അപ്പോൾ കാണുന്നത് അഭിനന്ദ് നിത്യയോടൊപ്പം സംസാരിച്ചു ഒരു ബെഞ്ചിൽ ഇരിക്കുന്നതായിരുന്നു.

by pranayamazha.com
24 views

രചന : അപ്പു

——————-

മുന്നിലിരിക്കുന്ന കല്യാണ കത്തിലേക്ക് നോക്കുമ്പോൾ ശോഭന ടീച്ചർക്ക് ഒരേ സമയം സന്തോഷവും അഭിമാനവും ഒക്കെ തോന്നി..

അഭിനന്ദ് വെഡ്സ് നിത്യ

അതായിരുന്നു ആ കത്തിൽ ഉണ്ടായിരുന്ന വാചകം..

പക്ഷേ ആ അധ്യാപികയെ വർഷങ്ങൾ മുൻപുള്ള ചില ഓർമ്മകളിലേക്ക് കൊണ്ടു ചെന്നെത്തിക്കാൻ ആ വാക്കുകൾ തന്നെ ധാരാളമായിരുന്നു..

അന്ന് താൻ പ്ലസ് വൺ പ്ലസ് ടു ക്ലാസിലെ അധ്യാപികയായിരുന്നു. മാത്‍സ് ആയിരുന്നു തന്റെ വിഷയം.

പൊതുവേ പഠിക്കാനും പഠിപ്പിക്കാനും ഒക്കെ പലരും ബുദ്ധിമുട്ടുന്ന ആ വിഷയം പണ്ട് മുതൽക്കേ തനിക്ക് വലിയ ഇഷ്ടമായിരുന്നു. അതുകൊണ്ടു തന്നെ വളരെയധികം എൻജോയ് ചെയ്തതാണ് താൻ ക്ലാസ് എടുക്കാറ്..

ക്ലാസിൽ വിരുതന്മാർ ഒരുപാട് പേർ എല്ലായിപ്പോഴും ഉണ്ടാവാറുണ്ട്. ക്ലാസ്സ് എടുക്കുമ്പോൾ മിക്കപ്പോഴും ഞാൻ ശ്രദ്ധിക്കുന്നത് അവരെയാണ്.

മുൻപത്തെ ബഞ്ചുകളിൽ ഇരിക്കുന്ന പഠിക്കാനും ഒരുപാട് താല്പര്യമുള്ള കുട്ടികളെ ശ്രദ്ധിച്ചില്ലെങ്കിലും അവർ പഠിച്ചോളും..പക്ഷേ തീരെ താല്പര്യമില്ലാതെ ക്ലാസിൽ വരുന്നവരുടെ കാര്യം അതല്ല.

ചിലപ്പോൾ അവരിൽ ചിലരെയെങ്കിലും നമ്മൾ വെറുതെ ഒന്ന് ഫോഴ്സ് ചെയ്തു കൊടുത്താൽ അവർ നന്നായി പഠിക്കും. ഞാൻ എല്ലായിപ്പോഴും അങ്ങനെയുള്ളവരെ മുൻനിരയിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കാറ്.

കഴിഞ്ഞു പോയ വർഷങ്ങളിൽ ആ കാര്യത്തിൽ ഞാൻ കുറെയൊക്കെ വിജയിക്കുകയും ചെയ്തിട്ടുണ്ട്.

പക്ഷേ ആ വർഷത്തെ പ്ലസ് വൺ ബാച്ച് എനിക്ക് ഒരു തലവേദന തന്നെയായിരുന്നു. എത്രയൊക്കെ പറഞ്ഞാലും അനുസരിക്കാത്ത കുറെ കുട്ടികളും,നമ്മൾ പറയുന്നതിന്റെ നേർവിപരീതം മാത്രം മനസ്സിലാക്കിയെടുക്കുന്നവർ..!

അവരെ പറഞ്ഞു മനസ്സിലാക്കി ക്ലാസ്സിൽ ശ്രദ്ധിക്കാൻ പ്രേരിപ്പിക്കാൻ തന്നെ ഞാൻ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു.

പക്ഷേ എന്തൊക്കെ പറഞ്ഞിട്ടും ക്ലാസിൽ ശ്രദ്ധിക്കാൻ യാതൊരു താൽപര്യവും ഇല്ലാതിരിക്കുന്ന അഭിനന്ദിനെ പലപ്പോഴും താൻ ശാസിച്ചിട്ടുണ്ട്. എത്രയൊക്കെ വഴക്കു പറഞ്ഞാലും തല്ലു കൊടുത്താലും ക്ലാസിൽ നിന്ന് ഇറക്കി വിട്ടാൽ പോലും അവൻ പിറ്റേന്നും ചെയ്തത് തന്നെ ആവർത്തിക്കും.

അവനോട് എന്തുകൊണ്ടോ വല്ലാത്തൊരു ദേഷ്യം ഉള്ളിൽ ഉടലെടുത്തു തുടങ്ങിയിരുന്നു. ഒരിക്കലും ഒരു വിദ്യാർത്ഥിയോടും വെറുപ്പും പകയും ഒന്നും ഉള്ളിൽ സൂക്ഷിക്കാൻ പാടില്ല എന്നറിയാം.

എങ്കിൽ പോലും അവന്റെ പ്രവർത്തികൾ അവനെ വെറുക്കാൻ പോന്നതായിരുന്നു.

ഒരിക്കൽ ഒരു ഇന്റർവെൽ സമയത്ത് ക്ലാസിൽ വല്ലാതെ ബഹളം ഉണ്ടാക്കുന്നു എന്ന് തൊട്ടടുത്ത ക്ലാസിലെ ടീച്ചർ വന്ന് പരാതി പറഞ്ഞപ്പോഴാണ് ആ ക്ലാസിലേക്ക് ചെന്നു കയറിയത്.

അപ്പോൾ കാണുന്നത് അഭിനന്ദ് നിത്യയോടൊപ്പം സംസാരിച്ചു ഒരു ബെഞ്ചിൽ ഇരിക്കുന്നതായിരുന്നു.

അവരുടെ ഇരിപ്പും ഭാവവും ഒക്കെ കാണുമ്പോൾ തന്നെ രണ്ടാളും തമ്മിൽ ഇഷ്ടത്തിലാണ് എന്ന് ഏതൊരാളിനും മനസ്സിലാകും.എനിക്ക് അത് കണ്ടപ്പോൾ വല്ലാത്തൊരു ദേഷ്യമാണ് തോന്നിയത്.

ഒന്നാമത്തെ കാര്യം അഭിനന്ദനോട് എനിക്ക് വലിയ താല്പര്യം ഇല്ല.ക്ലാസ്സിൽ എല്ലായിപ്പോഴും ശല്യം ഉണ്ടാക്കുന്ന ഒരു വിദ്യാർത്ഥിയെ ഏത് ടീച്ചറാണ് ഇഷ്ടപ്പെടുക..!

പക്ഷേ നിത്യ എന്റെ പ്രിയപ്പെട്ട വിദ്യാർത്ഥിനികളിൽ ഒരാളായിരുന്നു. ക്ലാസിൽ നന്നായി പഠിക്കുന്ന കുട്ടികളിൽ ഒരാളായിരുന്നു നിത്യ. കാണാനും തരക്കേടില്ലാത്ത ഒരു പെൺകുട്ടി.

അങ്ങനെയുള്ള ഒരു പെൺകുട്ടിയോട് ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്കൊക്കെ ഒരു ഇഷ്ടം തോന്നുന്നത് സ്വാഭാവികമാണ്. ക്ലാസിലെ തന്നെ എന്ന് വേണമെന്നില്ല സീനിയർ ആയാലും..

പക്ഷേ ഇവിടെ അവൾ സ്വീകരിച്ച ആളിനെ ഓർത്ത് എനിക്ക് അവളോട് വല്ലാത്ത ദേഷ്യം തോന്നി. അഭിനന്ദ് ഒരിക്കലും അവൾക്ക് ചേരുന്ന ആളല്ല എന്നൊരു തോന്നൽ..!

ആ ദേഷ്യം കൊണ്ട് തന്നെയാണ് അവരുടെ അടുത്തേക്ക് പാഞ്ഞു ചെന്നത്.

“ഇവിടെ എന്താ നടക്കുന്നത്..? ഇതൊരു ക്ലാസ് ആണെന്ന് അറിയില്ലേ..?”

ദേഷ്യത്തോടെ ചോദിച്ചപ്പോൾ രണ്ടാളും ഞെട്ടലോടെ തന്നെ നോക്കുന്നത് കണ്ടു.

” നീയൊക്കെ സ്കൂളിലേക്ക് വരുന്നത് പഠിക്കാനാണോ പ്രേമിക്കാൻ ആണോ..? നിങ്ങളുടെയൊക്കെ വീട്ടിൽ അറിഞ്ഞുകൊണ്ട് തന്നെയാണോ ഇങ്ങനെ ഓരോ കലാപരിപാടികൾ..? “

ദേഷ്യത്തോടെ ചോദിച്ചപ്പോൾ നിത്യയുടെ കണ്ണുകളിൽ ഒരുതരം ഭയം ഞാൻ കണ്ടു. എന്നാൽ അപ്പോഴും അഭിനന്തിനു യാതൊരു കൂസലും ഉണ്ടായിരുന്നില്ല. പക്ഷേ അത് കണ്ടപ്പോൾ എനിക്ക് ദേഷ്യം കൂടുകയാണ് ചെയ്തത്.

അവന്റെ മട്ടും ഭാവവും ഒക്കെ ഒരു അധ്യാപികയായ എന്നെ പരിഹസിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. എനിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു അത്.

“എന്തൊക്കെ പറഞ്ഞാലും വല്ല പേടിയും ഉണ്ടെങ്കിൽ അല്ലേ ഉള്ളൂ.. ഒരു കാര്യം ചെയ്യ് നിത്യ എന്നോടൊപ്പം സ്റ്റാഫ് റൂമിലേക്ക് വാ.. ബാക്കി എന്തുവേണമെന്ന് അവിടെ വന്നു കഴിഞ്ഞിട്ട് നമുക്ക് തീരുമാനിക്കാം..”

ദേഷ്യത്തോടെ അവളോട് അത്രയും പറഞ്ഞു കൊണ്ട് മറ്റുള്ള കുട്ടികളോട് നിശബ്ദരായിരിക്കാൻ പറഞ്ഞിട്ട് ഞാൻ സ്റ്റാഫ് റൂമിലേക്ക് നടന്നു.

ആ സമയം ക്ലാസ് ഉണ്ടായിരുന്നതു കൊണ്ട് തന്നെ മറ്റുള്ള അധ്യാപകരാരും അവിടെ ഉണ്ടായിരുന്നില്ല. ആ കുട്ടിയോട് സംസാരിക്കാൻ നല്ലൊരു അവസരം അതാണെന്ന് തനിക്കും അറിയാമായിരുന്നു.

മറ്റുള്ള അധ്യാപകർ ഒക്കെയും അറിഞ്ഞാൽ അവൾക്ക് പലരുടെയും ഭാഗത്തു നിന്ന് പലതരത്തിലുള്ള സംസാരങ്ങൾ കേൾക്കേണ്ടി വരും. എന്റെ ക്ലാസിലെ ഒരു വിദ്യാർത്ഥിനിയെ മറ്റുള്ളവർക്ക് മുന്നിൽ താഴ്ത്തി കെട്ടുന്നത് എനിക്കിഷ്ടമായിരുന്നില്ല.

ഞാൻ സ്റ്റാഫ് റൂമിൽ ചെന്ന് ഒരു 10 മിനിറ്റോളം കഴിഞ്ഞതിനു ശേഷമാണ് അവൾ അവിടേക്ക് എത്തിയത്.

” ഞാൻ സ്ട്രൈറ്റ് ആയി കാര്യം ചോദിക്കാം.. താനും ആ അഭിനന്തും തമ്മിലെന്താ..? “

അവൾ എന്റെ മുന്നിൽ വന്നു നിന്നപ്പോൾ അത്രയും നേരം അടക്കി വച്ച ദേഷ്യം എല്ലാം കൂടി ഒറ്റയടിക്ക് പുറത്തേക്ക് വരികയായിരുന്നു.

പെട്ടെന്നുള്ള എന്റെ ചോദ്യത്തിലും ദേഷ്യത്തിലും അവൾ ഒന്ന് വിരണ്ടു എന്നത് ശരിയാണ്.. പക്ഷെ അവൾ അത് മറച്ചു വച്ചു കൊണ്ട് എന്റെ മുഖത്തേക്ക് നോക്കി സംസാരിച്ചു തുടങ്ങി.

” ടീച്ചർക്ക് ഒരു ഊഹം ഉണ്ടാകുമെന്ന് എനിക്കറിയാം.. ടീച്ചർ ഊഹിച്ചത് തന്നെയാണ് കാര്യം.ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ്. “

ഉറപ്പോടെ അവൾ പറഞ്ഞപ്പോൾ എനിക്ക്. പുച്ഛം ആണ് തോന്നിയത്..

” ഇങ്ങനെ ഉറച്ച തീരുമാനങ്ങൾ ഒക്കെ എടുക്കാനും മാത്രം പ്രായവും പക്വതയും ഒക്കെ ആയോ നിങ്ങൾക്ക്..? ആകെ 16 വയസ്സല്ലേ ഉള്ളൂ.. ഇത്രയും കഠിനമായ തീരുമാനങ്ങൾ ഒന്നും എടുക്കരുത്.. “

ചെറിയൊരു പരിഹാസം കലർന്ന സംസാരം ആയിരുന്നു തന്റേത്..!

“ടീച്ചർ പരിഹസിച്ചത് ആണെന്ന് മനസ്സിലായി. പക്ഷെ.. എനിക്ക് അവനോടും അവനു എന്നോടും. പ്രണയം ആണെന്ന് ഞങ്ങൾക്ക് പരസ്പരം അറിയാം.. അത് പോരെ..? അതിലപ്പുറം എന്ത് വേണം..? “

അന്ന് അവളിൽ കണ്ടത് തന്റെ പ്രണയത്തിനു വേണ്ടി പോരാടാനുള്ള ഊർജം ആണ്..

” മോളെ.. നിന്റെ നന്മയ്ക്കു വേണ്ടിയാണ് ഞാൻ പറയുന്നത്.. അവൻ നിനക്ക് ചേരുന്ന ഒരാളല്ല.. നമ്മളുമായി ചേരുന്നവരോട് മാത്രമേ നമ്മൾ സൗഹൃദം നടിക്കാവൂ..! “

അന്നൊരു അധ്യാപിക എന്ന നിലയിൽ എന്റെ പരാജയം ആയിരുന്നു. ഒരിക്കലും പറയാൻ പാടില്ലാത്ത വാക്കുകൾ ആയിരുന്നു അവ ഒക്കെയും..!

പക്ഷെ.. അവൾ അതിന് പറഞ്ഞ മറുപടി ആയിരുന്നു തന്നെ ഒരുപാട് ഞെട്ടിച്ചത്..

” ടീച്ചർക്ക് എന്നെ ഓർത്തുള്ള ആധി എനിക്ക് മനസ്സിലാവും.. പക്ഷെ ടീച്ചർക്ക് മനസ്സിലാവാത്ത ഒരാളുണ്ട്.. അതാണ്‌ എന്റെ അഭി.. ടീച്ചറുടെ കണ്ണിൽ അവൻ പഠിക്കാത്ത, ക്ലാസ്സിൽ ശ്രദ്ധിക്കാത്ത ഒരുവൻ ആണ്.. പക്ഷെ.. പത്താം ക്ലാസ്സ്‌ വരെ നന്നായി പഠിച്ചിരുന്ന, എല്ലാ വിഷയങ്ങളിലും ഫുൾ മാർക്ക്‌ വാങ്ങിയിരുന്ന അഭിയെ ടീച്ചർക്ക് അറിയില്ല. അങ്ങനെയുള്ള അവൻ എന്താ ഇപ്പോ ഇങ്ങനെ എന്ന് ഓർത്തു ടീച്ചർക്ക് അതിശയം തോന്നും എന്നറിയാം.. പക്ഷെ.. അതിന് ഒരു മറുപടി ഉള്ളൂ… അവന്റെ മാതാപിതാക്കൾ…! അവനു കോമേഴ്‌സ് എടുത്തു പഠിക്കണം എന്നായിരുന്നു ആഗ്രഹം.. പക്ഷെ.. അത് പഠിച്ചാൽ സമൂഹത്തിൽ വല്യ വിലയൊന്നും ഉണ്ടാവില്ല എന്ന് പറഞ്ഞു അവന്റെ അച്ഛന്റെയും അമ്മയുടെയും പ്രേരണ കൊണ്ട് മാത്രമാണ് അവൻ സയൻസ് ബാച്ചിൽ വന്നത്.. എത്ര ശ്രമിച്ചിട്ടും പഠിക്കാൻ പറ്റുന്നില്ല എന്നാണ് അവനു എപ്പോഴും ഉള്ള പരാതി.. “

അവൾ പറഞ്ഞു നിർത്തിയപ്പോൾ എനിക്ക് അഭിയെ ഓർത്തു വല്ലായ്മ തോന്നി.

” മോളെ.. എന്തായാലും മോളോട് ടീച്ചർ ഒരു കാര്യം പറയാം.ഇപ്പോഴത്തെ നിങ്ങളുടെ പ്രായം എന്ന് പറയുന്നത് ഏറ്റവും അപകടം പിടിച്ചതാണ്. നിങ്ങളുടെ മനസ്സ് പലതിലേക്കും ചാഞ്ഞു പോകും. ഒരുപക്ഷേ നിനക്ക് ഇപ്പോൾ അവനോട് തോന്നുന്ന പ്രണയം നാളെ അവനോട് തോന്നിയില്ല എന്ന് വരും. നിങ്ങളുടെ ഇഷ്ടം ഒരു തമാശയായി ചിലപ്പോൾ മാറിമറിയും. ആ സമയത്ത് പഠിക്കാതെ പ്രണയത്തിനെ കുറിച്ച് മാത്രം ചിന്തിച്ചു നടന്നാൽ പിന്നീട് നഷ്ടങ്ങൾ മാത്രമായിരിക്കും ജീവിതത്തിൽ ഉണ്ടാവുക. അതുകൊണ്ട് ഇപ്പോൾ പ്രണയത്തിന് ഇംപോർട്ടൻസ് കൊടുക്കാതെ പഠനത്തിന് ഇംപോർട്ടൻസ് കൊടുക്കണം. നന്നായി പഠിക്കണം. വർഷങ്ങൾ കഴിഞ്ഞു നിങ്ങളുടെ ഇഷ്ടം ഇതേപോലെ തന്നെ മനസ്സിൽ ഉണ്ടെങ്കിൽ ജീവിതത്തിൽ നിങ്ങൾക്ക് ഒന്നിക്കാമല്ലോ..!”

അന്ന് താൻ പറഞ്ഞ വാക്കുകൾ അവൾ അനുസരിച്ചു. അതിൽ എന്തെങ്കിലുമൊക്കെ ശരിയുണ്ട് എന്ന് അവൾക്ക് തോന്നിയിരിക്കണം.

പിന്നീട് ഞാൻ ചെയ്തത് അഭിയെക്കുറിച്ച് അന്വേഷിക്കുകയായിരുന്നു. അവന്റെ മാർക്ക്‌ ലിസ്റ്റ് പരിശോധിച്ചപ്പോൾ അവൾ പറഞ്ഞതൊക്കെ സത്യമാണെന്നു ബോധ്യപ്പെടുകയും ചെയ്തു.

അവർ ആരും അറിയാതെ അവന്റെ മാതാപിതാക്കളെ വിളിച്ചു അവനു വേണ്ടി സംസാരിച്ചത് താൻ തന്നെയായിരുന്നു. താൻ പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി മനസ്സിലാക്കിയിട്ട് ആവണം അവർ അവന് കൊമേഴ്സിലേക്ക് അഡ്മിഷൻ എടുക്കാൻ തയ്യാറായത്.പക്ഷേ അപ്പോഴേക്കും അവന്റെ ഒരു വർഷം നഷ്ടമായിരുന്നു.

എന്നാൽ അവൻ അതൊന്നും ഒരു പ്രശ്നമല്ലാത്ത രീതിയിൽ ആയിരുന്നു പഠിച്ചത്. സയൻസ് ക്ലാസിൽ ഏറ്റവും മടിയനായിരുന്ന വിദ്യാർത്ഥി കൊമേഴ്സിലെ ഏറ്റവും മിടുക്കനായ വിദ്യാർത്ഥിയായി മാറാൻ അധികം സമയം വേണ്ടി വന്നില്ല.

അവൻ വീണ്ടും പ്ലസ് വണ്ണിൽ അഡ്മിഷൻ എടുത്ത അതേ വർഷം തന്നെയായിരുന്നു അവൾ സ്കൂളിൽ നിന്നും പാസ്സ് ഔട്ട്‌ ആയത്. തൊട്ടടുത്ത വർഷം അവനും സ്കൂളിൽ നിന്ന് പോയതിനു ശേഷം അവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.

പിന്നീട് രണ്ടാളെയും കാണുന്നത് ഇന്നാണ്. ഈ കല്യാണ കത്ത് തരാൻ രണ്ടാളും കൂടി ഒന്നിച്ചു വന്നപ്പോൾ..!!

അവരുടെ ഇഷ്ടം ഒരു തമാശയല്ല എന്ന് വർഷങ്ങളുടെ കാത്തിരിപ്പുകൊണ്ട് അവർ തെളിയിച്ചിരിക്കുന്നു…!!!

You may also like

Leave a Comment