എന്റെ കൂടെ ആശുപത്രിയിൽ നിന്നാൽ ജോലിക്ക് പോകാൻ ബുന്ധിമുട്ട് ഉണ്ടാകുമെന്നു അവളുടെ വീട്ടുകാർ പറഞ്ഞതുകൊണ്ട്…

by pranayamazha.com
15 views

നോവ്

രചന: റഹീം പുത്തൻചിറ

———————–

“ഞാൻ പോട്ടെ..”. കണ്ണുകൾ നിറച്ചു കൊണ്ടു അവൾ യാത്ര ചോദിച്ചു…

പാവം പെണ്ണ്.. ഒരുപാട് വിഷമമുണ്ട്.. കണ്ടു നിന്ന എല്ലാവരും പറഞ്ഞു…
കൈകൾ വീടിച്ചുകൊണ്ട് വീട്ടുകാരുടെ കൂടെ അവൾ യാത്രയായി… ആ വലിയ ആശുപത്രി വരാന്തയിൽ അവൾ പോകുന്നതും നോക്കി കുറച്ചു നേരം നിന്നു.

“അവൾ വരും.. തന്നെ വിട്ടു അവൾ എവിടെ പോകാനാ”… രേഖ സിസ്റ്റർ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു…

വേർപിരിയാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ നാളിലാണ് ഞങ്ങൾ ഒരുമിച്ചത്. വീട്ടുകാരെ ധിക്കരിച്ചു അവൾ എന്റെ കൂടെ വന്നു… സ്നേഹംകൊണ്ട് വീർപ്പു മുട്ടിയ കുറച്ചു നാളുകൾ… അവളുടെ ആഗ്രഹം പോലെ പഠിപ്പ് തുടർന്നു .. രാവും പകലും പണിയെടുത്തു അവളെ പഠിപ്പിച്ചു.. Psc റാങ്ക് ലിസ്റ്റിൽ അവളുടെ പേര് വന്നു… കുറച്ചു നാൾ മുൻപാണ് തല കറങ്ങി ഞാൻ വീണത്.. ഒരുപാട് ടെസ്റ്റുകൾക്ക് ശേഷം ഒരു മാറാ രോഗം എന്നെ വന്നു പൊതിഞ്ഞുവെന്നു മനസ്സിലായി… പിന്നീട് ആശുപത്രിയും വീടുമായി കുറച്ചു നാളുകൾ.. അതിനിടയിൽ സെക്രട്ടേറിയറ്റിൽ അവൾക്ക് ജോലിയും കിട്ടി… അതു അറിഞ്ഞു കൊണ്ടായിരിക്കണം അവളുടെ വീട്ടുകാർ അവളെ കാണാൻ വന്നത്… പിന്നീട് കൂടിക്കാഴ്ചകൾ കൂടി വന്നു… ചിലപ്പോൾ അവൾക്കും മടുത്തു കാണണം… ഡോക്‌ട്ടർ മാരുടെ ഭാഷയിൽ എണ്ണപെട്ട ദിനങ്ങൾ മാത്രമുള്ളവൻ…

എന്റെ കൂടെ ആശുപത്രിയിൽ നിന്നാൽ ജോലിക്ക് പോകാൻ ബുന്ധിമുട്ട് ഉണ്ടാകുമെന്നു അവളുടെ വീട്ടുകാർ പറഞ്ഞതുകൊണ്ട് അവൾ അവളുടെ വീട്ടിലേക്ക് പോകുന്നു…

“ഇടക്ക് കാണാൻ വരാമല്ലോ…” അവളുടെ അമ്മയുടെ വാക്കുകൾ…

ഞാൻ മൗനമായി തന്നെ നിന്നു…

“ഇനിയെങ്കിലും എന്റെ മകളെ ഒഴിവാക്കികൂടെ “സ്വകാര്യമായി അവളുടെ അച്ഛന്റെ വാക്കുകൾ….

ഒന്നും മിണ്ടാതെ അകലെ എവിടെയോ നോക്കി ഞാൻ നിന്നു.. മൗനം സമ്മതമായ് അവളും കരുതി… അല്ലങ്കിലും മരിക്കാൻ പോണ ഒരാളുടെ കൂടെ എങ്ങിനെ ജീവിക്കാൻ… അവളും മനസ്സിൽ അങ്ങിനെ കരുതിയിരിക്കണം… പോകുമ്പോൾ അവളുടെ വീട്ടുകാർ തലയിണക്കടിയിൽ ഒരു പൊതി വെച്ചിരുന്നു… രണ്ടായിരത്തിന്റെ വലിയ കെട്ടുകൾ…മകളെ വിട്ടുകൊടുത്തതിനുള്ള വില…

നാളുകൾ കഴിഞ്ഞിട്ടും അവളെ കാണാത്തത് കൊണ്ടാകണം രേഖ സിസ്റ്റർ എന്റെ മുന്നിലൂടെ വരാറില്ല… ഇപ്പോൾ ഒരു ആശ്വാസമുണ്ട്… ഹൃദയത്തിന്റെ വേദനകൾക്കിടയിൽ ശരീരത്തിന്റെ വേദനകൾക്ക് എന്നെ തോൽപ്പിക്കാൻ കഴിയുന്നില്ല…

ഒരു കാര്യം മാത്രം മനസിലാകുന്നില്ല…. മരണം വരെ കൂടെ കാണുമെന്നാണ് ഒരുമിച്ച് ജീവിതം തുടങ്ങിയപ്പോൾ അവൾ പറഞ്ഞിരുന്നത്…അല്ല.. എല്ലാവരും അങ്ങിനെയൊക്കെ തന്നെയാ പറയാറ്…പാതിയുടെ മരണം നേരിൽ കാണാൻ കഴിയാത്തത് കൊണ്ടാണോ ചിലർ ഇടക്ക് വെച്ചു പിരിയുന്നത്..പ്രിയപ്പെട്ടവളെ… ഒന്നു മാത്രം പറയട്ടെ..ഇവിടെ വന്ന നാൾ ഞാൻ വേദനകൊണ്ട് പുളയുന്നത് നീ കണ്ടിട്ടില്ലേ… ഇന്നെനിക്ക് വേദനകൾ അറിയുന്നേയില്ല…നീയൊരു വേദന സംഹാരിയായ് എന്നിൽ പടർന്നു കയറി ഇറങ്ങി പോകുമെന്ന് അറിഞ്ഞിരുന്നില്ല… ഇപ്പോൾ മരണത്തിന്റെ വേദനയെ പോലും ഞാൻ ഭയക്കുന്നില്ല…ഹൃദയത്തിന്റെ വേദനയേക്കാൾ മരണ വേദന ഒന്നുമല്ലന്ന് ഞാൻ തിരിച്ചറിയുന്നു…പിന്നെ..അവഗണന ഒരു തരത്തിൽ മരണം തന്നെയാണ്..

✍️ റഹീം പുത്തൻചിറ...

You may also like

Leave a Comment