എന്നാലും ആ പെൺകുട്ടിയോട് അങ്ങനെ പറയാൻ പാടില്ലായിരുന്നു. ഒറ്റ നോട്ടത്തിൽ മലയാളിയാണെന്ന് തോന്നില്ലെങ്കിലും….

by pranayamazha.com
18 views

രചന: സുധിൻ സദാനന്ദൻ

::::::::::::::::::::::::::::::

ഉമ്മ കൊടുക്കലും കെട്ടിപ്പിടുത്തവും കഴിഞ്ഞെങ്കിൽ ഒന്ന് മാറിനില്ക്കോ, ബാക്കിയുള്ളവർക്കും ഇതിനകത്ത് കയറണം.

ഇൻ്റർവ്യൂ കഴിഞ്ഞ് നാട്ടിലേയ്ക്കുള്ള ലാസ്റ്റ് ട്രെയിൻ മിസ്സാവാതിരിക്കാൻ ഓടിപ്പിടഞ്ഞ് ട്രെയിനിൽ കയറാൻ തുടങ്ങുമ്പോഴാണ് വാതില്ക്കൽ ഒരുവൾ, അവളുടെ കൂട്ടുകാരികളെ കെട്ടിപിടിച്ച് ‘മിസ്സ് യൂ’ പറഞ്ഞ് ഉമ്മവെയ്ക്കുന്നത് കാണുന്നത്. വിശപ്പും, നിരാശയും എല്ലാം കൂടെ ആയപ്പോൾ പരിസരം പോലും നോക്കാതെ അവൾക്ക് നേരെ അതും പറഞ്ഞ് അവളെ തള്ളിമാറ്റി. സീറ്റ് നമ്പർ കണ്ടെത്തി കയ്യിലെ ബാഗും മടിയിൽ വെച്ച്, സ്റ്റേഷനിൽ നിന്ന് ട്രെയിൻ എടുക്കുന്നതും നോക്കി ഞാൻ ഇരുന്നു.

ഒരുപാട് പ്രതീക്ഷകളോടെയാണ് ബാംഗ്ലൂരിലെത്തിയതാണ്. ഇൻ്റർവ്യൂ വളരെ നല്ലതായിരുന്നതുകൊണ്ട് തന്നെ, ജോലി കിട്ടുമെന്ന പ്രതീക്ഷയില്ല. പോരാത്തതിന് സഹിയ്ക്കാൻ കഴിയാത്ത വിശപ്പും. ഇൻ്റർവ്യൂ കഴിഞ്ഞപ്പോൾ തന്നെ ഒരുപാട് വൈകിയിരുന്നു. ഭക്ഷണം കഴിയ്ക്കാനുള്ള സമയം കിട്ടിയതുമില്ല..

എന്നാലും ആ പെൺകുട്ടിയോട് അങ്ങനെ പറയാൻ പാടില്ലായിരുന്നു. ഒറ്റ നോട്ടത്തിൽ മലയാളിയാണെന്ന് തോന്നില്ലെങ്കിലും. അവളുടെ ആ ദഹിപ്പിക്കുന്ന നോട്ടത്തിൽ ഞാൻ പറഞ്ഞത് അവൾക്ക് മനസ്സിലായി എന്ന് വേണം കരുതാൻ. അത് എന്തെങ്കിലുമാവട്ടെ ഇപ്പോഴത്തെ പ്രശ്നം അതൊന്നുമല്ല കഴിയ്ക്കാൻ കാര്യമായി എന്തെങ്കിലും കിട്ടണം.

ഭാഗ്യത്തിന് വിൻഡോ സീറ്റ് തന്നെ കിട്ടി. പക്ഷെ പുറത്തെ കാഴ്ചകൾ കണ്ട് ട്രെയിൻ യാത്ര ആസ്വദിക്കണമെങ്കിൽ ഭക്ഷണം കഴച്ചേ മതിയാവൂ. കമ്പാർട്ട്മെൻ്റിലേയ്ക്ക് ഭക്ഷണം കൊണ്ടുവരുന്നവരെയും കാത്ത് ഇമവെട്ടാതെ ഞാൻ നോക്കിയിരുന്നു.

സ്റ്റേഷനിൽ നിന്ന് ട്രെയിൻ നീങ്ങി തുടങ്ങിയതും, വലിയ ബാഗും തൂക്കി പിടിച്ച്, നേരത്തെ വാതിൽക്കൽ കണ്ടവൾ എൻ്റെ നേർക്ക് നടന്ന് വരുന്നു.

അവൾ വരുന്നത് നേരെത്തെ പറഞ്ഞതിന് മറുപടി പറയാനാവുമോയെന്ന് ഒരല്പം ഭയന്ന്, ക്ഷീണം അഭിനയിച്ച് ഉറങ്ങുന്നതു പോലെ ഞാൻ കണ്ണുകളടച്ച് ഇരുന്നു.

അല്പസമയം കഴിഞ്ഞിട്ടും ശബ്ദമൊന്നും കേൾക്കാതായപ്പോൾ, അവൾ തിരികെ അവളുടെ സീറ്റിലേയ്ക്ക് പോയി കാണും എന്ന് വിചാരിച്ച് ഞാൻ പതിയെ കണ്ണ് തുറന്നു നോക്കി.

അവൾ എൻ്റെ എതിർവശത്തെ സീറ്റിലിരുന്ന്. ഹെഡ്സെറ്റ് ചെവിയിലും തിരുകി, പുറം കാഴ്ചകൾ ആസ്വദിച്ചിരിപ്പാണ്.

ചിലപ്പോൾ അവൾക്ക് എന്നെ മനസ്സിലായിട്ടുണ്ടാവില്ല. ഞാനും ബാഗിൽ നിന്ന് കെട്ടുപിണഞ്ഞു കിടക്കുന്ന ഹെഡ്സെറ്റിൻ്റെ കുരുക്കഴിക്കുന്നതിൽ ശ്രദ്ധ കേന്ദ്രികരിച്ചു. അതിനിടയിലും “സമൂസേ, വടേ…” എന്നൊരു വിളിയ്ക്കായി ഞാൻ കാതോർത്തിരുന്നു.

നേരം ഒരുപാടായിരിക്കുന്നു. ഭക്ഷണമായി ആരും തന്നെ ഈ വഴിയ്ക്ക് വന്നതുമില്ല. ഇന്ന് നാട്ടിലേയ്ക്ക് സ്പെഷ്യൽ ട്രെയിൻ ഉള്ളതുകൊണ്ടാവും ഈ ട്രെയിനിൽ തിരക്കും ഇല്ല. കമ്പാർട്ട്മെൻ്റിൽ ഞാനും ആ പെൺകുട്ടിയും മാത്രമായി. കയ്യിൽ കരുതിയ വെള്ളം കുടിച്ച് വിശപ്പിനെ ശമിപ്പിയ്ക്കാൻ ഞാൻ പാഴ്ശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്നു..

“ഇയാൾക്കെന്താ പ്രശ്നം. ഞാൻ വന്നപ്പോൾ മുതൽ ശ്രദ്ധിയ്ക്കുകയാണ്, ആരുടെയെങ്കിലും ശബ്ദം കേട്ടാൽ തലങ്ങും വിലങ്ങും തലതിരിച്ച് നോക്കാ, ഓരോന്ന് പിറുപിറുക്കാ…”

അവളുടെ പെട്ടെന്നുള്ള ചോദ്യം എന്നിൽ ദേഷ്യം ഉണ്ടാക്കിയെങ്കിലും, അത് പ്രകടിപ്പിക്കാനുള്ള ശക്തി പോലും അപ്പോഴെനിക്ക് ഇല്ലായിരുന്നു..

“ഇയാളെന്താ മിണ്ടാത്തത്, ഇനി പെൺകുട്ടികളോട് മോശമായി മാത്രമേ സംസാരിക്കാൻ അറിയുള്ളോ..?, തൻ്റെ പെരുമാറ്റത്തിൽ എന്തോ ഒരു പൊരുത്തക്കേട് എനിക്ക് വന്നപ്പോൾ മുതൽ തോന്നിയിരുന്നു. ഞാൻ വായിച്ചിട്ടുണ്ട് സൈക്കോകൾ ഒരിടത്ത് ഒരുപാട് സമയം സ്വസ്ഥമായി ഇരിക്കില്ലായെന്നും, അവർ പിച്ചും പേയും പറയുമെന്നും…”

അതും കൂടെ കേട്ടപ്പോൾ എൻ്റെ സകല നിയന്ത്രണവും കൈവിട്ടു പോയി,

സൈക്കോ നിൻ്റെ അച്ഛനാണ്, എന്നെ കാണുമ്പോൾ പേടിയാണെങ്കിൽ ഇവിടെ ഇരിക്കാതെ മറ്റെവിടേലും പോയി ഇരിക്കടീ…

“മര്യാദയ്ക്ക് സംസാരിയ്ക്കണം. എന്നോട് ഇവിടെ നിന്നും മാറി ഇരിയ്ക്കാൻ പറയാൻ, ട്രെയിൻ എന്താ ഇയാൾടെ കുടുംബ സ്വത്താണോ, പെൺകുട്ടികളോട് മാന്യമായി സംസാരിയ്ക്കാൻ അറിയാത്ത തെണ്ടി..”

തെണ്ടി നിൻ്റെ…എൻ്റെ പൊന്നുമോളെ ഒന്ന് മിണ്ടാതിരിയ്ക്കോ പ്ലീസ്സ് എനിക്ക് വയ്യ തന്നോട് വഴക്കിടാൻ…

“എൻ്റെ പൊന്നുമോളോ, ഞാനെപ്പഴാടോ തൻ്റെ പൊന്നുമോളായത്….?”ഒന്ന് വായ അടച്ചിരിക്കോ കുരിപ്പേ…മനുഷ്യനിവിടെ വിശന്നിട്ട് കണ്ണ് കാണുന്നില്ല. അതിൻ്റെ ഇടയിലാണ് പട്ടിയെ കല്ലെടുത്ത് എറിഞ്ഞപ്പോലെ കിയ്യാ പ്പിയാന്ന് ഓളിയിരുന്ന ഒരു സാധനത്തിൻ്റെ അടുത്ത് സീറ്റ് കിട്ടിയത്, ഇനി നീ വാ തുറന്നാൽ നീ നേരത്തെ പറഞ്ഞ സൈക്കോ ആവും ഞാൻ. ഓടി കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് ചവിട്ടി പുറത്തിടും നിന്നെ….

ഞാൻ പറഞ്ഞത് കേട്ട് പേടിച്ചിട്ടാണോ, അതോ എൻ്റെ നിസ്സഹായാവസ്ഥ കണ്ടിട്ട് മനസ്സലിഞ്ഞിട്ടാണോ എന്നറിയില്ല പിന്നെ അവൾ ഒന്നും മിണ്ടിയതേയില്ല…

“അതേ, എൻ്റെ കയ്യിൽ ബിസ്ക്കറ്റ് ഉണ്ട്, അത് ഞാൻ തരാം. പക്ഷെ എന്നോട് സോറി പറയണം എന്നാൽ മാത്രേ ബിസ്ക്കറ്റ് തരികയുള്ളൂ….”

“ആർക്ക് വേണം നിൻ്റെ പട്ടി ബിസ്ക്കറ്റ്, എനിക്കൊന്നും വേണ്ട. പിന്നെ സോറി, അത് ആദ്യം പറയണം എന്ന് കരുതിയതാ, ഇനി ഇപ്പൊ സോറി പറയാൻ മനസ്സില്ല….

അല്പസമയത്തെ നിശബ്ദതയ്ക്കൊടുവിൽ, അവളാണ് അത് പറഞ്ഞത്. “പാൻട്രി ജീവനക്കാർ സാലറിയെ ചൊല്ലി സമരത്തിലാണെന്നും, യാത്രക്കാർ ഭക്ഷണവും വെള്ളവും സ്റ്റേഷനിൽ നിന്ന് വാങ്ങി കരുതി വെയ്ക്കണം. സ്റ്റേഷനിൽ മുഴുവൻ പല ഭാഷയിലായി എഴുതി വെച്ചിട്ടുണ്ടായിരുന്നു എന്ന്. ഇത് എക്സ്പ്രസ്സ് ആയതുകൊണ്ട് അധികം സ്റ്റേഷനിലൊന്നും നിർത്തുകയും ഇല്ല എന്ന്…”

ഇതൊന്നുമറിയാതെ ഭക്ഷണം ഇപ്പൊ വരും എന്ന് കരുതി ഇത്ര നേരം കാത്തിരുന്ന എൻ്റെ തലയ്ക്കിട്ടൊരു അടിയായിരുന്നു അവളുടെ ആ വാക്കുകൾ…“സോറി….”

“എന്താന്ന്… “

“സോറീന്ന് പറഞ്ഞാ ബിസ്ക്കറ്റ് തരാന്ന് പറഞ്ഞില്ലേ…?”

“അതിന് എൻ്റെ കയ്യിലുള്ളത് പട്ടി ബിസ്ക്കറ്റ് അല്ലേ, നിങ്ങളേ പോലെ ഒരു മാന്യൻ ഈ ബിസ്ക്കറ്റ് കഴിയ്ക്കാന്ന് വെച്ചാൽ കുറച്ചിലല്ലേ…ഇനി ചിലപ്പോൾ ഇതിൽ മയക്കുമരുന്ന് കലർത്തി നിങ്ങളെ മയക്കി കിടത്തി നിങ്ങളുടെ സാധനങ്ങളെല്ലാം ഞാൻ മോഷ്ടിച്ച് കൊണ്ടു പോയാലോ…?”

ഇയാളെന്നെ കളിയാക്കാണോ, ഞാൻ വേണമെങ്കിൽ ആ ബിസ്ക്കറ്റിൻ്റെ രണ്ടിരട്ടി പണം തരാം, എന്താ അത് മതിയോ…

MAX LIFE INSURANCE
This ₹1Cr Term Plan Gives Premium Back Free Of Cost (*T&C Apply)
×
“ദാ, ഇയാൾടെ ഈ സ്വഭാവമാണ് എനിക്ക് ഇഷ്ടപ്പെടാത്തത് , വിശന്നു വലഞ്ഞ് ഇരുന്നാലും അഹങ്കാരത്തിന് യാതൊരു കുറവും കാണിക്കരുത്. രണ്ടിരട്ടി പണം തരാന്ന് പോലും…ഇനിയും നാട്ടിലെത്താൻ മണിക്കൂറുകൾ ഉണ്ട്, ഇയാളെങ്ങാനും വിശന്ന് ചത്താൽ ശവത്തിന് കാവൽ ഇരിക്കേണ്ടി വരുമെന്ന ഒറ്റക്കാരണം കൊണ്ട് ഞാൻ തരാം….”

കുറച്ച് ദേഷ്യത്തിലാണെങ്കിൽ പോലും അവളെനിയ്ക്ക് ബാഗിൽ നിന്നും ബിസ്ക്കറ്റ് എടുത്ത് തന്നു. നിമിഷനേരം കൊണ്ട് കവർ കാലിയാക്കി കുപ്പിയിൽ അവശേഷിക്കുന്ന വെള്ളം കുടിയ്ക്കുന്നത് കണ്ട്. അവൾ ആശ്ചര്യത്തോടെ എന്നെ തന്നെ നോക്കിയിരുന്നു,..

“എടോ, ഒരു ഫോർമാലിറ്റിയ്ക്കാണെങ്കിലും എന്നോടൊന്ന് വേണോ എന്ന് ചോദിയ്ക്കായിരുന്നു. എന്തൊരു ദുഷ്ടനാടോ താൻ…”

എൻ്റെ ചമ്മിയ മുഖം കണ്ടിട്ടാവും, അവളൊന്ന് ചിരിച്ചു, “ഞാൻ വെറുതെ പറഞ്ഞതാടോ, ഇപ്പോൾ വിശപ്പ് മാറിയില്ലേ, ഇനി കുറേ കഴിഞ്ഞ് ഞാൻ ഫുഡ് കഴിയ്ക്കുമ്പോൾ അതിൽ നിന്ന് തരാം അപ്പൊ ഓക്കെ ആവും.” എന്നവൾ പറഞ്ഞപ്പോൾ എൻ്റെ വിശപ്പ് അകറ്റിയവൾ ആയതുകൊണ്ടാണോ എന്നറിയില്ല. പേര് പോലും അറിയാത്ത അവളോട് എനിക്ക് മനസ്സിൽ ഒരിഷ്ടം തോന്നി തുടങ്ങി.

കേട്ട് മടുത്ത പാട്ടുകൾ, ഒരുപാട് തവണ വായിച്ച പുസ്തകവും, യാത്ര വല്ലാതെ ബോറടിയ്ക്കുന്നുണ്ട്. എന്തെങ്കിലുമൊക്കെ പറയടോ. എന്നവൾ എന്നോട് പറഞ്ഞപ്പോൾ എന്ത് പറയണമെന്നറിയാതെ അങ്കലാപ്പിലായത് ഞാനാണ്.

എൻ്റെ പേര് വിഘ്നേഷ്, അടുപ്പമുള്ളവർ വിക്കി എന്ന് വിളിയ്ക്കും. നാട് തൃശ്ശൂർ, അച്ഛൻ അമ്മ അതാണ് ഫാമിലി. പഠിച്ചത് ചെന്നൈയിലാണ്, സോഫ്റ്റ് വെയർ എഞ്ചിനീയറിംങ്. ജോലി ഒന്നും ആയില്ല. ഈ യാത്രപോലും ഒരു ഇൻ്റർവ്യൂ അറ്റൻ്റ് ചെയ്തു വരുന്ന വഴിയാണ്. ഇത്രയൊക്കെയുള്ളൂ എന്നെ പറ്റി പറയാൻ..

“തന്നെ കണ്ടിട്ട് എഞ്ചിനീയറിംങ് പാസ്സായിട്ട് കുറച്ച് വർഷങ്ങളായെന്ന് തോന്നുന്നല്ലോ, അതോ സപ്ലി ഒരുപാട് ഉണ്ടായിരുന്നോ..?”

താൻ പറഞ്ഞത് ശരിയാണ് പാസ്സ് ഔട്ട് ആയിട്ടു വർഷം നാല് ആയി. ഒറ്റയ്ക്ക് ബിസിനസ്സ് തുടങ്ങി വലിയ നിലയിൽ എത്തണം എന്ന് കരുതി. അറിയാത്തതും പരിജയമില്ലാത്തതുമായ ബിസ്സിനസ്സുകൾ ചെയ്ത് വലിയ ബാധ്യത വരുത്തിവെച്ചു. ഇപ്പൊ ഒരു ജോലിയ്ക്കു വേണ്ടി തെണ്ടിനടക്കുന്നു, നാല് വർഷത്തെ ഗ്യാപ്പ് അതു തന്നെയാണ് പലയിടത്തും ജോലിയ്ക്ക് തടസ്സമാവുന്നത്.

അതൊന്നും പറഞ്ഞാൽ തീരില്ലടോ, താൻ ഇനി തന്നെ കുറിച്ച് പറയ് കേൾക്കട്ടെ…

ഞാൻ ഭാഗ്യശ്രീ, വീട്ടിൽ ശ്രീ എന്ന് വിളിയ്ക്കും, സ്ഥലം പാലക്കാട്, അച്ഛൻ അമ്മ അനിയത്തി അവരാണ് എൻ്റെ എല്ലാം, ബാംഗ്ലൂരുവിൽ സൈബർ സെക്യൂരിറ്റി സെക്റ്ററിൽ ടീം ലീഡറായി വർക്ക് ചെയ്യുന്നു. ഇയാളെ പോലെ സോഫ്റ്റ് വെയർ എഞ്ചിനീയറിംങ് തന്നെയാണ് പഠിച്ചത്…

എന്നെ അടിമുടി വീക്ഷിച്ച് കൊണ്ട് “എടോ, എനിക്ക് തോന്നിയ ഒരു സംശയം ചോദിയ്ക്കട്ടെ” എന്നവൾ മുഖവുരയോടെ ചോദിച്ചപ്പോൾ , എന്താണെന്ന് അറിയാനുള്ള ആകാംക്ഷയിൽ ചോദ്യം കേൾക്കുവാൻ ഞാനും തയ്യാറായി,..

“കട ബാധ്യതകൾ കൊണ്ട് പൊറുതിമുട്ടി ജോലി തേടുന്നവനായി തോന്നുന്നില്ലല്ലോ തന്നെ കണ്ടിട്ട്, ബ്രാൻ്റിൽ കുളിച്ചാണല്ലോ നില്പ്പ്, ലേറ്റസ്റ്റ് മോഡൽ ഐഫോൺ, മാക് ബുക്ക്, അങ്ങനെ എല്ലാം ബ്രാൻ്റാണല്ലോ…?”

അത്, ‘മൈ ഡാഡ് ഈസ് റിച്ച് ‘ അച്ഛൻ രണ്ട് തലമുറയ്ക്ക് കഴിയാനുള്ളത് സമ്പാദിച്ചിട്ടുണ്ട്. പക്ഷെ അച്ഛൻ്റെ പേരിൽ അറിയപ്പെടാതെ സ്വന്തം കാലിൽ നില്ക്കണം എന്ന് വെളിപാടുണ്ടായി ഇറങ്ങി പുറപ്പെട്ടതാ…ഒരു ചമ്മലോടെ ഞാൻ അത്രയും പറഞ്ഞ് നിർത്തി.

“മിടുക്കൻ. പക്ഷെ വെളുക്കാൻ തേച്ചത് പാണ്ടായിലേ” എന്നൊരു കമൻ്റും പറഞ്ഞവൾ കളിയാക്കി ചിരിച്ചപ്പോൾ മുത്തുമണികൾ പൊഴിയും പോലുള്ള അവളുടെ ചിരിയും, ചിരിക്കുമ്പോൾ പാതി ഇറുകിയടയുന്ന കണ്ണുകളും, എന്നെ മറ്റേതോ സ്വപ്ന ലോകത്തേയ്ക്ക് കൊണ്ടെത്തിച്ചത് പോലെ തോന്നി.

ഹലോ, വിക്കി…നമുക്ക് ഫുഡ് കഴിച്ചാലോ..?
വിശന്നാൽ വിക്കി വിക്കിയല്ലാതാവും, അതിനു മുൻപ് നമുക്ക് ഫുഡ് കഴിയ്ക്കാമെന്ന് പറഞ്ഞു. എനിയ്ക്കവൾ അവളുടെ ബാഗിൽ കരുതിയ ഭക്ഷണത്തിൻ്റെ പാതി പകുത്തു നല്കിയപ്പോൾ. ഇതുവരെ ഞാൻ കണ്ടതും ഇടപഴകിയതുമായ പെൺകുട്ടികളിൽ നിന്നുമെല്ലാം അവൾ തികച്ചും വ്യത്യസ്തമായി എനിയ്ക്ക് തോന്നി.ഞങ്ങൾ ഭക്ഷണം കഴിച്ച് കഴിഞ്ഞതും, ആളൊഴിഞ്ഞ ഒരു സ്റ്റേഷനിൽ ട്രെയിൽ വലിയ ഞെരക്കത്തോടെ നിശ്ചലമായി. അല്പ സമയം കഴിഞ്ഞപ്പോൾ മറ്റു കമ്പാർട്ട്മെൻ്റിൽ നിന്നും ആളുകൾ പുറത്തിറങ്ങി സ്റ്റേഷനിലെ ഒഴിഞ്ഞ ഇരിപ്പിടങ്ങളിൽ പോയി ഇരിക്കുന്നത് കണ്ടു. കണ്ടാൽ മലയാളിയെന്ന് തോന്നുന്ന ഒരാളോട് കാര്യം തിരക്കിയപ്പോൾ. ട്രെയിൻ്റെ എഞ്ചിനെന്തോ തകരാറ് അതാണ് ട്രെയിൻ നിർത്തിയിട്ടേക്കുന്നതെന്ന് അയാൾ പറഞ്ഞു.

ഇതെല്ലാം കണ്ടും കേട്ടും ഇരിയ്ക്കുന്ന ശ്രീ, നമുക്കും പുറത്തിറങ്ങി അവിടെ പോയി ഇരിയ്ക്കാം, ട്രെയിൻ പുറപ്പെടുമ്പോൾ തിരികെ വരാമെന്ന് പറഞ്ഞപ്പോൾ, ഞാനും അത് ശരിവെച്ചു.

ഞങ്ങൾ രണ്ട് പേരും ആളൊഴിഞ്ഞ മരത്തടികൾ കൊണ്ട് നിർമ്മിച്ച പഴക്കം ചെന്ന ഇരിപ്പിടങ്ങളിൽ അടുത്തടുത്തായി ഇരുന്നു.

ഇളം കാറ്റിൽ പാറി പറക്കുന്ന മുടിയിഴകളെ ചെവിയ്ക്ക് പിറകിൽ ഒതുക്കി അവൾ എൻ്റെ കണ്ണുകളെ നോക്കികൊണ്ടാണ് സംസാരിച്ച് തുടങ്ങിയത്…

“വിക്കി തനിയ്ക്ക് ഫിറ്റ്സ് എന്താണെന്ന് അറിയോ, ഈ അപസ്മാരം…?”

ഉടനടി ഞാൻ മറുപടി പറഞ്ഞു. അറിയാലോ സിനിമയിലൊക്കെ കണ്ടിട്ടുണ്ട്. പാവക്കുട്ടികളെപോലെ കൈകാലുകൾ നിലത്തിട്ടടിച്ച് വായയിൽ നിന്ന് പതപോലുള്ള എന്തോ വരുമ്പോ, ആരൊക്കെയോ കയ്യിൽ താക്കോൽ കൂട്ടം പിടിപ്പിക്കുന്നത്…

അവളൊന്ന് പുഞ്ചിരിച്ചുകൊണ്ട്, സൗമ്യമായി പറഞ്ഞു. ചിലപ്പോഴൊക്കെ ഞാനും അത്തരത്തിലുള്ള പാവക്കുട്ടിയാവാറുണ്ടെന്ന്…

എന്ത് പറയണമെന്നറിയാതെ, അവളുടെ മുഖത്ത് പോലും നോക്കാതെ ഞാൻ സോറി പറഞ്ഞു.

“സോറി, അതിൻ്റെ ഒന്നും ആവശ്യമില്ലടോ.

നാളെ എൻ്റെ പതിനേഴാമത്തെ പെണ്ണ് കാണാൽ ചടങ്ങാണ്. അവർക്കും എന്നെ ഇഷ്ടപ്പെടാനൊന്നും പോണില്ലാ, എന്നാലും പ്രതീക്ഷ കളയാതെ ക്ഷേത്രത്തിൽ വഴിപാടുകൾ നടത്തുന്ന എൻ്റെ അമ്മയ്ക്ക് വേണ്ടി വിഡ്ഡി വേഷം കെട്ടി നിന്നു കൊടുക്കും ഞാൻ. അതിനു വേണ്ടിയാണ് നാട്ടിലേയ്ക്ക് പോവുന്നത്.

തനിയ്ക്ക് അറിയോ വിക്കീ, എപ്പോഴാണ് വിറയൽ വന്ന് ശരീരം തളരുന്നതെന്ന് അറിയില്ല. അതിനേക്കാൾ വേദനയാണ്. സഹതാപത്തോടുള്ള ചില നോട്ടങ്ങളും അടക്കംപറച്ചിലുകളും. എൻ്റെ ബന്ധുക്കൾ തന്നെയാണ് കല്യാണം മുടക്കുന്നത്. എല്ലാവരിൽ നിന്നുമുള്ള ഒളിച്ചോട്ടമായിരുന്നു ബാംഗ്ലൂരിലേയ്ക്കുള്ള കൂട് മറ്റം. ഒരുപാട് ടെൻഷൻ വന്നാലും, സങ്കടം വന്നാലും എനിയ്ക്ക് പേടിയാണ്.

ഒരുപാട് പേടിയോടെയാണ് ഞാൻ ഇവിടെ എത്തിയത്. പക്ഷെ വിക്കി എന്നെ ആദ്യം കണ്ടില്ലേ, ഞാൻ കെട്ടിപിടിച്ച് ഉമ്മ കൊടുക്കുന്ന കൂട്ടുകാരികളെ, അവരാണ് എനിയ്ക്ക് ധൈര്യം നൽകി എൻ്റെ കൂടെ നിന്നത്. എപ്പോഴും അവരിൽ ഒരാൾ എൻ്റെ കൂടെ ഉണ്ടാവും. റൂമിൽ എന്നെ ഒറ്റയ്ക്ക് ഇരിയ്ക്കാൻ സമ്മതിയ്ക്കില്ല. ഇപ്പൊ കൂടിയും എവിടെ എത്തി എന്ന് ചോദിച്ച് നൂറ് മെസ്സേജുകൾ വന്ന് കാണും. ഇങ്ങനെയൊന്നും എന്നെ ആരും നോക്കില്ലടോ, എന്തിനാണ് മറ്റൊരാൾക്ക് ഞാനൊരു ബാധ്യതയായി ജീവിക്കുന്നത്. അതുകൊണ്ട് തന്നെ ഏതൊരു പെണ്ണിൻ്റെ മനസ്സിലും ഉണ്ടാകുന്ന വിവാഹത്തെ കുറിച്ചുള്ള സ്വപനങ്ങൾ ഒന്നും എൻ്റെ മനസ്സിലില്ല.

ശ്രീ…അപ്പോൾ ഈ രോഗത്തിന് മരുന്നില്ലേ…?

“ഇല്ല വിക്കി…കുറച്ചു നാളേയ്ക്ക് മാറ്റാൻ ഇംഗ്ലീഷ് മരുന്നിനു സാധിക്കും. പക്ഷെ ഇടയ്ക്ക് എപ്പോഴെങ്കിലും അത് വീണ്ടും വരും. എന്തിനോടെങ്കിലും ഉള്ള അമിതമായ ഭയം, ടെൻഷൻ ആണ് മിക്കവാറും ഈ രോഗത്തിന് കാരണം. പക്ഷെ പൂർണമായും ഈ രോഗം മാറിയിട്ടില്ല ഇന്ന് വരെ…”

അത് പറയുമ്പോൾ അവളുടെ ഇടം കണ്ണിൽ കണ്ണുനീരിൻ്റെ തിളക്കം ഞാൻ കണ്ടു. അത് ഞാൻ കാണാതിരിയ്ക്കാനായി മുഖം മറച്ചവൾ പാൽനിലാവ് പൊഴിക്കുന്ന ചന്ദ്രനെ നോക്കികൊണ്ടിരുന്നു.

വലിയ ശബ്ദത്തിൽ ഹോൺ മുഴക്കി, ലോക്കോ പൈലറ്റ് ട്രെയിനിൽ പുറപ്പെടാൻ പോവാണെന്നുള്ള സൂചന നല്കിയപ്പോൾ, യാത്രക്കാർ എല്ലാവരും തിരികെ ട്രെയിനിൽ കയറി.

ഒന്നും മിണ്ടാതെ ജനലിലൂടെ ഇരുട്ടിയ്ക്ക് നോക്കിയിരിക്കുന്ന അവളോട് എന്ത് പറയണമെന്നറിയാത്ത അവസ്ഥയിലായിരുന്നു ഞാനപ്പോഴും. പുറത്ത് നിന്നും ഇടവേളകളിൽ പ്രത്യക്ഷമാവുന്ന വെളിച്ചത്തിൽ അവളുടെ മൂക്കുത്തികല്ല് കുഞ്ഞ് നക്ഷത്രo പോലെ പ്രകാശിക്കുന്നത് കൗതുകത്തോടെ ഞാൻ നോക്കിയിരുന്നു…

ശ്രീ, ട്രെയിൻ പാലക്കാട് എത്തുമ്പോൾ സമയം എത്രയാവും…? എന്നൊരു ചോദ്യത്തിലൂടെ ഞങ്ങൾക്കിടയിലുള്ള നിശബ്ദതയെ ഞാൻ ഇല്ലാതാക്കുവാൻ ഒരു ശ്രമം നടത്തി.

“രാവിലെ എഴ് മണിയ്ക്ക് എത്താറുണ്ട്. ഇനിയിപ്പൊ വൈകുമല്ലോ ഏട്ട് മണിയ്ക്കുള്ളിൽ എത്തുമായിരിക്കും. പാലക്കാട് എത്തുന്നതിന് മുൻപ് അച്ഛനെ വിളിച്ച് പറഞ്ഞാൽ കൊണ്ട് പോവാൻ അച്ഛൻ വരും, അതാണ് പതിവ്…”

സമയം പതിനൊന്ന് കഴിഞ്ഞു. ഉറങ്ങിയാലോ, എന്ന എൻ്റെ ചോദ്യത്തിന് വിക്കിയ്ക്ക് ഉറക്കം വരുന്നെങ്കിൽ കിടന്നോളൂ, എനിയ്ക്ക് ഇപ്പൊ ഉറക്കം വരുന്നില്ല. എന്നവൾ മറുപടി പറഞ്ഞു.

ഏന്തി വലിഞ്ഞ് മുകളിലെ ബർത്തിലേയ്ക്ക് കയറാൻ ശ്രമിക്കുന്ന എന്നെ നോക്കി കൊണ്ട്, “ഇവിടെ താഴെ ഇതിനും മാത്രം സ്ഥലം ഉണ്ടായിട്ടും എന്തിനാ വിക്കി മുകളിൽ വലിഞ്ഞ് കയറുന്നതെന്ന്” ശ്രീ ചോദിച്ചപ്പോൾ മറുപടിയൊന്നും പറയാതെ ഒരു ചിരിയോടെ ഞാൻ മുകളിൽ കയറി കിടന്നു…

മുകളിൽ കയറി കിടന്നത് മറ്റൊന്നും കൊണ്ടായിരുന്നില്ല. അവളെ ഞാൻ പ്രണയിച്ചു പോകുമോ എന്നൊരു ഭയം കാരണമാണ് അവളിൽ നിന്നും അകന്ന് മുകളിലെ ബർത്തിലേയ്ക്ക് ഞാൻ മാറികിടന്നത്.

ട്രെയിൻ്റെ മനോഹരമായ തൊട്ടിലാട്ടത്തിലും എനിയ്ക്ക് ഉറക്കം വന്നില്ല. ചിന്ത മുഴുവനും ശ്രീയെ പറ്റിയായിരുന്നു.

“വിക്കീ താൻ ഉറങ്ങിയോ…?”

എന്നൊരു ചോദ്യം കേട്ടതും, തല താഴേയ്ക്ക് ഇട്ട് ഒരു വവ്വാലിനെ പോലെ ഞാൻ അവളെ നോക്കി.

“വിക്കീ, തന്നെ ഞാൻ ആദ്യം കണ്ടപ്പോൾ ഒരു കിളി പോയ ഐറ്റം ആണെന്നാണ് കരുതിയത്, എന്നാൽ അല്ലട്ടോ, നല്ല ഒരു ക്യാരക്റ്ററാണ് താൻ, അത് കൊണ്ട് തന്നെയാണ് ഞാൻ എന്നെ കുറിച്ച് ഇത്രയും പറഞ്ഞതും. എൻ്റെ സങ്കടങ്ങൾ പറഞ്ഞ് തൻ്റെ മൂഡ് കൂടി ഞാൻ കളഞ്ഞു അല്ലേടോ…”

ഏയ്, അങ്ങനെയൊന്നും ഇല്ല. ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിച്ച് ഉറക്കം കളയാതെ താൻ ഉറങ്ങാൻ നോക്ക് ശ്രീ, സമയം ഒരുപാട് ആയി.

അവൾ പിന്നെയും എന്തോ ചിന്തിച്ച് ഇരിപ്പാണെന്ന് കണ്ടപ്പോൾ, ഞാൻ താഴെ ഇറങ്ങി വന്നു.

ഇതിപ്പൊ എന്താ, ആദ്യമായി പെണ്ണ് കാണൽ ചടങ്ങിന് നിന്ന് കൊടുക്കുന്ന പെൺകുട്ടിയെ പോലെ ടെൻഷനടിക്കുന്നേ. അവര് വന്ന് ചായ കുടിച്ച് പോവട്ടെ, തന്നെ ഇഷ്ടപ്പെടുന്ന ഒരാൾ വരും അത് വരെ കാത്തിരിയ്ക്കടോ…

എനിയ്ക്ക് എൻ്റെ അനിയത്തിക്കുട്ടിയെ കുറിച്ചാണ് സങ്കടം, ഞാൻ കാരണം അവളുടെ ഭാവി കൂടി.

അവളെ ആശ്വസിപ്പിയ്ക്കാൻ വേണ്ടി, എന്തൊക്കെയോ പറഞ്ഞ് പറഞ്ഞ് ഞാൻ ഉറങ്ങി പോയി.

ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന് ആദ്യം നോക്കിയത് അവളുടെ സീറ്റിലേയ്ക്കായിരുന്നു. അവൾ സീറ്റിൽ ചാരിയിരുന്ന് ഉറങ്ങുകയാണ്. ട്രെയിൻ കോയമ്പത്തൂർ സ്റ്റേഷൻ കഴിഞ്ഞിരുന്നു. പാലക്കാട് എത്തുവാൻ ഇനി അധികം സമയം ഇല്ലെന്ന് മനസ്സിലാക്കിയ ഞാൻ അവളെ പരിഭ്രാന്തിയോടെ തട്ടിയുണർത്തി.

ഉറക്കം മതിയാവാതെ, കണ്ണ് തിരുമ്മി എന്നെ നോക്കിയൊന്ന് ചിരിച്ച് അവൾ മുഖം കഴുകുവാൻ എണീക്കുകയായിരുന്നു.

അവളുടെ പക്കൽ നിന്ന് ഫോണ് നമ്പർ വാങ്ങിച്ചു. കുറച്ചു നേരം അവളെ തന്നെ കണ്ണെടുക്കാതെ നോക്കി നിൽക്കുന്നത് കണ്ട് ഒരു പുരികമുയർത്തി എന്തെന്നവൾ ആരായുമ്പോൾ തെല്ല് പരിഭ്രമത്തോടെയാണ് ഞാൻ പറഞ്ഞത് തുടങ്ങിയത്…

“അതേ,.. ശ്രീ സഹതാപം കൊണ്ടല്ല. എൻ്റെ ജീവനുള്ളടത്തോളം എനിക്ക് നീ ഒരു ബാധ്യതയായി തോന്നില്ലടോ, ഈ ട്രെയിൻ യാത്ര അവസാനിക്കാതെ ഇരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നു ഞാൻ. എന്നും ഇതുപോലെ നീ എൻ്റെ കൂടെ വേണം എന്നൊരു തോന്നലാണ് അതിനു കാരണം. എൻ്റെ വീട്ടുക്കാർക്ക് ഇഷ്ടമാവില്ല എന്നാണെങ്കിൽ, എൻ്റെ ഓർമ്മ വെച്ച കാലം മുതൽ എൻ്റെ ഒരു ആഗ്രഹത്തിന് പോലും എൻ്റെ അച്ഛനും അമ്മയും എതിര് നിന്നിട്ടില്ല. ഇന്നലെ രാത്രി തന്നെ എൻ്റെ ഇഷ്ടം തന്നോട് പറയണം എന്ന് കരുതിയതാണ്, ഒരു ജോലിയില്ലാതെ എങ്ങിനെ ഒരു പെൺകുട്ടിയെ ഇഷ്ടമാണ് കല്യാണം കഴിക്കണമെന്ന് പറയും, അത് ശ്രീ വെറുമൊരു തമാശ മാത്രമായി കണ്ടാലോ എന്നുള്ള ഭയമാണ് അതിൽ നിന്നും എന്നെ പിൻ തിരിപ്പിച്ചത്…”

ഇന്ന് ഉറക്കമുണർന്ന് ഫോണിൽ സമയം നോക്കിയപ്പോഴാണ് മെയിൽ വന്നത് ഞാൻ കണ്ടത്. ഇൻ്റർവ്യൂ കഴിഞ്ഞപ്പോൾ ജോലി കിട്ടുമെന്ന് ഒട്ടും പ്രതീക്ഷയില്ലായിരുന്നെല്ലെങ്കിലും, ഞാൻ സെലക്ടായിരിക്കുന്നു. എല്ലാം ഒരു നിമിത്തമാവും. തന്നെ കാണാനിടയായതും, പരിചയപ്പെട്ടതും എല്ലാം….

ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞ് അവളെ ഞാൻ നോക്കുമ്പോൾ, കണ്ണുകൾ കലങ്ങി കണ്ണുനീർ ഒഴുകുവാൻ വെമ്പിനില്ക്കുന്നതാണ് കണ്ടത്…

“തനിക്ക് എന്നെ ഇഷ്ട്ടല്ലേ” എന്നൊരു ചോദ്യം ചോദിച്ചതും ട്രെയിൻ പാലക്കാട്‌ സ്റ്റേഷൻ എത്തി കഴിഞ്ഞിരുന്നു…

ട്രെയിൻ നിർത്തിയിട്ടും ആളുകൾ ഇറങ്ങി തുടങ്ങിയിട്ടും അവൾ എന്റെ കണ്ണുകളിൽ തന്നെ നോക്കി നിൽക്കുകയായിരുന്നു. കുറച്ചു സമയത്തിന് ശേഷം സ്ഥലകാല ബോധം വീണ്ടെടുത്ത അവൾ പതിയെ ട്രെയിനിൽ നിന്ന് പുറത്തിറങ്ങി മുന്നോട്ട് നടന്നു.

അവൾ മറുപടി പറയാതെ മുന്നോട്ട് നടന്നതും ഞാൻ വല്ലാതെയായി

“ശ്രീ….” ഞാൻ അവൾക്ക് പിന്നാലെ ചെന്നു.

അവൾ എന്നെ നോക്കി കുസൃതിയോടെ പുഞ്ചിരിച്ചു. ഒരു കുസൃതി ചിരിയോടെ അവളെന്നെ നോക്കി.

“തനിക്ക് പെൺസുഹൃത്തുക്കളുണ്ടോ വിക്കി??”

“ഉവ്വ്…വളരെ കുറച്ചു പേർ. എന്തോ പഠനത്തിന് ശേഷം പുതുക്കിയിട്ടില്ല പഴയ സൗഹൃദങ്ങളൊന്നും. നെട്ടോട്ടമായിരുന്നില്ലേ ഒന്ന് നിവർന്നു നിക്കാൻ. വാട്സ്ആപ്പിലെ കോൺടാക്ട് ലിസ്റ്റിൽ കിടക്കുന്ന അഞ്ചാറ് പേര് തന്നെ വിഷുവിനോ ഓണത്തിനോ ഒക്കെ ഓരോ വിഷസ് അയച്ചാലായി…”

ഒരു ചിരിയോടെ ഞാനത് പറഞ്ഞു നിർത്തുമ്പോൾ ശ്രീയുടെ മുഖത്തു പ്രതീക്ഷിച്ച തിളക്കം കണ്ടില്ല.

“എങ്കിൽ ഇപ്പോ താനെന്നോട് പറഞ്ഞ ഈ ഇഷ്ട്ടം ആദ്യമായി ഇത്രെയും നേരം തന്നെ കേൾക്കാൻ തയ്യാറായ എന്നോടുള്ള സൗഹൃദം ആണെങ്കിലോ…അതിനെ തന്റെ മനസ്സ് ഇഷ്ടമായി വ്യാഖ്യാനിച്ചതാണെങ്കിലോ…?”

ഞാൻ അവളുടെ നെറ്റിയിലേക്ക് വീണു കിടക്കുന്ന നേർത്ത മുടിയിഴകൾ പതിയെ ചെവിയ്ക്ക് പിറകിലേക്ക് ചേർത്ത് വെച്ചു.

പെട്ടന്നുണ്ടായ സ്പര്ശനത്തിൽ അവളൊന്നു വിറച്ചു. പിന്നെ ചുറ്റും നോക്കി.. ആരെങ്കിലും കണ്ടോയെന്നുള്ള പരിഭ്രമം മുഖത്തു പരന്നു.

“ശ്രീ….”

അവൾ മുഖമുയർത്തി നോക്കുമ്പോൾ കവിളിൽ തെളിഞ്ഞു നിന്നിരുന്ന അരുണവർണം എന്നിലും പടർന്നിരുന്നു…

“എൻ്റെ അച്ഛൻ അമ്മയെ വിവാഹം ചെയ്യുന്നതിന് മുൻപ് അവർ നല്ല സുഹൃത്തുക്കളായിരുന്നു. ഒരാണിനും പെണ്ണിനും ലഭിക്കാവുന്ന മികച്ച പങ്കാളി എങ്ങനെ ആവണമെന്നറിയോ….? പരസ്പരം കേൾക്കുന്ന, അവരുടെ കുറ്റങ്ങളും കുറവുകളും ചൂഴ്ന്നു വൃണപ്പെടുത്താതെ ഇഷ്ടങ്ങൾ അറിഞ്ഞു, ആഴത്തിൽ മനസ്സിലാക്കി, എന്തിനും ഏതിനും കൂടെ നിൽക്കുന്നവർ. അതല്ലേ ശരിയായ പാതി…?”

ശ്രീയുടെ കുഞ്ഞു മിഴികളിൽ ഒരു വെട്ടം തിളങ്ങി.

“ഈ പ്രണയം ഒരാൾക്ക് മറ്റൊരാളോട് തോന്നാൻ അധികം സമയമൊന്നും വേണ്ടടോ. പക്ഷെ ജീവന്റെ പാതി ആക്കാനുള്ള തോന്നൽ വിരളമായി ചിലരോട് മാത്രേ തോന്നുള്ളൂ. അയാളെത്തന്നെ കൂടെ കൂട്ടാൻ കഴിയുന്നതാണ് ഭാഗ്യം എന്നൊക്കെ പറയുന്നത്….”

ശ്രീ ഒന്നും പറയാതെ പെട്ടന്ന് തിരിഞ്ഞു നടന്നു.

“ശ്രീ….താൻ മറുപടി ഒന്നും പറഞ്ഞില്ല….”

പിറകെ ഓടിചെന്നുകൊണ്ട് ഞാൻ ചോദിക്കുമ്പോൾ…

“വെറുതെ ഒരുങ്ങിക്കെട്ടി വല്ലവനും കാഴ്ചവസ്തുവാവുന്നതെന്തിനാ….? തന്റെ ഭാഗ്യക്കുറി ആവാനാവും എന്റെ യോഗം…”

അതും പറഞ്ഞു പൊട്ടിച്ചിരിച്ചു കൊണ്ട് ഓടി പോകുന്ന അവളെ നോക്കി നിൽക്കവേ ഞാൻ അറിയുകയായിരുന്നു ഒരു കുറുമ്പി പെണ്ണിനെ പ്രണയിക്കുന്നതിന്റെ സുഖം

You may also like

Leave a Comment