എഴുത്ത്: മഞ്ജു ജയകൃഷ്ണന്‍
==================
“അമ്മേ എനിക്ക് ഇരുട്ട് പേടിയാ.. വേഗം വാ “
എന്ന് പറയാൻ അവൾ ഭയപ്പെട്ടു….കാരണം അമ്മയുടെ കൂടെ അന്നയാൾ ഉണ്ടായിരുന്നു
അയാൾ……..
അയാൾ വരുമ്പോൾ മാത്രം വീട്ടിൽ മീൻ മേടിക്കും.. അമ്മ രാത്രിയിൽ കുളിക്കും… തെങ്ങു ചെത്തണ കണാരൻ ചേട്ടന്റെ കയ്യിൽ നിന്നും ഒരു കുപ്പി കള്ള് മേടിക്കും.
അയാൾ ……………..ആരാ?
എന്ന് ചോദിക്കാൻ അവൾ പലപ്പോഴും ആഗ്രഹിച്ചിരുന്നു..
ഉമ്മറക്കോലായിൽ അച്ഛൻ തൂങ്ങിയാടുമ്പോൾ അവളുടെ മനസ്സിൽ അമ്മയോട് പറഞ്ഞ വാചകങ്ങൾ ആയിരുന്നു
“കൊച്ചിനെ ഓർത്തിട്ടാ.. അല്ലെങ്കിൽ ഒറ്റ വെട്ടിന് നിന്നെ തീർത്തേനെ “
“അച്ഛനെ കൊ- ന്നയാൾ ഇവിടെ വരേണ്ട..” എന്ന് പറഞ്ഞ ദിവസം അവളുടെ അമ്മ പറഞ്ഞു
“കൊന്നു കളയും … എന്നിട്ട് കെട്ടിത്തൂക്കും “
അവൾ പഴന്തുണി വായിൽ തിരുകി അച്ഛാ എന്ന് വിളിച്ചു അലറിക്കരഞ്ഞു..
“എന്റെ കൊച്ചേ ” എന്നുള്ള അച്ഛന്റെ വിളി അപ്പോഴും അവളുടെ കാതിൽ ഉണ്ടായിരുന്നു
അയാളുടെ നോട്ടം എപ്പോഴും അവളുടെ നെഞ്ചിലായിരുന്നു
അവളുടെ കരിമ്പൻ പിടിച്ച യൂണിഫോമിനു മുകളിലൂടെ അയാൾ അവളുടെ നെഞ്ചിൽ പരതുമ്പോൾ അവൾ ആദ്യമായി ഭയന്നു..
കാൽമുട്ടിനു മുകളിൽ വന്ന അയാളുടെ കൈ അറപ്പോടെ അവൾ തട്ടിയകറ്റി..
അവൾക്ക് നേരെ നീങ്ങിയ അയാളോടായി അവളുടെ അമ്മ പറഞ്ഞു
“കിളുന്തല്ലേ.. ഒന്ന് മൂക്കട്ടെ “….
അവളുടെ പിന്നാലെ വന്ന ഒറ്റക്കാതു കുത്തിയവനോട് ആദ്യം അവൾക്ക് വെറുപ്പായിരുന്നു…
“ഭ്രാന്തനാട്ടോ സൂക്ഷിക്കണെ…” എന്നാരോ പറഞ്ഞപ്പോൾ പേടിയായി…
ഇടവഴിയിൽ കയറ്റിപ്പിടിക്കാനൊരുങ്ങിയവനെ ചവിട്ടി വീഴ്ത്തിയപ്പോൾ അവള് മനസ്സിൽ പറഞ്ഞു
“ആരായാൽ എന്താ…. സ്നേഹമുള്ളവൻ ആണ് “
അവനോട് അവൾ പറഞ്ഞു..
” അയാൾ വരും. കൂട്ടിക്കൊടുക്കാൻ വീട്ടിൽ ആളുണ്ട് “
അവന്റെ കണ്ണിൽ തീപാറി.നീയല്ല അവരാണ് ഒടുങ്ങേണ്ടത്.
മാസമുറ ആയതിൽ പിന്നെ അവൾ ഒന്ന് കൊഴുത്തു…
അന്നൊരു മഴയുള്ള രാത്രിയിൽ അയാൾ വന്നു..
ആർത്തി പൂണ്ടു വന്നയാൾക്കെതിരെ അവൾ അലറിവിളിച്ചിട്ടും അവളുടെ അമ്മ ഉറക്കം നടിച്ചു
പക്ഷെ അവളുടെ ഒറ്റക്കാതൻ മാത്രം ഉറങ്ങാതെ ഇരുന്നു
അയാൾ ചത്തു മലച്ചു…. കൂടെ അവളുടെ അമ്മയും
അവൾക്കു നേരെ ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു
“എന്റെ ഭ്രാന്തിന് ഇപ്പോഴാണ് അർത്ഥമുണ്ടായത് “
സ്വന്തം അമ്മയെഅവളുടെ സുരക്ഷ ഏല്പിച്ചു അവൻ പണ്ടെങ്ങോ വന്ന ഭ്രാന്തിനെ കൂട്ടു പിടിച്ചു…
ഒറ്റക്കാതിലെ കടുക്കനെ അവളും നെഞ്ചോടു ചേർത്തു….