എന്നെങ്കിലും ഒരിക്കൽ വിദ്യ ചേച്ചി ഈ കാര്യങ്ങളൊക്കെ അറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും….

by pranayamazha.com
34 views

രചന : അപ്പു

———————

” നമ്മൾ ചെയ്യുന്നത് തെറ്റല്ലേ നന്ദേട്ടാ.. എന്നെങ്കിലും ഒരിക്കൽ വിദ്യ ചേച്ചി ഈ കാര്യങ്ങളൊക്കെ അറിഞ്ഞാൽ എങ്ങനെ പ്രതികരിക്കും..? “

വല്ലായ്മയോടെ ദിവ്യ ചോദിച്ചു.

” നീ ഇതിലെ തെറ്റും ശരിയും ഒന്നും വിചാരിക്കേണ്ട ദിവ്യ.. എന്നെ സംരക്ഷിക്കാത്തത് അവളുടെ തെറ്റാണ്. എനിക്ക് ആവശ്യമുള്ളത് ഒന്നും അവൾ എനിക്ക് തന്നിട്ടില്ല. അതുകൊണ്ട് മാത്രമാണ് എനിക്ക് മറ്റു മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടി വരുന്നത്. നീ ഈ നല്ല നിമിഷങ്ങളിൽ അവളെപ്പറ്റി സംസാരിച്ചു എന്റെ മൂഡ് കളയല്ലേ.. “

അവൻ പറഞ്ഞപ്പോൾ അവൾ കാതരയായി മൂളി കൊണ്ട് അവനിലേക്ക് ഒന്നു കൂടി ചേർന്ന് കിടന്നു.

” ഇപ്പോൾ തന്നെ അവളെ ഒഴിവാക്കണമെന്നും എനിക്ക് നല്ല ആഗ്രഹമുണ്ട്.പക്ഷേ സ്വത്തും പണവും ഒക്കെ അവളുടെ പേരിലാകുമ്പോൾ അത് സ്വന്തമാക്കാതെ അവളെ വെറുതെ വിടാൻ പറ്റുമോ..? അങ്ങനെ വിട്ടാൽ തന്നെ ഇത്രയും കാലം അവളുടെ ഭർത്താവ് ഉദ്യോഗസ്ഥനായിരുന്നതിന്റെ എന്തെങ്കിലും ഒരു ഗുണം എനിക്ക് വേണ്ടേ..? “

നന്ദൻ എന്തൊക്കെയോ ചിന്തിച്ചു കൊണ്ട് പറയുന്നത് കേട്ടപ്പോൾ ദിവ്യ ഉള്ളിൽ ചിരിച്ചു.

” അപ്പോൾ സ്വത്തുക്കൾ ഒക്കെ കിട്ടിയാൽ നന്ദേട്ടൻ വിദ്യ ചേച്ചിയെ എന്ത് ചെയ്യാനാണ് പ്ലാൻ..? “

അവന്റെ പദ്ധതി എന്താണെന്ന് അറിയാനുള്ള കൗതുകത്തോടെ അവൾ ചോദിച്ചു.

” ടെക്നോളജി ഇത്രയും വികസിച്ച കാലത്ത് ഇതിനാണോ മാർഗ്ഗങ്ങളില്ലാത്തത്..? “

നിസ്സാര കാര്യം പോലെ അവൻ പറയുമ്പോൾ അവൾക്ക് അത്ഭുതം തോന്നി.

അവൾ കണ്ടിട്ടും അറിഞ്ഞിട്ടും ഉള്ള നന്ദഗോപൻ എന്ന നന്ദൻ സാധുവായ ഒരു മനുഷ്യനാണ്. വിദ്യയും നന്ദനും തമ്മിലുള്ളത് കോളേജ് കാലം മുതലുള്ള അടുപ്പമായിരുന്നു.

പ്രണയിച്ചു തന്നെയാണ് വിവാഹം കഴിച്ചത്. പറയത്തക്ക ബന്ധുബലമോ സ്വത്തുക്കളും ഒന്നുമില്ലാത്ത ഒരു സാധാരണക്കാരനായിരുന്നു നന്ദൻ.

പക്ഷേ വിദ്യ ആകട്ടെ അത്യാവശ്യം സാമ്പത്തിക അടിത്തറയൊക്കെയുള്ള നാട്ടിലെ പേര് കേട്ട ഒരു തറവാട്ടിലെ അംഗവും.

വിദ്യയ്ക്ക് അവനോടുള്ള പ്രണയം മാത്രമായിരുന്നു ആ വിവാഹം നടത്തി കൊടുക്കാൻ വീട്ടുകാർ ഒരു കാരണമായി കണ്ടത്. പക്ഷേ അപ്പോഴും അവർ പറഞ്ഞത് തങ്ങളുടെ ഒരേയൊരു മകളെ കഷ്ടപ്പാടിലേക്ക് പറഞ്ഞു വിടാൻ കഴിയില്ല എന്നായിരുന്നു.

വിദ്യയോടൊപ്പം ഒരു ജീവിതം നന്ദൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, വിദ്യയുടെ തറവാട്ടിൽ അവർക്കൊപ്പം കൂടിക്കോളാൻ പറഞ്ഞു.

സാമ്പത്തികമായി വളരെയധികം ബുദ്ധിമുട്ടിക്കൊണ്ടിരുന്ന നന്ദന്റെ കുടുംബത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയുന്നത് തന്റെ മഹാഭാഗ്യമാണെന്ന് തന്നെ നന്ദൻ കരുതി.വിദ്യയുടെ കുടുംബ സ്വത്തു നിന്ന് എന്തെങ്കിലുമൊക്കെ എടുത്ത് മാസാമാസം വീട്ടിലേക്ക് അയച്ചു കൊടുത്താൽ മതിയല്ലോ.. ജോലിക്ക് പോലും പോകേണ്ട ആവശ്യമില്ല.

നന്ദന്റെ വീട്ടുകാർക്കും അതിൽ എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് വിദ്യയെ വിവാഹം കഴിച്ച് നന്ദൻ ഈ നാട്ടുകാരൻ ആവുന്നത്.

എല്ലാവരോടുമുള്ള നല്ല പെരുമാറ്റവും വിനയവും ഒക്കെ നന്ദനെ ആ നാട്ടിൽ എല്ലാവർക്കും പ്രിയങ്കരൻ ആക്കി മാറ്റി.

വിദ്യയ്ക്ക് അവനെ എന്നാൽ പ്രാണനായിരുന്നു. അതുകൊണ്ടു തന്നെ അവന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും ചെറിയ മിസ്റ്റേക്കുകൾ വന്നാലും അത് ആരും കാര്യമാക്കാറില്ല.

പക്ഷേ നന്ദന്റെ ഉള്ളിൽ അതിവികൃതമായ മറ്റൊരു മനസ്സുണ്ടായിരുന്നു. കാണാൻ ഭംഗിയുള്ള പെൺകുട്ടികളെ കണ്ടാൽ അവർ പോലും അറിയാതെ അവരെ അയാൾ ചൂഴ്ന്നെടുക്കും.

അത്തരത്തിൽ പല പെൺകുട്ടികളെയും മോഹ വാക്കുകൾ കൊടുത്ത് നന്ദൻ വലയിൽ ആക്കിയിട്ടുണ്ട്. ആവശ്യം കഴിയുമ്പോൾ അവരെയൊക്കെ നിഷ്പ്രയാസം അയാൾ ഒഴിവാക്കുകയും ചെയ്യും.

ഈ അടുത്തായി അയാളുടെ വലയിൽ വന്ന് പെട്ട പെൺകുട്ടിയായിരുന്നു ദിവ്യ. ആ നാട്ടിൽ തന്നെയുള്ള കാണാൻ ഭംഗിയുള്ള നല്ലൊരു പെൺകുട്ടി..

അവളുടെ സ്വഭാവത്തെക്കുറിച്ച് ഇന്നുവരെയും ആരും മോശമായി ഒരു അഭിപ്രായം പോലും പറഞ്ഞിട്ടില്ല.

വിദ്യയുടെ തറവാട്ടിലെ കാര്യസ്ഥന്റെ മകളായിരുന്നു ദിവ്യ. എങ്കിലും സ്വന്തം സഹോദരിയെ പോലെ വിദ്യയുടെ വീട്ടിൽ ദിവ്യയ്ക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നു.

എന്തും പരസ്പരം തുറന്നുപറയാനും കാണാനും അറിയാനും ഒക്കെയുള്ള സ്വാതന്ത്ര്യം ദിവ്യയ്ക്ക് ആ വീട്ടിലുള്ളത് കൊണ്ട് തന്നെ ഇടയ്ക്കിടെ അവൾ അവിടേക്ക് ചെല്ലാറുണ്ട്.

അങ്ങനെയാണ് നന്ദൻ അവളെ ശ്രദ്ധിക്കുന്നത്. ആദ്യമൊക്കെ ഒരു സഹോദരനെ പോലെ നല്ല പുള്ളിയായി നിന്നു കൊടുത്തു. പതിയെ പതിയെ അവന്റെ ഉള്ളിലെ ചെകുത്താൻ പുറത്തു വരാൻ തുടങ്ങി.

വിദ്യയെ കല്യാണം കഴിച്ചത് ഒരു മണ്ടത്തരം ആയിപ്പോയെന്നും അതിനു മുന്നേ ദിവ്യയെ കണ്ടിരുന്നെങ്കിൽ അവള് മാത്രമേ വിവാഹം ചെയ്യുമായിരുന്നുള്ളൂ എന്നുമൊക്കെ അയാൾ മോഹനവാക്കുകൾ പറഞ്ഞു.

എത്രയൊക്കെ സ്വത്തും പണവും കിട്ടിയിട്ടും വിദ്യയെ പോലെ ഒരു പെണ്ണിനെ അല്ല താൻ ആഗ്രഹിച്ചത് എന്നൊക്കെ ഇടയ്ക്കിടയ്ക്ക് വിഷമം പറയുന്നതു പോലെ നന്ദൻ ദിവ്യയോട് പറഞ്ഞു. അതൊക്കെ കേൾക്കുമ്പോൾ അവൾക്ക് അവനോട് വല്ലാത്ത സഹതാപം തോന്നിയിരുന്നു.

സമയം കിട്ടുമ്പോഴൊക്കെ ഇരുവരും തമ്മിൽ സംസാരിക്കും. പിന്നെ പിന്നെ അവനെ കാണാൻ വേണ്ടി മാത്രം ദിവ്യ തറവാട്ടിലേക്ക് പോയി തുടങ്ങി. അവർ തമ്മിലുള്ള അടുപ്പം മറ്റൊരു തരത്തിലേക്ക് സഞ്ചരിക്കുമ്പോഴും വിദ്യയോ ആ കുടുംബക്കാരോ മറ്റൊന്നും അറിഞ്ഞിരുന്നില്ല.

നാളുകളായുള്ള അടുപ്പം ഇന്ന് ബെഡ്റൂമിൽ വരെ എത്തിയിട്ടുണ്ട്. കുറച്ചു നാളുകളായുള്ള അവന്റെ അഭിനിവേശമായിരുന്നു ദിവ്യ.

കാര്യം അവതരിപ്പിച്ചപ്പോൾ ആദ്യമൊക്കെ ഒഴിഞ്ഞു മാറിയെങ്കിലും പിന്നീട് അവന്റെ നിർബന്ധത്തിന് വഴങ്ങി അവൾ സമ്മതിച്ചു കൊടുത്തു.

അങ്ങനെയാണ് അവൻ അവളുടെ ബെഡ്റൂമിൽ എത്തിയത്.

” എന്തായാലും നന്ദേട്ടൻ എന്നോട് ഇത്രയും മനസ്സു തുറന്നു സംസാരിച്ചതല്ലേ..? അതുകൊണ്ട് നന്ദേട്ടനു ഞാൻ ഒരു സമ്മാനം തരാം..”

കുസൃതിയോടെ അതും പറഞ്ഞുകൊണ്ട് അവൾ അവന്റെ അടുത്ത് നിന്ന് എഴുന്നേറ്റു.അവൻ അമിതമായ ആഗ്രഹത്തോടെ അവളെ നോക്കി.

ഒരു കുസൃതി ചിരിയും ചിരിച്ചുകൊണ്ട് അവൾ വാതിൽക്കലേക്ക് ഓടി.

” ഇതെവിടെ പോകുവാ പെണ്ണെ..? നീ ഇതുവഴിക്ക് ഓടി നടന്ന് ആൾക്കാരെ വിളിച്ചുണർത്താതെ ഇങ്ങോട്ട് വന്നേ..”

അവൾക്ക് പിന്നാലെ എഴുന്നേറ്റു കൊണ്ട് ചിരിയോടെ അവൻ പറയുമ്പോൾ അവൾ വാതിൽ മലർക്കെ തുറന്നു കഴിഞ്ഞിരുന്നു.

ആ വാതിലിനു മുന്നിൽ നിൽക്കുന്നവരെ കണ്ട് അവന് ശരീരം തളരുന്നത് പോലെയാണ് തോന്നിയത്.

വിദ്യ… ഒപ്പം അവളുടെ അച്ഛനും സഹോദരന്മാരും ഒക്കെയുണ്ട്..!

തറഞ്ഞു നിന്നു പോയ അവൻ പിന്നീട് നോക്കിയത് ദിവ്യയെ ആയിരുന്നു. വിദ്യയെ ചേർത്തു പിടിച്ചു കൊണ്ട് നിൽക്കുന്നുണ്ട് അവൾ. അതുകൂടി കണ്ടതോടെ നന്ദന് ചതി മണത്തു.

അവൻ എന്തെങ്കിലും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നതിനു മുൻപ് വിദ്യയുടെ ആങ്ങളമാർ ആ മുറിയിലേക്ക് പാഞ്ഞു കയറി അവനെ അടിച്ചെടുത്ത് പുറത്തേക്ക് ഇട്ടു കഴിഞ്ഞിരുന്നു.

അച്ഛനും ആങ്ങളമാരും അവനെ വേണ്ടുവോളം ഉപദ്രവിക്കുമ്പോഴും വിദ്യ അവന്റെ മുഖത്തേക്ക് പോലും നോക്കിയില്ല. തനിക്ക് സംഭവിച്ചത് ഓർത്ത് കണ്ണുനീർ വാർക്കാൻ അല്ലാതെ അവൾക്ക് മറ്റൊന്നിനും അറിയില്ലായിരുന്നു.

അവനിൽ ഉണ്ടായിരുന്ന അവളുടെ വിശ്വാസമാണ് തകർന്നു വീണത്..!

” എന്താ നടന്നത് എന്നോർത്ത് നന്ദഗോപൻ ഇങ്ങനെ വിയർക്കണ്ട. തന്റെ ഈ വക പരിപാടികൾ ഒക്കെ ഞാൻ അറിഞ്ഞതാണ്. വിദ്യ ചേച്ചിയോട് അതൊക്കെ പറഞ്ഞിട്ടും ചേച്ചി വിശ്വസിച്ചില്ല. പക്ഷേ ചേട്ടൻമാർ വിശ്വസിച്ചു. ചേട്ടന്മാരും ഞാനും ഒക്കെ ചേർന്ന് ഒരുക്കിയെടുത്ത കെണിയിലേക്കാണ് താൻ വന്നു ചാടിയത്.ഉണ്ട ചോറിന് നന്ദികേട് കാണിക്കാൻ ഞാൻ പഠിച്ചിട്ടില്ല. അതുകൊണ്ട് വിദ്യ ചേച്ചിയുടെ താലി പൊട്ടിക്കണമെന്ന് എനിക്ക് ഒരു ആഗ്രഹവുമില്ല. പക്ഷേ തന്നെ പോലൊരു ചേച്ചിയുടെ ഭർത്താവായി ഇരിക്കുന്നതിലും നല്ലത് ചേച്ചി വിധവയായി ജീവിക്കുന്നതാണ്..”

ദിവ്യ അത് പറഞ്ഞപ്പോൾ വിദ്യ കണ്ണുകൾ മുറുകെ അടച്ചു.

” വിദ്യ.. താൻ ഇവര് പറയുന്നതൊന്നും വിശ്വസിക്കരുത്.. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. ഇവരെല്ലാവരും കൂടി മനപൂർവ്വം എന്നെ നിൻ്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കുന്നതാണ്..”

കണ്ണീരോടെ അവൻ വിദ്യയോട് അപേക്ഷിച്ചു. അവൾ ദേഷ്യത്തോടെ അവനെ നോക്കി.

” താൻ പറയുന്നതൊക്കെ ഇനിയും ഞാൻ വിശ്വസിക്കണം എന്നാണോ..? തന്നെ എത്ര ആത്മാർത്ഥമായിട്ട് സ്നേഹിച്ചതാണ് ഞാൻ.. എന്റെ പ്രാണനായി തന്നെ കൊണ്ട് നടന്നതല്ലേ..? എന്നിട്ടും എന്നെ നിരന്തരം വഞ്ചിച്ചു കൊണ്ട് മറ്റു സ്ത്രീകളോടൊപ്പം ജീവിക്കാൻ നിങ്ങളെക്കൊണ്ട് കഴിഞ്ഞല്ലോ.. എന്നിട്ടിപ്പോൾ കള്ളത്തരം മുഴുവൻ കണ്ടുപിടിച്ചു കഴിഞ്ഞപ്പോൾ കുറ്റക്കാർ എന്റെ വീട്ടുകാരായി.. ഇനി എന്തായാലും എനിക്ക് നിങ്ങളെ വേണ്ട. നിങ്ങൾ തെറ്റ് ചെയ്തിട്ടില്ലെങ്കിലും നേരത്തെ ഇവളോട് പറഞ്ഞതൊക്കെ ഞങ്ങൾ ഇവിടെ നിന്ന് കേൾക്കുന്നുണ്ടായിരുന്നു.. അതിൽ കൂടുതലൊന്നും വേണ്ടല്ലോ തെളിവുകൾ.. “

അവന്റെ മുഖത്ത് നോക്കി അത്രയും പറഞ്ഞുകൊണ്ട് അവൾ ആങ്ങളമാരെ നോക്കി.

“എനിക്കിനി ഇവനെ വേണ്ട. പക്ഷേ ഇവൻ മരിക്കണം എന്നുള്ള ആഗ്രഹമൊന്നും എനിക്കില്ല. ഇവനെ ഇവന്റെ വീട്ടിലേക്ക് തന്നെ എത്തിച്ചേക്ക്..”

അത്രയും പറഞ്ഞുകൊണ്ട് വിദ്യ പടികൾ ഇറങ്ങി താഴേക്ക് പോകുമ്പോൾ അവൾക്ക് തുണയായി ദിവ്യയും പിന്നാലെ പോയി.

അപ്പോഴും നന്ദന്റെ അലറി കരച്ചിൽ അവിടെ മുഴങ്ങി കേൾക്കുന്നുണ്ടായിരുന്നു..!!

You may also like

Leave a Comment