അമ്മയ്ക്ക് ഏട്ടനോട് ചോദിക്കായിരുന്നില്ലേ, ഈ നല്ല പ്രായത്തിൽ വീട്ടിലിരുന്നിട്ട് എന്തെടുക്കാനാണ്…

പെയ്ത് തോർന്ന രാത്രി മഴകൾ

രചന: ശാലിനി മുരളി

——————-

അടുപ്പിൽ തിളച്ചു കൊണ്ടിരുന്ന വലിയ മീൻകഷ്ണങ്ങൾ ഒന്നിളക്കി കൊണ്ടാണ് ശോഭ അമ്മയോട് അത്‌ ചോദിച്ചത്…ശരിയാണോ അമ്മേ ഞാനീ കേട്ടത്…ഏട്ടനിനി തിരിച്ചു പോകുന്നില്ലേ…?

മകളോട് ചേർന്ന് നിന്ന് ചുറ്റിനും ഒന്ന് നോക്കി അമ്മ ശബ്ദം താഴ്ത്തി. നീ കേട്ടത് സത്യം തന്നെയാണ്…അവനിനി കുട്ടികളൊക്കെ ആയിട്ടേ തിരിച്ചു പോകുന്നുള്ളൂന്നാ പറഞ്ഞത്. എല്ലാം അവളുടെ തീരുമാനമായിരിക്കുമല്ലോ.

ഗൾഫിൽ നിന്ന് വന്ന സഹോദരനെ കാണാൻ വേണ്ടി രണ്ട് മക്കളെയും കയ്യിൽ പിടിച്ച് കിട്ടിയ വണ്ടിക്ക് ഓടി വന്ന ശോഭയ്ക്ക് ആ വാർത്ത വലിയൊരു ഷോക്കായിരുന്നു. ഇനിയെന്ത് ചെയ്യും എന്തെല്ലാം സ്വപ്നങ്ങളായിരുന്നു.

എല്ലാം അവളൊറ്റ ഒരുത്തിയാണ് നശിപ്പിച്ചത്. ഇനിയും പൂർത്തിയാകാതെ കിടക്കുന്ന വീടിന്റെ പണി ഏട്ടന്റെ ഗൾഫ് പണം കിട്ടിയിട്ട് തുടങ്ങാൻ കാത്തിരുന്നതായിരുന്നു. വല്ലപ്പോഴും പണിക്ക് പോകുന്ന സതീഷ് ചേട്ടനെക്കൊണ്ട് ഒരു കാര്യവും നടക്കില്ല.

ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന മക്കളുടെ ഫീസ് പോലും ഏട്ടനെകൊണ്ടായിരുന്നു അടപ്പിച്ചിരുന്നത്. ഓരോന്ന് ഓർക്കുംതോറും സങ്കടവും ദേഷ്യവും അവൾക്ക് അടക്കാനായില്ല…

അമ്മയ്ക്ക് ഏട്ടനോട് ചോദിക്കായിരുന്നില്ലേ, ഈ നല്ല പ്രായത്തിൽ വീട്ടിലിരുന്നിട്ട് എന്തെടുക്കാനാണ്…?

അമ്മ എന്തോ മറുപടി പറയാൻ തുനിഞ്ഞതാണ്. പിന്നിലൊരു നിഴലനക്കം കണ്ട് പെട്ടന്ന് നിശബ്ദയായി. സുമിത്ര അടുക്കളയിലേക്ക് വന്നതായിരുന്നു.

ദാസേട്ടന് വലിയ ഇഷ്ടമാണ് വാഴക്കൂമ്പ് കൊണ്ട് ഉണ്ടാക്കുന്ന തോരൻ. അവൾ അതിന്റെ പോളകൾ ഓരോന്നായി അടർത്തിയെടുക്കുമ്പോൾ അമ്മയും ശോഭയും പരസ്പരം നോക്കി മുഖം ചുളിച്ചു…

ഇപ്പൊ എന്തിനാ ഏടത്തീ ഈ മീൻകറി ഉള്ളപ്പോൾ അത്‌ എടുക്കുന്നത്. ദിവസോം മൂന്നാല് കൂട്ടം കൂട്ടാനും കൂട്ടി ചോറുണ്ണാനുള്ള നിവൃത്തിയൊക്കെ ഉണ്ടോ ഇവിടിപ്പോൾ…? ശോഭയ്ക്ക് പറയാതിരിക്കാൻ ആയില്ല.

സുമിത്ര അതുകേട്ട് അതിശയത്തോടെയാണ് നാത്തൂനെ ഒന്ന് നോക്കിയത്. ഓരോ തവണ ദാസേട്ടൻ വരുമ്പോഴും എത്ര കറികൾ ഉണ്ടാക്കിയാലും തൃപ്തി വരാതെ ശോഭ ചോദിക്കും, വേറെന്തെങ്കിലും കൂടെ ഉണ്ടാക്കായിരുന്നല്ലോ ഏട്ടത്തി. ഏട്ടൻ എത്ര നാള്‌ കൂടി നാട്ടിൽ വരുന്നതാണെന്ന്…

ഇന്നത്തെ മനം മാറ്റത്തിന്റെ പൊരുൾ അമ്മയുടെ മുഖത്തെ അനിഷ്ടത്തിൽ നിന്നവൾ കണ്ട് പിടിച്ചു. ഇത്രയൊക്കെയേ ഉള്ളൂ രക്ത ബന്ധങ്ങളും സ്നേഹവും അടുപ്പവുമൊക്കെ…എത്ര നാളുകൾ അന്യ നാട്ടിൽ നിന്ന് കഷ്ടപെട്ടാലും ജോലി അവസാനിപ്പിച്ചു തിരിച്ചു വന്നു കഴിഞ്ഞാൽ പിന്നെ കറിവേപ്പിലയുടെ സ്ഥാനം പോലും ഇല്ല.

ഒരു നെടുവീർപ്പോടെ അവൾ മറുപടി ഒന്നും പറയാതെ ജോലിയിൽ മുഴുകി. അതേ ഏട്ടത്തി ഞാനൊന്ന് ചോദിക്കട്ടെ…കുഞ്ഞുങ്ങൾ ഉണ്ടാകാൻ അത്രയ്ക്ക് താമസിച്ചിട്ടൊന്നുമില്ലല്ലോ. ഇനി പോയിട്ട് വന്നാലും ശ്രമിക്കാമല്ലോ.

എങ്കിലും ഇതിത്തിരി കടന്ന കൈ ആയിപ്പോയി കേട്ടോ…ഗൾഫിൽ ഒരു ജോലി കിട്ടാൻ കാത്തിരിക്കുകയാണ് ആളുകൾ. അപ്പോഴാണ് ഇവിടൊരാൾ ഉള്ള ജോലിയും കളഞ്ഞ് വീട്ടിൽ കുത്തിയിരിക്കുന്നത്.

അരിഞ്ഞു കൊണ്ടിരുന്ന വാക്കത്തി പെട്ടന്ന് തെറ്റി, മാംസത്തിലേക്ക് ലേശം കയറി ചോര പൊടിയാൻ തുടങ്ങി. എങ്കിലും അതിലും നൊന്ത് പോയത് ശോഭയുടെ വാക്കുകൾ ഏൽപ്പിച്ച പ്രഹരമേറ്റാണ്.

ഏട്ടന്റെ പൊന്നനിയത്തി….തന്നെക്കാൾ ഏട്ടനോട് സ്വാതന്ത്ര്യം എപ്പോഴും അവൾക്ക് തന്നെയായിരുന്നു. ഇന്ന് ഏട്ടന് വരുമാനം കുറയുമ്പോൾ അവളുടെ ഉള്ളിലെ സ്വാർത്ഥത പുറത്ത് ചാടിയിരിക്കുന്നു. ഓരോ വരവിനും തന്നെ പോലും കാണിക്കാതെയാണ് അവൾക്കും കുട്ടികൾക്കും അളിയനുമുള്ള സമ്മാനങ്ങളുമായി ഭർത്താവ് പെങ്ങളുടെ വീട്ടിലേക്കു പോയിരുന്നത്.

താനാകട്ടെ അതിലൊന്നും കൈ കടത്താനും പോയിരുന്നില്ല…തനിക്കും ഉണ്ടല്ലോ ഇതുപോലെ ഒരു സഹോദരൻ…പക്ഷേ ഓരോ അവധികൾ കഴിഞ്ഞു പോകുമ്പോഴും പ്രതീക്ഷകളുടെ ചിറകരിഞ്ഞു വീഴ്‌ത്തിയ ചുവന്ന പൂക്കൾ തന്നെ മൂടി കഴിഞ്ഞിരിക്കും. അത് മാത്രമായിരുന്നു തന്നെ വേദനിപ്പിച്ചു കൊണ്ടിരുന്ന ഒരേയൊരു കാര്യം.

വിവാഹം കഴിഞ്ഞിട്ട് അഞ്ചു വർഷവും രണ്ട് മാസവും കഴിഞ്ഞിരിക്കുന്നു…പലരുടെയും ചോദ്യങ്ങളും പറച്ചിലുകളും ഒരുപാട് കഴിഞ്ഞു. ഉത്തരങ്ങൾ പറയാനുള്ള താൽപര്യവും കുറഞ്ഞു തുടങ്ങി. ജീവിതം നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുമ്പോഴും ദാസേട്ടനോട് ആവശ്യപ്പെട്ടില്ല കുറച്ചു നാളെങ്കിലും തനിക്കൊപ്പം നിൽക്കാൻ.

നിന്റെ സുഖത്തിനു വേണ്ടി എന്റെ കുഞ്ഞിന്റെ ജോലി കളയണോ എന്ന് ഒരിക്കൽ വിഷമിച്ചിരുന്ന തന്നോട് അമ്മ ചോദിച്ചതാണ്. എന്റെ ശോഭയ്ക്ക് അവൻ മാത്രമേയുള്ളൂ ഒരു സഹായം. നീയായിട്ട് അതില്ലാതാക്കരുത്. അന്നുമുതൽ എല്ലാ വിഷമങ്ങളും പരാതികളും ഉള്ളിലടക്കി.

ദാസേട്ടൻ വിളിക്കുമ്പോഴൊക്കെ ചോദിച്ചിട്ടുണ്ട്, നിനക്കെന്താ ഒരു സ്നേഹമില്ലാത്തതു പോലെയെന്ന്…എന്ത് പറയാനാണ് മറുപടി. ആകെ രണ്ട് മാസത്തെ അവധിക്ക് ഓടിപിടിച്ചു വരുന്ന ആളിനോടൊപ്പം ചെക്കപ്പ് എന്ന് പറഞ്ഞു പോകുമ്പോഴേ അമ്മ മുറുമുറുക്കാൻ തുടങ്ങും.

കുഴപ്പം അവൾക്ക് തന്നാ…അവൾടെ പുറകെ നടന്ന് എന്റെ കുഞ്ഞിന്റെ ദിവസം മുഴുവനും തീരുമല്ലോ ഭഗവതിയെ…അതുകേട്ട് ഒന്നും മിണ്ടണ്ടാ എന്ന് ദാസേട്ടൻ കണ്ണടച്ച് കാട്ടും, അത്രതന്നെ…രണ്ട് കയ്യും കൂട്ടിയടിക്കുമ്പോഴാണല്ലോ ശബ്ദം ഉണ്ടാകുന്നത്.

ഹോസ്പിറ്റലിൽ ചെക്കപ്പ് കഴിഞ്ഞു തിരിച്ചു വരുമ്പോൾ ആകാംക്ഷയോടെ ഉമ്മറത്തെ തൂണിൽ പിടിച്ചു കാത്തു നിൽപ്പുണ്ടാവും അമ്മ. ഡോക്ടർ എന്താണ് പറഞ്ഞതെന്ന് അറിയണം. ആർക്കാ മോനേ കുഴപ്പം…? അവൾക്കായിരിക്കും ല്ലേ…

നിനക്ക് ഏതായാലും ആ പാരമ്പര്യം ഒന്നും ഇല്ല. നമ്മുടെ കുടുംബത്തിൽ ആണിന് ആണും പെണ്ണിന് പെണ്ണും വേണ്ടുവോളം ഈശ്വരൻ കൊടുത്തിട്ടുണ്ട്. ഇനിയിവൾ വല്ല മരുന്നും കഴിച്ച് ഇവിടെങ്ങാനും നിൽക്കട്ടെ…ആ ഒരു സഹതാപം കാട്ടിയത് വീട്ടിലൊരു ജോലിക്കാരിയെ കിട്ടാനുള്ള പ്രയാസം ഓർത്താവണം.

ഇത്തവണ ദാസേട്ടൻ വന്നപ്പോഴും തന്നോട് ഒന്നും പറഞ്ഞിരുന്നില്ല. ഇനി ഉടനെ തിരിച്ചു പോകുന്നില്ലെന്നോ ഒന്നും…പക്ഷേ മറ്റുള്ളവർ എന്തൊക്കെയോ എങ്ങനൊക്കെയോ അറിഞ്ഞു വെച്ചിരിക്കുന്നു. അതിന്റെ പ്രകടനങ്ങൾ ആണ് ചുറ്റിനും നടക്കുന്നതും…

ഉച്ചയൂണ് കഴിഞ്ഞ് വിശ്രമിക്കുന്ന ദാസേട്ടന്റെ അരികിലിരിക്കുമ്പോൾ ചോദ്യങ്ങൾ അടുക്കി പെറുക്കി വെച്ചു. പലപ്പോഴും ആ മുഖത്തേക്ക് നോക്കി മനസ്സിൽ ഉള്ളതൊന്നും ഇതുവരെയും തുറന്നു പറയാൻ തനിക്ക് കഴിഞ്ഞിട്ടില്ലല്ലോ എന്നവൾ തമാശയോടെയാണ് ഓർത്തത്.

തന്റെ സാമീപ്യം അറിഞ്ഞിട്ടാവണം ആളൊന്നു കണ്ണുതുറന്നു. ഞാനൊരു കാര്യം ചോദിച്ചോട്ടെ…മുഖവുരയോടെയാണ് തുടങ്ങിയത്.

ഏട്ടൻ ഇനി തിരിച്ചു പോണില്ലേ…ശോഭ ഇന്നെന്നോട് ചോദിച്ചു. മിണ്ടാതെ കിടന്ന ആളിനെ ചെറുതായൊന്നു കുലുക്കി…അല്ലെങ്കിലും പണ്ടേ അങ്ങനെ ആണ്…മറുപടി പറയാൻ ഇഷ്ടമില്ലാത്ത ചോദ്യങ്ങൾക്ക് കണ്ണടച്ച് ഉറക്കം നടിച്ചുള്ള ഒരു കിടപ്പുണ്ട്…വല്ലാത്ത ദേഷ്യം വന്നു പോകും.

പുന്നാര പെങ്ങൾക്കാണ് ഏട്ടൻ പോകുന്നില്ല എന്നറിഞ്ഞു പ്രയാസം. ഇവിടെ നിന്നിട്ട് എന്തെടുക്കാനാണത്രെ…?കൊള്ളേണ്ടിടത്തു കൊണ്ടത് കൊണ്ടാവും കണ്ണ് തുറന്നത്. പോകണോ നിക്കണോ എന്നുള്ളത് എന്റെ തീരുമാനമാണ്. അവളെന്തിനാ അതിന് വിഷമിക്കുന്നത്.

അവൾക്ക് കിട്ടിക്കൊണ്ടിരുന്ന വരുമാനം ഇല്ലാണ്ടായത്രേ…ഞാനാണത്രെ അതിന് കാരണക്കാരി…ഞാൻ ദാസേട്ടനോട് എന്ത് പറഞ്ഞിട്ടാണ് ഇതൊക്കെ കേൾക്കേണ്ടി വരുന്നത്. കരച്ചിൽ വന്നു കണ്ണുകളെ നനച്ചു.

ആൾ തനിക്കഭിമുഖമായി ചരിഞ്ഞു കിടന്നു. കയ്യിൽ പിടിച്ച് അരികിലേക്ക് വലിച്ചടുപ്പിച്ചു. ആരോടും ഒന്നും പറയാൻ നിക്കണ്ട. അവർക്കുള്ള മറുപടി ഞാൻ ഉടനെ തന്നെ കൊടുക്കുന്നുണ്ട്. പോരേ…?

കണ്ണുകളിലെ കള്ള നോട്ടം കണ്ട് മെല്ലെ മുഖം കുനിച്ചു. എല്ലാർക്കും എന്റെ പണം മാത്രം മതി. എനിക്കുമില്ലേ കുറച്ചു സ്വപ്നങ്ങളൊക്കെ. അവളെ ഒരാളിന്റെ കയ്യിൽ പിടിച്ചേൽപ്പിക്കുമ്പോൾ എനിക്ക് പ്രായം മുപ്പത്തി രണ്ട്. അത്‌ കഴിഞ്ഞും മൂന്നു വർഷം കഴിഞ്ഞാണ് ഞാൻ ഒരു പെണ്ണ് കെട്ടുന്നത്.

ഇത്ര വർഷം ആയിട്ടും എന്റെ ജീവിതം അല്ല അവൾക്കും അമ്മയ്ക്കും പ്രധാനം. ഞാൻ ഇനിയും നമുക്ക് വേണ്ടി ജീവിച്ചില്ലെങ്കിൽ പിന്നെ കുറെ സ്വത്തും പണവും സമ്പാദിച്ചിട്ടെന്തിനാ…?

അവൾ അയാൾ പറയുന്നത് കേട്ട് ശ്വാസമടക്കി കിടന്നു. അതേ…സത്യമാണ് ദാസേട്ടൻ പറയുന്നത്. ഓരോ തവണ ചെക്കപ്പിന് പോകുമ്പോഴും കുറച്ചു നാളെങ്കിലും ഒന്നിച്ചു കഴിയാനായിരുന്നു ഡോക്ടർ തങ്ങളെ ഉപദേശിച്ചത്.

പക്ഷേ കൂടെ വിദേശത്തേക്ക് കൊണ്ട് പോകാനുള്ള പ്രയാസം താൻ മനസ്സിലാക്കിയിരുന്നു. അതുകൊണ്ട് പരിഭവിക്കാനും കഴിഞ്ഞില്ല. വരുമ്പോളാകട്ടെ ലീവ് നീട്ടി കിട്ടാൻ ഉദ്ദേശിക്കുമ്പോഴൊക്കെയും അമ്മയുടെ മുഖം കറുത്ത് തുടങ്ങും.

കുത്തും കോളും വെച്ച് ഓരോന്നും പറയുന്നത് അടുക്കളയിൽ പണിയെടുക്കുന്ന തന്നോട് മാത്രമാണല്ലോ. രാവിലെ എഴുന്നേൽക്കാൻ താമസിച്ചാലുള്ള സംസാരം സഹിക്കാൻ വയ്യാതെ ഒരിക്കൽ മറുത്തു പറയേണ്ടി വന്നു.

ഇനി നാളെ മുതൽ ഞാൻ അടുക്കളയിൽ കിടന്നോളാം…എന്ന് പറഞ്ഞു പോയതിന്റെ ശിക്ഷ അന്ന് ഏട്ടനിൽ നിന്ന് കിട്ടിയ മറക്കാനാവാത്ത പ്രഹരങ്ങളായിട്ടായിരുന്നു. അമ്മ കരഞ്ഞു വിളിച്ചു കൊണ്ടാണ് പുറത്തേക്ക് ചെന്നത്. കാരണം ചോദിച്ച ഏട്ടനോട് ഇരട്ടിയായി പറഞ്ഞു കൊടുത്ത് തനിക്ക് ശിക്ഷ വാങ്ങി തരികയായിരുന്നു.

അന്ന് ആദ്യമായി തന്റെ ശരീരത്ത് ആ വിരലുകൾ പതിഞ്ഞു. അമ്മയോട് തർക്കുത്തരം പറയാൻ നീ ആയോ എന്ന് ചോദിച്ചായിരുന്നു അടിച്ചത് മുഴുവൻ. തന്റെ മറുപടി കേട്ടിട്ടും ആ കലിയടങ്ങിയില്ല…ഒരാഴ്ചയോളം രണ്ടുപേരും രണ്ട് ദിക്കിലേക്ക് നോക്കി കിടന്നു നേരം വെളുപ്പിച്ചു.

തന്റെ കരഞ്ഞു വീർത്ത മുഖത്തേക്ക് നോക്കി ഒന്ന് ആശ്വസിപ്പിക്കാൻ പോലും ഏട്ടന് തോന്നിയില്ല എന്നതായിരുന്നു ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത്. ലീവ് തീർന്ന് പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങിയപ്പോഴും പിണക്കം കനത്ത ഒരു മതിലായി ഇടയിൽ നിന്നു. യാത്ര അയക്കാൻ വന്ന ശോഭയുടെ മുന്നിൽ അമ്മ വളരെ സന്തോഷവതിയായിരുന്നു.

അവനെ, എന്റെ മോനാ….കണ്ടവളുമാര് പറയുന്നതൊന്നും കേൾക്കാൻ കൂട്ടാക്കുന്നവനല്ല അവൻ. പക്ഷേ അന്ന് രാത്രി ഇരുട്ടിൽ നീണ്ടു വന്ന കൈകളിൽ കണ്ണുനീർ പുരണ്ടപ്പോൾ നെഞ്ചോട് ചേർത്ത് സാന്ത്വനിപ്പിച്ചു.

പോട്ടെ, അമ്മയല്ലേ ക്ഷമിച്ചു കള…നിന്നോടല്ലാതെ എന്റെ ദേഷ്യം ഞാൻ ആരോടാണ് ഒന്ന് തീർക്കുന്നത്. ആ ഒരു തിരിച്ചറിവ് എന്നും അദ്ദേഹത്തോടൊപ്പം ഉള്ളതാണ് തനിക്ക് ഈ ജീവിതത്തിൽ കിട്ടാവുന്ന ഏറ്റവും വലിയ ഭാഗ്യം എന്നവൾ ഓർത്തു.

ഇനിയും ആരോടും ഒന്നും ബോധിപ്പിക്കാൻ നിൽക്കണ്ട…നാളെ നമ്മൾ ഒരു യാത്ര പോകുന്നു…കുറെ ദിവസത്തേക്ക് നമ്മൾ മാത്രമായൊരു ലോകത്തേക്ക്…എന്താ സന്തോഷമായോ…?

ഒരു മറുപടി പറയാൻ പോലും പറ്റാത്തത്ര ഉയരത്തിൽ ആയിരുന്നു അവളപ്പോൾ…അത്രയും വലിയൊരു സന്തോഷ കൊടുമുടിയുടെ ഉയരങ്ങളിൽ…

Leave a Reply

Your email address will not be published. Required fields are marked *