കുങ്കുമചെപ്പ്….
രചന: Aneesha Sudhish
—————–
ഹിമ അതായിരുന്നു അവളുടെ പേര്…ഗോതമ്പിന്റെ നിറമെന്നൊക്കെ പറഞ്ഞു കേട്ടിട്ടില്ലേ….അതേ നിറമായിരുന്നു അവൾക്ക് …
ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴി അവളുടെ മാറ്റുകൂട്ടി….അവളുടെ മുഖത്തിന് ചേരാത്തത് ആ വട്ട കണ്ണട മാത്രമായിരുന്നു…
ഞാനെന്നും ചോദിക്കും. എന്തിനാടീ നിനക്കീ പൊട്ടക്കണ്ണട വലിച്ചെറിഞ്ഞൂടെ എന്നിട്ടൊരു ലെൻസ് വെച്ച് നടന്നൂടെന്ന് ……
അന്നേരം എന്നെ നോക്കി കൊഞ്ഞനം കുത്തി അവൾ പറയും…
“ലെൻസൊക്കെ വെച്ച് സുന്ദരിയായി നടന്നാലേ എന്നെ വല്ല സുന്ദരൻ ചെക്കൻ കൊത്തി കൊണ്ട് പോയാലോ എനിക്കീ കാർവർണ്ണനെ മാത്രം മതിയെന്റെ ശ്രീകരീ എന്നും പറഞ്ഞ് ദാവണീം പൊക്കി പിടിച്ച് ഒരോട്ടമാണ് …
ശ്രീകരി നിന്റെ കെട്ട്യോനെ വിളിച്ചാൽ മതി എന്നു പറഞ്ഞു മുഴുവനാക്കും മുമ്പേ അവളുടെ മറുപടി ആ ഓട്ടത്തിനുമിടയിലും കേൾക്കാം…
“അതല്ലേ ഞാനും പറഞ്ഞേ എന്ന് ”
“ഈ പെണ്ണ് “, അതു കേൾക്കുമ്പോൾ ഞാൻ പൊട്ടിച്ചിരിക്കും..
അവൾ ഒരു കുറുമ്പി പെണ്ണാണ് … അടുത്തടുത്ത വീടാണ് ഞങ്ങളുടെ … അതുകൊണ്ട് തന്നെ ഞങ്ങളുടെ പ്രണയം ഞങ്ങൾ അറിയാതെ തന്നെ ഉടലെടുത്തിരുന്നു…
എന്നാണ് ഞാനവളെ ഇഷ്ടപ്പെട്ടു തുടങ്ങിയത്.. ? ഋതുമതിയായതിനു ശേഷം ആദ്യമായ് അവളെ കണ്ടപ്പോൾ ആ മുഖത്ത് വിരിഞ്ഞ നാണം എന്തോ , ആ കാപ്പി കണ്ണുകളാൽ എന്നെ നോക്കിയപ്പോൾ അത് എന്റെ ഹൃദയത്തിലാണ് പതിച്ചത്.. അന്ന് പറഞ്ഞറിയിക്കാത്ത എന്തോ ഒരു വികാരം എന്നിൽ നിറഞ്ഞിരുന്നു…..
അന്നാദ്യമായി അവൾ ദാവണി ചുറ്റി വന്നപ്പോൾ ഞാൻ തീരുമാനിച്ചു. ഇവളാണെന്റെ പെണ്ണെന്ന്…
അന്ന് ആ ഇടവഴിയിലെ വേലിക്കരുകിൽ കരിവളയിട്ട കൈകൾ വലിച്ച് നെഞ്ചോട് ചേർത്ത് ആ ചുണ്ടുകളിൽ ചുംബിച്ചു കൊണ്ട് ഞാനവളോട് പറഞ്ഞു പ്രണയിച്ചോട്ടെ പെണ്ണേ നിന്നെയെന്ന്….
വിതുമ്പുന്ന ചുണ്ടുകളും കരിമഷി പടർത്തിയ കണ്ണുകളും കണ്ടപ്പോൾ എനിക്ക് മനസിലായി ഞാൻ ചെയ്തത് തെറ്റാണെന്ന് …
കുറ്റബോധത്താൽ നീറുന്ന മനസ്സോടെ തലയും താഴ്ത്തി ഞാൻ നിന്നപ്പോൾ
അവൾ പറഞ്ഞു ശ്രീയേട്ടനിൽ നിന്ന് ഞാനിത് പ്രതീക്ഷിച്ചില്ലാന്ന് …. പിന്നെ ഒരു ഒളിച്ചോട്ടമായിരുന്നു എല്ലാത്തിൽ നിന്നും… ഹിമയെ കാണുന്നത് മന:പൂർവ്വം ഒഴിവാക്കി…
ആയിടയ്ക്കാണ് കൂടെ പഠിച്ച സുരാജ് ഗൾഫിൽ നിന്നും വന്നത്.
അവിടെ ഒരു വേക്കൻസിയുണ്ട് നീ എന്റെ കൂടെ പോരുന്നുണ്ടോ എന്നവൻ ചോദിച്ചപ്പോൾ പോകാൻ തന്നെ തീരുമാനിച്ചു… എല്ലാം ശരിയാക്കി പോകാൻ തീരുമാനിച്ചതിന്റെ തലേ ദിവസം രാത്രി ഭക്ഷണം കഴിക്കുമ്പോൾ അമ്മ പറഞ്ഞു.
“ഹിമയ്ക്കൊരു കല്യാണം ശരിയായിട്ടുണ്ടെന്ന് . ഇന്നവർ കാണാൻ വന്നെന്നും ചെറുക്കൻ അവളെ എവിടെയോ വെച്ച് കണ്ട് ഇഷ്ടപ്പെട്ടതാണെന്നും..”
എല്ലാവർക്കും ഇഷ്ടായി ഈ മകരത്തിൽ നടത്താൻ നിശ്ചയിച്ചിരിക്കാ”
അതു കേട്ടപ്പോൾ നെഞ്ചിലൊരു ഭാരം പോലെ തോന്നി… കണ്ണുകൾ ഈറനായി… അല്ലെങ്കിലും ഞാൻ അല്ലേ അവളെ സ്നേഹിച്ചേ അവൾക്ക് എന്നെ ഇഷ്ടം ഇല്ലായിരുന്നല്ലോ പിന്നെ എന്തിനു വിഷമിക്കണം …
എന്തൊക്കെയോ കഴിച്ചെന്നു വരുത്തി വേഗം എഴുന്നേറ്റു …. നീ ഒന്നും കഴിച്ചിലല്ലോ എന്ന് അമ്മ ചോദിക്കുന്നത് കേട്ടില്ലെന്ന് നടിച്ചു.
“ചേട്ടന് നാളെ പോകുന്നതിന്റെ വിഷമമായിരിക്കും അനിയൻ പറയുന്നത് കേട്ടു ” പിറ്റേന്ന് പോകാൻ നേരം വെറുതെ അവളുടെ വീട്ടിലേക്ക് നോക്കി … തന്നെയും നോക്കി ആ ചെമ്പരത്തിയുടെ താഴെ അവൾ നിൽപ്പുണ്ടായിരുന്നു….
ആ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കം ചുണ്ടിൽ ഒരു പുഞ്ചിരി വിവാഹം നിശ്ചയിച്ചതിന്റെ ആകും… അവളെ കണ്ടപ്പോൾ വീണ്ടും മനസിലൊരു വിങ്ങൽ … യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ ഹിമയും വീട്ടുകാരും വീട്ടിലേക്ക് വന്നിരുന്നു. എല്ലാവരോടും യാത്ര പറഞ്ഞു അവളോട് മാത്രം ഒന്നും പറഞ്ഞില്ല .പറയുവാൻ കഴിഞ്ഞില്ല അതാണ് സത്യം …
“എന്താ മോനേ ഹിമയോട് മാത്രം യാത്ര പറയാത്തേ ? നാളെ നിന്റെ കൈ പിടിച്ച് ഇങ്ങോട്ട് വരേണ്ടതല്ലേ “എന്നവളുടെ അച്ഛൻ പറഞ്ഞപ്പോൾ എനിക്ക് ആകെ ആശ്ചര്യമായി…
എല്ലാവരുടെയും മുഖത്ത് ചിരിയുണ്ടായിരുന്നു… ഹിമയുടെ മുഖം മാത്രം നാണത്താൽ തുടുത്തിരുന്നു…
ചേട്ടന്റെ കിളി പോയെന്നാ തോന്നുന്നേ അനിയൻ കളിയാക്കി…
എനിക്ക് അത്‌ഭുതമായി ഇതെങ്ങനെ?
“അവളുടെ ധൈര്യം പോലും നിനക്കില്ലാതെ പോയല്ലോ ശ്രീ ” വേറെ കല്യാണംആലോചിക്കേണ്ട നിന്നെ മതിയെന്ന് അവൾ പറഞ്ഞപ്പോൾ ഞങ്ങൾക്കും അത് സമ്മതമായിരുന്നു അമ്മ പറഞ്ഞു.
ലോകം വെട്ടിപ്പിടിച്ച ഒരു ഭാവമായിരുന്നു എനിക്ക് അപ്പോൾ . “അല്ലാ ഇനി ഞാൻ പോകണോ എന്നു അമ്മയോട് ചോദിച്ചു
അതൊന്നും പറ്റൂല്ല എനിക്ക് ജോലി കിട്ടിയിട്ടേ ഞാൻ കല്യാണത്തിന് സമ്മതിക്കൂ എന്ന് ചാടി കേറി അവൾ പറഞ്ഞപ്പോൾ എനിക്ക് മനസിലായി ഇനിയിവിടെ നിന്നിട്ട് കാര്യമില്ലാന്ന് … അങ്ങനെ പ്രണയം വെട്ടിപ്പിടിച്ച സന്തോഷത്തിലും അവളെ പിരിയുന്ന വേദനയിലും ഞാൻ യാത്രയായി…
പ്രവാസത്തിലെ ഉരുകുന്ന ചൂടിലും അവളെ കുറിച്ച് മാത്രമായിരുന്നു ചിന്ത ഓരോ ദിനവും എണ്ണിയെണ്ണി ആദ്യത്തെ ലീവിനു വന്നപ്പോൾ എന്റെ പെണ്ണ് കൂടുതൽ സുന്ദരിയായിരുന്നു…
ടാ കറുമ്പാ എന്നും പറഞ്ഞ് ഒരിക്കൽ വന്ന് വട്ടം പിടിച്ചപ്പോൾ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാനായില്ല… അവളെ തന്നോടടുപ്പിച്ച് ആ ചുണ്ട് കവർന്നെടുക്കാൻ നോക്കിയപ്പോഴേക്കും അവളെന്നെ തള്ളി മാറ്റിയിരുന്നു….
“സ്വന്തം മുതൽ തന്നെ കട്ടുതിന്നാൻ നാണമില്ലല്ലോ ശ്രീയേട്ടാ…. ”
“കട്ടുതിന്നുന്നതിന്റെ സുഖം ഒന്നു വേറെ തന്നെയാ പെണ്ണേ ”
“എന്നാലേ അങ്ങനെ വേണ്ട എല്ലാ അർത്ഥത്തിലും ഞാൻ സ്വന്തമാകണമെങ്കിൽ ഈ കയ്യാൽ ഒരു താലി ഈ കഴുത്തിൽ ഉണ്ടാകണം ”
“ഇപ്പ കെട്ടാനും എനിക്ക് സമ്മതാ നീയല്ലേ ജോലിയെന്ന് പറഞ്ഞ് സമ്മതിക്കാത്തത് ”
“പഠിച്ച് ജോലി നേടണം ശ്രീയേട്ടാ അല്ലെങ്കിൽ ശരിയാകില്ല ഇന്നത്തെ കാലത്ത് രണ്ടു പേർക്കും ജോലിയുണ്ടായാലേ ഒരു കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ പറ്റൂ ഇപ്പോഴത്തെ ഇതൊന്നും ആ സമയത്ത് ഉണ്ടാകില്ല”
“എന്റെ പൊന്നേ നിനക്ക് ജോലി കിട്ടിയിട്ട് കെട്ടുന്നുള്ളൂ തൽക്കാലം ഒരു ഉമ്മയെങ്കിലും താടീ….”
“അയ്യടാ” അതും പറഞ്ഞവൾ എന്നെ തള്ളി മാറ്റി ഓടി …….
പെട്ടെന്നാണ് ദിവസങ്ങൾ കൊഴിഞ്ഞു പോയത്… അങ്ങനെ വീണ്ടും പ്രവാസത്തിലേക്ക് ….. ഇത്തവണ പോകാൻ എന്തോ ഒരു വല്ലായ്ക…. അവളെ കണ്ട് കൊതി തീരാത്ത പോലെ
യാത്ര പറയും നേരം അവൾ പറഞ്ഞു…
“പോകാതിരുന്നൂടെ ശ്രീയേട്ടന് …..”
ഈറനണിഞ്ഞ ആ കണ്ണുകൾ കണ്ടു നിൽക്കാനായില്ല…. ഒന്നും പറയാതെ തിരിഞ്ഞു നടന്നപ്പോൾ കൈയ്യിൽ ഒരു പിടുത്തം വീണിരുന്നു…. എല്ലാവരും കാൺകെ അവൾ തന്ന ആദ്യ ചുംബനം ഏറ്റുവാങ്ങവേ ആ ഹൃദയം പിടയുന്നത് ഞാനറിഞ്ഞു ………
“രണ്ടു വർഷം ദാ എന്നു പറഞ്ഞു പോകും … അപ്പോഴേക്കും നിനക്കൊരു ജോലി ആകും…പിന്നെ എന്താ ഇപ്പോ ന്റെ പൊന്നു ആ കണ്ണൊക്കെ തുടച്ച് നല്ല കുട്ടിയായി ചേട്ടനെ യാത്രയാക്ക്… ”
“ശരിയാ മോളേ കരഞ്ഞു കൊണ്ട് യാത്രയാക്കുന്നത് നല്ലതല്ല …..” അമ്മ അവളെ ചേർത്തു നിർത്തി കൊണ്ട് പറഞ്ഞു……
ഹൃദയം പിടഞ്ഞു കൊണ്ടും ചുണ്ടിൽ ഒരു ചിരി വരുത്തി അന്നവൾ എന്നെ യാത്രയാക്കി…. എത്ര നേരം വൈകിയാലും അവളെ വിളിക്കാതെ ഞാൻ കിടക്കില്ലായിരുന്നു…. കിട്ടുന്ന സമയമെല്ലാം പരസ്പരം ഞങ്ങൾ പ്രണയം പങ്കു വെച്ചു…
ഒരിക്കൽ പോലും അവളെ ഞാൻ വിഷമിപ്പിച്ചിട്ടില്ലായിരുന്നു അവൾ എന്നെയും… ഒരു കുഞ്ഞു പിണക്കം പോലും ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല…. മാസങ്ങൾ കഴിഞ്ഞത് അറിഞ്ഞില്ല മൂന്നു മാസം കൂടി കഴിഞ്ഞാൽ നാട്ടിലേക്ക് വിവാഹത്തിന്റെ ഒരുക്കങ്ങൾ നടത്താൻ പറഞ്ഞിരുന്നു … അവൾക്കായി താലിമാല വരെ വാങ്ങി വെച്ചിരുന്നു…
ചെറിയ വരുമാനമാണെങ്കിലും അടുത്തുള്ള പ്രൈവറ്റ് സ്കൂളിൽ അവൾ ടീച്ചറായി കയറി …
അന്നൊരു വെളളിയാഴ്ച ആയിരുന്നു അവധി ആയതു കൊണ്ട് നേരം വൈകിയാണ് എന്നും എഴുന്നേൽക്കാറുള്ളത്…
തുടരെയുള്ള ഫോൺ വിളി കേട്ടാണ് ഞാൻ എഴുന്നേറ്റത്…. പതിവില്ലാതെ അനിയന്റെ കാൾ …. സാധാരണ ഞാൻ അങ്ങോട്ടാണ് വിളിക്കുന്നത്…. തിരിച്ചു വിളിച്ചപ്പോൾ ഫോൺ ബിസി…. ആകെ ഒരു അസ്വസ്ഥത ഇനി അമ്മയ്ക്കെന്തെങ്കിലും …. ഹിമയെ വിളിച്ചു. അവളും എടുക്കുന്നില്ല…..
വാട്ട്സ് ആപ്പ് തുറന്നു നോക്കി …. ഹിമയുടെ മെസേജ് വന്നു കിടപ്പുണ്ട് ” ശ്രീയേട്ടാ മാപ്പ് ” അത്രമാത്രം ഇവൾക്കിത് എന്തുപറ്റി? അവളെ വിളിക്കാൻ പോയപ്പോഴേക്കും അനിയന്റെ കോൾ വന്നിരുന്നു..
എന്താടാ രാവിലെ തന്നെ എന്നു ചോദിച്ചപ്പോൾ ഒരു പൊട്ടിക്കരച്ചിലായിരുന്നു മറുപടി …. അമ്മയ്ക്ക് എന്തെങ്കിലും …. എടാ എന്താ നീ കരയാതെ കാര്യം പറ എനിക്കാകെ പേടിയായി …
ചേട്ടാ ഹിമ അവൾ നമ്മളെ ചതിച്ചു ഏട്ടാ… ഇന്നലെ രാത്രി അവൾ …… എന്തിനായിരുന്നു ….. മരിക്കാൻ മാത്രം എന്തു പ്രശ്നാ അവൾക്കുണ്ടായിരുന്നേ …. പിന്നീട് പറഞ്ഞതൊന്നും ഞാൻ കേട്ടില്ല ആകെ ഒരു മരവിപ്പ് ….. കൈയിൽ നിന്നും ഫോൺ താഴെ വീണു ചുറ്റും ഇരുട്ടു വ്യാപിച്ച പോലെ ആരൊക്കെയോ വന്നു പിടിക്കുന്നുണ്ടായിരുന്നു…
ഇല്ല എന്റെ ഹിമയ്ക്ക് എങ്ങനെ എന്നെ ഒഴിവാക്കി… അവൾ ഒരിക്കലും അങ്ങനെ ചെയ്യില്ല….. ഇന്നലെ കൂടി എത്ര സന്തോഷത്തിലാ എന്നോട് സംസാരിച്ചത് പതിവിലും കൂടുതൽ നേരം സംസാരിച്ചതാണ്… ഉറക്കം വരുന്നു പെണ്ണേ എന്നു പറഞ്ഞപ്പോൾ ആണ് വെച്ചത്…. ഇതുവരെ അവൾക്കൊരു പ്രശ്നവും ഇല്ലായിരുന്നു. ആത്മഹത്യ ചെയ്യാൻ മാത്രം അവൾക്ക് ഒന്നും ഇല്ലായിരുന്നു എന്നിട്ടും ഒരു സൂചന പോലും തരാതെ….
ആകെ ഒരു വിറയൽ കണ്ണുകൾ അടയുന്ന പോലെ ….. ഹിമ…. അവൾ അതാ വരുന്നു നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് ….. പുഞ്ചിരിക്കാൻ അവൾ ശ്രമിക്കുന്നുണ്ടായിരുന്നു….
ഹിമാ…. എന്തിനാടീ നീയെന്നെ…… എമർജൻസി ലീവിൽ നാട്ടിലെത്തുമ്പോൾ മനസ് മരവിച്ചിരുന്നു… അവൾക്കായി വാങ്ങിയ വസ്ത്രങ്ങളും മാലയും എന്നെ നോക്കി പരിഹസിക്കും പോലെ …. എയർ പോട്ടിലേക്ക് അനിയൻ വന്നിരുന്നു…. ഒന്നും ചോദിച്ചില്ല.. ഒന്നും മിണ്ടാതെ ദൃഷ്ടികൾ ദൂരേയ്ക്ക് പായ്ച്ചു…
” എന്തു പ്രശ്നമായാലും അവൾക്കൊരു വാക്ക് പറയാമായിരുന്നില്ലേ ശിവാ…. നീയൊക്കെ ഇവിടെ ഉണ്ടായിരുന്നിട്ടും…. എന്തിനാടാ അവളെ മരണത്തിനു വിട്ടു കൊടുത്തേ….?
“ആരും ഒന്നും അറിഞ്ഞിരുന്നില്ല ഏട്ടാ… സത്യം പറഞ്ഞാലും ഇപ്പോഴും പ്രശ്നം എന്താണെന്നു കൂടി ആർക്കും അറിയില്ല..”
പിന്നെ ഒന്നും ചോദിച്ചില്ല…
കണ്ണുകൾ അടച്ചിരുന്നു… അവളുടെ പുഞ്ചിരിക്കുന്ന മുഖം മാത്രം മനസ്സിൽ തെളിഞ്ഞു നിന്നു.. ശിവ വിളിച്ചപ്പോൾ ആണ് വീടെത്തിയത് അറിഞ്ഞത് … തന്നെയും പ്രതീക്ഷിച്ച് വിതുമ്പി നിൽക്കുന്ന അമ്മയെ കണ്ടു… വെറുതെയെങ്കിലും അവളുടെ ആ കണ്ണുകൾ തനിക്കായി നോക്കുന്നുണ്ടെന്നു കരുതി…
“ശ്രീ മോനേ… എന്റെ നെഞ്ചിലേക്ക് ചാഞ്ഞ് പൊട്ടിക്കരയുന്ന അമ്മയെ ഇറുക്കി പിടിച്ചു… എന്റെ മോന് ഇങ്ങനെ ഒരു വിധി വന്നല്ലോ ഈശ്വരാ… അമ്മ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു…. ആരോ വന്ന് അമ്മയെ അകത്തേക്ക് കൊണ്ടുപോയി..
കരയരുതെന്ന് മനസിനെ പഠിപ്പിച്ചാണ് വന്നത്… പക്ഷേ ആ ചെമ്പരത്തി ചുവട്ടിൽ തന്റെ പ്രാണൻ കിടപ്പുണ്ടെന്നറിഞ്ഞപ്പോൾ കണ്ണുനീർ അറിയാതെ തന്നെ പുറത്തേക്കൊഴുകി…
ഇല്ല… ഇനി എന്തിന് കരയണം എന്റെ സ്നേഹം വേണ്ടാതെ മരണത്തെ വരിച്ചവളല്ലേ … അവൾക്കായി ഒരിറ്റു കണ്ണുനീർ പോലും പൊഴിയ്ക്കരുത് ..
“ഏട്ടാ…. ഹിമയെ കാണണ്ടേ…
“എന്തിന് ശിവാ….? എന്നെ വേണ്ടാതെ പോയവളല്ലേ എനിക്കിനി അവളെ കാണണ്ട… അല്ലെങ്കിലും ഒരു പിടി ചാരമായവളെ കണ്ടിട്ട് എന്തിനാ …
ഒരിത്തിരി ശ്വാസം അവൾക്ക് ബാക്കി ഉണ്ടായിരുന്നെങ്കിൽ ഞാൻ ചോദിച്ചേനേ എന്തിനാ എന്നെ സ്നേഹിച്ച് വഞ്ചിച്ചതെന്ന് …. എന്നെ മറന്ന് ഇങ്ങനെ ചെയ്യാൻ മാത്രം എന്ത് തെറ്റാ ഞാൻ ചെയ്തതെന്ന് ….”
“എട്ടാ എന്നാലും…..”
“എനിക്കൊന്ന് കിടക്കണം ശിവാ…..”
അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ അപ്പു , ഹിമയുടെ അനിയൻ വട്ടം കെട്ടിപ്പിടിച്ചു….
“ശ്രീയേട്ടാ …”
അപ്പു മോനോ … നിനക്ക് ഒന്നും കൊണ്ടുവന്നില്ലെടാ ഈ ഏട്ടൻ.. നീ പറഞ്ഞ റിമോട്ട് കാർ അത് ഞാൻ അടുത്ത മാസം സാലറി കിട്ടുമ്പോൾ വാങ്ങാൻ ഇരുന്നതാ.. അതിനു പോലും നിന്റെ ചേച്ചി സമ്മതിച്ചില്ലല്ലോ… അസൂയ ആണെടാ അവൾക്ക് അതല്ലേ എന്നെ വേഗം വരുത്തിയത്….”
“എനിക്കൊന്നും വേണ്ട ശ്രീയേട്ടാ, ഒന്നു വന്നൂടെ ന്റെ ചേച്ചീടെ അടുത്തേക്ക് ഏട്ടനെ ഒത്തിരി ഇഷ്ടായിരുന്നു… ഏട്ടനൊപ്പം ഒത്തിരിക്കാലം ജീവിക്കണം എന്ന് മോഹിച്ചതാ…”
“എന്നിട്ട് എന്തിനാടാ ആൾ എന്നെ വിട്ടു പോയത് പറയ് അപ്പൂ ഞാൻ എന്താടാ അവളോട് ചെയ്തത് പ്രാണനെ പോലെ സ്നേഹിച്ചതാണോ ഞാൻ ചെയ്ത കുറ്റം…”
“ശ്രീയേട്ടൻ ഒന്നും ചെയ്തിട്ടില്ല പക്ഷേ ….”
പക്ഷേ …. പറയ് അപ്പൂ പിന്നെ എന്താ അവൾക്ക് പറ്റിയത് ….
“ശിവേട്ടൻ … ശിവേട്ടൻ കാരണാ ന്റെ ചേച്ചി പോയത് ….”
“അപ്പൂ നീയെന്താ പറയുന്നേ…”
“ശിവ എന്ത് ചെയ്തെന്നാ നീ പറയുന്നേ….”
“ദേ അപ്പൂ അനാവശ്യം പറയരുത് ”
“ശിവേട്ടൻ അന്ന് ചേച്ചിയോട് ചെയ്തത് അനാവശ്യമല്ലേ … ചെറിയ കുട്ടിയാണെങ്കിലും ചിലതൊക്കെ എനിക്കും മനസിലാകും ശിവേട്ടാ….”
“ഹിമ പോയ വിഷമത്തിൽ അവൻ എന്തൊക്കെയോ പറയുന്നതാ ഏട്ടാ… ഏട്ടൻ അതൊന്നും വിശ്വസിക്കരുത്.. നീ പോയേ അപ്പൂ ഏട്ടന് യാത്രാക്ഷീണം കാണും. ”
“എന്നെ ഒഴിവാക്കിയാലും സത്യത്തെ ഒരിക്കലും മൂടി വെയ്ക്കാനാവില്ല ശിവേട്ടാ …ഞാൻ പോണു ശ്രീയേട്ടാ …. പറ്റുമെങ്കിൽ എന്റെ ചേച്ചി ഉറങ്ങുന്നിടം വരെ വരണം… അവളുടെ ആത്മാവെങ്കിലും അത് കണ്ട് സന്തോഷിക്കട്ടെ ”
പോകാൻ തിരിഞ്ഞ അപ്പുവിനെ തടഞ്ഞു നിർത്തി….
“നിൽക്ക് അപ്പൂ നീ പറയാൻ വന്നത് പറഞ്ഞിട്ട് പോയാൽ മതി….”
“ഏട്ടാ ഇവൻ ആവശ്യമില്ലാതെ വെറുതെ….”
“ആവശ്യമുള്ളതാണോ അല്ലയോ എന്ന് പറഞ്ഞതിനു ശേഷം തീരുമാനിക്കാം ”
“നീ പറ അപ്പൂ ”
” അന്ന് അമ്പലത്തിലെ ദീപാരാധന കഴിഞ്ഞ് ഞാനും ചേച്ചിയും വരുമ്പോൾ ……
ശിവേട്ടനും കൂട്ടുകാരും കലുങ്കിനടുത്ത് സംസാരിച്ചിരിക്കുന്നത് കണ്ടു ….
അന്ന് …..,
“ഹിമാ, നിങ്ങളെന്താ ഈ നേരത്ത് ഒറ്റയ്ക്ക് അമ്മ എവിടെ ? ”
” ദീപാരാധന കഴിഞ്ഞപ്പോൾ നേരം വൈകി ശിവേട്ടാ… അമ്മയ്ക്ക് തലവേദനയാ വന്നില്ല … പിന്നെ ഒറ്റയ്ക്ക് അല്ലല്ലോ തണ്ടും തടിയുമുള്ള എന്റെ ഈ കുഞ്ഞാങ്ങള കൂട്ടുണ്ടല്ലോ ….”
“ഒരു കാറ്റൂതിയാൽ പറക്കുന്ന ഈ പീറ ചെക്കൻ ആണോ നിന്റെ ബോഡിഗാർഡ് ”
“ശിവേട്ടാ എന്നെ അങ്ങനെ കളിയാക്കുകയൊന്നും വേണ്ട 6 ബിയിലെ തടിയൻ രാഹുലിനെ ഒറ്റ ഇടിയിൽ താഴെ ഇട്ടവനാ ഞാൻ ”
“ഓ…. നീഅത്രയ്ക്ക് ഭീകരനാണോ ”
“പിന്നല്ലാതെ ”
“എന്നാ കുഞ്ഞാങ്ങള പെങ്ങളെ കൂട്ടി പോകാൻ നോക്ക്, പാമ്പുകൾ ഉള്ള സ്ഥലമാ ”
“അയ്യോ പാമ്പോ എവിടെ… ചേച്ചീ എന്നെ എടുക്ക് ഞാൻ നടക്കില്ല പാമ്പ് കൊത്തും…”
” ഈ ചെക്കൻ നടക്കെടാ അങ്ങോട്ട് കുറച്ചു മുന്നേ എന്തൊക്കെയാ വീമ്പളക്കിയത്.”
“ചേച്ചിക്കത് പറയാം പാമ്പ് കടിച്ച് ഞാൻ മരിച്ചാലേ ചേച്ചീടെ കല്യാണത്തിന് അളിയനെ കൈ പിടിച്ച് കേറ്റാൻ ആളില്ലാതെ വരും”
“അതിന് ഞങ്ങളൊക്കെ ഇല്ലേ അപ്പുകുട്ടാ . ഞങ്ങളും നിന്റെ ചേച്ചീടെ ആങ്ങളമാർ തന്നെ അല്ലേ….”
“അയ്യടാ ആ പൂതി മനസീ വെച്ചാൽ മതി പിന്നേ ….. അതില്ലേ ശിവേട്ടാ ….?
“ഇളിക്കാതെ കാര്യം പറയെടാ ചെക്കാ ”
“ഞങ്ങളെ ഒന്നു കൊണ്ടാക്കോ എനിക്ക് പേടിയില്ല പക്ഷേ ഈ ചേച്ചിക്ക് ….”
“മോനേ അപ്പൂസേ കാളവാല് പൊക്കുന്നത് കണ്ടാലറിയാം എന്തിനാണെന്ന് ഒരു ധൈര്യവാൻ വന്നിരിക്കുന്നു … ഉം നടക്ക്.”
“ടാ നിങ്ങൾ തുടങ്ങിക്കോ ഞാനിപ്പോ വരാം ….”
“ശിവാ പോകുന്ന വഴിക്ക് ഈ അപ്പൂസിനെ തോട്ടിലേക്ക് ഇട്ടിട്ടു പൊക്കോട്ടാ ”
“പിന്നെ ശിവേട്ടൻ എന്നെ ഒന്നും ചെയ്യില്ല എന്തെങ്കിലും ചെയ്താൽ … ശിവേട്ടൻ രാത്രി കള്ളും കുടിച്ച് ചീത്ത കൂട്ടുകെട്ടായി നടക്കാണെന്ന് ശ്രീയേട്ടനോട് പറയൂല്ലോ …”
“ന്റെ പൊന്ന് അപ്പൂസേ ഞങ്ങൾ വെറുതെ പറഞ്ഞതാ സോറി, ശിവാ ഇവനെ സൂക്ഷിച്ചോട്ടാ ….”
“ശരി ടാ ഞാനിപ്പോ വരാം വാടാ അപ്പൂ , നിന്നെ ഞാൻ എടുക്കാം.. പിന്നെ ഏട്ടൻ വിളിക്കുമ്പോ ഒന്നും പറയല്ലേ ട്ടാ ”
“ചോക്ളേറ്റ് വാങ്ങി തന്നാൽ പറയൂല്ല…”
“തരാമെടാ ”
“ഡയറി മിൽക്ക് സിൽക്ക് ”
“സിൽക്കോ സ്വർണ്ണോ എന്തായാലും വാങ്ങാം നിന്റെ വായ ഒന്നു അടച്ചാൽ മതി…”
“വാങ്ങി തന്നാൽ ശിവേട്ടന് കൊള്ളാം…”
“നാളെ ഒന്നു നേരം വെളുക്കട്ടെ ….”
“എന്തിനാ ശിവേട്ടാ ഇങ്ങനെ കുടിച്ചു നശിക്കുന്നത് ? നിങ്ങൾക്ക് കൂടി വേണ്ടിയല്ലേ ആ മനുഷ്യൻ മരുഭൂമിയിൽ കിടന്നു കഷ്ടപ്പെടുന്നേ?”
“നിർത്തണം എന്നുണ്ട് ഹിമാ പക്ഷേ പറ്റുന്നില്ല… ”
“ഇത് എല്ലാവരുടെയും സ്ഥിരം ഡയലോഗ് ആണ് ശ്രമിച്ചാൽ നിർത്താവുന്നതേയുള്ളൂ ”
“പറ്റുന്നില്ലെടി ”
“ലൗ ഫെയ്‌ലിയർ ആണല്ലേ? ആരാ കക്ഷി”
“ഹിമാ …നമ്മുക്ക് മറ്റെന്തെങ്കിലും സംസാരിക്കാം ”
“അതെന്താ ”
“ഞാൻ മറക്കാൻ ശ്രമിക്കുന്ന കാര്യങ്ങളാ അതൊക്കെ ”
“പക്ഷേ .. ശിവേട്ടാ….”
“പ്ലീസ് ഹിമ … ”
ആ ഇരുട്ടിന്റെ നിശബ്ദതയിൽ അവരും പങ്കു ചേർന്നു…
” അപ്പൂസേ വീടെത്തി ”
“അവനുറങ്ങി ഹിമാ ”
“താ ഞാനെടുക്കാം ”
“ഇത്തിരി ഉള്ളെങ്കിലും നല്ല വെയ്റ്റ് ആണ് ട്ടാ ”
“എനിക്ക് വെയ്റ്റ് ഒന്നും ഇല്ല ”
“നീ ഉറങ്ങിയില്ലേ കണ്ടോ ശിവേട്ടാ,
അവനെ നടത്തിയാൽ പോരായിരുന്നോ ”
“അവൻ കുഞ്ഞല്ലേ , പിന്നെ ഏട്ടനോട് ഒന്നും പറയല്ലേ… മൂന്ന് മാസം അത് കഴിഞ്ഞാൽ പിന്നെ കുടിക്കില്ല…. ഇത്തവണ ഏട്ടൻ എനിക്കുള്ള വിസയും കൊണ്ടാ വരുന്നേ ഇനി ഇവിടെ നിൽക്കുന്നില്ലാ ”
“ശ്രീയേട്ടൻ പറഞ്ഞിരുന്നു ശിവേട്ടനെ നാടുകടത്താണെന്ന് . ഞങ്ങളുടെ കല്യാണം വരെ സമയം തരാം പിന്നെ ഞാൻ ഏട്ടത്തിയമ്മയാ ഓർമ്മ വേണം ”
“ഉവ്വേ…..”
“ഗുഡ് നൈറ്റ് ശിവേട്ടാ …”
“ഗുഡ് നൈറ്റ് അപ്പൂസേ ”
അതും പറഞ്ഞ് ഞങ്ങൾ വീട്ടിലേക്ക് പോന്നു പിന്നെ രാത്രി എന്തോ ശബ്ദം കേട്ട് ഞാൻ ഉണർന്നു നോക്കിയപ്പോൾ കണ്ടത് ശിവേട്ടൻ എന്റെ ചേച്ചിയെ കടന്നു പിടിക്കുന്നത് ആയിരുന്നു…. ചുണ്ടൊക്കെ പൊട്ടി ചോര വരുന്നുണ്ടായിരുന്നു…..
“ശിവാ നീയെന്റെ പെണ്ണിനെ …നിന്റെ ഏട്ടത്തിയായി വരേണ്ടവൾ ആയിരുന്നില്ലേ എന്നിട്ടും നിന്നെ ഞാനിന്ന് ….”
“മോനേ ശ്രീ അവനെ വിട് അവൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവൻ തന്നെ അനുഭവിക്കും… പോയവർ പോയില്ലെടാ ..”
“അമ്മാ അമ്മയ്ക്കെങ്ങനെ പറയാൻ തോന്നുന്നു, അമ്മയ്ക്കും അറിയായിരുന്നല്ലേ ഇതൊക്കെ ?എന്നെ കാത്തിരുന്ന എന്റെ പെണ്ണിനെ ഇവൻ …ഇഷ്ടായിരുന്നേൽ വിട്ടു കൊടുക്കില്ലായിരുന്നോ ഞാൻ ”
“എട്ടാ എനിക്കൊരു തെറ്റുപറ്റി അവളുടെ കാലു പിടിച്ച് ഞാൻ മാറ്റു പറഞ്ഞതാ പക്ഷേ അവളിങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല… ഏട്ടൻ വിചാരിക്കുന്ന പോലെ ഒന്നും നടന്നിട്ടില്ല .. കള്ളിന്റെ പുറത്ത് കയറി പിടിച്ചു എന്നത് സത്യം തന്നെയാ പക്ഷേ ഞാനൊന്നും ചെയ്തിട്ടില്ല … വീണപ്പോൾ ഹിമയുടെ ചുണ്ട് മുറിഞ്ഞതാ അല്ലാതെ ….”
” ഓ എത്ര നിസാരമായി നീ പറഞ്ഞു ഒന്നും ചെയ്തിട്ടില്ലാന്ന് …. താലി കെട്ടിയില്ലെങ്കിലും അവൾ എന്റെ പെണ്ണാണ്… നിന്റെ ഏട്ടത്തിയമ്മയായി വരേണ്ടവൾ ശിവേട്ടാ എന്നല്ലാതെ അവൾ നിന്നെ വിളിച്ചിട്ടുണ്ടോ പ്രായത്തേക്കാൾ നിന്നെക്കാളും ചെറുതാണ് എന്നാലും ….
ഏടത്തിയമ്മ എന്ന വാക്കിനർത്ഥം അറിയോ നിനക്ക് അമ്മ കഴിഞ്ഞാൽ അമ്മയുടെ സ്ഥാനം വഹിക്കുന്നവൾ എന്നിട്ടും നീ അവളെ … എന്നെയും ഒന്നു കൊന്നുതന്നൂടെ ശിവാ നിനക്ക് കൊ ല്ലെടാ എന്നെയും കൊ ല്ല്.. അല്ലെങ്കിൽ കള്ളിന്റെ പേരും പറഞ്ഞ് അമ്മയേയും പെങ്ങളെയും തിരിച്ചറിയാൻ സാധിക്കാത്ത നിന്നെ ഞാൻ കൊല്ലാം ”
“ഏട്ടാ വിട് വേദനിക്കുന്നു … വിടാനല്ലേ പറഞ്ഞത് ….”
“എന്തറിയാം ഏട്ടന് ? വിധി അത് ഒന്നു മാത്രമാണ് നിങ്ങളെ ഒരുമിപ്പിച്ചത് … ഒരു പക്ഷേ എന്റെ പെണ്ണായ് വരേണ്ടവൾ ആയിരുന്നു … എനിക്ക് വേണ്ടി ഹിമയെ ആലോചിച്ചതും കൂടിയാണ് അമ്മ, പക്ഷേ അതിനു മുമ്പേ അവൾ നിങ്ങളെ ഇഷ്ടമാണെന്നു പറഞ്ഞിരുന്നു….”
കേട്ടത് വിശ്വസിക്കാനാവാതെ നിൽക്കാനേ എനിക്കായുള്ളൂ … തകർന്നു പോയി ഞാൻ അവനെ വിട്ട് താഴേക്ക് ഊർന്നു വീണു ….
“നീ എന്നെ പറ്റിക്കാൻ പറയണതല്ലേ ശിവാ…”
“അല്ല ഏട്ടാ.. ഓർമ്മയുണ്ടോ ഒരിക്കൽ ഏട്ടന്റെ വിവാഹ കാര്യം പറഞ്ഞപ്പോൾ ഞാനിപ്പോൾ കെട്ടുന്നില്ല ഗൾഫിൽ പോകാൻ ചാൻസ് വന്നിട്ടുണ്ട് ശിവന് വേണേൽ ആലോചിച്ചോ എന്ന് ഏട്ടൻ പറഞ്ഞത്…
അന്ന് ഒരു തരത്തിലും വിവാഹ കാര്യത്തിൽ ഏട്ടൻ സമ്മതം തന്നിരുന്നില്ല. അവസാനം അമ്മയോട് വഴക്കിട്ട് ഏട്ടൻ മെഡിക്കൽ എടുക്കാൻ എറണാകുളത്തേക്ക് പോയി . എനിക്ക് വേണ്ടി അമ്മ ബ്രോക്കറോട് പെണ്ണിനെ നോക്കാൻ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞിരുന്നു …വേറെ ആലോചിക്കണ്ട ഹിമയെ മതിയെന്ന് … അമ്മയ്ക്കും അത് സമ്മതമായിരുന്നു….”
ശിവന്റെ ആ വാക്കുകൾ എന്റെ ഹൃദയത്തെ വീണ്ടും വേദനിപ്പിച്ചു കൊണ്ടിരുന്നു….
പിന്നെ എങ്ങനെയാ ശിവാ അവളെ എനിക്കായി ആലോചിച്ചത് …? ഞാൻ കണ്ണീരോടെയാണത് ചോദിച്ചത്…
“ശിവന്റെ കാര്യം സംസാരിക്കാൻ പോയതാണ് പക്ഷേ അവിടെ ചെന്നപ്പോൾ അവൾക്ക് ഒരു കല്യാണം ശരിയായിട്ടുണ്ടെന്ന് സുഭദ്രയും ബാലനും പറഞ്ഞപ്പോൾ ശിവന്റെ കാര്യം അവരെ അറിയിച്ചില്ല….” അമ്മ അത് പറഞ്ഞപ്പോൾ ശിവൻ എന്നെ താങ്ങി വീടിന്റെ പടിയിലിരുത്തി….
“അമ്മ കാര്യം പറഞ്ഞപ്പോൾ എങ്ങനെയെങ്കിലും അവളെ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചിരുന്നു… എന്റെ പ്രണയം അറിയിക്കാനും ഇഷ്ടമാണെങ്കിൽ വീട്ടുകാരെ എതിർത്താണെങ്കിലും ഏട്ടന്റെ സമ്മതത്തോടെ അവളെ വിവാഹം കഴിക്കാൻ വേണ്ടിയാണ് ഏട്ടൻ പോകുന്നതിന്റെ തലേദിവസം ഹിമയെ കോളേജിൽ നിന്നും വരുന്നതും കാത്തു നിന്നത്..
പക്ഷേ എനിക്ക് പറയാനുള്ളത് പറയാൻ പറ്റിയില്ല അതിനു മുമ്പേ അവൾ പറഞ്ഞിരുന്നു ഏട്ടന്റെ കാര്യം… ഏട്ടൻ അവളെ ചുംബിച്ചത് മുതലുള്ള കാര്യങ്ങൾ … എല്ലാം മനസിലൊതുക്കി ഞാനാ പറഞ്ഞത് വീട്ടിൽ പറയാൻ അന്നത് മുടക്കാൻ എനിക്കാകുമായിരുന്നു പക്ഷേ എന്റെ ഏട്ടനെ വിഷമിപ്പിക്കുന്നതൊന്നും ചെയ്യാൻ എനിക്കാവില്ല ഏട്ടാ… പിന്നീട് ഏട്ടന്റെ പെണ്ണായി തന്നെയാ ഹിമയെ ഞാൻ കണ്ടത്…”
“എന്നിട്ടും നിന്റെ കൈ കൊണ്ട് തന്നെ അവളെ കൊന്നു കളഞ്ഞില്ലെടാ … എന്നെക്കാളും നിന്റെ കൈപിടിച്ച് വളർന്ന കുട്ടിയല്ലേ അവൾ അങ്ങനൊരു മഹാ പാപം ചെയ്യാൻ നിനക്ക് എങ്ങനെ തോന്നിയെടാ…”
അന്നാ നശിച്ച ദിവസം പതിവിലും കൂടുതൽ കുടിച്ചിരുന്നു പിന്നെ കൂട്ടുകാരുടെ വാക്കുകൾ “നീ കൂടെ കിടത്താൻ ആശിച്ചവൾ നിന്റെ ഏട്ടന്റെ കൂടെ കിടക്കുന്നത് കാണേണ്ടി വരുന്ന ഹതഭാഗ്യൻ ആയിപ്പോയല്ലോ ശിവാ ഒരിക്കൽ പോലും അവളെയൊന്ന് തൊടാൻ പറ്റാത്ത നീയൊക്കെ ആണാണെന്ന് പറഞ്ഞു നടക്കുന്നത് തന്നെ നാണക്കേടാണ്….”
അതു കേട്ടപ്പോൾ മദ്യം മാത്രമല്ല സിരകളെ ഉത്തേജിപ്പിക്കുന്ന ലഹരിയിലും ഞാൻ വീണിരുന്നു …. ഒരു തരം ഭ്രാന്തായിരുന്നു അന്ന് …. മറക്കാൻ ശ്രമിക്കുമ്പോഴും ഓർമ്മയിൽ ഹിമയങ്ങനെ തെളിഞ്ഞു വന്നു…
“അപ്പുവിനുള്ള ചോക്ളേറ്റുമായി വന്നപ്പോൾ ആണ് ഹിമയുടെ മുറിയിൽ ലൈറ്റ് കണ്ടത് …. എന്തോ അപ്പൊൾ തന്നെ അവളെ കാണണമെന്ന് തോന്നി ശബ്ദമുണ്ടാക്കാതെ അവളുടെ മുറിയുടെ ജനൽ തട്ടി വിളിച്ച് ചോക്ളേറ്റ് കൊടുത്തപ്പോൾ അത്ഭുതമായിരുന്നു അവൾക്ക് …
” അപ്പുനെ പേടിച്ചാണോ ശിവേട്ടാ ഈ രാത്രി തന്നെ വന്നത്..?”
“പേടിയുണ്ടായിട്ടല്ല നാളെ അവൻ എഴുന്നേൽക്കുമ്പോൾ ഒരു സർ …പ്രൈസ് ആ… യി… ക്കോ.. ട്ടെന്ന് കരുതി ….”
“നാക്കു കുഴയുന്നല്ലോ ശിവേട്ടാ … അല്ലാ ശിവേട്ടന്റെ നെറ്റി പൊട്ടിയിട്ടുണ്ടല്ലോ… ചോര വരുന്നു..”
“ഓ അത് ഞാനാ പടിയിൽ ഒന്നു വീണു സാരമില്ല നീ കിടന്നോ”
“കാല് ഉറയ്ക്കാത്ത വിധം ഇങ്ങനെ കുടിച്ച് നശിക്കണോ ? ”
“നിർത്തണംന്ന് ആഗ്രഹം ഉണ്ട് , പക്ഷേ പറ്റുന്നില്ല.. നീ കിടന്നോ ഇതാരോടും പറയണ്ടാ ”
“എങ്ങോട്ടേക്കാ അവിടെ നിൽക്ക് ഞാൻ മരുന്ന് പുരട്ടി തരാം..”
“വേണ്ട പാതിരാത്രി കഴിഞ്ഞു. ആരെങ്കിലും കണ്ടാൽ പിന്നെ അതു മതി…”
ഓ പിന്നെ ആരു കണ്ടാലും കുഴപ്പമില്ല ശിവേട്ടൻ എന്നെ പെങ്ങളായി മാത്രേ കണ്ടിട്ടുള്ളൂന്ന് ഇവിടത്തെ പുൽനാമ്പിനു പോലും അറിയാം… പിന്നെയാ… പറഞ്ഞത് അനുസരിച്ചില്ലേൽ ഏട്ടനെ ഞാൻ വിളിക്കും. ഡയറി മിൽക്കൊന്നും ഇവിടെ ചെലവാവില്ലട്ടോ ”
“ഇവളെ കൊണ്ട് തോറ്റു എന്തേലും ചെയ്യ് വരുമ്പോൾ കുറച്ച് വെള്ളം എടുത്തോ. അടുക്കളയുടെ അടുത്തേക്ക് വന്നാൽ മതി ഈ കോലത്തിൽ ആരും കാണണ്ട ഞാൻ അവിടെ നിൽക്കാം ”
അന്നവൾ മരുന്ന് പുരട്ടി തന്നപ്പോൾ അവളുടെ സാമിപ്യം എന്നെ ഭ്രാന്തുപിടിപ്പിക്കുന്നുണ്ടായിരുന്നു… എന്റെ നിയന്ത്രണം പലതവണ പോയപ്പോളും ഏട്ടന്റെ മുഖമായിരുന്നു മനസിൽ ….
“വേദനയില്ലേ ശിവേട്ടാ ?”
“മനസിന്റെ വേദനയേക്കാളും ഒന്നും അല്ല ഈ വേദന ”
“ഈ ശിവേട്ടന്റെ സാഹിത്യമെന്നും എനിക്ക് മനസിലാവില്ല.. പിന്നേയ് ഈ മരുന്ന് കുറച്ച് നീറ്റലുണ്ടാകും”
“ആ…. എന്തോന്നാ ടീ ഇത് നീറുന്നല്ലോ ?”
“കുറച്ച് മുമ്പ് സാഹിത്യം പറഞ്ഞിട്ട് ഇപ്പോ എന്തായി” അതും പറഞ്ഞുള്ള അവളുടെ ആ ചിരി കാണാൻ നല്ല അഴകായിരുന്നു..
മരുന്നു പുരട്ടി കഴിഞ്ഞപ്പോൾ ആണ് അവൾ ചോദിച്ചത് ..
” ആ കുട്ടിയുടെ കല്യാണം കഴിഞ്ഞിട്ടില്ലെങ്കിൽ ഞാൻ സംസാരിക്കാം ”
“ആരുടെ കാര്യാ നീ പറയുന്നേ..?”
ശിവേട്ടന്റെ ഈ കള്ളുകുടിക്ക് കാരണമായവളെ ”
” വേണ്ട അതൊന്നും ശരിയാവില്ല ”
“എന്തു ശരിയാവില്ലാന്ന് ഞാൻ വിളിക്കാം ആ നമ്പർ ഒന്ന് താ ജാതിയോ മതമോ എന്തായാലും പ്രശ്നമില്ല ശ്രീയേട്ടനോട് പറഞ്ഞ് ശരിയായാൽ ഞങ്ങളുടെ കൂടെ നിങ്ങളുടെ കല്യാണം കൂടി നടത്താലോ ശിവേട്ടൻ ഇങ്ങനെ കുടിച്ച് നശിക്കുന്നത് കാണാൻ പറ്റാത്തോണ്ടാ ….”
“നീ പോയേ,”
“പറ്റില്ല എനിക്ക് ഉത്തരം തന്നിട്ട് പോയാൽ മതി ഇല്ലേൽ ഞാൻ എല്ലാവരെയും വിളിച്ചുണർത്തും ”
“ദേ ഭരിക്കാൻ നിൽക്കലൊക്കെ ഏട്ടനെ കെട്ടിയിട്ടു മതി അല്ലെങ്കിൽ എന്റെ കൈയുടെ ചൂട് നീ അറിയും..”
“ഓ അങ്ങനെയെങ്കിൽ അങ്ങനെ പറഞ്ഞിട്ടേ വിടുന്നുള്ളൂ ”
“എന്നാ പോയി പറയെടി ഈ ശിവൻ പ്രണയിച്ചതും കൂടെ പൊറുപ്പിക്കാൻ ആഗ്രഹിച്ചതും ഈ നിൽക്കുന്ന ഹിമയെ ആണെന്ന് ..”
“ശിവേട്ടാ, എന്താ പറഞ്ഞേ…..?”
പറഞ്ഞത് മനസിലായില്ലേ നീ കാരണമാ ഞാൻ കുടിച്ച് നശിക്കുന്നേ എന്താ പറ്റോ നിനക്ക് എന്റെ കുടി നിർത്താൻ എന്റെ പെണ്ണായ് വരാൻ പറ്റോ നിനക്ക് എന്നിൽ അലിഞ്ഞു ചേരാൻ പാഞ്ചാലിയെ പോലെ എന്റെയും ഏട്ടന്റെയും പെണ്ണാവാൻ പറ്റോ ? ഒരേ പന്തലിൽ ഞങ്ങളുടെ ഭാര്യയാകാൻ പറ്റോ നിനക്ക് ….? ഭ്രാന്തുപിടിക്കുന്നു ഹിമാ നിന്നെ കാണുമ്പോൾ … ”
“ശിവേട്ട എന്തൊക്കെയാ പറയുന്നേ എങ്ങനെ തോന്നുന്നു ഇങ്ങനെയൊക്കെ പറയാൻ….? എനിക്കങ്ങനെ ഒന്നും ഒരിക്കൽ പോലും തോന്നിയിട്ടില്ല പ്രണയം അത് ഒരിക്കലേ വന്നിട്ടുള്ളൂ അത് ശ്രീയേട്ടനോട് മാത്രമേ…. ഈശ്വരാ എന്തൊരു വിധിയാണ് എന്റേത്….”
“എന്റെ ഏട്ടനെ ചതിക്കാൻ എനിക്കാവില്ല അതുകൊണ്ട് മാത്രമാ ഞാൻ പോകുന്നേ ഹിമാ ഈ നാടുവിട്ട് … എന്റെ ജീവിതത്തിൽ ഇനിയൊരു പെണ്ണില്ല… ഏട്ടനോട് പറഞ്ഞ് വിസ ഒപ്പിച്ചതും ഒരു ഒളിച്ചോട്ടം തന്നെയാ.. നിങ്ങളുടെ ജീവിതം സന്തോഷമാക്കാൻ …. ഏട്ടൻ ഒന്നും അറിയരുത് ഒന്നും ….”
“ശ്രീയേട്ടനെ മറയ്ക്കാൻ എനിക്കാവില്ല ശിവേട്ടാ… എന്നെങ്കിലും ശ്രീയേട്ടൻ ഇതറിഞ്ഞാൽ … അന്ന് ഒരു തെറ്റിദ്ധാരണ ഉണ്ടാകരുത്… ”
“ഹിമാ, വേണ്ട ഏട്ടനോട് ഒന്നും പറയണ്ട… ”
“ഇല്ല പറയണം , ശിവേട്ടാ ഞങ്ങൾക്കിടയിൽ ഒന്നും മറയ്ക്കാനില്ല”
“എന്നാ ചെന്ന് പറ കൂടെ ഇതൂടെ പറഞ്ഞേക്ക് ഞാൻ നിന്നെ നശിപ്പിക്കാൻ ശ്രമിച്ചുന്ന് ”
“വിട് എന്നെ വിട് ശിവേട്ടാ… ” കുടിച്ച ല ഹ രി വീണ്ടും എന്നെ ഉന്മാദത്തിലാക്കി
“ഇല്ലാ… ഒരിക്കലെങ്കിലും നിന്നെ എനിക്കറിയണം …. കൂട്ടുകാരുടെ മുന്നിലല്ലെങ്കിലും സ്വന്തം മനസാക്ഷിയുടെ മുന്നിലെങ്കിലും എനിക്കൊരു ആണാണെന്ന് തെളിയിക്കണം ചുമരിനോട് ചേർത്ത് നിർത്തി ചുംബിക്കാൻ ശ്രമിച്ചതും കാല് തെറ്റി ഞങ്ങൾ രണ്ടു പേരും വീണു. ആ വീഴ്ചയിൽ അവളുടെ ചുണ്ട് പൊട്ടി …. ആ ശബ്ദം കേട്ടാണ് അപ്പു ഉണർന്നത്….
“ചേച്ചീ…. ശിവേട്ടാ എന്റെ ചേച്ചിയെ എന്താ ചെയ്യുന്നേ ”
“അപ്പൂ…. ഞാ…ൻ …. ഹിമാ …. സോറി ….നിന്റെ കാലു പിടിക്കാം അപ്പോഴത്തെ …. ആവേശത്തിൽ… ക്ഷമിക്ക് നിന്റെ ശിവേട്ടനല്ലേ …”
“നാണമില്ലേ ശിവേട്ടാ ഇങ്ങനെ കരയാൻ, എല്ലാം ചെയ്ത് വെച്ചിട്ട് ഏട്ടന്റെ ഭാര്യ ആകേണ്ടവളാണെന്നറിഞ്ഞിട്ടും ആരെങ്കിലും കാണുന്നതിന് മുമ്പ് പോകാൻ നോക്ക് ”
“എടീ ഞാൻ …”
“എനിക്കൊന്നും കേൾക്കണ്ട പോകാൻ നോക്ക് ഇനിയെന്റെ കൺമുന്നിൽ കണ്ടു പോകരുത് ഈ മുഖം എനിക്കിനി കാണണ്ട…” കരച്ചിലോടെ പറഞ്ഞവൾ വാതിലടച്ചു…. പിറ്റേ ദിവസം രാവിലെ സുഭദ്രാമ്മയുടെ കരച്ചിൽ കേട്ടാണ് ഞാനുണർന്നത് ….ഞാൻ കാരണം അവൾ …. അവൾ അങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ഏട്ടാ…..എന്നോട് ക്ഷമിക്ക് ഏട്ടാ…”
“ക്ഷമ അത് ഹിമയാണ് തരേണ്ടത് അവളോട് തന്നെ ചോദിക്ക് …. അവൾ അവസാനമായി പറഞ്ഞത് ഓർമ്മയുണ്ടോ നിനക്ക് നിന്റെ മുഖം അവൾക്കിനി കാണണ്ടാ എന്നല്ലേ എനിക്കും കാണണ്ട ശിവാ…. ഒരിക്കൽ പോലും നീയെന്റെ മുന്നിൽ വരരുത് … നീ ഇത് കണ്ടോ …. അവൾക്കായി ഞാൻ വാങ്ങിയ താലിയും സിന്ദൂരവും ആണ് … അവളെ എനിക്കത് അണിയിക്കണം…”
“ഏട്ടാ …. ഞാൻ ”
“വാ അപ്പൂ എന്നെ കൈ പിടിച്ച് കയറ്റ് കതിർമണ്ഡപത്തിൽ നിന്റെ ചേച്ചി ഇരിപ്പുണ്ട് … ”
“ശ്രീയേട്ടാ എന്തൊക്കെയാ പറയുന്നേ?”
“ദേ കണ്ടോ അവൾ ഇരിക്കുന്നേ ആ പൊട്ട കണ്ണട ഊരി കളയാൻ പറഞ്ഞാൽ നിന്റെ ചേച്ചി കേൾക്കില്ല… കെട്ടൊന്ന് കഴിയട്ടെ ശരിയാക്കുന്നുണ്ട് ഞാനവളെ….”
നാദസരം മുറുകി വരുന്നുണ്ട് ആരൊക്കെയോ കുരവയിട്ടു സർവ്വാഭരണവിഭൂഷയായി ഇരിക്കുന്ന ഹിമയുടെ കഴുത്തിൽ ഞാനാ താലി ചാർത്തി… നെറുകയി സിന്ദൂരമണിഞ്ഞപ്പോൾ അവളുടെ മുഖത്ത് ചുവന്ന രാശി പടർന്നു …. നാണത്താൽ കൂമ്പിയണഞ്ഞ കണ്ണുകളിലേക്ക് പാറി വീണ കുറുനിരകൾ മാറ്റി ആ നെറ്റിയിൽ ചുംബനം ചാർത്തി…..”
“ശ്രീ മോനേ ഓടി വാ….. ചതിച്ചല്ലോ ശിവാ ഞങ്ങളെ …..” അമ്മയുടെ നിലവിളി കേട്ട് നോക്കിയപ്പോൾ കണ്ടു എള്ളു ചെടികൾ വളർന്നു വന്ന നാമ്പുകൾക്കിടയിൽ ഞാൻ ഹിമയെ ചാർത്തിയ താലിയും കുങ്കുമചെപ്പും…
എല്ലാവരും ഓടി കൂടുന്നുണ്ടായിരുന്നു…. കഴുത്ത് മുറിച്ച് രക്തം ചീന്തിയ നിലയിൽ ശിവനെ പുറത്തേക്ക് എടുത്തപ്പോൾ ആ കണ്ണുകൾ മാപ്പു പറയുന്നുണ്ടായിരുന്നു….
പ്രാണനേ പോലെ സ്നേഹിച്ച രണ്ടു പേർ അന്ന് തന്നെ വിട്ടു പോയി …..ഇന്നീ ഇരുട്ടു മുറിയിൽ ചങ്ങലയുടെ ഭാരവുമേറി ഹിമയുടെ വരവിനായി കാത്തിരിക്കുകയാണ്…