എന്റെ ദൈവമേ ഇന്നാരെ ആണാവോ കണി കണ്ടതെന്നു ഞാൻ മനസ്സിലോർത്തു.

പുതുപ്പെണ്ണ് തൂക്കാത്ത പുരപ്പുറം

എഴുത്ത്: അച്ചു വിപിൻ

ഇതെന്താ മോളെ നിനക്ക് മാത്രം കാപ്പി?
ഇനി ഇതിവിടെ വേണ്ടാട്ടോ, ഞങ്ങളെല്ലാരും ഇവിടെ ചായയാണ് കുടിക്കാറ് ഇനി മുതൽ മോളും ചായ കുടിച്ചു ശീലിക്കണം.

അരിവാർത്തു കൊണ്ടിരിക്കുന്ന അമ്മായിഅമ്മയുടെ ശ്രദ്ധ എന്റെ കാപ്പിയിലാണെന്നെനിക്ക് മനസ്സിലായതും ഞാൻ തിരിഞ്ഞു നോക്കാതെ തന്നെ മറുപടി പറഞ്ഞു,

“എനിക്ക് കാപ്പിയാണിഷ്ടം”

അരിക്കലം നേരെ വെച്ചിട്ടവരെന്റെ അടുത്തേക്ക് വന്ന ശേഷം മുഖത്തൊരു കൃത്രിമച്ചിരി വരുത്തിക്കൊണ്ട് പറഞ്ഞു,മോളെ ഒരാൾക്ക് വേണ്ടി വേറെ ഉണ്ടാക്കുന്നതിലും നല്ലത് എല്ലാർക്കും കൂടി ഒരുമിച്ചങ്ങുണ്ടാക്കുന്നതല്ലേ?
നമ്മള് പെണ്ണുങ്ങള് കെട്ടിക്കയറി ചെന്ന വീട്ടിലെ ആളുകളുടെ ഇഷ്ടങ്ങൾ കണ്ടും കേട്ടും,അറിഞ്ഞും വേണം പെരുമാറാൻ..

മോൾക്കറിയോ,ഞാനിവിടെ വന്നു കയറിയപ്പോഴാണ് മനസ്സിലായത് അനൂപിന്റെ അച്ഛനു മീൻ കറി ഇഷ്ടല്ലന്നു, മീൻ വറുക്കുന്ന മണം മൂക്കിലടിച്ചാൽ പിന്നെ പറയണ്ട അന്നദ്ദേഹം വീട്ടിൽ നിന്നു ചോറ് പോലും കഴിക്കില്ല,എനിക്കാണെങ്കിലോ മീനെന്നു വെച്ചാൽ പ്രാന്തും…ഒടുക്കം അദ്ദേഹത്തിന്റെ ഇഷ്ടാണ് എന്റെ ഇഷ്ടമെന്ന് മനസ്സിലുറപ്പിച്ച ഞാൻ മീൻ കഴിക്കുന്നതങ്ങട് നിർത്തി..ഞാൻ മീൻകറി കഴിച്ചില്ലെന്ന് വെച്ചിട്ടൊന്നും പ്രത്യേകിച്ച് സംഭവിക്കാൻ പോണില്ലല്ലോ..നല്ലൊരു കുടുംബ ജീവിതം ഉണ്ടാവണെങ്കിൽ നമ്മള് പെണ്ണുങ്ങൾ ഇത്തിരി വിട്ടു വീഴ്ചയൊക്കെ ചെയ്യണം മോളെ….

വന്നു കയറിയിട്ട് ആഴ്ച രണ്ടേ ആയുള്ളൂ അപ്പഴേക്കും അമ്മായിഅമ്മ ഭർതൃ വീട്ടിൽ ഞാൻ എന്ത് ചെയ്യണം എന്ത് ചെയ്യാൻ പാടില്ല എന്നതിനെ പറ്റി ക്ലാസ്സെടുത്തു തുടങ്ങിയെന്ന് ഞാനപ്പോ ചിന്തിക്കായ്കയില്ല…

ചെരുവത്തിലിരുന്ന ചൂട് കാപ്പി ഞാനൊരു കപ്പിലേക്കൊഴിച്ച ശേഷം അതിൽ നിന്നൊരു കവിൾ കുടിക്കുന്നതിനിടയിൽ അമ്മായിഅമ്മയോടായി പറഞ്ഞു.. അമ്മേ, രാവിലെ ഒരു കപ്പ്‌ കാപ്പി എനിക്ക് നിർബന്ധമാണ്, എന്റെ ദിവസം തുടങ്ങുന്നത് തന്നെ നല്ലൊരു കാപ്പിയിലാണ് അങ്ങനെയുള്ള ഞാൻ ഇവിടത്തെ എല്ലാവരുടെയും ഇഷ്ടം നോക്കി ചായ കുടിച്ചാൽ എന്റെയാ ദിവസം തന്നെ പോകും.. പിന്നെയീ ചായ എന്ന സാധനം തന്നെ എനിക്കിഷ്ടല്ല..നമുക്ക് ഇഷ്ടമില്ലാത്ത ഒരു സാധനം കഷ്ടപ്പെട്ട് കുടിക്കേണ്ട കാര്യമില്ലല്ലോ..നിങ്ങള് ചായ കുടിച്ചോളൂ എന്റെ കാപ്പി ഞാനിട്ടു കുടിച്ചോളാം അതിലെനിക്കൊരു ബുദ്ധിമുട്ടുമില്ലട്ടോ…..

എളിക്കു കയ്യും കൊടുത്തെന്റെ നേരെ നോക്കി വായും പൊളിച്ചു നിൽക്കുന്ന അമ്മായിഅമ്മയെ നോക്കിയൊന്നു ചിരിച്ചുകൊണ്ട് ഞാനെന്റെ കാപ്പിയുമായി ഉമ്മറത്തേക്ക് പോയി..

ഇറയത്തിരുന്നു കുറച്ചു നേരം പേപ്പർ വായിച്ച ശേഷം അടുക്കളയിൽ ബാക്കി ഉണ്ടായിരുന്ന പണികൾ തീർത്തു ഞാൻ കുളിക്കാൻ കയറി.എന്നാലും വന്ന് കയറിയപ്പഴേ ഇങ്ങനെ ആണെങ്കിൽ കുറച്ചു കഴിയുമ്പോ എന്താവുമോ എന്തോ എന്നാലോചിച്ചാലോചിച്ചു കാടു കയറി മേത്തു തേച്ചു കൊണ്ടിരുന്ന സോപ് കയ്യിൽ നിന്നും വഴുതി ക്ലോസെറ്റിലേക്കും വീണു..ആ നല്ല ബെസ്റ്റ് ടൈം!!

എന്റെ ദൈവമേ ഇന്നാരെ ആണാവോ കണി കണ്ടതെന്നു ഞാൻ മനസ്സിലോർത്തു.

കുളി കഴിഞ്ഞ ശേഷം ഓഫീസിലേക്ക് പോകാനായി ധൃതി പിടിച്ചു ഡ്രസ്സ്‌ മാറുന്നതിനിടയിലാണ് അമ്മായിഅമ്മ അങ്ങോട്ടേക്ക് വന്നു…

ആഹാ മോള് രാവിലെ തന്നെ കുളിച്ചോ,ഹായ് നല്ല ചുരിദാർ!ഇത്രയും നല്ല ഡ്രെസ്സൊക്കെ വീട്ടിലിട്ടു കളയണ്ട കേട്ടോ.. അടുക്കളയിൽ നിന്നോരോന്ന് പെരുമാറുമ്പോ ഇതിലൊക്കെ അഴുക്കാവില്ലേ?മോക്ക് വീട്ടിലിടാൻ നൈറ്റിയൊന്നുമില്ലേ?
അവരാ മുറിയിലാകെ കണ്ണോടിച്ചു..

കണ്ണാടി നോക്കി പൊട്ട് തൊട്ടു കൊണ്ടിരുന്ന ഞാൻ പറഞ്ഞു,അതിനിത് വീട്ടിലിടുന്നതല്ലമ്മേ,ഞാൻ ഓഫീസിലേക്ക് പോകാനെടുത്തിട്ടതാ..എന്റെ ലീവ് തീർന്നു.ഇന്ന് ജോയിൻ ചെയ്യണം, ഇല്ലെങ്കിലാകെ പ്രശ്നമാകും…ഞാനവരെ നോക്കിയൊന്നു ചിരിച്ചു.

ജോലിക്കൊ?
ഇവിടെ ഇത്രേം സ്വത്തും പണവുമൊക്കെ ഉള്ളപ്പോ നീയെന്തിനാടി കൊച്ചേ ജോലിക്കു പോകുന്നത്? അത് കൊള്ളാം!അനൂപ് നിന്നോടൊന്നും പറഞ്ഞില്ലായിരുന്നോ?അവനോടിതിനെ പറ്റി ഞാൻ പറഞ്ഞതാണല്ലോ..അവരു താടക്കു കൈ കൊടുത്തു നിന്നു.

അത് പറ്റില്ലമ്മേ എന്റെ കാര്യത്തിനുള്ള കാശ് എന്റെ കയ്യിൽ വേണ്ടേ?എപ്പഴും വല്ലോരോടും ചോദിക്കാൻ പറ്റുമോ? ഞാൻ പുരികം ചുളിച്ചു.

എന്റെ കൊച്ചേ,നിനക്കു വല്ല ആവശ്യവുമുണ്ടേൽ അനൂപിനോട് ചോദിക്കണം അവൻ തരും.പിന്നെ നിനക്കറിയാൻ വേണ്ടി ഞാൻ പറയുവാ നിന്നെയവൻ ഇങ്ങോട്ട് കെട്ടിക്കൊണ്ട് വന്നത് എനിക്കൊരു കൈ സഹായത്തിനാണ്,അങ്ങനെയുള്ളപ്പോ നീ ജോലിക്കു പോയാ ഞാനെന്തോ ചെയ്യും?..

എല്ലാർക്കും ഒറ്റയ്ക്ക് വെച്ചുണ്ടാക്കി അല്ലെ തന്നെ ഞാൻ മടുത്തിരിക്കുവാ,പിന്നെ നീ ജോലിക്കു പോയി സമ്പാദിച്ചു കൊണ്ട് വരേണ്ട കാര്യമൊന്നും തല്ക്കാലം ഇവിടെയില്ല….ഹും, ഇവിടെ പിടിപ്പത് പണിയുള്ളപ്പഴാ ഇനി പുറത്ത് കൂടി പണിക്കു പോകുന്നത്..അവരെന്റെ നേരെ ദേഷ്യത്തോടെ ഒന്ന് നോക്കി..

ആഹാ അപ്പൊ ഇവര് രണ്ടും കല്പിച്ചാണ്.. എന്നാ പിന്നെ ഞാൻ മൂന്നു പറഞ്ഞിട്ടേ ബാക്കി കാര്യമുള്ളൂ,അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ ഞാനൊരങ്കത്തിനായി തയ്യാറെടുത്തു…

അതേയ്, അമ്മ അറിയാൻ വേണ്ടി ഞാൻ പറയുവാ, എന്റെ അച്ഛനെന്നെ കാശ് മുടക്കി പഠിപ്പിച്ചു എഞ്ചിനീയർ ആക്കിയത് ഈ വീട്ടിലിരുന്നു കരിയും പൊകയും കൊള്ളാനല്ല.എന്റെ ആവശ്യത്തിന് വേണ്ടി മറ്റുള്ളവരോട് ഇരക്കാൻ എനിക്കല്പം ബുദ്ധിമുട്ടുണ്ടമ്മേ,പെണ്ണ് കാണാൻ വന്ന സമയത്ത് നിങ്ങള് പറഞ്ഞത് ഞാൻ ജോലിക്കു പോകുന്നതിൽ നിങ്ങൾക്ക് പ്രശ്നമൊന്നുമില്ലന്നാണല്ലോ?ഇപ്പെന്താ ഒരു മനം മാറ്റം?

ആ…അത് പിന്നെ അന്നേരമങ്ങനെ പലതും പറയുമെടി കൊച്ചേ….എന്റെ മോൻ നിന്നെ മതി എന്ന് പറഞ്ഞു ഒറ്റക്കാലിൽ നിന്നത് കൊണ്ടാണ് ഈ കല്യാണത്തിന് ഞാൻ സമ്മതിച്ചത് തന്നെ, ഹും പെണ്ണുങ്ങളായ കണ്ടിടത്തു തെണ്ടി നടക്കാതെ കെട്ടിക്കയറി ചെന്ന വീട്ടിൽ അടക്കവും ഒതുക്കത്തോടെയുമിരിക്കണം എന്നാലേ കുടുമത്ത് ഐശ്വര്യമുണ്ടാകൂ….അവരു നിന്നു കിതച്ചു.

ഞാനെന്തോ പറയാൻ തുടങ്ങിയതും അനൂപങ്ങോട്ടേക്ക് കടന്നു വന്നു, കാര്യമായെന്തോ അവിടെ നടന്നെന്നു മനസ്സിലാക്കിയത് കൊണ്ടാവണം അവനെന്നോട് ചോദിച്ചു,എന്താടി ഇവിടെ പ്രശ്നം?…

അത് കേട്ടതും അമ്മ നിന്നു കരയാൻ തുടങ്ങി.. ടാ മോനെ നിനക്കറിയാല്ലോ അമ്മക്ക് വയ്യാത്ത കാര്യം, ഒരു കൈ സഹായത്തിനു എനിക്കാരൂല്ലടാ ..
എനിക്ക് തീരെ മേലാത്തത് കൊണ്ട് ഞാനിവളോട് ഇനി മുതൽ ജോലിക്കു പോകണ്ട എന്നു പറഞ്ഞു, അതിവക്കിഷ്ടപ്പെട്ടില്ല.. ഇവള് കൊണ്ട് വന്നിട്ട് വേണോടാ മോനെ നമ്മടെ കുടുമം കഴിയാൻ?
അവരു സാരിയുടെ മുന്താണി കൊണ്ട് മുഖം തുടച്ചു…

അമ്മ കരയാതിരിക്കു..അനൂപവരെ അശ്വസിപ്പിച്ച ശേഷം എന്നോടായി പറഞ്ഞു,ദീപേ നീയിന്നു മുതൽ ജോലിക്കു പോകണ്ട..അമ്മക്കൊരു സഹായത്തിനു വേറെ ആരുമില്ലന്നു ഞാനിനി നിന്നോട് പ്രത്യേകം പറഞ്ഞിട്ട് വേണോ? എനിക്കെന്റെ അമ്മയാണ് വലുത് അമ്മ പറയുന്നത് പോലെ കേട്ടാൽ നിനക്ക് കൊള്ളാം..ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലായെന്നു കരുതുന്നു,ഇനി ഇതിനെ പറ്റി നമ്മൾ തമ്മിൽ ഒരു ചർച്ച വേണ്ട..

എന്റെ മറുപടിക്കായി കാത്തു നിൽക്കാതെ അവിടെ നിന്നും പോകാൻ തുടങ്ങിയ അനൂപിനെ കൈ കൊണ്ട് തടഞ്ഞു നിർത്തിക്കൊണ്ട് ഞാൻ പറഞ്ഞു,അത്
പറ്റില്ല! വീട്ടിലിരിക്കാനല്ല ഞാനിത്രേമൊക്കെ പഠിച്ചത്.എനിക്ക് ജോലിക്ക് പോകണം…

അനൂപെന്റെ നേരെ രൂക്ഷമായൊന്ന് നോക്കിയ ശേഷം പറഞ്ഞു.. ഓഹോ അപ്പോ എന്റെ വാക്ക് ധിക്കരിച്ചു നീ ജോലിക്ക് പോകുമോ?
ആഹാ!എന്നാ അതൊന്നെനിക്ക് കാണണമല്ലോ.. ഇവിടുന്നു നീ ഇറങ്ങിയാൽ പിന്നേയീ പടി കയറി പോകരുത്.. അവനവിടെ നിന്നലറി…

ഞാൻ പിന്നെ കൂടുതലൊന്നും പറയാൻ നിക്കാതെ എന്റെ പെട്ടിയിൽ അത്യാവശ്യം തുണിയും മറ്റ് സാധനങ്ങളുo വാരി നിറച്ചു വെച്ച ശേഷം അനൂപിനോടായി പറഞ്ഞു.. അതേയ് നിന്നെ സ്നേഹിച്ചു വിവാഹം കഴിച്ചെന്നു കരുതി നിന്റെ അടിമയായി ജീവിക്കേണ്ട കാര്യമൊന്നുമെനിക്കില്ല..എന്റെ ഇഷ്ടങ്ങൾക്ക് യാതൊരു വിലയും നല്കാത്ത ഒരു വീട്ടിൽ നിൽക്കുന്നതിനോടെനിക്കൊട്ടു യോചിപ്പുമില്ല….വീട്ടുപണിക്ക് ആളെ വേണമെങ്കിൽ ഒരു വേലക്കാരിയെ വെച്ചാ പോരായിരുന്നോ?തല്ക്കാലം എന്നെ അതിനു കിട്ടില്ല..ഞാനെന്റെ വീട്ടിലേക്കു പോകുവാ,ഡിവോഴ്സ് ലെറ്റർ എന്റെ സമയം പോലെ ഞാനിങ്ങോട്ടയച്ചേക്കാം കേട്ടല്ലോ?

പിന്നെ എനിക്ക് യാതൊരു പരിഗണനയും തരാത്ത ഒരാളുടെ ഭാര്യയായി ജീവിച്ചു കൊള്ളാമെന്നു ഞാൻ പ്രതിജ്ഞയൊന്നുമെടുത്തിട്ടില്ല.ഇനി നമുക്ക് കോടതിയിൽ കാണാം..

ഞാൻ പെട്ടിയെടുത്തു പോകാനായിറങ്ങിയതും അമ്മായിഅമ്മ എന്റെ കയ്യിൽ കയറി പിടിച്ചു.

എന്റെ പൊന്നു കൊച്ചേ!! ഈ നിസ്സാര പ്രശ്നത്തിന് നീയെന്തിനാടി മോളെ ബന്ധം വേർപെടുത്തുന്നതിനെ കുറിച്ചൊക്കെ പറയുന്നത്? ഒക്കെ നമുക്ക് പരിഹരിക്കാമെന്നെ…ആളുകൾ കേട്ടാൽ എന്തോ കരുതും?
കല്യാണം കഴിഞ്ഞയുടനെ ഇറങ്ങിപ്പോണതൊക്കെ മോശമല്ലേ മോളെ?

നിനക്കിപ്പോ എന്താ വേണ്ടത് ജോലിക്ക് പോണം,അത്രല്ലെ ഉള്ളൂ… ഇനി അതാണ്‌ നിന്റെ പ്രശ്നമെങ്കിൽ നീ പൊക്കോ.. എനിക്കതിൽ വല്യ കുഴപ്പമൊന്നുമില്ല.. അല്ലേലും ഇത്രേമൊക്കെ പഠിച്ചിട്ടു വീട്ടിലിരിക്കുന്നത് അത്രയ്ക്ക് നല്ല കാര്യമല്ല..അവരെന്റെ മുടിയിൽ തലോടി.

അമ്മായിഅമ്മയുടെ മൾട്ടിപ്പിൾ പേർസണാലിറ്റി കണ്ടന്തം വിട്ടു നിൽക്കുന്ന എന്നെ നോക്കി അനൂപ് പറഞ്ഞു,
അമ്മ പറഞ്ഞത് കൊണ്ട് ഞാനും എതിര് പറയുന്നില്ല, ഇനി ഇതിന്റെ പേരിൽ ഒരു പ്രശ്നം വേണ്ട ജോലിക്ക് പോകാൻ നിനക്കിഷ്ടമാണെങ്കിൽ നീ പൊക്കോ…ഈ
പെട്ടിയവിടെ വെച്ചിട്ടെന്റെ കൂടെ വന്നാൽ ഞാൻ നിന്നെ ഓഫീസിൽ ഡ്രോപ് ചെയ്യാം….

എന്നാ ഞാൻ പോയിട്ട് വരാമമ്മേ..കഴിഞ്ഞതൊക്കെ മറന്നേക്കൂ എനിക്കമ്മയോട് പരിഭവമൊന്നുമില്ല വൈകിട്ട് ജോലി കഴിഞ്ഞ് വരുമ്പോൾ എന്നെക്കൊണ്ട് പറ്റുന്ന പോലെ ഞാനമ്മയെ സഹായിക്കാം….

മനസ്സില്ല മനസ്സോടെ അവരെന്റെ നേരെ നോക്കി തലയാട്ടി..

അവരോട് യാത്ര പറഞ്ഞ ശേഷം ഞാൻ അനൂപിന്റെയൊപ്പം കാറിൽ കയറിയിരുന്നു..

വണ്ടി വീടിന്റെ ഗേറ്റ് വിട്ടു പുറത്തേക്കിറങ്ങിയതും അവനെന്റെ നേരെ നോക്കി ചിരിച്ചു കൊണ്ട് ചോദിച്ചു എങ്ങനെ ഉണ്ടെന്റെ ബുദ്ധി?…

മ്മ്,കൊള്ളാം കൊള്ളാം കൊള്ളാം ! കാഞ്ഞ സാധനം തന്നെ, ഇലക്കും മുള്ളിനും കേടില്ലാത്ത രീതിയിൽ തന്നെ കാര്യം നടത്തിയല്ലോടാ നീ…ഞാനുറക്കെ ഒന്ന് ചിരിച്ചു..

എടീ ഭാര്യേ, അമ്മയെ എതിർത്തു ഞാനെന്തേലും അവിടെ സംസാരിച്ചാൽ നമുക്കാ വീട്ടിൽ സ്വസ്ഥത കിട്ടുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?നിന്നെയിനി ജോലിക്ക് വിടണ്ട എന്നമ്മ വന്ന് പറഞ്ഞപ്പഴേ പിന്നീടവിടെ നടക്കാൻ പോണത് ഞാനൂഹിച്ചിരുന്നു..അപ്പൊ നമ്മടെ മുന്നിൽ ഇതൊക്കെയേ ഒരു പോംവഴിയുള്ളൂ..അമ്മ നല്ല പ്രായമായ സ്ത്രീ അല്ലെ അതിന്റേതായ വാശിയുണ്ട് മാത്രല്ല കല്യാണം കഴിഞ്ഞ ശേഷം ഞാൻ അവരുടെ കൈവിട്ടു പോകുമോ എന്നുള്ള പേടിയും അതിന്റെ കാട്ടിക്കൂട്ടലുകളാണീ കണ്ടതെല്ലാം..

നിനക്കറിയാല്ലോ,അമ്മക്കീ ബന്ധത്തിൽ ഒട്ടും തന്നെ താല്പര്യമില്ലായിരുന്നു.. പ്രേമിച്ചു കല്യാണം കഴിക്കുന്നതിനോട് തന്നെ അവർക്കെതിർപ്പായിരുന്നു അവസാനം ഒരുപ്രകാരത്തിലാ ഞാനമ്മയെ പറഞ്ഞു സമ്മതിപ്പിച്ചെടുത്തത് അങ്ങനെയുള്ളപ്പോ നിന്നെ ഞാൻ സപ്പോർട്ട് കൂടി ചെയ്യുന്നത് കണ്ടാൽ അമ്മക്കതൊരു ബുദ്ധിമുട്ടാകും…
ഒക്കെ ശരിയാവുമെടി, അവൻ സ്വയം ആശ്വസിച്ചു.

മ്മ് അത് ശരിയാ, അല്ലെങ്കിലും പെറ്റു വളർത്തിയ മോൻ ഇന്നലെ കണ്ട ഒരുത്തിക്ക് വേണ്ടി അമ്മയെ എതിർത്തു പറഞ്ഞാൽ അവർക്കത് സഹിക്കോ?ഇച്ചിരി ദേഷ്യോം വാശിയും ഒക്കെ കാണിക്കുന്നുണ്ടെന്നേ ഉള്ളൂ ശരിക്കും ആളൊരു പാവാണെന്നു എനിക്കറിയാടാ.അവരെ ഒക്കെ ഇനി തിരുത്തുന്നതിലും നല്ലത് നമ്മൾ ബുദ്ധിപൂർവം പ്രവർത്തിക്കുന്നതാണ്
ആ എന്തായാലും ഇച്ചിരി വളഞ്ഞ വഴി ആണേലും നമ്മടെ കാര്യം നടന്നില്ലേ അത് പോരെ? “മാർഗമേതായാലും ലക്ഷ്യമാണ് പ്രധാനം”ഞാനവന്റെ നേരെ നോക്കി ഒന്ന് ചിരിച്ചു..

അത് നേരാ,അവനെന്റെ നേരെ നോക്കി ഒന്ന് കണ്ണിറുക്കി…

അതേയ് മോനെ സ്നേഹമൊക്കെ അവിടെ നിക്കട്ടെ, വൈകിട്ട് ജോലി കഴിഞ്ഞ് തിരിച്ചു പോരുന്ന വഴി ഒരു കിലോ മീൻ മേടിക്കണം. എത്ര ദിവസമായി ഇച്ചിരി മീൻ കൂട്ടി ചോറുണ്ടിട്ടെന്നറിയോ?വൈകിട്ട് വീട്ടിൽ ചെന്ന ശേഷം ആ വീടിന്റെ അടുക്കളയിൽ ഞാൻ മീൻ വറുത്തതിന്റെ ഗന്ധം പരത്തും നീ കണ്ടോടാ.. ആഹാ ആഹഹാ! ആ രംഗമോർത്തു ഞാനൊന്നു നെടുവീർപ്പിട്ടു…

നീയെന്റെ പൊക കണ്ടിട്ടേ അടങ്ങു അല്ലെടി?

വണ്ടി ഓടിക്കുന്നതിനിടയിലും അവനെന്റെ നേരെ ദയനീയമായി നോക്കുന്നത് കണ്ടപ്പോൾ ഞാൻ ചിരിയടക്കാൻ
പാടു പെടുകയായിരുന്നു

ശുഭം

Leave a Reply

Your email address will not be published. Required fields are marked *