എനിക്ക് പ്രണയിച്ചേ പറ്റു. മനുഷ്യന്റെ വിഷമങ്ങളൊക്കെ മറക്കാൻ ഏറ്റോം നല്ല മരുന്ന് അത് തന്നെയാണ്…

രചന: ദിവ്യ അനു അന്തിക്കാട്

:::::::::::::::::::::::::::::::::::::::::

നീ ബാഗൊക്കെ റെഡിയാക്കി വച്ചോ ഞാൻ ഒരു ഒൻപതു മണിയാകുമ്പോ എത്താം. ഒച്ചയുണ്ടാക്കാതെ നീ മതിലിനടുത്തോട്ടു വരണം. ഇവിടുത്തെ പ്രശ്നങ്ങളൊക്കെ ഒതുങ്ങി നമുക്ക് പതിയെ തിരികെ വരാം കേട്ടോ…

ശരി പറഞ്ഞപോലെ ചെയ്യാം…പ്രശ്നങ്ങളൊന്നും ഉണ്ടാകാതെ നോക്കണം ട്ടോ. എനിക്ക് പേടിയാവുന്നുണ്ട്. വീട്ടിലെങ്ങാനും അറിഞ്ഞാൽ…? എന്റെ ഭർത്താവിന്റെ വീട്ടിൽ ആകെ പ്രശ്‌നാവും. ഒക്കെ ഏറ്റല്ലോ അല്ലെ…?

ഉവ്വ് പെണ്ണെ, നിന്റെ ഭർത്താവോ വീട്ടുകാരോ ഒരു കുഴപ്പോം ഉണ്ടാകാതെ ഞാൻ നോക്കിക്കോളാം. കാര്യം നിന്റെ ഭർത്താവ് ഇച്ചിരി മുരടൻ ആണേലും ആൾ പാവാ. ഒന്നും ഉണ്ടാവില്ല നീ ധൈര്യമായി ഇരിക്ക്‌…

ഫോൺ ഓഫാക്കിയതിനുശേഷം “വാണി” തന്റെ ജീവിതത്തെ മൊത്തത്തിലൊന്നു ആലോചിച്ചു. ഡിഗ്രിക്ക് പഠിക്കുമ്പോ തുടങ്ങിയ പ്രണയം, പിജി കഴിഞ്ഞിറങ്ങി ഒരുകൊല്ലത്തിനുള്ളിൽ കല്യാണം. ഇപ്പൊ മുപ്പത്തിരണ്ട് വയസ്സായി. പത്തുവർഷായി കല്യാണം കഴിഞ്ഞിട്ട്. കുട്ടികളൊന്നും ഇതുവരെ ആയില്ല. അതിന്റെ ഒരു വിഷമം ഉള്ളിൽ ഉണ്ട്. പക്ഷെ അതിനേക്കാളുപരി വിവാഹശേഷം പ്രണയത്തിനു മങ്ങലേറ്റ പോലെ…

പണ്ടൊക്കെ ഫോണൊന്നും ഇല്ലാത്ത സമയത്തു എത്രമാത്രം കത്തെഴുതിയതാണ്…ഓരോ വെക്കേഷനും കഴിയാൻ കാത്തിരിപ്പായിരുന്നു. കോളജിൽ ചെന്ന് ആളെ കാണാൻ…പക്ഷെ ഇപ്പോളോ…ഫോൺ വിളിക്കുന്നത് അരിയും പരിപ്പും തീർന്നെന്നു പറയാനോ മറ്റോ ആയിരിക്കും. ഒരുതരം മടുപ്പായി തുടങ്ങി പരസ്പ്പരം.

അങ്ങനെ ആണ് ഒരുദിവസം തീരുമാനിച്ചത്. എനിക്ക് പ്രണയിച്ചേ പറ്റു. മനുഷ്യന്റെ വിഷമങ്ങളൊക്കെ മറക്കാൻ ഏറ്റോം നല്ല മരുന്ന് അത് തന്നെയാണ്. രണ്ടാമത് പ്രണയം തുടങ്ങിയപ്പോ വല്ലാത്തൊരു ആവേശമാണ്. രാവിലെ എണീക്കാനുള്ള മടിപോയി. പെട്ടെന്ന് ജോലിയൊക്കെ തീർത്തു ഫോണിലിരുന്നു മെസ്സേജയപ്പ് തുടങ്ങി. സമയം പോണത് അറിയാൻ പറ്റാത്ത അവസ്ഥ.

ഏട്ടന്റമ്മക്ക് എന്തോ സംശയം ഉള്ളപോലെ ഇടയ്ക്കിടെ മുറിയിൽ വന്നു നോക്കും…ഒരീസം ഏട്ടനോട് പറഞ്ഞു കൊടുക്കേം ചെയ്തു.

വാണി നീ പോയ ഉടനെ ഫോണും കൊണ്ട് മുറിയിൽ കേറാൻ തുടങ്ങും. ഓരോ വാർത്ത കേൾക്കണതല്ലേ, ഒന്ന് ശ്രദ്ദിച്ചോ നീയ്യ്…ഏട്ടനിതൊക്കെ കേട്ട് മിണ്ടാതെ ഒരു ചെറിയ ചിരിയും ചിരിച്ചു അകത്തോട്ട് പോയി.

അങ്ങനെ നാളെ ഞങ്ങൾ ഒളിച്ചോടാൻ തീരുമാനിച്ചു. ഒരൊറ്റ ജീവിതല്ലേ ഉള്ളു, അത് സന്തോഷായി ജീവിക്കണം അത്ര ഉള്ളു….നേരം വെളുത്തതും ജോലിയൊക്കെ ഒതുക്കി. ഒന്ന് പാർലറിൽ പോയി ത്രെഡിങ് ചെയ്തു. ഒന്ന് രണ്ടു ടോപ് എടുത്തു. ഏട്ടന്റമ്മ കാണാതെ ബാഗ് ഒതുക്കി രാത്രി ഒരൊമ്പതു മണിയായി, ഒരു പൂച്ചയെ പോലെ പതുങ്ങി മതിലിനടുത്തേക്കു പോയി.

ആളവിടെ നിൽപ്പുണ്ടായിരുന്നു. പെട്ടെന്ന് തന്നെ കാറിൽ കയറി. നേരെ വയനാട്ടിലേക്ക്….

തന്നെ ചേർത്തുപിടിച്ചിരിക്കുന്ന ഈ കൈകൾ അത് ഒരുകാലത്തും വിട്ടു പിരിയാതിരുന്നെങ്കിൽ…നെറുകയിൽ തരുന്ന ചുംബനം നിലക്കാതിരുന്നെങ്കിൽ…നെഞ്ചിലെ പ്രണയം അതിതുപോലെ നിലനിന്നിരുന്നെങ്കിൽ…

ഒരു പത്തു വർഷം പുറകോട്ട് പോയപോലെ ആളെ മുറുകെ കെട്ടിപിടിച്ചിരുന്നു.

മോനെ ശ്രീയെ…അമ്മ പറയണ കേട്ട് മോൻ വിഷമിക്കരുത്. അമ്മ ഒരു കാര്യം പറയാൻ വിളിച്ചതാ…മോനെ വാണിനെ ഇവിടെ കാണാനില്ല. ഞാൻ അന്നേ പറഞ്ഞില്ലേ അവളുടെ മേലെ ഒരു കണ്ണ് വേണമെന്ന്…അന്ന് നീ ചിരിച്ചു തള്ളി. ഇപ്പൊ എന്തായി, അവളാരുടെയോ കൂടെ പോയി. മാളോരോട് ഇനിയെന്ത് സമാധാനം പറയും…?

അമ്മെ…അമ്മ ഞങ്ങളോട് ക്ഷമിക്കണം. അവൾ ഫോണിൽ അയച്ചിരുന്ന മെസ്സേജ് എനിക്കായിരുന്നു. അവൾ കൂടെ ഇറങ്ങി വന്നേക്കുന്നതും എനിക്കൊപ്പം തന്നെയാ…കുട്ടിയോളില്ലാതെ വല്ലാത്ത ഒരു മുഷിപ്പായിരുന്നു ഞങ്ങടെ മുറിക്കുള്ളിലെ ജീവിതം. അതിലെ ഞങ്ങളുടെ നഷ്ടപെട്ട പ്രണയം തിരികെ കിട്ടാനുള്ള ഒരു വഴി ഞങ്ങൾ കണ്ടെത്തിയതാ. ദേണ്ടെ അമ്മേടെ മക്കൾ ഇപ്പൊ പഴയതിനെക്കാളും സ്നേഹത്തിൽ ഇവിടെ ഉണ്ട്. അമ്മ സമാധാനായി ഉറങ്ങിക്കോളൂ. ഒരാഴ്ച കഴിഞ്ഞു ഞങ്ങളങ്ങെത്താം…

ഇപ്പൊ എന്തായി പെണ്ണെ നിന്റെ ഭർത്താവിന്റെ വീട്ടുകാർ പ്രശ്നം ഉണ്ടാക്കില്ലന്നു പറഞ്ഞില്ലാരുന്നോ…? ഇങ്ങോട്ട് നീങ്ങി വാ പെണ്ണെ ഇവിടെ ചേർന്നിരിക്ക്…

Leave a Reply

Your email address will not be published. Required fields are marked *