ഈ അമ്മെടൊരു കാര്യം. ഇപ്പോളെ ഇങ്ങനാണേൽ കല്യാണത്തിന് ശേഷം എന്താണാവോ അവസ്ഥ. ദൈവത്തിനറിയാം…

രചന: ദിവ്യ അനു അന്തിക്കാട്

:::::::::::::::::::::::::::

അതെന്തേ കല്യാണത്തിന് മുന്ന് കൂട്ടുകാരോട് മിണ്ടണ്ട എന്നൊക്കെ പറയണേ…? അമ്മ ഇങ്ങക്കിത് എന്തിന്റെ കൊഴപ്പാ…അയാൾ എംബിഎക്കാരൻ ഒക്കെ തന്നെ. പക്ഷെ എനിക്കും പഠിപ്പിന് കൊറവൊന്നും ഇല്ലല്ലോ…? പിജി കഴിഞ്ഞെന്ന്യല്ലേ ഞാനും നിക്കണത്…

“നീ ഇങ്ങോട്ട് മറുപടിയൊന്നും പറയണ്ട. പറയണതങ്ങോട്ട് കേട്ട മതി. അച്ഛനും മാമന്മാരും നോക്കിയോളും നിന്റെല്ലാ കാര്യങ്ങളും, കേട്ടല്ലോ….? കോളേജിലെ പരിപാടിക്ക് നീ പോയില്ലെന്നും വച്ച് ഒന്നും സംഭവിക്കാനൊന്നും പോണില്ലല്ലോ ല്ലേ…കേറിപോയ്‌ക്കോ നീ…ഒരുമാസം തികച്ചില്ല കല്യാണത്തിന്…”

ഈ അമ്മെടൊരു കാര്യം. ഇപ്പോളെ ഇങ്ങനാണേൽ കല്യാണത്തിന് ശേഷം എന്താണാവോ അവസ്ഥ. ദൈവത്തിനറിയാം…

ആലോചിച്ചുറപ്പിച്ച കല്യാണമാണ്. പിജിക്കൊപ്പം പഠിച്ച എല്ലാരും ഒരു റീയൂണിയൻ വയ്ക്കുന്നുവെന്നു പറഞ്ഞപ്പോളെ അമ്മ പറഞ്ഞു വിശാഖന്റടുത്തു ചോദിച്ചിട്ട് പോയാ മതിയെന്ന്. കല്യാണമോതിരം മാറിക്കഴിഞ്ഞാൽ അയാളോട് ചോദിച്ചിട്ടേ എങ്ങോട്ടേലും പോകാവൂ എന്ന്.

അപ്പോളെ ഞാൻ ചോദിച്ചതാണ്. ഇതൊക്കെ ഇത്തിരി ഓവറല്ലേ എന്ന്. അമ്മ കേട്ടില്ല. എന്തായാലും എവിടേം പോണില്ല എല്ലാർക്കും സന്തോഷാവട്ടെ…

അങ്ങനെ കല്യാണമിങ്ങടുത്തു അച്ഛന് വീട്ടിലിരിക്കാൻ നേരല്യാണ്ടായി. ഒരാങ്ങളമാരില്ലാത്തതിന്റെ കൂടി ഓട്ടം അച്ഛന്റെ തലയിലായി. അച്ഛന് എന്നെ നോക്കുമ്പോ എന്തോ ഒരു സങ്കടം, ആകെപ്പാടെ ഉള്ളൊരു മോൾ പോകുന്നെന്റെ വിഷമമായിരിക്കും.

എന്ത്ചെയ്യാനാ ജോലി കിട്ടീട്ട് മതി കല്യാണം എന്നൊക്കെ ആവുന്നതും പറഞ്ഞതാ കേട്ടില്ല. ഇനീപ്പോ സങ്കടപെട്ടിട്ടെന്തു കാര്യം. കല്യാണ സാരീ ഇന്ന കളർ മതീന്നൊക്കെ വിശാഖൻ ഫോൺ വിളിച്ചു പറഞ്ഞു. പൂവ് ഇത്രവച്ച മതി, ബ്ലൗസ് അധികം താഴോട്ടിറക്കി വെട്ടരുത് എന്നിങ്ങനെ ഒരു നൂറു കാര്യങ്ങൾ.

ശരിക്കും പറഞ്ഞാൽ കാലിൽ ഒരു ചങ്ങല വീഴാൻ പോകുന്നൊരു ഫീൽ. പക്ഷെ ആരോട് പറയാൻ…അധികം അത്യാഗ്രഹങ്ങളൊന്നുമില്ല്യ. ഗവണ്മെന്റ് ജോലിക്കാരൻ വേണമെന്നോ, വല്യേ പണക്കാരൻ ആവണമെന്നോ അങ്ങനൊന്നും ഒരു നിബന്ധനേം ഇല്ലെനിക്ക്. പക്ഷെ ജീവിക്കാൻ അത്യാവശ്യം ചുറ്റുപാട്, ഇത്തിരി അധികം സ്നേഹം, ഇത്തിരി സ്വാതന്ത്ര്യം അതൊക്കെ മതി. ഇത് പക്ഷെ…

ടെൻഷനടിച്ചും, തിരക്കിൽ പെട്ടും സമയമിങ്ങടുത്തു. തലേന്ന് അമ്പലത്തിൽ ഒരു വഴിപാടുള്ളതുകൊണ്ട് ഇളയമാമന്റെ കൂട്ടത്തിൽ അമ്പലത്തിൽ പോയി. പക്ഷെ അവിടെന്തോ വിശേഷം ഉള്ളതുകൊണ്ട് വരാൻ താമസിച്ചു.

ഞങ്ങളെത്തിയപ്പോഴേക്കും ചെക്കന്റെ പെങ്ങളും കൂട്ടരും സാരി കൊണ്ടുവരുന്ന ചടങ്ങിനെത്തി കഴിഞ്ഞിരുന്നു. എന്തോ മുഖം വല്യേ തെളിച്ചമില്ലാത്ത പോലെ. അധികം സംസാരിച്ചൊന്നും ഇല്ല. പെട്ടെന്ന് തന്നെ തിരികെ പോയി. ഒരരമണിക്കൂർ കഴിഞ്ഞതും വിശാഖൻ ഫോൺ വിളിച്ചു.

“നീ ഇവിടെ പോയതാ രേണു ?”

“അമ്പലത്തിൽ പോയതാണ് മാമന്റെ കൂടെ”

“അതെന്ന നിന്റെ വീട്ടിൽ പെണ്ണുങ്ങളാരും ഇല്ലാരുന്നോ ?” എന്നും തുടങ്ങി ഇനി പറയാൻ ഒന്നുമില്ല. മാമന്റെ കൂടെ എന്നല്ല അച്ഛന്റെ കൂടെ ആണേലും പെണ്ണുങ്ങൾ ഒരുപ്രായം കഴിഞ്ഞാൽ കൂടെ പോകരുത് എന്ന്….

ഇത് കേട്ടതോടെ കരഞ്ഞോണ്ട് അച്ഛന്റെ അടുത്തോട്ടോടി പറഞ്ഞു എനിക്ക് വേണ്ടഛാ ഈ കല്യാണം. നടന്നതൊക്കെ പറഞ്ഞപ്പോ ഒരഞ്ചുമിനിറ്റ് അച്ഛനൊന്നും പറഞ്ഞില്ല. അതുകഴിഞ്ഞു മാമനോട് ഫോൺ എടുത്തിട്ട് വരാൻ പറഞ്ഞു.

“വിശാഖ ഞാൻ രേണുന്റച്ഛൻ വാസൂട്ടൻ ആണ്. ഒരു കാര്യം പറയാൻ വിളിച്ചതാണ്, നേരിട്ട് വരേണ്ടതായിരുന്നു. പക്ഷെ നീ അതർഹിക്കുന്നില്ല. പറയാൻ വന്നതെന്താച്ചാൽ നീ ഒരാണ്‌ തന്നെ ആണോടാ. അച്ഛനേം അമ്മാവനേം തിരിച്ചറിയാൻ പറ്റാത്ത വിധമാണ് നിന്റെ വീട്ടുകാർ നിന്നെ വളർത്തിയേക്കുന്നതു എന്ന് മനസ്സിലായി…”

“ഒന്ന് നീ കേട്ടോളു നീ വലുതായി കഴിഞ്ഞപ്പോ നീ നിന്റെ അമ്മയിൽ നിന്നകലം പാലിച്ചിട്ടുണ്ടാകും അതുകൊണ്ടാണ് നീ എന്റെ രേണുനെ വിളിച്ചു ഈ അസഭ്യങ്ങൾ പറഞ്ഞത്. നിന്റെ പെങ്ങന്മാർ വന്നു പറഞ്ഞിട്ടാണല്ലോ നീ അവളാരുടെ കൂടെ അമ്പലത്തിൽ പോയതെന്നറിഞ്ഞതൊക്കെ…എന്തായാലും ഇത്ര വിശാല മനസ്കത ഉള്ള കുടുംബത്തിൽ വരാൻ എന്റെ മോൾക്കും ഞങ്ങൾക്കും തീരെ ആഗ്രഹല്യാ. അപ്പൊ വയ്ക്കുന്നു “

“മോളിങ്ങു വന്നേ ഈ അച്ഛനൊരു തെറ്റ് പറ്റി അത് അച്ഛൻ തന്നെ തിരുത്തി. ഈ നെഞ്ചിലെ ചൂട് തന്നു വളർത്തിയതാണെങ്കിൽ എന്റെ മോളെ ഒരാണിന്റെ കൂടെയേ വിടത്തുള്ളു. ഉറപ്പ്…”

Leave a Reply

Your email address will not be published. Required fields are marked *