കനി
എഴുത്ത്:’ആദർശ്മോഹനൻ
” എന്തൊരു കയ്പ്പാ ആദിയേട്ടാ നിങ്ങടെ ചുiണ്ടിന് “
എന്റെ ഹൃത്തടത്തിൽ ഞെരിഞ്ഞമർന്നു കൊണ്ടാണവളത് ചോദിച്ചത് കരയ്ക്കെടുത്തിട്ട വരാലിനെപ്പോലെ വഴുതി മാറാൻ നോക്കിയ അവളെ ഒന്നുകൂടി ഞാൻ ചേർത്തു പിടിച്ചു കൊണ്ടവളോടായ് പറഞ്ഞു
” കലർപ്പില്ലാത്ത ചുണ്ടിന് കനപ്പ് തന്നെയായായിരിക്കും പെണ്ണെ”
ആ കണ്ണാടിക്കവിളിലെ ചുഴിക്ക് ആഴം കൂടിയ പോലെ എന്നിൽ നിന്ന് കുതറിമാറിയോടിയ അവളുടെ പിന്നാലെ തന്നെ ഞാൻ വച്ചുപിടിച്ചു
ഓടിച്ചെന്നവളെയാ വയൽ വരമ്പിൽ നിന്നു കൊണ്ട് വാരിയെടുത്തപ്പോൾ തുമ്പിക്കനം പോലും തോന്നിയില്ലെനിക്ക്, ആ വിയർപ്പൊട്ടിയ കഴുത്തോട് ഞാൻ ചുണ്ടു ചേർത്തപ്പോൾ മെല്ലെയവളെന്റെ കാതിലെ കറുത്ത കമ്മലിൽ അവളുടെ മുല്ലപ്പൂമുട്ടു പല്ലുകളാൽ പതിയെ കാരി
കണ്ടു നിന്ന സന്യാസിക്കൊക്ക് നാണത്താൽ ഒറ്റക്കാലിൽ നിന്നപ്പോൾ തോട്ടിലെ പരൽമീനുകൾ പുളകിതയായി പുള്ളിയാട്ടി നീന്തുന്നുണ്ടായിരുന്നു, ഞാറു നടുന്നുണ്ടായിരുന്ന സ്ത്രീകൾ നമ്രശിരസ്കരായ് ഓലക്കുട കൊണ്ട് മുഖംമറച്ചത് ഞങ്ങൾ കണ്ടില്ലെന്ന് നടിച്ചു, മുഖത്തോട് മുഖം ചേർത്തു പിടിച്ചപ്പോൾ അവളുടെ അരളിപ്പൂ ചുണ്ടിലെ മത്തുപിടിപ്പിക്കുന്ന ഗന്ധം എന്നിൽ ആവേശമുണർത്തി
” കനീ, നിന്റെ ചുണ്ടിന് ഞാവൽപ്പഴത്തിന്റെ ഗന്ധമാണ് “
അത് പറഞ്ഞപ്പോൾ ആ കണ്ണാടിക്കവിളിന് തിളക്കം കൂടി ആ നുണക്കുഴിക്ക് മുൻപത്തേക്കാൾ മാറ്റ് കൂടിയ പോലെ, എന്നിലെ എന്റെ പ്രതിബിംബത്തെ ഞാനവളുടെയാ നുണക്കുഴിക്കവിളിൽ കണ്ടു
“ആരെങ്കിലും കാണും ആദിയേട്ടാ വിട് “
അവളത് പറഞ്ഞപ്പോൾ ആ മുഖത്തൊന്നു നോക്കി പുഞ്ചിരിക്കുക മാത്രമേ ചെയ്തുള്ളൂ, അവളെയും തൂക്കിയെടുത്ത് ഞാനാ മൽഹാരം കുന്നിനു മുകളിലേക്ക് വലിഞ്ഞു കയറുമ്പോളും വിരലുകൾ കൊണ്ടവളെന്റെ നെഞ്ചകത്ത് കവിതകളെഴുതുകയായിരുന്നു
പുത്തുലഞ്ഞ മഞ്ഞമന്ദാരത്തിനു കീഴെ ഞാനവൾക്കൊപ്പം ചെന്നിരിക്കുമ്പോഴും നീലാകാശത്ത് വണ്ണാത്തിപ്പുള്ളുകൾ ഹൃദയാകൃതിയിൽ കൂട്ടം കൂടിപ്പറക്കുന്നുണ്ടായിരുന്നു
പാറമേൽ മലന്നു കിടന്നയെന്റെ നെഞ്ചിലവൾ കാലുകളാൾ മെല്ലെച്ചവിട്ടി എന്റെ നെഞ്ചിനുള്ളിലെ പെരുമ്പറത്താളത്തിനും അവളുടെ കാൽത്തളകളുടെ കളകളനാദത്തിനും ഓരേ സ്വരമായിരുന്നു
” ആദിയേട്ടാ , ഏട്ടനെന്നിൽ ഇഷ്ട്ടപ്പെട്ടതെന്താ?”
കണ്ണിൽ കണ്ണ് കോർത്തവളെന്നെ കൊത്തിവലിച്ചപ്പോൾ എന്റെ ചുണ്ടിൽ മൊഴിഞ്ഞ വാക്കുകൾ ഇടറാതെയിടറി
” നിന്റെ, നിന്റെ കണ്ണാടിക്കവിളിലെ ചുഴി, അതാണെനിക്കേറെയിഷ്ട്ടം, നിനക്കോ?”
ചോദ്യഭാവത്തിലവളെ നോക്കിയപ്പോൾ വീണ്ടുമാ നുണക്കുഴിക്കവിൾ വിരിഞ്ഞപ്പോൾ എന്റെ നെഞ്ചിടിപ്പിന്റെ താളം വീണ്ടും കൂടിക്കൂടി വന്നു
” ഏട്ടന്റെ കാതിലുള്ള കറുത്ത കമ്മലില്ലേ, അതാണെനിക്കിഷ്ട്ടം” എന്നവൾ പറഞ്ഞപ്പോൾ കാതിൽ വിരലുകളാൽ മെല്ലെ തലോടി ഞാൻ.
വാതോരാതെയവൾ ചൊല്ലാറുള്ള കള്ള കഥകളിൽ ലയിച്ചിരിക്കാറുണ്ട് ഞാൻ, അസ്തമയ സൂര്യനെ നോക്കി പതിവായവൾ കണ്ണു നനക്കാറുപ്പോൾ കാരണം തിരക്കാറുള്ളയെനിക്കു നേരെ പതിവു ചോദ്യം ചോദിക്കാറുണ്ടവൾ
” ആദിയേട്ടാ ഞാൻ മരിച്ചാൽ, ഏട്ടൻ വേറെ വിവാഹം കഴിക്കുമോ” എന്ന ചോദ്യം
പണ്ടൊക്കെയത് കേൾക്കുമ്പോൾ അരിശം അരിച്ചു കയറാറുണ്ടെങ്കിലും പോകെപ്പോകെയത് പതിവായി മാറിയപ്പോൾ ഞാനാ പതിവുത്തരത്താൽ തൃപ്തിപ്പെടുത്താറുണ്ടവളെ
” ഞാൻ ജീവനോടെയുള്ളപ്പോൾ നീയെങ്ങനെ മരിക്കും?
കനി നീ , നീയെനിക്ക് മരിക്കുന്നില്ലല്ലോ “
അതും പറഞ്ഞ് നെറ്റിയിലെയാ കൊഴിഞ്ഞ കേശഭാഗത്തെ ഒഴിഞ്ഞ സ്ഥാനത്ത് ഞാനെന്റെ ചുണ്ടമർത്തുമ്പോഴും നിറഞ്ഞ മിഴികളാലവളെന്റെ നെഞ്ച് നനച്ചു കൊണ്ടിന്നുണ്ടായിരുന്നു അവൾ
അവധിക്കാലം കഴിഞ്ഞ് യാത്ര പറഞ്ഞവൾ അവളുടെ അമ്മാവന്റെ വീട്ടിൽ നിന്നിറങ്ങിപ്പോകുമ്പോൾ അത് കണ്ടാലെന്റെ നിയന്ത്രണം വിട്ടു പോകുമെന്നറിയാവുന്നതുകൊണ്ട് തന്നെയാണ് ആ വഴിയ്ക്ക് ഞാൻ പോകാതിരുന്നത്
അന്നവൾ വീടിന്റെ ഉമ്മറത്ത് ഒരു കെട്ട് മയിൽപ്പീലികൾ വച്ചിട്ട് പോയപ്പോൾ പ്രതീക്ഷയുടെ പ്രതീകമായ് ഞാനതിനെ നെഞ്ചോട് ചേർത്ത് സൂക്ഷിച്ചു
എന്നും ഞാനതെടുത്ത് നോക്കുമ്പോ എന്റെ കനിപ്പെണ്ണിന്റെ മുഖമതിൽ തെളിഞ്ഞു കാണാറുണ്ട്, ഇളം തെന്നലിലാ മയിൽപ്പീലിത്താളുകൾ ചലിക്കാറുള്ളപ്പോൾ അവളുടെ കിളിനാദം എന്റെ കാതിനെ രസം കൊള്ളിക്കും പോലെ തോന്നാറുണ്ട്
☆☆☆☆☆☆☆☆☆☆☆
“മോനെ ആദി ഒറ്റയ്ക്ക് പോണ്ടടാ അഞ്ചുനെ കൂടെ കൂട്ടിക്കോ”
” ഞാൻ ഒറ്റയ്ക്കല്ലല്ലോ അമ്മേ എന്റെ കൂടെ കനിയുണ്ടല്ലോ ഞങ്ങൾ ഒരുമിച്ച് പൊക്കോളാം”
അത് പറഞ്ഞപ്പോത്തന്നെ അമ്മയുടെ മുഖം കർമ്മേഘം പോൽ കറുത്തിരുണ്ടിരുന്നു ഒന്നും മിണ്ടാതെ ഉള്ളിലേക്ക് നടന്നു പോയപ്പോ തന്നെ മനസ്സിലായി എന്റെ കനിപ്പെണ്ണിനോടമ്മ എന്തെങ്കിലും പറഞ്ഞ് പിണങ്ങിയിട്ടുണ്ടാകും എന്ന്
ഈ അമ്മയ്ക്കിതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല, സ്വന്തം പെണ്ണിനെ കൊണ്ട് പൂരപ്പറമ്പിലിങ്ങനെ ചുറ്റി നടക്കണ രസം അതൊന്ന് വേറെ തന്നെയാണ്
പടിയിറങ്ങിപ്പോരുമ്പോഴും അവളുടെ കണ്ണാകെ കലങ്ങിത്തുടുത്തിരുന്നു എന്നോടൊന്നും സംസാരിക്കുന്നില്ല, എന്തുപറഞ്ഞിട്ടും ആ ചുണ്ടുകൾക്ക് അനക്കം തട്ടിയിരുന്നില്ല
” പോട്ടെ സാരല്ല കനി, അമ്മ സ്നേഹം കൊണ്ട് പറേണതല്ലേ, വിട്ട് കള” എന്നും പറഞ്ഞു ഞാൻ സമാധാനപ്പെടുത്തിയിട്ടും ആ മുഖം തെളിഞ്ഞില്ല.
പൂരപ്പറമ്പിലെ ബലൂൺകടയിലെ കിലുക്കാൻ പെട്ടിയിലെക്കായിരുന്നു അവളുടെ ശ്രദ്ധ
പണ്ടും കിലുങ്ങുന്ന സാധനങ്ങളോട് വല്ലാത്ത പ്രിയമായിരുന്നവൾക്ക്, ഇന്നവൾക്ക് തന്റെ ആഭരണങ്ങളോട് പോലും അറപ്പെന്താണ് തോന്നിയത് എന്ന് എത്ര ആലോചിച്ചിട്ടും ഒരു എത്തും പിടിയും കിട്ടുന്നില്ല
ആ കിലുക്കാൻ പെട്ടി ഞാനാ കടയിൽ നിന്നും വാങ്ങിയവൾക്കു നേരെ നീട്ടി അവളത് വാങ്ങിയില്ല, അപ്പോഴും കടക്കാരൻ പന്തം കണ്ട പെരുച്ചാഴിയെ പോലെ ഞങ്ങളെത്തന്നെ നോക്കി നിൽക്കുന്നതു കണ്ടപ്പോൾ ഞാൻ ചോദിക്കണമെന്ന് വിചാരിച്ചതാണ്. പെണ്ണിനേം കൊണ്ട് പൂരപ്പറമ്പില് വരണവരെ ആദ്യായിട്ടാണോ കാണുന്നത് എന്ന്
അരുത് എന്നർത്ഥത്തിൽ നോട്ടം കൊണ്ടെന്നെ തടഞ്ഞതും അവൾ തന്നെയായിരുന്നു,
അവളുടെ മനസ്സൊന്നു തണുപ്പിക്കാനാണ് ഞങ്ങളാ ത്രിസന്ധ്യയിൽ മൽഹാരം കുന്നിലേക്ക് പോകാമെന്ന് തീരുമാനിച്ചത്,
അന്ന് വറ്റിവരണ്ട പാടത്തു നിന്നും സന്യാസിക്കൊക്കെങ്ങോ പോയ് മറഞ്ഞിരുന്നു, പരൽ മീനുകൾക്ക് നീന്തിത്തുടിക്കാൻ ഒരൽപ്പം വെള്ളം പോലും ഉണ്ടായിരുന്നില്ല, കൊയ്ത്തു കഴിഞ്ഞു പോകുന്നുണ്ടായിരുന്ന വല്ല്യമ്മ എന്നെയും നോക്കി കാരണമില്ലാതെ കണ്ണീരൊപ്പുന്നതു കണ്ടപ്പോൾ കാരണമെന്തെന്നറിയാതെ കുഴങ്ങി ഞാൻ
മൽഹാരം കുന്നിന്റെ മനോഹാരിത അപ്പാടെ നശിച്ചുപോയിരുന്നു പൂത്തുലഞ്ഞു നിന്ന മഞ്ഞമന്ദാരത്തിന്റെ മരത്തിലെ ഉണക്കച്ചില്ലകൾ അടർന്നു വീഴാൻ നിൽക്കുന്നു
തെളിഞ്ഞ നീലാകാശത്തേക്ക് എന്റെ കണ്ണൊന്ന് പാളി, പണ്ട് ഹൃദയാകൃതിയിൽ വട്ടമിട്ട് പറക്കാറുള്ളയാ വണ്ണാത്തിപ്പുള്ളുകളെ മഷിയിട്ട് നോക്കിയിട്ടും കാണാൻ സാധിച്ചില്ലെനിക്ക്
അന്നത്തെ സൂര്യാസ്തമയത്തിന് ഭംഗി തീരെക്കുറവായിരുന്നു, പക്ഷെ ആ അസ്തമയ സൂര്യനെ നോക്കി ആദ്യമായവളൊന്നു പുഞ്ചിരിച്ചപ്പോളാണെനിക്കിത്തിരി സമാധാനം കിട്ടിയതും
പക്ഷെ എന്റെ ചോദ്യങ്ങൾക്കൊന്നും അവളുടെ കയ്യിൽ മറുപടിയുണ്ടായിരുന്നില്ല സഹിക്കാവുന്നതിന്റെ അങ്ങേയറ്റമായപ്പോൾ ഞാനവളോടായ് പറഞ്ഞു,
” കനി, നിന്റെ മൗനമിന്നെന്റെ ഹൃദയത്തെ കീറി മുറിക്കുകയാണ്, ഇനിയെങ്കിലും എന്നോടൊന്ന് മിണ്ടിക്കൂടെ?”
അവളാ ചോദ്യം കേട്ടില്ലെന്നു തന്നെയാണ് നടിച്ചത്, മനസ്സാകെ മൗനമൂകമായിയിരുന്നു സന്ധ്യമയങ്ങും മുൻപേ ഞങ്ങൾ രണ്ടാളും വീട്ടിലെത്തി, ഊണു വിളമ്പാൻ നേരത്തും അമ്മയുടെ മുഖം നീലച്ച് തന്നെ നിന്നു
തീൻ മേശയിൽ ഒരു പാത്രത്തിൽ മാത്രം ചോറ് വിളമ്പി വെച്ചത് കണ്ടപ്പോൾ അമ്മയെ ഞാൻ കനപ്പിച്ചൊന്ന് നോക്കി
” എന്റെ പെണ്ണെന്താ രണ്ടാംകുടിയാണോ ഈ വീട്ടിൽ, അവൾക്കും വിളമ്പ് ചോറ് “
ഞാനതു പറയുമ്പോൾ അമ്മ കരയുകയായിരുന്നു കണ്ണീരിന്റെ ഉപ്പ് കലർന്നയാ അന്നം ആ ഒഴിഞ്ഞ പത്രത്തിൽ പകർത്തിവെച്ചിച്ച് സാരിത്തുമ്പിനാൽ മുഖം പൊത്തിക്കൊണ്ടമ്മയവിടെ നിന്നും അടുക്കളയിലേക്ക് മറഞ്ഞു
കാരണമില്ലാത്ത എന്തോ സങ്കടം അച്ഛന്റെ മുഖത്തു കണ്ടിട്ടും അത് കാണാത്ത മട്ടിൽ ഞാനിരുന്നു, ഒരു നൂറ് തവണ നിർബന്ധിച്ചിട്ടും അതിൽ നിന്ന് ഒരു വറ്റ് പോലുമവൾ വാരിത്തിന്നില്ല
ഊണു മതിയാക്കി ഞാൻ മുറിയിലേക്ക് പോയപ്പോൾ ഹാളിൽ നിന്നും ഒരേങ്ങലൊച്ചയോടെ അമ്മയച്ഛനോട് പറയുന്നുണ്ടായിരുന്നു
” ഏട്ടാ എനിക്ക് സഹിക്കാൻ പറ്റണില്ല, ആദിയെ നമുക്കൊരു സൈക്കാട്രിസ്റ്റിനെ കാണിക്കണം , ആ കനി മരിച്ചിട്ട് വർഷo ഒന്ന് തികയാൻ പോവാ, എന്റെ മോന് അവള് എന്ത് കൈവിഷം കൊടുത്താവോ ഭഗവതീ “
എല്ലാം ശരിയാകുമെന്ന് പറഞ്ഞ് അച്ഛനമ്മയെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നപ്പോൾ
എന്റെ തൊട്ടടുത്തിരുന്ന അവളെ നോക്കി ഞാനൊന്ന് പുഞ്ചിരിച്ചു
” അമ്മ പറയണത് കേട്ടോ കനി ? നീ മരിച്ചു എന്ന് , അമ്മ കള്ളം പറയണതാ, പണ്ട് അച്ഛനും പറയാറുണ്ട് അമ്മ വായെടുത്താൽ നുണയേ പറയൂ എന്ന്, ഇപ്പോളതെനിക്ക് ബോധ്യമായി “
അതു പറഞ്ഞപ്പോളവളുടെ കണ്ണാടിക്കവിളിൽ നീണ്ടയാ ഒരു വർഷത്തിനു ശേഷം വീണ്ടുമാ പുഞ്ചിരിച്ചുഴി പഴയതിനേക്കാൾ നിറശോഭയിൽ വിരിഞ്ഞു വരുന്നുണ്ടായിരുന്നു, എന്നെ ആവേശഭരിതമാക്കാറുള്ളയാ പഴയ വശ്യമായ പുഞ്ചിരി അവളുടെ അരളിപ്പൂ ചുണ്ടിൽ വിരിഞ്ഞപ്പോൾ ആ ഇരുണ്ട മുറിക്കുള്ളിലേക്ക് ഇളം കാറ്റിലൊഴുകി ഞാവൽപ്പഴത്തിന്റെ ഗന്ധം ഒഴുകിവന്നെന്റെ നാസികാരന്ധ്രത്തെ പണ്ടത്തേക്കാൾ മഞ്ഞുപിടിപ്പിച്ചു കൊണ്ടിരുന്നു
അവൾ തന്ന മയിൽപ്പീലിത്തുണ്ടെന്റെ നെഞ്ചോട് ഞാനമർത്തിപ്പിടിച്ചു, ഒരു തുള്ളി കണ്ണുനീരാ മയിൽപ്പീലിയിലേക്ക് പതിച്ചപ്പോൾ എന്റെ ചുണ്ടുകൾ ഞാനറിയാതെത്തന്നെ മൊഴിയുന്നുണ്ടായിരുന്നു
” ഞാൻ ജീവിച്ചിരിക്കുമ്പോൾ നീയെങ്ങനെ മരിക്കും
കനി നീ, നീയെനിക്ക് മരിക്കുന്നില്ലല്ലോ ” എന്ന്
ഞാനതു പറയുമ്പോഴും നിറഞ്ഞ കണ്ണിലെ കൈപ്പുനീര് എന്റെ വറ്റിയ ചുണ്ടിലെ കനപ്പിലൂടെ ഊറിയൊഴുകിയിറങ്ങുന്നുണ്ടായിരുന്നു