സൂര്യനെ പ്രണയിച്ചവൾ – ഭാഗം 11, എഴുത്ത്: അമ്മു സന്തോഷ്

by pranayamazha.com
38 views

“ഫങ്ക്ഷൻ എത്ര മണിക്കാ സഞ്ജു ചേട്ടാ? ഞാൻ ചോദിക്കാൻ മറന്നു “

രാവിലെ തന്നെ അവർ ഇറങ്ങി. ഭക്ഷണം കഴിക്കാൻ കയറിയപ്പോഴാണ് ഗൗരി അത് ചോദിച്ചത്

“12മണി..നിനക്ക് എന്താ വേണ്ടേ?”

അവൻ ഓർഡർ കൊടുക്കാൻ നേരം ചോദിച്ചു

“നീർദോശ ഉണ്ടാവുമോ?” വെയ്റ്റെർ കണ്ണ് തള്ളി

അതെന്താ സംഭവം?

സഞ്ജയും അമ്പരന്നു

“അതെ ചേട്ടാ ഈ പച്ചരി കുതിർത്തു വെച്ചിട്ട് തേങ്ങയും ഉള്ളിയും ഒക്കെ ചേർത്ത് അരച്ച് ഉടനെ അങ്ങ് ചുട്ട് എടുക്കുന്ന ദോശ ഇല്ലെ?” സഞ്ജയ്‌ തലയിൽ കൈ വെച്ച് പോയി

“അതില്ല മാഡം…”

“എന്നാ പിന്നെ നൂൽപ്പുട്ട് മതി “

അയാളുടെ മുഖം വിളറി

“പുട്ട് ആണോ?”

“അല്ല നൂൽ പുട്ട്…നൂഡിൽസ് പോലെ ഇരിക്കുന്ന.. “

“ഇടിയപ്പം അയിനാണ് ” സഞ്ജയ്‌ പെട്ടെന്ന് പറഞ്ഞു

“ഇല്ല മാഡം…പൊറോട്ട ചിക്കൻ, അപ്പം മട്ടൻ, മുട്ട…”

അയാൾ പറഞ്ഞു കൊണ്ടേയിരുന്നു

“എനിക്ക് വെജ് മതി എന്തെങ്കിലും വെജ്” അവൾ നിരാശയോടെ പറഞ്ഞു

സഞ്ജയ്‌ ചിരി കടിച്ചു പിടിച്ചു

“സാറിന് എന്താ?” വെയ്റ്റെർ അവന് നേരേ തിരിഞ്ഞു

“എനിക്ക് bread ടോസ്ട്, ബുൾസൈ, കോഫീ “

അയാൾ ഓർഡർ എടുത്തു പോയി

“സായിപ്പാണോ?”

അവൾ മുഖം കൂർപ്പിച്ചു

“നീ എന്നെ നാണം കെടുത്തുവോ? അവളുടെ ഒരു നീർദോശയും നൂൽപ്പുട്ടും. ഇത് തട്ട് കടയല്ല. ഫൈവ് സ്റ്റാർ ഹോട്ടലാ ” അവൻ പറഞ്ഞു

“നമുക്ക് ശരവണ ഭവനിൽ കയറിയ മതിയാരുന്നു. നല്ല മസാലദോശ കിട്ടും എന്താ രുചിന്നൊ..പിന്നെ തട്ട് കട അത്ര മോശം കടയൊന്നുമല്ല. കഴിച്ചു നോക്കണം സൂപ്പറാ. ദോശക്ക് ഒരു മുളക് ചട്ണി കിട്ടും അവിടെ. മിക്കവാറും എല്ലാ തട്ടുകടയിലും കിട്ടും. എനിക്ക് നന്ദന വാങ്ങി തരും. നന്ദന എന്റെ ബെസ്റ്റ് ഫ്രണ്ടാ ട്ടോ.ഹൂ എന്താ ടേസ്റ്റ് ആ ചട്ണിക്കെന്നോ. ഈ ഉണക്ക റൊട്ടിയും മുട്ടയും എന്തിന് കൊള്ളാം?”

അവൻ അവളോട് തർക്കിച്ചില്ല. എന്തോ തോന്നിയില്ല. അവൾ പറയുന്നത് കേൾക്കാൻ ഒരു സുഖം

അവിടെ നിന്നിറങ്ങി അവർ ജയലക്ഷ്മി ടെക്സ്റൈൽസിലേക്ക് പോയി

“ഇവിടെ എന്താ?” അവൾ സംശയത്തോടെ ചോദിച്ചു

അവൻ അത് ശ്രദ്ധിച്ചില്ല

“എന്ത് വേണം സാർ?”

ഒരു പെൺകുട്ടി വന്നു ചോദിച്ചു

“ഇയാൾക്ക് ഒരു പാർട്ടി വെയർ വേണം. റെഡിമേഡ് “

ഗൗരിയുടെ കണ്ണ് തള്ളി

“ഈ ഡ്രെസ്സിന്റെ കുഴപ്പം എന്താ?” അവളവനോട് കാതിൽ ചോദിച്ചു

“കൊള്ളില്ല അത്ര തന്നെ ” അവൻ മറുപടി കൊടുത്തു

അവൾ ഒരു നുള്ള് വെച്ച് കൊടുത്തു

“പോ പോയി നോക്കിട്ട് വാ ടൈം ഇല്ല” അവൻ പറഞ്ഞു

അവൾ നടന്നു പോകുന്നതിനിടെ തിരിഞ്ഞു നോക്കി. അവൻ വാച്ചിൽ തൊട്ട് വേഗം എന്ന് കാണിച്ചു

ഒലിവ് ഗ്രീൻ നിറത്തിലുള്ള ഒരു ഡ്രസ്സ്‌ ആയിരുന്നു സെലക്ട്‌ ചെയ്തത്. അവളുടെ മുട്ടിനു താഴെ അത് പറ്റി കിടന്നു.

“അതേയ്..കൈ വെച്ച് തരാമോ ഇതിന് കൈ ഇല്ലല്ലോ?” അവൾ ഉടുപ്പിന് കൈ ഇല്ലാന്ന് കണ്ടു ചോദിച്ചു

“അത് സ്ലീവ് ലെസ്സ് ആണ് മാം. വേണേൽ വേറെ തുണി എടുത്തു നമുക്ക് കൈ പിടിപ്പിക്കാം ” സെയിൽസ് ഗേൾ പറഞ്ഞു

“അത് വേണ്ട ഇത് നന്നായിട്ടുണ്ട് “

പെട്ടെന്ന് സഞ്ജയ്‌ പറഞ്ഞു

സെയിൽസ് ഗേൾ ഒന്ന് ചിരിച്ചു

“സാറിന് ഇഷ്ടപ്പെട്ടല്ലോ. ബിൽ അടിക്കട്ടെ?”

അവൻ തലയാട്ടി. അവർ പോയി

“അയ്യേ ഞാൻ ഇത്തരം ഡ്രസ്സ്‌ ഇട്ടിട്ടില്ല. എനിക്ക് ചമ്മലാ “

“നിന്റെ കൈ കുറച്ചു നാട്ടാര് കണ്ടു എന്ന് വെച്ച് ആകാശം ഇടിഞ്ഞു വീഴത്തൊന്നുമില്ല. അതെങ്ങനെ പ- ട്ടിക്കാട്ടിൽ ജീവിച്ചാൽ..”

“മതി മതി ഇനി അത് പറഞ്ഞു കളിയാക്കണ്ട ” അപ്പോഴേക്കും ബില്ലുമായി സെയിൽസ് ഗേൾ എത്തി

“മാം അത് ഇട്ടിട്ട് പോവല്ലേ പാക്ക് ചെയ്യുകല്ലലോ “

“അല്ല..ഇത് ഇടുകയാ “

“ഓക്കേ മാം “

സഞ്ജയ്‌ക്കൊപ്പം അവൾ നടക്കുമ്പോൾ കടന്നു പോകുന്നവരുടെ മുഴുവൻ കണ്ണുകളും അവളിൽ വീഴുന്നത് സഞ്ജയ്‌ കണ്ടു. അവൾക്ക് ആ ഡ്രസ്സ്‌ അത്ര ഭംഗിയുണ്ടായിരുന്നു. ഒരു രാജകുമാരി ഒരുങ്ങി ഇറങ്ങിയ പോലെ.

തിരുവനന്തപുരം നഗരത്തിലൂടെ കാർ ഓടിക്കൊണ്ടിരുന്നു

ഭീമ ജ്വല്ലറി

“ഇവിടെയെന്താ?”

“വെറുതെ “

“സഞ്ജു ചേട്ടാ ഞാൻ ആഭരണം ഇട്ടിട്ടുണ്ട് നോക്ക് മാല വള ഒക്കെ ഉണ്ട്..എന്തിന ഇവിടെ? “

അവൻ വാ എന്ന് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചിട്ട് നടന്നു

“എന്ത് വേണം സാർ?”

“ഒരു ചെയിൻ വേണം. സിമ്പിൾ ആയിരിക്കണം ബട്ട്‌ ബ്യൂട്ടിഫുൾ ആയിരിക്കണം. ഡയമൻഡ് സെറ്റ് നോക്കാം. മാലയും ബ്രേസ് ലേറ്റും സെറ്റ് ആയി വരുന്നത്..”

“നോക്കാം സാർ..”

“ഇതൊക്കെ എങ്ങനെ അറിയാം?”

അവൾ കണ്ണ് മിഴിച്ചു

“എനിക്ക് പണ്ട് സ്വർണക്കടയിലായിരുന്നു ജോലി.  മിണ്ടാതെ നടക്ക് ” അവൻ അവളെ ഒന്ന് നോക്കി

അവിടെ നിന്ന് ഇറങ്ങുമ്പോൾ ഏകദേശം എൻഗേജ്മെന്റ്ന്റെ നേരം ആയി

“നീ ആ താലി മാലയും ഇപ്പൊ കയ്യിൽ വാരിയിട്ടിരിക്കുന്ന വളകളും മാറ്റി ഇത് മാത്രം ഇടൂ അതാണ്‌ സ്റ്റൈൽ “

അവൻ ഡ്രൈവിംഗിന് ഇടയ്ക്ക് പറഞ്ഞു

“താലി മാല മാറ്റില്ല സഞ്ജു ചേട്ടാ..മുത്തശ്ശി പറഞ്ഞിട്ടുണ്ട് മാറ്റിയാൽ ഭർത്താവിന് ദോഷമാണെന്ന്. അത് കിടന്നോട്ടെ ” അവൾ താലിയിൽ പിടിച്ചു

“നീ അത് ഊരിക്കെ..ഓരോരോ അന്ധ വിശ്വാസങ്ങൾ..”

“അത് കിടന്നോട്ടെ “

“എന്നാണെങ്കിലും നിനക്ക് അത് ഊരേണ്ടി വരും ഗൗരി ” അവൻ പെട്ടെന്ന് വാശിയോടെ പറഞ്ഞു

ഗൗരി ഞെട്ടി അവനെ നോക്കി. പിന്നെ മെല്ലെ മുഖം താഴ്ത്തി ഇരുന്നു

അവന് ഒരു വല്ലായ്മ തോന്നി

“ശരി ഊരണ്ട..അകത്തേക്ക് ഇട്ട് പിൻ ചെയ്യ്. എന്നിട്ട് ഇത് മാത്രം ഇട് “

അവൾ അവന്റെ മുഖത്തേക്ക് നോക്കി
കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരിക്കുന്നു

“സഞ്ജു ചേട്ടന്റെ സ്റ്റാറ്റസിനൊത്ത് ഒരുക്കി കൊണ്ട് പോവാ ല്ലേ? ഒരു പാവയെ മാതിരി “

സഞ്ജു വിളറിപ്പോയി. അവൻ അങ്ങനെ ഒന്നും കരുതിയിട്ടില്ലായിരുന്നു. അവൾ നന്നായി ഇരിക്കട്ടെ എന്നെ അവൻ ആ നേരം ചിന്തിച്ചുള്ളൂ. താൻ എത്ര നല്ലത് ചിന്തിച്ചാലും അവൾ അതിനെയെടുക്കുക ഇങ്ങനെ തന്നെ ആവും.

അവൻ മിണ്ടിയില്ല

കുറച്ചു നേരം മിണ്ടാതെ ഇരുന്നപ്പോൾ ഗൗരി അവൻ പറഞ്ഞത് പോലെ അതൊക്കെ അണിഞ്ഞു. എന്നിട്ട് അവനെ തോണ്ടി

“നന്നായോ?”

സഞ്ജയ്‌ അവളുടെ കൈയ് പിടിച്ചു മാറ്റി

ഗൗരി വീണ്ടും കയ്യിൽ പിടിച്ചു

“എന്റെ ദേഹത്ത് തൊടരുത് ഗൗരി “

അവൻ ദേഷ്യത്തിൽ പറഞ്ഞു

ഗൗരി ആ മുഖം പിടിച്ചു തന്റെ നേരെയാക്കി

“സോറി..സോറി.. പ്ലീസ് “

സഞ്ജയ്‌ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ആ നിമിഷം തന്നെയാണ് അതിവേഗതയിൽ ഒരു ലോറി അവർക്ക് നേരേ പാഞ്ഞു വന്നതും

“അയ്യോ ലോറി ” അവൾ ഉറക്കെ നിലവിളിച്ചു

അവൾ തന്നെ അവന്റെ കൈ പിടിച്ചു സൈഡിലേക്ക് തിരിച്ചതും പെട്ടന്നായിരുന്നു

ലോറി കാറിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പാഞ്ഞു പോയി

‘ഇപ്പൊ തീർന്നേനെ “

അവൾ നെഞ്ചു തടവി

“ഒന്നിച്ചല്ലേ തീരുക? തീർന്നോട്ടെ “

സഞ്ജയ്‌ അറിയാതെ പറഞ്ഞു പോയതായിരുന്നു അത്.

ഗൗരിയുടെ മുഖം ചുവന്നു തുടുത്തു. അവൾ അവനെ ഇമ വെട്ടാതെ നോക്കി കൊണ്ട് ഇരുന്നു

“നീ നോക്കണ്ട എവിടെ പോയാലും നിന്നേ ഫ്രീ ആക്കില്ല എന്നാ ഉദേശിച്ചത്‌. അല്ലാതെ പ്രേമം കൊണ്ടല്ല “

ഗൗരിക്കൊരു ചിരി വന്നു

അവൾ മെല്ലെ തല തിരിച്ചു പുറത്തേക്ക് നോക്കി

സഞ്ജയ്ക്ക് തന്നോട് സ്നേഹമുണ്ട് എന്നവൾക്ക് മനസിലായി.

ഒരാൾക്ക് സ്നേഹം ഉണ്ടെന്നുള്ളത് മനസിലാക്കാൻ പദങ്ങൾ ഒന്നും വേണ്ട.

ചിലപ്പോൾ ഒരു നോട്ടം മതി.

ഒറ്റ നോട്ടം

ഹൃദയത്തിലേക്ക്…ആത്മാവിലേക്ക്..

ഒരു നോട്ടം….

തുടരും…

You may also like

Leave a Comment