എന്റെ നിൽപ്പും ഭാവവും കണ്ടിട്ടാവണം ജീനസിസ്റ്റർ വന്നെന്റെ കൈപിടിച്ച് സോഫയിലിരുത്തിയത്.

തനിച്ചായിപ്പോയ പെണ്ണുങ്ങൾ

എഴുത്ത്: ജെയ്‌നി റ്റിജു

വാതിലിൽ തുടരെത്തുടരേ മുട്ടുകേട്ടപ്പോൾ ജോസേട്ടായിയായിരിക്കും എന്ന് കരുതിയാണ് വാതിൽ തുറന്നത്. പണി കഴിഞ്ഞു വരേണ്ട സമയം കഴിഞ്ഞു. മുറ്റത്തു പതിവില്ലാതെ അപ്പച്ചനും വികാരിയച്ചനും പിന്നെ ജീന സിസ്റ്ററും.

” ഈശോമിശിഹാക്ക് സ്തുതിയായിരിക്കട്ടെ അച്ചോ. ഞാൻ അകത്ത് കൊച്ചിന് ചോറ് കൊടുക്കുവാരുന്നു. ഇതെന്നാ ഈ സന്ധ്യനേരത്ത്? അതും അപ്പച്ചനെയും കൂട്ടി.”

ഞാൻ അത്ഭുതപ്പെട്ടു.

” മോളെ, ഞാൻ ഇങ്ങോട്ട് വരുന്ന വഴി അച്ചനെയും സിസ്റ്റരെയും കണ്ടെന്നേ ഉള്ളൂ. കൊച്ചെന്തിയെ? “

അപ്പച്ചൻ അകത്തേക്ക് കേറി.. അതിനിടക്ക് അവർ മൂന്നുപേരും മുഖത്തോട് മുഖം നോക്കുന്നത് കണ്ട് എനിക്കെന്തോ സംശയം തോന്നി.

” എന്നതാ അപ്പച്ചാ, അപ്പന്റെ മുഖം കണ്ടാൽ അറിയാലോ എന്തോ ഉണ്ടെന്ന്. എന്നതാണേലും പറ. ” എന്റെ ക്ഷമ കെട്ടു.

” മോളെ റീനേ, അത്.. നമ്മുടെ ജോസൂട്ടിയും വടക്കേലെ സുരേഷും തമ്മിൽ പീടികത്താഴത്ത് വെച്ചെന്തോ കശപിശ ഉണ്ടായെന്നോ സുരേഷ് ജോസൂട്ടിയെ എന്തോ ചെയ്തെന്നോ സുരേഷിനെ പോലീസ് അറെസ്റ്റ്‌ ചെയ്‌തെന്നോ ഒക്കെ കേൾക്കുന്നു.. ” അച്ചനാണ് പറഞ്ഞത്.

ഞാൻ ഒരു നിമിഷം തളർന്നു നിന്നു. പിന്നെ അവിശ്വസനീയതയോടെ തലയാട്ടി.. സുരേഷേട്ടൻ ജോസേട്ടനെ കൊല്ലാനോ ഇവർക്ക് തെറ്റിയതാവും. രണ്ടും കൂടെ ഒന്നും രണ്ടും പറഞ്ഞു ഇടയാറുണ്ടെങ്കിലും ഒരു കുഴിയിലെ അടക്കാവൂ എന്ന് പറഞ്ഞു നടക്കുന്നവരാ. വീട്ടുകാർക്കിഷ്ടമില്ലാതെ കല്യാണം കഴിച്ചത് കൊണ്ട് പാലക്കാട്‌ നിന്നു വീടും നാടും വിട്ട് ചുരം കയറി വന്നവരാണ് സുരേഷും മിനിയും. അവരിവിടെ വന്ന കാലം മുതലേ ഞങ്ങൾ ഒരു കുടുംബം പോലെയാ ജീവിക്കുന്നത്.. ഒരു വീട്ടിൽ അടുപ്പ് പുകയുന്നുണ്ടെങ്കിൽ മറ്റേ വീട്ടിലും പട്ടിണിയായിട്ടില്ല ഇതുവരെ. ഓണവും വിഷുവും ക്രിസ്മസും എല്ലാം ഒന്നിച്ചായിരുന്നു കഴിഞ്ഞ പതിനാല് വർഷങ്ങളായിട്ട്. ഞങ്ങളുടെ മോൻ ടോണിയും അവരുടെ ആദിക്കുട്ടനും സമപ്രായക്കാരാണ്. ഒരു കൂടപ്പിറപ്പ് ഇല്ലാത്തതിന്റെ വിഷമം ഞാൻ മറന്നത് മിനിയെ കിട്ടിയതിൽ പിന്നെയാണ്. അങ്ങനെയുള്ള സുരേഷേട്ടൻ ജോസേട്ടായിയെ കുത്തുക എന്നൊക്കെവെച്ചാൽ..

എന്റെ നിൽപ്പും ഭാവവും കണ്ടിട്ടാവണം ജീനസിസ്റ്റർ വന്നെന്റെ കൈപിടിച്ച് സോഫയിലിരുത്തിയത്.

” റീനേ, അച്ചൻ പറഞ്ഞത് സത്യമാണ്.. ഹോസ്പിറ്റലിൽ കൊണ്ടുപോയെങ്കിലും നമ്മുടെ ജോസൂട്ടിയെ നമുക്ക് നഷ്ടപ്പെട്ടു. കർത്താവിന്റെ തിരുവിഷ്ടം അതാകുമെന്ന് കരുതി മോൾ ആശ്വസിക്കണം.ഇനി അവന്റെ ആത്മാവിനു വേണ്ടി പ്രാർത്ഥിക്കാനെ നമുക്ക്…”

” ചേട്ടായി.. ” എന്നൊരു വിളിയോടെ തളർന്നു വീണതിനാൽ സിസ്റ്റർ പറഞ്ഞത് മുഴുവൻ ഞാൻ കേട്ടില്ല. പിന്നെ ഉണരുമ്പോൾ ഞാൻ ഞങ്ങളുടെ മുറിയിൽ ആയിരുന്നു.

എനിക്കെന്റെ ചേട്ടായിയെ കാണണം, എന്നെ ഒന്ന് കൊണ്ടുപോ എന്ന് പറഞ്ഞു കരഞ്ഞെങ്കിലും പോലീസ് കേസായതിനാലും പോസ്റ്റ്മോർട്ടം കഴിഞ്ഞു പിറ്റേന്നേ കിട്ടുകയുള്ളു എന്ന്പറഞ്ഞു ആരൊക്കെയോ എന്നെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു..അപ്പോഴേക്കും വീടുമുഴുവൻ ബന്ധുക്കളും നാട്ടുകാരും നിറഞ്ഞു. ടോണിമോനെ ആരൊക്കെയോ ചേർത്തുപിടിച്ചിട്ടുണ്ട്.

” എന്നാലും അവളുടെ ഒരു തന്റേടം നോക്കിയേ, എത്ര ധൈര്യം ഉണ്ടായിട്ട് വേണം ഈ നേരത്തിവിടെ കയറിവരാൻ. ഈ പാവം കൊച്ചിന്റെ മുഖത്ത് നോക്കാനുള്ള യോഗ്യതയുണ്ടോ അവൾക്ക്? അതിന് അവൾക്കെന്നാ പറ്റിയെ, പോയത് നമ്മുടെ കുഞ്ഞിനല്ലേ.” ആരോ പറയുന്നു.

” ആട്ടിവിട്ടത് നന്നായി ചേട്ടത്തി. ഞാനാരുന്നേൽ അടിയും കൊടുത്തു വിട്ടേനെ. വിശേഷം അറിയാൻ വന്നേക്കുന്നു നാശം പിടിച്ചവള്. “

സംസാരം കേട്ടപ്പോൾ തന്നെ മനസ്സിലായി. മിനി ഇവിടെ വന്നിരുന്നു. തന്നെക്കാണാൻ അവളെ ആരും സമ്മതിച്ചില്ല. എന്തായിരിക്കും അവളുടെ അവസ്ഥ. പക്ഷെ, എന്നോളം നഷ്ടം വന്നിട്ടില്ലല്ലോ അവൾക്ക്.. പകലന്തിയോളം പാടത്തും പറമ്പിലും പണിയെടുത്തിട്ട് വൈകിട്ട് ഇച്ചിരെ കള്ളു മോന്തുമെങ്കിലും എനിക്കോ മിനിക്കോ ഒരു ദോഷവും ചെയ്തിട്ടില്ല ഞങ്ങടെ കെട്ടിയോന്മാർ.

പിറ്റേന്ന് ചേട്ടായുടെ ബോഡി കൊണ്ടുവന്നപ്പോഴും അടക്കിയപ്പോഴും കണ്ണീരുവറ്റി മരവിപ്പോടെ ഞാനിരുന്നു. ഇനിമുതൽ റീനക്കൊച്ചേ എന്നുവിളിച്ചോണ്ട് അദ്ദേഹം കയറിവരില്ല. ടോണിമോനോടൊപ്പം മത്സരിച്ചു സൈക്കിൾ ചവിട്ടില്ല, പെരുന്നാളിന് കൊണ്ടുപോകില്ല, വേണ്ടതെല്ലാം വാങ്ങികൊടുക്കില്ല. സന്തോഷവും സങ്കടവും വരുമ്പോൾ എനിക്ക് ചേർന്നുനിൽക്കാൻ ആ നെഞ്ചില്ല. ഒറ്റനിമിഷം കൊണ്ട് എല്ലാം അവസാനിച്ചിരിക്കുന്നു.

പതിനാലുകൊല്ലം കൂടെക്കൂട്ടിയതിന്, അന്യനാട്ടിൽ വന്ന്‌ ആരുമില്ലാതെ ഇരുന്നവനെ ഒരു കൂടപ്പിറപ്പിറപ്പിനെപ്പോലെ ചേർത്തുപിടിച്ചതിന്, ചിരിയും കണ്ണീരും ഒന്നിച്ചു പങ്കുവെച്ചതിന് ഒരു പിച്ചാത്തിപ്പിടികൊണ്ടാണോ അയാൾ കടം വീട്ടിയത്.

അപ്പന്മാരുടെ ഒരുമ കണ്ടിട്ട് തന്നെയാവണം മക്കളും സ്വന്തം കൂടപ്പിറപ്പുകൾ പോലെത്തന്നെയാണ്. ചേട്ടമായിയും സുരേഷേട്ടനും ഇടക്കൊക്കെ കെറുവിക്കാറുണ്ടെങ്കിലും രാവിലെ സുരേഷേട്ടൻ സ്കൂട്ടറുമായി പടിക്കൽ വന്ന്
“കേറടാ ജോസൂട്ടിയെ ” എന്നൊരു വിളിയിൽ പിണക്കം മറന്നു ഒന്നിച്ചു വീണ്ടും പണിക്ക് പോകുന്നവരെ കാണുന്നത് കൊണ്ട് അവരുടെ ഇണക്കവും പിണക്കവും ഞങ്ങളെ ബാധിച്ചിട്ടില്ല ഇതുവരെ. പക്ഷെ ഇത്തവണ…

പതിവുപോലെ രണ്ടുപേരും കൂടി മുറ്റത്തിരുന്നു ക- ള്ളുംകുടിച്ചു കപ്പയും കഴിച്ചോണ്ടിരിക്കുന്നതിനിടയിൽ സുരേഷേട്ടന്റെ ഒച്ച പൊങ്ങുന്നത് കേട്ടാണ് ഞാനും മിനിയും അടുക്കളയിൽ നിന്ന് പുറത്തേക്ക് ചെന്നത്.

” ഇനി ജീവനുണ്ടെങ്കിൽ ഞാനും നീയും തമ്മിൽ ഒരു ബന്ധവുമില്ല. ചെറുക്കനേം വിളിച്ചോണ്ട് വാടി. “

എന്നും പറഞ്ഞു സുരേഷേട്ടൻ വീട്ടിലേക്ക് പോയി. ചേട്ടായിയും ദേഷ്യത്തിൽ ആയിരുന്നു. പുറകെ പോകാനിറങ്ങിയ മിനിയെ തടുത്തു,

” നീ കഴിച്ചിട്ട് പോയാൽ മതി. ഇവന്മാർക്ക് കള്ള് മൂക്കുമ്പോ പതിവുള്ളതല്ലേ” എന്ന് പറഞ്ഞത് ഞാനായിരുന്നു. കുട്ടികളാണെങ്കിൽ ഇതൊന്നും അവരെ ബാധിക്കുന്നതെ അല്ലെന്ന മട്ടിൽ കളിതുടർന്നു.

രാവിലെ വിളിക്കാൻ സുരേഷേട്ടൻ വന്നില്ല. ചേട്ടായിയും അങ്ങോട്ട് നോക്കുക പോലും ചെയ്യാതെ സൈക്കിളുമെടുത്തു പോയി. പിള്ളേരുടെ സ്കൂൾ വണ്ടി വന്നപ്പോൾ ‘ഇത്തവണ എന്തോ സാരമായി പറ്റിയിട്ടുണ്ടെന്ന് മിനി ആധിപിടിച്ചപ്പോഴും ഞാൻ സാരമാക്കിയില്ല.

” വൈകുന്നേരം രണ്ടും കൂടെ ഒന്നിച്ചാവും വരുന്നേ. നീ ജോലിക്ക് പോകാൻ നോക്ക് പെണ്ണെ. എനിക്കുമിന്നു ഒത്തിരി തയ്ക്കാനുണ്ട്. മറ്റേ കല്യാണപാർട്ടിയുടെ.”

എന്നുപറഞ്ഞു ഞാൻ ചിരിയോടെ തിരിച്ചു പോന്നു. മിനിക്ക് അടുത്തുള്ള അംഗൻവാടിയിൽ ഹെൽപ്പർ ജോലിയുണ്ട്. താൽക്കാലികം ആണ്. എന്നാലും കുഴപ്പമില്ല. വട്ടചെലവിനുള്ളത് കിട്ടും. ഞാൻ അത്യാവശ്യം തയ്യൽ ഒക്കെയായിട്ട് പോകുന്നു. പക്ഷെ, കവലയിൽ വെച്ച് വൈകുന്നേരം ഇത്ര വലിയ വഴക്കുണ്ടാക്കാനും കുത്തിക്കൊല്ലാനും മാത്രം എന്തായിരിക്കും സംഭവിച്ചിരിക്കുക.

അടക്കം കഴിഞ്ഞു ഓരോരുത്തരായി പിരിഞ്ഞു പോയി. എന്റെ അപ്പച്ചനും അമ്മച്ചിയും പിന്നെ ചേട്ടയുടെ പെങ്ങളും അളിയനും മാത്രം ശേഷിച്ചു.

പോലീസ് തെളിവെടുപ്പിന് വരുമ്പോൾ ഇവർ തമ്മിൽ തലേന്ന് നല്ല വഴക്കുണ്ടായെന്നും കൊ- ല്ലുമെന്ന് പറഞ്ഞിരുന്നു എന്നും പറയണമെന്ന് അളിയൻ നിർബന്ധിച്ചു. കരുതിക്കൂട്ടിയുള്ള കൊലപാതകം ആണെന്ന് തെളിയിച്ചാലെ കേസിനു ബലമുള്ളത്രെ. കുത്തിയ റബ്ബർ കത്തി സുരേഷേട്ടന്റെ കയ്യിൽ ഉണ്ടായിരുന്നതായത് കൊണ്ട് ആയുധവുമായി കാത്തിരുന്നു മനപ്പൂർവം കൊ- ലപ്പെടുത്തി എന്നാണത്രെ കേസ്. വഴിയിൽ വെച്ചും മിണ്ടാതെ പോയപ്പോ പുറകെ പോയെന്നും അപ്പോഴുണ്ടായ പിടിവലിക്കിടയിൽ മൂർച്ച കൂട്ടാൻ കൊണ്ടുപോയ ക- ത്തി അറിയാതെ ജോസേട്ടായുടെ ശരീരത്തിൽ കയറിയതാണ് എന്നാണത്രെ സുരേഷേട്ടൻ പോലീസിനോട് പറഞ്ഞത്. ഇല്ലാത്തതൊന്നും പറയാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ അളിയൻ ദേഷ്യപ്പെട്ടു. പണ്ടും അങ്ങേർക്ക് സുരേഷേട്ടനെയും കുടുംബത്തെയും ഇഷ്ടമല്ല.

” നീ പറയില്ലെന്ന് എനിക്കറിയാമെടി . പോയത് ഞങ്ങക്കല്ലേ. അവനു കൊ- ലമരം തന്നെ വാങ്ങികൊടുക്കും ഞങ്ങൾ. അല്ലെങ്കിലും നാട്ടുകാർ പലതും പറയുന്നുണ്ട്. എന്തിനാ വഴക്കുണ്ടായേ എന്നൊന്നും മറ്റവൻ തുറന്നു പറയുന്നില്ലെന്ന്. ആർക്കറിയാം. അതിനെങ്ങനാ ഇവിടുത്തേ വാതിൽ ഇങ്ങനെ തുറന്നു മലർത്തിയിട്ടേക്കുവല്ലേ കണ്ടവർക്കൊക്കെ കേറിനിരങ്ങാൻ.. “

” നാവിനെല്ലില്ലെന്നു കരുതി കന്നംതിരിവ് പറയല്ലേ ജയിംസെ.”

ആദ്യം ചാടി എണീറ്റത് എന്റെ അപ്പച്ചനായിരുന്നു.

” റീനേടപ്പച്ചൻ ചൂടായിട്ട് കാര്യമില്ല. മക്കളെ വളർത്തുമ്പോ മര്യാദക്ക് വളർത്തണം. ഇതിപ്പോ ഞങ്ങടെ ചെക്കനെ കൊ- ല്ലിച്ചിട്ട്‌ ഇപ്പോൾ അവൾക്ക് അവനെതിരെ മൊഴി കൊടുക്കാൻ പറ്റില്ലെന്ന്.. “

“ഇറങ്ങിപ്പോടോ എന്റെ വീട്ടീന്ന്. ” ഞാൻ ചീറി. അയാൾ എന്തൊക്കെയോ പറഞ്ഞു കൊണ്ട് ഇറങ്ങിപ്പോയി. കൂടെ മോളിചേച്ചിയും. ചേച്ചിക്കാണേൽ സ്വന്തമായിട്ട് ഒരു അഭിപ്രായമില്ല. കെട്ടിയോൻ പറയുന്നത് വേദവാക്യം. പോകുന്നവരൊക്കെ പോട്ടെ.

പോലീസ് വന്നപ്പോൾ വഴക്കുണ്ടായിരുന്നു എന്ന് ഞാൻ മൊഴി കൊടുത്തു. ഇനി ഇതിന്റെ പേരിൽ നാട്ടുകാർ അനാവശ്യം പറയണ്ടല്ലോ.

” അച്ചായി എന്തിനാ നമ്മുടെ പപ്പായെ കൊ- ന്നേ അമ്മേ? ” എന്ന ടോണിമോന്റെ ചോദ്യത്തിന് ഉത്തരമില്ലാതെ ഞാൻ അവനെ ചേർത്തു പിടിച്ചു കരഞ്ഞു.

അതിനിടയിൽ മിനിയുടെ ജോലിപോയെന്ന് പറയുന്ന കേട്ടു. താൽക്കാലികം ആയത് കൊണ്ട് കാലാവധി തീർന്നെന്നോ വേറെ ആളുകൾക്കും അവസരം കൊടുക്കണ്ടേ എന്നും പഞ്ചായത്തിൽ നിന്നും പറഞ്ഞത്രേ. ആദിമോൻ ഇപ്പോൾ സ്കൂളിൽ വരാറില്ലെന്നും. കുട്ടികൾ ആരും അവനെ കൂടെ കൂട്ടുന്നില്ലത്രേ. അവനോട് മിണ്ടരുതെന്ന് ടോണിമോനെ ആരൊക്കെയോ പറഞ്ഞു പഠിപ്പിച്ചിരുന്നു. എനിക്കിപ്പോൾ അല്ലെങ്കിലും സ്വന്തമായി അഭിപ്രായങ്ങൾ ഇല്ലല്ലോ. ആരൊക്കെയോ കീ കൊടുക്കുന്ന പോലെ ചലിക്കുന്ന ഒരു പാവ മാത്രമായിരിക്കുന്നു ഞാൻ.

നാല്പത് കഴിഞ്ഞപ്പോൾ അപ്പച്ചനും അമ്മച്ചിയും പോകാനിറങ്ങി. അവർ കാട്ടിക്കുളത്താണ് താമസം. ആനയും പന്നിയും ഒക്കെ ഇറങ്ങുന്ന സ്ഥലമാണ്. ആളില്ലെങ്കിൽ കുറച്ചു കപ്പയും കാച്ചിലുമൊക്കെയുള്ളതും പോകും, വീടും നശിപ്പിക്കും.. അല്ലെങ്കിലും എന്നും ആളു കാണില്ലല്ലോ..അങ്ങനെ ഞങ്ങൾ തനിച്ചായി..

പിറ്റേ ഞായറാഴ്ച പള്ളിയിൽ പോയി സെമിത്തേരിയിൽ മെഴുകുതിരിയും കത്തിച്ചു തിരിച്ചു വരുമ്പോൾ മിനിയും മോനും വഴിയിൽ വീടിനു മുന്നിൽ..ചേട്ടായി മരിച്ചതിനു ശേഷം ആദ്യമായാണ് നേർക്കുനേർ.. ഞാൻ ഒന്നും മിണ്ടാതെ അവളെ കടന്നു മുന്നോട്ട് നടന്നു.

” റീനേ.. “അവൾ ആർദ്രമായി വിളിച്ചു. ഞാൻ നിന്നു.

” ഞങ്ങൾ ഇവിടെ നിന്നും പോകുവാ. എനിക്ക് ഇനിയിവിടെ ആരും ജോലി തരില്ല. പിന്നെ മോനും പറയുന്നു എങ്ങോട്ടെങ്കിലും പോകാമെന്നു. കൊലപാതകിയുടെ മോനെ ആരും കൂടെക്കൂട്ടില്ലല്ലോ. അവന്റെ അച്ചായി ഒരു കൊലപാതകിയാണെന്ന് അറിയാത്ത ഏതെങ്കിലും നാട്ടിലേക്ക് പോകാനാ അവൻ പറയുന്നേ. ഞാനും തീരുമാനിച്ചു പോകാൻ.. ഇനിയിവിടെ നിന്നിട്ടെന്തിനാ. ഞങ്ങൾക്കിപ്പോ ഇവിടെ ആരുമില്ലല്ലോ.”

ഒരു നിമിഷം നിർത്തിയിട്ട് അവൾ തുടർന്നു.

” എന്റെ വീട്ടിലേക്കാണ് പോകുന്നെ.. അവർ സ്വീകരിക്കുമോ എന്നറിയില്ല. ഇത്രയും ഒക്കെസംഭവിച്ചിട്ടും ഒന്ന് തിരിഞ്ഞു നോക്കാത്തവർ ഇനി എന്നെ സ്വീകരിക്കുമോ. അവരെ പറഞ്ഞിട്ട് കാര്യമില്ല. അവരുടെ മനസ്സിൽ ഞാൻ പണ്ടേ മരിച്ചതാണല്ലോ. എങ്കിലും ഞാനൊന്ന് പോയി നോക്കും പിന്നീട് ശ്രമിച്ചു നോക്കിയില്ലല്ലോ എന്ന് കുറ്റബോധം തോന്നാതിരിക്കാൻ. അവർ സ്വീകരിച്ചില്ലെങ്കിൽ എവിടെയെങ്കിലും പോയി കൂലിപ്പണിയെടുത്തായാലും ജീവിക്കണം. മരിക്കണമെന്ന് ആഗ്രഹം തോന്നിയിരുന്നു, പക്ഷെ എന്റെ മോനെ കൊല്ലാൻ വയ്യ, ഇവനെ ഉപേക്ഷിച്ചു ഒറ്റക്ക് രക്ഷപ്പെടാനും വയ്യ. “

എന്റെ നെഞ്ചോന്നു പിടഞ്ഞു. എങ്കിലും ഞാൻ മിണ്ടിയില്ല. അവളെന്തിനു മരിക്കണം. എന്നോളം നഷ്ടം അവൾക്കുണ്ടായിട്ടില്ലല്ലോ. എന്നോളം അവൾ കരഞ്ഞിട്ടില്ലല്ലോ.

” റീനേ, നാളെ ഞങ്ങൾ പോകും. നിന്നോട് പറയാതെ പോകാൻ കഴിഞ്ഞില്ല. അല്ലെങ്കിലും നീയല്ലാതെ എനിക്കാരാ ഉള്ളെ? “

അവൾ ആർത്തലച്ചു കരഞ്ഞിട്ടും ഞാൻ പതറാതെ മുന്നോട്ട് നടന്നു.

” ടോണീ… ” ആദിയാണ്.

” ഞങ്ങൾ പോകുവാടാ. ഇനി നമ്മൾ തമ്മിൽ ഒരിക്കലും കാണില്ല. നീ ഇനി ഒരിക്കലും എന്നോട് മിണ്ടില്ലല്ലേ. എല്ലാരും പറയുന്നു അച്ചായിയെ തൂക്കികൊല്ലുമെന്ന്‌. ഞാനും അപ്പോൾ നിന്നെപ്പോലെയാവും.എനിക്കും അച്ഛനുണ്ടാവില്ലല്ലോ. “

ഞാൻ പിടിച്ചുകെട്ടിയപോലെ നിന്നു. നെഞ്ചുപൊട്ടി ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ടോണിമോനും ആദിയുംകൂടെ കെട്ടിപ്പിടിച്ചു കരയുന്നു.. പിന്നെ പിടിച്ചു നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ മിനിയുടെ നേർക്ക് ഓടി അവളെ ഇറുക്കെ കെട്ടിപ്പിടിച്ചു, ഞങ്ങൾ രണ്ടുപേരും കൂടെ പരിസരം മറന്നു പൊട്ടിക്കരഞ്ഞു. പിന്നെ അവളെ ചേർത്തുപിടിച്ചു ഞാൻ ഗേറ്റ് കടന്നു അകത്തേക്ക് നടന്നു.. ഇല്ല, അങ്ങനെ എവിടെയെങ്കിലും പോയി നരകിക്കാൻ ഇവളെ ഞാൻ വിടില്ല..അവൾക്കും മോനുമിനി ഞാനുണ്ട്.ആളുകളെന്തും പറഞ്ഞോട്ടെ. എനിക്കവളെ മനസ്സിലാവും. എന്നെപ്പോലെ അവളുമിപ്പോൾ തനിച്ചാണല്ലോ.

Leave a Reply

Your email address will not be published. Required fields are marked *