അതു പിന്നെ, അതെന്റെ അടവായിരുന്നു എന്ന് പറയുമ്പോൾ അവൾ പൊട്ടിച്ചിരിച്ചു…

രചന: മഞ്ജു ജയകൃഷ്ണൻ

———————-

“ഒന്നുമല്ലെങ്കിലും നീ ഒരു പ്രേതം അല്ലേ? ഇങ്ങനെ പേടിക്കാതെ “

ഞാനതു പറയുമ്പോൾ ആ നിഴൽ രൂപം ഒന്നു ചിരിച്ചു

അപ്പൊ ഈ സിനിമയിലെപ്പോലെ ആരെയും കൊ ല്ലാനും പേടിപ്പിക്കാനും ഒന്നും നിങ്ങളെ കൊണ്ട് പറ്റത്തില്ല അല്ലേ?

എന്നിട്ടാണോ ആദ്യം എന്റെ ശബ്ദം കേട്ടപ്പോൾ പേടിച്ചു നീ ചാകാൻ പോയത്

അതു പിന്നെ…അതെന്റെ അടവായിരുന്നു എന്ന് പറയുമ്പോൾ അവൾ പൊട്ടിച്ചിരിച്ചു…

“ഇങ്ങനെ ചിരിക്കല്ലേ”…. ശരിക്കും ഞാൻ പേടിച്ചാലോ ഞാൻ പറഞ്ഞു നിർത്തി

ഈ പ്രേതം എന്നു പറഞ്ഞാൽ ഒന്നിലെങ്കിൽ കള്ളിയങ്കാട്ടു നീലി അല്ലെങ്കിൽ ലിസ അതൊക്കെയാ നമ്മുടെ ഒരു കോൺസെപ്റ്റ്

വെള്ളസാരി, പാട്ട്, പുക, നീണ്ടു വരുന്ന പല്ലുകൾ , ചോ ര ചുവപ്പുള്ള കണ്ണുകൾ ഇതൊക്കെയാണ് ഒരു മിനിമം യ ക്ഷിയുടെ യോഗ്യത

ഇതിപ്പോ ഒരു കറുത്ത വ്യക്തമല്ലാത്ത രൂപം , ശബ്ദം അത്ര മാത്രം.

“ജീവനില്ലാതെ ആരെയും ഒന്നും ചെയ്യാൻ പറ്റില്ലല്ലോ “ അതെന്നോടായി പറഞ്ഞു. സമയം തീരാത്തതു കൊണ്ടാവും വേറെ ലോകത്തേക്ക് പോകാനും പറ്റുന്നില്ല

വിനയന്റെ ‘ആകാശഗംഗ’ കണ്ട് പോത്തു പോലെ വളർന്നിട്ടും കിടക്കപ്പായയിൽ മുള്ളിയ ആളായിരുന്നു ഞാൻ. പ്രേ തത്തിൽ നിന്നും ഭൂതത്തിൽ നിന്നും രക്ഷപെടാനായി മുത്തശ്ശി കെട്ടിയ ഏലസിന്റെ ബലത്തിൽ നടന്ന പേടിത്തോണ്ടി

അന്നൊരു വ്യാഴാഴ്ച ആയിരുന്നു. പിറ്റേ ദിവസം ക്ലാസ്സില്ല എന്നോർത്തു ചാടിക്കേറി വീട്ടിലേക്കു പോന്നത്. ഫോൺ ഓഫായി പോയതു കൊണ്ട് വീട്ടിലേക്കു വിളിക്കാനും പറ്റിയില്ല. വിജനമായ ഇടവഴിയിലൂടെ പോകുമ്പോൾ ആരോ കൂടെയുള്ള പോലെ ഒരു തോന്നൽ.

നടക്കുന്തോറും ആ തോന്നൽ ശക്തമായി. എങ്ങനെയോ വീടെത്തി റൂമിൽ കയറി കുറ്റിയിട്ടു. ലൈറ്റ് ഇടുന്നതിനു മുന്നേ ആണ്‌ ആ തേങ്ങുന്ന ശബ്ദം എന്റെ കാതിൽ മുഴങ്ങുന്നത്

“ആരാ… “

അലറിക്കരഞ്ഞു കൊണ്ട് ഞാൻ ചോദിച്ചു

അതാണ് എനിക്കും അറിയേണ്ടത്. എനിക്ക് കറുത്ത ഒരു രൂപവും ശബ്ദവും മാത്രമേ ഉള്ളൂ. ‘ആരാ ‘ ഞാൻ എന്നോ ‘എന്താ’ എന്നോ അറിയില്ല.

തൊണ്ട വരണ്ടു നാവു പുറത്തേക്കു വന്നെങ്കിലും എവിടുന്നോ ധൈര്യം എനിക്കു കിട്ടി. ആട്ടിപായിക്കാൻ നോക്കി എങ്കിലും എന്തോ ഒരു കരുണ അതിനോട് എനിക്കു തോന്നി.

ശബ്ദത്തിൽ നിന്നും നീ ഒരു പെണ്ണാണ്. ബാക്കി നമുക്കു നോക്കാം ഞാൻ പറഞ്ഞു. മുത്തശ്ശി കണ്ടപ്പോൾ അന്വേഷിച്ചത് ഏലസിനെപ്പറ്റിയായിരുന്നു

ടാറ്റൂ അടിക്കാൻ വേണ്ടി ഞാൻ മാറ്റി വച്ചതായിരുന്നു…കന്യകമാർ ഇങ്ങനെ ദേഹരക്ഷ ഇല്ലാതെ നടക്കരുത് മോളെ. നാളെ അമ്പലത്തിൽ പോയി ജപിച്ചു കെട്ടണം എന്ന് എന്നെ ഉപദേശിച്ചു. ഉടനെ ചരടും ജപിച്ചു തന്നു

കൂടെയുള്ള ഐറ്റത്തിനെക്കുറിച്ചു ആലോചിച്ചപ്പോൾ എനിക്കു ചിരി വന്നു.

ചരട് കെട്ടി റൂമിൽ എത്തിയിട്ടു അവളെ ഞാൻ കണ്ടില്ല….ഉടനെ എനിക്ക് സംഭവം കത്തി…. ചരട് അഴിച്ചപ്പോൾ അവൾ അതാ മുന്നിൽ.. ചരട് ഒന്ന് താഴെയിട്ടു വീണ്ടും ഞാൻ കെട്ടി. അപ്പോഴേക്കും അതിന്റെ ശക്തി പോയിരുന്നു

പിറ്റേന്ന് എനിക്ക് ചെറിയ പനി പിടിച്ചിരുന്നു..

‘നീ തന്നതാ അല്ലേ’…..എന്നു ചോദിച്ചപ്പോൾ അവൾ മൂളി.

ഞങ്ങൾ അടുത്താൽ ചിലപ്പോൾ അസുഖങ്ങൾ മനുഷ്യർക്കു വരും.

അമ്മ കഞ്ഞി കോരി തരുമ്പോൾ അവളുടെ തേങ്ങൽ എന്റെ കാതിൽ വന്നു അലച്ചു. ‘എനിക്കും കാണുമല്ലേ ഇങ്ങനെ ഒരമ്മ ‘ അവൾ ചോദിക്കുമ്പോൾ എന്റെ കണ്ണും നിറഞ്ഞു

മുത്തശ്ശി വന്നപ്പോൾ ഞാൻ ചോദിച്ചു “പ്രേ തങ്ങൾക്ക് സ്വന്തം പേരും നാടും ഒക്കെ അറിയില്ലേ “…..

എന്താ കുട്ടി….ഇങ്ങനെ ചോദിക്കണേ.. വല്ലതും കണ്ടു പേടിച്ചോ

അതൊന്നും ഇല്ല മുത്തശ്ശി പറ. ഞാൻ ചിണുങ്ങി…

യക്ഷിയെ കാണാനും കേൾക്കാനും ഒന്നും കഴിയില്ല. അവരുടെ നോട്ടം കിട്ടിയാൽ ചിലപ്പോൾ വല്ല പനിയോ വിറയലോ വരാം

അവരുമായി ഏതെങ്കിലും ബന്ധം ഉണ്ടെങ്കിലേ അവരെ കാണാനോ കേൾക്കാനോ കഴിയു. അല്ലെങ്കിൽ ആവാഹന ക്രിയകൾ ചെയ്യുന്ന ആർക്കെങ്കിലോ?

അതു കേട്ടപ്പോൾ ഞാൻ ഒന്നു ഞെട്ടി…

അവളും ഞാനുമായി എന്തു ബന്ധം?

ഞാൻ ആലോചിച്ചു……..

ആ ആത്‌മാവ്‌ ഭൂമി വിട്ടു പോകണം….

എങ്കിൽ അതിന്റെ മനസ്സിന് ശാന്തി കിട്ടണം എങ്കിൽ മുത്തശ്ശി പറഞ്ഞു നിർത്തി….

ചിലപ്പോൾ വേണ്ടപ്പെട്ടവർക്ക് എന്തെങ്കിലും സഹായം ചെയ്‌താൽ ആത്‌മാവ്‌ സന്തോഷിക്കും… പ്രതികാര ദാഹി ആണെങ്കിൽ അതിനെ ഇല്ലാതാക്കിയവരുടെ നാശം … ഉച്ചാടന ക്രിയയിലൂടെ ഇല്ലാതാക്കിയാൽ എന്നെങ്കിലും അതു തിരിച്ചു വരും . അതൊരു തരം ബന്ധനത്തിലും ആവും

കുറച്ചു ദിവസം ആയുള്ളൂ എങ്കിലും അവളെ അങ്ങനെ തടവറയിൽ ആക്കാൻ എന്തോ എനിക്ക് മനസ്സുവന്നില്ല

ഞാനും അവളുമായുള്ള ബന്ധം അതിനെക്കുറിച്ച് അന്വേഷിക്കാൻ ഞാൻ തീരുമാനിച്ചു

പെണ്ണിന് ചതി പറ്റുന്നത് പ്രണയത്തിനു മുന്നിൽ ആണല്ലോ…. ഇനി ഹരിയേട്ടൻ….

ഞങ്ങളുടെ കല്യാണം ഉറപ്പിച്ചിരുന്നു. അമ്മാവന്റെ മോൻ ആണ്…ബാംഗ്ലൂരിൽ ജോലി ചെയ്യുന്നു

ഹരിയേട്ടൻ വന്നിട്ടുണ്ട് എന്നറിഞ്ഞപ്പോൾ തന്നെ ഞാൻ ഫോണിൽ വിളിച്ചു….നടന്നതു മുഴുവൻ പറഞ്ഞു..

ആദ്യം പേടിച്ചു എങ്കിലും എനിക്കൊപ്പം നിൽക്കാം എന്നുറപ്പ് നൽകി.. എന്റെ മനസ്സിലെ വലിയൊരു ആശങ്ക നീങ്ങി.. ഹരിയേട്ടനോട് പറയുന്നതിനപ്പുറം ഹരിയേട്ടന്റെ ഭാഗത്തു നിന്നും ഒരു വീഴ്ചയും വന്നിട്ടില്ല എന്നുറപ്പാക്കുകയായിരുന്നു എന്റെ ലക്ഷ്യം

കൂട്ടുകാർക്കും ബന്ധുക്കൾക്കുമൊന്നും അവളുമായി യാതൊരു ബന്ധവും ഇല്ല എന്നെനിക്കു മനസ്സിലായി

മുത്തശ്ശി പറയുന്നതെല്ലാം ശരിആവില്ലായിരിക്കും… ഞാൻ ഓർത്തു

അച്ഛൻ പോലീസിൽ നല്ല പോസ്റ്റിൽ ആയിരുന്നു. ആഴ്ചയിൽ ഒരിക്കലേ വരൂ.. എന്റെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു അച്ഛൻ

അച്ഛന് എന്നെ സഹായിക്കാൻ പറ്റും എന്ന് ഞാൻ ഓർത്തു

എല്ലാം പറയുമ്പോൾ അവൾ അടുത്ത് ഉണ്ടായിരുന്നു. അച്ഛന്റെ മുഖം മാറുന്നത് ഞാൻ ശ്രദ്ധിച്ചു….

അച്ഛന് അവളെ അറിയാം അല്ലേ?

ഇല്ല ……… എന്ന് പറയുമ്പോഴും അത് കള്ളമാണെന്ന് എനിക്കറിയാമായിരുന്നു

നമുക്ക് അവളെ സ്വതന്ത്രമാക്കി വിടാം… ഉച്ചാടനം ചെയുന്ന സ്വാമിയേ വിളിക്കാം

ഞാൻ സമ്മതിക്കില്ല ………… എനിക്ക് സത്യം അറിയണം ഞാൻ പറഞ്ഞു

നിർബന്ധത്തിനൊടുവിൽ അച്ഛൻ പറയാൻ തുടങ്ങി… അവൾ മിടുക്കിയായ അഡ്വക്കേറ്റ് ആയിരുന്നു… ജോലി കഴിഞ്ഞു വരുന്ന വഴി ആരൊക്കെയോ റേ* പ്പ് ചെയ്തു അവളെ കൊ *ന്നു

സമൂഹത്തിലെ ഉന്നതരുടെ മക്കൾ ഉണ്ടായിരുന്നകൊണ്ട് സമ്മർദ്ദം ഉണ്ടായിരുന്നു.. പ്രതികളെ രക്ഷപ്പെടുത്താൻ FIR ഇൽ അച്ഛൻ ആണ് മാറ്റം വരുത്തിയത്

ജോലിക്കു വേണ്ടി അച്ഛനും അതിന് കൂട്ടു നിന്നു..

അവളുടെ തേങ്ങൽ എന്റെ കാതിൽ മുഴങ്ങി…

എന്താ അവളുടെ പേര്? ഞാൻ ചോദിച്ചു?

“മീര “……….അച്ഛൻ പറഞ്ഞു

“ഞാൻ എന്തു തെറ്റു ചെയ്തിട്ടാ അവർ”?….. അവരെ ഇല്ലാതാക്കാതെ എനിക്ക് മോക്ഷം കിട്ടില്ല അവൾ പറഞ്ഞു നിർത്തി. അവളുടെ കഥ അറിഞ്ഞപ്പോൾ എനിക്കും അതു ശരിയാണ് എന്ന് തോന്നി

പിറ്റേന്ന്‌ അച്ഛൻ മടങ്ങിപ്പോയി….

രണ്ടു ദിവസം കഴിഞ്ഞുള്ള പത്രത്തിലെ പ്രധാന വാർത്ത അതായിരുന്നു

‘മീര കൊലക്കേസിലെ പ്രതികൾ രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് വെടിയേറ്റ് മ രിച്ചു ‘

ഒരു പുകച്ചുരുളായി അവൾ മറയുമ്പോൾ മനസ്സിൽ ഞാൻ അച്ഛനോട്‌ നന്ദി പറയുകയായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *