സൂര്യനെ പ്രണയിച്ചവൾ – ഭാഗം 10, എഴുത്ത്: അമ്മു സന്തോഷ്

സഞ്ജയ്‌ കാർ ഓടിക്കുന്നത് ഗൗരി നോക്കിയിരുന്നു. നല്ല വേഗത.

“പോലീസ്കാർക്ക് നിയമം ഒന്നുമില്ലേ?”

അവൻ ഒന്ന് നോക്കി

“അല്ല, സ്പീഡ് ലിമിറ്റ് ഇല്ലെ?”

അവൻ മിണ്ടിയില്ല. വേഗത കുറച്ചുമില്ല.

“വേഗത എനിക്ക് ഭയങ്കര പേടിയാണ് ” അവൾ മെല്ലെ പറഞ്ഞു

“അത് നീ കാറിൽ അധികം കയറി പരിചയം ഇല്ലാത്തത് കൊണ്ടാണ്” സഞ്ജയ്‌ മൂർച്ചയോടെ പറഞ്ഞു

“ശരിയാ..ഒരു സൈക്കിൾ പോലുമില്ല എനിക്ക് സ്വന്തം ആയിട്ട്..അത്രക്ക് പണമൊന്നുമില്ല. മൂന്ന് നേരം ഭക്ഷണത്തിനുള്ള വക തന്നെ കഷ്ടി “

അവൾ അത്രയും പറഞ്ഞിട്ട് വെളിയിൽ നോക്കിയിരുന്നു

സഞ്ജയ്‌ കാറിന്റെ വേഗം കുറച്ചു

ഉച്ചയായപ്പോ ഒരു ഹോട്ടലിന്റെ മുന്നിൽ നിർത്തി

“വാ ” അവൻ ഡോർ തുറന്നു

“വിശപ്പില്ല. പോയി കഴിച്ചോളൂ “

അവൻ പിന്നെ നിർബന്ധിച്ചുമില്ല.

ഭക്ഷണം കഴിഞ്ഞു അവൻ വരുമ്പോൾ സീറ്റിൽ ചാരി ഇരുന്നവൾ ഉറങ്ങിപ്പോയിരുന്നു

തിരുവനന്തപുരത്ത് അവന്റെ വീട്ടിൽ എത്തിയപ്പോൾ രാത്രി ആയി

“നിനക്ക് കഴിക്കാൻ എന്തെങ്കിലും പറയട്ടെ?”

“വേണ്ട. നല്ല ക്ഷീണം ഞാൻ കിടന്നോട്ടെ” അവൾ മെല്ലെ പറഞ്ഞു

“അത് അമ്മയുടെ മുറിയാണ്. അതെടുത്തോ രണ്ടു ദിവസം “

അവൻ അമ്മയുടെ മുറി തുറന്നു കൊടുത്തു. അവൾ ആ മുറിയിൽ കയറി വാതിൽ ചാരി. സഞ്ജയ്‌ ഒന്ന് കുളിച്ചു ഫ്രഷ് ആയി. അവന് വരുണിന്റെ അടുത്തേക്ക് പോകണമായിരുന്നു.

ഗൗരി കുളിച്ചു ഇറങ്ങിയെയുണ്ടായിരുന്നുള്ളു. വാതിൽ തുറന്നപ്പോൾ അവൾ തിരിഞ്ഞു നോക്കി

“ഞാൻ പുറത്ത് പോവാണ്. ലോക് ചെയ്തോ ചിലപ്പോൾ ഞാൻ ഇന്ന് വരില്ല”

ഗൗരിയുടെ മുഖത്ത് ഭയം നിഴലിച്ചു. അറിയാത്ത നാട്, വീട്. ഒറ്റയ്ക്ക്…

“ഞാൻ..എനിക്ക് ഈ വീട്ടിൽ ഒറ്റയ്ക്ക് കിടക്കാൻ പേടിയാണ് സഞ്ജു ചേട്ടാ..പോയിട്ട് വേഗം വരാമോ?”

“ഒറ്റയ്ക്ക് ജീവിച്ചു പഠിക്ക്..എന്നെങ്കിലും ഒറ്റയ്ക്ക് ആകും നീയ് “

അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.അവൾ പെട്ടെന്ന് മുഖം കുനിച്ചു

“ഞാൻ പോവാ..” അവൻ വാതിൽ അടച്ച് ഇറങ്ങി പോയി

ഗൗരി ഒരു കരച്ചിൽ വാ പൊത്തി അടക്കി. അവൾ പേടിയോടെ ജനാലകൾ വലിച്ചടച്ചു. വാതിലും അടച്ചു. എന്നിട്ടും നെഞ്ചിൽ ഒരു ഭാരം ലൈറ്റ് ഓഫ്‌ ചെയ്യാൻ പേടിച്ച് അവൾ കട്ടിലിൽ ഇരുന്നു. കണ്ണടക്കാൻ പേടി…എന്തൊക്കെയോ ശബ്ദങ്ങൾ…

അവൾ ചെവി പൊത്തിപ്പിടിച്ചു ഭിത്തിയിൽ ചേർന്നിരുന്ന് കണ്ണുകൾ ഇറുക്കി അടച്ചു. പാർട്ടി ഒരു റിസോർട്ടിൽ വെച്ചായിരുന്നു

“ഡാ ഗൗരി എവിടെ?”

വരുൺ അവനെ ചേർത്ത് പിടിച്ചു. അവർ ഒരു മേശയ്ക്ക് ഇരു പുറവും ഇരുന്നു

“അവൾക്ക് ഭയങ്കര ക്ഷീണം എന്ന് പറഞ്ഞു.”

“ഒറ്റയ്ക്കാണോ?”

“ആ “

“നീ അവളോട് സ്നേഹമായിട്ട് പെരുമാറണെ സഞ്ജു..സത്യത്തിൽ അവളെന്തു തെറ്റ് ചെയ്തു? പിന്നേ നിന്നോട് ഒരു കാര്യം പറയാൻ മറന്നു. അന്ന് എന്തൊക്കെയോ സാധനം വാങ്ങാൻ പോയില്ലേ? അന്ന് അവൾ ഗോൾഡ് വിറ്റ സാധനം വാങ്ങിയത് എന്ന് മിയ പറഞ്ഞു. നീ അവൾക്ക് കാശ് ഒന്നും കൊടുക്കാറില്ലേ “

“എന്തിന്?”

“അല്ല എന്തിനെങ്കിലും… for example  ഇപ്പൊ എൻഗേജ്മെന്റ് ഫങ്ക്ഷൻ അല്ലെ ഡ്രസ്സ്‌ വല്ലതും വാങ്ങിയോ?”

“ആ എനിക്ക് അറിയില്ല “

അവൻ ഗ്ലാസ്സിലെ മ- ദ്യം ഒരിറക്ക് കുടിച്ചു

“ഡാ..മിയ പറഞ്ഞെ എനിക്ക് അറിയാവൂ. നിനക്ക് അറിയാല്ലോ മിയയെ. ഒരാളെ കുറിച്ച് നല്ലത് പറഞ്ഞു ഞാൻ ഇത് വരെ കേട്ടിട്ടില്ല. പക്ഷെ ഗൗരി..ഗൗരി നല്ല കുട്ടിയാ എന്ന് എപ്പോഴും പറയും..നല്ല സ്നേഹം ഉള്ള ഒരു കുട്ടി.”

“നിർത്തിക്കെ കുറെ നേരമായല്ലോ മതി..വേറെ എന്തെങ്കിലും പറ “

“ശരി. രാജസ്ഥാൻ മുഖ്യമന്ത്രി ആരാ?”

“പോടാ നാറി “

“കണ്ടോ..നമ്മൾക്ക് തെറി തന്നെ “

മിയ അങ്ങോട്ട് വരുന്നത് കണ്ടവൻ നിർത്തി

“നല്ല ആളാ ഗൗരി എവിടെ?”

“she is tired..നാളെ വരും”

“വന്നിട്ടുണ്ടോ?” അവൾ ആഹ്ലാദത്തോടെ ചോദിച്ചു

“വീട്ടിൽ ഉണ്ട് “

മിയയേ ആരോ വിളിച്ചപ്പോൾ അവൾ അങ്ങോട്ട് പോയി.

കുറച്ചു നേരം ഇരുന്നപ്പോൾ സഞ്ജയ്ക്ക് ഒരു അസ്വസ്ഥത തോന്നി

എനിക്ക് പേടിയാ എന്നവൾ പറയുന്നത് പോലെ…

“ഞാൻ പോവാടാ. ഇത്രയും ദൂരം വണ്ടി ഓടിച്ചു വന്നിട്ടാവും ഒരു തല വേദന “

വരുൺ അവനെ സൂക്ഷിച്ചു ഒന്ന് നോക്കി

എന്തോ ഒരു കള്ളത്തരം ഉണ്ട് മുഖത്ത്
വന്നിട്ട് അര മണിക്കൂർ ആയിട്ടില്ല.

“ഓക്കേ ഗുഡ് നൈറ്റ്‌ “

സഞ്ജയ്‌ അവന്റെ തോളിൽ ഒന്ന് തട്ടി എഴുന്നേറ്റു

കട്ടിലിന്റെ താഴെ എന്തൊക്കെയോ ശബ്ദങ്ങൾ കേട്ട് ഗൗരി ഓടി വന്നു മുന്നിലെ മുറിയിൽ ഇരുന്നു. പേടിച്ചു വിറച്ചു ചത്തു പോകുമെന്ന് അവൾക്ക് തോന്നി. അതിനിടയിൽ പാറ്റ തലയ്ക്കു മുകളിൽ കൂടി പറക്കുന്ന കണ്ട് അവൾ അലറി പോയി

വെളിയിൽ കാർ വന്നു നിൽക്കുന്ന ശബ്ദം. സഞ്ജയ്‌ ഇറങ്ങുന്നത് കണ്ട് അവൾ വാതിൽ തുറന്നോടി ചെന്നവനെ ഇറുക്കെ കെട്ടിപ്പിടിച്ചു

സഞ്ജയ്‌ സ്തബ്ധനായ് ഒരു നിമിഷം നിന്നു

“അവിടെ..അവിടെ എന്തൊക്കെയോ ശബ്ദം..”

അവൾ പൊട്ടിക്കരഞ്ഞു.

“എനിക്ക് പേടിച്ചിട്ട്….”

അവൾക്ക് ശബ്ദം കിട്ടുന്നില്ലായിരുന്നു

സഞ്ജയ്‌ അവൾ കാണിച്ച ഭാഗത്തു മൊബൈൽ ടോർച്ച് അടിച്ചു നോക്കി

പൂച്ചയും അതിന്റെ മൂന്ന് കുഞ്ഞുങ്ങളും

അവന് ചിരി വന്നു

“അത് പൂച്ച ഫാമിലി ആണ്. നീ അതിന്റെ കരച്ചിൽ കേട്ടില്ലേ?”

“അത് കരഞ്ഞില്ല. പിന്നെ ഇവിടെ വന്നു ഇരുന്നപ്പോൾ ഇവിടെ മുഴുവൻ പാറ്റ..എനിക്ക് പാറ്റയെ പേടിയാ സഞ്ജു ചേട്ടാ ” അവൾ വിങ്ങി കരഞ്ഞു കൊണ്ടിരുന്നു

സഞ്ജയുടെ ഹൃദയത്തിൽ അലിവ് നിറയുന്നുണ്ടായിരുന്നു. അവൾ അപ്പോഴും അവനെ ഇറുകെ പിടിച്ചിട്ടുണ്ടായിരുന്നു.

“ശരി നീ എന്റെ മുറിയിൽ വാ. അവിടെ പാറ്റ ഇല്ല. പൂച്ചയും ഇല്ല”

ഗൗരി മെല്ലെ അവനിൽ നിന്ന് അടർന്നു മാറി

“വേണ്ട… സാരോല്ല ആ പൂച്ചയെ ഓടിച്ചു വിട്ട മതി “

“ഈ രാത്രി അത് എങ്ങോട്ട് പോകും പാവല്ലേ? നീ അവിടെ വന്നു കിടന്നോ “

അവൻ അവളെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു. ഒരു പരിഭ്രമം ഉണ്ട് മുഖത്ത്. ഒരു പതർച്ച

അവന് ഒരു രസം തോന്നി. പൂച്ച എലിയെ ഇട്ട് കളിപ്പിക്കും പോലെ

“വാ “

അവനവളെ ചേർത്ത് പിടിച്ചു. അവൾക്കാ മുഖത്തെ പരിഹാസം മനസിലായി

താൻ അവന് വെറുമൊരു നേരമ്പോക്ക് ആണ്. തട്ടിക്കളിക്കാൻ ഒരു തമാശപ്പന്ത്

“സഞ്ജു ചേട്ടന് എന്റെ വേദന കാണാൻ വലിയ ഇഷ്ടാണ് അല്ലെ?”

അവളുടെ ശബ്ദം ഇടറി. സഞ്ജയ്‌ ഒന്ന് പതറി

“ആരുമില്ലാത്തവൾക്ക് മേൽ വിജയിക്കുന്നത് ധീരത അല്ല സഞ്ജു ചേട്ടാ…എനിക്ക് ആരൂല്ല. എന്നെ എന്ത് ചെയ്താലും ആരും ചോദിക്കില്ല.” അവൾ കരഞ്ഞു പോയി

“പക്ഷെ ദൈവം ഉണ്ടെങ്കിൽ എന്നെങ്കിലും സഞ്ജു ചേട്ടൻ എന്നെയോർത്തു കരയും. സത്യം. അന്ന് ചിലപ്പോൾ ഞാൻ ഈ ഭൂമിയിൽ ഉണ്ടാവില്ല. മരിച്ചു കാണും..എനിക്കറിയാം ഞാൻ..ഞാൻ സഞ്ജു ചേട്ടന് ചേർന്ന ആളല്ല. എന്റെ ഏട്ടനോട് ഉള്ള വൈരാഗ്യം തീർക്കാൻ ഉള്ള വെറും ഉപകരണം അത്രേ ഉള്ളു ഞാൻ…ദേഷ്യം ഒക്കെ തീരുമ്പോൾ..ഞാൻ ഇല്ലാതായി കഴിഞ്ഞെങ്കിലും എന്നെ ഓർക്കുമ്പോൾ പക തോന്നാതിരുന്നാ മതി.”

സഞ്ജയ്‌ നടുങ്ങി നിന്ന് പോയി

അവൾ മുഖം പൊത്തി കരഞ്ഞു കൊണ്ട് നിലത്തിരുന്നു. പിന്നെ പെട്ടെന്ന് മുഖം ഉയർത്തി അവനെ നോക്കി

“ഞാൻ മരിച്ച എന്റെ ഏട്ടനോട് ക്ഷമിക്കാമോ? അങ്ങനെ ആണെങ്കിൽ ഞാൻ മരിച്ചോളാം. ഈ സങ്കടം ഒക്കെ തീരും..സഞ്ജു ചേട്ടനും സമാധാനം കിട്ടും”

സഞ്ജയ്‌ പെട്ടെന്ന് അവളെ വലിച്ചുയർത്തി മുറിയിലേക്ക് കൊണ്ട് പോയി

“നീ ഇവിടെ കിടന്നാ മതി. അവളുടെ ഒരു ഡയലോഗ്..ഇനി മിണ്ടി പോകരുത് കിടന്നുറങ്ങിക്കോ..”

അവൾ ഞെട്ടിയിരിക്കെ അവൻ ലൈറ്റ് ഓഫ്‌ ചെയ്തു

“ലൈറ്റ് ഓഫ്‌ ചെയ്യല്ലേ എനിക്ക് പേടിയാ “

അവൾ ദീനമായി പറഞ്ഞു. അവൻ ലൈറ്റ് ഓൺ ചെയ്തു

“എന്റെ ദൈവമേ ഏതു നേരത്താണോ ഈ സാധനത്തിനെ..?”

“സത്യായിട്ടും പേടിയാ. ഞാൻ ലൈറ്റ് ഇട്ടിട്ടാ ഉറങ്ങുക. അല്ലെങ്കിൽ മുത്തശ്ശി വേണം കൂടെ. അല്ലാതെ ഒറ്റയ്ക്ക് പേടിയാ “

“പാലക്കാട്‌ ഉള്ള നിന്റെ മുത്തശ്ശിയെ കൊണ്ട് വരാൻ പറ്റുമോ എനിക്കിപ്പോ…നീ സങ്കൽപ്പിക്ക് ഞാനാണ് നിന്റെ മുത്തശ്ശി. എന്നിട്ട് കിടന്നുറങ്ങിക്കോ “

അവൾ പൊട്ടിച്ചിരിച്ചു. ചിരി നിർത്താൻ വയ്യാതെ വയറ്റിൽ അമർത്തി പിടിച്ചു

സഞ്ജയ്‌ അത് കൗതുകത്തോടെ നോക്കിയിരുന്നു

തൊട്ട് മുന്നേ കരഞ്ഞു സങ്കടപ്പെട്ട് ഓരോന്ന് പറഞ്ഞ ആളെയല്ല…എത്ര പെട്ടെന്നാണി പെണ്ണ്..

“തമാശ പറയാനറിയാം അപ്പൊ..” അവൾ പറഞ്ഞു

അവൻ എഴുനേറ്റു

“നീ കിടന്നോ ഞാൻ പുറത്ത് കിടന്നോളാം “

“ലൈറ്റ്…”

“ഓഫ്‌ ചെയ്യുന്നില്ല.” അവൻ പുറത്തേക്ക് പോയി.

ഇടക്ക് എപ്പോഴോ അവൻ ഉണർന്നു. അവന് ദാഹിക്കുന്നുണ്ടായിരുന്നു. കൊണ്ട് വന്ന ബോട്ടിൽ വെള്ളം കുടിച്ചിട്ട് കിടക്കും മുന്നേ അവൻ അവൾ ഉറങ്ങുന്നത് നോക്കി. കുഞ്ഞുങ്ങൾ ഉറങ്ങും പോലെ നിഷ്കളങ്കമായിട്ട്….ഒരു മാലാഖ ഉറങ്ങും പോലെ…

“നോക്കിക്കോ സഞ്ജു ചേട്ടൻ എന്നെ ഓർത്തു കരയും..അന്ന് ഞാൻ ഭൂമിയിൽ ഉണ്ടാവില്ലായിരിക്കും “

അവൾ പറഞ്ഞത് അവൻ വീണ്ടും ഓർത്തു

“ഞാൻ മരിച്ചാൽ എന്റെ ഏട്ടനോട് ക്ഷമിക്കാമോ?”

അവൻ അറിയാതെ അവൾക്ക് അരികിൽ വന്നു. നെറ്റിയിൽ തൊടാൻ പോയിട്ട് ഒന്ന് അറച്ചു നിന്നു. പിന്നെ തിരിഞ്ഞു വന്നു സെറ്റിയിൽ ഇരുന്നു.

വേണ്ടായിരുന്നു….

ആദ്യമായി അവനു തോന്നി

ഒന്നും വേണ്ടായിരുന്നു…

അവന്റെ കണ്ണ് നിറഞ്ഞൊഴുകി…

തുടരും…

Leave a Reply

Your email address will not be published. Required fields are marked *