ലെടി നിനക്ക്, മേലേപ്പാട്ട് കൃഷ്ണമേനോൻ ജീവിച്ചിരിക്കുമ്പോൾ അത് നടക്കില്ല. ഒരുപാടെതിർത്തു നോക്കി. ഉഗ്രപ്രതാപിയായ അച്ഛന്റെ നിഴലിനെപോലും ഭയപ്പെട്ടിരുന്ന അമ്മ പോലും അവൾക്കായി പറഞ്ഞു നോക്കി. ഹരിയേയും ദേവകിയെയും അപായപ്പെടുത്താൻ പോലും അച്ഛൻ മടിക്കില്ലെന്നറിഞ്ഞതും മീരയുടെ എതിർപ്പുകൾ ഇല്ലാതെയായി.
ട്രെയിനിങ് കഴിഞ്ഞു ഹരി വന്നിട്ട് ദിവസങ്ങൾ കഴിഞ്ഞാണ് മീരയ്ക്ക് ഒന്ന് കാണാൻ കഴിഞ്ഞത്. അമ്പലക്കുളത്തിനരികെ അവളുടെ വാക്കുകൾ വിശ്വസിക്കാനാവാതെ നിൽക്കുന്ന ഹരിയോട് പറയാൻ അധികമൊന്നുമുണ്ടായിരുന്നില്ല മീരയ്ക്ക്.
ഹരിയേട്ടൻ എനിക്കായി അച്ഛന്റെ മുന്നിൽ വരരുത്. മേലേപ്പാട്ട് കൃഷ്ണമേനോന്റെ മുന്നിൽ ദേവകിയുടെ മകൻ ഹരിഗോവിന്ദ് തല കുനിയ്ക്കുന്നത് കാണാൻ മീര ഉണ്ടാവില്ല. അകന്നു പോകുന്ന മീരയെ നോക്കി ഒന്നും പറയാനാവാതെ നിൽക്കുകയായിരുന്നു ഹരി.
പിന്നെയും ഹരി ശ്രമിച്ചെങ്കിലും മീരയുടെ തീരുമാനം ഉറച്ചതായിരുന്നു. ഹരി അറിഞ്ഞില്ലെങ്കിലും അവന്റെ ജീവനും ജീവിതവും തന്നെയായിരുന്നു അതിന് കാരണം. പഠനത്തിന്റെ പേരിൽ വീട് വിട്ടിറങ്ങുമ്പോൾ വേലക്കാരിയുടെ മകൻ കാലക്രമേണ മനസ്സിൽ നിന്നിറങ്ങി പോവുമെന്ന് കരുതിയാവണം അച്ഛനും എതിർക്കാതിരുന്നത്.ഹരിയേട്ടന്റെ ഓർമ്മകൾ മങ്ങിയില്ലെങ്കിലും വീടുമായുള്ള ബന്ധം ഫോൺ കോളുകളിൽ ഒതുങ്ങുകയായിരുന്നു. ദേവുമ്മ കിടപ്പിലായതും ഹരിയേട്ടൻ ഭാമയെ വിവാഹം കഴിച്ചതുമെല്ലാം വീണയിൽ നിന്നും അറിഞ്ഞിരുന്നു. ഹരിയേട്ടന്റെ വിവാഹം കഴിഞ്ഞു ദിവസ്സങ്ങൾ കഴിഞ്ഞപ്പോഴാണ് മടിയോടെ വീണ അത് പറഞ്ഞത്. ആ ദിവസം കടന്നു പോയത് എങ്ങിനെയാണെന്ന് ഇന്നും ഓർമ്മയില്ല.
ഹരിയേട്ടനും കുടുംബവും നാട്ടിലില്ല എന്ന ഉറപ്പിലാണ് വീണയുടെ കല്യാണത്തിനെത്തിയത്. എന്നിട്ടും ഒന്നിച്ചു നടന്ന വഴിത്താരകളെല്ലാം നോവ് മാത്രം സമ്മാനിച്ചു. അതിൽ നിന്നെല്ലാം ഓടിയൊളിക്കാനുള്ള തിടുക്കത്തോടെയാണ് തിരികെ പോയത്.
അമ്മയ്ക്ക് തീരെ വയ്യെന്നും കാണണമെന്നും പറഞ്ഞപ്പോൾ വരാതിരിക്കാനായില്ല. വന്നതിന്റെ പിറ്റേന്ന് എന്തോ മേലെക്കാവിൽ പോവണമെന്ന് തോന്നി. പ്രാർത്ഥനകളൊന്നും ബാക്കിയുണ്ടായിരുന്നില്ല. വെറുതെ തൊഴുതു പുറത്തേക്കിറങ്ങുമ്പോൾ എതിരെ വന്ന മുഖങ്ങൾ അടിവയറ്റിൽ ഒരാന്തലുണ്ടാക്കി.
ഹരിയേട്ടനും ഭാമയും…അറിയാതെയാണെങ്കിലും കണ്ണുകൾ, അവളുടെ കഴുത്തിലെ താലിയിലും സീമന്തരേഖയിലുമെത്തിയപ്പോൾ, അവരുടെ കണ്ണുകളിൽ നോക്കാതെ, വിളറിയ ഒരു ചിരിയോടെ, ധൃതിയിൽ പുറത്തേക്ക് നടക്കുയായിരുന്നു. അതായിരുന്നു അവസാന കാഴ്ച്ച…
വാകപ്പൂക്കൾ വീണുകിടക്കുന്ന ക്യാമ്പസിലൂടെ ഹരിയ്‌ക്കൊപ്പം നടക്കുമ്പോൾ മീരയുടെ മനസ്സ് പിറകോട്ടു സഞ്ചരിക്കുകയായിരുന്നു. ഒന്നും പറയാതെ, അപ്പോഴും ചുവന്ന പൂക്കൾ പൊഴിച്ചു കൊണ്ടിരിക്കുന്ന വാകമരത്തിന് താഴെയുള്ള സിമന്റ് ബെഞ്ചിൽ അയാൾ ഇരുന്നപ്പോൾ തെല്ലകലം പാലിച്ചു അവളും ഇരുന്നു.
മൗനം വിട്ടു പോകാതെ കൂട്ടിരിക്കുന്നതിനിടയിലെപ്പോഴോ അവൾ ചോദിച്ചു. ദേവുമ്മ…?
പോയിട്ടു വർഷങ്ങളായി…
അടുത്ത ചോദ്യം വേണമോ വേണ്ടയോ എന്ന ആലോചനയിൽ ഇരിക്കുമ്പോൾ കേട്ടു. ഭാമ കൂടെയുണ്ട്. രണ്ടു വർഷമായി ഇങ്ങോട്ട് ട്രാൻസ്ഫർ ആയിട്ട്…കാണാൻ മനപ്പൂർവം ശ്രമിച്ചില്ല, താനും അതാഗ്രഹിക്കുന്നുവെന്ന് തോന്നിയില്ല.
ശരിയാണ്. ശീലമായി എന്ന് മനസ്സിനെ വിശ്വസിപ്പിക്കുവാൻ ശ്രമിക്കുമ്പോഴും, ഇന്നും ഹരിയേട്ടൻ മറ്റൊരു പെണ്ണിന്റേതാണെന്ന് ആലോചിക്കുമ്പോൾ ഉള്ളം നുറുങ്ങുന്ന വേദനയാണ്. ആ യാഥാർഥ്യത്തിൽ നിന്നുള്ള ഒളിച്ചോട്ടമായിരുന്നല്ലോ തന്നെ പ്രശസ്തമായ ഈ ക്യാമ്പസ്സിലെ അദ്ധ്യാപകപദവി വരെ എത്തിച്ചത്.
ജില്ല കളക്ടർ ഹരിഗോവിന്ദ് ചാർജെടുത്തത് അറിഞ്ഞിരുന്നു. കോളേജ് ഡേ ദിനാഘോഷത്തിൽ പ്രധാന അതിഥിയായി എത്തുന്ന കലക്ടറേയും ഭാര്യയെയും നേരിടാൻ വയ്യാഞ്ഞിട്ട് തന്നെയാണ് തലേന്ന് രാത്രി ഇല്ലാത്ത അസുഖം പറഞ്ഞു ലീവ് എടുത്തത്.
ഒരാഴ്ച കഴിഞ്ഞൊരു അവധി ദിനത്തിൽ, പരീക്ഷ അടുത്തത് കൊണ്ടു വെച്ചൊരു സ്പെഷ്യൽ ക്ലാസ്സ് കഴിഞ്ഞിറങ്ങുമ്പോഴാണ് പ്യൂൺ വന്നു പറഞ്ഞത് ഒരു വിസിറ്റർ ഉണ്ടെന്ന്. പഴയ വിദ്യാർത്ഥികളാരെങ്കിലുമെന്നേ കരുതിയുള്ളു. ഈ ക്യാമ്പസ് വിട്ടൊരു ബന്ധം വല്ലപ്പോഴും നാട്ടിൽ നിന്ന് വരുന്ന വീണയുടെ ഫോൺ കോളുകളാണ്.
പതിയെ ഓഫീസിനു പുറത്തേക്കിറങ്ങിയതും കണ്ടു, തന്നെ കാത്തു നിൽക്കുന്ന ഹരിഗോവിന്ദിനെ…വർഷങ്ങൾ എത്ര കഴിഞ്ഞുവെന്നോർമ്മയില്ല ഈ മുഖം കണ്ടിട്ട്…മീരയുടെ മാത്രമായിരുന്ന ഹരിയേട്ടനെ…
അവസാനമായി ഒരിക്കൽ കൂടി കാണണമെന്ന് തോന്നി മീരയെ, അതാണ് തേടി വന്നത്…സമയം കുറവാണ്. ഒരു ഞെട്ടലോടെ തലയുയർത്തിയപ്പോൾ കണ്ണട ഊരി മാറ്റുന്നത് കണ്ടു. ആ കുസൃതി നിറഞ്ഞ, ചിരിക്കുന്ന കണ്ണുകളിൽ തിളക്കം നഷ്ടപ്പെട്ടിരുന്നു. കുറച്ചു കൂടെ തടിച്ചിട്ടുണ്ട്. കട്ടിയുള്ള മീശയിൽ നര വീണിട്ടുണ്ട്, താടിയില്ലാത്ത ഹരിയേട്ടനെ സങ്കല്പിക്കുവാൻ കഴിഞ്ഞിരുന്നില്ല പണ്ട്. ട്രെയിനിങ്ങിനു പോവുമ്പോഴാണ് അത് ഒഴിവാക്കിയത്. ഒരുപാട് കളിയാക്കിയിട്ടുണ്ട് അതിന്റെ പേരിൽ.
വിരലിലെണ്ണാവുന്ന മാസങ്ങളാണ് ഡോക്ടർ പറഞ്ഞ കാലാവധി. അതിൽ നിന്ന് ദിവസങ്ങൾ കൊഴിഞ്ഞു വീണു കൊണ്ടിരിക്കുന്നു. ഒരു ട്യൂമർ. ഭാമ കുറേ നേർച്ചയും കാഴ്ചയുമൊക്കെയായി നടന്നെങ്കിലും ഫലമുണ്ടായില്ല. അത് പിടി വിട്ടില്ല. കുറച്ചു ദിവസങ്ങൾ കൂടി കഴിഞ്ഞാൽ ഇവിടുത്തെ ജോലി അവസാനിപ്പിക്കും. വരണ്ട ഒരു ചിരി ഹരിഗോവിന്ദിന്റെ ചുണ്ടിലെത്തി.
മീരയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. എത്ര ശ്രമിച്ചിട്ടും മേലേപ്പാട്ടെ കൃഷ്ണമേനോന്റെ വീട്ടിലെ ജോലിക്കാരിയായ ദേവകിയുടെ മകൻ ഹരിഗോവിന്ദിൽ നിന്നും മീരയുടെ സ്വന്തം ഹരിയായി മാറിയ ആളെ, തനിക്കരികെ ഇരിക്കുന്ന കളക്ടർ ഹരിഗോവിന്ദിൽ കാണാനായില്ല മീരയ്ക്ക്.
നോട്ടം താഴെ കിടക്കുന്ന ഗുൽമോഹറിന്റെ ചുവപ്പിലേക്ക് എത്തുമ്പോൾ മീരയുടെ മനസ്സിൽ കഴിഞ്ഞു പോയൊരു പ്രണയകാലം തെളിയുകയായിരുന്നു.
നീതി പുലർത്താനാവാതെ പോയത് ഭാമയുടെ കഴുത്തിൽ കെട്ടിയ താലിയോടാണ്. ഒരിക്കലും മനസ്സ് കൊടുക്കാൻ കഴിഞ്ഞിട്ടില്ല. ശ്രമിക്കാഞ്ഞിട്ടല്ല…
മീര നോക്കിയപ്പോൾ ഹരിയുടെ നോട്ടം ദൂരെയെങ്ങോ ആയിരുന്നു. ആ ശബ്ദത്തിനായി കാതോർത്തു. ആ താലി അണിയിക്കുന്നതിനു മുൻപേ എല്ലാം പറഞ്ഞതാണ്. മനസ്സിന്റെ അവകാശം മറ്റൊരാളുടേതാണെന്ന് പറഞ്ഞതാണ്. എല്ലാം സമ്മതിച്ചാണ് ജീവിതത്തിലേക്ക് വന്നതെങ്കിലും പലപ്പോഴും അവൾ എല്ലാം മറന്നു പോവുന്നത് അറിയുന്നുണ്ടായിരുന്നു. പക്ഷേ ഞാൻ നിസ്സഹായനായിരുന്നു.
മനസ്സിൽ നിന്നും ഇറക്കിവിടാൻ കഴിഞ്ഞിട്ടില്ല…അന്നും ഇന്നും…പലപ്പോഴും ആഗ്രഹിച്ചിട്ടും…ഹരി എഴുന്നേറ്റത് കണ്ടു മീരയും എഴുന്നേറ്റ് നിന്നു.
കണ്ണുകളുടക്കിയപ്പോൾ വാക്കുകളാൽ പറഞ്ഞതിനപ്പുറം എല്ലാം പരസ്പരം അറിയുന്നുണ്ടായിരുന്നു. പോട്ടെ…ഒരാഴ്ച കൂടെ കഴിഞ്ഞാൽ നാട്ടിലേക്ക് മടങ്ങും. അമ്മ ഉറങ്ങുന്ന മണ്ണിൽ തന്നെ ഉറങ്ങണമെന്നാണ് ആഗ്രഹം. തേങ്ങൽ അടക്കിപ്പിടിച്ചു നിൽക്കുന്ന മീരയെ ഒന്ന് നോക്കി, ഹരി ഗോവിന്ദ് നടന്നകലുമ്പോൾ കണ്ണുനീർ വന്നു മൂടി മീരയുടെ കാഴ്ചയെ മറച്ചു.
മനസ്സിലെ മുറിവുകളിൽ നിന്ന് പൂർവാധികം ശക്തിയിൽ ചോര കിനിഞ്ഞു തുടങ്ങിയ ദിവസങ്ങളിലെന്നോ ആണ് ആ കോൾ വന്നത്.
ഹലോ…മീരയല്ലേ…?
അതേ…ഒരു നിമിഷം കഴിഞ്ഞാണ് ശബ്ദം കേട്ടത്ഞാൻ ഭാമയാണ്…ഹരിഗോവിന്ദിന്റെ ഭാര്യ.
ഓ…എന്താണ് പറയേണ്ടതെന്ന് അറിയില്ലായിരുന്നു.
ഹരിയേട്ടന് തീരെ വയ്യ, നാട്ടിലാണ്…
മൂളിയതേയുള്ളൂ. എന്റെ അനുവാദത്തിന്റെ ആവശ്യമില്ല. ഹരി ഗോവിന്ദ് എന്നും മീരയുടേതായിരുന്നു.
ഭാമ…ഞാൻ…
എനിക്കറിയാം മീരയെ. ഒരു വാക്ക് കൊണ്ടോ നോക്കു കൊണ്ടോ മീര ഞങ്ങൾക്കിടയിലേക്ക് വന്നിട്ടില്ല. ഒരിക്കലും സ്വന്തമാവില്ലെന്ന് അറിഞ്ഞിട്ടും ആഗ്രഹിച്ച ഞാനാണ് വിഡ്ഢി. മീര ഒന്നും മിണ്ടിയില്ല.
എനിക്ക് മനസിലാവും ഹരിയേട്ടനെയും മീരയെയും. കൊല്ലാനുള്ള ദേഷ്യം തോന്നിയിട്ടുണ്ട് മുൻപ്, എപ്പോഴൊക്കെയോ…ഞാൻ വെക്കുവാണ് മീര, ഹരിയേട്ടൻ അറിയില്ല ഞാൻ വിളിച്ചത്. വീണ്ടും മൂളിയതേയുള്ളൂ.
വീണ്ടും നാട്ടിലെ ഹരിഗോവിന്ദിന്റെ വീടിന് മുൻപിൽ എത്തുമ്പോൾ ഓർമ്മകൾ തേടിയെത്തുകയായിരുന്നു, വലിയ മാറ്റമൊന്നും വന്നിട്ടില്ല ആ കൊച്ചു വീടിന്…ഇപ്പോഴും.
ചിരിയോടെ സ്വീകരിച്ച ഭാമയ്ക്ക് പിറകെ ആ മുറിയിലേക്കെത്തുമ്പോൾ നെഞ്ച് പിടച്ചു. തിരിച്ചറിയാനാവാത്ത വിധം മാറിപ്പോയിരിക്കുന്നു ഹരിയേട്ടൻ. തങ്ങളെ തനിച്ചാക്കി ഭാമ പോയപ്പോഴാണ് ഹരിയേട്ടന്റെ മുഖത്തേക്ക് നോക്കിയത്. ഒന്നും പറയാതെ കട്ടിലിനരികിലായി ഇരുന്നു.
ഞാൻ പ്രതീക്ഷിച്ചിരുന്നു…തെല്ലൊരു ആശ്ചര്യത്തോടെയാണ് നോക്കിയത്. ആഗ്രഹിച്ചിരുന്നു, ഇവിടുത്തെ ഓർമ്മകൾ കൊതിപ്പിച്ചിരുന്നു എന്ന് തന്നെ പറയാം, വീണ്ടും ഒരിക്കൽ കൂടെ കാണാൻ…യാത്രയാകും മുൻപേ…ഒന്നും പറയാൻ കഴിഞ്ഞില്ല.
മേശവലിപ്പിനുള്ളിൽ വെച്ചിരുന്ന പൊതി എടുത്തു കൊടുക്കാൻ പറഞ്ഞപ്പോൾ തീരെ പ്രതീക്ഷിക്കാത്ത ഒരു കാഴ്ച്ചയാണ് കണ്ടത്. കറുത്ത കുപ്പിവളകൾ…
കാവിൽ ഉത്സവത്തിന് പോയിരുന്നു. ഇനിയൊരിക്കൽ കൂടെ പോവാനാവില്ലല്ലോ…കുപ്പിവളകൾ കൈയിൽ പിടിച്ചു ഒരു നിമിഷം ഹരി അവളെ നോക്കി. കുസൃതി നിറഞ്ഞ ചിരി ആ നിമിഷം അവൾ ആ കണ്ണുകളിൽ കണ്ടു.
യാന്ത്രികമായാണ് മീര കൈകൾ ഉയർത്തിയത്. ആ വളകിലുക്കം കൈകളിൽ എത്തിയപ്പോൾ മനസ്സ് നീറുകയായിരുന്നു.
ഹരിയേട്ടനൊപ്പമുള്ള ജീവിതത്തേക്കാൾ ഹരിയേട്ടന്റെ ജീവനായിരുന്നു എനിക്ക് വലുത്. അതുകൊണ്ടായിരുന്നു…
എനിക്കറിയാം…എല്ലാം, തന്റെ അച്ഛൻ മരിക്കുന്നതിന് മുൻപേ എന്നോടെല്ലാം പറഞ്ഞിരുന്നു. മാപ്പും പറഞ്ഞു. ഒന്നും പറയാതെ ശ്വാസനിശ്വാസങ്ങൾ മാത്രം കേട്ട് പിന്നെയും കുറച്ചു സമയം കൂടെ അവിടെ ഇരുന്നു. യാത്ര പറയാതെ എഴുന്നേറ്റു. അവിടെ നിന്നിറങ്ങുന്നതിനിടെ എപ്പോഴോ ഭാമയുടെ കണ്ണുകൾ മീരയുടെ കൈയിലെ കുപ്പിവളകളിൽ എത്തിയിരുന്നു.
വർഷങ്ങൾക്കിപ്പുറം, മീര ആ കോളേജ് ക്യാമ്പസ്സിൽ നിന്നും പടിയിറങ്ങുമ്പോൾ, ഭാമ ഹരിയുടെ മണമുള്ള ഷർട്ടും മാറോട് ചേർത്ത് ഇരിക്കുകയായിരുന്നു. ഇപ്പോഴും കാത്തിരിക്കുകയാണവർ…ഹരിഗോവിന്ദിനോടൊത്തുള്ള ഒരു പുനർജ്ജന്മത്തിനായി…
ഹരി സ്നേഹിച്ചവളും ഹരിയെ സ്നേഹിച്ചവളും…